2009, ഡിസംബർ 1, ചൊവ്വാഴ്ച

ചെമ്പന്‍ കുതിരയെ തിരിഞ്ഞു നോക്കുമ്പോള്‍

ചെമ്പന്‍ കുതിരയെ തിരിഞ്ഞു നോക്കുമ്പോള്‍
വയലാര്‍ രാമവര്‍മ്മ ആത്മഹത്യ ചെയ്തിട്ട് 34 വര്‍ഷം കഴിഞ്ഞു. ഇത് അതിഭാവുകത്വം കലര്‍ന്ന പ്രസ്താവനയാണ്. എന്നാല്‍ മരണകാരണത്തിന് ദീര്‍ഘകാലപ്രാബല്യം നല്‍കിയാല്‍ നൂറു വട്ടം സത്യവുമാണ്. 1928 മാര്‍ച്ച് 25ന് ജനിച്ച രാമവര്‍മ്മ 1975 ഒക്ടോബര്‍ 27ന് വയലാര്‍ രക്തസാക്ഷിദിനത്തില്‍ ഇഹലോകവാസം വെടിയുകയാണുണ്ടായത്. കവിയെ വിലയിരുത്തുമ്പോള്‍ കവിത മാത്രമാകണം മാനദണ്ഡം. എന്നാല്‍ കവിയെ ഉന്‍മൂലനം ചെയ്ത കാരണം മറക്കുവാന്‍ കഴിയുമോ? കേരളീയന്റെ ശരാശരി ആയുസ്സ് 47 വയസ്സാണോ? ഒരിക്കലും അല്ല. തന്റെ ചെമ്പന്‍ കുതിരയെക്കൊണ്ട് അശ്വമേധം നടത്താനാഗ്രഹിച്ച കവിയ്ക്ക് കുതിരയ്ക്ക് കൊടുക്കുന്ന സാധനം കൊടുത്തു മയക്കി കുതിരയെ ഓടിച്ചുവിട്ട സഹസാഹിത്യകാരന്‍മാരും സിനിമാനിര്‍മ്മാതാക്കളും കാലത്തിനു നഷ്ടപ്പെടുത്തിയത് ശ്രേഷ്ഠനായ ഒരു കവിയെയാണ്. ഷേക്‌സ്പീരിയന്‍ ദുരന്തനായകന്‍മാരിലെ ആന്തരീകമായ ന്യൂനത വളര്‍ന്ന് ജീവിതത്തെയാകെ ബാധിക്കുന്നതുപോലെ മദ്യാസക്തി കവിയെയും വ്യക്തിയെയും വിഴുങ്ങിക്കളഞ്ഞു.
കവിയെ ബാധിച്ച ഈ ആസക്തികള്‍ സിനിമയിലേക്കുളള അദ്ദേഹത്തിന്റെ ദേശാടനത്തില്‍ വന്നുകൂടിയതാണ്. ഇത് അദ്ദേഹത്തിലെ കവിയില്‍ വരുത്തിയ ന്യൂനതകള്‍ നിരൂപകര്‍ സൗമനസ്യപൂര്‍വ്വം വിട്ടുകളഞ്ഞിട്ടുണ്ട്. 1948 മുതല്‍ 1961 വരെയുളള കാലയളവിലാണ് വയലാറിന്റെ കാമ്പുളള കവിതകള്‍ രചിക്കപ്പെട്ടത്. അനുഭവജ്ഞാനവും രചനാപാടവവും കൃതഹസ്തതയും നേടിയ വയലാറിന് മരണത്തിന് തൊട്ടുമുന്‍പുളള 15 വര്‍ഷം കറവ തീരെ വററിപ്പോയിരുന്നു. നിരൂപകരും വിമര്‍ശകരും വയലാറിനെ അര്‍ഹിക്കുന്നതിലുമധികം മഹത്വവല്‍ക്കരിക്കുകയും ചുവപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഈ. എം. എസ്. മുതലുളളവര്‍ കുമാരനാശാന്‍ തുടങ്ങിയുളള കവികളെ രാജാക്കന്‍മാരില്‍ നിന്നും വീരശൃംഘലയ്ക്കായി കവിത രചിച്ചവരായി പരിഹസിച്ചിട്ടുണ്ട്. വയലാറിന്റെ ആദ്യകാല രചനകളിലൊന്നാണ് വഞ്ചീശദീപം. ഈ വരികളൊന്നു ശ്രദ്ധിക്കുക:
ശ്രീയാര്‍ന്നു മിന്നിത്തിളങ്ങും മേന്‍മേല്‍ മായാത്തൊരീച്ചിത്രതാരം
നീണാള്‍ വിളങ്ങണേ മന്നില്‍ ഇന്നു വേണാടണയുമീ ദീപം.
ഇത് ശ്രീ ചിത്തിര തിരുനാളിന് ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് എഴുതിയതാണ്. അതിനാല്‍ മേല്‍ പരിഹാസം വയലാറിനും ചേരും. 'ആയിടയ്‌ക്കൊക്കെത്തിരുന്നാള്‍ക്കവിതകള്‍ക്കായി രാജാവിന്നുപമകള്‍ തേടിയും മുട്ടിന്നു മുട്ടിന്നലങ്കാരഭംഗികള്‍ കെട്ടുന്ന സംസ്‌കൃത ശ്‌ളോകങ്ങള്‍ പാടിയും' താന്‍ നടന്നിട്ടുണ്ടെന്ന് വയലാര്‍ തന്നെ പറഞ്ഞിട്ടുണ്ട്.
വയലാര്‍ ആദ്യം മുതലേ ചുവന്നു തുടുത്തിരുന്ന ഒരു കവിയൊന്നുമായിരുന്നില്ല. സ്വാതന്ത്ര്യസമരം കൊടുമ്പിരിക്കൊണ്ടിരുന്ന കാലഘട്ടത്തില്‍ അദ്ദേഹത്തെ സ്വാധീനിച്ചിരുന്നത്് ഗാന്ധിയന്‍ തത്വശാസ്ത്രമായിരുന്നു. പാദമുദ്രകള്‍ എന്ന ആദ്യകവിതാസമാഹാരം തന്നെ ഗാന്ധിജിയെപ്പററിയാണ്. ആദ്യം നിഷേധിയും പിന്നെ കമ്യൂണിസ്‌ററും നിരീശ്വരവാദിയും, അവസാനം വിരുദ്ധനും(Anti-communist) ആത്മീയവാദിയും ആകാത്ത വ്യക്തി യുക്തിബോധമുളള മനുഷ്യനല്ല എന്ന് സരസനായ ഒരു നിരീക്ഷകന്‍ പറഞ്ഞതുപോലെ വയലാര്‍ ചില പരിണാമങ്ങള്‍ക്ക് വിധേയനായിരുന്നു. സ്വാതന്ത്ര്യസമരകാലത്തു ജീവിച്ചിരുന്ന എല്ലാവരേയും പോലെ അദ്ദേഹം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിലും ഗാന്ധിയന്‍ ദര്‍ശനങ്ങളിലും തല്‍പ്പരനായിരുന്നു.
ഉയര്‍ന്ന ഭാസ്വല്‍ച്ചര്‍ക്കയില്‍ നീളും വെണ്‍നൂലിഴകളിനാല്‍ 
ത്രിവര്‍ണ വിജയക്കൊടി നെയ്യുകയാണന്തിയനന്തതയില്‍
തുടങ്ങിയ വരികള്‍ ഇത് സാക്ഷ്യപ്പെടുത്തുന്നു.പുന്നപ്രയിലും വയലാറിലും സമരം നടക്കുമ്പോള്‍ വയലാര്‍ അതില്‍ പങ്കാളിയായിരുന്നില്ല; എങ്ങും പ്രസംഗിച്ചു നടന്നില്ല. 1949 ല്‍ കൊല്ലത്തു വച്ചു നടന്ന പുരോഗമനസാഹിത്യ സമ്മേളനത്തില്‍ കമ്യൂണിസ്‌ററുകാര്‍ പിണങ്ങിയിറങ്ങിയപ്പോള്‍ മുണ്ടശ്ശേരി,തകഴി തുടങ്ങിയവരോടൊപ്പം വയലാര്‍ രാമവര്‍മ്മ ഔദ്യോഗിക പ്രമേയത്തിന്റെ ഭാഗത്ത് ഉറച്ചുനില്‍ക്കുകയായിരുന്നുവെന്നും പിന്നീടൊരിക്കല്‍ വയലാര്‍ രക്തസാക്ഷികുടീരത്തിന്റെ മുന്നില്‍ വച്ച് സ. എം. എന്‍. അക്ഷരങ്ങള്‍ കൂട്ടിയെഴുതാന്‍ കഴിയുന്ന ആരും തങ്ങളുടെ കഴിവുകള്‍ ആ മഹാത്യാഗികളുടെ സ്വപ്‌നസാക്ഷാത്കാരത്തിനു വേണ്ടി മാററിവെയ്ക്കാന്‍ അവിടെവച്ചു തന്നെ പ്രതിജ്ഞയെടുക്കും വിധം ഉദ്‌ബോധിപ്പിച്ച ശേഷമാണ് വയലാര്‍ കവിതകള്‍ ചുവന്നു തുടങ്ങിയത് എന്ന് വയലാര്‍ കവിതകളുടെ ആമുഖത്തില്‍ പുതുശ്ശേരി രാമചന്ദ്രന്‍ പറയുന്നുണ്ട്. വയലാര്‍ സ്‌ററാലിന്‍ എന്നറിയപ്പെട്ടിരുന്ന സി. കെ കുമാരപ്പണിക്കരുടെ സ്വാധീനവും പ്രേരണയും മററൊരു ഘടകമായിരുന്നു.
1952 ല്‍ പുറത്തിറങ്ങിയ 'നാടിന്റെ നാദം' എന്ന സമാഹാരമാണ് ഭാവരൂപങ്ങള്‍ക്ക് പരിണാമം വന്ന വയലാര്‍ കവിതയുടെ തുടക്കം കുറിക്കുന്നത്. അതില്‍ പിന്നെ ആദ്യകാലകവിതകള്‍ അച്ചടിച്ചുവന്ന പ്രസിദ്ധീകരണങ്ങളുമായി ബന്ധം വിച്ഛേദിച്ചു. പുരോഗമനപ്രസ്ഥാനങ്ങളുമായി അടുത്തു. ഒരു ദശകക്കാലം ഇടതടവില്ലാതെ ആ ബന്ധം തുടര്‍ന്നു. 1955 ല്‍ അക്കാലത്തെ കവികളെ മാറ്റൊലി കവികളായി വിലയിരുത്തക്കൊണ്ട് എം. കൃഷ്ണന്‍ നായര്‍ കൗമുദി വാരികയില്‍ ഒരു ലേഖനം എഴുതുകയുണ്ടായി. ചങ്ങമ്പുഴയുടെ കാവ്യശൈലിയില്‍ നിന്നും ഒരടി പോലും മുന്‍പോട്ടു വെയ്ക്കാന്‍ അന്നത്തെ കവികള്‍ക്കു കഴിഞ്ഞിട്ടില്ല എന്നാണ് അദ്ദേഹം സ്ഥാപിച്ചത്. അതില്‍ വയലാറും ഉള്‍പ്പെട്ടിരുന്നു.
കൃഷ്ണന്‍നായരുടെ അഭിപ്രായം എന്തുതന്നെയായിരുന്നാലും വയലാര്‍ ഒരുപാട് പരിണാമങ്ങള്‍ക്ക് വിധേയനായകവിയാണ്. ചങ്ങമ്പുഴക്കവിതകള്‍ ജനപ്രിയമായിനിന്നകാലത്ത് അത് അദ്ദേഹത്തിനു പ്രചോദനമായി. പുന്നപ്രവയലാര്‍ സംഭവം നടന്ന് കാലമേറെക്കഴിഞ്ഞപ്പോള്‍ അത് ജനഹൃദയങ്ങളില്‍ വലിയ ചലനം സൃഷ്ടിച്ചതായി അദ്ദേഹം കണ്ടു. ആ ചലനം വയലാറിനെ സ്പര്‍ശിച്ചു.പിന്നീട് സിനിമയെന്ന പുത്തന്‍ സാങ്കേതികവിദ്യ ജനങ്ങളെ കീഴടക്കുന്നതായി അദ്ദേഹം കണ്ടു. തന്റെ സര്‍ഗശക്തിയെ വയലാര്‍ സിനിമയ്ക്കു മുന്‍പില്‍ കുരുതികഴിച്ചു. ഈ പരിണാമങ്ങള്‍ അദ്ദേഹത്തിന്റെ പില്‍ക്കാല കവിതകളെ എങ്ങനെ ബാധിച്ചു എന്ന് കവിതകള്‍ പരിശോധിച്ചാല്‍ മനസ്സിലാകും.
1948 മുതല്‍ 61 വരെയുളളകാലത്ത് വയലാര്‍ രാമവര്‍മ്മ 8 കവിതാസമാഹാരങ്ങളും ആയിഷയെന്ന ഖണ്ഡകാവ്യവും 2 കഥാസമാഹാരങ്ങളും ഒരു യാത്രാവിവരണവും  പ്രസിദ്ധീകരിച്ചു. 48 നു മുന്‍പ് രാമവര്‍മ്മയുടേതായി 20 ലധികം കവിതകളും നമുക്ക് ലഭിച്ചിട്ടുണ്ട് ഒരു വ്യാഴവട്ടക്കാലം കൊണ്ട് വയലാര്‍ എഴുതിക്കൂട്ടിയത് അര നൂറ്റാണ്ടു കൊണ്ട് വൈലോപ്പിളളി എഴുതിയതിലും അധികമായിരുന്നു. വയലാറിന്റെ സാമൂഹ്യ വീക്ഷണവും ബിംബകല്‍പ്പനകളും ഭാഷാശൈലിയും ഏറെ പ്രശംസിക്കപ്പെട്ടു. അദ്ദേഹത്തിന്റെ കവിതകള്‍ ജനഹൃദയങ്ങളെ സ്വാധീനിച്ചു. പക്ഷേ 61 നു ശേഷം 75 ഒക്ടോബര്‍ 27 വരെയുളള 15 വര്‍ഷം കവിയെന്നനിലയില്‍ വയലാര്‍ രാമവര്‍മ്മയുടെ സംഭാവനയില്‍ എടുത്തു പറയത്തക്ക രചനകള്‍ വിരളമാണ്. കവിത പദ-അര്‍ത്ഥ-ഭാവങ്ങളുടെ ശില്‍പമാണ്.ആ ബോധം 61 നു ശേഷം അദ്ദേഹത്തിനു കൈമോശം വന്നു. ഈ 15 വര്‍ഷത്തിനിടയില്‍ അദ്ദേഹത്തിന് എഴുതുവാന്‍ കഴിഞ്ഞത് 40-ഓളം കവിതകളാണ്. അതേറെയും അബോധമായിത്തന്നെ ഗാനശൈലിയിലാണ് വാര്‍ന്നു വീണത്.
സിനിമയുടെ നീരാളിപ്പിടുത്തത്തില്‍ നിന്ന് അദ്ദേഹത്തിന് മരണം വരെ മോചിതനാകാന്‍ കഴിഞ്ഞില്ല. ഭാവഗീതങ്ങളുടെ തലത്തിലേക്കുയര്‍ന്ന ഏതാനും ഗാനങ്ങള്‍ വയലാറിന്റേതായി നമുക്ക് ലഭിച്ചിട്ടുണ്ട്. പക്ഷേ ആ ഗാനങ്ങളുടെ ഉടമകളില്‍ മൂന്നാം പേരുകാരന്‍ മാത്രമാണ് അദ്ദേഹം. ഒന്നാമത് ദക്ഷിണാമൂര്‍ത്തി,ദേവരാജന്‍ മാസ്‌ററര്‍ ബാബുരാജ് തുടങ്ങിയ ഗാനസംവിധായകരും രണ്ടാമതായി യേശുദാസ്, ജയച്ചന്ദ്രന്‍, ജാനകി തുടങ്ങിയ ഗായകരും കഴിഞ്ഞാണ് ഗാനരചയിതാവ് വരുന്നത്. കാരണം സ്വരശില്‍പമാണ്. സംഗീതസംവിധായകനും ഗായകനുമാണ് അവിടെ പ്രാധാന്യം.ഫലത്തില്‍ വയലാര്‍ രാമവര്‍മ്മ എന്ന കവിയെ 1961 ല്‍ തന്നെ നമുക്ക് നഷ്ടപ്പെട്ടിരുന്നു.  


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ