രാമായണത്തിന്റെ രചനാപ്രേരണ എന്ത്?
കഥാപ്രധാനമായ കൃതികളുടെ പതിവു ചിട്ടവട്ടമനുസരിച്ച് നായകനാണ് മുഖ്യകഥാപാത്രം. രാമായണം ഗ്രന്ഥനാമം കൊണ്ടു തന്നെ അര്‍ത്ഥമാക്കുന്നത് രാമന്റെ ജീവിതയാത്ര എന്നാണ്. നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന വിശ്വാസങ്ങളും വിമര്‍ശനങ്ങളും രാമനെയും രാമരാജ്യത്തെയും വായനക്കാരുടെ മനസ്സില്‍ അരക്കിട്ടുറപ്പിക്കാന്‍ പര്യാപ്തമായി. എന്നാല്‍ രാമായണകാവ്യ രചനയുടെ ഉദ്ദേശ്യത്തിലേക്കു കടക്കുമ്പോള്‍ പ്രചുരപ്രചാരമാര്‍ന്ന വിശ്വാസങ്ങളും ധാരണകളും മാറിമറിയുന്നു.
തമസാനദിയുടെ തീരത്ത് മരച്ചില്ലയില്‍ സല്ലപിച്ചിരുന്ന ക്രൗഞ്ചമിഥുനങ്ങളിലൊന്നിനെ വേടന്‍ അമ്പെയ്തു വീഴ്ത്തിയതു കണ്ടിട്ടു വാല്‍മീകിക്കുണ്ടായ വേദന 'മാനിഷാദ, പ്രതിഷ്ഠാം ത്വമഗമ ശാശ്വതീ സമാ: യല്‍ ക്രൗഞ്ചമിഥുനാ ദേകമവധീ: കാമമോഹിതം' എന്ന് ശ്ലോകമായി പുറത്തേക്കു വന്നു എന്നാണ് പ്രസിദ്ധമായ കഥ. ഇതിനു തുടര്‍ച്ചയായിട്ടാണ് അദ്ദേഹം രാമായണം രചിച്ചതത്രേ. പക്ഷേ വേടന്‍ ഇണക്കിളികളിലൊന്നിനെ എയ്തുവീഴ്ത്തിയ സംഭവം രാമായണരചനയ്ക്കു പ്രചോദനമായിത്തീര്‍ന്നുവെന്നു പറയുന്നത് യുക്തിപൂര്‍വ്വം ചിന്തിച്ചാല്‍ വിശ്വസനീയമല്ല. മാത്രമല്ല മേല്‍ ഉദ്ധരിച്ച ശ്ലോകത്തിന് നിലവില്‍ വിവക്ഷിക്കപ്പെടുന്ന അര്‍ത്ഥം യോജിക്കുകയുമില്ല.
വേട്ടക്കാര്‍ പക്ഷിമൃഗാദികളെ അമ്പെയ്തു വീഴ്ത്തുന്നത് സര്‍വ്വസാധാരണമാണ്. ഹിംസ്രജന്തുക്കള്‍ ചെറുജീവികളെ ഇരതേടുന്നത് പാപമാണെന്ന് ആരും കരുതുകയില്ല. ജീവസന്ധാരണത്തിനുളള വനവേടന്റെ യത്‌നം ഋഷിശാപത്തിനു ഹേതുവാകത്തക്കതല്ല. മുനി വേടനെ ശപിക്കുന്നതോ' നീ ഏറെക്കാലം നിലനില്‍ക്കാതിരിക്കട്ടെ' എന്നും. പ്രപഞ്ചത്തില്‍ അനശ്വരമായ ജീവിതം ജീവികള്‍ക്കൊന്നിനുമില്ല. ജീവിതത്തിന്റെ നശ്വരത ഏറ്റവുമധികം ബോധ്യപ്പെട്ടിട്ടുളളവരാണ് ഋഷിമാര്‍. നിന്റെ അവസാനം മരണമാകട്ടെ എന്ന് സാധാരണക്കാര്‍ പരിഹസിക്കുന്ന തരത്തില്‍ ലോകസാമാന്യമായ ഒരു തത്വമാണ് വാല്‍മീകീകര്‍തൃകമായ ആദിമശ്ലോകത്തിന്റെ അര്‍ത്ഥം എന്നു വിശ്വസിക്കാന്‍ ന്യായം കാണുന്നില്ല.
മനുഷ്യനില്‍ നിന്നും കിരാതത്വം അത്രയൊന്നും വേര്‍പെട്ടിട്ടില്ലാത്ത അക്കാലത്ത് വേടന്‍ വേദാന്തം പഠിച്ചിരിക്കേണ്ടവനാണെന്ന് വാല്‍മീകി കരുതിയിരിക്കുമോ? പ്രത്യേകിച്ചും സന്യാസതുല്യമായ വനവാസം ചെയ്തിരുന്ന രാമനും സീതയും പോലും കാക്കയുടെയും കിളിയുടെയും മാനിന്റെയും ഇറച്ചി കഴിച്ചിരുന്നതായി പാടിയ കവി?
അങ്ങനെ വരുമ്പോള്‍ പതിയാല്‍ ഉപേക്ഷിക്കപ്പെട്ട സീതയെ വനത്തില്‍ വെച്ചു കണ്ട കവി, അവളെ ഇണ നഷ്ടപ്പെട്ട ക്രൗഞ്ച മിഥുനമായി സങ്കല്‍പ്പിച്ചിരിക്കാം. സങ്കല്‍പ്പത്തിലെ വേദന 'ജനാപവാദമേ നീ ഏറെക്കാലം നിലനില്‍ക്കില്ലല്ലോ?; നീ സീതാരാമമിഥുനത്തില്‍ കാമമോഹിതനായ രാമനെ വധിച്ചു കളഞ്ഞല്ലോ' എന്ന അര്‍ത്ഥത്തില്‍ ശ്ലോകമാക്കുകയും, കുശലവന്‍മാരിലൂടെ സുചരിതയായ സീതയുടെ വിശുദ്ധി കാവ്യരൂപത്തില്‍ രാമനില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ രാമായണം രചിക്കുകയും ചെയ്തിട്ടുണ്ടാവണം. കാര്യസാദ്ധ്യത്തിനാണ് കവി കാവ്യം രചിച്ചതെങ്കില്‍ കാരണം പരമപ്രധാനമായിത്തീരുന്നു. മാതൃകാപുരുഷനെന്നും ഉത്തമനെന്നും ലോകം വാഴ്ത്തുന്ന രാമന്റെ ആജ്ഞ പ്രകാരം ഗര്‍ഭഭാരം മുറ്റിനില്‍ക്കുമ്പോള്‍ ലക്ഷ്മണന്‍ വഞ്ചനയിലൂടെ കാട്ടിലുപേക്ഷിച്ച സീതയെ പരിശുദ്ധയായ ആ സതീരത്‌നത്തെ, രാമചന്ദ്രനു മനപ്പരിവര്‍ത്തനം വരുത്തി പുനര്‍സ്വീകരിപ്പിക്കുന്നതിനു വേണ്ടിയാണ് ആദികവി രാമായണം രചിച്ചത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ