2020, ഓഗസ്റ്റ് 20, വ്യാഴാഴ്‌ച

കൊറോണയ്ക്കു ശേഷം എന്ത്?


1. ആടു വളര്‍ത്തല്‍

       നമ്മുടെ രാജ്യത്തിന്റെയും വ്യക്തികളുടെയും സാമ്പത്തിക സമാഹരണ മേഖലകള്‍ എല്ലാം നിശ്ചലമാകുന്ന ഒരു സ്ഥിതിയാണ് ഇപ്പോള്‍. സാമ്പത്തിക വിദഗ്ധന്‍മാരും സാമൂഹ്യ ശാസ്ത്രജ്ഞന്‍മാരും ഇപ്പോള്‍ സാധാരണക്കാരെ സഹായിക്കേണ്ടത് വീട്ടിലിരുന്നുകൊണ്ട് അപകടരഹിതമായി ചെയ്യാന്‍ കഴിയുന്ന തൊഴിലുകള്‍ എന്തൊക്കെയാണ് എന്ന് വ്യക്തമാക്കിക്കൊണ്ടാണ്. നഷ്ടം ഉണ്ടാകാന്‍ പാടില്ല, വേഗം പണം കിട്ടണം, എപ്പോള്‍ വേണമെങ്കിലും നിര്‍ത്തിയിട്ട് പഴയ തൊഴിലിലേക്ക് മടങ്ങണം. ഇതൊക്കെയായിരിക്കണം പുതിയ ആശയങ്ങളുടെ കാതല്‍.

      ഇത്തരം കാര്യങ്ങള്‍ മനസില്‍ വെച്ചുകൊണ്ട് ഏര്‍പ്പെടാവുന്ന ഒരു ആദായകരമായ സംരംഭമാണ് ആടുവളര്‍ത്തല്‍. മനുഷ്യന്‍ ആദ്യമായി ഇണക്കി വളര്‍ത്തിയ മൃഗങ്ങളിലൊന്നാണ് ആട് എങ്കിലും ആദ്യകാലങ്ങളില്‍ ഇടയസമുദായത്തില്‍ പെട്ടവര്‍ മാത്രമാണ് ഈ തൊഴില്‍ ചെയ്തു വന്നിരുന്നത്. ഇന്ന് കൃഷിയും മൃഗപരിപാലനവും അന്തസ്സുള്ള ഒരു തൊഴിലായി മാറിക്കൊണ്ടിരിക്കുകയാണ്. തണുപ്പു കാലാവസ്ഥയുള്ള വിദേശരാജ്യങ്ങളില്‍ ചെമ്മരിയാടിനാണ് പ്രാധാന്യമെങ്കില്‍ ഉഷ്ണമേഖലാ പ്രദേശമായ നമ്മുടെ നാട്ടില്‍ കോലാടിനാണ് പ്രസക്തി. ഇവിടുത്തെ കൃഷി രീതിയില്‍ പാല്‍, മാംസം, തോല്‍, കാഷ്ഠം, മൂത്രം എന്നിവ ഉപയോഗമുള്ളതാക്കി മാറ്റിയിരിക്കുന്നു. ഒരു വ്യവസായമെന്ന നിലയില്‍ അതീവ ശാസ്ത്രീയമായി ആടുഫാമായി നടത്തുന്നവരും ധാരാളമുണ്ട്. 

      പാവപ്പെട്ടവന്റെ കറവപ്പശു എന്നാണ് ആട് അറിയപ്പെടുന്നത്. വളരെ അരുമയായി ഇണങ്ങി വളരുന്ന ഒരു മൃഗമാണ് ആട്. നമ്മുടെ കാര്‍ഷിക സമ്പദ് വ്യവസ്ഥയില്‍ ആടുകള്‍ക്ക് സുപ്രധാനമായ ഒരു സ്ഥാനമുണ്ട്. കേരളത്തെപ്പോലെ വീടും ഒരു തുണ്ടു കൃഷിഭൂമിയുമായി ജനങ്ങള്‍ താമസിച്ചു വരുന്ന ഒരു സംസ്ഥാനത്ത് പ്രദേശപരമായി വളരെ ഗുണപ്രദമായ ഒരു ഉപതൊഴിലാണ് ആടു വളര്‍ത്തല്‍. വീട്ടാവശ്യത്തിനു പാല്‍, കൂടുതലുണ്ടെങ്കില്‍ കൂടിയ വിലയ്ക്കു വില്‍പ്പന, ആയുര്‍വേദ ഔഷധനിര്‍മാണക്കമ്പനിക്കടുത്താണ് ഫാമെങ്കില്‍ ആടിന്റെ മൂത്രവും പാലും നല്ല വിലയ്ക്ക് വില്‍ക്കാനുള്ള അവസരം, (അതേപോലെ ഔഷധഗുണമേറെയുള്ള ആട്ടിന്‍ പാലിന് ലിറ്ററിന് 120 രൂപ വരെ വിലയുണ്ട്.) വീട്ടു മുറ്റത്തെ പച്ചക്കറിത്തോട്ടത്തിന് ആവശ്യമായ വളം. ആട്ടിന്‍ കാഷ്ഠം ഒരു പാട്ടയ്ക്ക് 50 രൂപയും ഒരു ചാക്കിന് 250 രൂപയും വില ലഭിക്കും. എപ്പോഴും ആവശ്യക്കാരുള്ളതിനാല്‍ സ്വര്‍ണം പോലെ വിറ്റു പണമാക്കാവുന്ന ഒരു സ്വത്തുകൂടിയാണ് ആട്. ഒരിക്കലും വിലയിടിവ് നേരിട്ടിട്ടില്ലാത്ത ഒരു മൃഗമാണ് ആട്. വീട്ടിലെ എല്ലാവര്‍ക്കും മെരുക്കി നിയന്ത്രിച്ച് കൊണ്ടു നടക്കാവുന്ന പെരുമാറ്റപ്രകൃതി. ചെറിയ മുതല്‍മുടക്ക്, കൂടിയ വിപണിവില, ഒരു പ്രസവത്തില്‍ മൂന്നും നാലും കുട്ടികള്‍ വരെയുള്ള ശതഗുണീഭവിച്ചുള്ള വംശവര്‍ദ്ധന, നല്ല രോഗപ്രതിരോധശേഷി, ആയാസരഹിതമായ സംരക്ഷണം എന്നിവ ആടുകൃഷിയെ പ്രിയങ്കരമാക്കിത്തീര്‍ക്കുന്നു.

     പരിമിതമായ ഭൂമിയെ ഊര്‍ജിതമായി ഉപയോഗപ്പെടുത്തുമ്പോള്‍ വീട്ടിലെ ഭക്ഷ്യാവശിഷ്ടങ്ങളും തൊടിയിലെ മരങ്ങളുടെ ഇലകളും പുല്ലും നല്‍കി വളര്‍ത്താവുന്ന ആടുകൃഷിയ്ക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇന്നുള്ളതിനേക്കാള്‍ പ്രാധാന്യം നല്‍കേണ്ടതാണ്. സമൂഹത്തിലെ ഏറ്റവും പിന്നിലെ ശ്രേണിയില്‍ നില്‍ക്കുന്ന സാധാരണക്കാരുടെ ക്രയവിക്രയശേഷിയെ വര്‍ധിപ്പിക്കുന്ന നല്ല സംരഭമെന്ന നിലയിലാണ് സര്‍ക്കാരുകള്‍ ഇതിനെ കാണേണ്ടത്.  

     ആടുകളുടെ പൊതു പരിചരണം മൂന്നു വിധത്തിലാണ്. 1. തുറന്നു വിട്ടുള്ള രീതി. 2. ഊര്‍ജിതമായി വളര്‍ത്തുന്ന രീതി. 3. അര്‍ദ്ധ ഊര്‍ജിതം. സാഹചര്യങ്ങള്‍ക്കനുസരിച്ച് രീതികള്‍ സ്വീകരിക്കാം. ഊര്‍ജിതം എന്നു പറഞ്ഞാല്‍ മുഴുവന്‍ സമയവും ആടുകള്‍ കൂട്ടിനകത്തു തുടരുന്ന രീതി എന്നര്‍ത്ഥം. രീതി അനുസരിച്ച് കൂടുകള്‍ നിര്‍മിക്കാം. വീട്ടില്‍ ലഭ്യമായ കവുങ്ങ്, തെങ്ങ്, മറ്റ് തടികള്‍ എന്നിവ ഉപയോഗിച്ച് തുടക്കത്തില്‍ കൂടു നിര്‍മിക്കാം. ചിലവ് തീരെ കുറച്ചു മാത്രം മതി. മൃഗാശുപത്രികളുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പദ്ധതികളില്‍ ഉള്‍പ്പെട്ട് സബ്‌സിഡി ലഭിക്കാനും ഇടയുണ്ട്. ബാങ്കുകള്‍ ലോണ്‍ നല്‍കും.

     ഏതു സമയത്തും നഷ്ടം വരാതെ വിറ്റൊഴിക്കാം എന്നുള്ളതാണ് ഈ സംരംഭത്തിന്റെ പ്രത്യേകത. വില കുറയുമെന്ന ഭീതി വേണ്ട. ചില പ്രത്യേക സമയങ്ങളില്‍ മോഹവില കിട്ടിയെന്നും വരും. കൂടിനും മറ്റും അധിക തുക ചിലവാക്കാതിരുന്നാല്‍ മുടക്കു മുതല്‍ നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാവുകയില്ല.

     ഒരു കാലത്ത് ആട്-തേക്ക്- മാഞ്ചിയം എന്ന പേരില്‍ ഒരി നിക്ഷേപത്തട്ടിപ്പ് കേരളത്തില്‍ പ്രചരിച്ചിരുന്നു. അതില്‍ നമ്മെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചത് ആടിന്റെ പ്രജനനത്തോത് ആയിരുന്നു. അതനുസരിച്ച് പണം ഇരട്ടിയായി തിരിച്ചു തരുന്നതായിരുന്നു പദ്ധതി. മലബാറി ആടുകള്‍ക്ക് രണ്ടും മൂന്നും കുട്ടികള്‍ ഉണ്ടാകും. ഇത് ക്രമാനുഗതമായി ഉണ്ടായാല്‍ വലിയ വംശവര്‍ദ്ധനവ് പ്രതീക്ഷിക്കാം. ഇതാണ് ആടുവളര്‍ത്തലിന്റെ ലാഭപ്രതീക്ഷ. ഒന്ന് ഒന്നേകാല്‍ വര്‍ഷം കൊണ്ട് രണ്ടു പ്രസവം നടക്കും. കുട്ടികള്‍ ആറു മാസം കൊണ്ട് പ്രായപൂര്‍ത്തിയാകും. ശ്രദ്ധയോടെ പരിചരിക്കുന്നവര്‍ക്ക് ആടുകള്‍ക്ക് രോഗം വരാതെ നോക്കി നഷ്ടം സംഭവിക്കാതെ സംരംഭം വിജയകരമാക്കാം.


 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ