2009, ഡിസംബർ 27, ഞായറാഴ്‌ച

ബി.ടി.വഴുതന മാത്രമല്ല; കാരറ്റും അന്തകവിത്ത്

                                    ബി.ടി.വഴുതന മാത്രമല്ല; കാരറ്റും അന്തകവിത്ത്
           കഴിഞ്ഞ ദിവസം സി.പി.എമ്മിന്റെ പോളിറ്റ് ബ്യൂറോ കൂടി. ഉണ്ണിത്താന്‍ പറയുമ്പോലെ വൃന്ദ പ്രകാശിന്റെ തുടയ്ക്കു നുളളി കൂടിയ അവെയ്‌ലബിള്‍ പോളിറ്റ് ബ്യൂറോയല്ല;ഒറിജിനല്‍. കാര്‍ഷികമേഖലയിലെ പുതിയ വിപത്തായ ജനിതകമാററം വരുത്തിയ വഴുതനയെ അംഗീകരിക്കണമോ എന്നു ചര്‍ച്ച ചെയ്തു. ഇത്തരം വഴുതനയുടെ പ്രത്യേകത അവയ്ക്ക് നല്ല നിറവും മുഴുപ്പുമുണ്ടാകും; ഉപഭോക്താവിന് വളരെ സ്വീകാര്യവുമാകും. പക്ഷേ അതില്‍ നിന്നു ലഭിക്കുന്ന വിത്ത് കൃഷി ചെയ്യാന്‍ പറ്റില്ല. വിത്ത് വേണമെങ്കില്‍ അത് ഉല്‍പ്പാദിപ്പിച്ച കമ്പനിയെ സമീപിക്കേണ്ടി വരും. അതിന് അവര്‍ക്ക് പേററന്റുമുണ്ടാകും. വിത്തിന്റെ പേറ്റന്റിന്റെ കാര്യത്തില്‍ മാത്രമേ പാര്‍ട്ടിക്ക് അഭിപ്രായവ്യത്യാസമുളളൂ.
          ചര്‍ച്ച ഇത്തരത്തില്‍ മുന്നേറുമ്പോള്‍ സെന്റിനേറിയന്‍മാരായ കടല്‍ക്കിഴവന്‍മാരുടെ മനസ്സില്‍ മറ്റൊരു അന്തകവിത്തിനേപ്പറ്റിയായിരുന്നു ചിന്ത. അതും നല്ലപോലെ വെളുത്തു ചുമന്നതാണ്. കാഴ്ചയ്ക്ക് ഗംഭീരം. വിത്തും ധാരാളം; പക്ഷേ ആദ്യവിത്തിന്റെ കാലത്തു തന്നെ അന്തിക്രിസ്തു വരുന്ന കാരറ്റിനെപ്പറ്റിയായിരുന്നു അത്. കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ അന്തകവിത്ത് -പ്രകാശ് കാരറ്റ്. ഈയെമ്മെസ്സും, ഹര്‍കിഷന്‍സിംഗ് സുര്‍ജിത്തുമൊക്കെ കഴിഞ്ഞപ്പോള്‍ പാര്‍ട്ടിക്ക് പുതുരക്തം നല്‍കാന്‍ കൊണ്ടുവന്നതാണ് മണ്ണില്‍ വേരുകളില്ലാത്ത, പാര്‍ട്ടിക്ക് വേരോട്ടമുളള ഒരു നാട്ടിലെയും ഭാഷയറിയാത്ത, ഗ്രാമീണഘടകങ്ങളില്‍ പ്രവര്‍ത്തിച്ചു പരിചയമില്ലാത്ത ഈ ജെ. എന്‍. യു. സന്തതിയെ. ബംഗാളിലെയും കേരളത്തിലെയും ആപ്പുവെപ്പ് ആശാന്‍മാരുടെ പൊഴിയില്‍ പാവത്തിന്റെ വാലു ചതഞ്ഞു പോയി.
          പാര്‍ട്ടി ഒരു കോര്‍പ്പറേറ്റ് സ്ഥാപനമായി. അതിന്റെ സ്ഥാപനങ്ങളും ബഹുനിലമന്ദിരങ്ങളും ഒരു പറ്റം ആളുകളുടെ സുഖവാസകേന്ദ്രങ്ങളായി. ക്രിസ്തു വീണ്ടും വരും എന്ന വിശ്വാസിയുടെ പ്രതീക്ഷ പോലും വിപ്ലവത്തെപ്പറ്റി പാര്‍ട്ടിക്കാര്‍ക്കില്ല. വിപ്ലവം എന്നു കേള്‍ക്കുമ്പോള്‍ നേതാക്കന്‍മാരുടെ മനസ്സില്‍ ഒരു പുച്ഛച്ചിരി ഉയരും. നിത്യപരിചയത്തിലൂടെ പുരോഹിതനും, മേല്‍ശാന്തിയും, ഇമാമും അവിശ്വാസിയായിത്തീരുന്നതുപോലെ. ദല്ലാലുകാരുടെ ഒരു താവളമായി മാറി പാര്‍ട്ടിയും അതു നയിക്കുന്ന ഭരണകൂടങ്ങളും. കര്‍ഷകന്റെ ഭൂമി പിടിച്ചു പറിച്ച് വ്യവസായമെന്നു പറഞ്ഞ് റിയല്‍ എസ്റ്റേറ്റ് മാഫിയക്ക് മറിച്ചു വില്‍ക്കുക, വികസനമെന്നു പറഞ്ഞ് കുടയൊഴിപ്പിച്ച് കമ്മീഷന്‍ പറ്റുക, സമ്പന്നവര്‍ഗത്തിന്റെ താരാട്ടു പാട്ടുകാരനാവുക. ഇതൊക്കെയാണ് പാര്‍ട്ടിപ്രവര്‍ത്തനം. ഇവര്‍ക്കൊന്നും സ്വന്തം കുടുംബത്തില്‍ കമ്യൂണിസ്റ്റ് ആശയം വളര്‍ത്താന്‍ കഴിഞ്ഞില്ല. ജ്യോതിബസു 25 കൊല്ലക്കാലം ബംഗാള്‍ ഭരിച്ചതിന്റെ ഫലമായി മകന്‍ കോടീശ്വരനായ വ്യവസായിയായി. പാവം ബംഗാളികള്‍ രണ്ടു റൊട്ടിയും നാലുളളിയും കഴിക്കാന്‍ മാര്‍ഗമില്ലാതെ കേരളത്തിലേക്കും മറ്റും പലായനം ചെയ്തിരിക്കുന്നു. കേരളം ഞങ്ങള്‍ ഭരിച്ചിട്ടല്ലേ ഇങ്ങനെയായത് എന്ന് വിപ്ലവം സിരകളില്‍ നുരയുന്നവര്‍ക്ക് പറയാന്‍ ചൊറിയുന്നുണ്ടാവും. അല്ല സഹോദരാ നാടുവിട്ട് അന്യരാജ്യങ്ങളില്‍ ചേക്കേറിയ നമ്മുടെ സഹോദരങ്ങളാണ് കേരളത്തെ ഇങ്ങനെയെങ്കിലുമാക്കിത്തീര്‍ത്തത്. ബസുവിന്റെ ഇത്രകാലത്തെ ഭരണനേട്ടമാണ് ഇത്രയും മാവോവാദികളെ സൃഷ്ടിച്ചത്. ദീര്‍ഘദര്‍ശിയായിരുന്നു ഹര്‍കിഷന്‍സിംഗ്. 25 വര്‍ഷം കൊണ്ട് ബംഗാളികളെ പരമദരിദ്രരാക്കിയ ബസുവിനെ ഇന്ത്യയുടെ ഭരണമേല്‍പ്പിച്ചാല്‍ നാടിന്റെ ഗതിയെന്താകുമെന്ന് ആലോചിച്ചതുകൊണ്ടാവണം പ്രധാനമന്ത്രിസ്ഥാനത്തേക്ക് പിന്തുണയ്ക്കാമെന്നു കോണ്‍ഗ്രസ് പറഞ്ഞിട്ടും അദ്ദേഹം അത് സ്വീകരിക്കാതിരുന്നത്.
          പാവം ആദര്‍ശധീരനായ അച്യുതാനന്ദന്റെ മകന് ഒരു എം.സി.എ. ബിരുദം കിട്ടിയപ്പൊഴേ നായനാരുടെ ഭരണകാലത്ത് കയര്‍ബോര്‍ഡ് ചെയര്‍മാനാകാന്‍ കഴിഞ്ഞു. പിണറായി ശത്രുവായില്ലായിരുന്നെങ്കില്‍ അരുണ്‍മോന്‍ ഇന്ന് ആരാകുമായിരുന്നു? ബെറ്റിയ്ക്കും വര്‍മ്മയ്ക്കും കൈരളി തറവാട്. ഒരു ലിസ്‌റ്റെടുപ്പില്‍ പ്രസക്തിയില്ല. വളളികുന്നത്തും ശൂരനാട്ടുമുളള കണ്ടനും കോരനും കുടിയിലെ അടുപ്പുകല്ലിളക്കി തമ്പുരാന്‍മാര്‍ക്ക് ഒളിപാര്‍ക്കാന്‍ ഇടമൊരുക്കിയത് 26 രൂപയ്ക്ക് അരിയും 40 രൂപയ്ക്ക് പഞ്ചസാരയും മേടിച്ച് കേന്ദ്രസര്‍ക്കാരിനെ തെറിപറയുന്ന ദേശാഭിമാനിനിവര്‍ത്തി അതിന്‍മേല്‍ ചുരുണ്ടുകിടക്കാനായിരുന്നുവോ?
          കാരറ്റിന് പാര്‍ട്ടിയിലെ അന്തശ്ചിദ്രം നിര്‍ത്താന്‍ കഴിഞ്ഞില്ല. പാര്‍ട്ടിക്കു നേതൃത്വമുളള ഭരണകൂടങ്ങളെ ഉപയോഗിച്ച് സാധാരണക്കാര്‍ക്ക് ഗുണപരമായ വികസനം നടപ്പാക്കാന്‍ കഴിഞ്ഞില്ല. മുന്‍ കേന്ദ്രഗവണ്‍മെന്റിനെ ജനവിരുദ്ധകരാറുകളില്‍ ഏര്‍പ്പെടുന്നതില്‍ നിന്നും തടയാന്‍ കഴിഞ്ഞില്ല. അനവസരത്തില്‍ പിന്തുണ പിന്‍വലിച്ചിട്ടും ഗവണ്‍മെന്റിനെ താഴെയിറക്കാന്‍ കഴിഞ്ഞില്ല. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ധിക്കാരികളായ രണ്ടു പെണ്ണുങ്ങളുടെ ചന്തികടിക്കാന്‍ പോയിട്ടും ഒരു മൂന്നാം മുന്നണി ഉണ്ടാക്കാന്‍ പറ്റിയില്ല. കഴിഞ്ഞ ലോകസഭാതെരഞ്ഞെടുപ്പില്‍ തോറ്റമ്പി. ഒരു വര്‍ഷത്തിനു ശേഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തെയും ബംഗാളിനെയും ത്രിപുരയെയും കോണ്‍ഗ്രസിനു വെളളിത്തളികയില്‍ വെച്ചുകൊടുത്തെന്ന ഖ്യാതി! സാധാരണക്കാരന്റെ പ്രത്യാശകള്‍ക്കു മേലെ തീക്കനല്‍ വാരിയെറിഞ്ഞ, അന്തകവിത്തിന്റെ അവതാരമാണ് കാരറ്റ്.

2 അഭിപ്രായങ്ങൾ:

  1. അരിയെത്രയെന്നു ചോദിച്ചാൽ മോനേ, പയറഞ്ഞാഴി എന്നുപറയണം!തിവാരിയുടെ പെണ്ണുപിടിയെക്കുറിച്ചെഴുതിയ ബ്ലോഗിലും വന്ന് സി.പി.എം വിരുദ്ധപോസ്റ്റു തന്നെ കമന്റായിട്ട് ഇട്ട് സായൂജ്യമടയണം. ഇതൊരു തരം രോഗമാണ്! ചികിത്സ ലഭ്യമല്ല. കോൺഗ്രസ്സ് അപ്പൂപ്പന്മാരുടെ പെണ്ണുപിടുത്തം എന്തായലും സി.പി.എം പോളിറ്റ് ബ്യൂറോ തീരുമാനത്തിന്റെ ഭാഗമല്ല.അതൊക്കെ നമ്മൾ അങ്ങ് എ.ഐ.സി.സി നിരുപാധികം വിട്ടുകൊടുത്തിരിയ്ക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  2. പ്രിയപ്പെട്ട മനനം,അടിയന്റെ വരവ് ഒന്നറിയിച്ചെന്നേയുളളൂ. രോഗനിര്‍ണയം വളരെ ശരിയാണ്. എനിക്കും അല്പം രോഗമൊക്കെയുണ്ട്. പക്ഷേ തോപ്പില്‍ ഭാസിയുടെ അശ്വമേധം നാടകത്തിലെ പ്രശസ്ത കഥാപാത്രം ചോദിക്കുന്നതുപോലെ രോഗം ഒരു കുററം ഒന്നുമല്ലല്ലോ? രോഗം വരാനിടയാക്കുന്ന സാഹചര്യം നിലനില്‍ക്കുന്നിടത്തോളം രോഗവും ഉണ്ടാകും. ഏറ്റവും പിന്നില്‍ നില്‍ക്കുന്നവന്റെ ശബ്ദം നേതാക്കന്‍മാര്‍ കാതു കൂര്‍പ്പിച്ചു കേള്‍ക്കുന്ന കാലമാണ് എന്റെ സ്വപ്നം. ഒരു വടക്കുനോക്കിയന്ത്രമാകുന്നതിനേക്കാള്‍ സ്പന്ദമാപിനിയാകാനാണെനിക്കിഷ്ടം. വക്കീലന്‍മാര്‍ കോടതിയില്‍ ക്രോസ്സുചെയ്യുമ്പോള്‍ 5 അസംബന്ധ ചോദ്യങ്ങള്‍ക്കിടെയായിരിക്കും ഒരു സംഗതമായ ചോദ്യം ചോദിക്കുന്നത്. അത് മനപ്പൂര്‍വമാണ്. അപ്പോഴാണ് പ്രതി അറിയാതെ സത്യം പറയുന്നത്. അങ്ങയുടെ പോസ്‌ററ് - ദേശാഭിമാനി വാര്‍ത്ത = ഒരാമുഖം. ദേശാഭിമാനി കേരളത്തിലെവിടെയും ലഭിക്കും. ഏതെങ്കിലും കടയില്‍ കയറി ഒന്നെടുത്തു നോക്കിയാലുടന്‍ കടക്കാരന്‍ പറയും എടുത്തു വീട്ടില്‍ കൊണ്ടുവെച്ച് വായിച്ചു കൊളളാന്‍. ബാക്കിയുളള ആമുഖത്തുനുളള പ്രതികരണമാണ് എന്റെ കമന്റ്.(ദൈര്‍ഘ്യത്തിനു മാപ്പ്) അതില്‍ ഔചിത്യക്കുറവുണ്ട്. പക്ഷേ മുഖം നന്നല്ലാത്തതിനു കണ്ണാടിയെ കുററം പറയണോ? നന്ദി.

    മറുപടിഇല്ലാതാക്കൂ