2010, മാർച്ച് 1, തിങ്കളാഴ്‌ച

ഹോളി കേ പീഛേ ക്യാ ഹേ?

           മലയാളസിനിമയിലെ മാലിന്യങ്ങള്‍ പരസ്പരം വലിച്ചെറിഞ്ഞ് ബീഹാറിലെപ്പോലെ ചിലര്‍ ഹോളികളിക്കാന്‍ തുടങ്ങിയിട്ട് കുറെ ദിവസങ്ങളായി. ഇന്ത്യയിലെ ആത്മീയതയുടെയും ഭൗതികതയുടെയും ദാരിദ്ര്യത്തിന്റെ നാടാണ് ബീഹാര്‍. മഗധ, പാടലീപുത്രം, നാളന്ദ, തക്ഷശില തുടങ്ങിയ ചരിത്രപ്രസിദ്ധ സഥലങ്ങള്‍ ഇന്ത്യയുടെ മാനബിംബങ്ങളായിരുന്നുവെങ്കിലും കഴിഞ്ഞ കുറെക്കാലമായി പട്‌ന ആഗോള ബീഹാറികളുടെ തലസ്ഥാനമാണല്ലോ? സര്‍ക്കാര്‍ വകയായോ സ്വകാര്യ വകയായോ ബസ് സര്‍വീസ് ഇല്ലാത്ത നഗരമായിരുന്നു പട്‌ന. ഓട്ടോയും സൈക്കിള്‍ റിക്ഷയും കുതിരവണ്ടിയുമായിരുന്നു അവിടുത്തെ യാനശകടങ്ങള്‍. ട്രെയിന്‍ യാത്ര സാധാരണക്കാര്‍ക്ക് സൗജന്യമാണ്. (ബീഹാറികള്‍ ടിക്കറ്റെടുത്ത കാലം കേട്ടുകേള്‍വിപോലുമില്ല) മാലിന്യ നഗരമായ പട്‌നയില്‍ നാടിന്റെ ബ്രാന്റ് അംബാസഡര്‍മാര്‍ തെരുവിലെ അഴുക്കുചാലുകളില്‍ പുളച്ചുമദിക്കുന്ന തെരുവുപന്നികളായിരുന്നു. ബീഹാറികള്‍ ഒരു വലിയ ലാത്തിയുമായി വന്ന് ഏതെങ്കിലും പന്നിയുടെ തലയ്ക്ക് ഒന്നു കൊടുക്കും. പിടഞ്ഞു വീഴുന്ന അതിന്റെ കാലുകള്‍ തമ്മില്‍ കൂട്ടിക്കെട്ടി അതിനിടയിലൂടെ മുളവടി കയറ്റി രണ്ടുപേര്‍ തോളില്‍ വച്ചുകൊണ്ട് പോകും. ബീഹാറികളുടെ ആഘോഷം ഇങ്ങനെയാണ്. ഹോളിദിവസം കളര്‍ വെളളം ചീറ്റിക്കുകയോ വര്‍ണപ്പൊടി വാരി വിതറുകയോ അല്ല ബീഹാറികള്‍ ചെയ്യുക; പട്‌നയുടെ അഴുക്കുചാലുകളിലെ ചെളിവാരിപ്പൂശും. ആര്‍ക്കും എതിര്‍പ്പു പ്രകടിപ്പിക്കാന്‍ സാദ്ധ്യമല്ല. പടക്കം പൊട്ടിക്കുന്നതിനിടയില്‍ ചിലപ്പോള്‍ ശത്രുക്കളുടെ നേരെ ബോംബും പൊട്ടിച്ചെന്നു വരും. മാന്യന്‍മാര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കയാണെന്നു വിചാരിച്ച് മുറിക്കകത്തിരുന്നു കൊളളണം.
           ഈ സ്ഥിതിയാണ് ഇപ്പോള്‍ മലയാളസിനിമയില്‍. മലവും മാലിന്യങ്ങളുമാണ് താരങ്ങളെന്നു ചിലരെങ്കിലും വിചാരിച്ചിരിക്കുന്നവര്‍ വലിച്ചെറിയുന്നത്. സ്വന്തം ആഘോഷങ്ങള്‍ക്ക് രുചിപകരാന്‍ ഇവര്‍ എപ്പോഴാണ് ലാത്തിയുമായി വരികയെന്നറിഞ്ഞുകൂടാ. ഇങ്ങനെയൊരിക്കല്‍ തിലകന്‍ ജാതിക്കാര്‍ഡുമായി പുറപ്പെട്ടു. ഏല്‍ക്കാതെ വന്നപ്പോള്‍ നെടുമുടിയുടെ തലയ്‌ക്കൊന്നു കൊടുത്തു. ബോധം കെടാതിരുന്നതുകൊണ്ട് അങ്ങേരു രക്ഷപ്പെട്ടു. തിലകന്‍ ഭേദപ്പെട്ട നടനാണെങ്കിലും സ്വഭാവം കൊണ്ടും പെരുമാററം കൊണ്ടും അസഹനീയമായ ഒരു വ്യക്തിത്വമാണെന്നാണ് സിനിമയുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. ഷമ്മി തിലകന്‍ ഇക്കാര്യത്തില്‍ തിലകന്റെ അപ്പൂപ്പനാണെന്നും പറഞ്ഞു കേള്‍ക്കുന്നു. ആദ്യത്തെ റൗണ്ട് വെടികള്‍ തിലകന് അവമതിപ്പുണ്ടാക്കാനേ ഉപകരിച്ചുളളൂ.
എന്നാല്‍ രണ്ടാം റൗണ്ടിലെത്തിയപ്പോള്‍ പ്രാമാണികനായ ഒരു തീയ്യന്‍ ചാടി വീണു. മലവും മാലിന്യങ്ങളും ചാണകവരളി പോലെ ഉണക്കിയെടുത്ത് അദ്ദേഹം എറിഞ്ഞു. ചിലര്‍ക്കൊക്കെ വേദനിച്ചു. ഇയ്യാള്‍ക്കെന്താണ് സിനിമയില്‍ കാര്യം എന്നു ചോദിച്ചുകൊണ്ട് ചിലര്‍ രംഗത്തെത്തി. ഈ വരളിയേറാണ് ചിലരുടെ മുഖംമൂടി അഴിഞ്ഞു വീഴാന്‍ ഇടയായത്. ഇന്നസെന്റ് വളരെ ഇന്നസെന്റായ ഒരു വ്യക്തിയായിരിക്കും എന്നാണ് സിനിമകാണുന്നവര്‍ ഇതുവരെ ധരിച്ചിരുന്നത്. അഴീക്കോടിനെതിരെയുളള ചില പരാമര്‍ശങ്ങള്‍ ഇന്നസെന്റിന്റെ ചെമ്പു തെളിയാനിടയാക്കി. തത്വമസി എന്നൊരു പുസ്തകം അങ്ങേരെഴുതി എന്നാത്രേ പറയുന്നത്. തനിക്കൊന്നും വായിച്ചിട്ടു മനസിലായില്ല. ഇങ്ങനെയൊരുത്തനെയാണോ കൂലിക്കു പ്രസംഗിക്കാന്‍ നാട്ടുകാരു മുഴുവന്‍ വിളിച്ചു കൊണ്ടുപോകുന്നത് എന്നാണ് ഇന്നന്‍ ചോദിക്കുന്നത്. സത്യത്തില്‍ തത്വമസി ഇന്നസെന്റിനു മനസിലായിരുന്നെങ്കില്‍ അഴിക്കോട് എഴുത്തും പ്രസംഗവും നിര്‍ത്തുകയായിരുന്നു ഭേദം.
           മോഹന്‍ലാല്‍ എന്ന നടനും മമ്മൂട്ടി എന്ന നടനും സിദ്ധിയും സാധനയും ഒത്തു ചേര്‍ന്നവരാണെങ്കിലും തീരെ ചെറിയ മനുഷ്യരാണെന്ന് വിവാദങ്ങള്‍ വെളിവാക്കിക്കൊണ്ടിരിക്കുന്നു. മലയാളസിനിമയില്‍ ജാതി വളരെ ശക്തമായ സാന്നിദ്ധ്യം ചെലുത്തുന്നുണ്ട്. ആദ്യകാലങ്ങളില്‍ പ്രമേയങ്ങളിലും ദൃശ്യങ്ങളിലും ആവിഷ്‌കാരത്തിലുമായിരുന്നു വരേണ്യ ഹിന്ദുത്വത്തിന്റെ നിഴലാട്ടങ്ങളെങ്കില്‍ പിന്നീട് നടീനടന്‍മാരെ തെരഞ്ഞടുക്കുന്നതിലും അത് പ്രകടമായി. സ്വയം ഒരു പ്രസ്ഥാനമായി നിലനില്‍ക്കുന്നതിന് ഏതു ചെറ്റത്തരവും കാണിക്കുവാന്‍ താരങ്ങള്‍ തയ്യാറായി. കേരളത്തില്‍ കൈരളി ചാനല്‍ ആരംഭിക്കുമ്പോള്‍ മമ്മൂട്ടി ചെയര്‍മാനും മോഹന്‍ലാല്‍ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായാണ് ഉദ്ഘാടനം നടന്നത്. മോഹന്‍ലാലിന്റെ ഒരു ആരാധകന്‍ പയ്യന്‍ അക്കാലത്ത് ഒരുനാലാകിട പത്രത്തില്‍ എഴുതിയിരുന്ന ആളിനോട് തന്റെ മനോവിഷമം പങ്കുവെച്ചു. ഹിന്ദുമനോഭാവമുളള ലാല്‍ കൈരളി ചാനലില്‍ ചേര്‍ന്നത് തീരെ ശരിയായില്ല എന്നായിരുന്നു പയ്യന്റെ പക്ഷം. നമുക്കു നോക്കാം എന്ന് എഴുത്തുകാരന്‍. ഏതാനും നാള്‍ കഴിഞ്ഞപ്പോള്‍ മഞ്ഞപ്പത്രത്തില്‍ ഒരു ലീഡു വാര്‍ത്ത വന്നു.'' കൈരളി ചാനലില്‍ നിന്നും രാജി വെക്കാന്‍ മോഹന്‍ലാലിനു മേല്‍ ആര്‍.എസ്. എസ്. സമ്മര്‍ദ്ദം.'' അധികാരത്തിലിരുന്ന ഗവണ്‍മെന്റിന്റെ സമ്മര്‍ദ്ദം സഹിക്കവയ്യാതെയാണ് ലാല്‍ ഡയറക്ടര്‍ബോര്‍ഡില്‍ അംഗമായതെന്ന് ഏവര്‍ക്കും വ്യക്തമായിരുന്നു. പത്രത്തിന്റെ അനന്തസാധ്യതകളിന്‍മേല്‍ ഒരു പരീക്ഷണം നടത്തുകയായിരുന്നു ലേഖകന്‍. ഈ വാര്‍ത്ത കണ്ടിട്ടു വേണം കേന്ദ്രത്തില്‍ അധികാരത്തിലുളള ബി.ജെ.പി.ക്കാര്‍ മോഹന്‍ലാലിനെക്കണ്ടു സമ്മര്‍ദ്ദം ചെലുത്താന്‍! അന്തര്‍നാടകങ്ങളെന്തായിരുന്നാലും വാര്‍ത്ത വന്ന് ഒരു മാസത്തിനകം ലാല്‍ കൈരളി ചാനലില്‍ നിന്നും രാജിവെച്ചു. അധികം താമസിയാതെ നടന്ന ദേശീയ സിനിമാ അവാര്‍ഡുനിര്‍ണയത്തില്‍ മോഹന്‍ലാലിന് ഭരത് പുരസ്‌കാരം ലഭിച്ചു. ലഭിച്ചതോ കോപ്പിയുടെ കോപ്പിയായ വാനപ്രസ്ഥം എന്ന സിനിമയ്ക്ക്. മാടമ്പു കുഞ്ഞുകുട്ടന്‍ കഥയെഴുതിയ ഭ്രഷ്ട് എന്ന സിനിമയില്‍ താത്രിക്കുട്ടി എന്ന കഥാപാത്രം, വേഷത്തോടുകൂടി ഒരു കഥകളി കലാകാരനെ വിളിച്ചു വരുത്തി രമിച്ചതായി ആരോപിച്ച് സ്മാര്‍ത്ത വിചാരം ചെയ്യുന്നണ്ട്. എം.ടി തിരക്കഥയെഴുതിയ പരിണയം എന്ന സിനിമയില്‍ വിനീതും മോഹിനിയും ഈ കഥാപാത്രങ്ങളെത്തന്നെ വീണ്ടും അവതരിപ്പിച്ചിട്ടുണ്ട്. ഈ കഥാപാത്രങ്ങളെത്തന്നെ വീണ്ടും ലാലും സുഹാസിനിയും അവത്രിപ്പിച്ച സിനിമയാണ് പറയത്തക്ക മേന്‍മയൊന്നും അവകാശപ്പെടാനില്ലാത്ത വാനപ്രസ്ഥം. ലാലിന്റെ രാജിയും അവാര്‍ഡ്് ലഭ്യതയും തമ്മില്‍് പരസ്പരബന്ധം ഉണ്ടെങ്കില്‍ ജാതിയാണ് മലയാളസിനിമയിലെ നായകനും വില്ലനും.

1 അഭിപ്രായം:

  1. പ്രകാശേ,
    ജാതി ഭരിക്കാന്‍ തൊടങ്ങീട്ട് ശ്ശീ കാലായി. പിന്നെ പോരാത്തതിന്‌ നടന്മ്മാര്‍ തന്നെ അവരുടെ ഫാന്‍സിലൂടെ നടത്തുന്ന ലോബിയും.

    മറുപടിഇല്ലാതാക്കൂ