2010, ജനുവരി 4, തിങ്കളാഴ്‌ച

ശശിരാജാവ് ചെലച്ചോണ്ട് എഴുന്നെളളുന്നേ........!

ശശിരാജാവ് ചെലച്ചോണ്ട് എഴുന്നെളളുന്നേ........!
          ശശി എന്ന പേര് ഒരു രാജാവിന് ചേരുകയില്ലെന്ന് കേരളത്തിലെ മിമിക്രിക്കാരാണ് തീരുമാനിച്ചത്. പക്ഷേ അത് ഒരു മന്ത്രിക്ക് ഇണങ്ങുമെന്ന് ശശി തരൂര്‍ എന്ന വിദ്വാന്‍ തെളിയിച്ചു. ആളിന് ഒരു കുഴപ്പമേയുളളൂ: സ്ഥാനത്തും അസ്ഥാനത്തും ആസ്ഥാനത്തും കിടന്നു ചിലയ്ക്കും, താമസംവിനാ മാപ്പും പറയും.
          മാപ്പിന്റെ കാര്യം പറഞ്ഞപ്പോഴാണ് പണ്ടത്തെ കുഞ്ഞുണ്ണിയുടെ കാര്യം ഓര്‍മ്മ വന്നത്. പണ്ടൊരിയ്ക്കല്‍ SRO യില്‍ ഒരു പുതിയ ചെയര്‍മാന്‍ വന്നു ചാര്‍ജ്ജെടുത്തു. സ്ഥാനമാനങ്ങളനുസരിച്ച് എല്ലാ ഉദ്യോഗസ്ഥരും അദ്ദേഹത്തെ നേരില്‍ കണ്ടും പരിചയപ്പെട്ടും സേവനം വാഗ്ദാനം ചെയ്തു. അവസാനം ഒരു ഉദ്യോഗസ്ഥന്‍ മുന്നറിയിപ്പു കൊടുത്തു
 ' സാര്‍ ഒരു കാര്യം ചെയ്യണം ഇവിടെ കുഞ്ഞുണ്ണി എന്നൊരു ലാസ്റ്റ് ഗ്രേഡ് സെര്‍വന്റുണ്ട്. അവനോടു കയറി മുട്ടാനൊന്നും നില്‍ക്കരുത്. യൂണിയന്‍കാരനാണെന്നും പറഞ്ഞൊരു നടപ്പാണ് ഒരു പണിയും ചെയ്യുകയില്ല. എന്തെങ്കിലും കാര്യത്തില്‍ ഒന്നു പറഞ്ഞു രണ്ടാമത്തേതിന് കയറി ബെറ്റു വെയക്കും. കുഞ്ഞുണ്ണി ബെറ്റു വെച്ചാല്‍ നമ്മുടെ കാശു പോയതുതന്നെ.'
 'ഏയ് അതൊന്നും കാര്യമില്ല;എന്റെയടുത്ത് അത്തരം വേലയൊന്നും നടപ്പില്ല. നിങ്ങള്‍ പൊയ്‌ക്കോളൂ ഞാനവനെ നീറ്റായി കൈകാര്യം ചെയ്‌തോളാം'.
           എല്ലാവരും പുതിയ മേലാവിനെ കാണാനെത്തിയെങ്കിലും കുഞ്ഞുണ്ണി മാത്രം വന്നില്ല. രാത്രിയായപ്പോള്‍ മഴയത്ത് ഓടിക്കിത്ച്ച് കുഞ്ഞുണ്ണി സാറിനെക്കാണാനെത്തി. കൈയില്‍ ഒരു സഞ്ചി നിറയെ ഫ്രൂട്‌സും ഉണ്ട്. 'സര്‍ നമസ്‌കാരം കുറച്ചു വൈകിപ്പോയി.'
 'സാരമില്ല, തന്നെക്കുറിച്ചു വല്യ അഭിപ്രായമാണല്ലോ ഇവിടൊക്കെ'
 'അങ്ങനൊന്നുമില്ല സര്‍ ആഫീസറന്‍മാര്‍ക്കൊക്കെ എന്നെ വല്യ കാര്യമായിരുന്നു  അതുകൊണ്ടുളള അസൂയയാ'
'ഓ അങ്ങനെയാണോ'
 'പിന്നെ ഞാന്‍ കുറച്ച് ഫ്രൂട്‌സ് വാങ്ങിക്കൊണ്ട് വന്നിട്ടുണ്ട്. സാര്‍ വരുന്നതിനു മുമ്പേ സാറിന്റെ അസുഖമൊക്കെ ഞാന്‍ അന്വേഷിച്ചു മനസിലാക്കിയിരുന്നു'
'അസുഖമോ? എനിക്കോ? എനിക്കസുഖമൊന്നുമില്ലല്ലോ?'
 'സാറിന്റെ ഫാമിലി ഡോക്ടറു പറഞ്ഞതാ സാറിനു പൈല്‍സിന്റെ അസുഖമൊണ്ടെന്ന്. അതുകൊണ്ടാ രാത്രിയില്‍ മഴയത്ത് ഈ ഫ്രൂട്‌സും മേടിച്ചോണ്ടു വന്നേ'
'എടോ എനിക്കൊരസുഖവുമില്ല തന്നെ ആരാണ്ടു പറഞ്ഞു പറ്റിച്ചതാ.'
'അങ്ങനെ പറയരുത് കുഞ്ഞുണ്ണി അറിഞ്ഞാ നാണക്കേടാന്നു വിചാരിച്ചിട്ടാണെങ്കി സമ്മതിച്ചു. എന്തെങ്കിലുമൊരാവശ്യം വരുമ്പോ ഞങ്ങളേപ്പോലൊള്ളോരേ കാണത്തൊള്ളൂ'
 'കുഞ്ഞുണ്ണീ എനിക്കൊരസുഖവുമില്ല താന്‍ വലിയ ബെറ്റു വെപ്പുകാരനല്യോ ബെറ്റു വെച്ചോ'
 'എന്നാ സാറേ ബെറ്റ് ഞാന്‍ പറയുന്നു സാറിന് പൃഷ്ഠത്തില്‍ കൂടി അല്പമെങ്കിലും രക്തം വരുന്ന അസുഖമൊണ്ട്. ഒണ്ടെങ്കി സാറു നൂറു രൂപാ തന്നാ മതി.ഇല്ലെങ്കില്‍ ഞാന്‍ അഞ്ഞൂറു രൂപാ സാറിനു തരും.പക്ഷേ ഇന്നു തന്നെ വിവരം അറിയണം'.
 'ബെറ്റു സമ്മതിച്ചിരിക്കുന്നു;പൈസ വേണ്ടിയിട്ടുമല്ല.മേലാല്‍ താന്‍ ആരോടും ബറ്റു വെയ്ക്കരുത്. പക്ഷേ ഈ രാത്രിയെങ്ങനാ വിവരം അറിയുന്നത്'.
 'സാറിനൊന്നും തോന്നത്തില്ലെങ്കില്‍ ഞാനൊരു കാര്യം പറയാം. ഈ സഞ്ചിക്കകത്ത് അധികം പഴുക്കാത്ത പാളയം കോടന്‍ പഴമുണ്ട് അതേലെ ഒരെണ്ണം പൊളിച്ചെടുത്ത് സാര്‍ ടോയ്‌ലററില്‍ പോയി ആ ഭാഗത്ത് വെച്ചിട്ട് ഒന്നു കാണിച്ചാല്‍ മതി എനിക്കു സാറിനെ വിശ്വാസമാ രക്തം പറ്റിയിട്ടില്ലെങ്കില്‍ ഞാന്‍ തോറ്റു'.     ചെയര്‍മാന്‍ ടോയ്‌ലറ്റില്‍ പോയിട്ടു വന്നു രക്തത്തിന്റെ അംശം പോലുമില്ല. കുഞ്ഞുണ്ണി ആദ്യമായി ബെറ്റില്‍ പരാജയപ്പെട്ടു.
 'താന്‍ അങ്ങനെ പോകണ്ടാ ഇതോടെ തന്റെ ബറ്റ് അവസാനിപ്പിച്ചോണം. നാളെ ക്യാന്റീനില്‍ വെച്ച് എല്ലാവരെയും കാണ്‍കെ വേണം രൂപാ തരാന്‍'.
വിഷണ്ണനായ കുഞ്ഞുണ്ണി മനസ്സില്ലാമനസ്സോടെ സമ്മതിച്ചു. പിറ്റേന്ന് ക്യാന്റീനില്‍ നൂറുകണക്കിനു ജീവനക്കാര്‍ ഇടിച്ചുനിന്നു. കുഞ്ഞുണ്ണി അഞ്ഞൂറു രൂപാ പരസ്യമായി ചെയര്‍മാനു കൈമാറി തെറ്റു പറ്റിയതില്‍ മാപ്പും ചോദിച്ചു. ഇതു കഴിഞ്ഞപ്പോള്‍ നൂറുകണക്കിനു ജീവനക്കാര്‍ കുഞ്ഞുണ്ണിയുടെ അടുത്തേക്ക് ക്യൂ നില്‍ക്കുന്നു. അവരെല്ലാം ആയിരം രൂപാവീതം കുഞ്ഞുണ്ണിക്കു നല്‍കുന്നു. അവസാനിക്കാത്ത നിര കണ്ട് ചെയര്‍മാന്‍ ഒരു ഓഫീസറെ വിളിച്ചു ചോദിച്ചു എന്തിനാണെല്ലാവരും അയാള്‍ക്ക് പണം നല്‍കുന്നതെന്ന്. ഓഫീസര്‍ പറഞ്ഞു:
'പുതുതായി വരുന്ന ചെയര്‍മാന്റെ ആസനത്തില്‍ ഒരു പഴം അടിച്ചു കയറ്റാമെന്ന് കുഞ്ഞുണ്ണി ഞങ്ങളോടെല്ലാം ആയിരം രൂപാ ബെറ്റു വെച്ചിരുന്നു സാര്‍'
കൂടെക്കൂടെയുളള ട്വിറ്ററിലെ വിവാദങ്ങളും മാപ്പു പറച്ചിലും കേട്ടിട്ട് നമുക്കൊരു സംശയം. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന മൈക്രോബ്‌ളോഗാക്കി ട്വിറ്ററിനെ മാറ്റിക്കൊടുക്കാം എന്ന് കോടിക്കണക്കിന് ഡോളറിന് ശശി ബെറ്റു വെച്ചിട്ടുണ്ടോന്ന്!

4 അഭിപ്രായങ്ങൾ:

  1. കൂടെക്കൂടെയുളള ട്വിറ്ററിലെ വിവാദങ്ങളും മാപ്പു പറച്ചിലും കേട്ടിട്ട് നമുക്കൊരു സംശയം. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന മൈക്രോബ്‌ളോഗാക്കി ട്വിറ്ററിനെ മാറ്റിക്കൊടുക്കാം എന്ന് കോടിക്കണക്കിന് ഡോളറിന് ശശി ബെറ്റു വെച്ചിട്ടുണ്ടോന്ന്!
    സാധാരണ രാഷ്ടീയകാരന്റെ കുരുട്ട് ബുദ്ധി ഇല്ലാത്തതുകൊണ്ടാണ് ശശി തരൂർ അങ്ങനെ സംസാരിക്കുന്നത്

    മറുപടിഇല്ലാതാക്കൂ
  2. അനൂപ് കോതനല്ലൂര്‍,ചിത്രകാരന്‍,പ്രവീണ്‍ വട്ടപ്പറമ്പത്ത് കടന്നു വന്നതിന്, കമന്റിയതിന് ഒരു നന്ദി അങ്ങോട്ടിരിക്കട്ടെ. കമന്റുകള്‍ കുറവായതിനാല്‍ ആരും പോസ്റ്റ് വായിക്കുന്നില്ലെന്നു കരുതി ഈ പണി നിര്‍ത്തിയാലോ എന്നു വിചാരിച്ചതാണ്. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പാണ് ഒരു ഹിറ്റ് കൗണ്ടര്‍ കൊണ്ടു വെച്ചത്. ഈശ്.ശ്.ശ്.ശ്വരാ....ആശ്.ശ്.ശ്.ശ്.ശ്വാസമായി.

    മറുപടിഇല്ലാതാക്കൂ