2009, ഡിസംബർ 2, ബുധനാഴ്‌ച

ചങ്ങമ്പുഴയുടെ ഒലിയും വയലാറിന്റെ മാറ്റൊലിയും

ചങ്ങമ്പുഴയുടെ ഒലിയും വയലാറിന്റെ മാറ്റൊലിയും
വയലാറിന്റെ 'എനിക്കു മരണമില്ല' എന്ന കവിത ചങ്ങമ്പുഴയുടെ 'അതിമാനുഷന്‍' എന്ന കവിതയുടെ മറ്റൊരു പതിപ്പാണ്. 27-10-1944 ല്‍ എഴുതിയതാണ് ചങ്ങമ്പുഴക്കവിതയെങ്കില്‍ ഒരു പത്തു വര്‍ഷമെങ്കിലും കഴിഞ്ഞാണ് വയലാറിന്റെ കവിത പുറത്തുവരുന്നത്.
അതിമാനുഷനാണു ഞാ,നതേ,ഞാനല്ലാതിക്ഷിതി
യിലിമ്മട്ടേകന്‍ ജനിച്ചിട്ടില്ലിന്നോളം (ചങ്ങമ്പുഴ)


ഞാനാണ,തജയ്യനാം മനുഷ്യന്‍ ചലിക്കുന്നു
ഞാനഹര്‍ന്നിശ, മെന്റെ സന്ദേശം ജയിക്കുന്നു. (വയലാര്‍)
ഇരു കവിതകളുടെയും രചനാപ്രേരണ ഒന്നു തന്നെ. വായനക്കാരില്‍ എത്തിക്കാന്‍ ശ്രമിക്കുന്ന സന്ദേശവും ഒന്നു തന്നെ. രണ്ടിലും ഈശ്വര സങ്കല്പത്തെ പരിഹസിക്കുന്നുണ്ട്.
എന്താണസ്സരസന്റെ പേര്‍? അതേ ദൈവം! 
ദൈവമെന്തൊരത്ഭുത,മെന്നെയന്വേഷിച്ചിങ്ങോട്ടെത്തും. (ചങ്ങമ്പുഴ)


ഈശ്വരനെന്നും മറ്റും പേരെനിക്കുണ്ടായിട്ടു
ണ്ടീശ്വരന്‍! ഉറക്കെച്ചിരിക്കാന്‍ തോന്നിപ്പോകും!(വയലാര്‍)
അലങ്കാരങ്ങളും കാവ്യബിംബങ്ങളും ധ്വനികളും എല്ലാം സമാനം. നിയതിയെ പന്താടുന്ന ചങ്ങമ്പുഴയുടെ കൈകള്‍ താരകപ്പുവിടുന്നത് എറിഞ്ഞു വിനോദിക്കും. ആ ഭീതിക്കനല്‍ ഊതിക്കത്തിച്ച് വീട്ടില്‍ അന്തിത്തിരി കൊളുത്തും. അമ്പിളിക്കിണ്ണത്തില്‍ നിന്നും കളഭം വാരിപ്പൂശും.
വയലാര്‍ അമ്പിളിത്താമ്പാളത്തില്‍ നിന്നും മുറുക്കാനെടുത്തു ചവച്ച് ചക്രവാളത്തില്‍ നീട്ടിത്തുപ്പും. ഗോളങ്ങളെടുത്ത് പന്തടിക്കും. വിദ്യുന്നാളങ്ങള്‍ കെടുത്തിയും കൊളുത്തിയും രസിക്കും.
വിഷാദാത്മകതയും ആത്മാരാധനയും (ബാഹ്യലോകത്തെ ഒരു ഉപദ്രവമായി മാത്രം കണക്കാക്കുക) അനുകമ്പ തേടാനുളള ശ്രമവും മൃത്യുവിനോടുളള ആരാധനയും പ്രകടിപ്പിക്കുന്ന ചങ്ങമ്പുഴ പോലും
അതിനാലെന്നെക്കാണ്‍കെയൊളിപ്പൂ പേടിച്ചോടി
               മൃത്യു! -യെന്തിതു കേട്ടു ചിരിക്കുന്നുവോ നിങ്ങള്‍

       ഞാന്‍ മൃത്യുവിനെക്കൊണ്ടിന്നെന്‍ ചെരിപ്പു തുടപ്പിക്കും!
എന്നെഴുതിയപ്പോള്‍ വയലാര്‍ തന്റെ കവിതയ്ക്കു പോലും പേര്‍ കൊടുത്തത് എനിക്കു മരണമില്ലെന്നാണ്.
ഇല്ലെനിക്കൊരിക്കലും മരണം, തുറുങ്കുകള്‍
ക്കുളളിലിട്ടൊരു നാളുമടയ്ക്കാനാവില്ലെന്നെ.
എന്ന് അദ്ദേഹം പ്രസ്താവിക്കുന്നു.

കേവലം വേലക്കാരിപ്പെണ്ണായി നില്‍ക്കും കുനി
ഞ്ഞീ വിശ്വപ്രകൃതി,കൈകൂപ്പിക്കൊണ്ടെന്‍ മുന്നില്‍
.....................................................................................................
.......................................................................................................
അബ്ധികളലറില്ല നേര്‍വഴി മുടക്കുകി
ല്ലദ്രികളഹങ്കരിച്ചീടുകില്ലാകാശങ്ങള്‍
എന്ന് ചങ്ങമ്പുഴയുടെ അതിമാനുഷന്‍ പറയുന്നതു തന്നെയാണ് ദശാബ്ദത്തിനു ശേഷം വയലാര്‍ രാമവര്‍മ്മ പറയുന്നത്. ശ്രദ്ധിക്കുക:
നീരവനീലാകാശ മേഖലകളില്‍ നാളെ
താരകേ, നിന്നെക്കൊണ്ടു നര്‍ത്തനം ചെയ്യിക്കും ഞാന്‍
കുതിരപ്പുറത്തു.....................................................
...................................................................................
ഞടുങ്ങിപ്പോകുന്നില്ലേ നിമിഷങ്ങളില്‍ കുള
മ്പടികള്‍ പതിയുമ്പോളീയണ്ഡകടാഹങ്ങള്‍?

ഈ സമാഹാരത്തിലെ തന്നെ മറ്റൊരു കവിതയാണ് 'രമണന്റെ ശവകുടീരത്തില്‍'. ചങ്ങമ്പുഴയുടെ രമണനിലെ മനോഹരമായ ഗ്രാമമാണ് പശ്ചാത്തലം. അതിലെ കര്‍ഷക യുവതി ഉഗ്രന്‍ തത്വശാസ്ത്രമാണ് പറയുന്നത്. ഒന്നാംതരം കാല്‍പ്പനിക ശൈലിയില്‍:
' നീലമുകിലിനെ കാത്തിരുന്നു പീലിപ്പിടമയിലെത്ര നേരം
നീ വരാനെന്തിത്ര താമസിച്ചു കാവിലെ പൂവൊക്കെ ഞാനിറുത്തു.'
ഭാഷാധ്യാപികയായ കാമുകിക്കു പോലും ചോദി്കാന്‍ കഴിയാത്ത ചോദ്യമാണ് തൊഴിലാളി സ്ത്രീ കാമുകനോടു ചോദിക്കുന്നത്. തുടര്‍ന്ന് അവളുടെ പ്രേമത്തിന്റെ തത്വശാസ്ത്രമാണ് വിവരിക്കുന്നത്.
ഇന്നലെ രാത്രിയില്‍ കണ്ട കിനാവിന്റെ
മുന്നില്‍ നിന്നിങ്ങോട്ടു പോന്നതല്ലിന്നു ഞാന്‍
............................................................................................
തെറ്റിദ്ധരിക്കാതിരിക്കൂ വിയര്‍പ്പിന്റെ
മുത്തില്‍ കിളുര്‍ത്തതാണെന്‍ പ്രേമഭാവന.
വിയര്‍പ്പിന്റെ മുത്തില്‍ നിന്നും പ്രേമഭാവന കിളുര്‍ക്കുമെങ്കില്‍ നല്ലതു തന്നെ. വയലാര്‍ ഘോഷിക്കുന്ന ശാസ്ത്രത്തിന്റെ ഭാഗമായ ആധുനിക മനശ്ശാസ്ത്രം പറയുന്നത് എല്ലാ പ്രേമഭാവനയും ആണിന്റെയും പെണ്ണിന്റെയും ഉളളില്‍ നുരയുന്ന കാമവികാരത്തിന്റെ അന്ത:ശ്ചോദനയാണ് ഉയര്‍ത്തി വിടുന്നതെന്നാണ്. രമണന്റെ ശവകുടീരത്തില്‍ ഉഷമലരിപ്പൂവുകള്‍ അര്‍പ്പിച്ചിട്ട് ആ റൊമാന്റിക് കഥാപാത്രങ്ങള്‍ പെട്ടന്ന് ഡപ്പാന്‍ കുത്ത് തുളളുകയാണ്.
എന്റെ ചങ്കില് നിന്റെ ചങ്കില് പൂത്തിരുന്ന പോലെ.......
എന്റെ കുയിലേ പൂക്കണല്ലോ ചെമ്മുകില് മേലേ.........
പാര്‍ട്ടി ആഫീസിലിരുന്ന് പ്രേമിച്ച യുവജനനേതാക്കന്‍മാര്‍ക്കു പോലും പ്രേമമൂര്‍ദ്ധന്യത്തില്‍ ചങ്കില്‍ ചെമ്മുകില് പൂത്ത അനുഭവം ഉണ്ടായിട്ടില്ല. പിന്നല്ലേ കൊയ്യാന്‍ പോകുന്ന ആണാളിനും പെണ്ണാളിനും? അന്തിക്കടുത്തു വന്നിരുന്ന പെണ്ണാളിനെ അടുപ്പിച്ചിരുത്തി ഒന്നു ചുംബിക്കാനല്ല വയലാറിന്റെ നായകന്‍ നോക്കുന്നത്. പരസ്പരം സ്‌നേഹിക്കാന്‍ സമ്മതിക്കാത്ത സാമൂഹ്യ ഘടനയുടെ കഴുത്തില്‍ ചുറ്റിക്കെട്ടാനും മര്‍ദ്ദകര്‍ക്ക് കൊലക്കയര്‍ ഒരുക്കുവാനും കയര്‍ കഷണം തേടി നടക്കുകയാണയാള്‍. ഈ പ്രേമഭാവനയ്ക്ക് മേലിലും മുഴുത്ത വിത്തുകള്‍ പൊട്ടട്ടെ.
ആദ്യകാല വയലാര്‍ കവിതകളില്‍ ചങ്ങമ്പുഴയുടെ ശൈലിയാണ് മറഞ്ഞിരുന്നതെന്ന് വ്യക്തമാണ്.
ആ മധുര മുരളിയുമായി പ്രേമഗായക നീ എങ്ങു പോയി?
ആ മൃദു മന്ദഹാസവുമായി പോയിമറഞ്ഞുവോ മാമറക്കൂമ്പേ? (പിണ്ഡോദകങ്ങള്‍)
ഇക്കാര്യം കൊന്തയും പൂണൂലും എന്ന സമാഹാരത്തിന്റെ അവതാരികയില്‍ എന്‍. വി. കൃഷ്ണവാര്യര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഒടുവിലൊടുവിലുളള ചങ്ങമ്പുഴയുടെ ഉദ്ദാമവും അതൃപ്തവുമായ രചനാരീതിയാണ് ഈ സമാഹാരത്തിലെ കവിതകളിലും. ഇതിലെ 'അങ്ങയെ ഓര്‍ക്കുമ്പോള്‍' എന്ന കവിത ഈ അനുജന് ആ ജ്യേഷ്ഠനോടുളള കടപ്പാട് തുറന്ന് അംഗീകരിക്കുന്നുമുണ്ട്.
ഒരു അനാഘ്രാത കുസുമത്തിനുളളില്‍ നിറഞ്ഞിരിക്കുന്ന വിശുദ്ധമായ തേനൊന്നുമല്ല വയലാര്‍ക്കവിത. പല പൂക്കളില്‍ നിന്നും തേനീച്ചകള്‍ ശേഖരിച്ചു വച്ച തേന്‍ കൂട്ടില്‍ നിന്നും ശ്രദ്ധയോടെ തേനടകള്‍ പിഴിഞ്ഞെടുത്ത് അരിച്ചുണ്ടാക്കിയതാണത്. അനുകരണവും ആശയസ്വീകരണവും മോശമാണെന്നല്ല; പക്ഷേ രണ്ടാമത്തേത് ആദ്യത്തേതിനെ അതിശയിപ്പിക്കുന്നതാകണം. വിശ്വമഹാകവി വില്യം ഷേക്‌സ്പീയര്‍ തന്റെ നാടകങ്ങള്‍ക്ക് വിഷയമായി സ്വീകരിച്ചതെല്ലാം ചരിത്രസംഭവങ്ങളോ നാടോടിക്കഥകളോ ആണ്. എന്നാല്‍ കവിയുടെ കരവിരുത് അതിനെയെല്ലാം ഉടച്ചുവാര്‍ത്തുകളഞ്ഞു. വയലാര്‍ സമകാലീനനായ ചങ്ങമ്പുഴയെ മാതൃകയാക്കിയതാണ് ചിലരെക്കൊണ്ടെങ്കിലും മാറ്റൊലിക്കവി എന്നു വിളിപ്പിച്ചത്. വയലാറിന്റെ ആശയാനുകരണങ്ങള്‍ മോശമായിരുന്നില്ല.
ചങ്ങമ്പുഴയുടെ 'ദേവത' എന്ന ഖണ്ഡകാവ്യത്തിന്റെ അനുകരണമാണ് വയലാറിന്റെ 'ആയിഷ.' ദേവതയിലെ കാട്ടചെമ്പകപ്പൂവുപോലെയുളള നായികയുടെ വളര്‍ത്തച്ഛന്റെ അപരനായാണ് ആയിഷയില്‍ അദ്രമാന്‍ പ്രത്യക്ഷപ്പെടുന്നത്.
തീപ്പൊരി പാറും കണ്ണോടുഗ്രനാം വളര്‍ത്തച്ഛന്‍
തീര്‍പ്പു ഗര്‍ജ്ജിപ്പൂ വീടു വിട്ടിറങ്ങിപ്പോ ശാശേ!
ഇറങ്ങൂ ചുരുട്ടിയ മുഷ്ടിയോടലറിക്കൊ
ണ്ടൊരു ദുര്‍ഭൂതം പോലെ പാഞ്ഞടുക്കുന്ന താതന്‍ (ദേവത)
അറവുകാരനായ ആയിഷയുടെ ബാപ്പ അദ്രുമാന്‍ ആണെങ്കില്‍ 'കൈചൂണ്ടിക്കൊണ്ടലറും പെണ്ണേ നിന്നെ കത്തികൊണ്ടരിഞ്ഞു ഞാന്‍ കടയില്‍ കെട്ടിത്തൂക്കും'എന്നാണ്്് പറയുന്നത്്.
അദ്രമാന്റെ സൃഷ്ടിയില്‍ ദേവതയിലെ വളര്‍ത്തച്ഛനെയും ആയിഷയുടെ സൃഷ്ടിയില്‍ ദേവതയിലെ നായികയെയും വയലാര്‍ മാതൃകയാക്കിയിട്ടുണ്ട്. ആയിഷയുടെ പാത്രസൃഷ്ടിയില്‍ വയലാര്‍ അമ്പേ പരാജയപ്പെടുകയും ചെയ്തു. 11-ാം വയസ്സില്‍ മകളുടെ നിക്കാഹു നടത്തുന്ന കടുത്ത യാഥാസ്ഥിതിക മുസഌമായ അദ്രമാന്റെ മകള്‍ ആയിഷയെ വയലാര്‍ അവതരിപ്പിച്ചു വന്നപ്പോള്‍ അവള്‍ ഒരു മുസ്‌ളീം പെണ്‍കുട്ടിയല്ലാതായി മാറി. മഞ്ഞപ്പുളളികളുളള നീല ജായ്ക്കറ്റും നീളെ കുഞ്ഞു തൊങ്ങലുകളും തുന്നിപ്പിടിപ്പിച്ച പാവാടയും കൈതപ്പൂ ചൂടിയ മുടിക്കെട്ടും ഒരു മുസ്‌ളീം പെണ്‍കുട്ടിയുടേതല്ല.
ആയിഷ ഒരു കൊച്ചു പാലു വില്‍പ്പനക്കാരിയുമാണ്. ഇറച്ചിക്കടക്കാരന്‍ കറവപ്പശുവിനെ വളര്‍ത്തുകയും പാല്‍ വില്‍പ്പന നടത്തുകയും ചെയ്യുക അസ്വാഭാവികമാണ്. രാത്രിയില്‍ മാത്രം കുടിയില്‍ വന്നു കയറുന്നവനാണ് അയാള്‍. ഒരു പിഞ്ചു മകളല്ലാതെ വീടരുപോലുമില്ലാത്ത അദ്രമാന്‍ എങ്ങനെ പശുവിനെ വളര്‍ത്തും? പാത്രസൃഷ്ടിയിലെ ഒരു ചെറിയ പാളിച്ചയാണത്.
ശില്‍പ്പത്തില്‍ ശൈഥില്യം ഉണ്ടെങ്കിലും ആയിഷ വയലാറിന്റെ ഇതര കൃതികളെപ്പോലെ തന്നെ അനുവാചകഹൃദയങ്ങളെ ആകര്‍ഷിക്കുകയും ആര്‍ദ്രമാക്കുകയും ചെയ്തു. വയലാറിനെ കേരളത്തിന്റെ ഏറ്റവും ജനപ്രിയകവിയാക്കിയത് അദ്ദേഹത്തിന്റെ കവിതകളേക്കാള്‍ ഗാനങ്ങളായിരുന്നു എന്ന എന്‍. വി. കൃഷ്ണവാര്യരുടെ പ്രസ്താവന ശ്രദ്ധാര്‍ഹമാണ്. വയലാറിനെ വിലയിരുത്തുമ്പോള്‍ ചില കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചുവെങ്കിലും അതൊന്നും വയലാര്‍ കവിതകളെ താഴ്ത്തിക്കെട്ടുന്നതല്ല. അവയുടെ മികവുകള്‍ മററുളളവരുടെ ലേഖനങ്ങളില്‍ ചൂണ്ടിക്കാട്ടപ്പെട്ടിട്ടുണ്ട്. വയലാര്‍ കവിതകളിലെ, പുതു പുതു അര്‍ത്ഥങ്ങള്‍ നല്‍കുന്ന, ഭാവനാസമ്പുഷ്ടമായ, അനിതരസാധാരണമായ പദങ്ങളുടെ മേളനം അവ ആസ്വാദകരുടെ ഹൃദയത്തില്‍ ഏറെക്കാലം തങ്ങിനില്‍ക്കാന്‍ ഇടയാക്കും.  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ