2009, ഡിസംബർ 29, ചൊവ്വാഴ്ച

ശ്രീബുദ്ധന്‍ മാംസം കഴിച്ചിരുന്നോ?

ശ്രീബുദ്ധന്‍ മാംസം കഴിച്ചിരുന്നോ?
          സത്യം, സ്‌നേഹം, അഹിംസ എന്നിവയുടെ മഹത്വം ക്രിസ്തുവിനും 500 വര്‍ഷങ്ങള്‍ക്കു മുന്‍പ് ലോകത്തിനു മനസ്സിലാക്കിക്കൊടുത്ത ഭാരതത്തിന്റെ പ്രാതസ്മരണീയനായ പുത്രന്‍, വിശ്വഗുരു ഗൗതമബുദ്ധന്‍ മാംസഭക്ഷണം കഴിച്ചതിനെ തുടര്‍ന്നുണ്ടായ രോഗം മൂലമാണോ നിര്‍വാണം പ്രാപിച്ചത്? ഇത്തരമൊരു പ്രചാരണം വ്യാപകമായി നിലവിലുണ്ട്. ദല്‍ഹി സര്‍വകലാശാലയിലെ ചരിത്രാദ്ധ്യാപകനായ പ്രൊഫ. ഡി. എന്‍. ഝായുടെ ' ഹോളി കൗ: ബീഫ് ഇന്‍ ഇന്ത്യന്‍ ഡയറ്ററി ട്രഡീഷന്‍' എന്ന ഗ്രന്ഥത്തിലെ മഹാവീരനും ശ്രീബുദ്ധനും മാംസഭുക്കുകളായിരുന്നു എന്നു സ്ഥാപിക്കുന്ന ഭാഗം ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് വിവാദം സൃഷ്ടിച്ചിരുന്നു.
          അഹിംസാവാദിയായ ബുദ്ധന്‍ മാംസം കഴിച്ചു എന്നു വരുന്നത് ആക്ഷേപകരമാണെന്ന് തെറ്റിദ്ധരിച്ച ശുദ്ധമനസ്‌കരായ ബുദ്ധാനുയായികള്‍ അദ്ദേഹത്തിന്റെ അവസാന ഭക്ഷണം പന്നിമാംസം കലര്‍ന്നതല്ല എന്ന് ശക്തിയുക്തം വാദിക്കുന്നു. ബുദ്ധന്‍ ഒരു വെജിറ്റേറിയനായിരുന്നു എന്നാണവര്‍ വിശ്വസിക്കുന്നത്. എന്നാല്‍ അദ്ദേഹം മാംസഭക്ഷണം കഴിച്ചിട്ടുളളതായി ത്രിപിടകത്തില്‍ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ മരത്തണലിലെ ജീവിതവും സസ്യഭക്ഷണവും നിര്‍ബന്ധമാക്കണമെന്ന ദേവദത്തന്റെ നിര്‍ദ്ദേശത്തെ അദ്ദേഹം നിരാകരിക്കുന്നുമുണ്ട്.
      ബുദ്ധന്‍ ഒരു സസ്യഭുക്ക് ആയിരുന്നില്ല. നാല്പത്തിയഞ്ചു വര്‍ഷം നീണ്ട സന്യാസജീവിതത്തിലൊരിക്കലും അദ്ദേഹം സഹഭിക്ഷുക്കളോട് സസ്യഭക്ഷണം ശീലിക്കണം എന്ന് ആവശ്യപ്പെട്ടിട്ടില്ല. എന്നാല്‍ അദ്ദേഹം നിര്‍ദ്ദേശിച്ചിട്ടുളള സന്യാസനിയമങ്ങളില്‍ ഏതെല്ലാം മൃഗങ്ങളുടെ മാംസം കഴിക്കരുതെന്ന് നിഷ്‌ക്കര്‍ഷിച്ചിട്ടുണ്ട്. അതിന്റെ അര്‍ത്ഥം മറ്റു മൃഗങ്ങളുടെ മാംസം കഴിക്കാമെന്നാണ്. മറ്റൊരു ഭാഗത്ത് ചില രോഗങ്ങളുണ്ടാകുമ്പോള്‍ സൂപ്പു കഴിക്കുന്നത് നല്ലതാണെന്നും ഉപദേശിക്കുന്നു.
          80ാം വയസ്സിലെത്തിയ ബുദ്ധന്‍ മഴക്കാലം വന്നപ്പോള്‍ 3 മാസക്കാലം വൈശാലിയിലെ ബേലുവ ഗ്രാമത്തില്‍ ചെലവഴിച്ചു. പിന്നീട് ഒരു സംഘം ഭിക്ഷുക്കളോടൊത്ത് കപിലവസ്തുവെ ലക്ഷ്യമാക്കി യാത്ര ആരംഭിച്ചു. വൃദ്ധനും രോഗിയുമായിരുന്ന അദ്ദേഹം പല സ്ഥലങ്ങളിലും കൂടെക്കൂടെ വിശ്രമിച്ചു. 'പാവാ' യിലെത്തിയ സംഘം ഒരു തോട്ടത്തില്‍ വിശ്രമിച്ചു. അവിടെ വെച്ച് സ്‌കന്ദന്‍ എന്ന മൂശാരി അദ്ദേഹത്തെ ഭക്ഷണത്തിനു ക്ഷണിച്ചു. ഭക്ഷണത്തില്‍ 'സൂകരമദ്ദവ' എന്ന വിശിഷ്ടഭോജ്യവുമുണ്ടായിരുന്നു. അതു കഴിച്ച ശേഷം കടുത്ത വയറു വേദനയും വയറിളക്കവും ബാധിച്ച ബുദ്ധന്‍ വേദന സഹിച്ച് 25 ഓളം സ്ഥലങ്ങളില്‍ ഇരുന്നും കിടന്നും ഹിരണ്യാവതി നദി കടന്ന് 6 മൈല്‍ അകലെയുളള കുശിനഗരത്തിലേക്ക് യാത്രയായി. കുശിനഗരത്തില്‍ വച്ച് 80-ാമത്തെ വയസ്സില്‍ നിര്‍വാണം പ്രാപിച്ച ബുദ്ധന്റെ ഭൗതികാവശിഷ്ടം സംസ്‌ക്കരിച്ചതും അവിടെയാണ്. അതുകൊണ്ടു തന്നെ ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ട കുശിനഗരം (ഇന്നത്തെ കാസിയ) ഒരു അന്താരാഷ്ട്ര തീര്‍ത്ഥാടനകേന്ദ്രമാണ്.
           ബുദ്ധന്റെ മരണത്തിനിടയാക്കിയ സംഭവത്തെപ്പറ്റി പല ജീവചരിത്രകാരന്‍മാരും വ്യത്യസ്ത വീക്ഷണങ്ങള്‍ പുലര്‍ത്തുന്നു. ഇവയ്ക്കിടയാക്കിയതോ 'സൂകരമദ്ദവ' എന്ന് പാലി ഭാഷയിലുളള കൃതികളില്‍ കാണുന്ന വാക്കും. സൂകര എന്നാല്‍ പന്നി എന്നും മദ്ദവ എന്ന വാക്കിന് മൃദുവായത് എന്നുമാണര്‍ത്ഥം. ഈ വാച്യാര്‍ത്ഥമാണ് പന്നിമാംസം കഴിച്ച് ബുദ്ധന്‍ മരിച്ചു എന്ന തെറ്റിദ്ധാരണ പരക്കാന്‍ ഇടയാക്കിയത്. ഇളം പന്നിയുടെ മാംസം പോലെ മൃദുവായ കൂണുകള്‍ കൊണ്ടുളള ഒരു ഭോജ്യം അദ്ദേഹം കഴിച്ചു എന്ന് കരുതപ്പെടുന്നു. കറികളില്‍ ചേര്‍ക്കുന്ന 'ലേഡീസ് ഫിംഗര്‍' സ്ത്രീകളുടെ വിരലല്ലല്ലോ?
          ഭിക്ഷയായി മാംസഭക്ഷണം സ്വീകരിക്കുന്നതിനെ ജൈനവിഭാഗക്കാരും മറ്റും ആക്ഷേപിക്കുന്നതായും മാംസഭക്ഷണശീലം ജീവികളെ കൊല്ലുന്നതിന് പരോക്ഷമായി പ്രേരണ ചെലുത്തുന്നതായും ഭിക്ഷുക്കള്‍ ബുദ്ധനോട് പരാതിപ്പെട്ടപ്പോള്‍ അദ്ദേഹം പറഞ്ഞത് കൊല്ലുന്നത് കാണുകയോ, കേള്‍ക്കുകയോ, തനിക്കു വേണ്ടി കൊന്നതാണെന്ന് സംശയിക്കുകയോ ചെയ്യുന്ന ജീവിയുടെ മാംസം ഭിക്ഷുക്കള്‍ കഴിക്കാന്‍ പാടില്ലെന്നാണ്.
          ബുദ്ധന്‍ നിര്‍ദ്ദേശിച്ച സന്യാസനിയമസംഹിതയിലെ ഈ പ്രസക്തഭാഗത്തിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം അവസാനമായി കഴിച്ചത് മാംസഭക്ഷണമായിരുന്നില്ല എന്നു തീര്‍ച്ചപ്പെടുത്താം.സ്‌കന്ദന്‍ ബുദ്ധനെ മുന്‍കൂട്ടി ഭക്ഷണത്തിനു ക്ഷണിക്കുകയായിരുന്നു. അവിടെ മാംസവിഭവങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ അത് ബുദ്ധന്റെ വരവു പ്രമാണിച്ച് കൊന്ന മൃഗത്തിന്റെ ആയിരിക്കും. കാരണം അന്ന് ഇന്നത്തെപ്പോലെ ഇറച്ചിക്കടകള്‍ ഉണ്ടായിരുന്നില്ല. തനിക്കുവേണ്ടി കൊന്ന മൃഗത്തിന്റെ മാംസം അദ്ദേഹം കഴിക്കുകയില്ല. അതിനാല്‍ സൂകരമദ്ദവ എന്ന ഭോജ്യം അദ്ദേഹം കഴിച്ചതില്‍ നിന്നും അത് പന്നിമാംസമായിരുന്നില്ല എന്ന സുരക്ഷിത നിഗമനത്തിലെത്താം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ