2020, ഓഗസ്റ്റ് 21, വെള്ളിയാഴ്‌ച

കൃഷിപ്പണികള്‍ ഇനി എളുപ്പം!


       ഏതു തരം കൃഷിപ്പണികളിലും ആദ്യത്തെ പരിശ്രമം നിലം അല്ലെങ്കില്‍ പുരയിടം ഒരുക്കലാണ്. ആദ്യം കിളയ്ക്കണം. ഇതിനായി കര്‍ഷകത്തൊഴിലാളികള്‍ ഇന്ന് വേണ്ടത്ര ലഭ്യമല്ല. ഉള്ളവര്‍ക്ക് പഴയപോലെ പണിയറിയില്ല. പിന്നെയുള്ളത് അന്യസംസ്ഥാനത്തൊഴിലാളികളാണ്. അവര്‍ക്ക് നമ്മുടെ രീതികള്‍ തീരെ അറിയില്ല. ഇത്തരത്തില്‍ കൂലിക്കാരെ മാത്രം ആശ്രയിച്ച് കൃഷി ലാഭകരമാക്കാന്‍ സാധിക്കയില്ല താനും.

ഈ സാഹചര്യത്തില്‍ കൃഷിക്കാരന് സഹായകമാകുന്ന ഒരു ലഘു ഉപകരണം വികസിപ്പിച്ചെടുത്തിരിക്കയാണിവിടെ. ഇതുപയോഗിച്ച് നിലവും പുരയിടവും അനായാസം എളുപ്പത്തില്‍ കിളയ്ക്കാം. എന്നാല്‍ കല്‍പ്രദേശങ്ങളില്‍ ഇത് ഉപയോഗപ്പെടുകയില്ല. പൂഴിമണ്‍പ്രദേശങ്ങള്‍, നനവുള്ള പാടം, ചീങ്കയില്ലാത്ത മണ്‍പുരയിടം എന്നിവിടങ്ങളില്‍ ഇത് അനുയോജ്യമാണ്. ഈ ഉപകരണം ഒരു മൗലികമായ കണ്ടുപിടുത്തമൊന്നുല്ല. വിദേശരാജ്യങ്ങളില്‍ ഉപയോഗിക്കുന്ന ചില ഉപകരണങ്ങളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട്  നമ്മുടെ നാടിന്റെ രീതികള്‍ക്കനുസരിച്ച് വേണ്ട മാറ്റങ്ങളോടെ രൂപകല്‍പ്പന ചെയ്ത ഒന്നാണിത്. ഇതില്‍ നാലു മണ്‍വെട്ടിപ്പാട് ഒരേ സമയം മുന്നോട്ട് പോകും. വേഗത, കവര്‍ ചെയ്യുന്ന സ്ഥലം എന്നിവ നേരില്‍ ബോധ്യപ്പെടുവാന്‍ ഇതിനോടൊപ്പം നല്‍കിയിട്ടുള്ള വീഡിയോ കാണുക. 

      വെല്‍ഡിംഗ് അറിയാവുന്ന ആളിന് അര ദിവസം കൊണ്ട് ഇത്തരത്തിലൊന്ന് ഉണ്ടാക്കിയെടുക്കാം. ആവശ്യമായ സാധനങ്ങള്‍ വിരല്‍ വണ്ണത്തിലുള്ള ആറടി നീളത്തില്‍ ഒരു കമ്പി, കട്ടിയുള്ള നാലടി നീളത്തിലുള്ള ഒരു ആംഗ്ലെയര്‍, ഒന്നരയടി നീളത്തില്‍ രണ്ട് കട്ടി കുറഞ്ഞ ആംഗ്ലെയര്‍ പീസ്, ഹാന്‍ഡിലിനായി രണ്ടു പൈപ്പു കഷണങ്ങള്‍ നാലടി നീളത്തിലുള്ളവ, സ്‌ക്വയര്‍ പൈപ്പിന്റെ ചെറിയ കഷണങ്ങള്‍. ഉപകരണം ഉണ്ടാക്കുന്നതിന് കമ്പി ഒന്‍പതിഞ്ച് നീളത്തില്‍ അഞ്ചോ ഏഴോ കഷണങ്ങളായി മുറിക്കണം. അവ പല്ലിയില്‍ ഉറപ്പിക്കുന്നതുപോലെ വലിയ ആംഗ്ലെയറില്‍ വെല്‍ഡിംങ് ചെയ്യണം. നാലടി നീളത്തില്‍ ഒരു കമ്പി കഷണം മുറിച്ച് വലിയ ആംഗ്ലെയറിന്റെ രണ്ടു വശങ്ങള്‍  പീസു വെച്ച് അടച്ച് കിഴുത്തയിട്ട് അതിലൂടെ കടത്തണം. ഈ കമ്പി ഉള്ളില്‍ കിടന്ന് കറങ്ങേണ്ടതുണ്ട്. ഇരുവശങ്ങളിലും ചെറിയ ആംഗ്ലെയര്‍ പീസു വെച്ച് വെല്‍ഡു ചെയ്യണം. മുകളിലേക്ക് ഹാന്‍ഡില്‍ പിടിപ്പിക്കണം, ഉപകരണം തയ്യാര്‍. ഇത് നല്ല ബലവത്തായ ഒന്നാണ്, അത്യാവശ്യം ഭാരവുമുണ്ട്. 

     നല്ല മഴ ലഭിക്കുന്ന കേരളത്തേപ്പോലെയുള്ള സ്ഥലത്ത് അനുയോജ്യമായ മണ്ണുള്ളയിടങ്ങളില്‍ വളരെ പ്രയോജനപ്പെടുന്ന ഉപകരണമാണിത്. മണ്‍വെട്ടി തലയ്ക്കു മുകളില്‍ ഉയര്‍ത്തി ആഞ്ഞുവെട്ടുന്നതുപോയെയുള്ള ഒരു പ്രവര്‍ത്തനം ഇതിനാവശ്യമില്ല. ഹാന്‍ഡിലില്‍ പിടിച്ചുയര്‍ത്തി പല്ലിപോലെയുള്ള ഭാഗം മണ്ണിലേക്കു താഴ്ത്തുക, പിടി താഴേക്കാക്കുക. അത്രയും സ്ഥലത്തെ മണ്ണ് ഇളകി ഉയരും. ദിവസവും കുറെ സമയം മണ്ണിളക്കുകയാണെങ്കില്‍ പുരയിടം കാടുപിടിക്കാതെ സംരക്ഷിക്കുകയും ചെയ്യാം. കൊറോണയെത്തുടര്‍ന്ന് കാര്‍ഷിക മേഖലയ്ക്ക് മുമ്പില്ലാത്ത പ്രസക്തി വന്നിരിക്കുന്ന സാഹചര്യത്തില്‍ ഒരു ഉപകരണം പത്തു വീട്ടുകാര്‍ക്കെങ്കിലും സഹകരണമനോഭാവമുണ്ടെങ്കില്‍ കൈമാറി ഉപയോഗിക്കാം.

് സ്വാതന്ത്ര്യമായി പുറത്തിറങ്ങി ജോലി ചെയ്യാന്‍ കഴിയാത്ത സാഹചര്യത്തിലാണ് കൃഷിക്കും കന്നുകാലി വളര്‍ത്തലിനും പ്രാധാന്യം കൈവന്നിരിക്കുന്നത്. തൊടിയിലെ പച്ചക്കറികൃഷി വിഷഭക്ഷണത്തില്‍ നിന്നും നമ്മെ രക്ഷിക്കുകയും ചെയ്യും. കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ എളുപ്പത്തിലാക്കുന്ന ഇതുപോലെയുള്ള ധാരാളം ഉപകരണങ്ങളും ചെറു യന്ത്രങ്ങളും സര്‍ക്കാരുകള്‍ പ്രോത്സാഹനം നല്‍കുകയും കര്‍ഷകര്‍ക്ക് ലഭ്യമാക്കുകയും ചെയ്യുന്നത് മന്ദീഭവിച്ചിരിക്കുന്ന ഉത്പ്പാദനപ്രക്രിയയെ വേഗത്തിലാക്കാന്‍ സഹായിക്കും. 

 

2020, ഓഗസ്റ്റ് 20, വ്യാഴാഴ്‌ച

കൊറോണയ്ക്കു ശേഷം എന്ത്?


1. ആടു വളര്‍ത്തല്‍

       നമ്മുടെ രാജ്യത്തിന്റെയും വ്യക്തികളുടെയും സാമ്പത്തിക സമാഹരണ മേഖലകള്‍ എല്ലാം നിശ്ചലമാകുന്ന ഒരു സ്ഥിതിയാണ് ഇപ്പോള്‍. സാമ്പത്തിക വിദഗ്ധന്‍മാരും സാമൂഹ്യ ശാസ്ത്രജ്ഞന്‍മാരും ഇപ്പോള്‍ സാധാരണക്കാരെ സഹായിക്കേണ്ടത് വീട്ടിലിരുന്നുകൊണ്ട് അപകടരഹിതമായി ചെയ്യാന്‍ കഴിയുന്ന തൊഴിലുകള്‍ എന്തൊക്കെയാണ് എന്ന് വ്യക്തമാക്കിക്കൊണ്ടാണ്. നഷ്ടം ഉണ്ടാകാന്‍ പാടില്ല, വേഗം പണം കിട്ടണം, എപ്പോള്‍ വേണമെങ്കിലും നിര്‍ത്തിയിട്ട് പഴയ തൊഴിലിലേക്ക് മടങ്ങണം. ഇതൊക്കെയായിരിക്കണം പുതിയ ആശയങ്ങളുടെ കാതല്‍.

      ഇത്തരം കാര്യങ്ങള്‍ മനസില്‍ വെച്ചുകൊണ്ട് ഏര്‍പ്പെടാവുന്ന ഒരു ആദായകരമായ സംരംഭമാണ് ആടുവളര്‍ത്തല്‍. മനുഷ്യന്‍ ആദ്യമായി ഇണക്കി വളര്‍ത്തിയ മൃഗങ്ങളിലൊന്നാണ് ആട് എങ്കിലും ആദ്യകാലങ്ങളില്‍ ഇടയസമുദായത്തില്‍ പെട്ടവര്‍ മാത്രമാണ് ഈ തൊഴില്‍ ചെയ്തു വന്നിരുന്നത്. ഇന്ന് കൃഷിയും മൃഗപരിപാലനവും അന്തസ്സുള്ള ഒരു തൊഴിലായി മാറിക്കൊണ്ടിരിക്കുകയാണ്. തണുപ്പു കാലാവസ്ഥയുള്ള വിദേശരാജ്യങ്ങളില്‍ ചെമ്മരിയാടിനാണ് പ്രാധാന്യമെങ്കില്‍ ഉഷ്ണമേഖലാ പ്രദേശമായ നമ്മുടെ നാട്ടില്‍ കോലാടിനാണ് പ്രസക്തി. ഇവിടുത്തെ കൃഷി രീതിയില്‍ പാല്‍, മാംസം, തോല്‍, കാഷ്ഠം, മൂത്രം എന്നിവ ഉപയോഗമുള്ളതാക്കി മാറ്റിയിരിക്കുന്നു. ഒരു വ്യവസായമെന്ന നിലയില്‍ അതീവ ശാസ്ത്രീയമായി ആടുഫാമായി നടത്തുന്നവരും ധാരാളമുണ്ട്. 

      പാവപ്പെട്ടവന്റെ കറവപ്പശു എന്നാണ് ആട് അറിയപ്പെടുന്നത്. വളരെ അരുമയായി ഇണങ്ങി വളരുന്ന ഒരു മൃഗമാണ് ആട്. നമ്മുടെ കാര്‍ഷിക സമ്പദ് വ്യവസ്ഥയില്‍ ആടുകള്‍ക്ക് സുപ്രധാനമായ ഒരു സ്ഥാനമുണ്ട്. കേരളത്തെപ്പോലെ വീടും ഒരു തുണ്ടു കൃഷിഭൂമിയുമായി ജനങ്ങള്‍ താമസിച്ചു വരുന്ന ഒരു സംസ്ഥാനത്ത് പ്രദേശപരമായി വളരെ ഗുണപ്രദമായ ഒരു ഉപതൊഴിലാണ് ആടു വളര്‍ത്തല്‍. വീട്ടാവശ്യത്തിനു പാല്‍, കൂടുതലുണ്ടെങ്കില്‍ കൂടിയ വിലയ്ക്കു വില്‍പ്പന, ആയുര്‍വേദ ഔഷധനിര്‍മാണക്കമ്പനിക്കടുത്താണ് ഫാമെങ്കില്‍ ആടിന്റെ മൂത്രവും പാലും നല്ല വിലയ്ക്ക് വില്‍ക്കാനുള്ള അവസരം, (അതേപോലെ ഔഷധഗുണമേറെയുള്ള ആട്ടിന്‍ പാലിന് ലിറ്ററിന് 120 രൂപ വരെ വിലയുണ്ട്.) വീട്ടു മുറ്റത്തെ പച്ചക്കറിത്തോട്ടത്തിന് ആവശ്യമായ വളം. ആട്ടിന്‍ കാഷ്ഠം ഒരു പാട്ടയ്ക്ക് 50 രൂപയും ഒരു ചാക്കിന് 250 രൂപയും വില ലഭിക്കും. എപ്പോഴും ആവശ്യക്കാരുള്ളതിനാല്‍ സ്വര്‍ണം പോലെ വിറ്റു പണമാക്കാവുന്ന ഒരു സ്വത്തുകൂടിയാണ് ആട്. ഒരിക്കലും വിലയിടിവ് നേരിട്ടിട്ടില്ലാത്ത ഒരു മൃഗമാണ് ആട്. വീട്ടിലെ എല്ലാവര്‍ക്കും മെരുക്കി നിയന്ത്രിച്ച് കൊണ്ടു നടക്കാവുന്ന പെരുമാറ്റപ്രകൃതി. ചെറിയ മുതല്‍മുടക്ക്, കൂടിയ വിപണിവില, ഒരു പ്രസവത്തില്‍ മൂന്നും നാലും കുട്ടികള്‍ വരെയുള്ള ശതഗുണീഭവിച്ചുള്ള വംശവര്‍ദ്ധന, നല്ല രോഗപ്രതിരോധശേഷി, ആയാസരഹിതമായ സംരക്ഷണം എന്നിവ ആടുകൃഷിയെ പ്രിയങ്കരമാക്കിത്തീര്‍ക്കുന്നു.

     പരിമിതമായ ഭൂമിയെ ഊര്‍ജിതമായി ഉപയോഗപ്പെടുത്തുമ്പോള്‍ വീട്ടിലെ ഭക്ഷ്യാവശിഷ്ടങ്ങളും തൊടിയിലെ മരങ്ങളുടെ ഇലകളും പുല്ലും നല്‍കി വളര്‍ത്താവുന്ന ആടുകൃഷിയ്ക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇന്നുള്ളതിനേക്കാള്‍ പ്രാധാന്യം നല്‍കേണ്ടതാണ്. സമൂഹത്തിലെ ഏറ്റവും പിന്നിലെ ശ്രേണിയില്‍ നില്‍ക്കുന്ന സാധാരണക്കാരുടെ ക്രയവിക്രയശേഷിയെ വര്‍ധിപ്പിക്കുന്ന നല്ല സംരഭമെന്ന നിലയിലാണ് സര്‍ക്കാരുകള്‍ ഇതിനെ കാണേണ്ടത്.  

     ആടുകളുടെ പൊതു പരിചരണം മൂന്നു വിധത്തിലാണ്. 1. തുറന്നു വിട്ടുള്ള രീതി. 2. ഊര്‍ജിതമായി വളര്‍ത്തുന്ന രീതി. 3. അര്‍ദ്ധ ഊര്‍ജിതം. സാഹചര്യങ്ങള്‍ക്കനുസരിച്ച് രീതികള്‍ സ്വീകരിക്കാം. ഊര്‍ജിതം എന്നു പറഞ്ഞാല്‍ മുഴുവന്‍ സമയവും ആടുകള്‍ കൂട്ടിനകത്തു തുടരുന്ന രീതി എന്നര്‍ത്ഥം. രീതി അനുസരിച്ച് കൂടുകള്‍ നിര്‍മിക്കാം. വീട്ടില്‍ ലഭ്യമായ കവുങ്ങ്, തെങ്ങ്, മറ്റ് തടികള്‍ എന്നിവ ഉപയോഗിച്ച് തുടക്കത്തില്‍ കൂടു നിര്‍മിക്കാം. ചിലവ് തീരെ കുറച്ചു മാത്രം മതി. മൃഗാശുപത്രികളുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പദ്ധതികളില്‍ ഉള്‍പ്പെട്ട് സബ്‌സിഡി ലഭിക്കാനും ഇടയുണ്ട്. ബാങ്കുകള്‍ ലോണ്‍ നല്‍കും.

     ഏതു സമയത്തും നഷ്ടം വരാതെ വിറ്റൊഴിക്കാം എന്നുള്ളതാണ് ഈ സംരംഭത്തിന്റെ പ്രത്യേകത. വില കുറയുമെന്ന ഭീതി വേണ്ട. ചില പ്രത്യേക സമയങ്ങളില്‍ മോഹവില കിട്ടിയെന്നും വരും. കൂടിനും മറ്റും അധിക തുക ചിലവാക്കാതിരുന്നാല്‍ മുടക്കു മുതല്‍ നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാവുകയില്ല.

     ഒരു കാലത്ത് ആട്-തേക്ക്- മാഞ്ചിയം എന്ന പേരില്‍ ഒരി നിക്ഷേപത്തട്ടിപ്പ് കേരളത്തില്‍ പ്രചരിച്ചിരുന്നു. അതില്‍ നമ്മെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചത് ആടിന്റെ പ്രജനനത്തോത് ആയിരുന്നു. അതനുസരിച്ച് പണം ഇരട്ടിയായി തിരിച്ചു തരുന്നതായിരുന്നു പദ്ധതി. മലബാറി ആടുകള്‍ക്ക് രണ്ടും മൂന്നും കുട്ടികള്‍ ഉണ്ടാകും. ഇത് ക്രമാനുഗതമായി ഉണ്ടായാല്‍ വലിയ വംശവര്‍ദ്ധനവ് പ്രതീക്ഷിക്കാം. ഇതാണ് ആടുവളര്‍ത്തലിന്റെ ലാഭപ്രതീക്ഷ. ഒന്ന് ഒന്നേകാല്‍ വര്‍ഷം കൊണ്ട് രണ്ടു പ്രസവം നടക്കും. കുട്ടികള്‍ ആറു മാസം കൊണ്ട് പ്രായപൂര്‍ത്തിയാകും. ശ്രദ്ധയോടെ പരിചരിക്കുന്നവര്‍ക്ക് ആടുകള്‍ക്ക് രോഗം വരാതെ നോക്കി നഷ്ടം സംഭവിക്കാതെ സംരംഭം വിജയകരമാക്കാം.


 

2020, ഓഗസ്റ്റ് 5, ബുധനാഴ്‌ച

പെണ്ണൊരുമ്പെട്ടാല്‍ ബ്രഹ്മനും തടുത്തുകൂടാ


  
               ഇങ്ങനെയൊരു ചൊല്ല് ഞാന്‍ കേട്ടിട്ടുണ്ട്. മദ്ധ്യതിരുവിതാംകൂറിലെ അര്‍ത്ഥവിജ്ഞാനീയപ്രകാരം സംഗതിയുടെ അര്‍ത്ഥം തെറിയാണ്. പണ്ടത്തെ കിന്‍സി റിപ്പോര്‍ട്ടുപ്രകാരം പുരുഷനും സ്ത്രീയും കരയും കടലും പോലെയാണ്. ഒന്ന് പെട്ടന്ന് ചൂടാകും അതുപോലെ പെട്ടന്ന് തണുക്കുകയും ചെയ്യും. അതാണ് പുരുഷന്‍. മറ്റേത് പതുക്കെയേ ചൂടാകൂ പെട്ടന്ന് തണുക്കുകയും ഇല്ല. അതാണ് സ്ത്രീ. പെണ്ണൊരുമ്പെട്ടു വരുമ്പോഴേക്കും പുരുഷന്റെ ഗ്യാസു പോയിരിക്കും. പഴയ വാത്സ്യായനസൂത്രമൊക്കെ വായിച്ചിട്ട് ഏതോ വിദ്വാന്‍ പടച്ചുണ്ടാക്കിയതായിരിക്കും ഈ പഴഞ്ചൊല്ല്! തുനിഞ്ഞെറങ്ങുന്ന പെണ്ണിനെ സൃഷ്ടിച്ചവന്‍ വിചാരിച്ചാലും തടയാനാവില്ല എന്നാണ് വിദ്വാന്‍ ഉദ്ദേശിച്ചത്. പക്ഷേ 'തടുത്തു നോക്കിയെങ്കിലല്ലേ ചനപിടിക്കുമോ എന്നറിയാമ്പറ്റൂ'എന്ന ചൊല്ലു വിരാജിക്കുന്നിടത്തേക്കാണ് ഇവന്റെ വരവ് എന്നേയുളളൂ. ഒരുമ്പെട്ടു നില്‍ക്കുന്ന പെണ്ണിനെ ഇങ്ങനെയൊക്കെ ചെയ്യാന്‍ സൃഷ്ടികര്‍ത്താവ് ചെല്ലാമോ എന്നുളളതിലേ സംശയമുളളൂ.

          ബ്രഹ്മാവ് വിചാരിച്ചാല്‍ നടക്കാത്ത കാര്യത്തിന് പിണറായി വിജയന്‍ വിചാരിച്ചാല്‍ എങ്ങനെ നടക്കാന്‍! സ്വപ്ന ഒരു സ്വപ്നമോഹിനിയാണ്. കണ്ടാലതിരംഭേയം. ഇതേപോലെയൊരു ചരക്ക് തന്റെയോഫീസില്‍ കയറിനിരങ്ങുന്നത് തടയാന്‍ കഴിഞ്ഞ മന്ത്രിസഭാകാലത്ത് ഉമ്മനും കഴിഞ്ഞില്ല. അതോടെ അദ്ദേഹത്തിന്റെ ശബ്ദവും പോയല്ലോ. ഏതാണ്ട് ഇതേപോലെയുള്ള കാര്യസാദ്ധ്യങ്ങള്‍ക്കായാണ് പഴയ കാലത്ത് ഉര്‍വശി-രംഭ-തിലോത്തമമാരെ പറഞ്ഞുവിട്ടുകൊണ്ടിരുന്നത്. അധികാരം കയ്യടക്കാന്‍ വ്രതമെടുത്ത ഋഷിമാരെ മയക്കാനാണ് അക്കാലത്ത് ഇവരെ വിട്ടിരുന്നതെങ്കില്‍ ഇന്ന് അധികാരം മത്തുപിടിച്ചിരിക്കുന്നിടത്തേക്ക് ഇവറ്റകള്‍ സ്വയമേവ ചെന്നു കയറുകയാണ്. കാലമിത്രയായിട്ടും അധികാരികള്‍ മാത്രം പഠിച്ചില്ല. ഉമ്മന് ഉപദേശവും കൊടുത്തുകൊണ്ട് തുടങ്ങിയതാണ് അവതാരങ്ങളുടെ മാഹാത്മ്യമറിയാവുന്ന മുഖ്യാവതാരം.
         താത്രിക്കുട്ടിയുടെ സ്മാര്‍ത്തവിചാരം പോലെ എന്‍ഐഎ സാധനത്തെ എരിപൊരികൊള്ളിക്കുകയാണ്. ഇതിനോടകം ഒരു മന്ത്രിയുടെയും ഒരു വിചാരണക്കാരന്റെയും പേര് അഭിനവതാത്രി പറഞ്ഞു കഴിഞ്ഞു. ഇനി പൊന്നുതമ്പുരാന്റെ പേരു കൂടിയേ പറയാനുള്ളൂ. 
       പണ്ട് മാവേലിക്കരയ്ക്കടുത്ത് ഒരു പ്രശസ്തനായ അബ്കാരിയുണ്ടായിരുന്നു. ശബരിമല കോണ്‍ട്രാക്ടറും മറ്റുമായിത്തീര്‍ന്ന അദ്ദേഹം സജീവമായിരുന്നപ്പോള്‍ നൂറനാട്, ചാരുമ്മൂട്, താമരക്കുളം ഭാഗത്ത് ആരെയെങ്കിലും സ്പിരിറ്റുമായി പിടികൂടുകയാണെങ്കില്‍ അവര്‍ പറയും രാഘവന്‍ മുതലാളിയുടെയാണെന്ന്. ഒന്നുകില്‍ അദ്ദേഹത്തിന്റെ പേറോളില്‍ കിടക്കുന്ന പോലീസുകാര്‍ കേസെടുക്കാതെ തന്നെ വെറുതെ വിടും അല്ലെങ്കില്‍ പ്രതിയായി അകത്തുപോകാതിരക്കാന്‍ മുതലാളി പൈസ മുടക്കി കേസു നടത്തിക്കോളും ഇതാണ് പ്രതിയുടെ ഉദ്ദേശ്യം. മൂക്കോളം മുങ്ങിയാല്‍ പിന്നെ സ്വപ്നയ്‌ക്കെന്തു മൂന്നാളോ നാലാളോ? 
       അന്വേഷണ ഏജന്‍സിക്ക് തിരക്കൊന്നുമില്ല. ആറുമാസം കഴിയുമ്പോള്‍ ഒരു ദിവസം അവര്‍ വിജയന് ഒരു നോട്ടീസു കൊടുക്കും, ഒന്ന് നേരില്‍ കാണണമെന്ന്. ചില വിവരങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം അദ്ദേഹം വിജയശ്രീലാളിതനായി തിരച്ചു പോകും. അപ്പോള്‍ അണികള്‍ ആവേശം കൊള്ളും ഞങ്ങള്‍ അന്നേ പറഞ്ഞില്ലേ വിജയേട്ടന്‍ അത്തരക്കാരനല്ലെന്ന്? മാര്‍ച്ച് മാസം ഒടുവില്‍ ഒരു കത്തു കൊടുക്കും ചില വിവരങ്ങളില്‍ വ്യക്തത വരുത്താന്‍ സഹായിക്കണമെന്ന്. അപ്പോള്‍ കാര്യങ്ങളുടെ കിടപ്പു മനസിലാകുന്ന പാര്‍ട്ടിക്കാര്‍ പന്തംകൊളുത്തി പ്രകടനവുമായി പുറത്തിറങ്ങും. ഈ സമയത്ത് ഒരു പൂ നുള്ളുന്ന ലാഘവത്തോടെ കേന്ദ്രം വിജയനെ ക്ലിഫ് ഹൗസില്‍ നിന്നും പുറത്താക്കും.
            സമസ്ത മേഖലകളിലും ജനങ്ങളുടെ പണം അപഹരിച്ച രാജ്യദ്രോഹികള്‍ക്കുവേണ്ടി തെരുവിലിറങ്ങാന്‍ കുറച്ചു പേരെ ഉണ്ടാവു. പങ്കു കിട്ടാത്ത പാര്‍ട്ടിക്കാര്‍ കെറുവിക്കും. കിട്ടിയവര്‍ ഏതായാലും അടുത്ത ഭരണമില്ലല്ലോ എന്നു കരുതി മാറിനില്‍ക്കും. അതിനടുത്ത ഭരണം വരുമ്പോള്‍ ഈ കാരണവര്‍ ഉണ്ടാവില്ലല്ലോ അന്നു കാണുന്നവനെ അപ്പാ എന്നു വിളിക്കാം എന്നു വിചാരിക്കും. കേരളത്തില്‍ സിപിഎം ഭരിക്കുമ്പോള്‍ പാര്‍ട്ടിക്കാര്‍ക്ക് ഹെല്‍മറ്റ് വേണ്ട, പോലീസ് സ്‌റ്റേഷന്‍ ആക്രമിക്കാം, എസ്‌ഐക്കെതിരെ വധഭീഷണി മുഴക്കാം, എന്തും കക്കാം, സ്വന്തക്കാരെ എവിടെയും നിയമിക്കാം എങ്കില്‍ ബിജെപിക്കാര്‍ സര്‍വസംഗപരിത്യാഗികളാകണമെന്ന് നിങ്ങള്‍ പറഞ്ഞാല്‍ നടക്കുമോ? നിഷ്പക്ഷരാണെങ്കിലും നടപടികളെടുക്കുമ്പോള്‍ കേന്ദ്രത്തിനു ഗുണകരമായ ചില സമയക്രമങ്ങളൊക്കെ പാലിക്കുന്നതില്‍ അന്വേഷണ ഏജന്‍സിയെ ആര്‍ക്കു കുറ്റപ്പെടുത്താനാകും? അങ്ങനെ നടക്കുന്ന തെരഞ്ഞെടുപ്പില്‍ എന്തായാലും ഈ ഗവണ്‍മെന്റ് തിരിച്ചു വരികയില്ലെന്ന് അരിയാഹാരം കഴിക്കുന്നവര്‍ക്കെല്ലാം മനസിലാകും. 
        എന്റെ ഈ വാരഫലം ശരിയാകുമോ എന്നറിയാന്‍ മന്ത്രി കെ.ടി ജലീല്‍ പത്രക്കാരെ കണ്ട ഉടന്‍ ഞാന്‍ പോസ്റ്റ് ചെയ്ത വീഡിയോ ഒന്നുകൂടി കാണുക. അന്നു ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ മൂന്നു ദിവസം കഴിഞ്ഞാണ് മുഖ്യധാരാമാധ്യമങ്ങള്‍ എടുത്തിട്ടലക്കിത്തുടങ്ങിയത്.

ജലീലിന്റെ പ്രവൃത്തി സത്യപ്രതിജ്ഞാലംഘനം നിയമവിരുദ്ധം
Vigilant WATCH On Nation -facebook page july 14
 


2020, ജൂലൈ 28, ചൊവ്വാഴ്ച

രാമായണത്തിന്റെ രചനാപ്രേരണ എന്ത്?


രാമായണത്തിന്റെ രചനാപ്രേരണ എന്ത്?
കഥാപ്രധാനമായ കൃതികളുടെ പതിവു ചിട്ടവട്ടമനുസരിച്ച് നായകനാണ് മുഖ്യകഥാപാത്രം. രാമായണം ഗ്രന്ഥനാമം കൊണ്ടു തന്നെ അര്‍ത്ഥമാക്കുന്നത് രാമന്റെ ജീവിതയാത്ര എന്നാണ്. നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന വിശ്വാസങ്ങളും വിമര്‍ശനങ്ങളും രാമനെയും രാമരാജ്യത്തെയും വായനക്കാരുടെ മനസ്സില്‍ അരക്കിട്ടുറപ്പിക്കാന്‍ പര്യാപ്തമായി. എന്നാല്‍ രാമായണകാവ്യ രചനയുടെ ഉദ്ദേശ്യത്തിലേക്കു കടക്കുമ്പോള്‍ പ്രചുരപ്രചാരമാര്‍ന്ന വിശ്വാസങ്ങളും ധാരണകളും മാറിമറിയുന്നു.
തമസാനദിയുടെ തീരത്ത് മരച്ചില്ലയില്‍ സല്ലപിച്ചിരുന്ന ക്രൗഞ്ചമിഥുനങ്ങളിലൊന്നിനെ വേടന്‍ അമ്പെയ്തു വീഴ്ത്തിയതു കണ്ടിട്ടു വാല്‍മീകിക്കുണ്ടായ വേദന 'മാനിഷാദ, പ്രതിഷ്ഠാം ത്വമഗമ ശാശ്വതീ സമാ: യല്‍ ക്രൗഞ്ചമിഥുനാ ദേകമവധീ: കാമമോഹിതം' എന്ന് ശ്ലോകമായി പുറത്തേക്കു വന്നു എന്നാണ് പ്രസിദ്ധമായ കഥ. ഇതിനു തുടര്‍ച്ചയായിട്ടാണ് അദ്ദേഹം രാമായണം രചിച്ചതത്രേ. പക്ഷേ വേടന്‍ ഇണക്കിളികളിലൊന്നിനെ എയ്തുവീഴ്ത്തിയ സംഭവം രാമായണരചനയ്ക്കു പ്രചോദനമായിത്തീര്‍ന്നുവെന്നു പറയുന്നത് യുക്തിപൂര്‍വ്വം ചിന്തിച്ചാല്‍ വിശ്വസനീയമല്ല. മാത്രമല്ല മേല്‍ ഉദ്ധരിച്ച ശ്ലോകത്തിന് നിലവില്‍ വിവക്ഷിക്കപ്പെടുന്ന അര്‍ത്ഥം യോജിക്കുകയുമില്ല.
വേട്ടക്കാര്‍ പക്ഷിമൃഗാദികളെ അമ്പെയ്തു വീഴ്ത്തുന്നത് സര്‍വ്വസാധാരണമാണ്. ഹിംസ്രജന്തുക്കള്‍ ചെറുജീവികളെ ഇരതേടുന്നത് പാപമാണെന്ന് ആരും കരുതുകയില്ല. ജീവസന്ധാരണത്തിനുളള വനവേടന്റെ യത്‌നം ഋഷിശാപത്തിനു ഹേതുവാകത്തക്കതല്ല. മുനി വേടനെ ശപിക്കുന്നതോ' നീ ഏറെക്കാലം നിലനില്‍ക്കാതിരിക്കട്ടെ' എന്നും. പ്രപഞ്ചത്തില്‍ അനശ്വരമായ ജീവിതം ജീവികള്‍ക്കൊന്നിനുമില്ല. ജീവിതത്തിന്റെ നശ്വരത ഏറ്റവുമധികം ബോധ്യപ്പെട്ടിട്ടുളളവരാണ് ഋഷിമാര്‍. നിന്റെ അവസാനം മരണമാകട്ടെ എന്ന് സാധാരണക്കാര്‍ പരിഹസിക്കുന്ന തരത്തില്‍ ലോകസാമാന്യമായ ഒരു തത്വമാണ് വാല്‍മീകീകര്‍തൃകമായ ആദിമശ്ലോകത്തിന്റെ അര്‍ത്ഥം എന്നു വിശ്വസിക്കാന്‍ ന്യായം കാണുന്നില്ല.
മനുഷ്യനില്‍ നിന്നും കിരാതത്വം അത്രയൊന്നും വേര്‍പെട്ടിട്ടില്ലാത്ത അക്കാലത്ത് വേടന്‍ വേദാന്തം പഠിച്ചിരിക്കേണ്ടവനാണെന്ന് വാല്‍മീകി കരുതിയിരിക്കുമോ? പ്രത്യേകിച്ചും സന്യാസതുല്യമായ വനവാസം ചെയ്തിരുന്ന രാമനും സീതയും പോലും കാക്കയുടെയും കിളിയുടെയും മാനിന്റെയും ഇറച്ചി കഴിച്ചിരുന്നതായി പാടിയ കവി?
അങ്ങനെ വരുമ്പോള്‍ പതിയാല്‍ ഉപേക്ഷിക്കപ്പെട്ട സീതയെ വനത്തില്‍ വെച്ചു കണ്ട കവി, അവളെ ഇണ നഷ്ടപ്പെട്ട ക്രൗഞ്ച മിഥുനമായി സങ്കല്‍പ്പിച്ചിരിക്കാം. സങ്കല്‍പ്പത്തിലെ വേദന 'ജനാപവാദമേ നീ ഏറെക്കാലം നിലനില്‍ക്കില്ലല്ലോ?; നീ സീതാരാമമിഥുനത്തില്‍ കാമമോഹിതനായ രാമനെ വധിച്ചു കളഞ്ഞല്ലോ' എന്ന അര്‍ത്ഥത്തില്‍ ശ്ലോകമാക്കുകയും, കുശലവന്‍മാരിലൂടെ സുചരിതയായ സീതയുടെ വിശുദ്ധി കാവ്യരൂപത്തില്‍ രാമനില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ രാമായണം രചിക്കുകയും ചെയ്തിട്ടുണ്ടാവണം. കാര്യസാദ്ധ്യത്തിനാണ് കവി കാവ്യം രചിച്ചതെങ്കില്‍ കാരണം പരമപ്രധാനമായിത്തീരുന്നു. മാതൃകാപുരുഷനെന്നും ഉത്തമനെന്നും ലോകം വാഴ്ത്തുന്ന രാമന്റെ ആജ്ഞ പ്രകാരം ഗര്‍ഭഭാരം മുറ്റിനില്‍ക്കുമ്പോള്‍ ലക്ഷ്മണന്‍ വഞ്ചനയിലൂടെ കാട്ടിലുപേക്ഷിച്ച സീതയെ പരിശുദ്ധയായ ആ സതീരത്‌നത്തെ, രാമചന്ദ്രനു മനപ്പരിവര്‍ത്തനം വരുത്തി പുനര്‍സ്വീകരിപ്പിക്കുന്നതിനു വേണ്ടിയാണ് ആദികവി രാമായണം രചിച്ചത്.



2020, ജൂലൈ 24, വെള്ളിയാഴ്‌ച