2010, മാർച്ച് 26, വെള്ളിയാഴ്‌ച

ന: സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി

           മിക്ക കാര്യങ്ങളിലും ഞാന്‍ ഒരു സ്ത്രീപക്ഷ വാദിയാണ്. ബാക്കി പകുതി അല്ലേ അവര്‍?
 നമ്മുടെ വാരിയെല്ലില്‍ ഒന്ന് അവരുടെ കൈവശമാണല്ലോ? ആയതുകൊണ്ട് കര്‍ത്താവ് ആരെയാണ് സൃഷ്ടിച്ചതെന്നു കണ്ടുപിടിക്കാനുളള അന്വേഷണമാണല്ലോ ജീവിതം. പ്രലോഭനങ്ങള്‍ കൊണ്ട് നമ്മുടെ ജീവിതം കട്ടപ്പൊകയാക്കിയെങ്കിലും നഗ്നതയെന്തെന്ന് മനസ്സിലാക്കിത്തരാന്‍ അവള്‍ക്കു കഴിഞ്ഞല്ലോ? അറിവിന്റെ കനി തേടാനും ദൈവതുല്യനാക്കി മനുഷ്യനെ മാറ്റുവാനുമുളള ശ്രമത്തിലാണല്ലോ അവള്‍ പാപം ചെയ്തത്. അധ്വാനിച്ച് അപ്പം തിന്നാന്‍ പുരുഷനെ പര്യാപ്തനാക്കിയ സ്ത്രീ എന്നും പ്രവചനാതീതമായ ഒരു അദ്ഭുതമായിരുന്നിട്ടുണ്ട്.
           ഇന്ത്യന്‍ പാര്‍ലമെന്റില്‍ 33% സംവരണം നല്‍കുന്നതിനു വേണ്ടി അവതരിപ്പിച്ച ബില്‍ ചില പ്രദേശങ്ങളിലെങ്കിലും രാജ്യത്തെ പിന്നോട്ടടിക്കുന്നതിനു മാത്രമേ ഉപകരിക്കൂ. സ്ത്രീ പുരുഷനോടൊപ്പം സമത്വത്തോടെ മത്സരിച്ച് ഉയര്‍ന്നു വരേണ്ടതാണ്. ഒരു സംവരണത്തിന്റെ പിന്‍ബലത്തില്‍ ഉയര്‍ന്നു വരുന്ന സ്ത്രീകള്‍ മിക്കവരും വണ്‍ഡേ വണ്ടര്‍ ആയിപ്പോകാനാണ് സാധ്യത. പഞ്ചായത്തു പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട വനിത അതേ പഞ്ചായത്തില്‍ സ്ഥാനം രാജി വെച്ച് പീയൂണായി ജോലി തേടിയിട്ടുണ്ട്. സ്ത്രീകള്‍ അധികാരത്തിലെത്തിയ പല പഞ്ചായത്തുകളിലും വികസനപ്രവര്‍ത്തനങ്ങള്‍ മുരടിച്ച് തകര്‍ന്നു പോയിട്ടുണ്ട്. അതികൊണ്ടു തന്നെ സ്വാഭാവികമായി മത്സരത്തിലൂടെ അഗ്നി ശുദ്ധി തെളിയിച്ചു വരുന്ന സ്ത്രീകളുടെ അത്ര ഇച്ഛാശക്തിയും പ്രാപ്തിയും സംവരണത്തിലൂടെ വരുന്നവര്‍ക്കുണ്ടാകില്ല. കഴിവു പ്രകടിപ്പിച്ച് പൊതുവേദിയില്‍ തിളങ്ങിയ ഇന്ദിരാഗാന്ധി മുതല്‍ പ്രതിഭാ പാട്ടീല്‍ വരെയുളളവര്‍ പുരുഷന്‍മാരേക്കാള്‍ പ്രതിഭ തെളിയിച്ചവരായിരുന്നു.എന്നാല്‍ സംവരണം കുറെ നേതാക്കന്‍മാരുടെ ഭാര്യമാരെ അധികാരസ്ഥാനങ്ങളില്‍ തിരുകിക്കയററാനേ ഉപകരിക്കൂ.
കേരളത്തിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളിലും, എയിഡഡ് വിദ്യാലയങ്ങളിലും 80% സ്ത്രീകളാണ് അധ്യാപനം നടത്തുന്നത്. എല്‍ പി സ്‌കൂളുകളിലൊഴിച്ച് ഈ സ്ത്രീ സാന്നിദ്ധ്യം വിദ്യാഭ്യാസ നിലവാരം തകര്‍ക്കുന്നതിനു മാത്രമേ ഉപകരിച്ചിട്ടുളളൂ. സ്ത്രീകളില്‍ മിക്കവരും അഴിമതിക്കാരല്ല; പക്ഷേ അഴിമതിയിലേക്കു വീഴുന്നവര്‍ മുങ്ങിക്കുളിച്ചു നില്‍ക്കുന്നവരാണ്. അഴിമതിയില്ലാത്തവര്‍ നിയമത്തില്‍ മുറുകെപ്പിടിച്ച് വികസനപ്രവര്‍ത്തനങ്ങള്‍ക്ക് അറിയാതെ തടസ്സം നില്‍ക്കുന്നവരാണ്.
             ഇന്നിപ്പോള്‍ കേരളത്തിന്റെ ഏതു മൂലയില്‍ തിരിഞ്ഞു നോക്കിയാലും രാവിലെ എട്ടുമണി മുതല്‍ റോഡുവക്കില്‍ വിശ്രമിക്കുന്ന സ്ത്രീകളെ കാണാം. അതിരാവിലെ തലയില്‍ ഒരു തോര്‍ത്തു കെട്ടും. പിന്നെ എവിടെയങ്കിലും ഒരു ടാര്‍പ്പോളിന്‍ വലിച്ചു കെട്ടും. അടുത്തതായി കട്ടന്‍കാപ്പി തിളപ്പിക്കലും കപ്പ പുഴുങ്ങലുമായി. അപ്പോഴേക്കും കുറച്ചു പേര്‍ അരിവാളെടുത്ത് നാലു ചപ്പു വെട്ടും. പിന്നെ 12 മണിയായി. ഭക്ഷണം വിശ്രമം. ഉറങ്ങിയെഴുന്നേക്കുന്നവര്‍ ഒരു ചൂലെടുത്ത് തൂപ്പു തുടങ്ങും. വൈകിട്ടു 150 രൂപ വീതം മേടിച്ചു കൊണ്ടു പോയി തന്നെയും, ഈ രാജ്യത്തെ നികുതി ദായകരെയും വലിപ്പിക്കുന്ന ഈ സംഘത്തിന്റെ പേരാണ് തൊഴിലുറപ്പുകാര്‍. ഈ നാടിനു ഒരു ഗുണവും ചെയ്യാത്ത ഈ കളള കാടുവെട്ടു പണിക്ക് സ്ത്രീകളല്ല കുററക്കാര്‍. നാടു ഭരിക്കുന്ന ഗവണ്‍മെന്റിനു ദീര്‍ഘവീക്ഷണമില്ലാത്തതാണ് കാര്യം. സ്വകാര്യ വ്യക്തികളുടെ കൃഷിയിടത്തിലായാല്‍ പോലും കൃഷിയുടെയും ഉത്പാദനപ്രക്രിയയുടെയും മേഖലയില്‍ ഈ അധ്വാനശേഷി ശരിയായി വിനിയോഗിച്ചിരുന്നെങ്കില്‍ ദിശാബോധമുളള ഒരു പ്രവൃത്തിയായിരുന്നേനെ അത്.

2010, മാർച്ച് 5, വെള്ളിയാഴ്‌ച

ആയുസ്സു കൂടി;നേരത്തെ റിട്ടയര്‍ ചെയ്യാം.

              ഈ ഭൂമിയും അതിലെ സൗകര്യങ്ങളും എല്ലാവരുടെയും സ്വന്തമല്ല. ചില സമ്പന്ന രാജ്യങ്ങളില്‍ അധിവസിക്കുന്നവര്‍ക്ക് പ്രാകൃതികദുരന്തങ്ങളുണ്ടാകുമ്പോള്‍ പോലും കൂടുതല്‍ ലോകത്തിന്റെ മുന്തിയ പരിഗണന ലഭിക്കുന്നു. ഈ യാഥാര്‍ത്ഥ്യം വെളിവാക്കുന്നതായിരുന്നു ചിലിയിലെ ഭൂകമ്പം. തകര്‍ന്ന സാമ്പത്തികവ്യവസ്ഥയും നാഥനില്ലാത്ത അവസ്ഥയും സ്ഥിതിഗതികളെ കൂടുതല്‍ ദുരിതപൂര്‍ണമാക്കി.
ഭൂമിയുടെ വലിപ്പവുമായി താരതമ്യപ്പെടുത്തുമ്പോള്‍ അതിന്റെ പുറന്തോട് വേണ്ടത്ര കട്ടിയുളളതല്ല. ഈ പുറന്തോടു തന്നെ പല അടുക്കുകളായാണ് കാണപ്പെടുന്നത്. ഇതിന്റെയും ഉളളിലുളള ഭാഗം ഉരുകിത്തിളച്ച് ദ്രവരൂപത്തിലാണ് സ്ഥതി ചെയ്യുന്നത്. ആന്തരിക മര്‍ദ്ദം കാരണം പുറന്തോടിലുളള അടുക്കുകള്‍ക്ക് സ്ഥാനഭ്രംശം സംഭവിക്കുമ്പോള്‍ അതിന്റെ ഉപരിതലത്തിലുളള ഭൂപ്രതലത്തില്‍ കമ്പനം ഉണ്ടാകുന്നു. ഈ പ്രതിഭാസമാണ് ഭൂമികുലുക്കം. അപൂര്‍വമായി ഇന്ത്യയില്‍ ഭൂമികുലുക്കം ഉണ്ടാകാറുണ്ടെങ്കിലും നമ്മള്‍ ഭൂകമ്പബാധിത പ്രദേശത്തല്ല. പക്ഷേ ഇന്ത്യയില്‍ മഹാരാഷ്ട്രയിലെ ലത്തൂര്‍, ഗുജറാത്തിലെ ഭുജ്, ജമ്മു കാശ്മീരിലെ ചില സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ശക്തമായ ഭൂകമ്പങ്ങള്‍ ഉണ്ടായിട്ടുണ്ട്.
               ഏറ്റവും കൗതുകകരമായ നിഗമനം അമേരിക്കയിലെ പ്രതിരോധ ഗവേഷണ കേന്ദ്രമായ നാസയിലെ ഗവേഷകന്‍ റിച്ചാര്‍ഡ് ഗ്രോസിന്റേതാണ്. ചിലിയിലുണ്ടായ 8.8 തീവ്രതയുണ്ടായിരുന്ന ഭൂചലനം ഭൂമിയുടെ സാങ്കല്പിക അച്ചുതണ്ടിന്റെ സ്ഥാനം തന്നെ മാറ്റിയിരിക്കുന്നു. ഭൂമിയുടെ ഭ്രമണവേഗം കൂടി. അങ്ങനെ ഈ വന്‍ ഭൂകമ്പത്തില്‍ ഭീമന്‍ പാറക്കെട്ടുകള്‍ക്കു സ്ഥാനഭ്രംശം സംഭവിക്കുകയും ഭൂമിയുടെ പിണ്ഡത്തിന്റെ വിതരണക്രമം മാറുകയും ചെയ്തുവത്രേ. സംതുലനം വീണ്ടെടുക്കാനായി അച്ചുതണ്ടിന്റെ സ്ഥാനത്തില്‍ ചെറിയ മാററം വരുകയും ചെയ്തു കാണും എന്നാണ് നിഗമനം.
             സംഗതി ഇതൊന്നുമല്ല, ഇത് സത്യമാണെങ്കില്‍ ഈ ആവേഗം നമ്മുടെ ജീവിതത്തില്‍ എന്തു മാറ്റം ഉണ്ടാക്കിയിട്ടുണ്ട്? കാലനില്ലാത്ത കാലത്തെപ്പറ്റി കുഞ്ചന്‍ നമ്പ്യാര്‍ സങ്കല്പിച്ചു നോക്കിയിട്ടുണ്ട്. ഒരു ചാന്‍സു കൂടി ഞാന്‍ നല്‍കാം നിങ്ങളുടെ ചൂണ്ടു വിരലിന്റെ അഗ്രഭാഗത്തായി ഒരു കണ്ണുണ്ടായിരുന്നെങ്കില്‍ എന്നു ചിന്തിച്ചു തല പുകച്ചു നോക്കൂ. ഭൂമിയുടെ ഭ്രമണവേഗം ഒരു ദിവസം 10 മിനിറ്റു കുറച്ചുവെന്നു സങ്കല്പിക്കുക. മാസത്തില്‍ 5 മണിക്കൂര്‍ കൂടി, വര്‍ഷത്തില്‍ രണ്ടര ദിവസം കൂടി. 60-ാമത്തെ വയസ്സില്‍ കാലനെടുക്കേണ്ട നിങ്ങളെ 5 മാസം കൂടി കഴിഞ്ഞേ സര്‍ക്കാര്‍ കണക്കും പ്രകാരം കൊണ്ടു പോകാന്‍ കഴിയൂ. 55ാമത്തെ വയസ്സില്‍ റിട്ടയര്‍ ചെയ്യേണ്ട നിങ്ങള്‍ നേരത്തെ റിട്ടയര്‍ ചെയ്യും. ജോലിയെടുക്കേണ്ട സമയം കൂടുകയോ കുറയുകയോ ഇല്ല. കാരണം നിങ്ങള്‍ എന്നെങ്കിലും ജോലി ചെയ്‌തെങ്കിലല്ലേ?  

2010, മാർച്ച് 4, വ്യാഴാഴ്‌ച

നിത്യാനന്ദം തേടുന്നവര്‍

           പരമമായ സത്യത്തെപ്പറ്റി ബോധമുണ്ടാകുന്നവരുടെ ചിത്തം ആനന്ദം കൊണ്ട് തുളളിത്തുളുമ്പും. അങ്ങനെയുളളവരെ ബോധോദയം നേടിയവര്‍ എന്ന് നാം പറയും. അങ്ങനെയുളളവര്‍ക്ക് ആ അറിവ് താങ്ങാനാവുന്നതിലും അധികമായിരിക്കും. വൃദ്ധന്‍മാര്‍ കുട്ടികളെപ്പോലെ പെരുമാറും. ജ്ഞാനവൃദ്ധന്‍മാര്‍ മടയന്‍മാരെപ്പോലെ ഭാവിക്കും. അതിസുന്ദരന്‍മാര്‍ സൗന്ദര്യബോധമില്ലാതെ അശ്രദ്ധാലുക്കളായി നടക്കും. പരമമായ ജ്ഞാനം നേടി ആനന്ദചിത്തന്‍മാരാവുക എന്ന അര്‍ത്ഥത്തിലാണ് മിക്ക സന്യാസിമാരുടെയും പേരുകള്‍ ആനന്ദത്തില്‍ അവസാനിച്ചു പോരുന്നത്.
           ഉപരിപ്ലവമായ ആനന്ദത്തില്‍ അഭിരമിക്കുക എന്ന ലക്ഷ്യമുളളവരും ഈ കാലഘട്ടത്തില്‍ ആനന്ദനാമധാരികളായി മോഹസാദ്ധ്യത്തിനായി രൂപാന്തരപ്രാപ്തി നേടുന്നു. സുന്ദരിമാരായ തരുണിമാരുടെ ഹൃദയം അദ്ഭുതങ്ങളുടെ പറുദീസയാണ്. ഒന്നാംതരം സുന്ദരിമാരായ സിനിമാതാരങ്ങള്‍ വിവാഹം കഴിക്കുമ്പോള്‍ മേല്‍മീശ പോലുമില്ലാത്ത വെണ്ടേമണിയന്‍മാരെ തെരഞ്ഞെടുക്കുകയാണ് പതിവ്. അതുകൊണ്ടായിരിക്കണം വിശ്വസാഹിത്യകാരനായിരുന്ന ജോര്‍ജ് ബര്‍നാഡ് ഷായോട് പ്രശസ്തയായ നടി വിവാഹാഭ്യര്‍ത്ഥന നടത്തിയത്. അഴീക്കോടിനെപ്പോലെ സുന്ദരനായ ഷായോട് നടി പറഞ്ഞത് അങ്ങയുടെ ബുദ്ധിയും എന്റെ സൗന്ദര്യവും കൂടി ചേര്‍ന്നുളള ഒരു കുട്ടിയുണ്ടായാല്‍ അവന്‍ ലോകപ്രശസ്തനാവുകയില്ലേ എന്നാണ്. സംഗതി മറിച്ചായലോ എന്നു പറഞ്ഞാണ് ഷാ ഒഴിഞ്ഞത്.
            പൗരാണിക കാലഘട്ടം പരിശോധിച്ചാല്‍ മത്സ്യഗന്ധിയെ കണ്ടപ്പോള്‍ നൗകയില്‍ വച്ച് കാമച്ചരടു പൊട്ടിപ്പോയ മുനിയെ കാണാം. ക്വട്ടേഷന്‍ ഉറപ്പിച്ചായാലും വിശ്വാമിത്രനെ വീഴ്ത്തിയ മേനകയെ കാണാം. ഇന്ദ്രനെ പ്രാപിച്ച രേണുകയെ കാണാം. അഞ്ചു തന്തമാര്‍ക്കു പിറന്ന പാണ്ഡവന്‍മാരെ ഒറ്റ പാവാടച്ചരടില്‍ കൊരുത്തിട്ട പാഞ്ചാലിയെ കാണാം. തീരെ പരുക്കനായ ശിവനെ പ്രണയിച്ച പാര്‍വതിയെ കാണാം. പലയിടത്തും സന്യാസവൃത്തിയുമായി പോയവര്‍ ഒരു നിമിഷം കൊണ്ട് കാമമോഹിതരായിപ്പോയതു കാണാം. തീരെ സൗന്ദര്യബോധമില്ലെന്നു നാം കരുതുന്ന സന്യാസിമാരെ നിമിഷമാത്രയില്‍ പ്രണയിച്ചു വശാകുന്ന സുന്ദരിമാരെ കാണാം. സുന്ദരിമാരുടെ തലയില്‍ കാര്യമായി ഒന്നുമില്ലാത്തതാണോ അവരെ തൃപ്തിപ്പെടുത്താന്‍ തക്ക കോപ്പ് ഈ കാഷായധാരികളുടെ കയ്യിലുളളതാണോ കാര്യം എന്ന് അത്ര വ്യക്തമല്ല.
         തമിഴ്‌നാട്ടില്‍ ഒരു നിത്യാനന്ദന്‍ ചില സിനിമാ താരങ്ങളുമായി രമിച്ചത്രേ. അദ്ഭുതപ്പെടാനെന്തിരിക്കുന്നു. പേരുകൊണ്ടു തന്നെ അയാള്‍ അവകാശപ്പെടുന്നത് നിത്യവും ആനന്ദം കാംക്ഷിക്കുന്നവനാണ് താനെന്നാണ്. അവളുമാരോ (ആരാണെന്ന് അത്ര വ്യക്തമല്ലെങ്കിലും) രസിപ്പിക്കാന്‍ ഒരുമ്പെട്ടിറങ്ങിയവള്‍ രഞ്ജിനിയും,രാഗമാകുന്ന അമൃതം നിറഞ്ഞു തുളുമ്പി നില്‍ക്കുന്നവള്‍ രാഗസുധയുമാണ്. നിത്യാനന്ദന്‍ രഞ്ജിനിയുടെ രസം നുകരുകയും രാഗസുധയുടെ അമൃതം പാനം ചെയ്യുകയും ചെയ്യുന്നത് ചരിത്രബോധമുളളവര്‍ക്ക് അതിശയോക്തിപരമല്ല; ചരിത്രത്തിന്റെ ആവര്‍ത്തനമാണ്. ഏതു സന്യാസിക്കും നിമിഷാര്‍ദ്ധം കൊണ്ട് ചെറ്റയാകാം; ഏതു ചെറ്റയ്ക്കും സന്യാസിയാണെന്ന് പറഞ്ഞു കബളിപ്പിക്കാം. മറ്റുളളവരുടെ രതിപരാക്രമങ്ങള്‍ ഇന്ത്യാക്കാരെ അതികൗതുകമുളളവരാക്കിത്തീര്‍ക്കുന്നു. ഒളിഞ്ഞു നോട്ടമാണ് ഇവിടുത്തെ അംഗീകൃത നോട്ടം. സുന്ദരിയായ യുവതിയെക്കണ്ടാല്‍ നോക്കുന്നവനെ ഇവിടെ സ്ത്രീജിതനാക്കിക്കളയും. അവളെ ഒളിഞ്ഞുനോക്കുകയും തരം കിട്ടിയാല്‍ ബലാല്‍ക്കാരം ചെയ്യുന്നവരുമാണ് ഈ വിധികര്‍ത്താക്കളെന്നു മാത്രം.  

2010, മാർച്ച് 1, തിങ്കളാഴ്‌ച

ഹോളി കേ പീഛേ ക്യാ ഹേ?

           മലയാളസിനിമയിലെ മാലിന്യങ്ങള്‍ പരസ്പരം വലിച്ചെറിഞ്ഞ് ബീഹാറിലെപ്പോലെ ചിലര്‍ ഹോളികളിക്കാന്‍ തുടങ്ങിയിട്ട് കുറെ ദിവസങ്ങളായി. ഇന്ത്യയിലെ ആത്മീയതയുടെയും ഭൗതികതയുടെയും ദാരിദ്ര്യത്തിന്റെ നാടാണ് ബീഹാര്‍. മഗധ, പാടലീപുത്രം, നാളന്ദ, തക്ഷശില തുടങ്ങിയ ചരിത്രപ്രസിദ്ധ സഥലങ്ങള്‍ ഇന്ത്യയുടെ മാനബിംബങ്ങളായിരുന്നുവെങ്കിലും കഴിഞ്ഞ കുറെക്കാലമായി പട്‌ന ആഗോള ബീഹാറികളുടെ തലസ്ഥാനമാണല്ലോ? സര്‍ക്കാര്‍ വകയായോ സ്വകാര്യ വകയായോ ബസ് സര്‍വീസ് ഇല്ലാത്ത നഗരമായിരുന്നു പട്‌ന. ഓട്ടോയും സൈക്കിള്‍ റിക്ഷയും കുതിരവണ്ടിയുമായിരുന്നു അവിടുത്തെ യാനശകടങ്ങള്‍. ട്രെയിന്‍ യാത്ര സാധാരണക്കാര്‍ക്ക് സൗജന്യമാണ്. (ബീഹാറികള്‍ ടിക്കറ്റെടുത്ത കാലം കേട്ടുകേള്‍വിപോലുമില്ല) മാലിന്യ നഗരമായ പട്‌നയില്‍ നാടിന്റെ ബ്രാന്റ് അംബാസഡര്‍മാര്‍ തെരുവിലെ അഴുക്കുചാലുകളില്‍ പുളച്ചുമദിക്കുന്ന തെരുവുപന്നികളായിരുന്നു. ബീഹാറികള്‍ ഒരു വലിയ ലാത്തിയുമായി വന്ന് ഏതെങ്കിലും പന്നിയുടെ തലയ്ക്ക് ഒന്നു കൊടുക്കും. പിടഞ്ഞു വീഴുന്ന അതിന്റെ കാലുകള്‍ തമ്മില്‍ കൂട്ടിക്കെട്ടി അതിനിടയിലൂടെ മുളവടി കയറ്റി രണ്ടുപേര്‍ തോളില്‍ വച്ചുകൊണ്ട് പോകും. ബീഹാറികളുടെ ആഘോഷം ഇങ്ങനെയാണ്. ഹോളിദിവസം കളര്‍ വെളളം ചീറ്റിക്കുകയോ വര്‍ണപ്പൊടി വാരി വിതറുകയോ അല്ല ബീഹാറികള്‍ ചെയ്യുക; പട്‌നയുടെ അഴുക്കുചാലുകളിലെ ചെളിവാരിപ്പൂശും. ആര്‍ക്കും എതിര്‍പ്പു പ്രകടിപ്പിക്കാന്‍ സാദ്ധ്യമല്ല. പടക്കം പൊട്ടിക്കുന്നതിനിടയില്‍ ചിലപ്പോള്‍ ശത്രുക്കളുടെ നേരെ ബോംബും പൊട്ടിച്ചെന്നു വരും. മാന്യന്‍മാര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കയാണെന്നു വിചാരിച്ച് മുറിക്കകത്തിരുന്നു കൊളളണം.
           ഈ സ്ഥിതിയാണ് ഇപ്പോള്‍ മലയാളസിനിമയില്‍. മലവും മാലിന്യങ്ങളുമാണ് താരങ്ങളെന്നു ചിലരെങ്കിലും വിചാരിച്ചിരിക്കുന്നവര്‍ വലിച്ചെറിയുന്നത്. സ്വന്തം ആഘോഷങ്ങള്‍ക്ക് രുചിപകരാന്‍ ഇവര്‍ എപ്പോഴാണ് ലാത്തിയുമായി വരികയെന്നറിഞ്ഞുകൂടാ. ഇങ്ങനെയൊരിക്കല്‍ തിലകന്‍ ജാതിക്കാര്‍ഡുമായി പുറപ്പെട്ടു. ഏല്‍ക്കാതെ വന്നപ്പോള്‍ നെടുമുടിയുടെ തലയ്‌ക്കൊന്നു കൊടുത്തു. ബോധം കെടാതിരുന്നതുകൊണ്ട് അങ്ങേരു രക്ഷപ്പെട്ടു. തിലകന്‍ ഭേദപ്പെട്ട നടനാണെങ്കിലും സ്വഭാവം കൊണ്ടും പെരുമാററം കൊണ്ടും അസഹനീയമായ ഒരു വ്യക്തിത്വമാണെന്നാണ് സിനിമയുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. ഷമ്മി തിലകന്‍ ഇക്കാര്യത്തില്‍ തിലകന്റെ അപ്പൂപ്പനാണെന്നും പറഞ്ഞു കേള്‍ക്കുന്നു. ആദ്യത്തെ റൗണ്ട് വെടികള്‍ തിലകന് അവമതിപ്പുണ്ടാക്കാനേ ഉപകരിച്ചുളളൂ.
എന്നാല്‍ രണ്ടാം റൗണ്ടിലെത്തിയപ്പോള്‍ പ്രാമാണികനായ ഒരു തീയ്യന്‍ ചാടി വീണു. മലവും മാലിന്യങ്ങളും ചാണകവരളി പോലെ ഉണക്കിയെടുത്ത് അദ്ദേഹം എറിഞ്ഞു. ചിലര്‍ക്കൊക്കെ വേദനിച്ചു. ഇയ്യാള്‍ക്കെന്താണ് സിനിമയില്‍ കാര്യം എന്നു ചോദിച്ചുകൊണ്ട് ചിലര്‍ രംഗത്തെത്തി. ഈ വരളിയേറാണ് ചിലരുടെ മുഖംമൂടി അഴിഞ്ഞു വീഴാന്‍ ഇടയായത്. ഇന്നസെന്റ് വളരെ ഇന്നസെന്റായ ഒരു വ്യക്തിയായിരിക്കും എന്നാണ് സിനിമകാണുന്നവര്‍ ഇതുവരെ ധരിച്ചിരുന്നത്. അഴീക്കോടിനെതിരെയുളള ചില പരാമര്‍ശങ്ങള്‍ ഇന്നസെന്റിന്റെ ചെമ്പു തെളിയാനിടയാക്കി. തത്വമസി എന്നൊരു പുസ്തകം അങ്ങേരെഴുതി എന്നാത്രേ പറയുന്നത്. തനിക്കൊന്നും വായിച്ചിട്ടു മനസിലായില്ല. ഇങ്ങനെയൊരുത്തനെയാണോ കൂലിക്കു പ്രസംഗിക്കാന്‍ നാട്ടുകാരു മുഴുവന്‍ വിളിച്ചു കൊണ്ടുപോകുന്നത് എന്നാണ് ഇന്നന്‍ ചോദിക്കുന്നത്. സത്യത്തില്‍ തത്വമസി ഇന്നസെന്റിനു മനസിലായിരുന്നെങ്കില്‍ അഴിക്കോട് എഴുത്തും പ്രസംഗവും നിര്‍ത്തുകയായിരുന്നു ഭേദം.
           മോഹന്‍ലാല്‍ എന്ന നടനും മമ്മൂട്ടി എന്ന നടനും സിദ്ധിയും സാധനയും ഒത്തു ചേര്‍ന്നവരാണെങ്കിലും തീരെ ചെറിയ മനുഷ്യരാണെന്ന് വിവാദങ്ങള്‍ വെളിവാക്കിക്കൊണ്ടിരിക്കുന്നു. മലയാളസിനിമയില്‍ ജാതി വളരെ ശക്തമായ സാന്നിദ്ധ്യം ചെലുത്തുന്നുണ്ട്. ആദ്യകാലങ്ങളില്‍ പ്രമേയങ്ങളിലും ദൃശ്യങ്ങളിലും ആവിഷ്‌കാരത്തിലുമായിരുന്നു വരേണ്യ ഹിന്ദുത്വത്തിന്റെ നിഴലാട്ടങ്ങളെങ്കില്‍ പിന്നീട് നടീനടന്‍മാരെ തെരഞ്ഞടുക്കുന്നതിലും അത് പ്രകടമായി. സ്വയം ഒരു പ്രസ്ഥാനമായി നിലനില്‍ക്കുന്നതിന് ഏതു ചെറ്റത്തരവും കാണിക്കുവാന്‍ താരങ്ങള്‍ തയ്യാറായി. കേരളത്തില്‍ കൈരളി ചാനല്‍ ആരംഭിക്കുമ്പോള്‍ മമ്മൂട്ടി ചെയര്‍മാനും മോഹന്‍ലാല്‍ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായാണ് ഉദ്ഘാടനം നടന്നത്. മോഹന്‍ലാലിന്റെ ഒരു ആരാധകന്‍ പയ്യന്‍ അക്കാലത്ത് ഒരുനാലാകിട പത്രത്തില്‍ എഴുതിയിരുന്ന ആളിനോട് തന്റെ മനോവിഷമം പങ്കുവെച്ചു. ഹിന്ദുമനോഭാവമുളള ലാല്‍ കൈരളി ചാനലില്‍ ചേര്‍ന്നത് തീരെ ശരിയായില്ല എന്നായിരുന്നു പയ്യന്റെ പക്ഷം. നമുക്കു നോക്കാം എന്ന് എഴുത്തുകാരന്‍. ഏതാനും നാള്‍ കഴിഞ്ഞപ്പോള്‍ മഞ്ഞപ്പത്രത്തില്‍ ഒരു ലീഡു വാര്‍ത്ത വന്നു.'' കൈരളി ചാനലില്‍ നിന്നും രാജി വെക്കാന്‍ മോഹന്‍ലാലിനു മേല്‍ ആര്‍.എസ്. എസ്. സമ്മര്‍ദ്ദം.'' അധികാരത്തിലിരുന്ന ഗവണ്‍മെന്റിന്റെ സമ്മര്‍ദ്ദം സഹിക്കവയ്യാതെയാണ് ലാല്‍ ഡയറക്ടര്‍ബോര്‍ഡില്‍ അംഗമായതെന്ന് ഏവര്‍ക്കും വ്യക്തമായിരുന്നു. പത്രത്തിന്റെ അനന്തസാധ്യതകളിന്‍മേല്‍ ഒരു പരീക്ഷണം നടത്തുകയായിരുന്നു ലേഖകന്‍. ഈ വാര്‍ത്ത കണ്ടിട്ടു വേണം കേന്ദ്രത്തില്‍ അധികാരത്തിലുളള ബി.ജെ.പി.ക്കാര്‍ മോഹന്‍ലാലിനെക്കണ്ടു സമ്മര്‍ദ്ദം ചെലുത്താന്‍! അന്തര്‍നാടകങ്ങളെന്തായിരുന്നാലും വാര്‍ത്ത വന്ന് ഒരു മാസത്തിനകം ലാല്‍ കൈരളി ചാനലില്‍ നിന്നും രാജിവെച്ചു. അധികം താമസിയാതെ നടന്ന ദേശീയ സിനിമാ അവാര്‍ഡുനിര്‍ണയത്തില്‍ മോഹന്‍ലാലിന് ഭരത് പുരസ്‌കാരം ലഭിച്ചു. ലഭിച്ചതോ കോപ്പിയുടെ കോപ്പിയായ വാനപ്രസ്ഥം എന്ന സിനിമയ്ക്ക്. മാടമ്പു കുഞ്ഞുകുട്ടന്‍ കഥയെഴുതിയ ഭ്രഷ്ട് എന്ന സിനിമയില്‍ താത്രിക്കുട്ടി എന്ന കഥാപാത്രം, വേഷത്തോടുകൂടി ഒരു കഥകളി കലാകാരനെ വിളിച്ചു വരുത്തി രമിച്ചതായി ആരോപിച്ച് സ്മാര്‍ത്ത വിചാരം ചെയ്യുന്നണ്ട്. എം.ടി തിരക്കഥയെഴുതിയ പരിണയം എന്ന സിനിമയില്‍ വിനീതും മോഹിനിയും ഈ കഥാപാത്രങ്ങളെത്തന്നെ വീണ്ടും അവതരിപ്പിച്ചിട്ടുണ്ട്. ഈ കഥാപാത്രങ്ങളെത്തന്നെ വീണ്ടും ലാലും സുഹാസിനിയും അവത്രിപ്പിച്ച സിനിമയാണ് പറയത്തക്ക മേന്‍മയൊന്നും അവകാശപ്പെടാനില്ലാത്ത വാനപ്രസ്ഥം. ലാലിന്റെ രാജിയും അവാര്‍ഡ്് ലഭ്യതയും തമ്മില്‍് പരസ്പരബന്ധം ഉണ്ടെങ്കില്‍ ജാതിയാണ് മലയാളസിനിമയിലെ നായകനും വില്ലനും.