2009, ഡിസംബർ 31, വ്യാഴാഴ്‌ച

അവന്‍ വരുന്നു!

           കാലത്തിന്റെ മഹാപ്രവാഹത്തില്‍ അശ്വത്ഥപത്രത്തില്‍ പളളികൊളളുന്ന ഉണ്ണിക്കണ്ണന്റെ ചിത്രം എന്റെ ഇളംമനസ്സിലെവിടെയോ പതിഞ്ഞിട്ടുണ്ട്. ഏറ്റവും വലിയ പര്‍വ്വതത്തിനും മേലെ 15 കോലോളം ഉയരത്തില്‍ മഹാപ്രളയം ഉണ്ടായപ്പോള്‍ നോഹയുടെ പെട്ടകത്തില്‍ ദൈവം വിശുദ്ധിയുളള ജീവജാലങ്ങളുടെ രക്ഷിച്ചതു വായിച്ചപ്പോഴും  എവിടെയാണ് രക്ഷ എന്നു ഞാന്‍ അമ്പരന്നിട്ടുണ്ട്. 'അനന്തമജ്ഞാതമവര്‍ണനീയം ഈ ലോകഗോളം തിരിയുന്ന മാര്‍ഗം അതിങ്കലെങ്ങാണ്ടൊരിടത്തിരിക്കുന്ന മര്‍ത്യന്‍ കഥയെന്തു കണ്ടു' എന്ന വരികള്‍ എനിക്കിന്നും പ്രിയതരമാണ്. എന്ത്്, എന്തിന് തുടങ്ങിയ തത്വചിന്താപരമായ ചോദ്യങ്ങള്‍ ജീവിതത്തോട് ചേര്‍ത്തു വെയ്ക്കുമ്പോള്‍ ഞാന്‍ ഒരു അസ്തിത്വവാദിയായി പോകുന്നു
           ഡിനോ ബുറ്റ്‌സാറ്റി 1972 ല്‍ അന്തരിച്ച ഇറ്റാലിയന്‍ സാഹിത്യകാരനാണ്. ഒരു കഥയില്‍ അദ്ദേഹം ലക്ഷ്യസ്ഥാനത്തു മാത്രം നിര്‍ത്തുന്ന നോര്‍തേണ്‍ എക്‌സ്പ്രസ് ട്രെയിനിലെ യാത്രക്കാരനാണ്. അയാള്‍ വെളിയിലേക്കു നോക്കിയപ്പോള്‍ ഒരുസുന്ദരിയായ പെണ്‍കുട്ടി ലെവല്‍ക്രോസില്‍ നില്‍ക്കുന്നു. അവള്‍ ട്രെയിനിനെ ശ്രദ്ധിച്ചതേയില്ല. തന്റെയടുക്കലേക്ക് എന്തോ ഉറക്കെ പറഞ്ഞുകൊണ്ട് ഓടി വരുന്ന ഒരുത്തനെയാണവള്‍ ശ്രദ്ധിച്ചത്. എന്തോ ആപത്തിനെപ്പറ്റിയുളള മുന്നറിയിപ്പുപോലെ തോന്നി. പക്ഷേ തീവണ്ടി വേഗത്തില്‍ ഓടുകയാണ്. പൊക്കം കുറഞ്ഞ ഒരു മതിലില്‍ നിന്നുകൊണ്ട് ഒരു കര്‍ഷകന്‍ കാതടപ്പിക്കുന്ന ശബ്ദത്തില്‍ എന്തോ പറയുന്നത് കേട്ടു അതും വ്യക്തമായില്ല. വയലിലെ ചെടികളെ ചവിട്ടിമെതിച്ചുകൊണ്ട് ചിലര്‍ ഓടിയെത്തി ഭീതിയോടെ നില്‍ക്കുന്നു. എന്തോ സംഭവിച്ചിരിക്കുന്നു. പഴയ വീടുകള്‍ പാഞ്ഞുപോകുന്നു. ആളുകള്‍ ധൃതിയില്‍ കെട്ടുകള്‍ കെട്ടുന്നു പെട്ടികള്‍ അടയ്ക്കുന്നു. വണ്ടി വടക്കോട്ടു പോകുന്തോറും ആളുകള്‍ കൂട്ടം കൂട്ടമായി തെക്കോട്ടു പോകുന്നു. യുദ്ധമാണോ പട്ടാളവിപ്ലവമാണോ ഭൂകമ്പമാണോ തീവണ്ടിയിലെ യാത്രക്കാരെല്ലാം പേടിച്ചിരിക്കയാണ്. ഈ സമയം തെക്കോട്ടു പോകുന്ന ആളുകളെക്കൊണ്ടും വാഹനങ്ങളെക്കൊണ്ടും റോഡുകളെല്ലാം നിറഞ്ഞു കവിഞ്ഞു. വടക്കോട്ടു പാഞ്ഞുപോകുന്ന തീവണ്ടി കണ്ട് വഴിവക്കില്‍ നിന്നവര്‍ അദ്ഭുതപ്പെട്ടു. ഒരു സ്റ്റേഷനില്‍ വണ്ടി വേഗം കുറച്ചപ്പോള്‍ എല്ലാവരും പ്രതിക്ഷിച്ചു അതവിടെ നിര്‍ത്തുമെന്ന്.പക്ഷേ വേഗം കുറച്ച വണ്ടി പിന്നീട് കൊടുങ്കാറ്റുപോലെ കൂവിയലച്ചു കടന്നുപോയി. സ്‌റ്റേഷനില്‍ ഒരു പയ്യന്‍ ഉയര്‍ത്തിപ്പിടിച്ച പത്രത്തിന്റെ കഷണം ഒരു സ്ത്രീയുടെ കയ്യില്‍ കിട്ടി. പക്ഷേ അതില്‍ tion എന്നീ വലിയ അക്ഷരങ്ങള്‍ മാത്രമുണ്ട്. ട്രെയിന്‍ നിന്നു. പ്ലാറ്റ്‌ഫോമിലൂടെ പുറത്തേക്കു നടന്നു. പക്ഷേ ഒരിടത്തും ഒരാളുപോലുമില്ല. പട്ടണത്തിലും ഒരാളുപോലുമില്ല. പെട്ടന്ന് വെടിപൊട്ടുന്നപോലെ ഒരു സ്ത്രീയുടെ നിലവിളി. യാത്രക്കാര്‍ ഞെട്ടിത്തിരിഞ്ഞുനോക്കി. ഭീതിദമായ ഒരു നിലവിളി അവരിലും പ്രതിദ്ധ്വനിച്ചു. ഉപേക്ഷിക്കപ്പെട്ട ആ സ്ഥലത്തെ ഭീതിദമായ പ്രതിദ്ധ്വനികള്‍ ഒന്നിച്ചുചേര്‍ന്നു. കഥ അവസാനിച്ചു.
ഈ കഥയിലെ ട്രെയിന്‍ ജീവിതമാണ്. അത് ശൂന്യതയിലേക്കു -മരണത്തിലേക്ക്- കുതിക്കുന്നു. പോകുന്ന പോക്കിലെ അജ്ഞാതസംഭവങ്ങള്‍ നമ്മുടെ ജീവിതത്തിലെ ഭയാനകവും അപ്രതീക്ഷിതവും നമ്മുടെ നിയന്ത്രണത്തിലല്ലാത്തതുമായ സംഭവങ്ങള്‍ തന്നെ.
          കാലവൃക്ഷത്തിലെ ഒരില കൂടി അടര്‍ന്നു പോയി. കാലം കാലന്‍ തന്നെയാണ്. പുത്തന്‍ ഇലച്ചാര്‍ത്തുകള്‍ നമുക്ക് പ്രായമാകുന്നതിന്റെ ലക്ഷണമാണ്. പുതിയ ദിനങ്ങളിലെ വെല്ലുവിളികള്‍ നേരിടാന്‍ പ്രാപ്തിയുണ്ടാകട്ടെ എന്ന പ്രാര്‍ത്ഥന മാത്രം. വരിക കാലമേ (കാലനേ) എന്നരികില്‍ നില്‍ക്ക ഒരു മാത്ര ഞാനൊന്നു തിരിഞ്ഞു നോക്കിക്കൊളളട്ടെ.

2009, ഡിസംബർ 30, ബുധനാഴ്‌ച

നാരായണപ്പണിക്കര്‍ വൃദ്ധസദനവും കൗണ്‍സിലിങ്ങും തുടങ്ങുന്നു

നാരായണപ്പണിക്കര്‍ വൃദ്ധസദനവും കൗണ്‍സിലിങ്ങും തുടങ്ങുന്നു
          വെണ്ണിക്കുളത്ത് കരയോഗകുടുംബ സംഗമം ഉദ്ഘാടനം ചെയ്യവേയാണ് അദ്ദേഹം ഈ തീരുമാനം പ്രഖ്യാപിച്ചത്. സാത്വികനും മര്യാദക്കാരനുമായ പണിക്കര്‍ ബുദ്ധിമാനുമാണെന്ന് തെളിയിച്ചിരിക്കുന്നു. പണ്ടെങ്ങോ ഒരു നിയമബിരുദം എടുത്തിട്ടുണ്ടെങ്കിലും അതിന്റെ കുഴപ്പങ്ങളൊന്നും-കേസുകെട്ടോ കക്ഷികളോ-അദ്ദേഹത്തിന് ഒരിയ്ക്കലും ഉണ്ടായിട്ടില്ല.
          വൃദ്ധസദനം തുടങ്ങുന്ന കാര്യം അദ്ദേഹത്തിനെ ഓര്‍മ്മിപ്പിക്കണമെന്ന് കരുതിയിരിക്കുകയായിരുന്നു. മുന്‍പ് കിടങ്ങൂര്‍ ഗോപാലകൃഷ്ണപിളള എന്നൊരു കഴിവുളള നായരുണ്ടായിരുന്നു. പിളള എന്‍.എസ്.എസ്സിന്റെ ജനറല്‍ സെക്രട്ടറി സ്ഥാനത്തു രാജകീയമായി വിരാജിക്കുമ്പോള്‍ കെ. കരുണാകരനാണ് മുഖ്യമന്ത്രി. നായര്‍കുലത്തിന്റെ പരിധിയില്‍ പെടുന്ന ഒരു വര്‍ഗത്തില്‍  താന്‍ ഇവിടുളളപ്പോള്‍ മറ്റൊരു നായര്‍ ടേംസ് ഓഫ് റഫറന്‍സ് നിശ്ചയിക്കുന്നത് അദ്ദേഹത്തിനിഷ്ടപ്പെട്ടില്ല. നായരെ വീഴ്ത്താന്‍ എന്തു വേണമെന്ന് അദ്ദേഹത്തിന് ആരും പറഞ്ഞു കൊടുക്കേണ്ടതില്ലല്ലോ? ചുക്കിനും ചുണ്ണാമ്പിനും കൊളളരുതാത്ത സംഗതിയാണെങ്കിലും വലിയ പൊണ്ണക്കാര്യത്തില്‍ അവതരിപ്പിച്ചാല്‍ മതി. ലോകത്തിലെ ഏറ്റവും വലിയ രാജ്യമായ സിംഗപ്പൂരിന്റെ ഹൈക്കമ്മീഷണര്‍ സ്ഥാനമാണ് അദ്ദേഹത്തിനു നല്‍കിയത്. മൂന്നു വര്‍ഷത്തിനുശേഷം സംഘടനാരംഗത്ത്, മഴപെയ്താല്‍ കയറി നില്‍ക്കാന്‍ ഒരിടം പോലുമില്ലാതെ അലഞ്ഞു നടക്കേണ്ടി വന്നു കിടങ്ങൂരിന്.

          മരുമക്കത്തായം നിലവിലുണ്ടായിരുന്ന കാലത്ത് പുടവ കൊടുത്തിടത്ത് കാര്യമൊന്നുമില്ലെങ്കിലും സഹോദരിയുടെ ഭവനത്തിലെങ്കിലും നായര്‍ക്ക് കാരണവരായി നിലനില്‍ക്കാമായിരുന്നു. നിയമം മൂലം അതു നിരോധിച്ചതോടെ നായര്‍സമുദായത്തിലെ പുരുഷന്‍മാരുടെ കാര്യത്തില്‍ ചില പ്രശ്‌നങ്ങളുണ്ടായി. ഇപ്പോഴും പാരമ്പര്യ ദായക്രമമനുസരിച്ച് അമ്മ വഴിക്കാണ് സ്വത്ത് കൈമാറി വരുന്നത്. അതുകൊണ്ട് പെണ്‍മക്കള്‍ക്ക് കല്യാണം കഴിയുന്നതു വരെയും ആണ്‍മക്കള്‍ക്ക് സ്വത്തു കിട്ടുന്നതു വരെയും അമ്മയോടാണ് പ്രേമം! ഒരു പ്രായമൊക്കെ ആയി വണ്ടി സെല്‍ഫ് എടുക്കാതെയാകുമ്പോള്‍ നായര്‍ ഭവനത്തിലെ പുരുഷന്‍ ഒരു അനിവാര്യമായ ശല്യമായി മാറും. ഈ സമയത്ത് കുറെപ്പേര്‍ സജീവമായ പൊതുപ്രവര്‍ത്തനത്തിനിറങ്ങും. വീട്ടില്‍ കൊളളരുതാത്തവരാണല്ലോ പല പ്രമുഖരായ പൊതുപ്രവര്‍ത്തകരും! അതിനു തക്ക നിലവാരമില്ലാത്ത പാവങ്ങള്‍ മദ്യത്തിലഭയം തേടും. ഒരു തരം അന്യതാബോധം അവരെ വേട്ടയാടും.  ഏത് എമ്പോക്കിയെയും കൊച്ചാട്ടാ, ചിറ്റപ്പാ, അമ്മാവാ എന്നു വിളിക്കുന്നതു കൊണ്ട് കുറെപ്പേര്‍ മനോരോഗികളാകാതെ രക്ഷപെടുന്നു. അതുകൊണ്ട് കൗണ്‍സിലിംഗ് തുടങ്ങാനുളള ശ്രമം ശ്ലാഖനീയമാണ്.
           പക്ഷേ പറഞ്ഞു വരുന്നത് ഇതൊന്നുമല്ല. എന്‍. എസ്. എസ്. ആസ്ഥാനത്ത് എസ്.എസ്.എല്‍.സി. എന്നീ നാലു ബിരുദങ്ങളുളള ഒരു അതിമാനുഷന്‍ ചെവി കടിച്ചുകടിച്ച് അസി. സെക്രട്ടറി എന്ന ഇല്ലാത്ത പദവി ഉണ്ടാക്കിയെടുത്ത് ആസനമുറപ്പിച്ചിട്ടുണ്ട്. അപകര്‍ഷതാബോധം വേട്ടയാടുന്ന ഒരു മനസ്സായതിനാല്‍ സമുദായത്തില്‍ പെടുന്ന ഏതെങ്കിലും പാവങ്ങള്‍ അവിടെ ചെന്നാല്‍ വായ്ക്കല്‍ കയ്യും പൊത്തി ഓച്ഛാനിച്ചു നിന്നുകൊളളണം. അന്യജാതിക്കാരായാല്‍ ഈ പ്രശ്‌നമില്ല. വന്ന കാര്യം സാധിച്ചു പോകാം. നാരായണപ്പണിക്കര്‍ക്ക് എഴുന്നേറ്റു നടക്കാനും വായ തുറക്കാനും കഴിയുന്നേടത്തോളം പ്രശ്‌നമില്ല. എങ്കിലും രണ്ടു ദിവസം എങ്ങോട്ടെങ്കിലും മാറി നിന്നാല്‍ പിന്നെ കാരണവര്‍ സ്ഥാനം കണ്ടെന്നു വരില്ല. നായരെ ദ്രോഹിക്കുന്ന ഈ മനുഷ്യന്റെ കാലം സമ്പൂര്‍ണമായി വരുമ്പോഴേക്ക് പാവപ്പെട്ട നായന്‍മാര്‍ക്കു വേണ്ടി ഒരു വൃദ്ധസദനവും മനോരോഗം വരാതിരിക്കാന്‍ ഒരു കൗണ്‍സിലിംഗ് സെന്ററും തുടങ്ങുന്നത് തീര്‍ത്തും കാലോചിതം തന്നെ.

2009, ഡിസംബർ 29, ചൊവ്വാഴ്ച

ശ്രീബുദ്ധന്‍ മാംസം കഴിച്ചിരുന്നോ?

ശ്രീബുദ്ധന്‍ മാംസം കഴിച്ചിരുന്നോ?
          സത്യം, സ്‌നേഹം, അഹിംസ എന്നിവയുടെ മഹത്വം ക്രിസ്തുവിനും 500 വര്‍ഷങ്ങള്‍ക്കു മുന്‍പ് ലോകത്തിനു മനസ്സിലാക്കിക്കൊടുത്ത ഭാരതത്തിന്റെ പ്രാതസ്മരണീയനായ പുത്രന്‍, വിശ്വഗുരു ഗൗതമബുദ്ധന്‍ മാംസഭക്ഷണം കഴിച്ചതിനെ തുടര്‍ന്നുണ്ടായ രോഗം മൂലമാണോ നിര്‍വാണം പ്രാപിച്ചത്? ഇത്തരമൊരു പ്രചാരണം വ്യാപകമായി നിലവിലുണ്ട്. ദല്‍ഹി സര്‍വകലാശാലയിലെ ചരിത്രാദ്ധ്യാപകനായ പ്രൊഫ. ഡി. എന്‍. ഝായുടെ ' ഹോളി കൗ: ബീഫ് ഇന്‍ ഇന്ത്യന്‍ ഡയറ്ററി ട്രഡീഷന്‍' എന്ന ഗ്രന്ഥത്തിലെ മഹാവീരനും ശ്രീബുദ്ധനും മാംസഭുക്കുകളായിരുന്നു എന്നു സ്ഥാപിക്കുന്ന ഭാഗം ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് വിവാദം സൃഷ്ടിച്ചിരുന്നു.
          അഹിംസാവാദിയായ ബുദ്ധന്‍ മാംസം കഴിച്ചു എന്നു വരുന്നത് ആക്ഷേപകരമാണെന്ന് തെറ്റിദ്ധരിച്ച ശുദ്ധമനസ്‌കരായ ബുദ്ധാനുയായികള്‍ അദ്ദേഹത്തിന്റെ അവസാന ഭക്ഷണം പന്നിമാംസം കലര്‍ന്നതല്ല എന്ന് ശക്തിയുക്തം വാദിക്കുന്നു. ബുദ്ധന്‍ ഒരു വെജിറ്റേറിയനായിരുന്നു എന്നാണവര്‍ വിശ്വസിക്കുന്നത്. എന്നാല്‍ അദ്ദേഹം മാംസഭക്ഷണം കഴിച്ചിട്ടുളളതായി ത്രിപിടകത്തില്‍ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ മരത്തണലിലെ ജീവിതവും സസ്യഭക്ഷണവും നിര്‍ബന്ധമാക്കണമെന്ന ദേവദത്തന്റെ നിര്‍ദ്ദേശത്തെ അദ്ദേഹം നിരാകരിക്കുന്നുമുണ്ട്.
      ബുദ്ധന്‍ ഒരു സസ്യഭുക്ക് ആയിരുന്നില്ല. നാല്പത്തിയഞ്ചു വര്‍ഷം നീണ്ട സന്യാസജീവിതത്തിലൊരിക്കലും അദ്ദേഹം സഹഭിക്ഷുക്കളോട് സസ്യഭക്ഷണം ശീലിക്കണം എന്ന് ആവശ്യപ്പെട്ടിട്ടില്ല. എന്നാല്‍ അദ്ദേഹം നിര്‍ദ്ദേശിച്ചിട്ടുളള സന്യാസനിയമങ്ങളില്‍ ഏതെല്ലാം മൃഗങ്ങളുടെ മാംസം കഴിക്കരുതെന്ന് നിഷ്‌ക്കര്‍ഷിച്ചിട്ടുണ്ട്. അതിന്റെ അര്‍ത്ഥം മറ്റു മൃഗങ്ങളുടെ മാംസം കഴിക്കാമെന്നാണ്. മറ്റൊരു ഭാഗത്ത് ചില രോഗങ്ങളുണ്ടാകുമ്പോള്‍ സൂപ്പു കഴിക്കുന്നത് നല്ലതാണെന്നും ഉപദേശിക്കുന്നു.
          80ാം വയസ്സിലെത്തിയ ബുദ്ധന്‍ മഴക്കാലം വന്നപ്പോള്‍ 3 മാസക്കാലം വൈശാലിയിലെ ബേലുവ ഗ്രാമത്തില്‍ ചെലവഴിച്ചു. പിന്നീട് ഒരു സംഘം ഭിക്ഷുക്കളോടൊത്ത് കപിലവസ്തുവെ ലക്ഷ്യമാക്കി യാത്ര ആരംഭിച്ചു. വൃദ്ധനും രോഗിയുമായിരുന്ന അദ്ദേഹം പല സ്ഥലങ്ങളിലും കൂടെക്കൂടെ വിശ്രമിച്ചു. 'പാവാ' യിലെത്തിയ സംഘം ഒരു തോട്ടത്തില്‍ വിശ്രമിച്ചു. അവിടെ വെച്ച് സ്‌കന്ദന്‍ എന്ന മൂശാരി അദ്ദേഹത്തെ ഭക്ഷണത്തിനു ക്ഷണിച്ചു. ഭക്ഷണത്തില്‍ 'സൂകരമദ്ദവ' എന്ന വിശിഷ്ടഭോജ്യവുമുണ്ടായിരുന്നു. അതു കഴിച്ച ശേഷം കടുത്ത വയറു വേദനയും വയറിളക്കവും ബാധിച്ച ബുദ്ധന്‍ വേദന സഹിച്ച് 25 ഓളം സ്ഥലങ്ങളില്‍ ഇരുന്നും കിടന്നും ഹിരണ്യാവതി നദി കടന്ന് 6 മൈല്‍ അകലെയുളള കുശിനഗരത്തിലേക്ക് യാത്രയായി. കുശിനഗരത്തില്‍ വച്ച് 80-ാമത്തെ വയസ്സില്‍ നിര്‍വാണം പ്രാപിച്ച ബുദ്ധന്റെ ഭൗതികാവശിഷ്ടം സംസ്‌ക്കരിച്ചതും അവിടെയാണ്. അതുകൊണ്ടു തന്നെ ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ട കുശിനഗരം (ഇന്നത്തെ കാസിയ) ഒരു അന്താരാഷ്ട്ര തീര്‍ത്ഥാടനകേന്ദ്രമാണ്.
           ബുദ്ധന്റെ മരണത്തിനിടയാക്കിയ സംഭവത്തെപ്പറ്റി പല ജീവചരിത്രകാരന്‍മാരും വ്യത്യസ്ത വീക്ഷണങ്ങള്‍ പുലര്‍ത്തുന്നു. ഇവയ്ക്കിടയാക്കിയതോ 'സൂകരമദ്ദവ' എന്ന് പാലി ഭാഷയിലുളള കൃതികളില്‍ കാണുന്ന വാക്കും. സൂകര എന്നാല്‍ പന്നി എന്നും മദ്ദവ എന്ന വാക്കിന് മൃദുവായത് എന്നുമാണര്‍ത്ഥം. ഈ വാച്യാര്‍ത്ഥമാണ് പന്നിമാംസം കഴിച്ച് ബുദ്ധന്‍ മരിച്ചു എന്ന തെറ്റിദ്ധാരണ പരക്കാന്‍ ഇടയാക്കിയത്. ഇളം പന്നിയുടെ മാംസം പോലെ മൃദുവായ കൂണുകള്‍ കൊണ്ടുളള ഒരു ഭോജ്യം അദ്ദേഹം കഴിച്ചു എന്ന് കരുതപ്പെടുന്നു. കറികളില്‍ ചേര്‍ക്കുന്ന 'ലേഡീസ് ഫിംഗര്‍' സ്ത്രീകളുടെ വിരലല്ലല്ലോ?
          ഭിക്ഷയായി മാംസഭക്ഷണം സ്വീകരിക്കുന്നതിനെ ജൈനവിഭാഗക്കാരും മറ്റും ആക്ഷേപിക്കുന്നതായും മാംസഭക്ഷണശീലം ജീവികളെ കൊല്ലുന്നതിന് പരോക്ഷമായി പ്രേരണ ചെലുത്തുന്നതായും ഭിക്ഷുക്കള്‍ ബുദ്ധനോട് പരാതിപ്പെട്ടപ്പോള്‍ അദ്ദേഹം പറഞ്ഞത് കൊല്ലുന്നത് കാണുകയോ, കേള്‍ക്കുകയോ, തനിക്കു വേണ്ടി കൊന്നതാണെന്ന് സംശയിക്കുകയോ ചെയ്യുന്ന ജീവിയുടെ മാംസം ഭിക്ഷുക്കള്‍ കഴിക്കാന്‍ പാടില്ലെന്നാണ്.
          ബുദ്ധന്‍ നിര്‍ദ്ദേശിച്ച സന്യാസനിയമസംഹിതയിലെ ഈ പ്രസക്തഭാഗത്തിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം അവസാനമായി കഴിച്ചത് മാംസഭക്ഷണമായിരുന്നില്ല എന്നു തീര്‍ച്ചപ്പെടുത്താം.സ്‌കന്ദന്‍ ബുദ്ധനെ മുന്‍കൂട്ടി ഭക്ഷണത്തിനു ക്ഷണിക്കുകയായിരുന്നു. അവിടെ മാംസവിഭവങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ അത് ബുദ്ധന്റെ വരവു പ്രമാണിച്ച് കൊന്ന മൃഗത്തിന്റെ ആയിരിക്കും. കാരണം അന്ന് ഇന്നത്തെപ്പോലെ ഇറച്ചിക്കടകള്‍ ഉണ്ടായിരുന്നില്ല. തനിക്കുവേണ്ടി കൊന്ന മൃഗത്തിന്റെ മാംസം അദ്ദേഹം കഴിക്കുകയില്ല. അതിനാല്‍ സൂകരമദ്ദവ എന്ന ഭോജ്യം അദ്ദേഹം കഴിച്ചതില്‍ നിന്നും അത് പന്നിമാംസമായിരുന്നില്ല എന്ന സുരക്ഷിത നിഗമനത്തിലെത്താം.

2009, ഡിസംബർ 27, ഞായറാഴ്‌ച

ബി.ടി.വഴുതന മാത്രമല്ല; കാരറ്റും അന്തകവിത്ത്

                                    ബി.ടി.വഴുതന മാത്രമല്ല; കാരറ്റും അന്തകവിത്ത്
           കഴിഞ്ഞ ദിവസം സി.പി.എമ്മിന്റെ പോളിറ്റ് ബ്യൂറോ കൂടി. ഉണ്ണിത്താന്‍ പറയുമ്പോലെ വൃന്ദ പ്രകാശിന്റെ തുടയ്ക്കു നുളളി കൂടിയ അവെയ്‌ലബിള്‍ പോളിറ്റ് ബ്യൂറോയല്ല;ഒറിജിനല്‍. കാര്‍ഷികമേഖലയിലെ പുതിയ വിപത്തായ ജനിതകമാററം വരുത്തിയ വഴുതനയെ അംഗീകരിക്കണമോ എന്നു ചര്‍ച്ച ചെയ്തു. ഇത്തരം വഴുതനയുടെ പ്രത്യേകത അവയ്ക്ക് നല്ല നിറവും മുഴുപ്പുമുണ്ടാകും; ഉപഭോക്താവിന് വളരെ സ്വീകാര്യവുമാകും. പക്ഷേ അതില്‍ നിന്നു ലഭിക്കുന്ന വിത്ത് കൃഷി ചെയ്യാന്‍ പറ്റില്ല. വിത്ത് വേണമെങ്കില്‍ അത് ഉല്‍പ്പാദിപ്പിച്ച കമ്പനിയെ സമീപിക്കേണ്ടി വരും. അതിന് അവര്‍ക്ക് പേററന്റുമുണ്ടാകും. വിത്തിന്റെ പേറ്റന്റിന്റെ കാര്യത്തില്‍ മാത്രമേ പാര്‍ട്ടിക്ക് അഭിപ്രായവ്യത്യാസമുളളൂ.
          ചര്‍ച്ച ഇത്തരത്തില്‍ മുന്നേറുമ്പോള്‍ സെന്റിനേറിയന്‍മാരായ കടല്‍ക്കിഴവന്‍മാരുടെ മനസ്സില്‍ മറ്റൊരു അന്തകവിത്തിനേപ്പറ്റിയായിരുന്നു ചിന്ത. അതും നല്ലപോലെ വെളുത്തു ചുമന്നതാണ്. കാഴ്ചയ്ക്ക് ഗംഭീരം. വിത്തും ധാരാളം; പക്ഷേ ആദ്യവിത്തിന്റെ കാലത്തു തന്നെ അന്തിക്രിസ്തു വരുന്ന കാരറ്റിനെപ്പറ്റിയായിരുന്നു അത്. കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ അന്തകവിത്ത് -പ്രകാശ് കാരറ്റ്. ഈയെമ്മെസ്സും, ഹര്‍കിഷന്‍സിംഗ് സുര്‍ജിത്തുമൊക്കെ കഴിഞ്ഞപ്പോള്‍ പാര്‍ട്ടിക്ക് പുതുരക്തം നല്‍കാന്‍ കൊണ്ടുവന്നതാണ് മണ്ണില്‍ വേരുകളില്ലാത്ത, പാര്‍ട്ടിക്ക് വേരോട്ടമുളള ഒരു നാട്ടിലെയും ഭാഷയറിയാത്ത, ഗ്രാമീണഘടകങ്ങളില്‍ പ്രവര്‍ത്തിച്ചു പരിചയമില്ലാത്ത ഈ ജെ. എന്‍. യു. സന്തതിയെ. ബംഗാളിലെയും കേരളത്തിലെയും ആപ്പുവെപ്പ് ആശാന്‍മാരുടെ പൊഴിയില്‍ പാവത്തിന്റെ വാലു ചതഞ്ഞു പോയി.
          പാര്‍ട്ടി ഒരു കോര്‍പ്പറേറ്റ് സ്ഥാപനമായി. അതിന്റെ സ്ഥാപനങ്ങളും ബഹുനിലമന്ദിരങ്ങളും ഒരു പറ്റം ആളുകളുടെ സുഖവാസകേന്ദ്രങ്ങളായി. ക്രിസ്തു വീണ്ടും വരും എന്ന വിശ്വാസിയുടെ പ്രതീക്ഷ പോലും വിപ്ലവത്തെപ്പറ്റി പാര്‍ട്ടിക്കാര്‍ക്കില്ല. വിപ്ലവം എന്നു കേള്‍ക്കുമ്പോള്‍ നേതാക്കന്‍മാരുടെ മനസ്സില്‍ ഒരു പുച്ഛച്ചിരി ഉയരും. നിത്യപരിചയത്തിലൂടെ പുരോഹിതനും, മേല്‍ശാന്തിയും, ഇമാമും അവിശ്വാസിയായിത്തീരുന്നതുപോലെ. ദല്ലാലുകാരുടെ ഒരു താവളമായി മാറി പാര്‍ട്ടിയും അതു നയിക്കുന്ന ഭരണകൂടങ്ങളും. കര്‍ഷകന്റെ ഭൂമി പിടിച്ചു പറിച്ച് വ്യവസായമെന്നു പറഞ്ഞ് റിയല്‍ എസ്റ്റേറ്റ് മാഫിയക്ക് മറിച്ചു വില്‍ക്കുക, വികസനമെന്നു പറഞ്ഞ് കുടയൊഴിപ്പിച്ച് കമ്മീഷന്‍ പറ്റുക, സമ്പന്നവര്‍ഗത്തിന്റെ താരാട്ടു പാട്ടുകാരനാവുക. ഇതൊക്കെയാണ് പാര്‍ട്ടിപ്രവര്‍ത്തനം. ഇവര്‍ക്കൊന്നും സ്വന്തം കുടുംബത്തില്‍ കമ്യൂണിസ്റ്റ് ആശയം വളര്‍ത്താന്‍ കഴിഞ്ഞില്ല. ജ്യോതിബസു 25 കൊല്ലക്കാലം ബംഗാള്‍ ഭരിച്ചതിന്റെ ഫലമായി മകന്‍ കോടീശ്വരനായ വ്യവസായിയായി. പാവം ബംഗാളികള്‍ രണ്ടു റൊട്ടിയും നാലുളളിയും കഴിക്കാന്‍ മാര്‍ഗമില്ലാതെ കേരളത്തിലേക്കും മറ്റും പലായനം ചെയ്തിരിക്കുന്നു. കേരളം ഞങ്ങള്‍ ഭരിച്ചിട്ടല്ലേ ഇങ്ങനെയായത് എന്ന് വിപ്ലവം സിരകളില്‍ നുരയുന്നവര്‍ക്ക് പറയാന്‍ ചൊറിയുന്നുണ്ടാവും. അല്ല സഹോദരാ നാടുവിട്ട് അന്യരാജ്യങ്ങളില്‍ ചേക്കേറിയ നമ്മുടെ സഹോദരങ്ങളാണ് കേരളത്തെ ഇങ്ങനെയെങ്കിലുമാക്കിത്തീര്‍ത്തത്. ബസുവിന്റെ ഇത്രകാലത്തെ ഭരണനേട്ടമാണ് ഇത്രയും മാവോവാദികളെ സൃഷ്ടിച്ചത്. ദീര്‍ഘദര്‍ശിയായിരുന്നു ഹര്‍കിഷന്‍സിംഗ്. 25 വര്‍ഷം കൊണ്ട് ബംഗാളികളെ പരമദരിദ്രരാക്കിയ ബസുവിനെ ഇന്ത്യയുടെ ഭരണമേല്‍പ്പിച്ചാല്‍ നാടിന്റെ ഗതിയെന്താകുമെന്ന് ആലോചിച്ചതുകൊണ്ടാവണം പ്രധാനമന്ത്രിസ്ഥാനത്തേക്ക് പിന്തുണയ്ക്കാമെന്നു കോണ്‍ഗ്രസ് പറഞ്ഞിട്ടും അദ്ദേഹം അത് സ്വീകരിക്കാതിരുന്നത്.
          പാവം ആദര്‍ശധീരനായ അച്യുതാനന്ദന്റെ മകന് ഒരു എം.സി.എ. ബിരുദം കിട്ടിയപ്പൊഴേ നായനാരുടെ ഭരണകാലത്ത് കയര്‍ബോര്‍ഡ് ചെയര്‍മാനാകാന്‍ കഴിഞ്ഞു. പിണറായി ശത്രുവായില്ലായിരുന്നെങ്കില്‍ അരുണ്‍മോന്‍ ഇന്ന് ആരാകുമായിരുന്നു? ബെറ്റിയ്ക്കും വര്‍മ്മയ്ക്കും കൈരളി തറവാട്. ഒരു ലിസ്‌റ്റെടുപ്പില്‍ പ്രസക്തിയില്ല. വളളികുന്നത്തും ശൂരനാട്ടുമുളള കണ്ടനും കോരനും കുടിയിലെ അടുപ്പുകല്ലിളക്കി തമ്പുരാന്‍മാര്‍ക്ക് ഒളിപാര്‍ക്കാന്‍ ഇടമൊരുക്കിയത് 26 രൂപയ്ക്ക് അരിയും 40 രൂപയ്ക്ക് പഞ്ചസാരയും മേടിച്ച് കേന്ദ്രസര്‍ക്കാരിനെ തെറിപറയുന്ന ദേശാഭിമാനിനിവര്‍ത്തി അതിന്‍മേല്‍ ചുരുണ്ടുകിടക്കാനായിരുന്നുവോ?
          കാരറ്റിന് പാര്‍ട്ടിയിലെ അന്തശ്ചിദ്രം നിര്‍ത്താന്‍ കഴിഞ്ഞില്ല. പാര്‍ട്ടിക്കു നേതൃത്വമുളള ഭരണകൂടങ്ങളെ ഉപയോഗിച്ച് സാധാരണക്കാര്‍ക്ക് ഗുണപരമായ വികസനം നടപ്പാക്കാന്‍ കഴിഞ്ഞില്ല. മുന്‍ കേന്ദ്രഗവണ്‍മെന്റിനെ ജനവിരുദ്ധകരാറുകളില്‍ ഏര്‍പ്പെടുന്നതില്‍ നിന്നും തടയാന്‍ കഴിഞ്ഞില്ല. അനവസരത്തില്‍ പിന്തുണ പിന്‍വലിച്ചിട്ടും ഗവണ്‍മെന്റിനെ താഴെയിറക്കാന്‍ കഴിഞ്ഞില്ല. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ധിക്കാരികളായ രണ്ടു പെണ്ണുങ്ങളുടെ ചന്തികടിക്കാന്‍ പോയിട്ടും ഒരു മൂന്നാം മുന്നണി ഉണ്ടാക്കാന്‍ പറ്റിയില്ല. കഴിഞ്ഞ ലോകസഭാതെരഞ്ഞെടുപ്പില്‍ തോറ്റമ്പി. ഒരു വര്‍ഷത്തിനു ശേഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തെയും ബംഗാളിനെയും ത്രിപുരയെയും കോണ്‍ഗ്രസിനു വെളളിത്തളികയില്‍ വെച്ചുകൊടുത്തെന്ന ഖ്യാതി! സാധാരണക്കാരന്റെ പ്രത്യാശകള്‍ക്കു മേലെ തീക്കനല്‍ വാരിയെറിഞ്ഞ, അന്തകവിത്തിന്റെ അവതാരമാണ് കാരറ്റ്.

2009, ഡിസംബർ 26, ശനിയാഴ്‌ച

എന്‍.ഡി. തിവാരിയുടെ മൂന്നു പെണ്ണും ഒരാണും ഹൈദരാബാദ് മേളയില്‍

                       എന്‍.ഡി. തിവാരിയുടെ മൂന്നു പെണ്ണും ഒരാണും ഹൈദരാബാദ് മേളയില്‍
          ആന്ധ്രാ കത്തിയെരിയുമ്പോള്‍, സ്ത്രീ എന്ന അദ്ഭുതപ്രതിഭാസത്തിന്റെ ഉളളറകളിലേക്കു കടന്ന് സത്യദര്‍ശനത്തിനായി തന്റെ ചക്ഷുസ്സുകളെ ജാഗരൂകമാക്കി വെച്ച രാജപുംഗവന്റെ കഥ കേട്ട് ശബരിമലക്കോളിന് പിച്ചയെടുക്കാന്‍ വന്ന ആന്ധ്രാക്കാരന്‍ തെണ്ടി വരെ പുളകിതനായി. ഉണ്ണിത്താന്‍ വെല്ലുവിളിച്ചതുപോലെ വൈദ്യപരിശോധനയ്‌ക്കെങ്ങാന്‍ തുനിഞ്ഞാല്‍ ഡോക്ടര്‍ നാണങ്കെട്ടുപോവുകയേ ഉളളൂ. 85 കാരനായ തിവാരി യൂ.പി ബ്രാഹ്മണനാണെങ്കിലും ധ്വജപ്രതിഷ്ഠ നടത്താന്‍ കഴിയുമെങ്കിലല്ലേ കൊടിയേറ്റു നടക്കൂ.
          1968 ലെ സാഹിത്യത്തിനുളള നോബല്‍ സമ്മാനം നേടിയ വിഖ്യാത ജാപ്പനീസ് സാഹിത്യകാരന്‍ യാസുനാരി കാവാബത്തയുടെ സഹശയനം എന്ന നോവലില്‍ ഒരു തരം ഹോം നേഴ്‌സുമാരെപ്പറ്റി പറയുന്നുണ്ട്. യുവസുന്ദരിമാരായ അവരെ ഒരു മരുന്നു കുത്തിവെച്ച് മയക്കിയ ശേഷം വൃദ്ധന്‍മാരെ സഹശയനത്തിനു വിടും. ഒരു ദിവസത്തേക്ക് വലിയ തുകയാണ്. സൗന്ദര്യം ആസ്വദിച്ചും തൊട്ടും തലോടിയും രാത്രി കഴിയാം. കുരുത്തക്കേടു വല്ലതും കാണിച്ചാല്‍ പെണ്‍കുട്ടി ഉണരും. പിന്നെ സ്ഥാപനം സേവനം അവസാനിപ്പിക്കയും ചെയ്യും. എങ്കിലും ധാരാളം സമ്പന്നരായ വൃദ്ധന്‍മാര്‍ ഈ സേവനം ഉപയോഗിച്ചു. കാരണം യുവതികളോടൊപ്പം ശയിച്ചാല്‍ വാര്‍ദ്ധക്യം ശല്യപ്പെടുത്തില്ലത്രേ! ഇതു വായിച്ചിട്ടാണോ എന്നറിയില്ല കേരളത്തിലെ കിളവന്‍മാരും സ്പര്‍ശനസുഖത്തിനും ദര്‍ശനസുഖത്തിനുമായി പ്രൈവറ്റുബസില്‍ കയറുന്നതും സേഫ്റ്റി പിന്‍  കൊണ്ടുളള കുത്തുകൊളളുന്നതും.
          ഇത്തരം കുഴപ്പങ്ങളൊന്നും ഉണ്ടാകാതിരിക്കാന്‍ ജീവിച്ചിരുന്നപ്പോള്‍ 85 റോള്‍സ് റോയ്‌സ് കാറുണ്ടായിരുന്ന ആചാര്യ രജനീഷ് തന്റെ ആശ്രമത്തിലെ സന്യാസിനിമാരുടെയെല്ലാം സ്വത്തുവകകള്‍ തീറെഴുതി വാങ്ങിയിട്ട് പരിപൂര്‍ണ നഗ്നകളാക്കിയാണ് അമേരിക്കയിലെ ഓറിഗോണ്‍ ആശ്രമത്തില്‍ നടത്തിയിരുന്നത്. ഉടുതുണിപോലും നഷ്ടപ്പെട്ടതിനാല്‍ മറ്റെങ്ങും പോയി ജീവിക്കാന്‍ പറ്റാത്തതുകൊണ്ട് അവര്‍ അവിടെത്തന്നെ കഴിഞ്ഞു കൂടി.
          അമേരിക്കന്‍ സാമ്രാജ്യത്വത്തെ എതിര്‍ക്കണം എന്ന് കമ്യൂണിസ്റ്റുകാര്‍ പറയുന്നത് ഇതുകൊണ്ടാണ്. അമേരിക്കന്‍ പ്രസിഡന്റായിരുന്ന ബില്‍ ക്ലിന്റണാണ് വികസ്വരരാജ്യങ്ങളിലെ ഭരണാധികാരികളെ വഷളാക്കിയത്. സര്‍ക്കാര്‍പണം കൊടുക്കുന്ന സേവികമാരായ സുന്ദരികളെ പരമാവധി ഉപയോഗിക്കണം എന്ന അമേരിക്കന്‍ നയമാണ് അദ്ദേഹം മോണിക്കാ ലെവിന്‍സ്‌കിയില്‍ നടപ്പാക്കിയത്. മുന്നിലൂടെയും പിന്നിലൂടെയും ആക്രമിക്കുക അമേരിക്കന്‍ രീതിയാണല്ലോ? കാമുകിയ്ക്കു വേണ്ടി സാമ്രാജ്യം ഉപേക്ഷിച്ച നിസ്തുലമായ പ്രേമത്തിന്റെ ഉദാത്തമാതൃകയോടൊപ്പം ഇതാ ദര്‍ശനസ്പര്‍ശന-സൗഭാഗ്യത്തിനായി ഗവര്‍ണര്‍ പദവി നിഷ്‌കരുണം വലിച്ചെറിഞ്ഞ ഭാരതധീരന്‍!

2009, ഡിസംബർ 23, ബുധനാഴ്‌ച

പാവാടച്ചരടഴിയുന്നേടത്ത് പാര്‍ട്ടി വളര്‍ത്തുന്നവര്‍

            കളളുകുടിക്കാനും ചീട്ടുകളിക്കാനും വ്യഭിചരിക്കാനും കോണ്‍ഗ്രസ്സുകാര്‍ പിമ്പിലല്ലെന്ന് ഏവര്‍ക്കുമറിയാം. സൂഫിയ മദനിയെ യുദ്ധക്കുറ്റവാളികളെ തൂക്കിക്കൊല്ലുന്നതുപോലെ തൂക്കിക്കൊല്ലണമെന്നു പറഞ്ഞ ഉണ്ണിത്താന്‍ ചെറ്റപൊക്കുന്നതു പിടിക്കാന്‍ പോകുന്ന പി.ഡി.പി. ക്കാരന്റെ വികാരവും മനസ്സിലാക്കാം. ബക്കറ്റുപിരിവിലൂടെയും ഷെയറുവിറ്റും ഉണ്ടാക്കിയെടുത്ത കൈരളി ചാനലിനും ദേശാഭിമാനിക്കും കണ്ട തേവിടിശ്ശികള്‍ പാവാടയഴിക്കുന്ന വാര്‍ത്ത ഇക്കിളി ചേര്‍ത്തടിച്ചിട്ടു വേണോ ഈ രാജ്യത്ത് ജനകീയ ജനാധിപത്യ വിപ്ലവം വരുത്താന്‍! അഭിജാതവര്‍ഗ്ഗത്തില്‍പ്പെട്ടവരുടെയും താരറാണിമാരുടെയും ഗോസിപ്പുകളും പിന്നാമ്പുറക്കഥകളും നമുക്കു വിളമ്പി മനോരമ ഒന്നാമതെത്തും. അത് ഒന്നാമതെത്തല്‍ ലക്ഷ്യമുളളവര്‍ക്കാവശ്യമാണ്. അതല്ലല്ലോ വേറിട്ട ചാനലിന്റെ ലക്ഷ്യം.
          പ്രായപൂര്‍ത്തിയായ ഒരാണും പെണ്ണും ഒരു മുറിയില്‍ കഴിയുന്നത് നിയമപരമായി കുറ്റകരമല്ല. ഈ രാജ്യത്ത് ടൂറിസ്റ്റുകളായി വരുന്ന വിദേശികള്‍ മുന്തിയ ഹോട്ടലുകളില്‍ വന്നു താമസിക്കുമ്പോള്‍ അവരുടെ വിവാഹസര്‍ട്ടിഫിക്കറ്റു പരിശോധിച്ചിട്ടാണോ ചെക്ക് ഇന്‍ ചെയ്യാന്‍ സമ്മതിക്കുന്നത്? എങ്കില്‍ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ പട്ടി വരും നാടു കാണാന്‍! അപ്പോള്‍ വിദേശികള്‍ക്കനുവദിക്കുന്ന സൗകര്യം പോലും നാട്ടുകാരനു നിഷിദ്ധം.
          ആരാണീ രാജ്യത്തെ മാന്യന്‍മാര്‍? കമ്യൂണിസ്റ്റുകാരോ? ഒളിവില്‍ താമസിച്ചിട്ടുളള നേതാക്കന്‍മാര്‍ വ്യഭിചരിച്ചിട്ടുളളത്രയും ഒരു പക്ഷേ മറ്റു പാര്‍ട്ടിക്കാര്‍ ചെയ്തിട്ടുണ്ടാകില്ല. ചരിത്രത്തില്‍ അറിയപ്പെടുന്ന വമ്പന്‍മാരെല്ലാം പിടികിട്ടാപ്പുളളികളാണ്. ആചാര്യ വിനോബഭാവെയെപ്പോലുളള പാവങ്ങളോട് ബ്രഹ്മചാരികളായിരിക്കണമെന്ന് 13-ാം വയസ്സില്‍ വിവാഹിതനായ ഗാന്ധിജി ഉദ്‌ബോധിപ്പിച്ചു. വലിയകാര്യങ്ങള്‍ ലക്ഷ്യമിടുന്നവര്‍ വിവാഹം കഴിക്കാന്‍ പാടില്ലത്രേ. തന്റെ അച്ഛന്‍ മരണത്തോട് മല്ലിടമ്പോള്‍ കസ്തൂര്‍ബയുമൊത്ത്  രതി ആസ്വദിക്കുകയായിരുന്നുവെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. 79-ാമത്തെ വയസ്സില്‍ രണ്ടു കന്യകമാരോടൊപ്പം നഗ്നനായി അദ്ദേഹം കിടന്നറങ്ങാറുണ്ടായിരുന്നുവെന്നതാണ് അന്നത്തെ പ്രധാന ഗോസിപ്പ്. എന്തായാലും രണ്ടു പെണ്‍കുട്ടികളുടെ തോളില്‍ തൂങ്ങി അദ്ദേഹം നടന്നു നീങ്ങുന്നത് ഗാന്ധി സിനിമയിലും കാണാം. ഈ സത്യാന്വേഷണ പരീക്ഷണം നിര്‍ത്തണമെന്ന് അന്നത്തെ പല നേതാക്കളും അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നുവത്രേ.
          ജവഹര്‍ലാല്‍ നെഹ്‌റു ഇതിലും കേമനായിരുന്നു. അങ്ങേര് കയറിപ്പിടിച്ചത് ലേഡി മൗണ്ട് ബാററണെയാണ്. ലോര്‍ഡിനും ഇക്കാര്യം അറിയാമായിരുന്നുവെന്നാണ് പറയപ്പെടുന്നത്. യൂറോപ്യന്‍മാര്‍ക്ക് വിര്‍ജിനിറ്റിയെക്കാള്‍ പ്രായോഗികതയ്ക്കാണ് പ്രാധാന്യം എന്നതുകൊണ്ട് തിരവല്ലക്കാരന്‍ മത്തായിയിലേക്ക് ആ രഹസ്യം ചുരുങ്ങി.
          മനുഷ്യനും ഒരു മൃഗമാണ്  യുക്തിബോധമുളള മൃഗം. മൃഗീയവാസനകള്‍ അവനിലും അന്തര്‍ലീനമാണ്. സംസ്‌ക്കാരത്തിന്റെയും പരിഷ്‌ക്കാരത്തിന്റെയും ഭാഗമായി അവന്‍ തന്റെ മൃഗീയതയെ മെരുക്കിയെടുത്തിരിക്കുന്നു. ഒരു പുരഷന്‍ ഒരു സ്ത്രീയൊടൊപ്പം അല്ലെങ്കില്‍ തിരിച്ച് ജീവിതകാലം മുഴുവന്‍ കഴിഞ്ഞുകൊളളണമെന്ന് ആരു കല്‍പ്പിച്ചു? നൈസര്‍ഗിക വാസനകള്‍ക്കെതിരെയുളള അവന്റെ പോരാട്ടമാണത് ആ പോരാട്ടത്തില്‍ വിജയിക്കുന്നവരുണ്ടാകാം പരാജയപ്പെടുന്നവരുണ്ടാകാം. സംഭോഗസംതൃപ്തിക്കപ്പുറം വല്യ ലക്ഷ്യങ്ങളുളളവര്‍ക്ക് ഇത്തരം കാര്യങ്ങളില്‍ വിജയിക്കാന്‍ കഴിഞ്ഞെന്നു വരാം. പക്ഷേ കലാകാരന്‍മാരും പ്രതിഭാശാലികളും അപഥസഞ്ചാരം ചെയ്യുന്നതാണ് കൂടുതലും കണ്ടു വരുന്നത്.
          കൈരളിയ്ക്കും ദേശാഭിമാനിക്കും വ്യഭിചാരം സ്‌കൂപ്പുകൊടുത്തു വേണം വര്‍ഗസമരത്തിനാളെ കൂട്ടാന്‍ എന്നു വന്നിരിക്കുന്നു. വിലക്കയറ്റത്തില്‍ പൊറുതിമുട്ടി കഴിയുന്ന പാവപ്പെട്ടവനു വേണ്ടി ശബ്ദമുയര്‍ത്താന്‍ ശബ്ദം നഷ്ടപ്പെട്ടവരാണവര്‍. പാവങ്ങള്‍ക്ക് രണ്ടുരൂപയ്ക്കരി കൊടുക്കാന്‍ രാഷ്ട്രീയത്തിന്റെ ഏക്കും പൂക്കുമറിയാത്ത രാമറാവുവിനും എം.ജി.ആറിനും കരുണാനിധിക്കും ഒരു ബ്യൂറോക്രസിയും തടസ്സമായിരുന്നില്ല. മര്‍മ്മാണി പെണ്ണു കെട്ടിയപോലെ എങ്ങും തൊടാതെ നേരം വെളുപ്പിക്കട്ടെ നശിച്ച ഗോര്‍ബച്ചേവിന്റെ സന്തതികള്‍!

2009, ഡിസംബർ 18, വെള്ളിയാഴ്‌ച

വീരന്‍ പത്രത്താളുകളില്‍ തലകൊണ്ട് അപ്പിയിടുന്നു

                   വീരന്‍ പത്രത്താളുകളില്‍ തലകൊണ്ട് അപ്പിയിടുന്നു
മാതൃഭൂമി ദിനപ്പത്രത്തിന്റെ വരിക്കാരനും വായനക്കാരനുമാണ് ഞാന്‍. കുറെക്കാലം മുമ്പ്, ഈ പത്രത്തിന്റെ ഡിഫാക്ടോ ഉടമയായ വീരന്റെ ആ വലിയ 'ചെന്നിത്തല'യും ഉണ്ടക്കണ്ണും സ്ഥാനത്തും അസ്ഥാനത്തും സര്‍വ്വപേജുകളിലും നിരത്തിയടിച്ച് ചില പേനായുന്തികളും എഡിറ്റര്‍മാരും രാജാവിനെക്കാള്‍ വലിയ രാജഭക്തി കാണിച്ചിരുന്നു. സാധാരണ വായനക്കാരന്‍ മുതല്‍ സുകുമാര്‍ അഴീക്കോടു വരെ ശബ്ദമുയര്‍ത്തിയാണ് ആ തലശല്യം മാറിക്കിട്ടിയത്. അതിന് അഴീക്കോടിന് വലിയ വില കൊടുക്കേണ്ടി വന്നു. വീരന്‍ സുകുമാരനെ മാതൃഭൂമിയില്‍ ബ്ലാക്കൗട്ട് ചെയ്തു. സാനുവിനെ വിട്ട് അഴീക്കോടിന്റെ കാമുകിയില്‍ നിന്നും പഴയ പ്രേമലേഖനങ്ങള്‍ തപ്പിയെടുപ്പിച്ച് നന്ദകുമാറിന് കൊടുത്ത് ക്രൈമില്‍ അച്ചടിപ്പിച്ചു. (ഇതുവായിച്ച മാധവിക്കുട്ടി പറഞ്ഞത് ഇതേലെ ഒന്ന് എനിക്കു തരാന്‍ ആരും ഉണ്ടായില്ലല്ലോ എന്നാണ്.)
                ഇവരില്‍ മൂത്തചോവന്‍ ആരാണെന്ന് താന്‍ തെളിയിക്കും എന്ന വാശിയോടെയാണ് നൂറായിരം പേര്‍ വ്യാഖ്യാനം എഴുതിയിട്ടുളള രാമായണത്തിനും ഭാഗവതത്തിനും കറവ വറ്റിയ സാനുമാസ്റ്ററെക്കൊണ്ട് ടിപ്പണിയെഴുതിച്ച് ഇടനിലപ്പണിക്ക് പ്രതിഫലം മാതൃഭൂമിയില്‍ നിന്ന് കൊടുക്കാമെന്നുവെച്ചത്. 365 ദിവസവും സാനു സാനു എന്ന് പത്രത്തില്‍ അച്ചടിച്ചാലും നാട്ടുകാര്‍ അംഗീകരിക്കണമെങ്കില്‍ സൃഷ്ടിപരമായി എന്തെങ്കിലും എഴുതണമെന്നുളളത് ആ ചെന്നിത്തലയില്‍ കത്തിയില്ല. നല്ലകൃതികള്‍ ആയ കാലത്ത് എഴുതിയിട്ടുളള മാസ്റ്റരും അത് വകവെച്ചില്ല. നിര്‍ബന്ധം മൂലമാകാം.
               ഇപ്പോള്‍ അവാര്‍ഡ് കൊടുക്കാനും മറ്റും അഴീക്കോടും വീരനും നിരങ്ങിയടുത്തിരിക്കുന്നതു കൊണ്ടും, വീരന്റെ പാര്‍ട്ടി LDF വിട്ട് UDF ല്‍ ചേക്കേറിയ പരുവം നോക്കി വീരന്‍ പത്രത്താളുകളില്‍ തലകൊണ്ട് അപ്പിയിട്ടു നാറ്റിക്കുന്നതു കൊണ്ടും ഈ പാവം പയ്യന്‍ ചോദിക്കുവാ...... പിന്നേം ഏങ്ങിയേങ്ങി വരുവാന്നോ എന്നെ തല്ലുകൊള്ളിക്കാന്‍!
ഇനിയുളള ഭാഗം അമാന്യന്‍മാരായ പുരുഷന്‍മാര്‍ക്കു മാത്രം ഉളളതായതിനാല്‍ എതിര്‍വിചാരണ എന്ന എന്റെ ബ്‌ളോഗില്‍ വായിക്കുക

2009, ഡിസംബർ 17, വ്യാഴാഴ്‌ച

സൂഫിയ മദനിയെ തീവ്രവാദിയാക്കിയത് ജുഡീഷ്യറിയും ഭരണകൂടവും

              മാവേലിക്കര ജില്ലാക്കോടതി വരാന്തയില്‍ ഒരു ഭിക്ഷക്കാരിയെപ്പോലെ ദൈന്യമായ സ്ഥിതിയില്‍ പല കേസുകളിലും ഹാജരാകാനായി എത്തിയിരുന്ന ഒരു പര്‍ദ്ദക്കാരി പെണ്‍കുട്ടിയെ ഞാന്‍ കണ്ടിട്ടുണ്ട്. ഒരു വിചാരണത്തടവുകാരനായി ഒന്‍പതര വര്‍ഷം ജാമ്യമനുവദിക്കാതെ ഭര്‍ത്താവായ മദനിയെ ജയിലിലടച്ച് സൂഫിയ എന്ന ആ പെണ്‍കുട്ടിയുടെ ജീവിതത്തിന്റെ വസന്തകാലത്തെ മരുഭൂമിയാക്കിത്തീര്‍ത്ത ജുഡീഷ്യല്‍ ഭീകരതയ്ക്കും ഭരണകൂടഭീകരതയ്ക്കും മാപ്പു നല്‍കാനാകുമോ? ഒരുപാടു ബലഹീനതകളുളള ആ മുസ്‌ളീം സ്ത്രീയ്ക്ക് ആര് ചിലവിനു നല്‍കുമായിരുന്നു? ആയിരക്കണക്കിനു പേജുളള കുറ്റപത്രം തമിഴില്‍ നല്‍കിയപ്പോള്‍ അതു മലയാളത്തിലാക്കി നല്‍കൂ ഞാനൊന്നു വായിച്ചു മനസ്സിലാക്കട്ടെ എന്ന മദനിയുടെ ന്യായമായ ആവശ്യം പോലും കോടതി അനുവദിച്ചില്ല. സമ്പന്നന്റെ കോടതി എന്ന് പണ്ടു വിളിച്ച മുദ്രാവാക്യം അന്വര്‍ത്ഥമായി. സൂഫിയ രാജ്യദ്രോഹിയാകട്ടെ അല്ലാതിരിക്കട്ടെ. അത് ഇപ്പോള്‍ നിശ്ചയിക്കാവതല്ല.
         മദനിയെ പുറത്തു വിടാതെ ഒരു ശത്രുരാജ്യത്തെ പോലെ തമിഴ്‌നാട് പെരുമാറിയപ്പോള്‍ അതില്‍ പ്രതിഷേധിക്കാന്‍ തീവ്രവാദികളല്ലാതെ എത്ര മനുഷ്യാവകാശപ്രവര്‍ത്തകര്‍ തയ്യാറായി? പ്രതിഷേധക്കാര്‍ ആളുകളെയിറക്കി ബസു കത്തിക്കുന്നതിനു മുന്‍പ് സൂഫിയമദനിയെ വിളിച്ചുവെങ്കില്‍ അവര്‍ ആ ഫോണ്‍ എടുക്കാന്‍ പാടില്ലെന്നായിരുന്നുവെന്നാണോ ധര്‍മ്മനീതി പറയുന്നത്? കേരളപ്പിറവിക്കുശേഷം ഇവിടുത്തെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ എത്രായിരം വാഹനങ്ങള്‍ കത്തിച്ചിട്ടുണ്ട്? കത്തിച്ചവരായ പ്രവര്‍ത്തകരോടു ഫോണില്‍ ബന്ധപ്പെട്ടതിന്റെ പേരില്‍ എത്ര നേതാക്കന്‍മാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്? ഒരു അറസ്റ്റ് നടത്തിയതിന്റെ പേരില്‍ മാത്രം സൂഫിയ കുറ്റക്കാരിയാകുന്നില്ല. മദനി ജയിലിലായതോടെ ഇടയന്‍ നഷ്ടപ്പെട്ട അണികളില്‍ പലരും പിന്നീട് രാജ്യത്തിന്റെ ഒറ്റുകാരായിപ്പോയിരിക്കാം. നിയമവും കാലവും അത് തെളിയിക്കട്ടെ.
            നക്‌സലൈറ്റ് എന്നു മുദ്ര കുത്തി ബംഗാളിലെ ജയിലിലടച്ച വിദേശിയായ മേരി ടെയിലര്‍  ഇന്ത്യന്‍ തടവറയില്‍ 10 വര്‍ഷങ്ങള്‍ എന്ന ഒരു പുസ്തകം രചിച്ചിട്ടുണ്ട്. പതിറ്റാണ്ടുകള്‍ക്കു മുമ്പേ നമ്മള്‍ ചെയ്തതെന്തെന്ന് അതു വായിച്ച് മനസ്സിലാക്കിയാല്‍ നമുക്ക് അമേരിക്കയെയും മറ്റും കീറിയ വായ കൊണ്ട് വിമര്‍ശിക്കാനുളള യോഗ്യതയെന്തെന്ന് മനസ്സിലാകും. നിസ്സഹായയായ ഒരു പെണ്‍കുട്ടി മനുഷ്യാവകാശധ്വംസനത്തിന്റെ ഇരയായി ജയിലില്‍ കിടക്കുന്ന ഭര്‍ത്താവിന്റെ അന്യായത്തടങ്കലിനെതിരെ പ്രതിഷേധിക്കാന്‍ ഒരു ബസ്സു കത്തിക്കുന്നതിന് മൗനാനുവാദം കൊടുത്തെങ്കില്‍ അവളെ രജപുത്രരക്തം സിരകളിലോടുന്ന ധീരവനിതയായി ഞാന്‍ കാണും. അതിനപ്പുറം ഇന്ത്യയെ ഒറ്റു കൊടുക്കുന്ന, കോഴിയെക്കൊല്ലുന്നതു പോലെ മനുഷ്യനെക്കൊല്ലുന്ന ഇസ്‌ളാം ഭീകരവാദികളുമായി കൂടി മനുഷ്യസമൂഹത്തിനെതിരായി അവര്‍ കുറ്റം ചെയ്തുവെങ്കില്‍ നിഷ്‌കരുണം ആ ചെറ്റയെ ഇതിനാല്‍ കാറിത്തുപ്പിയിരിക്കുന്നു.

2009, ഡിസംബർ 7, തിങ്കളാഴ്‌ച

കുറുപ്പിനു പിറക്കാതെ പോയ മകള്‍

ചെറിയനാടിനു വലിയ നാടിന്റെ പ്രശസ്തി നേടിക്കൊടുത്ത സുകുമാരക്കുറപ്പ് കൊലപാതകം ഒന്നു ചെയ്‌തെങ്കിലും നാളിതുവരെ പിടികൊടുക്കാതെ നാടിന്റെ മാനം കാത്തു. ദരിദ്രവാസിയുടെ പിച്ചച്ചട്ടിയില്‍ കൈയിട്ടു ജീവിച്ചു പഠിച്ച കേരളാപോലിസ് കേസന്വേഷണം ഒക്കെ എന്നേ മറന്നു പോയി. കളളടിക്കുന്ന ഏതെങ്കിലും പത്രലേഖകന്‍ എപ്പോഴെങ്കിലും ഒരേമാന്‍ മേടിച്ചു കൊടുത്തതിന്റെ ഹാങ്ങോവര്‍ മാറാന്‍ എഴുതിയ സ്‌റ്റോറിയില്‍ സ്‌കോട്‌ലന്റ് യാര്‍ഡിനേക്കാള്‍ മികച്ച അന്വേഷണവൈദഗ്ധ്യത്തിന്റെ കഥ അയവെട്ടുന്നതല്ലാതെ ദശകങ്ങളായി കേരളത്തിലെ പോലീസിന് അഭിമാനിക്കാവുന്നതായി ഒന്നുമില്ല. അതുകൊണ്ടുതന്നെ കുറുപ്പിനെ പിടിക്കാന്‍ കഴിയാഞ്ഞതില്‍ ഒരു പോലീസുകാരനും നാണിക്കാനായി ഒന്നുമില്ല.
കേരളത്തിലെ പോലീസ് സബ്ഡിവിഷനുകളില്‍ ഏറ്റവും കച്ചവടം വില്‍ക്കുന്നത് പാലായാണ്. സര്‍ക്കിള്‍ ഡിവിഷന്‍ തിരുവല്ലയും. രണ്ടാം സ്ഥാനം ചെങ്ങന്നൂരിനാണ്. ഏറ്റവും വലിയ ലേലം പിടിച്ചോ പാര്‍ട്ടിക്കു വേണ്ടപ്പെട്ടവനായോ ഈ ജൂറിസ്ഡിക്ഷനില്‍ വരുന്ന ഏത് കാക്കിപ്രമാണിയ്ക്കാണ് കുറുപ്പിനെ പിടിക്കേണ്ടത്? പാവം ഇപ്പോള്‍ മരിച്ച് മണ്‍മറഞ്ഞ് നിയമവാഴ്ചയെ പരിഹസിക്കുന്നുണ്ടാവണം. എന്നാല്‍ ഈ പൈതൃകത്തിന്റെ ബാറ്റണ്‍ കൈയ്യിലേന്താന്‍ ആ തറവാട്ടില്‍ നിന്നും മൂന്നു കിലോമീറ്ററകലെ ഒരു മരുമകള്‍ വലതുകാല്‍ വെച്ചു കയറിവന്നത് മാലോകരാരും അറിഞ്ഞില്ല; പൊന്‍മേലില്‍ക്കടയില്‍ വെളിച്ചെണ്ണയാട്ടിക്കാന്‍ വരുന്ന പണിക്കരുചേട്ടന് 50 ലക്ഷത്തിന്റെ അമേരിക്കന്‍ ഇന്‍ഷ്വറന്‍സ് ഉണ്ടെന്ന് അറിയാതിരുന്നതുപോലെ. എന്നാല്‍ അവള്‍ സുന്ദരിയായ മരുമകള്‍ ചാക്കോമാരെ തേടി റോഡില്‍ വണ്ടിയില്‍ പോയി കാത്തു നിന്നില്ല. പൊന്നേ നീ കുറുപ്പിനു പിറക്കാതെ പോയ മകള്‍ തന്നെ. നീ സുന്ദരിയായതുകൊണ്ട് നിനക്ക് ഒരു പങ്കുമില്ലെങ്കിലും ഞങ്ങള്‍ പത്രക്കാരും ചാനലുകാരും ഗോസിപ്പുകള്‍കൊണ്ടും സങ്കല്പ രതികൊണ്ടും നിന്നെ ഞങ്ങള്‍ ആഘോഷിക്കും.

2009, ഡിസംബർ 4, വെള്ളിയാഴ്‌ച

ബിഷപ്പിന് വ്യഭിചാരം ഒരു കുറ്റകൃത്യമല്ല

'അവര്‍ പറയുന്നത് ഒരു സിസ്‌ററര്‍ (സിസ്റ്റര്‍ സ്റ്റെഫി) എന്തോ അവിവേകം കാണിച്ചു. അത് സിസ്റ്റര്‍ അഭയ കണ്ടു എന്നാണ്. പക്ഷേ അങ്ങനെ അവിവേകം കാണിക്കുന്നത് ഒരു ക്രിമിനല്‍ കുറ്റമല്ല.ക്രിമിനല്‍ കുറ്റമാണെങ്കിലാണ് തെളിവ് നശിപ്പിക്കാന്‍ ആളുകളെ ഇല്ലാതാക്കുകയോ തട്ടിക്കൊണ്ടുപോകുകയോ ഒക്കെ ചെയ്യുന്നത്'. (ബിഷപ്പ് മാര്‍ ജോസഫ് പൗവ്വത്തിലിന്റെ അഭിമുഖം, മാതൃഭൂമി ആഴ്ചപ്പതിപ്പ് നവംബര്‍ 15 2009.)
ഈ കൂതറ ബിഷപ്പ് ഇന്ത്യാ രാജ്യത്തല്ലേ ജീവിക്കുന്നത്? വ്യഭിചാരം സത്യകൃസ്ത്യാനി പാലിക്കേണ്ട 10 കല്‍പ്പനകളുടെ ലംഘനമാണ്. ഇത്തരം മതശാസനങ്ങളാണ് സമൂഹത്തെ കുടുംബം തുടങ്ങിയ സ്ഥാപനങ്ങളില്‍ നിലനിര്‍ത്തുന്നത്. വ്യഭിചാരത്തില്‍ നിന്നും തിരുസഭയുടെ മണവാട്ടിമാര്‍ ഒഴിഞ്ഞു നില്‍ക്കേണ്ടതാണ്. അല്ലെങ്കില്‍ സന്യാസനിയമങ്ങള്‍ പാലിച്ചുകൊള്ളാമെന്ന സത്യപ്രതിജ്ഞയുടെ ലംഘനമാണ് അത്. സിസ്റ്ററിന്റെ പ്രവൃത്തിയെ കേവലം അവിവേകമായി കാണുന്ന ബിഷപ്പ് എന്നെങ്കിലും അറിയാതെ വല്ല അവിവേകവും കാണിച്ചിട്ടുണ്ടോ? കത്തോലിക്കാ സഭയ്ക്ക് പഴയ പോപ്പുമാരുടെ കാലം മുതല്‍ക്കേ ഇക്കാര്യത്തില്‍ നല്ല സല്‍പ്പേരുണ്ടേല്ലോ? Immoral traffic (Prevention) Act എന്നൊരു നിയമം നമ്മുടെ രാജ്യത്തുണ്ട്. ഇതു വെച്ചാണ് വയറ്റു പിഴപ്പിനു മറ്റു മാര്‍ഗ്ഗമില്ലാത്ത പെണ്ണുങ്ങളെ ഏമാന്‍മാര്‍ പൊക്കുന്നത്. ഇത് കാശ്മീരിനു ബാധകമല്ലാത്തതുപോലെ പുരോഹിതന്‍മാര്‍ക്ക് ബാധകമല്ലാതാക്കിയിട്ടില്ല പിതാവേ.

2009, ഡിസംബർ 2, ബുധനാഴ്‌ച

ചങ്ങമ്പുഴയുടെ ഒലിയും വയലാറിന്റെ മാറ്റൊലിയും

ചങ്ങമ്പുഴയുടെ ഒലിയും വയലാറിന്റെ മാറ്റൊലിയും
വയലാറിന്റെ 'എനിക്കു മരണമില്ല' എന്ന കവിത ചങ്ങമ്പുഴയുടെ 'അതിമാനുഷന്‍' എന്ന കവിതയുടെ മറ്റൊരു പതിപ്പാണ്. 27-10-1944 ല്‍ എഴുതിയതാണ് ചങ്ങമ്പുഴക്കവിതയെങ്കില്‍ ഒരു പത്തു വര്‍ഷമെങ്കിലും കഴിഞ്ഞാണ് വയലാറിന്റെ കവിത പുറത്തുവരുന്നത്.
അതിമാനുഷനാണു ഞാ,നതേ,ഞാനല്ലാതിക്ഷിതി
യിലിമ്മട്ടേകന്‍ ജനിച്ചിട്ടില്ലിന്നോളം (ചങ്ങമ്പുഴ)


ഞാനാണ,തജയ്യനാം മനുഷ്യന്‍ ചലിക്കുന്നു
ഞാനഹര്‍ന്നിശ, മെന്റെ സന്ദേശം ജയിക്കുന്നു. (വയലാര്‍)
ഇരു കവിതകളുടെയും രചനാപ്രേരണ ഒന്നു തന്നെ. വായനക്കാരില്‍ എത്തിക്കാന്‍ ശ്രമിക്കുന്ന സന്ദേശവും ഒന്നു തന്നെ. രണ്ടിലും ഈശ്വര സങ്കല്പത്തെ പരിഹസിക്കുന്നുണ്ട്.
എന്താണസ്സരസന്റെ പേര്‍? അതേ ദൈവം! 
ദൈവമെന്തൊരത്ഭുത,മെന്നെയന്വേഷിച്ചിങ്ങോട്ടെത്തും. (ചങ്ങമ്പുഴ)


ഈശ്വരനെന്നും മറ്റും പേരെനിക്കുണ്ടായിട്ടു
ണ്ടീശ്വരന്‍! ഉറക്കെച്ചിരിക്കാന്‍ തോന്നിപ്പോകും!(വയലാര്‍)
അലങ്കാരങ്ങളും കാവ്യബിംബങ്ങളും ധ്വനികളും എല്ലാം സമാനം. നിയതിയെ പന്താടുന്ന ചങ്ങമ്പുഴയുടെ കൈകള്‍ താരകപ്പുവിടുന്നത് എറിഞ്ഞു വിനോദിക്കും. ആ ഭീതിക്കനല്‍ ഊതിക്കത്തിച്ച് വീട്ടില്‍ അന്തിത്തിരി കൊളുത്തും. അമ്പിളിക്കിണ്ണത്തില്‍ നിന്നും കളഭം വാരിപ്പൂശും.
വയലാര്‍ അമ്പിളിത്താമ്പാളത്തില്‍ നിന്നും മുറുക്കാനെടുത്തു ചവച്ച് ചക്രവാളത്തില്‍ നീട്ടിത്തുപ്പും. ഗോളങ്ങളെടുത്ത് പന്തടിക്കും. വിദ്യുന്നാളങ്ങള്‍ കെടുത്തിയും കൊളുത്തിയും രസിക്കും.
വിഷാദാത്മകതയും ആത്മാരാധനയും (ബാഹ്യലോകത്തെ ഒരു ഉപദ്രവമായി മാത്രം കണക്കാക്കുക) അനുകമ്പ തേടാനുളള ശ്രമവും മൃത്യുവിനോടുളള ആരാധനയും പ്രകടിപ്പിക്കുന്ന ചങ്ങമ്പുഴ പോലും
അതിനാലെന്നെക്കാണ്‍കെയൊളിപ്പൂ പേടിച്ചോടി
               മൃത്യു! -യെന്തിതു കേട്ടു ചിരിക്കുന്നുവോ നിങ്ങള്‍

       ഞാന്‍ മൃത്യുവിനെക്കൊണ്ടിന്നെന്‍ ചെരിപ്പു തുടപ്പിക്കും!
എന്നെഴുതിയപ്പോള്‍ വയലാര്‍ തന്റെ കവിതയ്ക്കു പോലും പേര്‍ കൊടുത്തത് എനിക്കു മരണമില്ലെന്നാണ്.
ഇല്ലെനിക്കൊരിക്കലും മരണം, തുറുങ്കുകള്‍
ക്കുളളിലിട്ടൊരു നാളുമടയ്ക്കാനാവില്ലെന്നെ.
എന്ന് അദ്ദേഹം പ്രസ്താവിക്കുന്നു.

കേവലം വേലക്കാരിപ്പെണ്ണായി നില്‍ക്കും കുനി
ഞ്ഞീ വിശ്വപ്രകൃതി,കൈകൂപ്പിക്കൊണ്ടെന്‍ മുന്നില്‍
.....................................................................................................
.......................................................................................................
അബ്ധികളലറില്ല നേര്‍വഴി മുടക്കുകി
ല്ലദ്രികളഹങ്കരിച്ചീടുകില്ലാകാശങ്ങള്‍
എന്ന് ചങ്ങമ്പുഴയുടെ അതിമാനുഷന്‍ പറയുന്നതു തന്നെയാണ് ദശാബ്ദത്തിനു ശേഷം വയലാര്‍ രാമവര്‍മ്മ പറയുന്നത്. ശ്രദ്ധിക്കുക:
നീരവനീലാകാശ മേഖലകളില്‍ നാളെ
താരകേ, നിന്നെക്കൊണ്ടു നര്‍ത്തനം ചെയ്യിക്കും ഞാന്‍
കുതിരപ്പുറത്തു.....................................................
...................................................................................
ഞടുങ്ങിപ്പോകുന്നില്ലേ നിമിഷങ്ങളില്‍ കുള
മ്പടികള്‍ പതിയുമ്പോളീയണ്ഡകടാഹങ്ങള്‍?

ഈ സമാഹാരത്തിലെ തന്നെ മറ്റൊരു കവിതയാണ് 'രമണന്റെ ശവകുടീരത്തില്‍'. ചങ്ങമ്പുഴയുടെ രമണനിലെ മനോഹരമായ ഗ്രാമമാണ് പശ്ചാത്തലം. അതിലെ കര്‍ഷക യുവതി ഉഗ്രന്‍ തത്വശാസ്ത്രമാണ് പറയുന്നത്. ഒന്നാംതരം കാല്‍പ്പനിക ശൈലിയില്‍:
' നീലമുകിലിനെ കാത്തിരുന്നു പീലിപ്പിടമയിലെത്ര നേരം
നീ വരാനെന്തിത്ര താമസിച്ചു കാവിലെ പൂവൊക്കെ ഞാനിറുത്തു.'
ഭാഷാധ്യാപികയായ കാമുകിക്കു പോലും ചോദി്കാന്‍ കഴിയാത്ത ചോദ്യമാണ് തൊഴിലാളി സ്ത്രീ കാമുകനോടു ചോദിക്കുന്നത്. തുടര്‍ന്ന് അവളുടെ പ്രേമത്തിന്റെ തത്വശാസ്ത്രമാണ് വിവരിക്കുന്നത്.
ഇന്നലെ രാത്രിയില്‍ കണ്ട കിനാവിന്റെ
മുന്നില്‍ നിന്നിങ്ങോട്ടു പോന്നതല്ലിന്നു ഞാന്‍
............................................................................................
തെറ്റിദ്ധരിക്കാതിരിക്കൂ വിയര്‍പ്പിന്റെ
മുത്തില്‍ കിളുര്‍ത്തതാണെന്‍ പ്രേമഭാവന.
വിയര്‍പ്പിന്റെ മുത്തില്‍ നിന്നും പ്രേമഭാവന കിളുര്‍ക്കുമെങ്കില്‍ നല്ലതു തന്നെ. വയലാര്‍ ഘോഷിക്കുന്ന ശാസ്ത്രത്തിന്റെ ഭാഗമായ ആധുനിക മനശ്ശാസ്ത്രം പറയുന്നത് എല്ലാ പ്രേമഭാവനയും ആണിന്റെയും പെണ്ണിന്റെയും ഉളളില്‍ നുരയുന്ന കാമവികാരത്തിന്റെ അന്ത:ശ്ചോദനയാണ് ഉയര്‍ത്തി വിടുന്നതെന്നാണ്. രമണന്റെ ശവകുടീരത്തില്‍ ഉഷമലരിപ്പൂവുകള്‍ അര്‍പ്പിച്ചിട്ട് ആ റൊമാന്റിക് കഥാപാത്രങ്ങള്‍ പെട്ടന്ന് ഡപ്പാന്‍ കുത്ത് തുളളുകയാണ്.
എന്റെ ചങ്കില് നിന്റെ ചങ്കില് പൂത്തിരുന്ന പോലെ.......
എന്റെ കുയിലേ പൂക്കണല്ലോ ചെമ്മുകില് മേലേ.........
പാര്‍ട്ടി ആഫീസിലിരുന്ന് പ്രേമിച്ച യുവജനനേതാക്കന്‍മാര്‍ക്കു പോലും പ്രേമമൂര്‍ദ്ധന്യത്തില്‍ ചങ്കില്‍ ചെമ്മുകില് പൂത്ത അനുഭവം ഉണ്ടായിട്ടില്ല. പിന്നല്ലേ കൊയ്യാന്‍ പോകുന്ന ആണാളിനും പെണ്ണാളിനും? അന്തിക്കടുത്തു വന്നിരുന്ന പെണ്ണാളിനെ അടുപ്പിച്ചിരുത്തി ഒന്നു ചുംബിക്കാനല്ല വയലാറിന്റെ നായകന്‍ നോക്കുന്നത്. പരസ്പരം സ്‌നേഹിക്കാന്‍ സമ്മതിക്കാത്ത സാമൂഹ്യ ഘടനയുടെ കഴുത്തില്‍ ചുറ്റിക്കെട്ടാനും മര്‍ദ്ദകര്‍ക്ക് കൊലക്കയര്‍ ഒരുക്കുവാനും കയര്‍ കഷണം തേടി നടക്കുകയാണയാള്‍. ഈ പ്രേമഭാവനയ്ക്ക് മേലിലും മുഴുത്ത വിത്തുകള്‍ പൊട്ടട്ടെ.
ആദ്യകാല വയലാര്‍ കവിതകളില്‍ ചങ്ങമ്പുഴയുടെ ശൈലിയാണ് മറഞ്ഞിരുന്നതെന്ന് വ്യക്തമാണ്.
ആ മധുര മുരളിയുമായി പ്രേമഗായക നീ എങ്ങു പോയി?
ആ മൃദു മന്ദഹാസവുമായി പോയിമറഞ്ഞുവോ മാമറക്കൂമ്പേ? (പിണ്ഡോദകങ്ങള്‍)
ഇക്കാര്യം കൊന്തയും പൂണൂലും എന്ന സമാഹാരത്തിന്റെ അവതാരികയില്‍ എന്‍. വി. കൃഷ്ണവാര്യര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഒടുവിലൊടുവിലുളള ചങ്ങമ്പുഴയുടെ ഉദ്ദാമവും അതൃപ്തവുമായ രചനാരീതിയാണ് ഈ സമാഹാരത്തിലെ കവിതകളിലും. ഇതിലെ 'അങ്ങയെ ഓര്‍ക്കുമ്പോള്‍' എന്ന കവിത ഈ അനുജന് ആ ജ്യേഷ്ഠനോടുളള കടപ്പാട് തുറന്ന് അംഗീകരിക്കുന്നുമുണ്ട്.
ഒരു അനാഘ്രാത കുസുമത്തിനുളളില്‍ നിറഞ്ഞിരിക്കുന്ന വിശുദ്ധമായ തേനൊന്നുമല്ല വയലാര്‍ക്കവിത. പല പൂക്കളില്‍ നിന്നും തേനീച്ചകള്‍ ശേഖരിച്ചു വച്ച തേന്‍ കൂട്ടില്‍ നിന്നും ശ്രദ്ധയോടെ തേനടകള്‍ പിഴിഞ്ഞെടുത്ത് അരിച്ചുണ്ടാക്കിയതാണത്. അനുകരണവും ആശയസ്വീകരണവും മോശമാണെന്നല്ല; പക്ഷേ രണ്ടാമത്തേത് ആദ്യത്തേതിനെ അതിശയിപ്പിക്കുന്നതാകണം. വിശ്വമഹാകവി വില്യം ഷേക്‌സ്പീയര്‍ തന്റെ നാടകങ്ങള്‍ക്ക് വിഷയമായി സ്വീകരിച്ചതെല്ലാം ചരിത്രസംഭവങ്ങളോ നാടോടിക്കഥകളോ ആണ്. എന്നാല്‍ കവിയുടെ കരവിരുത് അതിനെയെല്ലാം ഉടച്ചുവാര്‍ത്തുകളഞ്ഞു. വയലാര്‍ സമകാലീനനായ ചങ്ങമ്പുഴയെ മാതൃകയാക്കിയതാണ് ചിലരെക്കൊണ്ടെങ്കിലും മാറ്റൊലിക്കവി എന്നു വിളിപ്പിച്ചത്. വയലാറിന്റെ ആശയാനുകരണങ്ങള്‍ മോശമായിരുന്നില്ല.
ചങ്ങമ്പുഴയുടെ 'ദേവത' എന്ന ഖണ്ഡകാവ്യത്തിന്റെ അനുകരണമാണ് വയലാറിന്റെ 'ആയിഷ.' ദേവതയിലെ കാട്ടചെമ്പകപ്പൂവുപോലെയുളള നായികയുടെ വളര്‍ത്തച്ഛന്റെ അപരനായാണ് ആയിഷയില്‍ അദ്രമാന്‍ പ്രത്യക്ഷപ്പെടുന്നത്.
തീപ്പൊരി പാറും കണ്ണോടുഗ്രനാം വളര്‍ത്തച്ഛന്‍
തീര്‍പ്പു ഗര്‍ജ്ജിപ്പൂ വീടു വിട്ടിറങ്ങിപ്പോ ശാശേ!
ഇറങ്ങൂ ചുരുട്ടിയ മുഷ്ടിയോടലറിക്കൊ
ണ്ടൊരു ദുര്‍ഭൂതം പോലെ പാഞ്ഞടുക്കുന്ന താതന്‍ (ദേവത)
അറവുകാരനായ ആയിഷയുടെ ബാപ്പ അദ്രുമാന്‍ ആണെങ്കില്‍ 'കൈചൂണ്ടിക്കൊണ്ടലറും പെണ്ണേ നിന്നെ കത്തികൊണ്ടരിഞ്ഞു ഞാന്‍ കടയില്‍ കെട്ടിത്തൂക്കും'എന്നാണ്്് പറയുന്നത്്.
അദ്രമാന്റെ സൃഷ്ടിയില്‍ ദേവതയിലെ വളര്‍ത്തച്ഛനെയും ആയിഷയുടെ സൃഷ്ടിയില്‍ ദേവതയിലെ നായികയെയും വയലാര്‍ മാതൃകയാക്കിയിട്ടുണ്ട്. ആയിഷയുടെ പാത്രസൃഷ്ടിയില്‍ വയലാര്‍ അമ്പേ പരാജയപ്പെടുകയും ചെയ്തു. 11-ാം വയസ്സില്‍ മകളുടെ നിക്കാഹു നടത്തുന്ന കടുത്ത യാഥാസ്ഥിതിക മുസഌമായ അദ്രമാന്റെ മകള്‍ ആയിഷയെ വയലാര്‍ അവതരിപ്പിച്ചു വന്നപ്പോള്‍ അവള്‍ ഒരു മുസ്‌ളീം പെണ്‍കുട്ടിയല്ലാതായി മാറി. മഞ്ഞപ്പുളളികളുളള നീല ജായ്ക്കറ്റും നീളെ കുഞ്ഞു തൊങ്ങലുകളും തുന്നിപ്പിടിപ്പിച്ച പാവാടയും കൈതപ്പൂ ചൂടിയ മുടിക്കെട്ടും ഒരു മുസ്‌ളീം പെണ്‍കുട്ടിയുടേതല്ല.
ആയിഷ ഒരു കൊച്ചു പാലു വില്‍പ്പനക്കാരിയുമാണ്. ഇറച്ചിക്കടക്കാരന്‍ കറവപ്പശുവിനെ വളര്‍ത്തുകയും പാല്‍ വില്‍പ്പന നടത്തുകയും ചെയ്യുക അസ്വാഭാവികമാണ്. രാത്രിയില്‍ മാത്രം കുടിയില്‍ വന്നു കയറുന്നവനാണ് അയാള്‍. ഒരു പിഞ്ചു മകളല്ലാതെ വീടരുപോലുമില്ലാത്ത അദ്രമാന്‍ എങ്ങനെ പശുവിനെ വളര്‍ത്തും? പാത്രസൃഷ്ടിയിലെ ഒരു ചെറിയ പാളിച്ചയാണത്.
ശില്‍പ്പത്തില്‍ ശൈഥില്യം ഉണ്ടെങ്കിലും ആയിഷ വയലാറിന്റെ ഇതര കൃതികളെപ്പോലെ തന്നെ അനുവാചകഹൃദയങ്ങളെ ആകര്‍ഷിക്കുകയും ആര്‍ദ്രമാക്കുകയും ചെയ്തു. വയലാറിനെ കേരളത്തിന്റെ ഏറ്റവും ജനപ്രിയകവിയാക്കിയത് അദ്ദേഹത്തിന്റെ കവിതകളേക്കാള്‍ ഗാനങ്ങളായിരുന്നു എന്ന എന്‍. വി. കൃഷ്ണവാര്യരുടെ പ്രസ്താവന ശ്രദ്ധാര്‍ഹമാണ്. വയലാറിനെ വിലയിരുത്തുമ്പോള്‍ ചില കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചുവെങ്കിലും അതൊന്നും വയലാര്‍ കവിതകളെ താഴ്ത്തിക്കെട്ടുന്നതല്ല. അവയുടെ മികവുകള്‍ മററുളളവരുടെ ലേഖനങ്ങളില്‍ ചൂണ്ടിക്കാട്ടപ്പെട്ടിട്ടുണ്ട്. വയലാര്‍ കവിതകളിലെ, പുതു പുതു അര്‍ത്ഥങ്ങള്‍ നല്‍കുന്ന, ഭാവനാസമ്പുഷ്ടമായ, അനിതരസാധാരണമായ പദങ്ങളുടെ മേളനം അവ ആസ്വാദകരുടെ ഹൃദയത്തില്‍ ഏറെക്കാലം തങ്ങിനില്‍ക്കാന്‍ ഇടയാക്കും.  

2009, ഡിസംബർ 1, ചൊവ്വാഴ്ച

ചെമ്പന്‍ കുതിരയെ തിരിഞ്ഞു നോക്കുമ്പോള്‍

ചെമ്പന്‍ കുതിരയെ തിരിഞ്ഞു നോക്കുമ്പോള്‍
വയലാര്‍ രാമവര്‍മ്മ ആത്മഹത്യ ചെയ്തിട്ട് 34 വര്‍ഷം കഴിഞ്ഞു. ഇത് അതിഭാവുകത്വം കലര്‍ന്ന പ്രസ്താവനയാണ്. എന്നാല്‍ മരണകാരണത്തിന് ദീര്‍ഘകാലപ്രാബല്യം നല്‍കിയാല്‍ നൂറു വട്ടം സത്യവുമാണ്. 1928 മാര്‍ച്ച് 25ന് ജനിച്ച രാമവര്‍മ്മ 1975 ഒക്ടോബര്‍ 27ന് വയലാര്‍ രക്തസാക്ഷിദിനത്തില്‍ ഇഹലോകവാസം വെടിയുകയാണുണ്ടായത്. കവിയെ വിലയിരുത്തുമ്പോള്‍ കവിത മാത്രമാകണം മാനദണ്ഡം. എന്നാല്‍ കവിയെ ഉന്‍മൂലനം ചെയ്ത കാരണം മറക്കുവാന്‍ കഴിയുമോ? കേരളീയന്റെ ശരാശരി ആയുസ്സ് 47 വയസ്സാണോ? ഒരിക്കലും അല്ല. തന്റെ ചെമ്പന്‍ കുതിരയെക്കൊണ്ട് അശ്വമേധം നടത്താനാഗ്രഹിച്ച കവിയ്ക്ക് കുതിരയ്ക്ക് കൊടുക്കുന്ന സാധനം കൊടുത്തു മയക്കി കുതിരയെ ഓടിച്ചുവിട്ട സഹസാഹിത്യകാരന്‍മാരും സിനിമാനിര്‍മ്മാതാക്കളും കാലത്തിനു നഷ്ടപ്പെടുത്തിയത് ശ്രേഷ്ഠനായ ഒരു കവിയെയാണ്. ഷേക്‌സ്പീരിയന്‍ ദുരന്തനായകന്‍മാരിലെ ആന്തരീകമായ ന്യൂനത വളര്‍ന്ന് ജീവിതത്തെയാകെ ബാധിക്കുന്നതുപോലെ മദ്യാസക്തി കവിയെയും വ്യക്തിയെയും വിഴുങ്ങിക്കളഞ്ഞു.
കവിയെ ബാധിച്ച ഈ ആസക്തികള്‍ സിനിമയിലേക്കുളള അദ്ദേഹത്തിന്റെ ദേശാടനത്തില്‍ വന്നുകൂടിയതാണ്. ഇത് അദ്ദേഹത്തിലെ കവിയില്‍ വരുത്തിയ ന്യൂനതകള്‍ നിരൂപകര്‍ സൗമനസ്യപൂര്‍വ്വം വിട്ടുകളഞ്ഞിട്ടുണ്ട്. 1948 മുതല്‍ 1961 വരെയുളള കാലയളവിലാണ് വയലാറിന്റെ കാമ്പുളള കവിതകള്‍ രചിക്കപ്പെട്ടത്. അനുഭവജ്ഞാനവും രചനാപാടവവും കൃതഹസ്തതയും നേടിയ വയലാറിന് മരണത്തിന് തൊട്ടുമുന്‍പുളള 15 വര്‍ഷം കറവ തീരെ വററിപ്പോയിരുന്നു. നിരൂപകരും വിമര്‍ശകരും വയലാറിനെ അര്‍ഹിക്കുന്നതിലുമധികം മഹത്വവല്‍ക്കരിക്കുകയും ചുവപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഈ. എം. എസ്. മുതലുളളവര്‍ കുമാരനാശാന്‍ തുടങ്ങിയുളള കവികളെ രാജാക്കന്‍മാരില്‍ നിന്നും വീരശൃംഘലയ്ക്കായി കവിത രചിച്ചവരായി പരിഹസിച്ചിട്ടുണ്ട്. വയലാറിന്റെ ആദ്യകാല രചനകളിലൊന്നാണ് വഞ്ചീശദീപം. ഈ വരികളൊന്നു ശ്രദ്ധിക്കുക:
ശ്രീയാര്‍ന്നു മിന്നിത്തിളങ്ങും മേന്‍മേല്‍ മായാത്തൊരീച്ചിത്രതാരം
നീണാള്‍ വിളങ്ങണേ മന്നില്‍ ഇന്നു വേണാടണയുമീ ദീപം.
ഇത് ശ്രീ ചിത്തിര തിരുനാളിന് ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് എഴുതിയതാണ്. അതിനാല്‍ മേല്‍ പരിഹാസം വയലാറിനും ചേരും. 'ആയിടയ്‌ക്കൊക്കെത്തിരുന്നാള്‍ക്കവിതകള്‍ക്കായി രാജാവിന്നുപമകള്‍ തേടിയും മുട്ടിന്നു മുട്ടിന്നലങ്കാരഭംഗികള്‍ കെട്ടുന്ന സംസ്‌കൃത ശ്‌ളോകങ്ങള്‍ പാടിയും' താന്‍ നടന്നിട്ടുണ്ടെന്ന് വയലാര്‍ തന്നെ പറഞ്ഞിട്ടുണ്ട്.
വയലാര്‍ ആദ്യം മുതലേ ചുവന്നു തുടുത്തിരുന്ന ഒരു കവിയൊന്നുമായിരുന്നില്ല. സ്വാതന്ത്ര്യസമരം കൊടുമ്പിരിക്കൊണ്ടിരുന്ന കാലഘട്ടത്തില്‍ അദ്ദേഹത്തെ സ്വാധീനിച്ചിരുന്നത്് ഗാന്ധിയന്‍ തത്വശാസ്ത്രമായിരുന്നു. പാദമുദ്രകള്‍ എന്ന ആദ്യകവിതാസമാഹാരം തന്നെ ഗാന്ധിജിയെപ്പററിയാണ്. ആദ്യം നിഷേധിയും പിന്നെ കമ്യൂണിസ്‌ററും നിരീശ്വരവാദിയും, അവസാനം വിരുദ്ധനും(Anti-communist) ആത്മീയവാദിയും ആകാത്ത വ്യക്തി യുക്തിബോധമുളള മനുഷ്യനല്ല എന്ന് സരസനായ ഒരു നിരീക്ഷകന്‍ പറഞ്ഞതുപോലെ വയലാര്‍ ചില പരിണാമങ്ങള്‍ക്ക് വിധേയനായിരുന്നു. സ്വാതന്ത്ര്യസമരകാലത്തു ജീവിച്ചിരുന്ന എല്ലാവരേയും പോലെ അദ്ദേഹം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിലും ഗാന്ധിയന്‍ ദര്‍ശനങ്ങളിലും തല്‍പ്പരനായിരുന്നു.
ഉയര്‍ന്ന ഭാസ്വല്‍ച്ചര്‍ക്കയില്‍ നീളും വെണ്‍നൂലിഴകളിനാല്‍ 
ത്രിവര്‍ണ വിജയക്കൊടി നെയ്യുകയാണന്തിയനന്തതയില്‍
തുടങ്ങിയ വരികള്‍ ഇത് സാക്ഷ്യപ്പെടുത്തുന്നു.പുന്നപ്രയിലും വയലാറിലും സമരം നടക്കുമ്പോള്‍ വയലാര്‍ അതില്‍ പങ്കാളിയായിരുന്നില്ല; എങ്ങും പ്രസംഗിച്ചു നടന്നില്ല. 1949 ല്‍ കൊല്ലത്തു വച്ചു നടന്ന പുരോഗമനസാഹിത്യ സമ്മേളനത്തില്‍ കമ്യൂണിസ്‌ററുകാര്‍ പിണങ്ങിയിറങ്ങിയപ്പോള്‍ മുണ്ടശ്ശേരി,തകഴി തുടങ്ങിയവരോടൊപ്പം വയലാര്‍ രാമവര്‍മ്മ ഔദ്യോഗിക പ്രമേയത്തിന്റെ ഭാഗത്ത് ഉറച്ചുനില്‍ക്കുകയായിരുന്നുവെന്നും പിന്നീടൊരിക്കല്‍ വയലാര്‍ രക്തസാക്ഷികുടീരത്തിന്റെ മുന്നില്‍ വച്ച് സ. എം. എന്‍. അക്ഷരങ്ങള്‍ കൂട്ടിയെഴുതാന്‍ കഴിയുന്ന ആരും തങ്ങളുടെ കഴിവുകള്‍ ആ മഹാത്യാഗികളുടെ സ്വപ്‌നസാക്ഷാത്കാരത്തിനു വേണ്ടി മാററിവെയ്ക്കാന്‍ അവിടെവച്ചു തന്നെ പ്രതിജ്ഞയെടുക്കും വിധം ഉദ്‌ബോധിപ്പിച്ച ശേഷമാണ് വയലാര്‍ കവിതകള്‍ ചുവന്നു തുടങ്ങിയത് എന്ന് വയലാര്‍ കവിതകളുടെ ആമുഖത്തില്‍ പുതുശ്ശേരി രാമചന്ദ്രന്‍ പറയുന്നുണ്ട്. വയലാര്‍ സ്‌ററാലിന്‍ എന്നറിയപ്പെട്ടിരുന്ന സി. കെ കുമാരപ്പണിക്കരുടെ സ്വാധീനവും പ്രേരണയും മററൊരു ഘടകമായിരുന്നു.
1952 ല്‍ പുറത്തിറങ്ങിയ 'നാടിന്റെ നാദം' എന്ന സമാഹാരമാണ് ഭാവരൂപങ്ങള്‍ക്ക് പരിണാമം വന്ന വയലാര്‍ കവിതയുടെ തുടക്കം കുറിക്കുന്നത്. അതില്‍ പിന്നെ ആദ്യകാലകവിതകള്‍ അച്ചടിച്ചുവന്ന പ്രസിദ്ധീകരണങ്ങളുമായി ബന്ധം വിച്ഛേദിച്ചു. പുരോഗമനപ്രസ്ഥാനങ്ങളുമായി അടുത്തു. ഒരു ദശകക്കാലം ഇടതടവില്ലാതെ ആ ബന്ധം തുടര്‍ന്നു. 1955 ല്‍ അക്കാലത്തെ കവികളെ മാറ്റൊലി കവികളായി വിലയിരുത്തക്കൊണ്ട് എം. കൃഷ്ണന്‍ നായര്‍ കൗമുദി വാരികയില്‍ ഒരു ലേഖനം എഴുതുകയുണ്ടായി. ചങ്ങമ്പുഴയുടെ കാവ്യശൈലിയില്‍ നിന്നും ഒരടി പോലും മുന്‍പോട്ടു വെയ്ക്കാന്‍ അന്നത്തെ കവികള്‍ക്കു കഴിഞ്ഞിട്ടില്ല എന്നാണ് അദ്ദേഹം സ്ഥാപിച്ചത്. അതില്‍ വയലാറും ഉള്‍പ്പെട്ടിരുന്നു.
കൃഷ്ണന്‍നായരുടെ അഭിപ്രായം എന്തുതന്നെയായിരുന്നാലും വയലാര്‍ ഒരുപാട് പരിണാമങ്ങള്‍ക്ക് വിധേയനായകവിയാണ്. ചങ്ങമ്പുഴക്കവിതകള്‍ ജനപ്രിയമായിനിന്നകാലത്ത് അത് അദ്ദേഹത്തിനു പ്രചോദനമായി. പുന്നപ്രവയലാര്‍ സംഭവം നടന്ന് കാലമേറെക്കഴിഞ്ഞപ്പോള്‍ അത് ജനഹൃദയങ്ങളില്‍ വലിയ ചലനം സൃഷ്ടിച്ചതായി അദ്ദേഹം കണ്ടു. ആ ചലനം വയലാറിനെ സ്പര്‍ശിച്ചു.പിന്നീട് സിനിമയെന്ന പുത്തന്‍ സാങ്കേതികവിദ്യ ജനങ്ങളെ കീഴടക്കുന്നതായി അദ്ദേഹം കണ്ടു. തന്റെ സര്‍ഗശക്തിയെ വയലാര്‍ സിനിമയ്ക്കു മുന്‍പില്‍ കുരുതികഴിച്ചു. ഈ പരിണാമങ്ങള്‍ അദ്ദേഹത്തിന്റെ പില്‍ക്കാല കവിതകളെ എങ്ങനെ ബാധിച്ചു എന്ന് കവിതകള്‍ പരിശോധിച്ചാല്‍ മനസ്സിലാകും.
1948 മുതല്‍ 61 വരെയുളളകാലത്ത് വയലാര്‍ രാമവര്‍മ്മ 8 കവിതാസമാഹാരങ്ങളും ആയിഷയെന്ന ഖണ്ഡകാവ്യവും 2 കഥാസമാഹാരങ്ങളും ഒരു യാത്രാവിവരണവും  പ്രസിദ്ധീകരിച്ചു. 48 നു മുന്‍പ് രാമവര്‍മ്മയുടേതായി 20 ലധികം കവിതകളും നമുക്ക് ലഭിച്ചിട്ടുണ്ട് ഒരു വ്യാഴവട്ടക്കാലം കൊണ്ട് വയലാര്‍ എഴുതിക്കൂട്ടിയത് അര നൂറ്റാണ്ടു കൊണ്ട് വൈലോപ്പിളളി എഴുതിയതിലും അധികമായിരുന്നു. വയലാറിന്റെ സാമൂഹ്യ വീക്ഷണവും ബിംബകല്‍പ്പനകളും ഭാഷാശൈലിയും ഏറെ പ്രശംസിക്കപ്പെട്ടു. അദ്ദേഹത്തിന്റെ കവിതകള്‍ ജനഹൃദയങ്ങളെ സ്വാധീനിച്ചു. പക്ഷേ 61 നു ശേഷം 75 ഒക്ടോബര്‍ 27 വരെയുളള 15 വര്‍ഷം കവിയെന്നനിലയില്‍ വയലാര്‍ രാമവര്‍മ്മയുടെ സംഭാവനയില്‍ എടുത്തു പറയത്തക്ക രചനകള്‍ വിരളമാണ്. കവിത പദ-അര്‍ത്ഥ-ഭാവങ്ങളുടെ ശില്‍പമാണ്.ആ ബോധം 61 നു ശേഷം അദ്ദേഹത്തിനു കൈമോശം വന്നു. ഈ 15 വര്‍ഷത്തിനിടയില്‍ അദ്ദേഹത്തിന് എഴുതുവാന്‍ കഴിഞ്ഞത് 40-ഓളം കവിതകളാണ്. അതേറെയും അബോധമായിത്തന്നെ ഗാനശൈലിയിലാണ് വാര്‍ന്നു വീണത്.
സിനിമയുടെ നീരാളിപ്പിടുത്തത്തില്‍ നിന്ന് അദ്ദേഹത്തിന് മരണം വരെ മോചിതനാകാന്‍ കഴിഞ്ഞില്ല. ഭാവഗീതങ്ങളുടെ തലത്തിലേക്കുയര്‍ന്ന ഏതാനും ഗാനങ്ങള്‍ വയലാറിന്റേതായി നമുക്ക് ലഭിച്ചിട്ടുണ്ട്. പക്ഷേ ആ ഗാനങ്ങളുടെ ഉടമകളില്‍ മൂന്നാം പേരുകാരന്‍ മാത്രമാണ് അദ്ദേഹം. ഒന്നാമത് ദക്ഷിണാമൂര്‍ത്തി,ദേവരാജന്‍ മാസ്‌ററര്‍ ബാബുരാജ് തുടങ്ങിയ ഗാനസംവിധായകരും രണ്ടാമതായി യേശുദാസ്, ജയച്ചന്ദ്രന്‍, ജാനകി തുടങ്ങിയ ഗായകരും കഴിഞ്ഞാണ് ഗാനരചയിതാവ് വരുന്നത്. കാരണം സ്വരശില്‍പമാണ്. സംഗീതസംവിധായകനും ഗായകനുമാണ് അവിടെ പ്രാധാന്യം.ഫലത്തില്‍ വയലാര്‍ രാമവര്‍മ്മ എന്ന കവിയെ 1961 ല്‍ തന്നെ നമുക്ക് നഷ്ടപ്പെട്ടിരുന്നു.  


2009, നവംബർ 30, തിങ്കളാഴ്‌ച

നമ്പൂതിരിയുടെ രാമായണവിമര്‍ശം

നമ്പൂതിരിയുടെ രാമായണവിമര്‍ശം
രാമകഥയുടെ വേരുകള്‍ വേദകാലത്തോളം നീണ്ടുകിടക്കുന്നു എന്ന് ഗവേഷകനായ ഫാദര്‍ കാമില്‍ ബുല്‍കേ വ്യക്തമാക്കിയിട്ടുണ്ട്.തുടര്‍ന്ന്, കാലദേശാന്തരങ്ങളിലൂടെ രാമകഥ അനുസ്യൂതം പ്രവഹിച്ചുകൊണ്ടേയിരുന്നു. ഇതിന്റെ ഫലമായി വാമൊഴി പാരമ്പര്യത്തില്‍ വളരുന്ന ഏതു സാഹിത്യത്തിനും സംഭവിക്കുന്നതുപോലെ രാമകഥയ്ക്കും നിരവധി പാഠഭേദങ്ങള്‍ രൂപം കൊണ്ടു. അവയില്‍ വാല്മീകി തയ്യാറാക്കിയ പാഠമാണ് ഏറ്റവുമാദ്യം വരമൊഴിയില്‍ പ്രതിഷ്ഠിതമായത്.ആദികാവ്യം എന്ന വിശേഷണത്തിന്റെ പൊരുള്‍ ഇതാവാം. പിന്നീട് പ്രവരസേനന്‍, ഏകനാഥന്‍, തുളസീദാസ്, കൃത്തിവാസ്, കമ്പര്‍ മുതലായ എത്രയോ കവികള്‍ വ്യത്യസ്തപാഠങ്ങള്‍ എഴുതിയുണ്ടാക്കി. മലയാളികളെ സംബന്ധിച്ചിടത്തോളം വാല്മീകിയുടെ ആദിരാമായണവും ഏകനാഥന്റെ അദ്ധ്യാത്മരാമായണവുമാണ് കൂടുതല്‍ പ്രസക്തമായി വന്നത്. വളളത്തോളിന്റെ അനുഗതവിവര്‍ത്തനം വാല്മീകിരാമായണത്തെയും എഴുത്തച്ഛന്റെ സ്വതന്ത്രവിവര്‍ത്തനം അദ്ധ്യാത്മരാമായണത്തെയും മലയാളികള്‍്ക്ക് പരിചയപ്പെടുത്തിക്കൊടുത്തു.

എഴുത്തച്ഛന്റെ കിളിപ്പാട്ടിന് മലയാളികളുടെ മനസ്സില്‍ നിത്യജീവിതം തന്നെ നേടിയെടുക്കാന്‍ കഴിഞ്ഞു. അദ്ധ്യാത്മരാമായണം കിളിപ്പാട്ടിനുണ്ടായ ഈ പ്രഭാവാതിശയത്തിന് കാരണങ്ങള്‍ പലതുണ്ട്. പ്രധാനപ്പെട്ട ഒരു കാരണം എടുത്തു പറയേണ്ടതുണ്ട്. വാല്മീകി ചൊല്ലിത്തന്നത് ഒരു വീരപുരുഷന്റെ കഥയാണ്. അദ്ധ്യാത്മരാമായണം അനുഗാനം ചെയ്തത് ഒരു അവതാരപുരഷന്റെ കഥയാണ്. തികഞ്ഞ ജീവിത വിമര്‍ശനമാണ് ആദ്യത്തേത്. വിമര്‍ശനമെല്ലാമൊടുങ്ങുന്ന ഭക്തിപ്രകര്‍ഷമാണ് രണ്ടാമത്തേത്. അതുമൂലം അനുരഞ്ജനം അസാദ്ധ്യമായ വിരുദ്ധ ധ്രുവങ്ങളിലേക്ക് രണ്ടു കൃതികളും സഞ്ചരിക്കുന്നതായി തോന്നും. യുക്തിയും ഭക്തിയും തമ്മിലൊരു കലഹം പണ്ടുമുതല്‍ക്കേ നിലനില്‍ക്കുന്നതാണ്. ഈ വൈരുദ്ധ്യം രണ്ടരപ്പതിറ്റാണ്ടു മുന്‍പ് നമ്മുടെ സാഹിത്യ വിചാരത്തില്‍ പ്രക്ഷുബ്ധമായ ഒരു ആശയസമരത്തിന് കളമൊരുക്കുകയുണ്ടായി.

കുട്ടികൃഷ്ണമാരാരെഴുതിയ 'വാല്മീകിയുടെ രാമന്‍' എന്ന പഠനം യുക്തിക്ക് പ്രാമാണ്യമുളള വിശകലനരീതി സ്വീകരിക്കുകയും ധര്‍മ്മ നീതിയുടെയും മനശ്ശാസ്ത്രത്തിന്റെയും കാഴ്ചപ്പാടുകള്‍ അവലംബമാക്കിക്കൊണ്ട് രാമനെന്ന പാത്രസൃഷ്ടിയെ വിലയിരുത്തുകയും ചെയ്തു.രാമനെ ബാഥിച്ചിരിക്കുന്ന യശോകാമമെന്ന വൈകല്യം ആ വീരപുരുഷന്റെ ചിത്രത്തിന് ഒളിമങ്ങലേറ്റുന്നതായി വിമര്‍ശകന്‍ ചൂണ്ടിക്കാണിച്ചു. തികച്ചും യുക്തിസഹമായി മാരാര്‍ അവതരിപ്പിച്ച വാദമുഖങ്ങള്‍ പക്ഷേ വകവെച്ചുകൊടുക്കാന്‍ ജനം തയ്യാറായില്ല. അത് സ്വാഭാവികം മാത്രം. എഴുത്തച്ഛന്റെ കാലം മുതല്‍ക്കേ ജനത്തിനു കിട്ടിപ്പോന്ന ശിക്ഷണം, രാമനെ വിമര്‍ശനത്തിനെല്ലാമതീതനായ അവതാരപുരുഷനായി പൂജിക്കുക എന്നതാണ്. അതുമൂലം രാമബിംബത്തില്‍ ലവലേശം കളങ്കമുണ്ടെന്ന് സമ്മതിക്കാന്‍ ജനഹൃദയം ഒരുക്കമായിരുന്നില്ല. പില്‍ക്കാലത്ത് കുട്ടികൃഷ്ണമാരാര്‍ തന്നെ ഭക്തിധാരയില്‍ സമ്പൂര്‍ണമായും ആമഗ്നനാകുകയും തന്റെ മുന്‍ നിലപാടുകളെ സ്വയം തളളിക്കളയുകയും ചെയ്തു. എങ്കിലും മാരാര്‍ ആദ്യം സ്വീകരിച്ച വിമര്‍ശനരീതി അപ്രസക്തമാണെന്നുവരുന്നില്ല. അതിന് അതിന്റേതായ നിലയും വിലയുമുണ്ട്. അക്കാര്യം അംഗീകരിച്ചുകൊണ്ട് കൂടുതല്‍ സജ്ജീകരണങ്ങളോടെ വാല്മീകിയുടെ രാമനെ അടുത്തറിയുന്ന പഠനമാണ് പ്രകാശ് ഡി. നമ്പൂതിരിയുടെ 'കാമമോഹിതനായ രാമന്‍'.

രാമകഥയിലെ ഏതാനും സന്ദര്‍ഭങ്ങള്‍ മാത്രമേ മാരാര്‍ തന്റെ വിശകലനത്തിന് വിധേയമാക്കിയിട്ടുളളൂ. പ്രകാശന്റെ പഠനത്തില്‍ ഒട്ടേറെ സംഭവങ്ങളും കഥാപാത്രങ്ങളും പരാമൃഷ്ടങ്ങളായിട്ടുണ്ട്. അതുവഴി വൈവിദ്ധ്യമുളള പ്രമേയങ്ങളിലേക്ക് വെളിച്ചം വീഴ്ത്തുവാന്‍ ഈ ഗ്രന്ഥകാരന് കഴിഞ്ഞിരിക്കുന്നു. രാമനെ, ബാലിയോടും രാവണനോടും ലക്ഷ്മേേണാടും തുലനം ചെയ്യുന്ന ഭാഗങ്ങള്‍ അത്യന്തം നിശിതങ്ങളാണ്. ബാലിവധത്തിന്റെ വിവരണമാകട്ടെ വളരെ ഹൃദയസ്പര്‍ശിയായി അനുഭവപ്പെടുന്നു.  
നമ്പൂതിരി തന്റെ ഗ്രന്ഥത്തില്‍ രാമനെ ഒരു ദുരന്തകഥാപാത്രമായി നോക്കികാണുന്നു. ഉന്നതസ്ഥാനത്തു നിലകൊളളുന്ന ഒരു മനുഷ്യന്റെ ജീവിതം ഭയവും ശോകവും ജനിപ്പിക്കും വിധം തകര്‍ന്നു വീഴുന്നതിന്റെ കഥയായാണ് ദുരന്തനാടകത്തില്‍ ചിത്രീകൃതമാകുന്നതെന്ന് അരിസ്‌റ്റോട്ടില്‍ നിരീക്ഷിച്ചിട്ടുണ്ട്. ആ വീരനായകന്റെ സ്വഭാവത്തില്‍ കുടികൊളളുന്ന ചില വൈകല്യങ്ങളാണ് അയാളുടെ പതനത്തിന് ആക്കം വര്‍ദ്ധിപ്പിക്കുന്നതെന്നും അരിസ്റ്റോട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ നിരീക്ഷണനിലയത്തില്‍ നിന്നുകൊണ്ട് നമ്പൂതിരി രഘുരാമന്റെ സ്വഭാവത്തിലെ ദുരന്തവൈകല്യങ്ങള്‍ ഒന്നൊന്നായി ചൂണ്ടിക്കാണിച്ചിരിക്കുന്നു. സ്വാര്‍ത്ഥത, അധികാരദാഹം, കാപട്യം, വഞ്ചന, കാമമോഹം, ദുശ്ശങ്ക മുതലായ തിന്‍മകളുടെ ഒളിസങ്കേതമാണ് രാമന്റെ മനസ്സ്. ഇത്തരം തിന്‍മകളുടെ ഒളിസങ്കേതമാണ് രാമന്റെ മനസ്സ്. ഇത്തരം തിന്‍മകളുടെ കൂടാരമായ രാമചിത്തം ഒടുവില്‍ വിഷാദരോഗത്തിലെരിഞ്ഞ് ആത്മഹത്യയില്‍ മുങ്ങിത്താഴുന്നു. ആദ്യന്തം കാളിമ കാളുന്ന ഒരു രാമബിംബം വാല്മീകിരാമായണത്തില്‍ നിന്നും വായിച്ചെടുക്കുകയാണ് പ്രകാശ് നമ്പൂതിരി ചെയ്തിരിക്കുന്നത്.
ഈ വിമര്‍ശകന്റെ നോട്ടത്തില്‍ വാല്മീകിയുടെ രാമന്‍ ആദര്‍ശപുരുഷനോ ഉത്തമപുരുഷനോ അല്ല. മാത്രവുമല്ല രാമനെ കാവ്യത്തിലെ കേന്ദ്രകഥാപാത്രമായി കാണേണ്ട കാര്യമില്ലെന്ന വാദം കൂടി ഉന്നയിക്കപ്പെട്ടിട്ടുണ്ട്. വാല്മീകി തന്റെ പാഠം തയ്യാറാക്കിയത് വ്യക്തമായ ലക്ഷ്യബോധത്തോടുകൂടിയാണ്. ഉപേക്ഷിക്കപ്പെട്ട സീതയെ രാമനെക്കൊണ്ടു തന്നെ തിരിച്ചെടുപ്പിക്കുക, അതിനുവേണ്ട ബോധവല്‍ക്കരണം ജനങ്ങള്‍ക്കിടയില്‍ നിര്‍വ്വഹിക്കുക ഇതായിരുന്നു വാല്മീകിയുടെ രചനാലക്ഷ്യം. അതിനൊത്തവിധം ധര്‍മ്മനീതിയുടെ സൂചികയത്രയും സീതയ്ക്കനുകൂലമായി തിരിച്ചു വെയ്ക്കുകയാണ് കവി ചെയ്തിട്ടുളളത്. ഒപ്പം സീതയുടെ കെടുതികള്‍ക്കെല്ലാം കാരണം രാമന്റെ സ്വഭാവ വൈകല്യങ്ങളാണെന്ന് ശക്തിയായി ധ്വനിപ്പിക്കുവാനും കവി ശ്രമിച്ചിട്ടുണ്ട്. ഇങ്ങനെ രാമന്റെ വിശദമായ കറുത്ത ചിത്രവും അതിനെതിരെ സീതയുടെ പ്രകാശം പ്രസരിപ്പിക്കുന്ന ഉജ്വലചിത്രവും ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് വാല്മീകി സീതയെ രാമായണത്തിന്റെ ഹൃദയഭാഗത്ത് പ്രതിഷ്ഠിച്ചിരിക്കുന്നു. ഇതൊരു ആത്യന്തിക വാദമായി തോന്നാം. പക്ഷേ ഒന്നുണ്ട്. രാമായണകഥാപാത്രങ്ങളില്‍ ഏറ്റവും ജനപ്രീതി നേടിയ കഥാപാത്രം, രാമനേയും അതിശയിപ്പിക്കും വിധം നിത്യജീവിതം കൈവരിച്ച കഥാപാത്രം, സീതയാണ്.
നമ്പൂതിരി തന്റെ വാദമുഖങ്ങള്‍ യുക്തിഭദ്രവും വസ്തുനിഷ്ഠവുമായ രീതിയില്‍ അവതരിപ്പിച്ചിരിക്കുന്നു. വാല്മീകിയുടെ വിവക്ഷിതങ്ങള്‍ വിമര്‍ശകന്‍ ഗ്രഹിച്ചിട്ടുളളത് കവിയുടെ സ്വരവ്യഞ്ജനങ്ങള്‍ അനുവദിക്കുന്ന വാച്യവും വ്യംഗ്യവുമായ അര്‍ത്ഥപരിധിയില്‍ നിന്നുകൊണ്ടാണ്. ഇല്ലാത്ത അര്‍ഥ്ഥമൊന്നും വിമര്‍ശകന്‍ അടിച്ചേല്‍പ്പിച്ചിട്ടില്ല. ഉളളത് ഉളള പോലെ, ലളിതമായി എന്നാല്‍ ചടുലമായി ഏതുതരം വായനക്കാരനും ഏറ്റുവാങ്ങാന്‍ പാകത്തില്‍ എഴുതി വെച്ചിരിക്കുന്നു. ഇത്രയും തെളിമയുളള ശൈലി പുതിയ ചെറുപ്പക്കാരുടെ എഴുത്തില്‍ കണികാണാനില്ലാത്തതുകൊണ്ട് ഇത് ശ്രദ്ധേയമാണ്.
                                                                                                                                                                                                                   പ്രഫ. പി.ഒ. പുരുഷോത്തമന്‍, ആര്‍ഷം, മണ്ണഞ്ചേരി.

2009, നവംബർ 24, ചൊവ്വാഴ്ച

തന്തി കണ്ഠരര് മോഹനര്‍ക്ക് ഡോക്റ്ററേറ്റ്

തന്തി കണ്ഠരര് മോഹനര്‍ക്ക് ഡോക്റ്ററേറ്റ്
നവംബര്‍ 24ന് മാതൃഭൂമി ദിനപ്പത്രത്തിന്റെ അവസാനപേജില്‍  തിരുനക്കര സൗഹൃദ കലാസാംസ്‌ക്കാരിക വേദിയുടേതായി വന്ന ആശംസാ പരസ്യം എനിക്ക് 'ക്ഷ' പിടിച്ചു. ഒന്നുമല്ലെങ്കില്‍ ഞാനും ഒരു രണ്ടു ജന്‍മം ജനിച്ചവനാണല്ലോ? കൊളംബോ ഇന്റര്‍നാഷണല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും വേദിക് കള്‍ച്ചര്‍ ആന്റ് ഉപനിഷത് എന്ന വിഷയത്തിലാണ് കണ്ഠരര് മോഹനര്‍ക്ക് ഡോക്റ്ററേറ്റ് ലഭിച്ചത്. സില്‍വസ്‌ററര്‍ സ്‌ററലന്റേതു പോലുളള ശരീരം, ഒരൊന്നൊന്നര തല, സീരിയലുകളിലെ രാക്ഷസന്‍മാരുടെ മേക്കപ്പിനെ കടത്തിവെട്ടുന്ന അര സ്‌ക്വയര്‍ മൈല്‍ ചുററളവുളള പൊട്ട്. ഇപ്പോള്‍ പേരിനും ഒരു കടുപ്പമായി: ഡോ. തന്ത്രി.കണ്ഠരര് മോഹനര്. സത്യത്തില്‍ കുളിരു കോരുന്നു. എനിക്ക് ഇത്രയും കുളിരു തോന്നുന്നെങ്കില്‍ അദ്ദേഹത്തിന് എത്ര തോന്നും?
പക്ഷേ പഴയ ചില പത്രവാര്‍ത്തകള്‍ ഇതു കണ്ട് മനം മറിഞ്ഞ് തികട്ടി വന്നു. ജസ്‌ററിസ് പരിപൂര്‍ണന്‍ കമ്മീഷന്റെ മുന്‍പില്‍ തെളിവെടുത്തപ്പോള്‍ ഇദ്ദേഹം മൊഴി കൊടുത്തത് തനിക്ക് സാമാന്യ വിദ്യാഭ്യാസമേയുളളൂ എന്നും, സംസ്‌കൃതം തീരെ അറിയില്ലെന്നും, ഭാഗ്യസൂക്തം ഹൃദിസ്ഥമാക്കിയിട്ടില്ലെന്നുമാണ്. അത് സാരമുളള കാര്യമല്ല. ശോഭാ ജോണ്‍ കേസിനു ശേഷം അദ്ദേഹത്തിന് ധാരാളം സമയം ലഭിക്കുന്നുണ്ടായിരുന്നു. വേറെ പ്രത്യേകിച്ച് പണിയൊന്നുമുണ്ടായിരുന്നില്ലല്ലോ? ശനിദശാകാലത്ത് പഠനമനനങ്ങളുമായി കഴിയാമെന്നു തീരുമാനിച്ച വിവേകം ആദരണീയം തന്നെ. പ്രത്യേകിച്ചും വേദസംസ്‌ക്കാരത്തെപ്പറ്റിയും ഉപനിഷത്തിനേപ്പറ്റിയും ഉളള പഠനം. ആചാര്യ നരേന്ദ്രഭൂഷണേക്കൊണ്ടു പറ്റിയില്ല ഈ വിഷയത്തില്‍ ഒരു ഡോക്റ്ററേറ്റ് സമ്പാദിക്കാന്‍! പിന്നെ അഴീക്കോട്ടെങ്ങാണ്ടുളള ഒരു തീയ്യന്‍ സുകുമാരന്‍ ഏതാണ്ട് പോക്കണംകേട് എഴുതിയിട്ടുണ്ടെന്ന് കേട്ടിട്ടുണ്ട്. ഭാഗ്യത്തിന് കണ്ടിട്ടില്ല. പണ്ടേ എങ്ങാണ്ടൂന്ന് ഒരു ഡോക്റ്ററേറ്റും തപ്പിക്കോണ്ട് വന്ന് വരേണ്യ വര്‍ഗ്ഗത്തെ നാണംകെടുത്താന്‍ കുററീം പറിച്ചോണ്ടു വന്ന് വായിട്ടലച്ചോണ്ട് നടക്കുന്നു. ആര് കേക്കുന്നു ഇതൊക്കെ?
പിന്നെ ചിലതൊക്കെ പത്രത്തില്‍ വന്നത്: സത്യത്തില്‍ ഈയുളളവനും അത് അത്ര ഗൗനിച്ചിട്ടില്ല. കാരണം ഞങ്ങളുടെയൊക്കെ പൂര്‍വ്വികര്‍ പണ്ടും അഗമ്യഗമനങ്ങളൊക്കെ നടത്തിയിട്ടുണ്ട്. അന്ന് പുരയിടമായും വസ്തുവകകളായും ഒക്കെ പ്രതിഫലം കൊടുത്തിരുന്നെങ്കില്‍ ഇന്നുള്ളവര്‍ പണമായി കൊടുക്കുന്നു. അന്നുളളവര്‍ക്കില്ലാത്ത വിലക്ക് ഇന്നു കൊണ്ടു വരുന്നതില്‍ എന്താ അര്‍ത്ഥം?
എന്നാല്‍ പിന്നെ ഇങ്ങനെയുളള ഡോക്റ്ററേറ്റ് പരസ്യങ്ങള്‍ ഡോ. കുടമാളൂര്‍ ശര്‍മ്മ, ഡോ.തൃക്കുന്നപ്പുഴ ഉദയകുമാര്‍, ഡോ.പ്രണവം വിഷ്ണുനമ്പൂതിരി, ഡോ. മാന്നാര്‍ കൃഷ്ണപിളള തുടങ്ങിയവരുടേതായി കാണുമ്പോള്‍ അവിടേം ഇവിടേമൊക്കെ ഒരു ചൊറിച്ചില്‍. വാഴയ്ക്ക് വെളളം കോരിയും ട്യൂട്ടോറിയലില്‍ പഠിപ്പിച്ചും നാലഞ്ചു വര്‍ഷം ഗവ.ലോക്കോളേജിന്റെയും മറ്റും തിണ്ണനിരങ്ങി ഒപ്പിച്ചെടുത്ത രണ്ടുമൂന്നു ഡിഗ്രികളുണ്ട്. ഇതിനു പോയ ഞങ്ങളൊക്കെ വെറും കൊഞ്ഞാണന്‍മാരായിരുന്നല്ലോ എന്നോര്‍ക്കമ്പോള്‍ ഒരു വേദന. പിന്നെ ബൂലോകരോടൊരു കാര്യം പറഞ്ഞേക്കാം കൂടുതലു മൂത്താ ഞാനും മേടിച്ചളയും ഇതേലെ ഒരെണ്ണം 35000 കൊടുത്ത്.          

2009, നവംബർ 21, ശനിയാഴ്‌ച

നേത്രോന്‍മീലനം


നേത്രോന്‍മീലനം
ഭാരതീയ ഹിന്ദുസമൂഹത്തില്‍ ആഴത്തില്‍ വേരോടിയിട്ടുളള ഈശ്വരവിശ്വാസത്തിന്റെ മൂര്‍ത്തീകരണമാണ് ഇന്ന് ഇതിഹാസകഥാപാത്രങ്ങള്‍. ആത്മാവിന്റെ അന്തര്‍ദ്ദാഹവും ബോധമനസ്സിന്റെ ആശ്വാസവുമായ ഈശ്വരവിശ്വാസത്തിനു നേരേ അമ്പു തൊടുക്കുക എന്റെ ലക്ഷ്യമല്ല. രാഷ്ട്രമോ സമൂഹമോ സഹാനുഭൂതി കാണിക്കാത്ത ദരിദ്രജനകോടികളുടെ ആ അത്താണി അങ്ങനെ തന്നെ നിന്നുകൊളളട്ടെ.
രാമായണമാസത്തിലും മററും അനേകം മതപണ്ഡിതന്‍മാരും മാധ്യമങ്ങളും വിശ്രുതനായ രാമന്റെ ഗുണഗണങ്ങള്‍ വാഴ്ത്തിപ്പാടുകയും വര്‍ഷാവര്‍ഷം നടക്കുന്ന രാമലീലയില്‍ രാവണന്‍ പൊട്ടിച്ചിതറിക്കൊണ്ടേയിരിക്കുകയും ചെയ്യുന്നതു കണ്ടപ്പോള്‍ രാമായണകാവ്യത്തിലെ സര്‍വ്വദുര്‍ഗ്ഗുണങ്ങളുടെയും സമാഹാരം മാത്രമെന്ന് വിശ്വസിക്കാനിടയായ രാവണനില്‍ കൗതുകം തോന്നി.
വാല്മീകി രാമായണത്തിന്റെ വളളത്തോള്‍ പരിഭാഷയും ഇംഗഌഷ് പരിഭാഷയും വായിക്കുന്നവര്‍ക്ക് രാമനിലേക്ക് ഒഴുകിയെത്തുന്ന പ്രതിനായകത്വത്തിന്റെ ചുടുനീരുറവകള്‍ കാണാം. രാമായണകാവ്യസംബന്ധിയായ ഈ പഠനം പ്രചാരമാര്‍ന്ന ചില അഭിപ്രായങ്ങളുടെ ക്രോഡീകരണവും മൗലികമായ കുറെ വിലയിരുത്തലുകളുടെയും കണ്ടെത്തലുകളുടെയും സമാഹാരവുമാണ്. വയലാര്‍ രാമവര്‍മ്മ, കുമാരനാശാന്‍, വളളത്തോള്‍, കുട്ടികൃഷ്ണമാരാര്‍, ദേശമംഗലത്ത് രാമവാര്യര്‍,കമ്പര്‍, എഴുത്തച്ഛന്‍, കാളിദാസന്‍ എന്നിവര്‍ നടന്നു പോയ വഴിത്താരകളിലൂടെ കടന്ന് സാക്ഷാല്‍ വാല്‍മീകിയുടെ മൗനങ്ങളെ ശ്രദ്ധാപൂര്‍വ്വം നിരീക്ഷിക്കുക മാത്രമാണിവിടെ.
രാമായണകാവ്യത്തിന് വളരെയൊന്നും വിമര്‍ശന പഠനങ്ങള്‍ മലയാളത്തിലുണ്ടെന്നു തോന്നുന്നില്ല. മര്‍മ്മാണി പെണ്ണുകെട്ടിയ ആദ്യരാത്രിയിലെന്നപോലെ മഹാപണ്ഡിതന്‍മാര്‍ അമ്പരന്ന് ഉറക്കമിളയ്ക്കുമ്പോള്‍, വളരെ പഴയ ഒരു കഥയില്‍ ലോലവും വിശിഷ്ടവുമായ വസ്ത്രങ്ങള്‍ ധരിപ്പിച്ചിട്ടുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് ചിലര്‍ ഘോഷയാത്രയ്ക്ക് നയിച്ച രാജാവ് നഗ്നനാണെന്ന് വിളിച്ചു പറഞ്ഞ കുട്ടിയുടെ ആര്‍ജ്ജവവും നിഷ്‌കളങ്കതയുമാണ് ഈ വിമര്‍ശനപഠനത്തിന്റെ രചനാപ്രേരണ. കേസ് കേള്‍ക്കാതെ തീര്‍പ്പു കല്‍പ്പിക്കുന്നവര്‍ ധാരാളം. ഉറങ്ങുന്നവരും ഉറക്കം നടിക്കുന്നവരും അപൂര്‍വ്വമായെങ്കിലുമുണ്ട്.അതുകൊണ്ട് കണ്ണുതുറപ്പിക്കല്‍ അനിവാര്യമായി വന്നു.
വിഖ്യാത ശാസ്ത്രപ്രതിഭയായ സി. വി. രാമന്‍ കണ്ടെത്തിയ രാമന്‍ ഇഫക്റ്റിനെക്കാളും വന്‍ പ്രഭാവം ചെലുത്താന്‍ കഴിഞ്ഞ ഒന്നാണ് ഭാരതത്തിലെ രാഷ്ട്രതന്ത്രജ്ഞര്‍ കണെത്തിയ രാമന്‍ ഇഫക്റ്റ്. തെരഞ്ഞെടുപ്പുകള്‍ക്ക് കേളികൊട്ടുയരുമ്പോള്‍ രാമനും രഥവും ജനങ്ങളെ സമീപിക്കും. അധികാരയുദ്ധത്തില്‍ ജയം നേടിക്കഴിഞ്ഞാല്‍ രാമനെ പ്രാസാദങ്ങള്‍ക്കുളളിലെ ഇരുള്‍ മൂലകളില്‍ തിരികെ കുടിയിരുത്തും. രഥം ദരിദ്രനാരായണന്‍മാര്‍ക്ക് തൊട്ടുവണങ്ങാനും രാമരാജ്യം അവര്‍ക്ക് സ്വപ്‌നം കാണാനും നല്‍കും. ജനകോടികള്‍ നെഞ്ചിലേററുന്ന രാമന്‍ അവര്‍ക്കീശ്വരനാകുമ്പോള്‍ കുശാഗ്രബുദ്ധികളും അധികാരദാഹികളുമായ രാഷ്ട്രീയ തന്ത്രശാലികള്‍ക്ക് രാമന്‍ വെറുമൊരു ചവിട്ടുപടിയും ഇലക്ഷന്‍ തന്ത്രവുമാണ്.
ഇതേപോലെ അധികാരമോഹിയും പേരുകേള്‍പ്പിക്കുന്നതിനു വേണ്ടി എന്തും ചെയ്യുന്നവനുമായ ഒരു സൂര്യവംശകുമാരനെ അടുത്തുനിന്നു കാണുവാനുമുളള.  ശ്രമമാണ് ഈ പഠനം. ബാലിയെ വധിക്കാന്‍ ചെയ്തതുപോലെ തനിക്കിഷ്ടമില്ലാത്തവരെ ഉന്‍മൂലനം ചെയ്യാന്‍ എന്ത് അധമ തന്ത്രങ്ങളും സ്വീകരിക്കുന്ന രാമന്‍, രാജാധികാരം നിലനിര്‍ത്താന്‍ പ്രിയതമയെ ഉപേക്ഷിച്ച രാമന്‍, ഗര്‍ഭിണിയായ ഭാര്യയെ കാട്ടില്‍ തളളി സ്ത്രീപീഡനങ്ങള്‍ക്ക് വഴികാട്ടിയായവന്‍,പരാജയത്തിന്റെ പരകോടിയില്‍ ആത്മഹത്യ ചെയ്ത് മാതൃകയായവന്‍! അയോദ്ധ്യാ നിവാസികളെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചവന്‍! ഇങ്ങനെയെല്ലാമുളള രാമനാണ് കാമമോഹിതനായ രാമന്‍.
ഇത് കല്ലെറിയലല്ല;കാടും പടലും മാറ്റലാണ്. ഇത് വിഗ്രഹഭഞ്ജനമല്ല വിഗ്രഹം ശിലയാണെന്ന് ബോദ്ധ്യപ്പെടുത്തുകമാത്രം. അതിപൗരാണികമായ ഒരു കാവ്യത്തിലെ കഥാപാത്രങ്ങളെയും കഥാസന്ദര്‍ഭങ്ങളെയും വിലയിരുത്തുന്നതിന് മാനദണ്ഡമാക്കേണ്ടത് ആ കാലഘട്ടത്തെയും അന്നത്തെ സംസ്‌ക്കാരത്തെയും വ്യവസ്ഥിതിയെയും മൂല്യബോധത്തെയുമാണ്.ചരിത്രാതീതകാലഘട്ടത്തില്‍ രചിക്കപ്പെടുകയും പില്‍ക്കാലത്ത് തത്വചിന്തകന്‍മാര്‍ മുതല്‍ അന്ധരായ ഭക്തശിരോമണികള്‍ വരെ സംഭാവന നല്‍കി പോഷിപ്പിക്കുകയും ചെയ്ത ഒരു കൃതിയാണ് രാമായണം. അതില്‍ വിഭാവന ചെയ്യുന്ന ദര്‍ശനം മനുഷ്യന്‍ ഇന്നോളം ആര്‍ജ്ജിച്ച സാംസ്‌ക്കാരിക മൂല്യങ്ങളെക്കാളും സനാതനമാണെന്ന് പ്രചരിപ്പിക്കപ്പെടമ്പോള്‍, ആ കൃതിയെ ആധുനിക മനുഷ്യന്റെ മൂല്യബോധത്തിന്റെ കണ്ണാടിയിലൂടെ നോക്കിക്കാണുന്നത് അപരാധമല്ല.
മിക്ക പുരാണേതിഹാസങ്ങളുടെയും ആമുഖമായി ദീര്‍ഘദര്‍ശികളായ ഋഷിമാര്‍ തങ്ങളുടെ സര്‍ഗ്ഗസൃഷ്ടി തത്വം ഗ്രഹിപ്പിക്കുന്നതിനുളള കെട്ടുകഥകളാണെന്ന് ആണയിട്ട് പറഞ്ഞാലും വിശ്വാസികളുടെ ആരവത്തില്‍ അത് മുങ്ങിപ്പോവുകയാണ്. രാമന്‍ ജനിച്ചതെവിടെ എന്ന ചോദ്യത്തിന് അയോദ്ധ്യയില്‍ എന്ന കോടിക്കണക്കിനാളുകളുടെ കണ്ടത്തില്‍ നിന്നുയരുന്ന ശബ്ദഘോഷത്തിനിടെ 'ആദികവിയുടെ ഭാവനാഭൂമികയില്‍' എന്ന നേരുത്തരം തീരെ ദുര്‍ബ്ബലമായിത്തീരുമ്പോള്‍ വിശ്വാസം കൊണ്ട് ദൃഢീകരിക്കപ്പെട്ട ആ ഇതിഹാസകഥാപാത്രത്തെ വിലയിരുത്തേണ്ടതുണ്ട്. ആദികവിയുടെ ഈ വിശ്രുതകഥാപാത്രത്തിന് ജീവിച്ചിരുന്ന ഒരു മാതൃക ഉണ്ടായിരുന്നെങ്കിലും ഇല്ലെങ്കിലും വാല്മീകിരാമായണത്തിലെ രാമന്‍ അദ്ദേഹത്തിന്റെ സങ്കല്പസൃഷ്ടിയാണ്; കാരണം കാവ്യം കല്പനാമിശ്രിതം കൂടിയാണല്ലോ? അതിനാല്‍ മധുര സങ്കല്പങ്ങളുമായി ഇരുള്‍മൂടിയ വഴികളിലൂടെ നടക്കുമ്പോള്‍ ഇന്നലെകളുടെ സുഖസുഷുപ്തിയില്‍ പീളയടിഞ്ഞ കണ്ണുകളിലേക്ക് അത് തുറക്കുവാന്‍ ചാലിച്ച നെയ്യിലും തേനിലും മുക്കിയ ഈ സ്വര്‍ണസൂചി പതുക്കെ കടത്തിയാലും