2009, നവംബർ 21, ശനിയാഴ്‌ച

നേത്രോന്‍മീലനം


നേത്രോന്‍മീലനം
ഭാരതീയ ഹിന്ദുസമൂഹത്തില്‍ ആഴത്തില്‍ വേരോടിയിട്ടുളള ഈശ്വരവിശ്വാസത്തിന്റെ മൂര്‍ത്തീകരണമാണ് ഇന്ന് ഇതിഹാസകഥാപാത്രങ്ങള്‍. ആത്മാവിന്റെ അന്തര്‍ദ്ദാഹവും ബോധമനസ്സിന്റെ ആശ്വാസവുമായ ഈശ്വരവിശ്വാസത്തിനു നേരേ അമ്പു തൊടുക്കുക എന്റെ ലക്ഷ്യമല്ല. രാഷ്ട്രമോ സമൂഹമോ സഹാനുഭൂതി കാണിക്കാത്ത ദരിദ്രജനകോടികളുടെ ആ അത്താണി അങ്ങനെ തന്നെ നിന്നുകൊളളട്ടെ.
രാമായണമാസത്തിലും മററും അനേകം മതപണ്ഡിതന്‍മാരും മാധ്യമങ്ങളും വിശ്രുതനായ രാമന്റെ ഗുണഗണങ്ങള്‍ വാഴ്ത്തിപ്പാടുകയും വര്‍ഷാവര്‍ഷം നടക്കുന്ന രാമലീലയില്‍ രാവണന്‍ പൊട്ടിച്ചിതറിക്കൊണ്ടേയിരിക്കുകയും ചെയ്യുന്നതു കണ്ടപ്പോള്‍ രാമായണകാവ്യത്തിലെ സര്‍വ്വദുര്‍ഗ്ഗുണങ്ങളുടെയും സമാഹാരം മാത്രമെന്ന് വിശ്വസിക്കാനിടയായ രാവണനില്‍ കൗതുകം തോന്നി.
വാല്മീകി രാമായണത്തിന്റെ വളളത്തോള്‍ പരിഭാഷയും ഇംഗഌഷ് പരിഭാഷയും വായിക്കുന്നവര്‍ക്ക് രാമനിലേക്ക് ഒഴുകിയെത്തുന്ന പ്രതിനായകത്വത്തിന്റെ ചുടുനീരുറവകള്‍ കാണാം. രാമായണകാവ്യസംബന്ധിയായ ഈ പഠനം പ്രചാരമാര്‍ന്ന ചില അഭിപ്രായങ്ങളുടെ ക്രോഡീകരണവും മൗലികമായ കുറെ വിലയിരുത്തലുകളുടെയും കണ്ടെത്തലുകളുടെയും സമാഹാരവുമാണ്. വയലാര്‍ രാമവര്‍മ്മ, കുമാരനാശാന്‍, വളളത്തോള്‍, കുട്ടികൃഷ്ണമാരാര്‍, ദേശമംഗലത്ത് രാമവാര്യര്‍,കമ്പര്‍, എഴുത്തച്ഛന്‍, കാളിദാസന്‍ എന്നിവര്‍ നടന്നു പോയ വഴിത്താരകളിലൂടെ കടന്ന് സാക്ഷാല്‍ വാല്‍മീകിയുടെ മൗനങ്ങളെ ശ്രദ്ധാപൂര്‍വ്വം നിരീക്ഷിക്കുക മാത്രമാണിവിടെ.
രാമായണകാവ്യത്തിന് വളരെയൊന്നും വിമര്‍ശന പഠനങ്ങള്‍ മലയാളത്തിലുണ്ടെന്നു തോന്നുന്നില്ല. മര്‍മ്മാണി പെണ്ണുകെട്ടിയ ആദ്യരാത്രിയിലെന്നപോലെ മഹാപണ്ഡിതന്‍മാര്‍ അമ്പരന്ന് ഉറക്കമിളയ്ക്കുമ്പോള്‍, വളരെ പഴയ ഒരു കഥയില്‍ ലോലവും വിശിഷ്ടവുമായ വസ്ത്രങ്ങള്‍ ധരിപ്പിച്ചിട്ടുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് ചിലര്‍ ഘോഷയാത്രയ്ക്ക് നയിച്ച രാജാവ് നഗ്നനാണെന്ന് വിളിച്ചു പറഞ്ഞ കുട്ടിയുടെ ആര്‍ജ്ജവവും നിഷ്‌കളങ്കതയുമാണ് ഈ വിമര്‍ശനപഠനത്തിന്റെ രചനാപ്രേരണ. കേസ് കേള്‍ക്കാതെ തീര്‍പ്പു കല്‍പ്പിക്കുന്നവര്‍ ധാരാളം. ഉറങ്ങുന്നവരും ഉറക്കം നടിക്കുന്നവരും അപൂര്‍വ്വമായെങ്കിലുമുണ്ട്.അതുകൊണ്ട് കണ്ണുതുറപ്പിക്കല്‍ അനിവാര്യമായി വന്നു.
വിഖ്യാത ശാസ്ത്രപ്രതിഭയായ സി. വി. രാമന്‍ കണ്ടെത്തിയ രാമന്‍ ഇഫക്റ്റിനെക്കാളും വന്‍ പ്രഭാവം ചെലുത്താന്‍ കഴിഞ്ഞ ഒന്നാണ് ഭാരതത്തിലെ രാഷ്ട്രതന്ത്രജ്ഞര്‍ കണെത്തിയ രാമന്‍ ഇഫക്റ്റ്. തെരഞ്ഞെടുപ്പുകള്‍ക്ക് കേളികൊട്ടുയരുമ്പോള്‍ രാമനും രഥവും ജനങ്ങളെ സമീപിക്കും. അധികാരയുദ്ധത്തില്‍ ജയം നേടിക്കഴിഞ്ഞാല്‍ രാമനെ പ്രാസാദങ്ങള്‍ക്കുളളിലെ ഇരുള്‍ മൂലകളില്‍ തിരികെ കുടിയിരുത്തും. രഥം ദരിദ്രനാരായണന്‍മാര്‍ക്ക് തൊട്ടുവണങ്ങാനും രാമരാജ്യം അവര്‍ക്ക് സ്വപ്‌നം കാണാനും നല്‍കും. ജനകോടികള്‍ നെഞ്ചിലേററുന്ന രാമന്‍ അവര്‍ക്കീശ്വരനാകുമ്പോള്‍ കുശാഗ്രബുദ്ധികളും അധികാരദാഹികളുമായ രാഷ്ട്രീയ തന്ത്രശാലികള്‍ക്ക് രാമന്‍ വെറുമൊരു ചവിട്ടുപടിയും ഇലക്ഷന്‍ തന്ത്രവുമാണ്.
ഇതേപോലെ അധികാരമോഹിയും പേരുകേള്‍പ്പിക്കുന്നതിനു വേണ്ടി എന്തും ചെയ്യുന്നവനുമായ ഒരു സൂര്യവംശകുമാരനെ അടുത്തുനിന്നു കാണുവാനുമുളള.  ശ്രമമാണ് ഈ പഠനം. ബാലിയെ വധിക്കാന്‍ ചെയ്തതുപോലെ തനിക്കിഷ്ടമില്ലാത്തവരെ ഉന്‍മൂലനം ചെയ്യാന്‍ എന്ത് അധമ തന്ത്രങ്ങളും സ്വീകരിക്കുന്ന രാമന്‍, രാജാധികാരം നിലനിര്‍ത്താന്‍ പ്രിയതമയെ ഉപേക്ഷിച്ച രാമന്‍, ഗര്‍ഭിണിയായ ഭാര്യയെ കാട്ടില്‍ തളളി സ്ത്രീപീഡനങ്ങള്‍ക്ക് വഴികാട്ടിയായവന്‍,പരാജയത്തിന്റെ പരകോടിയില്‍ ആത്മഹത്യ ചെയ്ത് മാതൃകയായവന്‍! അയോദ്ധ്യാ നിവാസികളെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചവന്‍! ഇങ്ങനെയെല്ലാമുളള രാമനാണ് കാമമോഹിതനായ രാമന്‍.
ഇത് കല്ലെറിയലല്ല;കാടും പടലും മാറ്റലാണ്. ഇത് വിഗ്രഹഭഞ്ജനമല്ല വിഗ്രഹം ശിലയാണെന്ന് ബോദ്ധ്യപ്പെടുത്തുകമാത്രം. അതിപൗരാണികമായ ഒരു കാവ്യത്തിലെ കഥാപാത്രങ്ങളെയും കഥാസന്ദര്‍ഭങ്ങളെയും വിലയിരുത്തുന്നതിന് മാനദണ്ഡമാക്കേണ്ടത് ആ കാലഘട്ടത്തെയും അന്നത്തെ സംസ്‌ക്കാരത്തെയും വ്യവസ്ഥിതിയെയും മൂല്യബോധത്തെയുമാണ്.ചരിത്രാതീതകാലഘട്ടത്തില്‍ രചിക്കപ്പെടുകയും പില്‍ക്കാലത്ത് തത്വചിന്തകന്‍മാര്‍ മുതല്‍ അന്ധരായ ഭക്തശിരോമണികള്‍ വരെ സംഭാവന നല്‍കി പോഷിപ്പിക്കുകയും ചെയ്ത ഒരു കൃതിയാണ് രാമായണം. അതില്‍ വിഭാവന ചെയ്യുന്ന ദര്‍ശനം മനുഷ്യന്‍ ഇന്നോളം ആര്‍ജ്ജിച്ച സാംസ്‌ക്കാരിക മൂല്യങ്ങളെക്കാളും സനാതനമാണെന്ന് പ്രചരിപ്പിക്കപ്പെടമ്പോള്‍, ആ കൃതിയെ ആധുനിക മനുഷ്യന്റെ മൂല്യബോധത്തിന്റെ കണ്ണാടിയിലൂടെ നോക്കിക്കാണുന്നത് അപരാധമല്ല.
മിക്ക പുരാണേതിഹാസങ്ങളുടെയും ആമുഖമായി ദീര്‍ഘദര്‍ശികളായ ഋഷിമാര്‍ തങ്ങളുടെ സര്‍ഗ്ഗസൃഷ്ടി തത്വം ഗ്രഹിപ്പിക്കുന്നതിനുളള കെട്ടുകഥകളാണെന്ന് ആണയിട്ട് പറഞ്ഞാലും വിശ്വാസികളുടെ ആരവത്തില്‍ അത് മുങ്ങിപ്പോവുകയാണ്. രാമന്‍ ജനിച്ചതെവിടെ എന്ന ചോദ്യത്തിന് അയോദ്ധ്യയില്‍ എന്ന കോടിക്കണക്കിനാളുകളുടെ കണ്ടത്തില്‍ നിന്നുയരുന്ന ശബ്ദഘോഷത്തിനിടെ 'ആദികവിയുടെ ഭാവനാഭൂമികയില്‍' എന്ന നേരുത്തരം തീരെ ദുര്‍ബ്ബലമായിത്തീരുമ്പോള്‍ വിശ്വാസം കൊണ്ട് ദൃഢീകരിക്കപ്പെട്ട ആ ഇതിഹാസകഥാപാത്രത്തെ വിലയിരുത്തേണ്ടതുണ്ട്. ആദികവിയുടെ ഈ വിശ്രുതകഥാപാത്രത്തിന് ജീവിച്ചിരുന്ന ഒരു മാതൃക ഉണ്ടായിരുന്നെങ്കിലും ഇല്ലെങ്കിലും വാല്മീകിരാമായണത്തിലെ രാമന്‍ അദ്ദേഹത്തിന്റെ സങ്കല്പസൃഷ്ടിയാണ്; കാരണം കാവ്യം കല്പനാമിശ്രിതം കൂടിയാണല്ലോ? അതിനാല്‍ മധുര സങ്കല്പങ്ങളുമായി ഇരുള്‍മൂടിയ വഴികളിലൂടെ നടക്കുമ്പോള്‍ ഇന്നലെകളുടെ സുഖസുഷുപ്തിയില്‍ പീളയടിഞ്ഞ കണ്ണുകളിലേക്ക് അത് തുറക്കുവാന്‍ ചാലിച്ച നെയ്യിലും തേനിലും മുക്കിയ ഈ സ്വര്‍ണസൂചി പതുക്കെ കടത്തിയാലും  



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ