2009, ഡിസംബർ 30, ബുധനാഴ്‌ച

നാരായണപ്പണിക്കര്‍ വൃദ്ധസദനവും കൗണ്‍സിലിങ്ങും തുടങ്ങുന്നു

നാരായണപ്പണിക്കര്‍ വൃദ്ധസദനവും കൗണ്‍സിലിങ്ങും തുടങ്ങുന്നു
          വെണ്ണിക്കുളത്ത് കരയോഗകുടുംബ സംഗമം ഉദ്ഘാടനം ചെയ്യവേയാണ് അദ്ദേഹം ഈ തീരുമാനം പ്രഖ്യാപിച്ചത്. സാത്വികനും മര്യാദക്കാരനുമായ പണിക്കര്‍ ബുദ്ധിമാനുമാണെന്ന് തെളിയിച്ചിരിക്കുന്നു. പണ്ടെങ്ങോ ഒരു നിയമബിരുദം എടുത്തിട്ടുണ്ടെങ്കിലും അതിന്റെ കുഴപ്പങ്ങളൊന്നും-കേസുകെട്ടോ കക്ഷികളോ-അദ്ദേഹത്തിന് ഒരിയ്ക്കലും ഉണ്ടായിട്ടില്ല.
          വൃദ്ധസദനം തുടങ്ങുന്ന കാര്യം അദ്ദേഹത്തിനെ ഓര്‍മ്മിപ്പിക്കണമെന്ന് കരുതിയിരിക്കുകയായിരുന്നു. മുന്‍പ് കിടങ്ങൂര്‍ ഗോപാലകൃഷ്ണപിളള എന്നൊരു കഴിവുളള നായരുണ്ടായിരുന്നു. പിളള എന്‍.എസ്.എസ്സിന്റെ ജനറല്‍ സെക്രട്ടറി സ്ഥാനത്തു രാജകീയമായി വിരാജിക്കുമ്പോള്‍ കെ. കരുണാകരനാണ് മുഖ്യമന്ത്രി. നായര്‍കുലത്തിന്റെ പരിധിയില്‍ പെടുന്ന ഒരു വര്‍ഗത്തില്‍  താന്‍ ഇവിടുളളപ്പോള്‍ മറ്റൊരു നായര്‍ ടേംസ് ഓഫ് റഫറന്‍സ് നിശ്ചയിക്കുന്നത് അദ്ദേഹത്തിനിഷ്ടപ്പെട്ടില്ല. നായരെ വീഴ്ത്താന്‍ എന്തു വേണമെന്ന് അദ്ദേഹത്തിന് ആരും പറഞ്ഞു കൊടുക്കേണ്ടതില്ലല്ലോ? ചുക്കിനും ചുണ്ണാമ്പിനും കൊളളരുതാത്ത സംഗതിയാണെങ്കിലും വലിയ പൊണ്ണക്കാര്യത്തില്‍ അവതരിപ്പിച്ചാല്‍ മതി. ലോകത്തിലെ ഏറ്റവും വലിയ രാജ്യമായ സിംഗപ്പൂരിന്റെ ഹൈക്കമ്മീഷണര്‍ സ്ഥാനമാണ് അദ്ദേഹത്തിനു നല്‍കിയത്. മൂന്നു വര്‍ഷത്തിനുശേഷം സംഘടനാരംഗത്ത്, മഴപെയ്താല്‍ കയറി നില്‍ക്കാന്‍ ഒരിടം പോലുമില്ലാതെ അലഞ്ഞു നടക്കേണ്ടി വന്നു കിടങ്ങൂരിന്.

          മരുമക്കത്തായം നിലവിലുണ്ടായിരുന്ന കാലത്ത് പുടവ കൊടുത്തിടത്ത് കാര്യമൊന്നുമില്ലെങ്കിലും സഹോദരിയുടെ ഭവനത്തിലെങ്കിലും നായര്‍ക്ക് കാരണവരായി നിലനില്‍ക്കാമായിരുന്നു. നിയമം മൂലം അതു നിരോധിച്ചതോടെ നായര്‍സമുദായത്തിലെ പുരുഷന്‍മാരുടെ കാര്യത്തില്‍ ചില പ്രശ്‌നങ്ങളുണ്ടായി. ഇപ്പോഴും പാരമ്പര്യ ദായക്രമമനുസരിച്ച് അമ്മ വഴിക്കാണ് സ്വത്ത് കൈമാറി വരുന്നത്. അതുകൊണ്ട് പെണ്‍മക്കള്‍ക്ക് കല്യാണം കഴിയുന്നതു വരെയും ആണ്‍മക്കള്‍ക്ക് സ്വത്തു കിട്ടുന്നതു വരെയും അമ്മയോടാണ് പ്രേമം! ഒരു പ്രായമൊക്കെ ആയി വണ്ടി സെല്‍ഫ് എടുക്കാതെയാകുമ്പോള്‍ നായര്‍ ഭവനത്തിലെ പുരുഷന്‍ ഒരു അനിവാര്യമായ ശല്യമായി മാറും. ഈ സമയത്ത് കുറെപ്പേര്‍ സജീവമായ പൊതുപ്രവര്‍ത്തനത്തിനിറങ്ങും. വീട്ടില്‍ കൊളളരുതാത്തവരാണല്ലോ പല പ്രമുഖരായ പൊതുപ്രവര്‍ത്തകരും! അതിനു തക്ക നിലവാരമില്ലാത്ത പാവങ്ങള്‍ മദ്യത്തിലഭയം തേടും. ഒരു തരം അന്യതാബോധം അവരെ വേട്ടയാടും.  ഏത് എമ്പോക്കിയെയും കൊച്ചാട്ടാ, ചിറ്റപ്പാ, അമ്മാവാ എന്നു വിളിക്കുന്നതു കൊണ്ട് കുറെപ്പേര്‍ മനോരോഗികളാകാതെ രക്ഷപെടുന്നു. അതുകൊണ്ട് കൗണ്‍സിലിംഗ് തുടങ്ങാനുളള ശ്രമം ശ്ലാഖനീയമാണ്.
           പക്ഷേ പറഞ്ഞു വരുന്നത് ഇതൊന്നുമല്ല. എന്‍. എസ്. എസ്. ആസ്ഥാനത്ത് എസ്.എസ്.എല്‍.സി. എന്നീ നാലു ബിരുദങ്ങളുളള ഒരു അതിമാനുഷന്‍ ചെവി കടിച്ചുകടിച്ച് അസി. സെക്രട്ടറി എന്ന ഇല്ലാത്ത പദവി ഉണ്ടാക്കിയെടുത്ത് ആസനമുറപ്പിച്ചിട്ടുണ്ട്. അപകര്‍ഷതാബോധം വേട്ടയാടുന്ന ഒരു മനസ്സായതിനാല്‍ സമുദായത്തില്‍ പെടുന്ന ഏതെങ്കിലും പാവങ്ങള്‍ അവിടെ ചെന്നാല്‍ വായ്ക്കല്‍ കയ്യും പൊത്തി ഓച്ഛാനിച്ചു നിന്നുകൊളളണം. അന്യജാതിക്കാരായാല്‍ ഈ പ്രശ്‌നമില്ല. വന്ന കാര്യം സാധിച്ചു പോകാം. നാരായണപ്പണിക്കര്‍ക്ക് എഴുന്നേറ്റു നടക്കാനും വായ തുറക്കാനും കഴിയുന്നേടത്തോളം പ്രശ്‌നമില്ല. എങ്കിലും രണ്ടു ദിവസം എങ്ങോട്ടെങ്കിലും മാറി നിന്നാല്‍ പിന്നെ കാരണവര്‍ സ്ഥാനം കണ്ടെന്നു വരില്ല. നായരെ ദ്രോഹിക്കുന്ന ഈ മനുഷ്യന്റെ കാലം സമ്പൂര്‍ണമായി വരുമ്പോഴേക്ക് പാവപ്പെട്ട നായന്‍മാര്‍ക്കു വേണ്ടി ഒരു വൃദ്ധസദനവും മനോരോഗം വരാതിരിക്കാന്‍ ഒരു കൗണ്‍സിലിംഗ് സെന്ററും തുടങ്ങുന്നത് തീര്‍ത്തും കാലോചിതം തന്നെ.

3 അഭിപ്രായങ്ങൾ:

  1. ന്‍. എസ്. എസ്. ആസ്ഥാനത്ത് എസ്.എസ്.എല്‍.സി. എന്നീ നാലു ബിരുദങ്ങളുളള ഒരു അതിമാനുഷന്‍ ചെവി കടിച്ചുകടിച്ച് അസി. സെക്രട്ടറി എന്ന ഇല്ലാത്ത പദവി ഉണ്ടാക്കിയെടുത്ത് ആസനമുറപ്പിച്ചിട്ടുണ്ട്. അപകര്‍ഷതാബോധം വേട്ടയാടുന്ന ഒരു മനസ്സായതിനാല്‍ സമുദായത്തില്‍ പെടുന്ന ഏതെങ്കിലും പാവങ്ങള്‍ അവിടെ ചെന്നാല്‍ വായ്ക്കല്‍ കയ്യും പൊത്തി ഓച്ഛാനിച്ചു നിന്നുകൊളളണം.


    പറയാതെ വയ്യ,.....

    പറഞ്ഞത് അക്ഷരം പ്രതി ശരി.. ഇത് മാത്രമല്ല കിടങ്ങൂരിന്റെ കാര്യത്തിലും..

    മറുപടിഇല്ലാതാക്കൂ