2010, ഫെബ്രുവരി 10, ബുധനാഴ്‌ച

ഹൈക്കോടതി വക വെടി ഒന്ന്

            കേരളത്തിലെ ക്ഷേത്രങ്ങളില്‍ വെടിവഴിപാടിനു പകരം വെടി ശബ്ദം റെക്കോഡു ചെയ്തു കേള്‍പ്പിച്ചാല്‍ പോരേ എന്ന് ഹൈക്കോടതി. ബുദ്ധിമാന്‍മാര്‍ ഹൈക്കോടതിയിലും ഉണ്ടെന്നു ചുരുക്കം. ദന്തഗോപുരവാസികളായി പൊതുജനബന്ധമില്ലാതെ കെട്ടിപ്പൊതിഞ്ഞു വച്ചിരിക്കുന്ന ന്യായാധിപന്‍മാര്‍ പത്രം വായിക്കുന്നുണ്ടെന്നു മനസ്സിലായി. ശബരിമലയില്‍ ആനകള്‍ പഴയതുപോലെ കൂക്കിവിളിയും പന്തവുമൊന്നും കണ്ടും കേട്ടും ഓടിപ്പോകുന്നില്ലെന്നു വന്നപ്പോള്‍ 90 വിട്ടിട്ടിരുന്ന ഒരു വനപാലകന്റെ ബുദ്ധിയാണ് കടുവയുടെയും പുലിയുടെയും ശബ്ദം റെക്കോഡുചെയ്തു കേള്‍പ്പിക്കാമെന്നുളളത്. ഈ വാര്‍ത്തയാണ് പ്രചോദനമെന്നുറപ്പ്.
          ദേവസ്വം വക ക്ഷേത്രങ്ങളൊക്കെ ഹൈക്കോടതി നിര്‍ദ്ദേശം സ്വീകരിച്ചാലത്തെ കഥയൊന്നാലോചിച്ചു നോക്കൂ. അതിരാവിലെ കഴകക്കാരന്‍ പയ്യന്‍ ഓടി വരുന്നു. പോക്കറ്റില്‍ നിന്നും മൊബൈല്‍ എടുത്ത് ശംഖു വിളിയുടെ ഫയല്‍ ഓപ്പണ്‍ ചെയ്യുന്നു. കൃഷ്ണന്‍ നിദ്രയില്‍ നിന്നും ഞെട്ടി ഉണരുന്നു. തുടര്‍ന്ന് 'കൗസല്യാ സുപ്രജാ സന്ധ്യാപ്രവര്‍ത്തകേ' മുതല്‍ ഏതാനും സിഡികള്‍ പ്രവര്‍ത്തനം തുടങ്ങുന്നു. കൃഷ്ണന്‍ അതോടെ എഴുന്നേറ്റ് കിഴക്കോട്ടോടുന്നു. പൂജാരി മൊബൈല്‍ എടുത്ത് പുറത്തെ മണിയുടെ ശബ്ദം കേള്‍പ്പിക്കാന്‍ ശ്രമിക്കുന്നു. പക്ഷേ സംഗതിക്കു ചാര്‍ജില്ല. മണിയെല്ലാം നേരത്തേ തന്നെ വിറ്റു പോയിരുന്നു. തത്ക്കാലം കഴകക്കാരന്‍ ഉരുളിയില്‍ തവികൊണ്ട് മൂന്നു കൊട്ടി. ക്ഷേത്രം തുറന്നു വിളക്കു വച്ചു. 'മലരു നേദ്യം' എന്ന് ഉറക്കെ ദേവനോടു പറഞ്ഞു. ദേവനും അനങ്ങിയില്ല. നീതിന്യായകല്‍പ്പനയല്ലേ? 'ഒരു ഭാഗ്യസൂക്താര്‍ച്ചന' ഭക്തന്‍ ചീട്ടു നടയ്ക്കല്‍ വെച്ചു. പൂജാരി റെക്കോര്‍ഡര്‍ ഓണ്‍ ചെയ്തു. ഈ സംവിധാനം വന്നതോടെ കണ്ഠരര് മോഹനര് അടക്കം പൂജാരിമാരെല്ലാം കോടതിയുടെ ആരാധകരായി. ജീവിതത്തില്‍ ഒരിക്കലെങ്കിലും ഭാഗ്യസൂക്തവും മറ്റും എന്താണെന്നറിയാന്‍ കഴിഞ്ഞല്ലോ?
             പിന്നീട് ക്ഷേത്രം ചില പ്രമാണിമാരുടെ കൈയ്യിലാണ്. വെളുപ്പിനെ വരുന്ന പൂജാരി ഭക്തരെ കേള്‍ക്കെ 'നാരായണാ കൃഷ്ണാ ഭഗവാനേ' എന്നൊക്കെ വിളിക്കാറുണ്ടെങ്കിലും നിത്യപരിചയം അദ്ദേഹത്തെ ഒരു നാസ്തികനാക്കി മാറ്റിയിരിക്കുന്നു. ഭക്തര്‍ക്ക് ദേവന്‍ സര്‍വവ്യാപിയും സര്‍വശക്തനും സര്‍വജ്ഞനുമാണെങ്കിലും താന്‍ കാണിക്കുന്ന കളളത്തരങ്ങളെയൊന്നും തടയാന്‍ ശേഷിയില്ലാത്ത ദേവനോട് മിക്ക പൂജാരിമാര്‍ക്കും ഉള്ളില്‍ ഒരു പുച്ഛമാണ്. ഭക്തന്‍മാര്‍ക്കോ മൂര്‍ത്തിയെ എങ്ങനെയും തൃപ്തിപ്പെടുത്താം പൂജാരിയെയാണ് വയ്യാത്തത്. 'ഞാന്‍' എന്ന അടങ്ങാത്ത ഭാവവുമായി വരുന്ന പുങ്കന്‍മാരെ പൂജാരി മാന്യമായി പിഴിയുന്നു. അഹംബോധം തൃപ്തിപ്പെട്ട ഭക്തനും തൃപ്തി. രസീതെഴുതുന്ന വാച്ചര്‍ക്ക് ഭക്തനെന്നു കേട്ടാലേ കലിയാണ്. അനങ്ങാതെയിരുന്നു ശമ്പളം മേടിക്കേണ്ട തനിക്കിട്ടു പണിയാന്‍ വരുന്ന ശത്രുവാണ് ഓരോ ഭക്തനും.
             ക്ഷേത്രങ്ങളില്‍ വെടിവഴിപാടു നടത്തുന്നതിന്റെ അടിസ്ഥാനമെന്തെന്ന് അറിയിക്കാനും കോടതി ഉത്തരവിട്ടു. എങ്കില്‍ പിന്നെ ദൈവത്തിന്റെ അടിസ്ഥാനമെന്തെന്ന് കോടതിക്കങ്ങു ചോദിച്ചു കൂടേ. ഭക്തിയും യുക്തിയും രണ്ടു വഴിക്കു പോകുന്ന കാര്യങ്ങളാണ്. അതിനാല്‍ ഭക്തിയുടെ കാര്യം യുക്തിയുടെ അടിസ്ഥാനത്തില്‍ തീര്‍പ്പുകല്‍പ്പിക്കുന്നതെങ്ങനെ? അങ്ങനെയെങ്കില്‍ വിലയേറിയ അഭിഭാഷകരുടെ സമയം മിനക്കെടുത്താതെ വാദം ടേപ്പു ചെയ്ത് കൊടുക്കാന്‍ കോടതിക്കാവശ്യപ്പെട്ടുകൂടെ. ഈ കടുത്ത വേനല്‍ക്കാലത്ത്, ബ്രിട്ടീഷുകാരന്റെ ഭ്രാന്തിന്റെ അവശിഷ്ടമായ, വക്കീലന്‍മാരുടെ കോട്ടും കോട്ടിന്റെ മേല്‍ ഗൗണും പരിഷ്‌ക്കരിച്ച് മാന്യമായ വസ്ത്രമാക്കിക്കൂടെ? കോടതിനടപടികള്‍ ജഡ്ജിതന്നെ സ്വന്തം കൈപ്പടയില്‍ എഴുതുന്നതുകാരണം ലക്ഷക്കണക്കിനു കേസുകള്‍ കുടിശ്ശിക കിടക്കുന്നതിനാല്‍  കോടതിയിലെ നടപടികള്‍ വീഡിയോയില്‍ റെക്കോഡുചെയ്തു കൂടെ? വേണ്ടതൊന്നും എഴുതിയെടുക്കാതെ അപ്പീലില്‍ പോലും രക്ഷപ്പെടാതിരിക്കാന്‍ കൊലച്ചതി ചെയ്യുന്ന ചില ന്യായാധിപന്‍മാരുടെ നടപടിയെങ്കിലും ഒഴിവാക്കാമല്ലോ? വീഡിയോ ടേപ്പും മറ്റും പരിശോധനയ്ക്കു ശേഷം തെളിവായി സ്വീകരിച്ചു കൂടെ?അന്യന്റെ കണ്ണിലെ കരടെടുക്കാന്‍ നടക്കുന്നവര്‍ സ്വന്തം കണ്ണിലെ കോലു കാണാത്തതു കഷ്ടം തന്നെ.    

7 അഭിപ്രായങ്ങൾ:

  1. എല്ലാം ഇനി ശബ്ദം മാത്രം മതി എന്ന അവസ്ഥയിലാവും.
    എന്താ ചെയ്കാ അല്ലേ..?

    മറുപടിഇല്ലാതാക്കൂ
  2. എന്റെ വക ഒരു നൂറ്റൊന്ന് വെടി....
    ചീട്ടെഴുതിയോ ?

    മറുപടിഇല്ലാതാക്കൂ
  3. ഇക്കാര്യത്തില്‍ ഈയുള്ളവന്‍ കോടതിയുടെ കൂടെയാണ്. കോടതി പരിഹാസ്യത്തോടെയാണോ അങ്ങനെ ചോദിച്ചത് എന്നറിയില്ല, അങ്ങനെയാണെങ്കില്‍, അത് അവരുടെ വിവരക്കേട്.

    എന്തിനു വെടിവഴിപാട്? എന്തിനു ഹോണ്‍ കെട്ടിവച്ചു അഖണ്ഡനാമജപകോലാഹലം?

    വെടി വഴിപാടിന് പല ന്യായീകരണം കണ്ടെത്താം. ഒന്ന്, പണ്ടൊക്കെ, ക്ഷേത്രത്തിലെ ഓരോ പരിപാടികള്‍ തുടങ്ങുന്നതിനുമുമ്പേ കരക്കാരെ അറിയിക്കാന്‍ വെടി വയ്ക്കുന്നത് നല്ലതാണ്, മോഴ്സ്കോഡ് പോലെ. ഇപ്പോള്‍ ഉച്ചഭാഷിണി അനാവശ്യമായിപ്പോലും ഉപയോഗിക്കുമ്പോള്‍ ഈ വെടിക്ക് പ്രസക്തിയില്ല.

    മറ്റൊരു വാദം, അതിലെ സള്‍ഫര്‍ അന്തരീക്ഷത്തെ ശുദ്ധീകരിക്കുമെന്നോ മറ്റോ എവിടെയോ കേട്ടു. ശരി, അങ്ങനെയാകട്ടെ. പക്ഷെ, അതിനു രാവിലെയും വൈകിട്ടും ഒരു പത്തു സെക്കന്റ് എല്ലാ വെടി വഴിപാടുകളും ചേര്‍ത്തു നടത്താമല്ലോ. എന്നിട്ട് ആ പുക ശേഖരിച്ചു ചെറിയ ഡപ്പികളിലാക്കി പുക പ്രസാദമാക്കി വില്‍ക്കാം.

    ഓരോരുത്തരും ക്ഷേത്രത്തില്‍ പ്രാര്‍ഥിക്കുന്നതിനുമുമ്പേ അവര്‍ വഴിപാടുനേര്‍ന്ന വെടി കേള്‍ക്കണം എന്ന് കരുതുന്നതാണ് കഷ്ടം. കല്ലായ, കരിങ്കല്ലുഹൃദയമുള്ള, അല്ലെങ്കില്‍ ധ്യാനത്തിലിരിക്കുന്ന 'ഈശ്വരനെ' വിളിച്ചുണര്‍ത്തി അവനവന്റെ ആഗ്രഹങ്ങള്‍ പറയാന്‍ എന്ന് കരുതിയാണ് പലരും ഇക്കാലത്ത് വെടി വഴിപാട് നടത്തുന്നത്! കഷ്ടം എന്നല്ലാതെ എന്ത് പറയാന്‍.

    ഈ വെടിയെല്ലാം അവനവന്റെ മനസ്സിലേക്ക് വച്ചിരുന്നെങ്കില്‍, മനസ്സ് തുറന്നു, അമിത ആഗ്രഹങ്ങള്‍ വെടിഞ്ഞ്, എല്ലാവരും ശാന്തരായേനെ പലപ്പോഴും തോന്നിപ്പോകുന്നു..

    ആചാരങ്ങള്‍ ഓരോ കാലഘട്ടത്തില്‍ അന്നത്തെ സാമോഹിക സാങ്കേതിക കഴിവനുസരിച്ചുണ്ടായവയാണ്. അതിനാല്‍ ആചാരങ്ങള്‍ മാറേണ്ടതുമാണ്. അങ്ങനെ മാറിയില്ലെങ്കില്‍, ഇന്നലത്തെ ചില ആചാരങ്ങള്‍ ഇന്നത്തെ അനാചാരമാകാം. ആചാരങ്ങള്‍ ഈശ്വരനു വേണ്ടിയോ ഈശ്വരനെ അറിയാന്‍ വേണ്ടിയോ അല്ല എന്ന് നാം ഓര്‍ക്കേണ്ടിയിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  4. ഓഫ് ടോപ്പിക്ക്:
    "ബ്രിട്ടീഷുകാരന്റെ ഭ്രാന്തിന്റെ അവശിഷ്ടമായ, വക്കീലന്‍മാരുടെ കോട്ടും കോട്ടിന്റെ മേല്‍ ഗൗണും പരിഷ്‌ക്കരിച്ച് മാന്യമായ വസ്ത്രമാക്കിക്കൂടെ?" അത് നല്ലൊരു ചോദ്യമാണ്... പലപ്പോഴും എനിക്കും തോന്നിയിട്ടുണ്ട്, നാം എന്തിനീ വിഴുപ്പു ചുമക്കുന്നു? കുറച്ചു കൂടി ലളിതമായ ഒരു വേഷം ഇവര്‍ക്ക് ഉപയോഗിച്ചുകൂടെ? ഭാരതത്തിലെ നീതി ന്യായ വ്യവസ്ഥ വിചാരിച്ചാല്‍ ഇവിടെ ഈ മാറ്റം വരുത്താന്‍ കഴിയില്ലേ?

    മറുപടിഇല്ലാതാക്കൂ
  5. വെടി വഴിപാട്‌ അവസാനിപ്പിക്കണം എന്ന്‌ പറഞ്ഞിരുന്നുവെങ്ങിൽ, നമ്മുക്ക്‌ അതിന്റെ അടിസ്ഥാനത്തെ പറ്റി ചിന്തിക്കാം. പക്ഷെ ഇവിടെ കോടതി ചോദിച്ചത്‌ വെടിശബ്ദം റിക്കാർഡ്‌ ചെയ്യുന്ന സൂത്രത്തെപറ്റിയാണ്‌!

    വിശക്കുന്നവർക്ക്‌ മട്ടൻ ബിരിയാണിയുടെ ഫോട്ടൊ മതിയോ?

    ഓഫ്‌
    ഷക്കീലയുടെ ഫോട്ടൊ മതിയല്ലേ?

    മറുപടിഇല്ലാതാക്കൂ
  6. കോടതിയുടെ ചോദ്യം കേട്ടപ്പോള്‍ സത്യത്തില്‍ ചിരിയാണു വന്നതു.നമുക്കു പറ്റിയ സാധനം തന്നെ...

    മറുപടിഇല്ലാതാക്കൂ
  7. ശബ്ദമലിനീകരണവും സമൂഹിക മലിനീകരണവും നമുക്ക് അവസാനിപ്പിക്കാം.

    മറുപടിഇല്ലാതാക്കൂ