2011, ഓഗസ്റ്റ് 16, ചൊവ്വാഴ്ച

ഹസാരെ ആരുമാകട്ടെ അഴിമതിക്കെതിരെ ശബ്ദമുയര്‍ത്തുക


കോണ്‍ഗ്രസ് പരമ ചെറ്റകളുടെ കൂടാരമാണെന്ന് ഹസാരെയുടെ അറസ്റ്റിലൂടെ തെളിയിച്ചിരിക്കുന്നു. അദ്ദേഹത്തിനെതിരെ അഴിമതി ആരോപണം ഉന്നയിക്കുക കൂടി ചെയ്തതോടെ അധികാരം നിലനിര്‍ത്താന്‍ ഏത് നാലാം കിട പണിയും അവര്‍ ചെയ്യുമെന്നും നമ്മെ ബോധ്യപ്പെടുത്തി. ലോകമെങ്ങും അടിച്ചമര്‍ത്തലുകള്‍ക്കെതിരെ ഉയിര്‍ത്തെഴുന്നേല്‍ക്കുമ്പോള്‍ നമുക്കും ഉണരേണ്ടെ? ദാസ്യപൈതൃകം പേറുന്ന താടിക്കാരന്‍ മരപ്പാവയെ വീട്ടിലേക്കും മദാമ്മയെ ഇറ്റലിക്കും പറഞ്ഞയക്കേണ്ട സമയമായി. പാര്‍ലമെന്റിനെ നോക്കുകുത്തിയാക്കുകയാണത്രെ. മൂന്നിലൊന്ന് അംഗങ്ങള്‍ ക്രിമിനലുകളും മൂന്നിലൊന്ന് ശതകോടീശ്വരന്‍മാരും സ്ഥാനം കയ്യടക്കിയിരിക്കുന്ന പാര്‍ലമെന്റ് ആരുടെ താത്പര്യമാണ് സംരക്ഷിക്കുന്നതെന്ന് അറിയാന്‍ പാഴൂര്‍ പടിപ്പുരയ്ക്കലൊന്നും പോകേണ്ട കാര്യമില്ലല്ലോ? അണ്ണാ ഹസാരെയുടെ ജീവചരിത്രം ചെങ്ങന്നൂരിലെ ഒരു പുതിയ പ്രസിദ്ധീകരണശാല -ശാരദാപ്രകാശന്‍- പ്രസിദ്ധീകരിച്ചു.  ഫോണ്‍-മനോജ്കുമാര്‍-94470 85673


2011, ഓഗസ്റ്റ് 9, ചൊവ്വാഴ്ച

ആണുങ്ങളിരുന്ന കസേരയില്‍ അയോഗ്യന്‍


ഇക്കഴിഞ്ഞ ജൂണ്‍ 25ന് കേരള കലാമണ്ഡലം കല്‍പ്പിത സര്‍വകലാശാലയുടെ വൈസ് ചാന്‍സലറുടെ അധിക ചുമതല ആറന്‍മുള വാസ്തുവിദ്യാ ഗുരുകുലം ഡയറക്ടര്‍ പി.എന്‍. സുരേഷിനു നല്‍കി ഉത്തരവിട്ടതായി പത്രക്കുറിപ്പ് കണ്ടു. ഈ നടപടി താഴെ പറയുന്ന കാരണങ്ങളാല്‍ കേരളത്തിനു തന്നെ അപമാനമാണ്.
1. ലോകശ്രദ്ധയില്‍ വരുന്ന കലാമണ്ഡലം സര്‍വകലാശാലയുടെ വൈസ് ചാന്‍സലറാകാനുള്ള വിദ്യാഭ്യാസ യോഗ്യത ടി. സുരേഷിനില്ല. മഹാകവി വള്ളത്തോള്‍ മുതല്‍ സാംസ്‌കാരികമേഖലയുമായി ബന്ധമുള്ള അതികായന്‍മാര്‍ നേതൃത്വം നല്‍കിയ സ്ഥാപനം സര്‍വകലാശാലയാകുമ്പോള്‍ പി.ജി. ബിരുദത്തിനു പകരം ഡോക്ടറല്‍ ബിരുദമുള്ളയാളെ വി.സി.യാക്കണം.
2. ടി. സുരേഷ് ഒരു ആശാന്‍ പള്ളിക്കൂടത്തില്‍ പോലും പഠിപ്പിച്ചു പരിചയമുള്ളയാളല്ല. പഠിപ്പിക്കുന്നതിനുള്ള യോഗ്യതയും നേടിയിട്ടില്ല. കലാശാലയില്‍ പഠിപ്പിച്ചു പരിചയമുള്ളയാളായിരിക്കണം സര്‍വകലാശാലയുടെ വൈസ്ചാന്‍സലര്‍. കലാമണ്ഡലത്തില്‍ നിന്നും ബിരുദവും ബിരുദാനന്തരബിരുദവും നേടി പുറത്തു വരുന്ന വിദ്യാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റില്‍ ഒപ്പിടുന്ന ആളെപ്പറ്റി അവര്‍ക്ക് അവമാനം തോന്നാനിടയാകരുത്.
3. ടി. സുരേഷിന് കലാമണ്ഡലത്തില്‍ പഠിപ്പിക്കുന്ന കഥകളി, സംഗീതം, നൃത്തം, കൂടിയാട്ടം തുടങ്ങിയ കലകളുമായി പുലബന്ധം പോലുമില്ല.
4. കലാമണ്ഡലത്തെ കല്‍പ്പിത സര്‍വകലാശാലയാക്കുന്നതിന് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ നിയമിച്ച സ്‌പെഷ്യല്‍ ഓഫീസറെ ഉന്നതമായ വൈസ് ചാന്‍സലര്‍ പദവിയില്‍ നിയോഗിച്ചത് പേറെടുക്കാന്‍ പോയ പതിച്ചി ഇരട്ട പെറ്റതുപോലെയായി.
5. കഴിഞ്ഞ നായനാര്‍ ഗവണ്‍മെന്റിന്റെ കാലത്ത് ആറുമാസ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് നടത്താന്‍ സ്ഥാപിച്ച ആറന്‍മുള വാസ്തുവിദ്യാ ഗുരുകുലത്തിന്റെ ഡയറക്ടറാകാന്‍ ടി. സുരേഷിന് വാസ്തുവിദ്യയില്‍ ഒരു പരിജ്ഞാനവുമില്ല എന്ന യോഗ്യത കൂടാതെ ഡി.വൈ.എഫ്.ഐ ക്കാരനാണെന്നതേ യോഗ്യതയുണ്ടായിരുന്നുള്ളൂ. ആധ്യാത്മികതയുടെ വളര്‍ച്ചയും കാണിപ്പയ്യൂര്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാട് തുടങ്ങിയ പ്രഗത്ഭമതികളുടെ നേതൃത്വവുമാണ് വാസ്തുവിദ്യാഗുരുകുലത്തെ പ്രശസ്തമാക്കിയത്.
6. മുന്‍ മന്ത്രി എം.എ. ബേബിയുടെ ആഫീസിലും കോണ്‍ഗ്രസ് നേതാക്കന്‍മാരുടെയടുത്തും എന്‍.എസ്.എസ്. ആസ്ഥാനത്തും പ്രത്യക്ഷപ്പെടുന്ന ഈ ഉഭയജീവിയെ അയോഗ്യനായിട്ടും ചുമക്കേണ്ട ആവശ്യം കലാമണ്ഡലത്തിനോ കേരളീയ സമൂഹത്തിനോ ഇല്ല. വിശ്വഭാരതി, അമൃത തുടങ്ങിയ കല്‍പ്പിത സര്‍വകലാശാലകളുടെ വിസി സ്ഥാനത്ത് യോഗ്യന്‍മാര്‍ ഇരിക്കുമ്പോള്‍ കലാമണ്ഡലത്തില്‍ അയോഗ്യനായ ഒരാളെ നിയമിച്ചത് യുഡിഎഫ് ഗവണ്‍മെന്റിന്റെ നഗ്നമായ അധികാരദുര്‍വിനിയോഗമാണ്.

2011, ഏപ്രിൽ 14, വ്യാഴാഴ്‌ച

വിഷു ആശംസകള്‍


           എല്ലാ ദേശങ്ങളിലും മലയാളി സ്വത്വം കൈവിടാതെ ഗൃഹാതുരത്വവുമായി കഴിയുന്ന പ്രിയ സ്‌നേഹിതര്‍ക്ക് എന്റെ സ്‌നേഹം നിറഞ്ഞ വിഷു ആശംസകള്‍.
           രാവും പകലും തുല്യമായി വരുന്ന ദിവസമാണ് വിഷു. അശ്വതി ഞാറ്റുവേല ആരംഭിക്കുന്ന മേടവിഷു ദിവസമാണ് സൂര്യന്‍ കൃത്യമായി നേരേ കിഴക്കുദിക്കുന്നത്. ഉത്തരായനത്തിന്റെ മദ്ധ്യത്തിലാണ് മേടവിഷു. സൂര്യന്‍ ഉച്ചരാശിയായ മേടത്തില്‍ പ്രവേശിക്കുന്നത് മേടവിഷു സംക്രമത്തിലാണ്. സൂര്യന്‍ മേടം രാശിയില്‍ അത്യുച്ചത്തില്‍ എത്തുന്ന ദിവസമാണ് പത്താമുദയം. ഈ വര്‍ഷത്തെ വിഷുസംക്രമം മേടം1ന് (ഏപ്രില്‍14) വ്യാഴാഴ്ച ഉദയാല്‍പരം 16 നാഴിക 33 വിനാഴികയ്ക്ക്(12 മണി 59 മിനിറ്റ്)ആയതിനാല്‍ മേടം 2നാണ് വിഷു ആഘോഷിക്കുന്നത്. മിക്ക ക്ഷേത്രങ്ങളിലും വിഷുക്കണി ദര്‍ശനം ഉണ്ടായിരിക്കും.
           ഭവനങ്ങളില്‍ കണിവെയ്ക്കുമ്പോള്‍ അഷ്ടമംഗല്യം(താംബൂലമക്ഷതം ചൈവ ക്രമുകം ദാരുഭാജനം; അംബരം ദര്‍പ്പണം ഗ്രന്ഥം ദീപമിത്യഷ്ടമംഗലം.-വെറ്റില, അടയ്ക്ക, അക്ഷതം= നെല്ലും അരിയും, മരപ്പാത്രം= കുങ്കുമച്ചെപ്പ്, വസ്ത്രം, കണ്ണാടി, പുസ്തകം, ദീപം) സ്വര്‍ണം, നാണയം, നാളികേരം, ഫലവര്‍ഗങ്ങള്‍, മാങ്ങ, വെള്ളരിക്ക, ചക്ക, കൊന്നപ്പൂവ് എന്നിവയോടൊപ്പം ഇഷ്ടദൈവത്തിന്റെ ചിത്രം കൂടി വെയ്ക്കും.താലത്തിന്റെ ഏറ്റവും പിന്നില്‍ കണ്ണാടി വെയ്ക്കണം. മംഗലകരവും ഐശ്വര്യസമൃദ്ധവുമായ വസ്തുക്കള്‍ക്കിടെ തന്നെയും ഇഷ്ടദേവനെയും കാണുന്നത് വര്‍ഷം മുഴുവന്‍ സമൃദ്ധി നല്‍കും എന്നാണ് വിശ്വാസം. വിശ്വാസം അതല്ലേ എല്ലാം?

2011, മാർച്ച് 1, ചൊവ്വാഴ്ച

സ്ത്രീ പീഡനത്തില്‍ സ്ത്രീകളും മുന്നില്‍



ഇന്ത്യയിലെ മിക്ക നിയമങ്ങളുടെയും നിര്‍മ്മിതിയില്‍ ഇവിടുത്തെ സാമൂഹ്യ പരിതസ്ഥിതി കൂടി പരിഗണിച്ചിട്ടുണ്ട്. ജന്‍ഡര്‍ ജസ്റ്റിസ് ഇവിടെ തുല്യതയില്‍ അധിഷ്ഠിതമല്ല. സാമൂഹ്യമായും സാമ്പത്തികമായും ശാരീരികമായും അരക്ഷിതയാണ് ഇന്ത്യന്‍ സ്ത്രീ എന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ ദുര്‍ബലമായ ഭാഗം കൂടുതല്‍ സംരക്ഷിതമാകണമെന്ന കാഴ്ചപ്പാടോടെനിരവധി നിയമങ്ങളില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍, പരിഗണനകള്‍ നല്‍കിയിട്ടുണ്ട്.

ബലാല്‍സംഗങ്ങളും, പീഡനങ്ങളും മാധ്യമങ്ങള്‍ ആഘോഷിക്കുന്ന നിലയിലെത്തിയിരിക്കുന്നു. ഇതിന്റെ ഫലമായി പുരുഷനെ കാമാര്‍ത്തനായ ഒരു ജന്തുവായി സാമാന്യവല്‍ക്കരിക്കുന്ന ഒരു സമീപനം ഉയര്‍ന്നു വന്നിട്ടുണ്ട്. കേരളത്തിലെ ഒരു കോടിയിലധികം വരുന്ന ഒരു പൊതു സമൂഹത്തിലെ ഒറ്റപ്പെട്ട ചെറിയൊരു വിഭാഗത്തെ ദൃശ്യമാധ്യമങ്ങളിലും ലക്ഷക്കണക്കിന് പത്രത്താളുകളിലും പ്രതീകവല്‍ക്കരിച്ച് വരുമ്പോള്‍ ബഹുഭൂരിപക്ഷം വരുന്ന മാന്യ പുരുഷസമൂഹം സംശയവിധേയമാവുകയാണ്. മാധ്യമങ്ങളുടെ കിടമത്സരം ഒരു സമൂഹത്തെയാകെ ചാപ്പകുത്തുന്നതിനിടയാക്കുന്ന സാഹചര്യം സംജാതമാക്കുന്നു.

ഈ അവസരത്തിലാണ് ആലുവയിലെ യഥാര്‍ത്ഥ സ്ത്രീ പീഡനം പുറത്തു വരുന്നത്. മാതൃഭാവവും മണ്ണാങ്കട്ടയുമൊന്നും കുറ്റവാളിക്ക് ബാധകമല്ലെന്ന് വ്യക്തമായി. കാമുകനെ കൊന്ന് സ്യൂട്ട്‌കേസിലാക്കി ഉപേക്ഷിച്ച ഓമനഡോക്ടറും, കാരണവരെ വകവരുത്താന്‍ കൂട്ടുനിന്ന ഷെറിനും, ഭര്‍ത്താക്കന്‍മാരെ ആഘോഷിച്ച് നിയമത്തിന്റെ ആനുകൂല്യം മുതലാക്കി തട്ടിപ്പു നടത്തിയ ശാലിനിയും ആരെയും യുക്തിസഹമായി ചിന്തിക്കാന്‍ പര്യാപ്തമാക്കിയിട്ടില്ല.

ദുരന്തങ്ങളും മരണവും നമുക്കിപ്പോള്‍ ആഘോഷമാണ്. ഗ്രീക്ക് നാടക സങ്കല്പമനുസരിച്ച് കൊലപാതകം രംഗത്തവതരിപ്പിക്കാറില്ല.അത് റിപ്പോര്‍ട്ട് ചെയ്യപ്പെടുകയാണ്. പക്ഷേ ഇന്ന് ദുര്‍മരണങ്ങള്‍ സചിത്രാവതരണത്തോടെ പത്രങ്ങളുടെ പൂമുഖത്ത് പ്രത്യക്ഷപ്പെടുന്നു.ഈ വിഷയം ദേശീയ ദിനപ്പത്രങ്ങള്‍ ചെയ്യുന്നതുപോലെ തെക്കേപ്പറമ്പിലേക്ക് ഒതുക്കുകയെങ്കിലും ചെയ്യേണ്ടതാണ്.

2011, ഫെബ്രുവരി 16, ബുധനാഴ്‌ച

വിപിന്‍ദാസ് ചുരുങ്ങിയ കാലം പ്രിയസുഹൃത്ത്









സോക്രട്ടീസിന്റെ ഭാവമായിരുന്നു വിപിന്‍ദാസിന്. സുര്യനു താഴെ സമസ്ത വിഷയങ്ങളിലും അദ്ദേഹത്തിന് അനല്പമായ അറിവുണ്ടായിരുന്നു. വളരെ യാദൃച്ഛികമായിട്ടാണ് ഞങ്ങള്‍ സ്‌നേഹിതരും സഹപ്രവര്‍ത്തകരുമായത്. വിപിന്‍ദാസിന്റെ അജ്ഞാതവാസം ചെങ്ങന്നൂരിലും എന്ന പേരില്‍ കഴിഞ്ഞ ദിവസം മനോരമയില്‍ ഞാന്‍ എഴുതിയിരുന്നു. അദ്ദേഹത്തെപ്പറ്റി വളരെപ്പറയാനുണ്ട്. തീയൊന്നെരിഞ്ഞടങ്ങിക്കൊള്ളട്ടെ. വയനാട്ടില്‍ മരത്തില്‍ തളയ്ക്കപ്പെട്ട ഒരാത്മാവിനെപ്പറ്റിയാണ് എന്നെക്കൊണ്ട് അദ്ദേഹം ലൊക്കേഷനിലിരുത്തി സ്‌ക്രിപ്റ്റ് എഴുതിച്ചത്. ചാരുഹാസന്‍ അഭിനയിക്കാന്‍ തയ്യാറായിരിക്കുമ്പോള്‍ പോലും ഞാന്‍ എഴുതിയിട്ടുണ്ട്. പക്ഷേ അത് വെളിച്ചം കാണുകയുണ്ടായില്ല. അറം പറ്റിയതുപോലെ അദ്ദേഹം വയനാട്ടിലെ വൈത്തിരിയില്‍ വൈദ്യുതി ശ്മശാനത്തില്‍ ബന്ധനസ്ഥനായിക്കിടക്കുന്നു.ആ പ്രതിഭാ ശാലിയുമായി പങ്കിട്ട ഓരോ നിമിഷത്തെയും ഹൃദയവേദനയോടെ സ്മരിക്കുന്നു. സലാം.

2011, ഫെബ്രുവരി 12, ശനിയാഴ്‌ച

ഭാഗവതാചാര്യന്റെ ഭവനത്തില്‍ 9 വര്‍ഷമായി കാമധേനു നിത്യവും പാല്‍ ചുരത്തുന്നു


പത്തനംതിട്ട ജില്ലയിലെ നരിയാപുരത്തിനടുത്ത് തട്ടയില്‍ കുറ്റിയാനിപ്പുറത്തില്ലത്ത് ഡോ.കെ.പി. കേശവന്‍ നമ്പൂതിരിയുടെ ഇല്ലത്ത് ഇതാ ഒരു യഥാര്‍ത്ഥ കാമധേനു. ഒന്‍പതു വര്‍ഷമായി അവള്‍ നിര്‍ത്താതെ പാല്‍ ചുരത്തുന്നു.ദേവന്‍മാര്‍ക്കും മുനിമാര്‍ക്കും ആവശ്യാനുസരണം പാല്‍ നല്‍കുന്ന കാമധേനു ഒരു സങ്കല്‍പം മാത്രമാണെങ്കില്‍ ഇവിടെ ഇത് യാഥാര്‍ത്ഥ്യമാണ്. നന്ദിനിപ്രസവിച്ചത് ഒന്‍പതു വര്‍ഷം മുന്‍പുളള ഒരു ശിവരാത്രി നാളാണ്. ഋഷഭവാഹനന്റെ തിരുനാളില്‍ ഒരു കാളക്കുട്ടി. പരിചരിക്കാനാളില്ലാത്തതുകൊണ്ട് അതിനെ ആര്‍ക്കോ കൈമാറി. നാടന്‍ ഇനമായ നന്ദിനി ദിവസവും നാലഞ്ചു ലിറ്റര്‍ പാല്‍ നല്‍കും. ഒന്‍പതു വര്‍ഷത്തിനു ശേഷവും അതിനു മാറ്റമൊന്നുമില്ല. സാധാരണ പശുക്കള്‍ പ്രസവത്തിനു ശേഷം അടുത്ത പ്രസവം വരെയാണ് പാല്‍ നല്‍കുക. ഇവിടെ അവള്‍ പിന്നീടൊരിക്കലും മദി കാണിച്ചിട്ടില്ല. നമ്പൂതിരിയും കുടുംബവും 9 വര്‍ഷമായി സൂക്ഷിക്കുന്ന രഹസ്യം വളരെ മടിയോടെയാണ് വെളിപ്പെടുത്തിയത്. പാലിന് കുഴപ്പമൊന്നുമില്ലാത്തതിനാല്‍ ഇപ്പോഴും ഉപയോഗിക്കുന്നു. നിത്യവും തേവാരത്തിലെ പൂജയ്ക്ക് പാല്‍പ്പായസം ഉണ്ടാക്കുന്നത് ഈ പാല്‍ ഉപയോഗിച്ചാണ്. പശുവിനെ ഇക്കാലമത്രയും പരിചരിച്ചു പോരുന്നതും കറക്കുന്നതും അടുത്തുതന്നെയുള്ള കള്ളോട്ടേത്തു വീട്ടില്‍ രത്‌നമ്മയാണ്. കാര്യം വെളിപ്പെടുത്തിയാല്‍ കാണാനും പരിശോധനയ്ക്കും മറ്റും ആളുകള്‍ വരുമെന്ന പേടികൊണ്ടാണ് ഇത്രയും നാള്‍ രഹസ്യമാക്കി വെച്ചത്. സ്‌നേഹപുര്‍വമായ നിര്‍ബന്ധത്തിനു വഴങ്ങി എങ്കിലും വന്ദ്യവയോധികനായ നമ്പൂതിരി പ്രശസ്തിയില്‍ താത്പര്യമുളള ആളല്ല.
ശാസ്ത്രചൂഡാമണി ഡോ. കെ. പി. കേശവന്‍ നമ്പൂതിരി പന്തളം എന്‍.എസ്.എസ്. കോളേജില്‍ നിന്നും സംസ്‌കൃതവിഭാഗം മേധാവിയായി വിരമിച്ചയാളാണ്.സാംഖ്യ തത്വശാസ്ത്രത്തിലാണ് ഗവേഷണബിരുദമെങ്കിലും അഞ്ഞൂറിലധികം ഭാഗവത(സംസ്‌കൃതം)മൂല സപ്താഹവേദികളില്‍ യജ്ഞാചാര്യനായി. 12 വര്‍ഷമായി ഗുരുവായൂരില്‍ മുടങ്ങാതെ സപ്താഹം നടത്തുന്നു. ഗോപാലനായ ശ്രീകൃഷ്ണന്റെ അനുഗ്രഹമായി ഈ അദ്ഭുതത്തെ കാണാനാണ് അദ്ദേഹത്തിനിഷ്ടം.The concept of apavarga in samkhya philosophy ഭാഗവത കൈരളി, വിക്രമോര്‍വശീയം ആട്ടക്കഥ എന്നീ ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്.