2010, ജനുവരി 22, വെള്ളിയാഴ്‌ച

ഹൃദയപൂര്‍വ്വം സാംഷ്യ റോഷിന്

ഹൃദയപൂര്‍വ്വം സാംഷ്യ റോഷിന്
ഇനിയും വേണോ മാഷേ നമുക്കീ ഇടുങ്ങിയ ദേശീയ ചിന്താഗതി? ഇക്കണക്കിനു വെളുത്ത അമേരിക്കക്കാരൊക്കെ ഒബാമയെ ചവിട്ടി പുറത്താക്കേണ്ടി വരുമല്ലോ?
        സാംഷ്യ റോഷ്  പറയുന്നതു പോലെ ഇടുങ്ങിയ ദേശീയതയെക്കാള്‍ വിശ്വപൗരനാകുന്നതാണ് എനിക്കിഷ്ടം. ഓഷ്യാനിയയില്‍ ഫിജി എന്നൊരു സ്വതന്ത്രരാജ്യമുണ്ട്. 1999 ലെ തെരഞ്ഞെടുപ്പില്‍ വിജയിച്ച് പ്രധാനമന്ത്രിയായത് മഹേന്ദ്രസിംഗ് ചൗധരി എന്ന ഇന്ത്യന്‍ വംശജനാണ്. ആകെ ജനസംഖ്യയുടെ 50% ഇന്ത്യന്‍ വംശജരാണ്. എന്നിട്ടും അവര്‍ക്ക് രണ്ടാംകിട സ്ഥാനവും അപമാനവുമാണ് ബാക്കി. അട്ടിമറിക്കപ്പെട്ട പദവി തിരികെ നല്‍കണമെന്ന് ആര്‍ക്കും തോന്നാത്തതെന്തേ? ഏഷ്യയിലെ കൊച്ചു രാജ്യമായ സിംഗപ്പൂരിലെ 3 ാമത്തെ പ്രസിഡന്റായിരുന്നു മലയാളിയായ ദേവന്‍ നായര്‍ ഉന്നത ഗൂഢാലോചനയിലൂടെ പുറത്താക്കപ്പെട്ട അദ്ദേഹത്തെ മാറ്റാന്‍ പറഞ്ഞ കാരണം അദ്ദേഹം മദ്യപനായിരുന്നു എന്നാണ്. റോഡിലോ തോട്ടിലോ പരസ്യമായി മദ്യപിക്കുന്നതിനോ ഒന്നും ഒരു വിലക്കുമില്ലാത്ത ഒരു രാജ്യത്തെ തൊടുന്യായമായിരുന്നു അത്! ഇവര്‍ ഇരുവരും സ്വന്തം കഴിവിന്റെ പേരില്‍ അധികാരത്തില്‍ വന്നവരാണ്. അധികാരം അവര്‍ക്ക് ഒസ്യത്തു കിട്ടിയതല്ല; പെണ്ണുകെട്ടിയതിന് സ്ത്രീധനം കിട്ടിയതല്ല. ജന്‍മനാടിന്റെ മൂല്യമെന്തെന്ന് ഗള്‍ഫില്‍ കഴിയുന്നവരോടോ, അമേരിക്കയിലെ വിമാനത്താവളത്തില്‍ ഇറങ്ങേണ്ടി വന്നതിന്റെ പേരില്‍ പാന്റും ജട്ടിയുമഴിക്കേണ്ടി വന്ന ഷാരൂഖ് ഖാനോടോ, ആദരണീയനായ എ.പി.ജെ അബ്ദുള്‍ കലാമിനോടോ ചോദിക്കണം.
          അമേരിക്കയും ആസ്‌ത്രേലിയയും പ്രത്യേകിച്ച് ഇന്നുളള ആരുടെയും പിതൃഭൂമിയൊന്നുമല്ല. ആസ്‌ത്രേലിയയിലെ ആദിമനിവാസികള്‍ തെക്കുകിഴക്കന്‍ ഏഷ്യയില്‍ നിന്നു കുടിയേറിയവരാണ്. പിന്നീട് അവിടം കയ്യേറിയ വെളളക്കാര്‍ ആദിവാസികളില്‍ വംശശുദ്ധി വരുത്താന്‍ തീരുമാനിച്ചു. ഇതിനു വേണ്ടി നിയമം പാസ്സാക്കിയ ഇവര്‍ ആദിവാസികളുടെ കുട്ടികളെ ബലമായി ദത്തെടുത്ത് അനാധാലയങ്ങളില്‍ വളര്‍ത്തി. പിന്നീടൊരിക്കലും ആദിവാസികളായ അച്ഛനമ്മമാര്‍ക്ക് അവരെ കാണാനാകുമായിരുന്നില്ല. ഇത്തരത്തില്‍ അപഹരിക്കപ്പെട്ട തലമുറകളെ സൃഷ്ടിച്ചതിന്റെ ഉത്തരവാദിത്തമേറ്റെടുത്താണ് 2008 ഫെബ്രുവരി13ന് പാര്‍ലമെന്റ് പാസാക്കിയ പ്രമേയത്തിലൂടെ പ്രധാനമന്ത്രി കെവിന്‍ മാപ്പുചോദിച്ചത്.
അമേരിക്കയുടെയും സ്ഥിതി വ്യത്യസ്തമല്ല. അമേരിക്കയിലെ ഒരു ശതമാനം മാത്രം വരുന്ന റെഡ് ഇന്ത്യക്കാരാണ് അമേരിക്കയുടെ അവകാശികള്‍. kill the stranger എന്ന കിരാതനിയമമാണ് അമേരിക്കന്‍ കയ്യേറ്റക്കാര്‍ ഇന്നത്തെപ്പോലെ അന്നും പ്രയോഗിച്ചത്. ബ്രിട്ടീഷ് ദ്വീപുകളില്‍ നിന്നുളളവര്‍ ആദ്യവും കറുത്ത വര്‍ഗക്കാര്‍ രണ്ടാമതും യൂറോപ്യന്‍മാര്‍ മൂന്നാമതും കൂട്ടമായെത്തിയാണ് അമേരിക്കയെ പങ്കിട്ടെടുത്തത്. കുടിയേററക്കാരുടെ വിഭാഗത്തില്‍ പെടുന്ന ഒബാമയെ എന്തിനാണ് ആട്ടിപ്പായിക്കുന്നത്.
          ആര്‍ജിതപൗരത്വമൊന്നുമല്ലല്ലോ ഒബാമയ്ക്കുളളത്. ഒബാമ പ്രത്യാശയുടെ പ്രതിരൂപവും നിരാശയുടെ സ്വരൂപവുമാണ്. കാരണം എല്ലാ അമേരിക്കന്‍ പ്രസിഡന്റുമാര്‍ക്കും സഞ്ചരിക്കാന്‍ ഒരു വഴി മാത്രമേയുളളൂ. ഇടത്തുകൂടിയോ വലത്തു കൂടിയോ സഞ്ചരിക്കാമെന്നു മാത്രം.

റ്റോംസ് കോനുമഠത്തിന് സഹാനുഭൂതി നിറഞ്ഞ ഒരു ഹൃദയ വിശാലതയാണ് സോണിയയോടു തോന്നുന്നത്. അദ്ദേഹം പറയുന്നു:
എന്തു പറഞ്ഞാലും സോണിയ ഇപ്പോള്‍ വിദേശിയല്ലെന്ന് നമുക്ക് ഏവര്‍ക്കും അറിയാം. അപ്പോള്‍ പിന്നെ ഈ ക്രൂശീകരണം വേണോ... വിദേശി ആയിരുന്നിട്ടും ഹിന്ദി ആത്മാര്‍ത്ഥമായി പഠിക്കുകയും അത് പ്രസംഗങ്ങള്‍ക്കായി ഇത്ര മനോഹരമായി ഉപയോഗിക്കുകയും ചെയ്യുന്നത് കണ്ടില്ലെന്ന് നടിക്കാനാകുമോ? 


നന്ദി റ്റോംസ്. ഒരിക്കലും ഇത് സോണിയയെ ക്രൂശിക്കലല്ല. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനു വേണ്ടി ജീവന്‍ ഉപേക്ഷിച്ച പൂര്‍വികരുടെ വ്യര്‍ത്ഥതയോര്‍ത്ത് ഒരു വിലാപം മാത്രം. മുടിക്കാന്‍ ശത്രുക്കള്‍ മക്കളായി പിറക്കുമെന്നോര്‍ക്കാതെ സ്വയം നിര്‍ണയാവകാശമെന്ന അമുല്യ സ്വത്ത് കൈമാറിത്തന്ന പൂര്‍വപിതാക്കള്‍ക്ക് ഒരു പിണ്ഡോദകം.ലോകത്തെ മിക്ക ഭാഷകളും മലയാളി പഠിച്ചിട്ടുണ്ട് അതിന്റെ പേരില്‍ ഒരു വിദേശരാജ്യം നമുക്കെന്തൊക്കെ തരും? സോണിയയുടെ നേതൃത്വത്തിലും നമ്മള്‍ ദാരിദ്ര്യത്തിന്റെ കാര്യത്തിലും പ്രായപൂര്‍ത്തിയായവരുടെ നിരക്ഷരതയുടെ കാര്യത്തിലും കുട്ടികളെ ഉത്പാദിപ്പിക്കുന്നതിലും  ഒന്നാം സ്ഥാനത്താണ്.
ചിത്രകാരന്‍ എന്റെ പാഴ് വാക്കുകളോടുകൂടെ സഹതാപപൂര്‍വം അനുയാത്രചെയ്യുന്നു. നന്ദി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ