2009, ഡിസംബർ 31, വ്യാഴാഴ്‌ച

അവന്‍ വരുന്നു!

           കാലത്തിന്റെ മഹാപ്രവാഹത്തില്‍ അശ്വത്ഥപത്രത്തില്‍ പളളികൊളളുന്ന ഉണ്ണിക്കണ്ണന്റെ ചിത്രം എന്റെ ഇളംമനസ്സിലെവിടെയോ പതിഞ്ഞിട്ടുണ്ട്. ഏറ്റവും വലിയ പര്‍വ്വതത്തിനും മേലെ 15 കോലോളം ഉയരത്തില്‍ മഹാപ്രളയം ഉണ്ടായപ്പോള്‍ നോഹയുടെ പെട്ടകത്തില്‍ ദൈവം വിശുദ്ധിയുളള ജീവജാലങ്ങളുടെ രക്ഷിച്ചതു വായിച്ചപ്പോഴും  എവിടെയാണ് രക്ഷ എന്നു ഞാന്‍ അമ്പരന്നിട്ടുണ്ട്. 'അനന്തമജ്ഞാതമവര്‍ണനീയം ഈ ലോകഗോളം തിരിയുന്ന മാര്‍ഗം അതിങ്കലെങ്ങാണ്ടൊരിടത്തിരിക്കുന്ന മര്‍ത്യന്‍ കഥയെന്തു കണ്ടു' എന്ന വരികള്‍ എനിക്കിന്നും പ്രിയതരമാണ്. എന്ത്്, എന്തിന് തുടങ്ങിയ തത്വചിന്താപരമായ ചോദ്യങ്ങള്‍ ജീവിതത്തോട് ചേര്‍ത്തു വെയ്ക്കുമ്പോള്‍ ഞാന്‍ ഒരു അസ്തിത്വവാദിയായി പോകുന്നു
           ഡിനോ ബുറ്റ്‌സാറ്റി 1972 ല്‍ അന്തരിച്ച ഇറ്റാലിയന്‍ സാഹിത്യകാരനാണ്. ഒരു കഥയില്‍ അദ്ദേഹം ലക്ഷ്യസ്ഥാനത്തു മാത്രം നിര്‍ത്തുന്ന നോര്‍തേണ്‍ എക്‌സ്പ്രസ് ട്രെയിനിലെ യാത്രക്കാരനാണ്. അയാള്‍ വെളിയിലേക്കു നോക്കിയപ്പോള്‍ ഒരുസുന്ദരിയായ പെണ്‍കുട്ടി ലെവല്‍ക്രോസില്‍ നില്‍ക്കുന്നു. അവള്‍ ട്രെയിനിനെ ശ്രദ്ധിച്ചതേയില്ല. തന്റെയടുക്കലേക്ക് എന്തോ ഉറക്കെ പറഞ്ഞുകൊണ്ട് ഓടി വരുന്ന ഒരുത്തനെയാണവള്‍ ശ്രദ്ധിച്ചത്. എന്തോ ആപത്തിനെപ്പറ്റിയുളള മുന്നറിയിപ്പുപോലെ തോന്നി. പക്ഷേ തീവണ്ടി വേഗത്തില്‍ ഓടുകയാണ്. പൊക്കം കുറഞ്ഞ ഒരു മതിലില്‍ നിന്നുകൊണ്ട് ഒരു കര്‍ഷകന്‍ കാതടപ്പിക്കുന്ന ശബ്ദത്തില്‍ എന്തോ പറയുന്നത് കേട്ടു അതും വ്യക്തമായില്ല. വയലിലെ ചെടികളെ ചവിട്ടിമെതിച്ചുകൊണ്ട് ചിലര്‍ ഓടിയെത്തി ഭീതിയോടെ നില്‍ക്കുന്നു. എന്തോ സംഭവിച്ചിരിക്കുന്നു. പഴയ വീടുകള്‍ പാഞ്ഞുപോകുന്നു. ആളുകള്‍ ധൃതിയില്‍ കെട്ടുകള്‍ കെട്ടുന്നു പെട്ടികള്‍ അടയ്ക്കുന്നു. വണ്ടി വടക്കോട്ടു പോകുന്തോറും ആളുകള്‍ കൂട്ടം കൂട്ടമായി തെക്കോട്ടു പോകുന്നു. യുദ്ധമാണോ പട്ടാളവിപ്ലവമാണോ ഭൂകമ്പമാണോ തീവണ്ടിയിലെ യാത്രക്കാരെല്ലാം പേടിച്ചിരിക്കയാണ്. ഈ സമയം തെക്കോട്ടു പോകുന്ന ആളുകളെക്കൊണ്ടും വാഹനങ്ങളെക്കൊണ്ടും റോഡുകളെല്ലാം നിറഞ്ഞു കവിഞ്ഞു. വടക്കോട്ടു പാഞ്ഞുപോകുന്ന തീവണ്ടി കണ്ട് വഴിവക്കില്‍ നിന്നവര്‍ അദ്ഭുതപ്പെട്ടു. ഒരു സ്റ്റേഷനില്‍ വണ്ടി വേഗം കുറച്ചപ്പോള്‍ എല്ലാവരും പ്രതിക്ഷിച്ചു അതവിടെ നിര്‍ത്തുമെന്ന്.പക്ഷേ വേഗം കുറച്ച വണ്ടി പിന്നീട് കൊടുങ്കാറ്റുപോലെ കൂവിയലച്ചു കടന്നുപോയി. സ്‌റ്റേഷനില്‍ ഒരു പയ്യന്‍ ഉയര്‍ത്തിപ്പിടിച്ച പത്രത്തിന്റെ കഷണം ഒരു സ്ത്രീയുടെ കയ്യില്‍ കിട്ടി. പക്ഷേ അതില്‍ tion എന്നീ വലിയ അക്ഷരങ്ങള്‍ മാത്രമുണ്ട്. ട്രെയിന്‍ നിന്നു. പ്ലാറ്റ്‌ഫോമിലൂടെ പുറത്തേക്കു നടന്നു. പക്ഷേ ഒരിടത്തും ഒരാളുപോലുമില്ല. പട്ടണത്തിലും ഒരാളുപോലുമില്ല. പെട്ടന്ന് വെടിപൊട്ടുന്നപോലെ ഒരു സ്ത്രീയുടെ നിലവിളി. യാത്രക്കാര്‍ ഞെട്ടിത്തിരിഞ്ഞുനോക്കി. ഭീതിദമായ ഒരു നിലവിളി അവരിലും പ്രതിദ്ധ്വനിച്ചു. ഉപേക്ഷിക്കപ്പെട്ട ആ സ്ഥലത്തെ ഭീതിദമായ പ്രതിദ്ധ്വനികള്‍ ഒന്നിച്ചുചേര്‍ന്നു. കഥ അവസാനിച്ചു.
ഈ കഥയിലെ ട്രെയിന്‍ ജീവിതമാണ്. അത് ശൂന്യതയിലേക്കു -മരണത്തിലേക്ക്- കുതിക്കുന്നു. പോകുന്ന പോക്കിലെ അജ്ഞാതസംഭവങ്ങള്‍ നമ്മുടെ ജീവിതത്തിലെ ഭയാനകവും അപ്രതീക്ഷിതവും നമ്മുടെ നിയന്ത്രണത്തിലല്ലാത്തതുമായ സംഭവങ്ങള്‍ തന്നെ.
          കാലവൃക്ഷത്തിലെ ഒരില കൂടി അടര്‍ന്നു പോയി. കാലം കാലന്‍ തന്നെയാണ്. പുത്തന്‍ ഇലച്ചാര്‍ത്തുകള്‍ നമുക്ക് പ്രായമാകുന്നതിന്റെ ലക്ഷണമാണ്. പുതിയ ദിനങ്ങളിലെ വെല്ലുവിളികള്‍ നേരിടാന്‍ പ്രാപ്തിയുണ്ടാകട്ടെ എന്ന പ്രാര്‍ത്ഥന മാത്രം. വരിക കാലമേ (കാലനേ) എന്നരികില്‍ നില്‍ക്ക ഒരു മാത്ര ഞാനൊന്നു തിരിഞ്ഞു നോക്കിക്കൊളളട്ടെ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ