2010, ഫെബ്രുവരി 16, ചൊവ്വാഴ്ച

വസന്തത്തിന്റെ ഇടിമുഴക്കത്തിനും 12 കോടിയുടെ ആസ്തി

വസന്തത്തിന്റെ ഇടിമുഴക്കത്തിനും 12 കോടിയുടെ ആസ്തി
വിപ്ലവത്തെ അതിന്റെ ബീഭത്സതകള്‍ നീക്കി തിരനോട്ടത്തിനു വിട്ട കാവ്യാത്മകപ്രയോഗമായിരുന്നു വസന്തത്തിന്റെ ഇടിമുഴക്കം. പാളത്തിലോടുന്ന തീവണ്ടിയെപ്പോലെ മനുഷ്യജീവിതം യാന്ത്രികവും വിരസവും, പോയ വഴികളിലൂടെത്തന്നെ പോവുകയും ചെയ്യുമ്പോള്‍, പുതിയ പാത വെട്ടിത്തുറക്കുന്ന ഏതു മാറ്റത്തെയും വിപ്ലവം എന്നു വിളിക്കാം. അങ്ങനെയെങ്കില്‍ ഒരു കാലഘട്ടത്തിന്റെ വിപ്ലവപ്പാതകളില്‍, മംഗലാപുരത്ത് കത്തോലിക്കാസെമിനാരിയില്‍ അച്ചന്‍പട്ടം പഠിക്കാന്‍ വിട്ടിടത്തു നിന്നും ഒളിച്ചോടിയ ജോര്‍ജ് ഫെര്‍ണാണ്ടസ് എന്ന പില്‍ക്കാല രാഷ്ട്രീയക്കാരന്‍ തീപ്പൊരിയായിരുന്നു. ഇന്ത്യയുടെ രാഷ്ട്രീയചരിത്രം പഠിക്കുമ്പോള്‍ ആവേശത്തിന്റെ രാജവീഥികളില്‍ നിന്നുകൊണ്ട്, പണത്തിനും, പ്രശസ്തിക്കും, മണ്ണിനും പെണ്ണിനുമപ്പുറം ആവേശം കൊളളാന്‍ ചിലതുണ്ടെന്ന് നമ്മെ പ്രലോഭിപ്പിച്ച ചിലരില്‍ ഒരാളായിരുന്നു സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിലൂടെ ഉയര്‍ന്നു വന്ന ജോര്‍ജ് ഫെര്‍ണാണ്ടസ്. പ്രശസ്തിയും പെണ്ണും തന്നെ അധികം വൈകാതെ മോഹിപ്പിച്ചുകളഞ്ഞു എന്ന് ഫെര്‍ണാണ്ടസ് തന്നെ ബോധ്യപ്പെടുത്തി. ഇപ്പോള്‍ മണ്ണും പണവും മോഹിപ്പിച്ചിരുന്നുവെന്നും.
ദല്‍ഹിയിലെ പത്രങ്ങള്‍ ആഘോഷിക്കുന്ന, അല്‍ഷിമേഴ്‌സ് ബാധിച്ച വൃദ്ധനായ ഫെര്‍ണാണ്ടസിന്റെ സ്വത്തവകാശത്തര്‍ക്കം മലയാളത്തില്‍ വേണ്ടത്ര കണ്ടില്ല. കണ്ണില്‍ പെടാതെ പോയതുമാകാം. മംഗലാപുരത്തുനിന്നും മുങ്ങി ബോംബെയില്‍ പൊങ്ങി എസ്.കെ പാട്ടീലിനെ പരാജയപ്പെടുത്തി, പിന്നീട് ബീഹാറിലെ മുസഫര്‍പൂരിലും, നാളന്ദയിലും മുങ്ങിപ്പൊങ്ങിനിന്ന ഈ യുവതുര്‍ക്കി നടത്തിയ വീരസാഹസികകൃത്യങ്ങള്‍ ആര്‍ക്കും അറിയാവുന്നതേയുളളൂ. ചിത്രത്തിന്റെ മറുവശം നോക്കിക്കാണാനാണീ കുറിപ്പ്.
ഇന്നേയ്ക്ക് 26 വര്‍ഷം മുന്‍പ് ഫെര്‍ണാണ്ടസ് തന്റെ ഭാര്യയെ ഉപേക്ഷിക്കുകയോ അവര്‍ അദ്ദേഹത്തെ ഉപേക്ഷിക്കുകയോ ചെയ്തിരുന്നു. ലൈലാ കബീര്‍ എന്ന ആ സ്ത്രീയില്‍ സീന്‍ ഫെര്‍ണാണ്ടസ് എന്ന് ഒരു കുട്ടിയുണ്ടായി. പിന്നീട് അവരുടെ ചരിത്രം അജ്ഞതയുടെ താഴ് വരയിലായിരുന്നു. അധികം വൈകാതെ ജയാ ജയ്റ്റ്‌ലി എന്ന ഒരു സ്ത്രീ അദ്ദേഹത്തിന്റെ സ്വകാര്യലോകത്തു കയറിപ്പറ്റി. പേരു കേട്ടാല്‍ ഒരു ഹോളിവൂഡ് ആക്ഷന്‍ ഹീറോയുടെ പ്രതീതി ജനിപ്പിക്കുമെങ്കിലും ആള്‍ മലയാളിവനിതയാണ്. നിരവധി ആദ്യകാല IAS കാരും ICS കാരും ഉണ്ടായിരുന്ന ചേറ്റൂര്‍ ശങ്കരന്‍ നായരുടെ കുടുംബത്തില്‍ ജനിച്ച ജയാ ചേറ്റൂര്‍ അശോക് ജെയ്റ്റ്‌ലി എന്ന IAS കാരനെയാണ് വിവാഹം കഴിച്ചത്. 1977 ല്‍ കേന്ദ്ര വ്യവസായകാര്യമന്ത്രിയായിരുന്ന ഫെര്‍ണാണ്ടസിന്റെ പെഴ്‌സണല്‍ സെക്രട്ടറിയായിരുന്നു അശോക്. കാലം അശോകിന്റെ സെക്രട്ടറിസ്ഥാനവും ഭര്‍ത്താവുദ്യോഗവും തെറിപ്പിച്ചുകളഞ്ഞു. ഈ വിവാഹത്തില്‍ അദിതി ജെയ്റ്റ്‌ലി(പിന്നീട് അജയ് ജഡേജയുടെ ഭാര്യ) എന്നൊരു പെണ്‍കുട്ടിയുണ്ടായി. പല വിദേശരാജ്യങ്ങളിലും പഠിച്ചിട്ടു വന്ന ജയ ദല്‍ഹിയിലെ Mirranda House College ല്‍ പഠിക്കുകയും 1962 ല്‍ Miss Mirranda House ആവുകയും ചെയ്തിട്ടുണ്ട്. ഈ സൗന്ദര്യറാണിപ്പട്ടമാകണം അവരെ ശ്രദ്ധാകേന്ദ്രമാകാന്‍ സഹായിച്ചത്. എന്തൊക്കെയായാലും കയറ്റിറക്കങ്ങളിലെല്ലാം ജയ ഫെര്‍ണാണ്ടസിനൊപ്പമുണ്ടായിരുന്നു. അദ്ദേഹം വിവാഹമോചനം തേടിയിരുന്നില്ല. അവരുടെ കാര്യം വ്യക്തവുമല്ല. വ്യക്തിപരമായ ബന്ധങ്ങളുടെ ന്യായാന്യായങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തക്ക കോപ്പ് നമ്മുടെ കൈവശമില്ലാത്തതിനാലും വ്യത്യസ്തമായ കാഴ്ചപ്പാട് പുലര്‍ത്തുന്നതിനാലും അത് വിടുന്നു. (ഈ വിഷയത്തില്‍ താത്പര്യമുളളവര്‍ക്ക് ശോഭാ ഡേ എഴുതിയ ദ വീക്കിലെ ലേഖനമോ ബ്ലോഗോ പരതാം)
ദല്‍ഹിയില്‍ പാപ്പരാസികളായ പേനായുന്തികള്‍ക്കു കൊയ്ത്തുകാലം വന്നത് നാളിതുവരെ അച്ഛനെ കാണാന്‍ പോലും വന്നിട്ടില്ലാത്ത മകന്‍ സീന്‍ ജനുവരി രണ്ടിന് അമേരിക്കയില്‍ നിന്നും പറന്നു വന്ന് ദല്‍ഹിയിലെ തുഗ്ലക്ക് റോഡിലുളള പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയ ശേഷമുണ്ടായ സംഭവവികാസങ്ങളാണ്. 12 വര്‍ഷമായി കേട്ടുകേള്‍വിയോ വിവരമോ ഇല്ലാത്ത ഒരാളെ മരിച്ചതായി കണക്കാക്കാം എന്നു നിയമം പറയുന്ന രാജ്യത്തെ ഒരു പിതാവിനെ കാണാന്‍ 26 വര്‍ഷം കഴിഞ്ഞ് മകനും അമ്മയും കൂടി വരികയാണ്. പരാതി കൊടുത്ത ശേഷം സീന്‍ ചില ജനതാദള്‍ നേതാക്കന്‍മാരുടെ ഒത്താശയോടെ ഫെര്‍ണാണ്ടസിന്റെ ഔദ്യോഗിക വസതിയായ 3, കൃഷ്ണമേനോന്‍ മാര്‍ഗില്‍ നിന്നും ഫെര്‍ണാണ്ടസിന്റെ സഹോദരനെയും, സഹചാരിയായ ജയയെയും മറ്റു സഹായികളെയും ബലമായി പുറത്താക്കി വീട് കൈവശപ്പെടുത്തി. തെഹല്‍ക്ക വെളിപ്പെടുത്തല്‍ മുതല്‍ക്കേ ജനതാദളില്‍ ചിലര്‍ക്ക് ജയയെ കാണുന്നത് ചതുര്‍ത്ഥിയായിരുന്നു.
വീട്ടില്‍ അധികാരം സ്ഥാപിച്ച സീന്‍ അല്‍ഷിമേഴ്‌സ് ബാധിച്ച് സ്വബോധം പ്രകടിപ്പിക്കാന്‍ കഴിയാത്ത ഫെര്‍ണാണ്ടസിനെക്കൊണ്ട്, ജയയുടെയും ഫ്രെഡറിക് ഡിസൂസയുടെയും പേരില്‍ തന്റെ സ്വത്തുവകകള്‍ കൈകാര്യം ചെയ്യുന്നതിന് അദ്ദേഹം എഴുതിക്കൊടുത്ത പവര്‍ ഓഫ് അറ്റോര്‍ണി റദ്ദുചെയ്യുന്ന മുദ്രപ്പത്രത്തില്‍ വിരല്‍ പതിപ്പിച്ചെടുത്തു. (ദല്‍ഹിയിലും വെണ്ടര്‍ ദാനിയലുമാര്‍ ജീവിക്കുന്നു.) പിന്നീട് ലൈലയും മകനും മരുമകളും പേരക്കുട്ടിയും രോഗബാധിതനായ ഫെര്‍ണാണ്ടസിനോടു ചേര്‍ന്നുനില്‍ക്കുന്ന കുടുംബപുനര്‍സമാഗമത്തിന്റെ ചിത്രമെടുത്ത് പ്രസിദ്ധീകരണത്തിനു നല്‍കി. ഇന്ത്യന്‍ അഭിഭാഷകര്‍ക്ക് ഓടിക്കളിക്കാന്‍ കിട്ടിയ ഈ കളിസ്ഥലമല്ല ചര്‍ച്ചാവിഷയം. കളിയുടെ പിന്നിലേക്കു കടക്കുമ്പോള്‍ പാപ്പരാസികള്‍ മഹാന്‍മാരാകുന്നു. അവര്‍ പറയുന്നു : ഇന്ത്യന്‍ യുവതുര്‍ക്കിക്ക് 12 കോടി രൂപയുടെ ആസ്തി ഇന്ത്യയിലെ 3 സംസ്ഥാനങ്ങളിലായുണ്ട്. മുഷിഞ്ഞു നാറിയ കുര്‍ത്താപൈജാമയുമായി എവിടെയും സഞ്ചരിച്ചിരുന്ന ഫെര്‍ണാണ്ടസ് ഇനി നമ്മുടെ ഓര്‍മ്മകളിലും മുഷിഞ്ഞുനാറും. സ്മൃതിപഥങ്ങളെ അനാഥമാക്കിയ അല്‍ഷിമേഴ്‌സിനോടു പോലും കലഹിക്കാനാവുന്നില്ല. ലാസ്റ്റ് പോസ്റ്റ് ടു അല്‍ഷിമേഷ്‌സ്!

3 അഭിപ്രായങ്ങൾ:

  1. കിടിലൻ മലയാള പത്രത്തിൽ വന്നിരുന്നു ജനുവരിയിൽ

    മറുപടിഇല്ലാതാക്കൂ
  2. അദ്ദേഹം ജീവിക്കാൻ ശീലിച്ച ആളായിരുന്നു കേട്ടൊ..

    മറുപടിഇല്ലാതാക്കൂ
  3. ഓ, ഈ കർമ്മ ഫലം എന്നു പറയുന്നത് ഇതു തന്നെയായിരിക്കണം ! ജനത്തെ വഞ്ചിക്കാത്ത ഒരാളെ രാഷ്ട്രീയത്തിൽ ഉണ്ടായിട്ടുള്ളു. അധികാരക്കൊതി ഇല്ലാത്തതിനാൽ അവിടെ എത്താൻ ശ്രമിക്കാത്തതു കൊണ്ടായിരിക്കാം അദ്ദേഹം മഹാത്മാവായി ഇരിക്കുന്നത്.

    മറുപടിഇല്ലാതാക്കൂ