2009, ഡിസംബർ 7, തിങ്കളാഴ്‌ച

കുറുപ്പിനു പിറക്കാതെ പോയ മകള്‍

ചെറിയനാടിനു വലിയ നാടിന്റെ പ്രശസ്തി നേടിക്കൊടുത്ത സുകുമാരക്കുറപ്പ് കൊലപാതകം ഒന്നു ചെയ്‌തെങ്കിലും നാളിതുവരെ പിടികൊടുക്കാതെ നാടിന്റെ മാനം കാത്തു. ദരിദ്രവാസിയുടെ പിച്ചച്ചട്ടിയില്‍ കൈയിട്ടു ജീവിച്ചു പഠിച്ച കേരളാപോലിസ് കേസന്വേഷണം ഒക്കെ എന്നേ മറന്നു പോയി. കളളടിക്കുന്ന ഏതെങ്കിലും പത്രലേഖകന്‍ എപ്പോഴെങ്കിലും ഒരേമാന്‍ മേടിച്ചു കൊടുത്തതിന്റെ ഹാങ്ങോവര്‍ മാറാന്‍ എഴുതിയ സ്‌റ്റോറിയില്‍ സ്‌കോട്‌ലന്റ് യാര്‍ഡിനേക്കാള്‍ മികച്ച അന്വേഷണവൈദഗ്ധ്യത്തിന്റെ കഥ അയവെട്ടുന്നതല്ലാതെ ദശകങ്ങളായി കേരളത്തിലെ പോലീസിന് അഭിമാനിക്കാവുന്നതായി ഒന്നുമില്ല. അതുകൊണ്ടുതന്നെ കുറുപ്പിനെ പിടിക്കാന്‍ കഴിയാഞ്ഞതില്‍ ഒരു പോലീസുകാരനും നാണിക്കാനായി ഒന്നുമില്ല.
കേരളത്തിലെ പോലീസ് സബ്ഡിവിഷനുകളില്‍ ഏറ്റവും കച്ചവടം വില്‍ക്കുന്നത് പാലായാണ്. സര്‍ക്കിള്‍ ഡിവിഷന്‍ തിരുവല്ലയും. രണ്ടാം സ്ഥാനം ചെങ്ങന്നൂരിനാണ്. ഏറ്റവും വലിയ ലേലം പിടിച്ചോ പാര്‍ട്ടിക്കു വേണ്ടപ്പെട്ടവനായോ ഈ ജൂറിസ്ഡിക്ഷനില്‍ വരുന്ന ഏത് കാക്കിപ്രമാണിയ്ക്കാണ് കുറുപ്പിനെ പിടിക്കേണ്ടത്? പാവം ഇപ്പോള്‍ മരിച്ച് മണ്‍മറഞ്ഞ് നിയമവാഴ്ചയെ പരിഹസിക്കുന്നുണ്ടാവണം. എന്നാല്‍ ഈ പൈതൃകത്തിന്റെ ബാറ്റണ്‍ കൈയ്യിലേന്താന്‍ ആ തറവാട്ടില്‍ നിന്നും മൂന്നു കിലോമീറ്ററകലെ ഒരു മരുമകള്‍ വലതുകാല്‍ വെച്ചു കയറിവന്നത് മാലോകരാരും അറിഞ്ഞില്ല; പൊന്‍മേലില്‍ക്കടയില്‍ വെളിച്ചെണ്ണയാട്ടിക്കാന്‍ വരുന്ന പണിക്കരുചേട്ടന് 50 ലക്ഷത്തിന്റെ അമേരിക്കന്‍ ഇന്‍ഷ്വറന്‍സ് ഉണ്ടെന്ന് അറിയാതിരുന്നതുപോലെ. എന്നാല്‍ അവള്‍ സുന്ദരിയായ മരുമകള്‍ ചാക്കോമാരെ തേടി റോഡില്‍ വണ്ടിയില്‍ പോയി കാത്തു നിന്നില്ല. പൊന്നേ നീ കുറുപ്പിനു പിറക്കാതെ പോയ മകള്‍ തന്നെ. നീ സുന്ദരിയായതുകൊണ്ട് നിനക്ക് ഒരു പങ്കുമില്ലെങ്കിലും ഞങ്ങള്‍ പത്രക്കാരും ചാനലുകാരും ഗോസിപ്പുകള്‍കൊണ്ടും സങ്കല്പ രതികൊണ്ടും നിന്നെ ഞങ്ങള്‍ ആഘോഷിക്കും.

1 അഭിപ്രായം: