2010, ജനുവരി 10, ഞായറാഴ്‌ച

സക്കറിയാ..... ഇതിലും വലുത് ഏതോ വരാനിരുന്നതാ!

സക്കറിയാ..... ഇതിലും വലുത് ഏതോ വരാനിരുന്നതാ!
           ബ്ലോഗിടം പിടിച്ചടക്കണം എന്ന് ഡിഫി കമാണ്ടര്‍ ഉത്തരവു കൊടുത്തിട്ട് അധികം മണിക്കൂറുകളാകുന്നതിനു മുന്‍പേ അണികള്‍ അമ്പും വില്ലുമായി പുറപ്പെട്ടു കഴിഞ്ഞു. പക്ഷേ ചാടി വീണത് പാവം സക്കറിയയുടെ നെഞ്ഞത്താണ്. നിഷ്പക്ഷനെന്നൊക്കെ പറയുമെങ്കിലും രണ്ടുമൂന്നു ചങ്ങലകളിലൊക്കെ കണ്ണി പിടിച്ചിട്ടുളളയാള്‍ ആയിരിക്കണം സക്കറിയ. സാംസ്‌കാരിക ഗുരുവിന് ഡിഫിക്കാര്‍ ഗുരുദക്ഷിണ കൊടുത്തതാണെന്നു തോന്നുന്നു പയ്യന്നൂരില്‍ വെച്ച്. ഇക്കണക്കിനു പോയാല്‍ കാലഹരണപ്പെടുന്ന ഇടതുപക്ഷ സാംസ്‌കാരികനായകന്‍മാര്‍ക്കു വേണ്ടി ഒരു സാംസ്‌കാരിക വൃദ്ധസദനം തന്നെ വേണ്ടി വന്നേക്കും. പ്രായവും പക്വതയുമൊക്കെയാകുമ്പോള്‍ തെമ്മാടിത്തം തിരിച്ചറിയാന്‍ കുറേപ്പേര്‍ക്കു കഴിഞ്ഞേക്കും. അവര്‍ സ്വന്തം അഭിപ്രായം പറഞ്ഞു പോയാല്‍ ചികിത്സിക്കാനും താമസിപ്പിക്കാനും ഇടം വേണ്ടേ!
           പുരോഗമന കലാസാഹിത്യസംഘം പണ്ടും പുരോയും ഗമനവും കലയും സാഹിത്യവും തൊട്ടു കീണ്ടിയിട്ടില്ലാത്ത കുറെ മച്ചിപ്പശുക്കളുടെ ഫാമായിരുന്നു. അതുകൊണ്ടാണല്ലോ ദിവസമൊന്നു കഴിഞ്ഞിട്ടും സക്കറിയയെപ്പറ്റി, അഭിപ്രായസ്വാതന്ത്ര്യത്തെപ്പറ്റി അവരുടേതായി ഒരക്ഷരവും പുറത്തു വരാത്തത്. എന്തെങ്കിലും നാലക്ഷരം തികച്ചെഴുതുന്ന ഒരുത്തനും പുകാസയില്‍ ഉണ്ടായിട്ടില്ല. (മാത്രവുമല്ല 1917 ലെ റഷ്യന്‍ വിപഌവത്തിനു ശേഷം കമ്യൂണിസ്റ്റു രാജ്യങ്ങളില്‍ ഒരു വിശ്വസാഹിത്യകാരനുമുണ്ടായിട്ടില്ല.) സാഹിത്യസംഘടനാ പ്രവര്‍ത്തനം നടത്തുകയും സാംസ്‌കാരികമന്ത്രിയുടെ ചെവി കടിച്ചു പറിച്ച് തനിക്കു വേണ്ടപ്പെട്ട ചിലരെ അക്കാഡമികളില്‍ ചവിട്ടിക്കയറ്റുകയുമാണ് ഇതിന്റെ നേതാക്കന്‍മാരുടെ പ്രധാന തൊഴില്‍. ചില അപവാദങ്ങള്‍ ഇതിനുണ്ടായിട്ടുണ്ടെങ്കില്‍ അവരെ മരണസമയത്തെങ്കിലും വിരുദ്ധരാക്കിയിട്ടുണ്ടാകും.
            മദിച്ചു നടക്കുന്ന കടന്നലുകളെപ്പോലെയാണ് ഇന്നത്തെ ഡിഫിക്കാര്‍. കണ്ണും കാതുമില്ലാതെ അവറ്റകള്‍ ആരെയും കുത്തും. ഒരു കാലത്ത് ഡി.വൈ.എഫ്.ഐ. വാര്‍ത്താബോര്‍ഡുകള്‍ കാലത്തിന്റെ ദിശാസൂചികളായിരുന്നു. ലക്ഷക്കണക്കിനു യുവാക്കള്‍ ആവേശത്തോടെ അതിലേക്കു കടന്നു വന്നു. അതിന്റെ നേതാക്കന്‍മാരുടെ പ്രസ്താവനകള്‍ പത്രങ്ങളില്‍ നിറഞ്ഞു നിന്നു. ഇന്ന് ആരാണിതിന്റെ നേതാക്കന്‍മാര്‍? ആ ആര്‍ക്കറിയാം. പണ്ട് ഒരു മനുഷ്യച്ചങ്ങല നടത്തിയതിന്റെ ഓര്‍മ്മ ദിവസം ആഗസ്റ്റ് 15 ന് എല്ലാക്കൊല്ലവും ഡിഫിയുടെ പിണ്ഡമടിയന്തിരം നടത്തുന്നതു കാണാം അത്ര തന്നെ.
          പണ്ട് ഒരു നമ്പൂതിരി ഉണ്ടായിരുന്നു. എന്തെങ്കിലും ആപത്തിന്റെ കാര്യം ആരെങ്കിലും പറഞ്ഞാല്‍ ഉടനെ അദ്ദേഹം പറയും
 'സാരല്യ ഇതിലും വലുതേതോ വരാനിരുന്നതാ ഇപ്പോ ഇത്ര കൊണ്ടു കഴിഞ്ഞു സമാധാനിക്കുക'.
 രാവിലെ റോട്ടില് ബസും കാറും കൂട്ടിമുട്ടി എട്ടാള് ആശുപത്രിയിലായി എന്നു പറഞ്ഞാലും നമ്പൂതിരി ഇതുതന്നെ പറയും. അയല്‍വക്കത്തെ നായര്‍ എന്നും ഇതു കേള്‍ക്കുന്നതാണ്. ഒരു ദിവസം നായര്‍ ഓടിക്കിതച്ചു വന്നിട്ടു പറഞ്ഞു
 'തിരുമേനീ വിവരം അറിഞ്ഞോ?'
 'ഇല്ല ഒന്നും അറിഞ്ഞില്ല'
 'എന്നാ കേട്ടോളൂ ഇന്നലെ നമ്മുടെ കുഞ്ഞിപ്പാറൂന്റെ കെട്ടിയോന്‍ പട്ടാളക്കാരന്‍ രാത്രി 11 പണിക്ക് വീട്ടിലെത്തി. വന്ന് കതകിനു മുട്ടി. കതകു തുറക്കിണില്ല. അയാളു ചെന്ന് ജനലിലൂടെ നോക്കി എന്താ കാഴ്ച!' 'എന്താ കാഴ്ച?'
 'പാറൂം ഹാജിയാരു മുതലാളിയും കൂടി ഒരു തുണിയുമില്ലാണ്ട് കട്ടിലില്‍ കിടക്കുന്നു'.
 'ഓഹോ എന്നിട്ട്' നമ്പൂതിരിക്കു ധൃതിയായി.
 'എന്നിട്ടെന്താ പട്ടാളക്കാരന്‍ വാതിലു ചവിട്ടിപ്പൊളിച്ച് തോക്കെടുത്ത് ഒറ്റ കാച്ചു വെച്ചു കൊടുത്തു. ഹാജിയാരു തീര്‍ന്നു'.
 'ആഹാ ഇതാ ഇപ്പോ വല്യകാര്യം ഇതിലും വലുതേതോ വരാനിരുന്നതാ ഇപ്പോ ഇത്ര കൊണ്ടു കഴിഞ്ഞു എന്നു സമാധാനിക്കുക'.
 നായര്‍ക്കു ദേഷ്യം വന്നു
 'എടോ വൃത്തികെട്ട നമ്പൂരീ താന്‍ കുറെ നാളുകൊണ്ട് ഇങ്ങനെ പറേണൊണ്ടല്ലോ ഒരാളു ചാവുന്നേലും വലുതായിട്ടെന്താടോ വരാനൊളളത്?'
 ഉടന്‍ നമ്പൂതിരി പറഞ്ഞു
 'എടാ ഏഭ്യാ, ശുംഭാ മിനിയാന്നാണ് ആ പട്ടാളക്കാരന്‍ വന്നേങ്കി ഞാനല്ലേടാ ചത്തിട്ടുണ്ടാവുക?'
മിനിയാന്നായിരുന്നെങ്കില്‍ അവര്‍ സത്യമായിട്ടും എന്റെ പരിപ്പെടുത്തേനെ        

7 അഭിപ്രായങ്ങൾ:

  1. പയ്യന്നൂരില്‍ വച്ച് ഡിഫിയുടെ ശ്രീരാമസേന സക്കറിയയുടെ ചങ്കിനുപിടിച്ചതിനെതിരേയും, മഞ്ചേരിയില്‍ ഉണ്ണിത്താനെതിരെ മുസ്ലീം വര്‍ഗ്ഗീയ സംഘടനയോടൊത്തുചേര്‍ന്ന് സദാചാര പോലീസിങ്ങ് നടത്തിയതിനെതിരേയും ചിത്രകാരന്‍ ഇതിനാല്‍ ശക്തിയായി പ്രതിഷേധിച്ചുകൊള്ളുന്നു !!!

    ഇതെക്കുറിച്ചുള്ള ചിത്രകാരന്റെ ചിന്തകള്‍:സക്കറിയയുടെ കൊരലിനുപിടിച്ച ശ്രീരാമസേന !!

    മറുപടിഇല്ലാതാക്കൂ
  2. സഹിത്യ അകാഡമിയുടെ ഉപകാര സ്മരണ!

    സക്കറിയ സംഭവം സാഹിത്യകാരൻ എം. മുകുന്ദൻ പഠിച്ച്‌ വരുന്നതെയുള്ളു, എല്ലാവരും കാത്തു നിൽക്കുക!

    സക്കറിയയുടെ കൊരലിന്‌ പിടിച്ചവർ ആരായിരുന്നാലും, അവർ സമൂഹത്തിലെ "നികൃഷ്ടജീവികൾ" (കടപാട്‌ - പിണറായി) ആണ്‌ എന്ന്‌ തട്ടിവിടാനും മുകുന്ദന്റെ പുതിയ ദൈവം സമതിക്കുന്നില്ലേ? ദൈവത്തിന്റെ വികൃതികൾ!

    മറുപടിഇല്ലാതാക്കൂ
  3. ശ്രീ സക്കറിയ്യ ഇടതു പക്ഷ ചായ്വുള്ള എഴുത്തും വായനും അറിയുന്ന നട്ടെല്ലുള്ള സാഹിത്യകാരനാണു.. ഫാസിസത്തിനു നേറെ ഒരോ ശ്വാസത്തിലും വാളെടുക്കുന്ന മനുഷ്യസ്നേഹി..

    പക്ഷേ അദ്ധേഹം ആക്രമിക്കപ്പെട്ട ചുറ്റുപാടു മൌലികമായും വ്യഭിചാരത്തെ സധാചാരപരമായ ഒരു ഉഭയകക്ഷി സമ്മതപ്രകാരമുള്ള പവിത്ര ചുറ്റിക്കളിയായി കാണാന്‍ പ്രേരിപ്പിച്ച ഘടകം എന്തായാലും നട്ടെല്ലുവച്ചുള്ള അഭിപ്രായപ്രകടനമല്ല.. അമേരിക്കയില്‍ ഭര്‍ത്താവിനെ ഉറക്കികിടത്തി ഭാര്യ കാമുകനെ 'ഗവ്വുന്ന' സംസ്കാരം പുരോഗമനത്തിണ്റ്റെ പേരില്‍ സാംസ്കാരിക ചമ്മന്തിയാണു എന്നൊക്കെ കൂവി നടന്നു തുടങ്ങിയാല്‍, "ഇതിലും വലുത് ഏതോ വരാനിരുന്നതാ" ... എന്നെ പറയാനൊക്കൂ....

    മറുപടിഇല്ലാതാക്കൂ
  4. Thanks for kakkara, nandana,and sri m a bakkar for commimg here and commenting on my post. I am indebted to you all for encouraging me. English due to technical problems.

    മറുപടിഇല്ലാതാക്കൂ
  5. ആട്ടിന്‍ കാട്ടവും കടലക്കറിയും തിരിച്ചറിയണ്ടെ സക്കറിയയെങ്കിലും ! കൂരിരുട്ടിന്റെ പ്രതീകമായ, ഊച്ചാളിയായ (കീഴ്വായുവായ) ഉണ്ണിത്താനെ തിരിച്ചറിയാന്‍ കഴിയാതെ സാര്‍വ്വത്രികമാനവികത വിളിച്ചു കൂവുന്ന, ബുദ്ധിജീവിയല്ലാത്ത ബുദ്ധി ജീവിയെ, മന്ദബുദ്ധികളായ ഡിഫിക്കാര്‍ വികാരം നിയന്ത്രിക്കനാവതെ കൊരലിനു പിടിച്ചാല്‍ ....?!യോജിക്കുന്നില്ല കേട്ടോ , ഇതാ പ്രതിഷേധിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  6. ഉണ്ണിത്താൻ സാറേ നേതാവേ... ധീരതയോടെ നയിച്ചോളൂ... ലക്ഷം ലക്ഷം പിന്നാലേ.... ഞങ്ങളിലൊന്നിനെ തൊട്ടു കളിച്ചാൽ... അക്കളി തീക്കളി സൂക്ഷിച്ചോ...

    മറുപടിഇല്ലാതാക്കൂ