2010, ഫെബ്രുവരി 27, ശനിയാഴ്‌ച

ആരാണ് ശിപായി അല്ലാത്തത്?

            നയപ്രഖ്യാപനപ്രസംഗം നടത്തിയ ശേഷം തിരികെ പോകുമ്പോള്‍ കേരളാ ഗവര്‍ണര്‍ ആര്‍. എസ്. ഗവായ് തന്റെ പ്രസംഗം തടസ്സപ്പെടുത്താതിരുന്നതിന് പ്രതിപക്ഷനേതാവിനോടും അംഗങ്ങളോടും നന്ദി പറഞ്ഞത് പിണറായി വിജയന് തീരെ പിടിച്ചില്ല. ഗവര്‍ണര്‍ കോണ്‍ഗ്രസ്സിന്റെ ശിപായിയേപ്പോലെ പെരുമാറി എന്നാണ് അദ്ദേഹത്തിന്റെ തിരുവചനം. അസഹിഷ്ണുതയുടെ ആള്‍രൂപമാണ് പിണറായി വിജയന്‍: അതിന്റെ പാര്‍ട്ടി രൂപമാണ് സി.പി.എം. തനിക്കെതിരെ പ്രോസിക്യൂഷന് ഗവര്‍ണര്‍ അനുമതി നല്‍കിയതിലുളള ഊച്ചിക്കെറുവാണ് ഈ പ്രതികരണത്തിന്റെ ഉല്‍പ്രേരകം എന്ന് കേരളത്തിലെ ഏതു കുഞ്ഞിനും മനസ്സിലാകും എന്നിരിക്കെ ഈ പ്രസ്താവന പിണറായിയെ തീരെ ഇത്തിരിക്കുഞ്ഞനാക്കിത്തീര്‍ത്തിരിക്കുന്നു.
            ഇനി ആരാണ് ശിപായി അല്ലാത്തത്? ഗവായി കോണ്‍ഗ്രസ്സിന്റെ ശിപായി തന്നെയാണ്. ഇന്ത്യയില്‍ പാര്‍ട്ടിയുടെ വരുതിയില്‍ മാത്രം ഞാണിന്‍മേല്‍ക്കളി നടത്തുന്ന ശിപായിമാര്‍ക്കു റിസര്‍വു ചെയ്തിട്ടുളളതാണ് ഗവര്‍ണര്‍ പദവി. പിണറായി സി.പി.എമ്മിന്റെ ഒരു ശിപായി മാത്രമാണ്. അല്ലെങ്കില്‍ ഒരു ചെത്തുകാരന്റെ മകനായി ജനിച്ച് അസാമാന്യ യോഗ്യതകളൊന്നുമില്ലാതിരുന്നിട്ടും മന്ത്രിപ്പണിയും സെക്രട്ടറിസ്ഥാനവും നല്‍കിയത് മേല്‍ നേതാക്കന്‍മാരോടുളള കൂറിന്റെയടിസ്ഥാനത്തില്‍ മാത്രമല്ലേ? ഈ അസഹിഷ്ണുതയാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റിന്റെ വാക്കുകളില്‍ സത്യത്തിന്റെ ഒരു വെളളിനൂല്‍ കണ്ടെത്താന്‍ സഹായിക്കുന്നത്.
              കൊല്ലം മേയര്‍ പദ്മലോചനനെ ഒരു ആഫീസ് ഉദ്ഘാടനം ചെയ്തതിന്റെ പേരില്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയവര്‍ മദനിയോടൊപ്പം വേദി പങ്കിട്ടവര്‍ മാത്രമല്ല. വി. പി. സിങ്ങിന്റെ കാലത്ത് ഒരു മുന്നണിയായി അധികാരം പങ്കിട്ടവരാണ്. ഒരുമിച്ച് മുന്നണി യോഗത്തില്‍ പങ്കെടുത്ത് ചായയും കുടിച്ച് പുറത്തുനിന്നു പിന്തുണയ്ക്കുകയാണെന്ന ഞഞ്ഞാപിഞ്ഞ പറഞ്ഞ് പിന്‍ വാതിലിലൂടെ സമ്മര്‍ദ്ദതന്ത്രത്തിലൂടെ അധികാരം നുണഞ്ഞവരാണ്. അന്നൊന്നും തോന്നാത്ത സദാചാരം ഇന്നെങ്ങനെ തോന്നി. മുസ്‌ളീം ലീഗുമായി നീക്കുപോക്കുണ്ടാക്കിയെങ്കിലും അധികാരം നിലനിര്‍ത്തണമെന്നു പറഞ്ഞ എം വി രാഘവനെ പുറത്താക്കിയവരാണ് മദനിയെ തോളില്‍ കൊണ്ടു നടന്നത്. ടി. എം. ജേക്കബിന്റെ പ്രീഡിഗ്രി ബോര്‍ഡിനെതിരെ സമരം ചെയ്ത് നിരവധി വിദ്യാര്‍ത്ഥികളുടെ ഭാവി കളഞ്ഞവരാണ് പ്ലസ് ടൂ നടപ്പിലാക്കിയത്.
             ശിപായിയുടെ വിദ്യാഭ്യാസയോഗ്യതയ്ക്കപ്പുറം കേരളാ മുഖ്യമന്ത്രിക്ക് എന്താണ് വിശേഷയോഗ്യത? ബീഡിത്തൊഴിലാളിയും തയ്യല്‍ത്തൊഴിലാളിയുമൊക്കെയായിരുന്ന അച്യുതാനന്ദന്‍ പാര്‍ട്ടിയുടെ ശിപായി ആയതുകൊണ്ടല്ലേ മുഖ്യമന്ത്രിയായത്? ശിപായിമാര്‍ ഉന്നതങ്ങളിലെത്തുന്നത് അയോഗ്യതയായി തൊഴിലാളികളുടെ പാര്‍ട്ടി പറയുമ്പോള്‍ ലജ്ജാകരമെന്നേ പറയാനാവൂ. എളിയനിലയില്‍ നിന്നും ശിപായിമാര്‍ ഉന്നതങ്ങളിലെത്തുമ്പോള്‍ ഇപ്പോഴും ശിപായിയുടെ മാനസികാവസ്ഥയില്‍ തുടരുന്നവര്‍ക്കേ ഇത്തരത്തില്‍ അസഹിഷ്ണുത പ്രകടിപ്പിക്കാനാകൂ.

2010, ഫെബ്രുവരി 16, ചൊവ്വാഴ്ച

വസന്തത്തിന്റെ ഇടിമുഴക്കത്തിനും 12 കോടിയുടെ ആസ്തി

വസന്തത്തിന്റെ ഇടിമുഴക്കത്തിനും 12 കോടിയുടെ ആസ്തി
വിപ്ലവത്തെ അതിന്റെ ബീഭത്സതകള്‍ നീക്കി തിരനോട്ടത്തിനു വിട്ട കാവ്യാത്മകപ്രയോഗമായിരുന്നു വസന്തത്തിന്റെ ഇടിമുഴക്കം. പാളത്തിലോടുന്ന തീവണ്ടിയെപ്പോലെ മനുഷ്യജീവിതം യാന്ത്രികവും വിരസവും, പോയ വഴികളിലൂടെത്തന്നെ പോവുകയും ചെയ്യുമ്പോള്‍, പുതിയ പാത വെട്ടിത്തുറക്കുന്ന ഏതു മാറ്റത്തെയും വിപ്ലവം എന്നു വിളിക്കാം. അങ്ങനെയെങ്കില്‍ ഒരു കാലഘട്ടത്തിന്റെ വിപ്ലവപ്പാതകളില്‍, മംഗലാപുരത്ത് കത്തോലിക്കാസെമിനാരിയില്‍ അച്ചന്‍പട്ടം പഠിക്കാന്‍ വിട്ടിടത്തു നിന്നും ഒളിച്ചോടിയ ജോര്‍ജ് ഫെര്‍ണാണ്ടസ് എന്ന പില്‍ക്കാല രാഷ്ട്രീയക്കാരന്‍ തീപ്പൊരിയായിരുന്നു. ഇന്ത്യയുടെ രാഷ്ട്രീയചരിത്രം പഠിക്കുമ്പോള്‍ ആവേശത്തിന്റെ രാജവീഥികളില്‍ നിന്നുകൊണ്ട്, പണത്തിനും, പ്രശസ്തിക്കും, മണ്ണിനും പെണ്ണിനുമപ്പുറം ആവേശം കൊളളാന്‍ ചിലതുണ്ടെന്ന് നമ്മെ പ്രലോഭിപ്പിച്ച ചിലരില്‍ ഒരാളായിരുന്നു സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിലൂടെ ഉയര്‍ന്നു വന്ന ജോര്‍ജ് ഫെര്‍ണാണ്ടസ്. പ്രശസ്തിയും പെണ്ണും തന്നെ അധികം വൈകാതെ മോഹിപ്പിച്ചുകളഞ്ഞു എന്ന് ഫെര്‍ണാണ്ടസ് തന്നെ ബോധ്യപ്പെടുത്തി. ഇപ്പോള്‍ മണ്ണും പണവും മോഹിപ്പിച്ചിരുന്നുവെന്നും.
ദല്‍ഹിയിലെ പത്രങ്ങള്‍ ആഘോഷിക്കുന്ന, അല്‍ഷിമേഴ്‌സ് ബാധിച്ച വൃദ്ധനായ ഫെര്‍ണാണ്ടസിന്റെ സ്വത്തവകാശത്തര്‍ക്കം മലയാളത്തില്‍ വേണ്ടത്ര കണ്ടില്ല. കണ്ണില്‍ പെടാതെ പോയതുമാകാം. മംഗലാപുരത്തുനിന്നും മുങ്ങി ബോംബെയില്‍ പൊങ്ങി എസ്.കെ പാട്ടീലിനെ പരാജയപ്പെടുത്തി, പിന്നീട് ബീഹാറിലെ മുസഫര്‍പൂരിലും, നാളന്ദയിലും മുങ്ങിപ്പൊങ്ങിനിന്ന ഈ യുവതുര്‍ക്കി നടത്തിയ വീരസാഹസികകൃത്യങ്ങള്‍ ആര്‍ക്കും അറിയാവുന്നതേയുളളൂ. ചിത്രത്തിന്റെ മറുവശം നോക്കിക്കാണാനാണീ കുറിപ്പ്.
ഇന്നേയ്ക്ക് 26 വര്‍ഷം മുന്‍പ് ഫെര്‍ണാണ്ടസ് തന്റെ ഭാര്യയെ ഉപേക്ഷിക്കുകയോ അവര്‍ അദ്ദേഹത്തെ ഉപേക്ഷിക്കുകയോ ചെയ്തിരുന്നു. ലൈലാ കബീര്‍ എന്ന ആ സ്ത്രീയില്‍ സീന്‍ ഫെര്‍ണാണ്ടസ് എന്ന് ഒരു കുട്ടിയുണ്ടായി. പിന്നീട് അവരുടെ ചരിത്രം അജ്ഞതയുടെ താഴ് വരയിലായിരുന്നു. അധികം വൈകാതെ ജയാ ജയ്റ്റ്‌ലി എന്ന ഒരു സ്ത്രീ അദ്ദേഹത്തിന്റെ സ്വകാര്യലോകത്തു കയറിപ്പറ്റി. പേരു കേട്ടാല്‍ ഒരു ഹോളിവൂഡ് ആക്ഷന്‍ ഹീറോയുടെ പ്രതീതി ജനിപ്പിക്കുമെങ്കിലും ആള്‍ മലയാളിവനിതയാണ്. നിരവധി ആദ്യകാല IAS കാരും ICS കാരും ഉണ്ടായിരുന്ന ചേറ്റൂര്‍ ശങ്കരന്‍ നായരുടെ കുടുംബത്തില്‍ ജനിച്ച ജയാ ചേറ്റൂര്‍ അശോക് ജെയ്റ്റ്‌ലി എന്ന IAS കാരനെയാണ് വിവാഹം കഴിച്ചത്. 1977 ല്‍ കേന്ദ്ര വ്യവസായകാര്യമന്ത്രിയായിരുന്ന ഫെര്‍ണാണ്ടസിന്റെ പെഴ്‌സണല്‍ സെക്രട്ടറിയായിരുന്നു അശോക്. കാലം അശോകിന്റെ സെക്രട്ടറിസ്ഥാനവും ഭര്‍ത്താവുദ്യോഗവും തെറിപ്പിച്ചുകളഞ്ഞു. ഈ വിവാഹത്തില്‍ അദിതി ജെയ്റ്റ്‌ലി(പിന്നീട് അജയ് ജഡേജയുടെ ഭാര്യ) എന്നൊരു പെണ്‍കുട്ടിയുണ്ടായി. പല വിദേശരാജ്യങ്ങളിലും പഠിച്ചിട്ടു വന്ന ജയ ദല്‍ഹിയിലെ Mirranda House College ല്‍ പഠിക്കുകയും 1962 ല്‍ Miss Mirranda House ആവുകയും ചെയ്തിട്ടുണ്ട്. ഈ സൗന്ദര്യറാണിപ്പട്ടമാകണം അവരെ ശ്രദ്ധാകേന്ദ്രമാകാന്‍ സഹായിച്ചത്. എന്തൊക്കെയായാലും കയറ്റിറക്കങ്ങളിലെല്ലാം ജയ ഫെര്‍ണാണ്ടസിനൊപ്പമുണ്ടായിരുന്നു. അദ്ദേഹം വിവാഹമോചനം തേടിയിരുന്നില്ല. അവരുടെ കാര്യം വ്യക്തവുമല്ല. വ്യക്തിപരമായ ബന്ധങ്ങളുടെ ന്യായാന്യായങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തക്ക കോപ്പ് നമ്മുടെ കൈവശമില്ലാത്തതിനാലും വ്യത്യസ്തമായ കാഴ്ചപ്പാട് പുലര്‍ത്തുന്നതിനാലും അത് വിടുന്നു. (ഈ വിഷയത്തില്‍ താത്പര്യമുളളവര്‍ക്ക് ശോഭാ ഡേ എഴുതിയ ദ വീക്കിലെ ലേഖനമോ ബ്ലോഗോ പരതാം)
ദല്‍ഹിയില്‍ പാപ്പരാസികളായ പേനായുന്തികള്‍ക്കു കൊയ്ത്തുകാലം വന്നത് നാളിതുവരെ അച്ഛനെ കാണാന്‍ പോലും വന്നിട്ടില്ലാത്ത മകന്‍ സീന്‍ ജനുവരി രണ്ടിന് അമേരിക്കയില്‍ നിന്നും പറന്നു വന്ന് ദല്‍ഹിയിലെ തുഗ്ലക്ക് റോഡിലുളള പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയ ശേഷമുണ്ടായ സംഭവവികാസങ്ങളാണ്. 12 വര്‍ഷമായി കേട്ടുകേള്‍വിയോ വിവരമോ ഇല്ലാത്ത ഒരാളെ മരിച്ചതായി കണക്കാക്കാം എന്നു നിയമം പറയുന്ന രാജ്യത്തെ ഒരു പിതാവിനെ കാണാന്‍ 26 വര്‍ഷം കഴിഞ്ഞ് മകനും അമ്മയും കൂടി വരികയാണ്. പരാതി കൊടുത്ത ശേഷം സീന്‍ ചില ജനതാദള്‍ നേതാക്കന്‍മാരുടെ ഒത്താശയോടെ ഫെര്‍ണാണ്ടസിന്റെ ഔദ്യോഗിക വസതിയായ 3, കൃഷ്ണമേനോന്‍ മാര്‍ഗില്‍ നിന്നും ഫെര്‍ണാണ്ടസിന്റെ സഹോദരനെയും, സഹചാരിയായ ജയയെയും മറ്റു സഹായികളെയും ബലമായി പുറത്താക്കി വീട് കൈവശപ്പെടുത്തി. തെഹല്‍ക്ക വെളിപ്പെടുത്തല്‍ മുതല്‍ക്കേ ജനതാദളില്‍ ചിലര്‍ക്ക് ജയയെ കാണുന്നത് ചതുര്‍ത്ഥിയായിരുന്നു.
വീട്ടില്‍ അധികാരം സ്ഥാപിച്ച സീന്‍ അല്‍ഷിമേഴ്‌സ് ബാധിച്ച് സ്വബോധം പ്രകടിപ്പിക്കാന്‍ കഴിയാത്ത ഫെര്‍ണാണ്ടസിനെക്കൊണ്ട്, ജയയുടെയും ഫ്രെഡറിക് ഡിസൂസയുടെയും പേരില്‍ തന്റെ സ്വത്തുവകകള്‍ കൈകാര്യം ചെയ്യുന്നതിന് അദ്ദേഹം എഴുതിക്കൊടുത്ത പവര്‍ ഓഫ് അറ്റോര്‍ണി റദ്ദുചെയ്യുന്ന മുദ്രപ്പത്രത്തില്‍ വിരല്‍ പതിപ്പിച്ചെടുത്തു. (ദല്‍ഹിയിലും വെണ്ടര്‍ ദാനിയലുമാര്‍ ജീവിക്കുന്നു.) പിന്നീട് ലൈലയും മകനും മരുമകളും പേരക്കുട്ടിയും രോഗബാധിതനായ ഫെര്‍ണാണ്ടസിനോടു ചേര്‍ന്നുനില്‍ക്കുന്ന കുടുംബപുനര്‍സമാഗമത്തിന്റെ ചിത്രമെടുത്ത് പ്രസിദ്ധീകരണത്തിനു നല്‍കി. ഇന്ത്യന്‍ അഭിഭാഷകര്‍ക്ക് ഓടിക്കളിക്കാന്‍ കിട്ടിയ ഈ കളിസ്ഥലമല്ല ചര്‍ച്ചാവിഷയം. കളിയുടെ പിന്നിലേക്കു കടക്കുമ്പോള്‍ പാപ്പരാസികള്‍ മഹാന്‍മാരാകുന്നു. അവര്‍ പറയുന്നു : ഇന്ത്യന്‍ യുവതുര്‍ക്കിക്ക് 12 കോടി രൂപയുടെ ആസ്തി ഇന്ത്യയിലെ 3 സംസ്ഥാനങ്ങളിലായുണ്ട്. മുഷിഞ്ഞു നാറിയ കുര്‍ത്താപൈജാമയുമായി എവിടെയും സഞ്ചരിച്ചിരുന്ന ഫെര്‍ണാണ്ടസ് ഇനി നമ്മുടെ ഓര്‍മ്മകളിലും മുഷിഞ്ഞുനാറും. സ്മൃതിപഥങ്ങളെ അനാഥമാക്കിയ അല്‍ഷിമേഴ്‌സിനോടു പോലും കലഹിക്കാനാവുന്നില്ല. ലാസ്റ്റ് പോസ്റ്റ് ടു അല്‍ഷിമേഷ്‌സ്!

2010, ഫെബ്രുവരി 10, ബുധനാഴ്‌ച

ഹൈക്കോടതി വക വെടി ഒന്ന്

            കേരളത്തിലെ ക്ഷേത്രങ്ങളില്‍ വെടിവഴിപാടിനു പകരം വെടി ശബ്ദം റെക്കോഡു ചെയ്തു കേള്‍പ്പിച്ചാല്‍ പോരേ എന്ന് ഹൈക്കോടതി. ബുദ്ധിമാന്‍മാര്‍ ഹൈക്കോടതിയിലും ഉണ്ടെന്നു ചുരുക്കം. ദന്തഗോപുരവാസികളായി പൊതുജനബന്ധമില്ലാതെ കെട്ടിപ്പൊതിഞ്ഞു വച്ചിരിക്കുന്ന ന്യായാധിപന്‍മാര്‍ പത്രം വായിക്കുന്നുണ്ടെന്നു മനസ്സിലായി. ശബരിമലയില്‍ ആനകള്‍ പഴയതുപോലെ കൂക്കിവിളിയും പന്തവുമൊന്നും കണ്ടും കേട്ടും ഓടിപ്പോകുന്നില്ലെന്നു വന്നപ്പോള്‍ 90 വിട്ടിട്ടിരുന്ന ഒരു വനപാലകന്റെ ബുദ്ധിയാണ് കടുവയുടെയും പുലിയുടെയും ശബ്ദം റെക്കോഡുചെയ്തു കേള്‍പ്പിക്കാമെന്നുളളത്. ഈ വാര്‍ത്തയാണ് പ്രചോദനമെന്നുറപ്പ്.
          ദേവസ്വം വക ക്ഷേത്രങ്ങളൊക്കെ ഹൈക്കോടതി നിര്‍ദ്ദേശം സ്വീകരിച്ചാലത്തെ കഥയൊന്നാലോചിച്ചു നോക്കൂ. അതിരാവിലെ കഴകക്കാരന്‍ പയ്യന്‍ ഓടി വരുന്നു. പോക്കറ്റില്‍ നിന്നും മൊബൈല്‍ എടുത്ത് ശംഖു വിളിയുടെ ഫയല്‍ ഓപ്പണ്‍ ചെയ്യുന്നു. കൃഷ്ണന്‍ നിദ്രയില്‍ നിന്നും ഞെട്ടി ഉണരുന്നു. തുടര്‍ന്ന് 'കൗസല്യാ സുപ്രജാ സന്ധ്യാപ്രവര്‍ത്തകേ' മുതല്‍ ഏതാനും സിഡികള്‍ പ്രവര്‍ത്തനം തുടങ്ങുന്നു. കൃഷ്ണന്‍ അതോടെ എഴുന്നേറ്റ് കിഴക്കോട്ടോടുന്നു. പൂജാരി മൊബൈല്‍ എടുത്ത് പുറത്തെ മണിയുടെ ശബ്ദം കേള്‍പ്പിക്കാന്‍ ശ്രമിക്കുന്നു. പക്ഷേ സംഗതിക്കു ചാര്‍ജില്ല. മണിയെല്ലാം നേരത്തേ തന്നെ വിറ്റു പോയിരുന്നു. തത്ക്കാലം കഴകക്കാരന്‍ ഉരുളിയില്‍ തവികൊണ്ട് മൂന്നു കൊട്ടി. ക്ഷേത്രം തുറന്നു വിളക്കു വച്ചു. 'മലരു നേദ്യം' എന്ന് ഉറക്കെ ദേവനോടു പറഞ്ഞു. ദേവനും അനങ്ങിയില്ല. നീതിന്യായകല്‍പ്പനയല്ലേ? 'ഒരു ഭാഗ്യസൂക്താര്‍ച്ചന' ഭക്തന്‍ ചീട്ടു നടയ്ക്കല്‍ വെച്ചു. പൂജാരി റെക്കോര്‍ഡര്‍ ഓണ്‍ ചെയ്തു. ഈ സംവിധാനം വന്നതോടെ കണ്ഠരര് മോഹനര് അടക്കം പൂജാരിമാരെല്ലാം കോടതിയുടെ ആരാധകരായി. ജീവിതത്തില്‍ ഒരിക്കലെങ്കിലും ഭാഗ്യസൂക്തവും മറ്റും എന്താണെന്നറിയാന്‍ കഴിഞ്ഞല്ലോ?
             പിന്നീട് ക്ഷേത്രം ചില പ്രമാണിമാരുടെ കൈയ്യിലാണ്. വെളുപ്പിനെ വരുന്ന പൂജാരി ഭക്തരെ കേള്‍ക്കെ 'നാരായണാ കൃഷ്ണാ ഭഗവാനേ' എന്നൊക്കെ വിളിക്കാറുണ്ടെങ്കിലും നിത്യപരിചയം അദ്ദേഹത്തെ ഒരു നാസ്തികനാക്കി മാറ്റിയിരിക്കുന്നു. ഭക്തര്‍ക്ക് ദേവന്‍ സര്‍വവ്യാപിയും സര്‍വശക്തനും സര്‍വജ്ഞനുമാണെങ്കിലും താന്‍ കാണിക്കുന്ന കളളത്തരങ്ങളെയൊന്നും തടയാന്‍ ശേഷിയില്ലാത്ത ദേവനോട് മിക്ക പൂജാരിമാര്‍ക്കും ഉള്ളില്‍ ഒരു പുച്ഛമാണ്. ഭക്തന്‍മാര്‍ക്കോ മൂര്‍ത്തിയെ എങ്ങനെയും തൃപ്തിപ്പെടുത്താം പൂജാരിയെയാണ് വയ്യാത്തത്. 'ഞാന്‍' എന്ന അടങ്ങാത്ത ഭാവവുമായി വരുന്ന പുങ്കന്‍മാരെ പൂജാരി മാന്യമായി പിഴിയുന്നു. അഹംബോധം തൃപ്തിപ്പെട്ട ഭക്തനും തൃപ്തി. രസീതെഴുതുന്ന വാച്ചര്‍ക്ക് ഭക്തനെന്നു കേട്ടാലേ കലിയാണ്. അനങ്ങാതെയിരുന്നു ശമ്പളം മേടിക്കേണ്ട തനിക്കിട്ടു പണിയാന്‍ വരുന്ന ശത്രുവാണ് ഓരോ ഭക്തനും.
             ക്ഷേത്രങ്ങളില്‍ വെടിവഴിപാടു നടത്തുന്നതിന്റെ അടിസ്ഥാനമെന്തെന്ന് അറിയിക്കാനും കോടതി ഉത്തരവിട്ടു. എങ്കില്‍ പിന്നെ ദൈവത്തിന്റെ അടിസ്ഥാനമെന്തെന്ന് കോടതിക്കങ്ങു ചോദിച്ചു കൂടേ. ഭക്തിയും യുക്തിയും രണ്ടു വഴിക്കു പോകുന്ന കാര്യങ്ങളാണ്. അതിനാല്‍ ഭക്തിയുടെ കാര്യം യുക്തിയുടെ അടിസ്ഥാനത്തില്‍ തീര്‍പ്പുകല്‍പ്പിക്കുന്നതെങ്ങനെ? അങ്ങനെയെങ്കില്‍ വിലയേറിയ അഭിഭാഷകരുടെ സമയം മിനക്കെടുത്താതെ വാദം ടേപ്പു ചെയ്ത് കൊടുക്കാന്‍ കോടതിക്കാവശ്യപ്പെട്ടുകൂടെ. ഈ കടുത്ത വേനല്‍ക്കാലത്ത്, ബ്രിട്ടീഷുകാരന്റെ ഭ്രാന്തിന്റെ അവശിഷ്ടമായ, വക്കീലന്‍മാരുടെ കോട്ടും കോട്ടിന്റെ മേല്‍ ഗൗണും പരിഷ്‌ക്കരിച്ച് മാന്യമായ വസ്ത്രമാക്കിക്കൂടെ? കോടതിനടപടികള്‍ ജഡ്ജിതന്നെ സ്വന്തം കൈപ്പടയില്‍ എഴുതുന്നതുകാരണം ലക്ഷക്കണക്കിനു കേസുകള്‍ കുടിശ്ശിക കിടക്കുന്നതിനാല്‍  കോടതിയിലെ നടപടികള്‍ വീഡിയോയില്‍ റെക്കോഡുചെയ്തു കൂടെ? വേണ്ടതൊന്നും എഴുതിയെടുക്കാതെ അപ്പീലില്‍ പോലും രക്ഷപ്പെടാതിരിക്കാന്‍ കൊലച്ചതി ചെയ്യുന്ന ചില ന്യായാധിപന്‍മാരുടെ നടപടിയെങ്കിലും ഒഴിവാക്കാമല്ലോ? വീഡിയോ ടേപ്പും മറ്റും പരിശോധനയ്ക്കു ശേഷം തെളിവായി സ്വീകരിച്ചു കൂടെ?അന്യന്റെ കണ്ണിലെ കരടെടുക്കാന്‍ നടക്കുന്നവര്‍ സ്വന്തം കണ്ണിലെ കോലു കാണാത്തതു കഷ്ടം തന്നെ.    

2010, ഫെബ്രുവരി 6, ശനിയാഴ്‌ച

വ്യാജപൈതൃകത്തിന്റെ നഗ്നചൂഷണം

            കഴിഞ്ഞ കുറെ നാളുകളായി എന്റെ പേരിലുളള ജാതിവാല്‍ മുറിച്ചു കളയണമെന്ന് പലരും മാന്യമായും നിശിതമായും ആവശ്യപ്പെട്ടിട്ടുണ്ട്. നിര്‍ഭാഗ്യവശാല്‍ എന്റെ അച്ഛന്‍ ജീവിച്ചിരുന്നത് കുറെക്കാലം മുന്‍പാണ്. അദ്ദേഹത്തിന്റെ പേര് ദാമോദരര് എന്നു മാറാപ്പേരുളള ദാമോദരന്‍ നമ്പൂതിരി എന്നാണ് രേഖകളില്‍. പഴയ കാലത്ത് ഈഴവരാദി പിന്നോക്ക വിഭാഗങ്ങളില്‍ പെടുന്നവരുടെ പേരുകള്‍ ന്‍ എന്ന അക്ഷരത്തിലാണ് അവസാനിച്ചിരുന്നത്. അതിനാല്‍ കൃഷ്ണന്‍, വാസുദേവന്‍ എന്നൊന്നും ബ്രാഹ്മണര്‍ക്കു പേരിടുമായിരുന്നില്ല. ആ പേരുകള്‍ ശ്രേഷ്ഠതയോടെ വേറിട്ടു നില്‍ക്കണം എന്ന ആശയത്തില്‍ നിന്നാണ് കണ്ഠരര് മഹേശ്വരര് എന്നൊക്കെ പേരുകള്‍ ഉണ്ടായത്. അച്ഛന്റെ പേര് വാസുദേവര് ദാമോദരര് എന്നായിരുന്നു. ന്‍ എന്ന അക്ഷരം അങ്ങനെ പിന്നോക്കമായി. അതുകൊണ്ടാണ് പ്രശസ്ത സാഹിത്യകാരനായിരുന്ന വി.കെ.എന്‍. തന്റെ ഡ്രൈവറെ ഡ്രൈവന്‍ എന്നേ വിളിക്കയുളളൂ അല്ലെങ്കില്‍ അവന് അനാവശ്യ ബഹുമാനം കൊടുക്കലാവും അത് എന്നെഴുതിയത്. വിപ്ലവബോധത്തില്‍ നിന്നാണ് മറ്റുളളവര്‍ താഴ്ന്നവരാണെന്ന ദുസ്സൂചനയുളള, ആദ്യകാലത്ത് വോട്ടേഴ്‌സ് ലിസ്റ്റില്‍ കാണപ്പെട്ട പ്രകാശരര് ദാമോദരര് മാറ്റി അച്ഛനെ മാറ്റാതെ പ്രകാശ് ഡി. നമ്പൂതിരി ആക്കി മാറ്റിയത്. ഇതും നാറുന്നുവെങ്കില്‍ നാറുന്ന അച്ഛനെ കുടഞ്ഞു കളയാന്‍ ഞാനില്ല; പക്ഷേ വെറുമൊരു നാറിയാകാതിരിക്കാന്‍ ശ്രദ്ധിക്കാം എന്നേ പറയാന്‍ കഴിയൂ.

         അക്കാലത്ത് പേരിനെപ്പറ്റി ഞാന്‍ വിശദമായി എല്ലാം ആലോചിച്ചു നോക്കിയിട്ടുണ്ട്. പേരിനു വേണ്ട ഗുണങ്ങള്‍: അത് Unique (അതുല്യമായത് ) ആയിരിക്കണം. അത് മുറിച്ചു വിളിക്കുന്നതാകരുത്.(സുരേഷ് എന്നിട്ടാല്‍ സുരേ എന്നു വിളിക്കും) പേരിന് ഒരു അര്‍ത്ഥമുണ്ടാകണം.( രതിപ്രിയ,സുഭഗ എന്നൊന്നും ഇടാതിരിക്കുകയാണ് നല്ലത്) A എന്ന ഇംഗഌഷ് അക്ഷരത്തില്‍ തുടങ്ങുന്ന പേരുകള്‍ക്ക് ചില മെച്ചങ്ങള്‍ ഉണ്ടത്രേ. പേര് വിളിക്കാന്‍ കഴിയുന്നതാകണം.( ധൃഷ്ടദ്യുമ്‌നന്‍ എന്നൊന്നുമാകരുത്) മറ്റുളളവര്‍ ധാരാളമായി ഇടുന്ന പേരുകള്‍ ഒഴിവാക്കണം. ഇങ്ങനെയൊക്കെ പോകുന്നു ആ ചിന്തകള്‍. എന്നിരുന്നാലും പൂര്‍വപിതാക്കന്‍മാര്‍ ചെയ്തിരുന്ന ചൂഷണത്തിന്റെ പേരില്‍ നിയമം മൂലം സര്‍വതും നഷ്ടപ്പെട്ടവരാണ് ബ്രാഹ്മണര്‍. ഈ പേരും വേണമെന്നുളളവര്‍ക്ക് എടുക്കാം. ഒരു ഗസറ്റ് നോട്ടിഫിക്കേഷന്‍ നടത്തി ആര്‍ക്കും നമ്പൂതിരി ആകാവുന്നതേയുളളൂ.
          കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെ കാണാന്‍ കഴിയുന്ന രണ്ടു സമുദായങ്ങള്‍ ദളിതരും ബ്രാഹ്മണരും മാത്രമാണ്. ഈ യാഥാര്‍ത്ഥ്യമാണ് ദളിത് നായികയായ മായാവതിയെ ദളിത്-ബ്രാഹ്മണരാഷ്ട്രീയ സഖ്യത്തിലേക്കു നയിച്ചത്. ആദര്‍ശാധിഷ്ഠിതമോ ആശയാധിഷ്ഠിതമോ അല്ലാത്തതിനാല്‍ അതിനൊന്നും ആയുസ്സുണ്ടാവുകയില്ല എന്നത് മറ്റൊരു കാര്യം. എന്റെ പേരും പൈതൃകവും നഷ്ടങ്ങള്‍ മാത്രമേ സമ്മാനിച്ചിട്ടുള്ളൂ. എന്നാല്‍ പേരിന്റെ മാത്രം പിന്‍ബലത്തില്‍ ഇന്ത്യയുടെ അധികാരം കൈയ്യാളുകയും വ്യാജപൈതൃകം അവകാശപ്പെടുകയും ചെയ്യുന്നവരെപ്പറ്റി പേന പടവാളാക്കുന്നവര്‍ ചര്‍ച്ച ചെയ്യാത്തതെന്ത്?
             ഇന്ത്യയുടെ ദേശീയ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പേരും സമാനമായ കൊടിയും കൈവശപ്പെടുത്തി സാമാന്യജനങ്ങളെ പറ്റിക്കുന്നവരാണ് കോണ്‍ഗ്രസ്സുകാര്‍.അവരുടെ ദേശീയ അധ്യക്ഷയോ അര്‍ഹിക്കാത്ത ഒരു വ്യാജപൈതൃകത്തിന്റെ വാല്‍ കൊണ്ട് മുഴുവന്‍ ആളുകളെയും പറ്റിക്കുന്നു.നെഹ്‌റുകുടുംബക്കാര്‍ എങ്ങനെയാണ് ഗാന്ധി വാലുളളവരായത്? ഗാന്ധി എന്ന വാല്‍ സ്വാതന്ത്ര്യ സമരത്തിലെ നായകനായിരുന്ന മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയുടെ പിന്‍മുറക്കാരാണ് തങ്ങള്‍ എന്ന് ജനങ്ങള്‍ തെറ്റിദ്ധരിച്ച് വോട്ടു ചെയ്യുന്നതിനാണ് ഇന്ദിരയുടെ പിന്‍മുറക്കാര്‍ ഉപയോഗിക്കുന്നത്. അതോ? ഇന്ദിര അപമാനിച്ച് വേര്‍പിരിഞ്ഞ ഫിറോസ് ഖാന്റെ പേരില്‍ ഇംഗഌണ്ടില്‍ സമര്‍പ്പിക്കപ്പെട്ട ഒരു മുദ്രപ്പത്രം നല്‍കിയ വാല്‍.
             ഗുജറാത്തില്‍ നിന്നുളള പഴ്‌സിയായിരുന്നു ഫിറോസ്. അദ്ദേഹത്തിന്റെ അച്ഛന്റെ പേര് ജഹാംഗീറെന്നും മുത്തച്ഛന്റെ പേര് ഫാരേഡൂണ്‍ എന്നുമായിരുന്നു. ഇതെല്ലാം ഇറാനിയന്‍ ഇസ്‌ളാം പേരുകളാണ്. ഫിറോസിന്റെ പൂര്‍വികര്‍ ഇറാനില്‍ നിന്നും കുടിയേറിയ മുസഌങ്ങളായിരുന്നു. 1942 ല്‍ നടന്ന ഇന്ദിരയുടെ ഫിറോസുമായുളള വിവാഹം യാഥാസ്തിക ഹിന്ദുക്കള്‍ക്ക് ദഹിച്ചില്ല. യോജിച്ചു പോകുന്നസ്വഭാവക്കാരല്ല എന്ന കാരണം പറഞ്ഞ് ജവാഹര്‍ലാലും വിവാഹത്തെ എതിര്‍ത്തിരുന്നു. എങ്കിലും ഗാന്ധിജിയും നെഹ്‌റുവും പരസ്യമായി വിവാഹത്തെ പിന്തുണച്ചു. ഗാന്ധിജി ഹരിജനില്‍ ഇങ്ങനെ എഴുതി: 'Feroz Khan's only crime in ther (orthodox hindus') estimation is that he happens to be a parsi.' ഗാന്ധിയുടെ നിര്‍ദ്ദേശപ്രകാരം ഹിന്ദുക്കളുടെ എതിര്‍പ്പു ലഘൂകരിക്കാന്‍ ഒരു സത്യവാങ്മൂലം സമര്‍പ്പിച്ച് ഫിറോസ് ഖാന്‍ ഫിറോസ് ഗാന്ധിയായി എന്നാണ് പറയപ്പെടുന്നത്. ഗാന്ധിയുടെ ഇടപെടലിനു തെളിവുകളൊന്നുമില്ല. ഗാന്ധിയെ ചൂഴ്ന്നു നില്‍ക്കുന്ന ഒരു പാട് അഭ്യൂഹങ്ങളുടെ കൂട്ടത്തില്‍ പെടുന്നതാണ് ഇതും അദ്ദേഹം മരിക്കുമ്പോള്‍ ഹേ രാം എന്നു പറഞ്ഞെന്നതും മറ്റും.
            എന്തായാലും പാര്‍ലമെന്റംഗമായിരുന്ന ഫിറോസുമായി ഇന്ദിര വേര്‍പിരിഞ്ഞു. അദ്ദേഹം ദല്‍ഹിയില്‍ തന്റെ വസതിയിലായിരുന്നു താമസം. 1958 ല്‍ അദ്ദേഹത്തിന് ഹാര്‍ട്ട് അറ്റാക്കുണ്ടായി. ഇത് അവരുടെ അവരുടെ വിവാഹജീവിതത്തില്‍ ചില നീക്കുപോക്കുകളുണ്ടാക്കി. നിയമപരമായി വിവാഹമോചനം നേടിയില്ലെങ്കിലും നെഹ്‌റുവിന്റെ പ്രൈവറ്റ് സെക്രട്ടറിയായി ഫലത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഇന്ദിര അദ്ദേഹത്തോടൊപ്പം വിദേശസന്ദര്‍ശനത്തിലായിരിക്കുമ്പോഴാണ് 1960 സെപ്തംബര്‍ 8ന് ഫിറോസ് മരിക്കുന്നത്. അലഹബാദിലെ അവഗണിക്കപ്പെട്ട ഒരു പാഴ്‌സി ശ്മശാനത്തിലാണ് ഫിറോസിന്റെ അന്ത്യവിശ്രമം: പാഴ്‌സികളുടെ സംസ്‌ക്കാരം വ്യത്യസ്തരീതിയിലാണെങ്കിലും.
            ഇന്ദിരയും ഫിറോസും തമ്മിലുളള വിവാഹം നടന്നത് ലണ്ടനിലെ ഒരു മസ്ജിദില്‍ വെച്ചാണ്. അതിന്റെ ഫോട്ടോ അവിടുത്തെ പ്രശസ്ത ഇംഗ്ലീഷുപത്രങ്ങളില്‍ പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ അവര്‍ മടങ്ങി വന്നപ്പോള്‍ ഇന്ത്യയില്‍ പ്രസിദ്ധീകരിക്കുന്നതിനു വേണ്ടി ഹിന്ദുരീതിയിലുളള ഒരു വിവാഹത്തിന്റെ ഫോട്ടോകള്‍ തട്ടിക്കൂട്ടുകയുണ്ടായി. അതാണ് പിന്നീട് ആനന്ദഭവനിലും മറ്റും പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ഉപേക്ഷിച്ച ഭര്‍ത്താവിന്റെ വ്യാജപൈതൃകത്തിന്റെ വാല്‍ കൈമാറി കൈമാറി ഒരു വിദേശവനിതയെടുത്ത് ചുറ്റിയടിക്കുന്നത് അവഗണിക്കുന്ന നിങ്ങള്‍ എവിടെയോ കിടക്കുന്ന ഒരു പാവം നമ്പൂരിയെ വെറുതേ വിടണേ.........!

2010, ഫെബ്രുവരി 5, വെള്ളിയാഴ്‌ച

ജാതി ചോദിച്ചാലെന്താ?

             ചരിത്രത്തെ വിലയിരുത്താനും വ്യാഖ്യാനിക്കാനും എളുപ്പം കഴിയും. സാമകാലിക സമൂഹത്തെ വിലയിരുത്തുമ്പോള്‍ വസ്തുനിഷ്ഠ സമീപനത്തിനു പകരം ആത്മനിഷ്ഠ സമീപനമാകും മുന്നിട്ടു നില്‍ക്കുക. നമ്മുടെ വികല്പ ചിന്തകള്‍ കാലം കുറെ കഴിഞ്ഞു മാത്രമേ മനസ്സിലായെന്നു വരൂ. ജാതി എന്നത്  ഇന്ത്യന്‍ സമൂഹത്തിലെ വ്യാഖ്യാനിച്ചാലും തീരാത്ത അര്‍ത്ഥമാനങ്ങളുളള, അതിനു ശ്രമിക്കുന്നവന്‍ ആണ്ടു പോകുന്ന ഒരു ബര്‍മുഡാ ട്രയാംഗിളാണ്. ജാതിരഹിത സമൂഹസൃഷ്ടിക്കായുളള പരിശ്രമം അതിന്റെ ദുരിതഫലങ്ങളനുഭവിച്ചവരോ മറ്റുളളവരോ നടത്തുന്നില്ല. ഗവണ്‍മെന്റും, രാഷ്ട്രീയപ്പാര്‍ട്ടികളും, സമൂഹത്തില്‍ ഇടപെടുന്ന എല്ലാസംഘടനകളും ജാതിയെ എക്കാലവും നിലനിര്‍ത്തി ആനുകൂല്യം പറ്റാനും മുതലെടുക്കാനും വേണ്ടി മാത്രമാണ് ഉപയോഗിക്കുന്നത്.

            ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് സി.പി.എമ്മിന്റെ അംഗത്വ ഫോറത്തില്‍ ജാതിക്കോളം കടന്നു കൂടിയിരുന്നു. വിവാദത്തെ തുടര്‍ന്ന് അതു നീക്കം ചെയ്യുകയായിരുന്നു. പിന്നോക്കക്കാര്‍ ജാതി പറയുന്നതും ജാതിയുടെ അടിസ്ഥാനത്തില്‍ സംഘടിക്കുന്നതും ഉയിര്‍ത്തെഴുന്നേല്‍പ്പായും മുന്നോക്കക്കാര്‍ ജാത്യഭിമാനം പറഞ്ഞുനടക്കുന്നത് പരിഹാരമില്ലാത്ത പാപമാണെന്നും ആര്‍ക്കെങ്കിലും തോന്നുന്നെങ്കില്‍ വസ്തുനിഷ്ഠമല്ലാത്ത സമീപനമാണത്. ഈ അഭിപ്രായം ഉപരിവര്‍ഗം എന്നു പറയപ്പെടുന്ന വര്‍ഗത്തില്‍ ജനിച്ചു പോയതുകൊണ്ടുളള എന്റെ അഭിപ്രായമല്ല. ജാതി നിരോധിച്ചുകൊണ്ട് ഒരു സര്‍ക്കാര്‍ വിളംബരം പുറപ്പെടുവിച്ച ശേഷം വ്യക്തി നിയമങ്ങള്‍ മരവിപ്പിച്ച് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കിക്കൊണ്ട് ജാതി പറയാന്‍ പാടില്ല എന്നു പറഞ്ഞാല്‍ അതിന് ആര്‍ജവമുണ്ട്.
        
            ഉച്ചക്കഞ്ഞിക്കു പകരം സ്‌കൂളുകളില്‍ ഉപ്പുമാവു കൊടുത്തിരുന്ന കാലത്തു പൂരിപ്പിച്ചു കൊടുക്കേണ്ടിയിരുന്ന മൂന്നു പൈസ വിലയുണ്ടായിരുന്ന അപേക്ഷാ ഫോറം മുതല്‍ അനാഥമന്ദിരത്തില്‍ ചേരാനുളള അപേക്ഷയില്‍ വരെ ജാതിക്കോളം പൂരിപ്പിച്ചു നല്‍കേണ്ട ഈ ഇരുണ്ട ഭൂഖണ്ഡത്തില്‍ ജാതിയില്‍ ജനിച്ച് ,ജാതിയില്‍ ജീവിച്ച് ജാതിയടിസ്ഥാനത്തില്‍ പരലോകത്തു പോകുന്നവരാണുളളത്. താരതമ്യേന പരിഷ്‌കൃതാശയരെന്നു തെറ്റിദ്ധരിക്കപ്പെട്ടിട്ടുളള കമ്യൂണിസ്റ്റു പാര്‍ട്ടിക്കാര്‍ പോലും പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ സാഥാനാര്‍ത്ഥിയെ നിശ്ചയിക്കുന്നതു മുതല്‍ സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരെ വീതം വയ്ക്കുന്നതു വരെ ജാതിയടിസ്ഥാനത്തിലാണെന്ന് എല്ലാവര്‍ക്കുമറിയാം. ജാതിയുടെ നാമ്പുകള്‍ സദാ എഴുന്നു നില്‍ക്കത്തക്ക തരത്തില്‍ നിത്യേന വളവും വെളളവുമൊഴിച്ചിട്ട് ജാതിനിര്‍മാര്‍ജനം ചെയ്യണം എന്നു പറയുന്നത് കാപട്യമാണ്.

              ഒരു കമ്യൂണിസ്റ്റിന്റെ മനസ്സിലെ ജാതിഭൂകമ്പത്തിന്റെ തോതറിയാന്‍ സഹായിക്കുന്ന റിക്ടര്‍ സ്‌കെയിലാണ് കെ. ആര്‍. ഗൗരിയമ്മ. അരനൂറ്റാണ്ടുകാലം കമ്യൂണിസ്റ്റു കുഴലില്‍ നിവര്‍ന്നിരുന്നിട്ടും പുറത്തെടുത്തപ്പോള്‍ ഈഴവരുടെ മാത്രം നേതാവായി വളഞ്ഞു ചുരുങ്ങിപ്പോയി അവര്‍. ആയിരങ്ങളെ ആവേശം കൊളളിച്ച് ജാതിരഹിത സമൂഹത്തിനായി ആഹ്വാനം ചെയ്ത , ടി. വി. തോമസ്സിനെ വിവാഹം ചെയ്ത വിപഌവനായികയുടെ മനസ്സിന്റെ വ്യാപ്തി ഇത്രയേ ഉള്ളൂവെങ്കില്‍ ഇന്നു വാഴുന്ന തമ്പുരാക്കന്‍മാരുടെ ഗതി എന്താണ്?
    
             ഈയെമ്മെസ്സ് നമ്പൂതിരിപ്പാട് എന്നു പേരുളളതുകൊണ്ട് ആ മനുഷ്യന്‍ തനി വര്‍ഗീയ വാദിയാണെന്നോ ദളിത്ബന്ധു ജോസ് എന്നുപേരു സ്വീകരിച്ചയാള്‍ മതനിരപേക്ഷതയുടെ വക്താവാണെന്നോ വരുന്നില്ല. മനുഷ്യസ്‌നേഹപരമായ ആശയങ്ങള്‍ പേരില്‍ നിന്നല്ല ഉണ്ടാവുന്നത്. അത് ഒരു വ്യക്തിയുടെ ഉന്നതമായ ചിന്തയില്‍ നിന്നും സമൂഹജീവി എന്നനിലയിലുളള പ്രവൃത്തികളില്‍ നിന്നും ആണ് വിലയിരുത്തപ്പെടേണ്ടത്. ഈ പോസ്റ്റിന്റെ തലക്കെട്ടില്‍ ജാതിചോദിച്ചാലെന്താ എന്നു ചോദിച്ചിട്ടുണ്ടെങ്കിലും ജാതി ചര്‍ച്ച ചെയ്യപ്പെടാത്ത ഒരു സമൂഹത്തെയാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. വിദേശരാജ്യങ്ങളില്‍ ചെല്ലുമ്പോഴാണ് ജാതിയുടെ ശൂന്യത മനസ്സിലാകുന്നത്.

2010, ഫെബ്രുവരി 2, ചൊവ്വാഴ്ച

നാരായണപ്പണിക്കര്‍ക്ക് ഗുഡ് ഷീപ്പ് അവാര്‍ഡ്

നാരായണപ്പണിക്കര്‍ക്ക് ഗുഡ് ഷീപ്പ് അവാര്‍ഡ്
           മതസൗഹാര്‍ദ്ദത്തിനും വിദ്യാഭ്യാസരംഗത്തെ  സംഭാവനയ്ക്കുമുളള ഗുഡ് ഷെപ്പേര്‍ഡ് പുരസ്‌ക്കാരം എന്‍. എസ്. എസ്. ജനറല്‍ സെക്രട്ടറി അഡ്വ. പി. കെ. നാരായണപ്പണിക്കര്‍ക്ക് സമ്മാനിച്ചു.-വാര്‍ത്ത.
             മതസൗഹാര്‍ദ്ദം എന്ന വാക്കു തന്നെ അര്‍ത്ഥശൂന്യമാണ്. മതങ്ങള്‍ തമ്മില്‍ സൗഹാര്‍ദ്ദത്തില്‍ വര്‍ത്തിക്കുക സാധ്യമല്ല. മതനിരപേക്ഷ സമൂഹത്തെ സൃഷ്ടിക്കുകയാണ് ശരി. ഇഡ്ഡലി തിന്നാനും കാപ്പി കുടിക്കാനും ഒത്തു കൂടുമ്പോള്‍ നാഴികയ്ക്കു നാല്‍പ്പതു വട്ടം ' മാപഌമാരെ നോക്കി പഠിക്ക് എത്ര സ്‌കൂളാ അവര് അടിച്ചു മാറ്റിയിരിക്കുന്നത്' എന്നു രഹസ്യമായി പറയുകയും ചങ്ങനാശേരിയില്‍ നായന്‍മാരുടെ അരമനയില്‍ ചായയും വടയും ഉളള ഏതെങ്കിലും പരിപാടി വരുമ്പോള്‍ ളോഹയിട്ട ഒരുത്തനെ നായന്‍മാര്‍ക്കു കൊതിയും കണ്ണും കിട്ടാതിരിക്കുന്നതിനു മുന്‍നിരയില്‍ വിളിച്ചിരുത്തുന്നതിനെയാണ് മതസൗഹാര്‍ദ്ദത്തിനുളള സംഭാവന എന്നു പറയുന്നത്.
           കഴിഞ്ഞ കാലത്തെ ഗവണ്‍മെന്റ് സ്വകാര്യ മേഖലയില്‍ മെഡിക്കല്‍ കോളേജുകള്‍ അനുവദിച്ചപ്പോള്‍ പന്തളം മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റല്‍ മെഡിക്കല്‍ കോളേജാക്കാന്‍ സര്‍ക്കാര്‍ അങ്ങോട്ടു ചെന്നാവശ്യപ്പെട്ടു. സുകുമാരന്‍നായരുടെ എന്തോ വ്യക്തി താത്പര്യസാധ്യത്തിനായി നായര്‍ സമുദായത്തിനു മെഡിക്കല്‍കോളേജു വേണ്ടാ എന്നു ഗവണ്‍മെന്റിനെ അറിയിച്ചതിന്റെ പേരിലാണ് തൊട്ടടുത്ത സ്ഥലമായ പുഷ്പഗിരിയില്‍ സഭയ്ക്കു മെഡിക്കല്‍ കോളേജു കിട്ടിയത്.സുകുമാരന്‍ നായര്‍ പറയുന്നതുകേട്ട് ചെവിയും ആട്ടി കുടമണിയും കുലുക്കി ബേ..ബേ.. എന്നലച്ചു നടക്കുന്ന പണിക്കര്‍ ചെയ്ത വിദ്യാഭ്യാസ രംഗത്തെ ഈ സംഭാവനയ്ക്ക് ഗുഡ് ഷീപ്പ് പുരസ്‌കാരമാണ് സഭ നല്‍കേണ്ടത്.

പിന്നേം സമ്മന്തം

തിരുവനന്തപുരം: ചെങ്ങന്നൂര്‍ താഴമണ്‍ ഇല്ലത്തില്‍ ശബരിമല തന്ത്രി കണ്ഠര് മഹേശ്വരരുടെ ചെറുമകനും തോട്ടക്കാട് പെരിയമന ഇല്ലത്ത് പരേതനായ ഈശ്വരന്‍ നമ്പൂതിരിയുടെയും മല്ലികാനമ്പൂതിരിയുടെയും മകന്‍ രാഹുല്‍ ഈശ്വറും നന്തന്‍കോട് ചൈത്രത്തില്‍ വിജയന്‍പിളളയുടെയും ശോഭാവിജയന്റെയും മകള്‍ ദീപാവിജയനും വിവാഹിതരായി. -മാതൃഭൂമി വാര്‍ത്ത.
സമ്മന്തം....സമ്മന്തം..... ചമ്മല്‍ കെ. സമ്മന്തം. ചിത്രകാരാ ....ജോസഫേ ഓടിവരൂ....പോസ്‌റ്റെടുത്തടിച്ചു തകര്‍ക്കൂ. ബ്‌ളോഗുലകത്തിലെ അഖിലലോക നമ്പൂതിരി തൊഴിലില്ലാളികളേ സംഘടിക്കുവിന്‍! നായരച്ചിമാര്‍ ലവ് ജിഹാദുമായി ഒരുമ്പെട്ടിറങ്ങിയിരിക്കുന്നു. എന്തിന്നധീരത ഇപ്പോള്‍ തുടങ്ങണം. എല്ലാം നമ്മള്‍ തുടങ്ങേണം. അമ്പലം പോയി, പുരയിടം പോയി, ഓട്ടുപാത്രങ്ങള്‍ പോയി അവസാനം ഉളള ഒരു കിണ്ടീം കൂടി പോയിട്ട് ഇനി എന്നാ ചെയ്യാനാ! പിള്ളാരു പരുവത്തി ഇച്ചീച്ചിയും ഇച്ചീച്ചിയും തമ്മി കൂട്ടിമുട്ടിക്കുമ്പോ അവര്‍ക്കൊരു രസമാ. ഒരു പണീം ചെയ്യാനറിയാത്ത നമ്മുടെ ഏക പണിയായുധമാ പോകുന്നേ. ഒടനേ യോഗക്ഷേമസഭ കൂടണം.