2010, ഫെബ്രുവരി 5, വെള്ളിയാഴ്‌ച

ജാതി ചോദിച്ചാലെന്താ?

             ചരിത്രത്തെ വിലയിരുത്താനും വ്യാഖ്യാനിക്കാനും എളുപ്പം കഴിയും. സാമകാലിക സമൂഹത്തെ വിലയിരുത്തുമ്പോള്‍ വസ്തുനിഷ്ഠ സമീപനത്തിനു പകരം ആത്മനിഷ്ഠ സമീപനമാകും മുന്നിട്ടു നില്‍ക്കുക. നമ്മുടെ വികല്പ ചിന്തകള്‍ കാലം കുറെ കഴിഞ്ഞു മാത്രമേ മനസ്സിലായെന്നു വരൂ. ജാതി എന്നത്  ഇന്ത്യന്‍ സമൂഹത്തിലെ വ്യാഖ്യാനിച്ചാലും തീരാത്ത അര്‍ത്ഥമാനങ്ങളുളള, അതിനു ശ്രമിക്കുന്നവന്‍ ആണ്ടു പോകുന്ന ഒരു ബര്‍മുഡാ ട്രയാംഗിളാണ്. ജാതിരഹിത സമൂഹസൃഷ്ടിക്കായുളള പരിശ്രമം അതിന്റെ ദുരിതഫലങ്ങളനുഭവിച്ചവരോ മറ്റുളളവരോ നടത്തുന്നില്ല. ഗവണ്‍മെന്റും, രാഷ്ട്രീയപ്പാര്‍ട്ടികളും, സമൂഹത്തില്‍ ഇടപെടുന്ന എല്ലാസംഘടനകളും ജാതിയെ എക്കാലവും നിലനിര്‍ത്തി ആനുകൂല്യം പറ്റാനും മുതലെടുക്കാനും വേണ്ടി മാത്രമാണ് ഉപയോഗിക്കുന്നത്.

            ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് സി.പി.എമ്മിന്റെ അംഗത്വ ഫോറത്തില്‍ ജാതിക്കോളം കടന്നു കൂടിയിരുന്നു. വിവാദത്തെ തുടര്‍ന്ന് അതു നീക്കം ചെയ്യുകയായിരുന്നു. പിന്നോക്കക്കാര്‍ ജാതി പറയുന്നതും ജാതിയുടെ അടിസ്ഥാനത്തില്‍ സംഘടിക്കുന്നതും ഉയിര്‍ത്തെഴുന്നേല്‍പ്പായും മുന്നോക്കക്കാര്‍ ജാത്യഭിമാനം പറഞ്ഞുനടക്കുന്നത് പരിഹാരമില്ലാത്ത പാപമാണെന്നും ആര്‍ക്കെങ്കിലും തോന്നുന്നെങ്കില്‍ വസ്തുനിഷ്ഠമല്ലാത്ത സമീപനമാണത്. ഈ അഭിപ്രായം ഉപരിവര്‍ഗം എന്നു പറയപ്പെടുന്ന വര്‍ഗത്തില്‍ ജനിച്ചു പോയതുകൊണ്ടുളള എന്റെ അഭിപ്രായമല്ല. ജാതി നിരോധിച്ചുകൊണ്ട് ഒരു സര്‍ക്കാര്‍ വിളംബരം പുറപ്പെടുവിച്ച ശേഷം വ്യക്തി നിയമങ്ങള്‍ മരവിപ്പിച്ച് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കിക്കൊണ്ട് ജാതി പറയാന്‍ പാടില്ല എന്നു പറഞ്ഞാല്‍ അതിന് ആര്‍ജവമുണ്ട്.
        
            ഉച്ചക്കഞ്ഞിക്കു പകരം സ്‌കൂളുകളില്‍ ഉപ്പുമാവു കൊടുത്തിരുന്ന കാലത്തു പൂരിപ്പിച്ചു കൊടുക്കേണ്ടിയിരുന്ന മൂന്നു പൈസ വിലയുണ്ടായിരുന്ന അപേക്ഷാ ഫോറം മുതല്‍ അനാഥമന്ദിരത്തില്‍ ചേരാനുളള അപേക്ഷയില്‍ വരെ ജാതിക്കോളം പൂരിപ്പിച്ചു നല്‍കേണ്ട ഈ ഇരുണ്ട ഭൂഖണ്ഡത്തില്‍ ജാതിയില്‍ ജനിച്ച് ,ജാതിയില്‍ ജീവിച്ച് ജാതിയടിസ്ഥാനത്തില്‍ പരലോകത്തു പോകുന്നവരാണുളളത്. താരതമ്യേന പരിഷ്‌കൃതാശയരെന്നു തെറ്റിദ്ധരിക്കപ്പെട്ടിട്ടുളള കമ്യൂണിസ്റ്റു പാര്‍ട്ടിക്കാര്‍ പോലും പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ സാഥാനാര്‍ത്ഥിയെ നിശ്ചയിക്കുന്നതു മുതല്‍ സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരെ വീതം വയ്ക്കുന്നതു വരെ ജാതിയടിസ്ഥാനത്തിലാണെന്ന് എല്ലാവര്‍ക്കുമറിയാം. ജാതിയുടെ നാമ്പുകള്‍ സദാ എഴുന്നു നില്‍ക്കത്തക്ക തരത്തില്‍ നിത്യേന വളവും വെളളവുമൊഴിച്ചിട്ട് ജാതിനിര്‍മാര്‍ജനം ചെയ്യണം എന്നു പറയുന്നത് കാപട്യമാണ്.

              ഒരു കമ്യൂണിസ്റ്റിന്റെ മനസ്സിലെ ജാതിഭൂകമ്പത്തിന്റെ തോതറിയാന്‍ സഹായിക്കുന്ന റിക്ടര്‍ സ്‌കെയിലാണ് കെ. ആര്‍. ഗൗരിയമ്മ. അരനൂറ്റാണ്ടുകാലം കമ്യൂണിസ്റ്റു കുഴലില്‍ നിവര്‍ന്നിരുന്നിട്ടും പുറത്തെടുത്തപ്പോള്‍ ഈഴവരുടെ മാത്രം നേതാവായി വളഞ്ഞു ചുരുങ്ങിപ്പോയി അവര്‍. ആയിരങ്ങളെ ആവേശം കൊളളിച്ച് ജാതിരഹിത സമൂഹത്തിനായി ആഹ്വാനം ചെയ്ത , ടി. വി. തോമസ്സിനെ വിവാഹം ചെയ്ത വിപഌവനായികയുടെ മനസ്സിന്റെ വ്യാപ്തി ഇത്രയേ ഉള്ളൂവെങ്കില്‍ ഇന്നു വാഴുന്ന തമ്പുരാക്കന്‍മാരുടെ ഗതി എന്താണ്?
    
             ഈയെമ്മെസ്സ് നമ്പൂതിരിപ്പാട് എന്നു പേരുളളതുകൊണ്ട് ആ മനുഷ്യന്‍ തനി വര്‍ഗീയ വാദിയാണെന്നോ ദളിത്ബന്ധു ജോസ് എന്നുപേരു സ്വീകരിച്ചയാള്‍ മതനിരപേക്ഷതയുടെ വക്താവാണെന്നോ വരുന്നില്ല. മനുഷ്യസ്‌നേഹപരമായ ആശയങ്ങള്‍ പേരില്‍ നിന്നല്ല ഉണ്ടാവുന്നത്. അത് ഒരു വ്യക്തിയുടെ ഉന്നതമായ ചിന്തയില്‍ നിന്നും സമൂഹജീവി എന്നനിലയിലുളള പ്രവൃത്തികളില്‍ നിന്നും ആണ് വിലയിരുത്തപ്പെടേണ്ടത്. ഈ പോസ്റ്റിന്റെ തലക്കെട്ടില്‍ ജാതിചോദിച്ചാലെന്താ എന്നു ചോദിച്ചിട്ടുണ്ടെങ്കിലും ജാതി ചര്‍ച്ച ചെയ്യപ്പെടാത്ത ഒരു സമൂഹത്തെയാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. വിദേശരാജ്യങ്ങളില്‍ ചെല്ലുമ്പോഴാണ് ജാതിയുടെ ശൂന്യത മനസ്സിലാകുന്നത്.

26 അഭിപ്രായങ്ങൾ:

  1. അതെ, ജാതിയെ കുറിച്ച് ചര്‍ച്ചപോലും ചെയ്യപ്പെടാത്ത ഒരു സമൂഹത്തെയാണ് ഞാനും ഇഷ്ടപ്പെടുന്നത്

    മറുപടിഇല്ലാതാക്കൂ
  2. ഒരാള്‍ നായര്‍ വാലോ നമ്പൂതിരി വാലോ ചേര്‍ക്കുന്നതല്ല പ്രശ്നം , ചേര്‍ക്കുന്നതിനോടൊപ്പം തന്നെ അയാള്‍ ആ ജാതി വാലിനു മറ്റുള്ളതിനേക്കാള്‍ എന്തോ കൂടുതലുണ്ടെന്നു കരുതുകയും അതിനനുസരിച്ച് മറ്റുള്ളവരെ നോക്കിക്കാണുകയും ചെയ്താല്‍ അതാണു പ്രശ്നം ...

    ഇനിയിപ്പോള്‍ ജാതിവാലു മുറിച്ച് മാറ്റിയവന്‍ തന്നെ സ്വഭാവത്തില്‍ മേല്പറഞ്ഞത് കൊണ്ട് നടന്നാല്‍ , വാലുമുറിച്ചത് കൊണ്ടെന്ത് കാര്യം ???

    ഇപ്പോള്‍ ദളിതനുവേണ്ടി വാദിക്കുന്ന ചില പ്രത്യേക തരം മനുഷ്യസ്നേഹികള്‍ക്ക് ജാതിരഹിത സമൂഹം അല്ല ആവശ്യം .. അതിന്റെ പിന്നില്‍ മറ്റു പലതുമാണ്

    മറുപടിഇല്ലാതാക്കൂ
  3. അറിവില്ലായ്മ കൊണ്ട് ചോദിക്കുന്നതാണ്, ക്ഷമിക്കുക. കേരളത്തിലെ സമൂഹം ജാതിപരമായ വിവേച്ചനങ്ങളില്‍ നിന്നും വലിയ ഒരു പരിധി വരെ മുക്തമായിട്ടില്ലേ? പ്രത്യേകിച്ച് ഇതര ഇന്ത്യന്‍ സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍?
    ഇനി നാം വേണ്ടത് ജാതി പറയാതിരിക്കുക തന്നെയല്ലേ?

    മറുപടിഇല്ലാതാക്കൂ
  4. ജാതിയില്ലാ ക്കാലം അതല്ലേ നല്ലത്.

    മറുപടിഇല്ലാതാക്കൂ
  5. എനിക്ക് ജാതിപ്പേരില്ലാതെ ഒരാളെ കാണുന്നതാണ് താല്പര്യം.. കമ്യൂണിസ്റ്റുകാര്‍ എന്ത് പറഞ്ഞു/ചെയ്തു എന്നതില്‍ ഈ സബ്ജക്ടില്‍ എന്ത് പ്രസക്തി? റോഷ്.. കേരളം മെച്ചമാണു എന്നു പറയാം പക്ഷേ ഇനിയും എത്രയോ മാറേണ്ടിയിരിക്കുന്നു...

    മറുപടിഇല്ലാതാക്കൂ
  6. വിദേശരാജ്യങ്ങളില്‍ ചെല്ലുമ്പോഴാണ് ജാതിയുടെ ശൂന്യത മനസ്സിലാകുന്നത്... thats a good point..

    മറുപടിഇല്ലാതാക്കൂ
  7. നമ്മുടെ പോലെയുള്ളതല്ലെങ്കിലും വിദേശങ്ങളിലും പലതരത്തിലുള്ള വേര്‍തിരിവുകളുണ്ട്. ഒരു പക്ഷെ, നിറത്തിന്റെ പേരില്‍, വംശത്തിന്റെ പേരില്‍, വിശ്വാസങ്ങളുടെ പേരില്‍ എല്ലാം വേര്‍തിരിവുകളുണ്ട്. പ്രത്യക്ഷത്തില്‍ കാണാന്‍ കഴിയില്ലെങ്കിലും യൂറോപ്പിലെ ജിപ്സികളെ ബാക്കിയുള്ളവര്‍ കാണുന്നതെങ്ങിനെയെന്ന് നോക്കിയാല്‍ മതി.

    മറുപടിഇല്ലാതാക്കൂ
  8. ഒരു കൂട്ടർ പറയുന്നു?

    മതം വേണ്ടാ,
    ജാതി വേണ്ടാ,
    ഗോത്രം വേണ്ടാ,
    ഭാഷാ വിത്യാസം വേണ്ടാ,
    ആൺ പെൺ വിത്യാസം വേണ്ടാ,

    അങ്ങനെ നൂറുക്കണക്കിന്‌ വേണ്ടാകൾ!

    ഇതെല്ലാമുണ്ടായാലും, മനുഷ്യനെ മനുഷ്യനായി കാണാൻ പഠിച്ചാൽ പോരെ?

    മറുപടിഇല്ലാതാക്കൂ
  9. ഹഹഹഹ..............
    നല്ല നീളത്തില്‍ ജാതിവാലുമായി ബ്ലോഗാനിറങ്ങിയ
    പ്രകാശ് ഡി നംബൂതിരി തന്നെ ഇതു പറയണം :)
    ദുര്‍ഗന്ധത്തെക്കുറിച്ച് പരാതിപറയാന്‍ എല്ലാവരും ധൈര്യം കാണിക്കുകതന്നെ വേണം. പക്ഷേ അത് നെറ്റിയില്‍ പറ്റിച്ചു നടക്കുന്നവര്‍ അദ്യം കഴുകി കളയാന്‍ സത്യസന്ധത കാണിക്കുകയല്ലേ ഉചിതം പ്രകാശ് !!!
    അസനത്തിലുള്ളത് സൌകര്യം പോലെ കഴുകുക. പക്ഷേ നെറ്റിയില്‍
    തേച്ചുപിടിപ്പിച്ചിരിക്കുന്ന ദുര്‍ഗന്ധം ലജ്ജിപ്പിക്കുന്നില്ലെന്നത് അതിശയകരം തന്നെ... പ്രത്യേകിച്ചും വളരെ ആഴത്തില്‍ ചിന്തിക്കാന്‍ കഴിയുന്നയാളാകുംബോള്‍.
    ചിത്രകാരന്റെ ആശംസകള്‍ സുഹൃത്തേ !!!

    മറുപടിഇല്ലാതാക്കൂ
  10. പ്രിയപ്പെട്ട നംപൂതിരി സുഹ്രുത്തേ.. താങ്കളെപ്പോലെയുള്ള പലരുടെയും പ്രശ്നം എനിക്കു മനസ്സിലായിടത്തോളം ഇത്രയുമാണു. നിങ്ങള്‍ക്ക് പുരോഗമനവാദിയാകണം; ആഡ്ഡ്യത്വം കളയാനും വയ്യ. തീര്‍ച്ചയായു ജാതിപ്പേര്‍ എന്നത് ഒരു സൂചകമാണു
    1. ഞാന്‍ നിങ്ങളില്‍നിന്നും വ്യത്യസ്തനാണു.
    2. എനിക്ക് ജോലി കിട്ടിയത് സംവരണം വഴി അല്ല
    3. ഞാന്‍ ബഹുമാനിക്കപ്പെടേണ്ടയാളാണു.
    4. നോക്കൂ ഞാന്‍ ഈ ജാതിക്കാരനായിട്ടും നിങ്ങളുടെ കൂടെ ഇടപഴകുന്നു. നിങ്ങള്‍ ഭാഗ്യവാന്‍മാര്‍..!
    5. കാര്യമൊക്കെ കാര്യം; ഒരു പരിധിയില്‍ കൂടുതല്‍ എന്നെ ഭരിക്കാന്‍ വരരുത്.
    6. എന്നെ പിണക്കിയാല്‍ ബ്രാഹ്മണശാപം...
    പിന്നെയുമുണ്ട് ഒരുപാട്. നിങ്ങള്‍ ഉദ്ദേശിക്കുന്നു എന്നല്ല. ഇത്ര വരേക്കും പോകാം ഒരു വാലിന്‍റെ സൂചകങ്ങള്‍. പിന്നെ പെരിന്‍റെ കൂടെ പോലും ജാതിപ്പേര്‍ ചേര്‍ക്കുന്നവര്‍ "ജാതി ചര്‍ച്ച ചെയ്യപ്പെടാത്ത ഒരു സമൂഹത്തെയാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്" എന്നു പറയുന്നത് എത്ര വിരോധം!!
    ഈ വാലില്ലെങ്കില്‍ എന്താണു സുഹ്രുത്തെ അപകടം? ഞാനും ഒരു ദളിതനും പേരിലെങ്കിലും വ്യത്യസ്തനല്ലാതാവുന്നു. അത് അംഗീകരിക്കാന്‍ പറ്റാത്തവരാണു ജാതിപ്പേര്‍ ഒരു അലങ്കാരമായി കൊണ്ട് നടക്കുന്നത്. ഈഴവന്‍ എന്നൊ പുലയന്‍ എന്നൊ പേരിന്‍റെ കൂടെ ചേര്‍ക്കുന്നവരില്ലല്ലൊ. നംപൂതിരി, വാര്യര്‍, നങ്യാര്‍, നായര്‍, മേനോന്‍ എന്നിങ്ങനെയുള്ള 'ഉന്നത കുലജാതര്‍'മാത്രം. ജാതി വ്യത്യാസങ്ങള്‍ ഒഴിവാക്കണമെന്നു ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നവര്‍ സ്വന്തം ജാതി അടയാളങ്ങള്‍ ഉപേക്ഷിക്കുകയാണു ആദ്യം വേണ്ടത്. ജാതി വിടാനും വയ്യ പുരോഗമനാകുകയും വേണം എന്ന നിലയിലായാല്‍ കുറച്ച് കഷ്ടപ്പെടുകതന്നെ ചെയ്യും

    മറുപടിഇല്ലാതാക്കൂ
  11. Correctly said Chitrabhanu:-
    "നിങ്ങള്‍ക്ക് പുരോഗമനവാദിയാകണം; ആഡ്ഡ്യത്വം കളയാനും വയ്യ"
    EMS was asked the question of sporting the caste name by one of his comrade A.V Aryan (later became a naxallite). Aryan has mentioned later ,that EMS responed to his suggestion with great deal of anger back at him.

    മറുപടിഇല്ലാതാക്കൂ
  12. ജാതി...........മതം.............തൊട്ടാല്‍ പൊള്ളും

    മറുപടിഇല്ലാതാക്കൂ
  13. വേശ്യയുടെ ചാരിത്ര്യ പ്രസംഗം!

    മറുപടിഇല്ലാതാക്കൂ
  14. “ഒരു കമ്യൂണിസ്റ്റിന്റെ മനസ്സിലെ ജാതിഭൂകമ്പത്തിന്റെ തോതറിയാന്‍ സഹായിക്കുന്ന റിക്ടര്‍ സ്‌കെയിലാണ് കെ. ആര്‍. ഗൗരിയമ്മ. അരനൂറ്റാണ്ടുകാലം കമ്യൂണിസ്റ്റു കുഴലില്‍ നിവര്‍ന്നിരുന്നിട്ടും പുറത്തെടുത്തപ്പോള്‍ ഈഴവരുടെ മാത്രം നേതാവായി വളഞ്ഞു ചുരുങ്ങിപ്പോയി അവര്‍.“

    ജാതിയില്ലാത്ത മാക്സിസ്റ്റ്പാര്‍ട്ടിയെപ്പോഴും ഗൌരിയമ്മയെ തന്റെ ജാതിയെപ്പറ്റി ഓര്‍മിപ്പിച്ചിരിക്കണം. ഉന്നതകുലജാതര്‍ക്കു അവരുടെ പിന്നില്‍ അണി നിരക്കാനുള്ള ബുദ്ധിമുട്ടൊന്നുകൊണ്ടുമാത്രമവര്‍ മുഖ്യമന്ത്രിയാവാതെ പോയില്ലേ?

    മറുപടിഇല്ലാതാക്കൂ
  15. ചിത്രഭാനു, ഈ കാലത്ത് പുരോഗമനവാദിയെ ആര്‍ക്കുവേണം? കേരളത്തില്‍ ജാതിബോധം കൂടിയോ കുറഞ്ഞോ? നിരീശ്വരവാദികള്‍ കുറഞ്ഞോ കൂടിയോ? പുരോഗമനവാദിയായി അംഗീകരിക്കണമെന്ന് എവിടെ പറഞ്ഞു? ഇന്ത്യയിലെ പൊതുസമൂഹം സാമാന്യേന ജാതി നിഷേധിക്കുന്നിടത്തു മാത്രമേ എനിക്കും ജാതി നിഷേധിക്കാന്‍ താത്പര്യമുളളൂ.ആരു പറഞ്ഞു പിന്നോക്കക്കാരനു ജാതിയില്ലെന്ന്? കേരളത്തിലെ ബി.എസ്.പി.യുടെ സംസ്ഥാന സെക്രട്ടറിയുടെ പേര് അഡ്വ. സജി.കെ.ചേരമന്‍ എന്നാണ്.

    മറുപടിഇല്ലാതാക്കൂ
  16. To eradicate caste differences, is difficult in India because of the caste based politics. It strengthens the caste in the society when caste is used for gaining aristocracy or benefits.

    മറുപടിഇല്ലാതാക്കൂ
  17. ‘ഈ കാലത്ത് പുരോഗമനവാദിയെ ആര്‍ക്കുവേണം?ഇന്ത്യയിലെ പൊതുസമൂഹം സാമാന്യേന ജാതി നിഷേധിക്കുന്നിടത്തു മാത്രമേ എനിക്കും ജാതി നിഷേധിക്കാന്‍ താത്പര്യമുളളൂ.’ കൊച്ചു കള്ളൻ ! പുരോഗമനവാദം വാലിലാക്കി ചുരുട്ടിവച്ചിരിക്കുകയായിരുന്നു അല്ലേ ! ങ്ഹാ ... ഇനി വാൽ ആദ്യം ആട്ടണ്ട. പണ്ടും എല്ലാം ആദ്യം ആട്ടിക്കോണ്ടിന്നത് നമ്മുടെ ജാതിയല്ലേ , ഇനിയെല്ലാം പുറകെ മതി.

    മറുപടിഇല്ലാതാക്കൂ
  18. ജാതി ബോധം കൂടിക്കൊണ്ടേ ഇരിക്കുന്നുള്ളു.. അതിനു നിങ്ങളെപ്പോലുള്ളവർ ഉത്തരവാദികളാണു. അത് മറക്കാതിരിക്കുക. ബാക്കിയെല്ലാവരും ജാതി കളഞ്ഞതിനു ശേഷം താങ്കൾ കളയാമെന്നു പറയുന്നത് എന്തൊരു തമാശയാണു!!! ഞാൻ ചെയ്യുന്ന എല്ലാ പ്രവ്രുത്തിയും ഈ ജാതി ഘടനയെ തകർക്കാനുള്ളതാകും എന്നു ചിന്തിച്ചാൽ മാത്രമേ അത് തകരൂ.. തങ്കളുടെ നിലപാടിൽ നിന്നും വ്യക്തമാകുന്നത് താങ്കൽക്ക് ഈ ഘടന നിലനിൽക്കണം എന്നാണു താൽപ്പര്യം എന്നതാണു

    മറുപടിഇല്ലാതാക്കൂ
  19. അല്പം മുൻപാണ് ‘ജയറാമിന്റെ ബ്രാഹ്മണവാദം’ എന്ന പോസ്റ്റിൽ അനാവശ്യമായ ആരോപണങ്ങൾ ബ്രാഹ്മണ വിരുദ്ധർ ഉന്നയിക്കുന്നതിനെതിരെ ഒന്നു കമന്റിയത്.
    (http://kayyoppu-bachoo.blogspot.com/2010/02/blog-post.html)

    പക്ഷേ ‘പ്രകാശ്.ഡി.നമ്പൂതിരി’യുടെ ഈ പൊസ്റ്റിൽ ചിത്രഭാനു പറഞ്ഞതിനെ പിന്താങ്ങാനാണ് തോന്നുന്നത്.

    “ജാതി ചര്‍ച്ച ചെയ്യപ്പെടാത്ത ഒരു സമൂഹത്തെയാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. വിദേശരാജ്യങ്ങളില്‍ ചെല്ലുമ്പോഴാണ് ജാതിയുടെ ശൂന്യത മനസ്സിലാകുന്നത്.”
    എന്നൊക്കെ പറയുന്നയാൾ കുറഞ്ഞപക്ഷം ജാതി ധ്വനിപ്പിക്കാത്ത ഒരു പെരെങ്കിലും (ബ്ലോഗിംഗിലെങ്കിലും)സ്വീകരിച്ചിരുന്നെങ്കിൽ പറയുന്നതിന് ആത്മാർത്ഥതയുണ്ടെന്ന് മറ്റുള്ളവർക്കു തോന്നിയേനെ!

    മറുപടിഇല്ലാതാക്കൂ
  20. chithrakaran, chithrabanu, ajith, nissahayan.

    YOU ALL BELONGS TO THE PREJUDICED LOT. I DO UNDERSTAND THAT SUPPRESSED ANGER WHEN YOU SEE CASTE NAME. DONT YOU EVER THINK THAT YOU PEOPLE ARE REPEATING THE SAME DISCRIMINATORY ATTITUDE OF THE HIGHER TOWARDS ERSTWHILE UNTOUCHABLES, TODAY TO THE HIGHER. DO YOU THINK A PERSON CAN BE GOOD IF WITHOUT SURNAME AND BAD WITH A SURNAME. WHAT LOGIC YOU APPLY TO THIS?
    CHECK THE COMMENT BY VAYUJITH AND AND ANSWER HIM
    THINK ABOUT THE COMMENT BY KAKKARA
    TAKE NOTE OF THRISSUKKARAN
    STILL PREFER TO BE PREJUDICED?
    WHO CARES?
    -SUNIL NAIR

    മറുപടിഇല്ലാതാക്കൂ
  21. Untouchable!!! ഇതെന്തൊരു തമാശയാണിഷ്ട്ടാ.. ജാതിപ്പേർ വക്കുന്നതോ വക്കാതിരിക്കുന്നതോ ഒരാളുടെ വ്യക്തിപരമായ കാര്യം. പക്ഷെ അതും വച്ചുകൊണ്ട് മതേതരത്വം പറയുമ്പോളാണു പ്രശ്നം. അവസാനത്തെ പേരിന്റെ ചേതൊവികാരം മനസിലായി. ഇത്തരം വാലുകൽ ജാതി ഘടനയെ ഊട്ടി ഉറപ്പിക്കുന്നവയാണു എന്നാണു പറഞ്ഞുവന്നത്.
    യൂറോപ്പിനെ ഞാൻ മഹത്വവല്ക്കരിച്ചിട്ടില്ല. വർണ്ണ വിവേചനം ഉടലെടുത്തത് യൂറോപ്പിൽനിന്നു തന്നെയാണു. ആര്യൻ സുപ്പീരിയോറിറ്റി തിയറിയും യൂറോപ്യൻ തന്നെ...
    വായുജിത് പറയുന്ന മറ്റുചിലത് എന്തൊക്കെയാണു...? ദളിത പക്ഷം പറയുമ്പോൽത്തന്നെ ഹാലിളകുന്നത് എന്തിനാണു?
    കാക്കര പറഞ്ഞത് വലിയ ഒരു തമാശയാണു. നമ്പൂതിരിക്ക് ആഡ്ഢ്യത്വം തുടരട്ടെ.. പുലയൻ അടിമയായി തുടരട്ടെ.. എന്നിട്ട് നമ്പൂതിരി പുലയനോട് ദയ കാണിക്കട്ടെ.. ഹാ മനുഷ്യത്വം...!!!

    മറുപടിഇല്ലാതാക്കൂ
  22. എന്റെ വാക്കുകളിൽ എവിടെയാണ്‌ ആഢ്യത്യം അടിമത്വം എല്ലാം വായിച്ചെടുത്തത്‌...

    കാക്കര എഴുതാത്തത്‌ വായിക്കല്ലെ....

    മറുപടിഇല്ലാതാക്കൂ
  23. കാക്കര എഴുതിയതിന് അർഥം ഇതു വരെ പോകാം എന്നാണ് പറയാനുദ്ദേശിച്ചത്.
    "ഇതെല്ലാമുണ്ടായാലും, മനുഷ്യനെ മനുഷ്യനായി കാണാൻ പഠിച്ചാൽ പോരെ?" ഈ കമന്റാണ് ആസ്ഥാനം. എല്ലാമുണ്ടായാൽ എന്നു പറഞ്ഞൾ ആഡ്ഡ്യത്വവും പെടില്ലേ.. മേൽജാതിയും കീഴ്ജാതിയും നിലനിൽക്കെത്തന്നെ ഉണ്ടാകുന്ന മനുഷ്യത്വം മേൽജാതിക്കാരന്റെ ദയ മാത്രമാണ്. അസമത്വങ്ങൾ ഉണ്ടാകുംപോൾ അത് വേണ്ട എന്നു പറയുകതന്നെയല്ലേ കാക്കരേ അതിന്റെ ശരി..? അസമത്വത്തിൽനിന്നു എങ്ങനെ മനുഷ്യത്വം പിറവികൊള്ളും....?

    മറുപടിഇല്ലാതാക്കൂ
  24. ചിത്രഭാനു....

    “ഇതെല്ലാമുണ്ടായാലും” എന്നത്‌ ജാതിയിലേക്ക്‌ താഴ്ത്തി കെട്ടല്ലെ. അവിടെയാണ്‌ പ്രശ്‌നം!

    മതം, ജാതി, ഗോത്രം, ഭാഷ, ലിംഗം അങ്ങനെ നൂറുകൂട്ടം വേണ്ടാകൾ.... കൂട്ടത്തിൽ രാജ്യാതിർത്തികൾ, തൊഴിൽ, വർണ്ണം etc. ഇതിന്റെയൊക്കെ പേരിൽ അസമത്വം നിലവിലുണ്ട്‌. ഇതെല്ലാം മാറ്റിയാൽ മാത്രമെ മനുഷ്യത്വമുണ്ടാവുകയുള്ളു എന്ന്‌ ചിന്തിക്കുന്നത്‌ ശരിയല്ല എന്നാണ്‌ എന്റെ അഭിപ്രായം. ഇതൊക്കെ നിലനിൽക്കും, ഒരു പേരിൽ അല്ലെങ്ങിൽ മറ്റൊരു പേരിൽ, പക്ഷെ ഇതിന്റെയൊക്കെ മുകളിൽ മനുഷ്യത്വം പ്രതിഷ്ഠിക്കുക.

    നമ്പൂതിരിയെന്ന പേര്‌ കണ്ടാൽ 50 കളിൽ മലയാളി കൊടുത്തിരുന്ന “ബഹുമാനം” 2010 ലുണ്ടോ? അപ്പോൾ പേരിലാണൊ കാര്യം?

    മറുപടിഇല്ലാതാക്കൂ
  25. please continue arguing.dear friends dont ever try to convince the prejudiced.
    through gazette, i will shorten my name to Sunil. I hope you will approve me as a secular humanist. I wonder how easy it is to become a secular guy in front of you people. But i will continue as a feudal in my mind with a secular no tail name. Its okay because you dont feel it from name.
    Remember, sometimes more dangerous people are behind no tail name than a tailed one.
    Foolish arguments.My dear secular dalits, please leave the name and see what a person thinks and does to assess him. See that higher castes were involved in communist movement which in fact axed on the things that were enjoyed by them.
    _Sunil @#%*$

    മറുപടിഇല്ലാതാക്കൂ
  26. ഇത്തരം വാലുകൽ ജാതി ഘടനയെ ഊട്ടി ഉറപ്പിക്കുന്നവയാണു എന്നാണു പറഞ്ഞുവന്നത്.

    Dropping surname is only a cosmetic change and the real issue remains. Where everything is decided on caste equations, dropping a surname contributes to nothing.

    മറുപടിഇല്ലാതാക്കൂ