2010, ഫെബ്രുവരി 27, ശനിയാഴ്‌ച

ആരാണ് ശിപായി അല്ലാത്തത്?

            നയപ്രഖ്യാപനപ്രസംഗം നടത്തിയ ശേഷം തിരികെ പോകുമ്പോള്‍ കേരളാ ഗവര്‍ണര്‍ ആര്‍. എസ്. ഗവായ് തന്റെ പ്രസംഗം തടസ്സപ്പെടുത്താതിരുന്നതിന് പ്രതിപക്ഷനേതാവിനോടും അംഗങ്ങളോടും നന്ദി പറഞ്ഞത് പിണറായി വിജയന് തീരെ പിടിച്ചില്ല. ഗവര്‍ണര്‍ കോണ്‍ഗ്രസ്സിന്റെ ശിപായിയേപ്പോലെ പെരുമാറി എന്നാണ് അദ്ദേഹത്തിന്റെ തിരുവചനം. അസഹിഷ്ണുതയുടെ ആള്‍രൂപമാണ് പിണറായി വിജയന്‍: അതിന്റെ പാര്‍ട്ടി രൂപമാണ് സി.പി.എം. തനിക്കെതിരെ പ്രോസിക്യൂഷന് ഗവര്‍ണര്‍ അനുമതി നല്‍കിയതിലുളള ഊച്ചിക്കെറുവാണ് ഈ പ്രതികരണത്തിന്റെ ഉല്‍പ്രേരകം എന്ന് കേരളത്തിലെ ഏതു കുഞ്ഞിനും മനസ്സിലാകും എന്നിരിക്കെ ഈ പ്രസ്താവന പിണറായിയെ തീരെ ഇത്തിരിക്കുഞ്ഞനാക്കിത്തീര്‍ത്തിരിക്കുന്നു.
            ഇനി ആരാണ് ശിപായി അല്ലാത്തത്? ഗവായി കോണ്‍ഗ്രസ്സിന്റെ ശിപായി തന്നെയാണ്. ഇന്ത്യയില്‍ പാര്‍ട്ടിയുടെ വരുതിയില്‍ മാത്രം ഞാണിന്‍മേല്‍ക്കളി നടത്തുന്ന ശിപായിമാര്‍ക്കു റിസര്‍വു ചെയ്തിട്ടുളളതാണ് ഗവര്‍ണര്‍ പദവി. പിണറായി സി.പി.എമ്മിന്റെ ഒരു ശിപായി മാത്രമാണ്. അല്ലെങ്കില്‍ ഒരു ചെത്തുകാരന്റെ മകനായി ജനിച്ച് അസാമാന്യ യോഗ്യതകളൊന്നുമില്ലാതിരുന്നിട്ടും മന്ത്രിപ്പണിയും സെക്രട്ടറിസ്ഥാനവും നല്‍കിയത് മേല്‍ നേതാക്കന്‍മാരോടുളള കൂറിന്റെയടിസ്ഥാനത്തില്‍ മാത്രമല്ലേ? ഈ അസഹിഷ്ണുതയാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റിന്റെ വാക്കുകളില്‍ സത്യത്തിന്റെ ഒരു വെളളിനൂല്‍ കണ്ടെത്താന്‍ സഹായിക്കുന്നത്.
              കൊല്ലം മേയര്‍ പദ്മലോചനനെ ഒരു ആഫീസ് ഉദ്ഘാടനം ചെയ്തതിന്റെ പേരില്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയവര്‍ മദനിയോടൊപ്പം വേദി പങ്കിട്ടവര്‍ മാത്രമല്ല. വി. പി. സിങ്ങിന്റെ കാലത്ത് ഒരു മുന്നണിയായി അധികാരം പങ്കിട്ടവരാണ്. ഒരുമിച്ച് മുന്നണി യോഗത്തില്‍ പങ്കെടുത്ത് ചായയും കുടിച്ച് പുറത്തുനിന്നു പിന്തുണയ്ക്കുകയാണെന്ന ഞഞ്ഞാപിഞ്ഞ പറഞ്ഞ് പിന്‍ വാതിലിലൂടെ സമ്മര്‍ദ്ദതന്ത്രത്തിലൂടെ അധികാരം നുണഞ്ഞവരാണ്. അന്നൊന്നും തോന്നാത്ത സദാചാരം ഇന്നെങ്ങനെ തോന്നി. മുസ്‌ളീം ലീഗുമായി നീക്കുപോക്കുണ്ടാക്കിയെങ്കിലും അധികാരം നിലനിര്‍ത്തണമെന്നു പറഞ്ഞ എം വി രാഘവനെ പുറത്താക്കിയവരാണ് മദനിയെ തോളില്‍ കൊണ്ടു നടന്നത്. ടി. എം. ജേക്കബിന്റെ പ്രീഡിഗ്രി ബോര്‍ഡിനെതിരെ സമരം ചെയ്ത് നിരവധി വിദ്യാര്‍ത്ഥികളുടെ ഭാവി കളഞ്ഞവരാണ് പ്ലസ് ടൂ നടപ്പിലാക്കിയത്.
             ശിപായിയുടെ വിദ്യാഭ്യാസയോഗ്യതയ്ക്കപ്പുറം കേരളാ മുഖ്യമന്ത്രിക്ക് എന്താണ് വിശേഷയോഗ്യത? ബീഡിത്തൊഴിലാളിയും തയ്യല്‍ത്തൊഴിലാളിയുമൊക്കെയായിരുന്ന അച്യുതാനന്ദന്‍ പാര്‍ട്ടിയുടെ ശിപായി ആയതുകൊണ്ടല്ലേ മുഖ്യമന്ത്രിയായത്? ശിപായിമാര്‍ ഉന്നതങ്ങളിലെത്തുന്നത് അയോഗ്യതയായി തൊഴിലാളികളുടെ പാര്‍ട്ടി പറയുമ്പോള്‍ ലജ്ജാകരമെന്നേ പറയാനാവൂ. എളിയനിലയില്‍ നിന്നും ശിപായിമാര്‍ ഉന്നതങ്ങളിലെത്തുമ്പോള്‍ ഇപ്പോഴും ശിപായിയുടെ മാനസികാവസ്ഥയില്‍ തുടരുന്നവര്‍ക്കേ ഇത്തരത്തില്‍ അസഹിഷ്ണുത പ്രകടിപ്പിക്കാനാകൂ.

1 അഭിപ്രായം: