2010, ജനുവരി 22, വെള്ളിയാഴ്‌ച

ശബരിമലയില്‍ കാക്ക തൂറിയാലും ഹൈക്കോടതി

ശബരിമലയില്‍ കാക്ക തൂറിയാലും ഹൈക്കോടതി
            ഒരു തീര്‍ത്ഥാടന സീസണ്‍ കൂടി കഴിഞ്ഞു. ശബരിമലയില്‍ കഴിഞ്ഞ തവണത്തേക്കാള്‍ വരുമാനം കൂടിയപ്പോള്‍ എല്ലാം ഭംഗിയായി. തീവെട്ടിക്കൊളളയുടെ ആസ്ഥാനമാണ് അവിടം. മാദ്ധ്യമങ്ങളും കോടതിയുമാണ് കുറെയൊക്കെ നിയന്ത്രിച്ചു വരുന്നത്. എന്നാല്‍ ഇതിന്നിടയില്‍ നാമറിയാതെ നമ്മെ വിഴുങ്ങുന്ന ജുഡൂഷ്യല്‍ ആക്ടീവിസം എന്ന ഒരു ദുര്‍ഭൂതം അവിടെ താവളമടിച്ചത് ശ്രദ്ധിക്കാതിരുന്നുകൂടാ.
ഇന്ത്യയുടെ ഭരണനിര്‍വഹണ സംവിധാനത്തെ മൂന്നു കമ്പാര്‍ട്ടുമെന്റുകളായി ഭരണഘടനാ ശില്‍പികള്‍ തിരിച്ചിട്ടുണ്ട്. നിയമനിര്‍മാണത്തിന് നിയമനിര്‍മാണ സഭ, നിയമവ്യാഖ്യാനത്തിനും നീതിനടത്തിപ്പിനും ജുഡീഷ്യറി, പാര്‍ലമെന്റ് വിഭാവന ചെയ്യുന്ന കാര്യങ്ങള്‍ നടപ്പില്‍ വരുത്താന്‍ എക്‌സിക്കുട്ടീവ്. തൂപ്പുകാരന്‍ മുതല്‍ പ്രധാനമന്ത്രി വരെ എക്‌സിക്കുട്ടീവിന്റെ ഭാഗമാണ്.
              നാട്ടുരാജാക്കന്‍മാരെ പ്രീണിപ്പിച്ചും വിരട്ടിയും പണ്ടകശാലകള്‍ കെട്ടി ഫ്രഞ്ചുകാരും പോര്‍ച്ചുഗീസുകാരും ഇംഗ്ലീഷുകാരും തുടങ്ങിയ അധിനിവേശം അവസാനം സിംഹഭാഗവും ഇംഗ്ലീഷുകാരില്‍ ഒതുങ്ങിയപ്പോള്‍ അവര്‍ ഒരു വലിയ യാഥാര്‍ത്ഥ്യം മനസ്സിലാക്കി. പേരിന് അധികാരം മാത്രമേ തങ്ങള്‍ക്കു ലഭിച്ചുളളൂ. കേരളത്തിലെ സമസ്ത സ്വത്തുക്കളും ഭൂമിയും ദേവാലയങ്ങളുടെ വകയായി ദേവസ്വം ഭൂമിയായോ, ബ്രഹ്മസ്വം വകയായി ബ്രാഹ്മണരുടെ കൈവശമോ ആണ് കിടക്കുന്നത്. അന്നു തുടങ്ങിയ കൈയടക്കലിന്റെ ബാക്കിപത്രമാണ് ഹിന്ദുക്കളുടെ ദേവാലയങ്ങള്‍ മാത്രം സര്‍ക്കാര്‍ നിയന്ത്രണത്തിലായിത്തീര്‍ന്ന ദേവസ്വം ബോര്‍ഡ്.
       ദേവസ്വം വക കട്ടുതിന്നുന്നതില്‍ വിശ്വാസിക്കും അവിശ്വാസിക്കും ഉളുപ്പുണ്ടായില്ല, കമ്യൂണിസ്റ്റുകാരനും കോണ്‍ഗ്രസ്സുകാരനും വ്യത്യാസമുണ്ടായില്ല. കാര്യങ്ങള്‍ ഇങ്ങനെയായപ്പോള്‍ കോടതികള്‍ ഇടപെട്ടു. ഹൈക്കോടതിയില്‍ ചെന്നപ്പോള്‍ ജാതിവിഭജനമനുസരിച്ച് കേസുകള്‍ മിക്കതും ചെന്നത് ജസ്റ്റിസ് പരിപൂര്‍ണന്റെ ബഞ്ചിലാണ്. ഉദ്ദേശശുദ്ധി മാനിക്കപ്പെടേണ്ടതാണെങ്കിലും ഒരു ജില്ലാ ജഡ്ജിയെ കല്പാന്തകാലത്തോളം ശബരിമലയിലെ സ്‌പെഷ്യല്‍ കമ്മീഷണറായി വച്ചു. ഈ മനുഷ്യന്റെ പ്രധാന ജോലി ശബരിമലയില്‍ വരുന്ന സുപ്രീംകോടതിയിലെ മുതലുളള ന്യായാധിപന്‍മാര്‍ക്ക് എസ്കോര്‍ട്ടുപോകലായി.
            പത്തനംതിട്ടയിലെയോ ആലപ്പുഴയിലെയോ ജില്ലാജഡ്ജിമാരാണ് കമ്മീഷണര്‍മാരായി വന്നത്. മതനിരപേക്ഷത പാലിക്കേണ്ട കോടതിക്ക് വാവരിരിക്കുന്ന ശബരിമലയില്‍ ഒരു മുസ്ലീമിനെയോ ഒരു പട്ടികജാതിക്കാരനെയോ കമ്മീഷണറായി വെയ്ക്കാന്‍ സാദ്ധ്യമായില്ല. അത്തരം ഇടപെടലുകളില്‍ നിന്നും അതുകൊണ്ടു തന്നെ കോടതി വിട്ടുനില്‍ക്കേണ്ടതായിരുന്നു.
           എക്‌സിക്കുട്ടീവിന്റെ പണി കോടതി ഏറ്റെടുക്കുന്നതും അത് അനന്തമായി തുടരുന്നതും എന്തു കാരണത്താലും ഭൂഷണമല്ല. ബീവറേജസ് കോര്‍പ്പറേഷനില്‍ അഴിമതി കൊടികുത്തിയാല്‍ ഏതു ജഡ്ജിയെയാണ് കമ്മീഷണരാക്കി വിടുന്നത്? മറ്റു കോര്‍പ്പറേഷനുകളിലും ബോര്‍ഡുകളിലും കോടതി ആള്‍പ്പേരിനെ വിടുമോ? ഇത് അധികപ്പറ്റാണ്. ഇതു പറയാന്‍ ഇതുവരെ ഒരു മാധ്യമവും തയ്യാറായിട്ടില്ല,തിരുത്താന്‍ കോടതിയും.
ഈസാഹചര്യം സൃഷ്ടിച്ച കേരളത്തിലെ ഭരണകുടവും ദേവസ്വം ബോര്‍ഡും അക്ഷന്തവ്യമായ അപരാധം ചെയ്തിരിക്കുന്നു. ഭരിക്കാന്‍ അറിയില്ലെങ്കില്‍ വെച്ചൊഴിഞ്ഞിട്ടു പൊയ്ക്കൂടെ സഖാക്കളെ? കോടതി സമൂഹത്തിന്റെ കാവല്‍ നായയാണ്. സമൂഹമാണ് യജമാനന്‍. നായയെ യജമാനനാക്കാന്‍ അനുവദിച്ചുകൂടാ.

8 അഭിപ്രായങ്ങൾ:

  1. "മതനിരപേക്ഷത പാലിക്കേണ്ട കോടതിക്ക് വാവരിരിക്കുന്ന ശബരിമലയില്‍ ഒരു മുസ്ലീമിനെയോ ഒരു പട്ടികജാതിക്കാരനെയോ കമ്മീഷണറായി വെയ്ക്കാന്‍ സാദ്ധ്യമായില്ല. അത്തരം ഇടപെടലുകളില്‍ നിന്നും അതുകൊണ്ടു തന്നെ കോടതി വിട്ടുനില്‍ക്കേണ്ടതായിരുന്നു.
    എക്‌സിക്കുട്ടീവിന്റെ പണി കോടതി ഏറ്റെടുക്കുന്നതും അത് അനന്തമായി തുടരുന്നതും എന്തു കാരണത്താലും ഭൂഷണമല്ല. ബീവറേജസ് കോര്‍പ്പറേഷനില്‍ അഴിമതി കൊടികുത്തിയാല്‍ ഏതു ജഡ്ജിയെയാണ് കമ്മീഷണരാക്കി വിടുന്നത്? മറ്റു കോര്‍പ്പറേഷനുകളിലും ബോര്‍ഡുകളിലും കോടതി ആള്‍പ്പേരിനെ വിടുമോ? ഇത് അധികപ്പറ്റാണ്. ഇതു പറയാന്‍ ഇതുവരെ ഒരു മാധ്യമവും തയ്യാറായിട്ടില്ല,തിരുത്താന്‍ കോടതിയും............കോടതി സമൂഹത്തിന്റെ കാവല്‍ നായയാണ്. സമൂഹമാണ് യജമാനന്‍. നായയെ യജമാനനാക്കാന്‍ അനുവദിച്ചുകൂടാ. " സത്യം !!!

    മറുപടിഇല്ലാതാക്കൂ
  2. നമ്മുടെ നാട്ടില്‍ ഇപ്പോള്‍ എല്ലാ കാര്യങ്ങള്‍ക്കും ഹൈക്കോടതി ഇടപെട്ടാലേ പറ്റൂ...
    അപ്പോള്‍ പിന്നെ അതും ഇങ്ങനെയൊക്കെ വരൂ...!!!
    www.tomskonumadam.blogspot.com

    മറുപടിഇല്ലാതാക്കൂ
  3. ഇതിലെ അവസാനത്തെ വരി കോടതിഅലക്ഷ്യ്മായി കാണപ്പെടും, ഒരുങ്ങി ഇരുന്നോ???

    മറുപടിഇല്ലാതാക്കൂ
  4. നന്ദന,
    എന്റെ കടിഞ്ഞൂല്‍ follower ക്ക് ഒരുപാട് നന്ദി. കോടതി അലക്ഷ്യമായി പ്രവര്‍ത്തിക്കുന്നു എന്നതാണല്ലോ എന്റെയും ആക്ഷേപം. പിന്നെ contempt of court ന് നടപടി എടുക്കുമോ എന്ന്. പിന്നെ ഞാന്‍ രക്ഷപെട്ടുവല്ലോ? ഞാന്‍ താങ്കളുടെയും പോസ്റ്റ് വായിക്കാറുണ്ട്. എന്റെ സാങ്കേതിക പരിജ്ഞാനം വളരെ തുച്ഛമാണ്. ഉപയോഗിക്കുന്നത് type it എന്ന software ആണ്. വെറ്റിലച്ചെല്ലവും കൊണ്ടുനടന്ന് മുറുക്കുന്നതുപോലെയാണത്. ഉടനടി കമന്റുകള്‍ എഴുതുന്നതിന് പ്രയാസം നേരിടുന്നു. മറ്റുളളവരുമായി സംവദിക്കുന്നതില്‍ തടസ്സം നേരിടുന്നു. ബൂലോകത്ത് ഞാന്‍ ഒരു പുതുമുഖമാണെന്നറിയാമല്ലോ? പ്രോത്സാഹനങ്ങള്‍ക്ക് സ്‌നേഹാദരങ്ങളോടെ.

    മറുപടിഇല്ലാതാക്കൂ
  5. താങ്കളുടെ എഴുത്തിൾ ഒരു തുറന്ന സമീപനം ഞാൺ കാണുന്നു
    അത് കൊണ്ടാണ് വിടാതെ വായന തുടരുന്നത്,
    എഴുത്ത് തുടരുക
    ശക്തമായി ബ്ലൊഗിൽ ഇടപെട്ടാൽ താങ്കളും ശ്രദ്ധിക്കപ്പെടും.
    എല്ല നന്മകളും നേരുന്നു.
    നന്ദന
    ഈ Word verification എടുത്തു കളയണം
    settings--comments
    -----
    Show word verification for comments?--no

    മറുപടിഇല്ലാതാക്കൂ
  6. Thank you Nandana, Only now I found that word verification option was enabled. Now I removed it. Thank you.

    മറുപടിഇല്ലാതാക്കൂ
  7. മടി കൂടാതെ ഇനിയും പ്രതികരിക്കൂ...
    അഭിനന്ദനങ്ങള്‍.....

    മറ്റു വഴികളൊന്നുമില്ലാത്തതിനാല്‍ നാം ഇതും ചുമക്കുന്നു. അത്ര തന്നെ.

    മറുപടിഇല്ലാതാക്കൂ
  8. ശബരിമല തീർത്ഥാടനത്തിന്റെ ഭാഗമായ വാവരുടെ പള്ളിയും ദേവസത്തിന്റെ ഭാഗമാക്കണം. ണം ? ണം ??

    മറുപടിഇല്ലാതാക്കൂ