2010, ജനുവരി 24, ഞായറാഴ്‌ച

ഗുരുവിനു വിയര്‍ക്കുകയും ശ്മശ്രു കിളിര്‍ക്കുകയും ചെയ്യുന്നത് എന്തുകൊണ്ട്?

ഗുരുവിനു വിയര്‍ക്കുകയും ശ്മശ്രു കിളിര്‍ക്കുകയും ചെയ്യുന്നത് എന്തുകൊണ്ട്?
      ഒന്നു രണ്ടു വര്‍ഷം മുന്‍പ് കോടുകുളഞ്ഞി എന്ന സ്ഥലത്ത് ശ്രീനാരായണഗുരുപ്രതിമയില്‍ താടിയും പൂടയും വളര്‍ന്നതായി വാര്‍ത്ത പടര്‍ന്നു പിടിച്ചു. ഏതാനും ദിവസം കഴിഞ്ഞപ്പോള്‍ ആലപ്പുഴയ്ക്കടുത്ത് മറ്റൊരു ഗുരുവിനു വിയര്‍ത്തുവത്രേ! കോടുകുളഞ്ഞിയിലേക്കു ബസ്സില്‍ ആളുകള്‍ തീര്‍ത്ഥാടനം നടത്താന്‍ യോഗം സെക്രട്ടറി വെളളാപ്പളളി നടേശന്‍ നിര്‍ദ്ദേശം നല്‍കി. നിന്ന നില്‍പ്പില്‍ മാടക്കടക്കാരന്‍ മുതലാളിയായി. പാര്‍ക്കിംഗ് ഗ്രൗണ്ടുകള്‍ ഉണ്ടായി. കച്ചവടസ്ഥാപനങ്ങളും ഹോട്ടലുകളും ഉയര്‍ന്നു. ഗുരുവിന് ക്ഷൗരം ചെയ്യേണ്ടത് വെറും ബാര്‍ബറാണോ വാത്തിയാണോ എന്ന് ബാര്‍ബേഴ്‌സ് അസോസിയേഷനില്‍ തര്‍ക്കമായി. ഈ സംഭവങ്ങള്‍ കണ്ടശേഷമാണ് ആലപ്പുഴയിലെ ഗുരുവിനു വിയര്‍ക്കാന്‍ തുടങ്ങിയത്. പക്ഷേ ഏതാനും ദിവസമേ ഗുരുവിന്റെ വിയര്‍പ്പും താടി വളര്‍ച്ചയും നീണ്ടുനിന്നുളളൂ. ദിവ്യജ്യോതിക്ഷേത്രം എന്നൊക്കെ പേരിട്ടിടത്ത് അവശേഷിച്ചത് പിരിഞ്ഞു കിട്ടിയ 25 ലക്ഷത്തോളം രൂപയെച്ചൊല്ലിയുളള ചെങ്ങന്നൂര്‍ മുന്‍സിഫ് കോടതിയിലെ അഞ്ചാറു കേസുകള്‍ മാത്രം. പക്ഷേ ഈ നൂറ്റാണ്ടിലെ യുഗപ്രഭാവനായ സാമൂഹ്യ പരിഷ്‌ക്കര്‍ത്താവ് ശ്രീനാരായണഗുരു മഞ്ഞത്തുണികൊണ്ടു മൂടിയ SNDP യോഗത്തിന്റെ ചില്ലുകൂടുകളിലിരുന്ന് നന്നായി ഇപ്പോഴും വിയര്‍ക്കുന്നുണ്ടെന്നതാണ് സത്യം. എന്തുകൊണ്ട്?

           സമുദായത്തെ ബന്ധിക്കുന്നതും ജാതിയെപ്പറ്റിയുളളതുമായ വസ്തുനിഷ്ഠമായ പല കാര്യങ്ങളും മുഖ്യധാരാമാധ്യമങ്ങള്‍ തമസ്‌ക്കരിക്കുകയും മൂടിവെക്കുകയും ചെയ്യും. അത് അവരുടെ അതിജീവനത്തിന്റെ പ്രശ്‌നമാണ്. ഏതെങ്കിലുമൊരു സമുദായത്തിന്റെ അല്ലെങ്കില്‍ മതത്തിന്റെ തോളില്‍ മുഖ്യമായി ചാരി നില്‍ക്കുകയും മറ്റുവിഭാഗങ്ങളിലേക്കു പടരുകയും ചെയ്യുകയെന്നതാണ് കേരളത്തിലെ പ്രിന്റു മീഡിയയുടെ അതിജീവനതന്ത്രം. അതിനാല്‍ ഒരു പത്രവും സത്യസന്ധമായ വര്‍ത്തമാനം പറയാനുളള ആര്‍ജവം കാണിക്കുന്നില്ല. ഇത്തരം അംഗീകൃതമായ ചില കളിപ്പിക്കലുകളുടെ മേലാണ് മലയാളിയുടെ സാമൂഹ്യബോധം കെട്ടിപ്പൊക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ബ്രാന്‍ഡഡ് പാക്ക്ഡ് വാര്‍ത്തകളല്ലാത്ത എത്ര വലിയ സത്യവും മലയാളിയുടെ കണ്‍മുന്നിലുളള കാണാത്ത കാഴ്ചയായിരിക്കും.

          ഒന്നാമത്തെ സത്യം ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ്, കാലിക്കട്ട് യൂണിവേഴ്‌സിറ്റിയുടെ വൈസ് ചാന്‍സലറായിരുന്ന ഡോ. ടി. കെ. രവീന്ദ്രന്‍ തെളിവു സഹിതം സ്ഥാപിച്ചതാണ്. SNDP യോഗത്തിന് ഗുരുവിന്റെ പൈതൃകം അവകാശപ്പെടാന്‍ ഒരു അര്‍ഹതയുമില്ല. ഗുരുവിന്റെ അനുഗ്രഹാശിസ്സുകളോടെ അദ്ദേഹം ആരംഭിച്ചതാണെങ്കിലും പിന്നീട് ഒരു ഘട്ടത്തില്‍ അദ്ദേഹം തന്റെ സ്വത്തുവകകള്‍ ഒരു സന്യാസിസംഘം സ്ഥാപിച്ച് ഒസ്യത്തു വഴി അതിനു ലഭിക്കത്തക്കവിധമാക്കി. ഇതില്‍ നീരസം തോന്നിയ സി.വി. കുഞ്ഞുരാമന്റെ നേതൃത്വത്തിലുളള യോഗം ഗുരുവിനെതിരെ തിരുവനന്തപുരം മുന്‍സിഫ് കോടതിയില്‍ ഒസ്യത്തു റദ്ദാക്കാന്‍ ഹര്‍ജി കൊടുത്തു. ഹര്‍ജിയിലെ പ്രധാന പോയിന്റ് ഗുരുവിന് പ്രായാധിക്യം കാരണം ബുദ്ധിസ്ഥിരതയില്ലെന്നായിരുന്നു. മാത്രവുമല്ല ചിലര്‍ ഗുരുവിനെ കൊല്ലത്തുണ്ടായിരുന്ന നീലാഹോട്ടലില്‍ കൊണ്ടുപോയി ഭീഷണിപ്പെടുത്തി ഒസ്യത്തു മാറ്റിയെഴുതാന്‍ ഭീഷണിപ്പെടുത്തുകയും ചെയ്തുവത്രേ. അന്നു ഗുരു പറഞ്ഞത് ഞാന്‍ മരുന്നുകൊടുത്തും മന്ത്രവാദം ചെയ്തും ഉണ്ടാക്കിയ ധനമാണ് അതെങ്ങനെ ചെയ്യണമെന്ന് നമുക്കറിയാം എന്നായിരുന്നു. കൂടാതെ അദ്ദേഹം കുറേക്കൂടി പരിഷ്‌കൃതമായ ഭാഷയില്‍ നമുക്ക് ഇനിമേലില്‍ മനസാ വാചാ കര്‍മണാ SNDP യോഗവുമായി ഒരു ബന്ധവുമില്ല എന്ന് പ്രഖ്യാപിക്കുകയും ചെയ്തു. അങ്ങനെ ഗുരുവിന്റെ ആശയാഭിലാഷങ്ങളുടെ ശത്രുക്കളാണ് പിന്നീട് യോഗത്തെ കൊണ്ടു നടന്നത്.

           രണ്ടാമത് കാലാനുസൃതമായി പരിഷ്‌കൃതനും, ദീര്‍ഘദര്‍ശിയുമായ ഗുരുവിന്റെ ദര്‍ശനങ്ങളെ അര്‍ഹിക്കുന്ന മാന്യതയോടെ കൊണ്ടു നടക്കുന്നതിനു പകരം മതാതീത ആത്മീയത എന്നൊക്കെ ചപ്പടാച്ചി അടിച്ച് ഈഴവസമൂഹത്തെ അതിന്റെ നേതാക്കന്‍മാര്‍ ആത്മീയമായും ബൗദ്ധികമായും നിലയില്ലാക്കയത്തിലേക്കു ചവിട്ടിത്താഴ്ത്തി എന്നതാണ്. ഈഴവസമൂഹം അമ്മാത്തു നിന്നിറങ്ങുകയും ചെയ്തു ഇല്ലത്തൊട്ടെത്തിയതുമില്ല എന്ന അവസ്ഥയിലായി. സ്വത്വം നഷ്ടപ്പെട്ട ഒരു സമൂഹമാണ് ഇന്ന് ഈഴവര്‍. ഹിന്ദു സമൂഹത്തില്‍ നിന്നും വേര്‍പെട്ട് ഒരു മതം സൃഷ്ടിക്കാനാണ് ചിലര്‍ ശ്രമം നടത്തിയത്. അതിന് ഗുരുവിനെ ദൈവമായി തെരഞ്ഞെടുക്കുകയും ചെയ്തു. നവഭാരതശില്പിയായ ബാലഗംഗാധരതിലകന്‍ ജനിച്ചശേഷം അതേ വര്‍ഷം 1856 ല്‍ ജനിച്ച ഗുരുവിനെ ഒരു ദൈവമായി കരുതാന്‍ ഈഴവസമുദായത്തില്‍ തന്നെ എത്ര പേര്‍ക്കാവും? ദൈവം എന്ന അനന്തമായ അര്‍ത്ഥതലങ്ങളുള്ള പദവ്യാപ്തിക്കുളളില്‍ ഗുരുവിനെ ചവിട്ടിയൊതുക്കിയേടത്തെല്ലാം മറ്റു സമുദായങ്ങള്‍ ഉളളില്‍ ചിരിക്കുകയും പരിഹസിക്കുകയും ചെയ്തു.

           ഏതെങ്കിലും കുരിശടിയിലെ പറ്റിപ്പിടിച്ച പായലില്‍ മാതാവിന്റെ ദിവ്യരൂപം തെളിഞ്ഞെന്നോ, സര്‍പ്പത്തറയിലെ വിഗ്രഹം പാലുകുടിച്ചെന്നോ പറഞ്ഞാല്‍ പോലും വന്‍ സ്വീകാര്യത ലഭിക്കുന്നിടത്ത് സ്വീകാര്യതയില്ലാത്തദൈവവും ദിവ്യാത്ഭുതങ്ങള്‍ക്കു സ്‌കോപ്പില്ലായ്മയും ഈഴവസമൂഹത്തെ ആദ്ധ്യാത്മികവരള്‍ച്ചയിലേക്കും ഗുരു അത്ഭുതം കാണിക്കുന്നതിനുളള അദമ്യമായ ദാഹത്തിലേക്കും നയിച്ചു. വികല്പമാനസരുടെ ആ ദാഹമാണ് ഗുരുവിനെ വിയര്‍പ്പിക്കാനും പൂട കിളിപ്പിക്കാനും നടന്നതിന്റെ പിന്നില്‍.
നൂറിലധികം ക്ഷേത്രങ്ങള്‍ പ്രതിഷ്ഠിച്ച അദ്ദേഹത്തെ മതാതീത ആത്മീയതയുടെ ആചാര്യനാക്കിയാല്‍ അദ്ദേഹത്തിന്റെ ആത്മാവ് വിയര്‍ക്കാതിരിക്കുന്നതെങ്ങനെ?

           സാധാരണക്കാരനില്‍ സാധാരണക്കാരനായ ഈഴവന്‍ കാക്കത്തൊളളായിരം ഹൈന്ദവാചാരങ്ങളെ ഒരേസമയം മുറുകെപ്പിടിക്കാനും തള്ളിപ്പറയാനും നിര്‍ബന്ധിതനായി. ബ്രാഹ്മണ്യത്തെ തളളിപ്പറയുന്ന യോഗത്തിന്റെ സാംസ്‌കാരിക സമ്മേളനത്തിലെ പ്രസംഗം കേട്ടശേഷം പിറ്റേന്നു പോകുന്നത് ഗുരുവായൂരില്‍ കുട്ടിക്കു ചോറുകൊടുക്കാനാണ്. അവിടെ ആചാരങ്ങള്‍ സടകുടഞ്ഞു നില്‍ക്കുന്നിടത്ത് കുറ്റവാളിയെപ്പോലെ ഓച്ഛാനിച്ചു നില്‍ക്കേണ്ടുന്ന അവസ്ഥ! ഇങ്ങനെ സ്വത്വം നഷ്ടപ്പെട്ട സമൂഹത്തില്‍ കട്ടും കളളുവിറ്റും നടന്നവര്‍ക്ക് അടിസ്ഥാനമൂല്യങ്ങളില്‍ വിശ്വസിക്കുന്നവരേക്കാള്‍ സ്വീകാര്യത കിട്ടി. ഭൗതിക തലത്തിലും പെട്ടന്നു സമ്പന്നരാകാന്‍ ഈഴവസമൂഹത്തിനു അവസരം കിട്ടി. ഇതില്‍ ഒന്ന് ഗുരുവിന്റെ അടിസ്ഥാനമൂല്യങ്ങളില്‍ ഒന്നിനെ നിഷേധിക്കുന്നതായ മദ്യോത്പാദനമേഖലയിലായിരുന്നു. കാതലായതിനെ നിഷേധിക്കേണ്ടി വന്ന പ്രമാണിമാര്‍ ജാതി ചോദിക്കരുത് പറയരുത് തുടങ്ങിയ വചനങ്ങളെയും വലിച്ചെറിഞ്ഞുകൊണ്ട് ഗുരുവിനെ പണം സമ്പാദിക്കാനും വെട്ടിപ്പു നടത്താനുമുളള ഒരു ബ്രാന്റു നെയിമാക്കി മാറ്റി.

          ഇപ്പോള്‍ നടേശഗുരുവാണ്  ഈഴവസമൂഹത്തിന്റെ അപ്പോസ്തലന്‍! നേരേനിന്നു നോക്കിയാല്‍ മുട്ടയുടെ മുകള്‍ഭാഗം പോലെയിരിക്കുന്ന ഒരു തലയും, പുറത്തേക്കുകിളിക്കേണ്ട മുടി അകത്തേക്കു കിളിച്ച് തലച്ചോറിന്റെ ഭാഗം അപഹരിച്ചിരിക്കുന്നതു കാരണം നിലാവു കണ്ട കുറുക്കനെപ്പോലെ വെളിപാടു തോന്നിയാല്‍ തോന്നുംപോലെ ഓരിയിട്ടും, സമുദായത്തെ എക്കാലവും തന്റെ കുടുംബകാര്യമാക്കി കൊണ്ടു നടക്കാമെന്നു സ്വപ്‌നം കണ്ടും നടക്കുന്ന മൂഢനും അല്പനും ആയ ശ്രീ വെളളാപ്പളളി നടേശന്‍ അവര്‍കള്‍ക്ക് എത്ര അവകാശപ്രഖ്യാപനം നടത്തിയാലും കാലത്തിന്റെ ചവറ്റുകൊട്ടയിലായിരിക്കും സ്ഥാനം.  

6 അഭിപ്രായങ്ങൾ:

  1. താങ്കൾ പറയുന്നത് താങ്കളുടെ വീക്ഷണത്തിൾ ശരിയായിരിക്കാം
    കാലത്തിന്റെ ചവറ്റുകൊട്ടയിൽ എറിഞ്ഞിട്ടും അവിടെ നിന്നും പൂത്തപണത്തിന്റെ ബലത്തിൽ കിളിർത്തുവരുന്ന് വലിയ വടവ്രിക്ഷമായത് താങ്കൽ കാണാതെ പോകുകയാണോ?
    പണത്തിന്റെ മീതെ പരുന്തും പറക്കില്ലന്ന് ഒരിക്കൽ കൂടി തെളിയീക്കുകയല്ലേ നടേശൺ മുതലാളി
    ഗുരുവിനെ അനുസരിക്കുന്നവരാണെങ്കിൽ ആദ്യം മദ്യം നിരോധിക്കുകയല്ലേ വേണ്ടിയിരുന്നത്.

    മറുപടിഇല്ലാതാക്കൂ
  2. നടേശ ഗുരു കലക്കി. 2000 വര്‍ഷക്കാലം ബ്രാഹ്മണ്യ ഹിന്ദുമതവുമായി പ്രതിരോധത്തിലായിരുന്ന ഈഴവരെ ശ്രീനാരായണ ഗുരുവും സവര്‍ണ്ണ കമ്മ്യൂണിസ്റ്റു പാര്‍ട്ടികളും കൂടി ഹിന്ദു മതത്തിലേക്ക് നടക്കിരുത്തി (അടിമയായി സമര്‍പ്പിച്ചു എന്നര്‍ത്ഥം)എന്നു കരുതാം. എല്ലാ പ്രശ്നങ്ങളും സാംബത്തികമായി മാത്രം പരിഹരിക്കാനിറങ്ങുന്നവരുടെ സ്വാഭാവിക അന്ത്യമാണ് ശത്രുവിന്റെ മുന്നിലെ അടിമത്വം. ഈഴവര്‍ ബുദ്ധധര്‍മ്മ അനുയായികളായിരുന്നു എന്ന സത്യം പോലും(വേട്ടയാടപ്പെടുന്ന ഈഴവന്‍) വീണ്ടെടുത്ത് പ്രചരിപ്പിക്കാന്‍ ഈഴവ പത്രമെന്ന് പറയപ്പെടുന്ന കേരളകൌമുദിക്കുപോലും തോന്നിയില്ലെന്നത് അത്ഭുതകരം തന്നെ. ഒരുപക്ഷേ അതിന്റെ പത്രാധിപസമിതി സവര്‍ണ്ണരാല്‍ നിറഞ്ഞിരിക്കാം !!! ബ്രാഹ്മണരാല്‍ 2000 കൊല്ലക്കാലം വേട്ടയാടപ്പെട്ട ഈഴവന് ഇപ്പോള്‍ ബ്രാഹ്മണന്റെ ഗണപതിഹോമമില്ലാതെ ശുഭകാര്യങ്ങളൊന്നും നടത്താനാകില്ലെന്ന് ചരിത്രം മറന്ന് സവര്‍ണ്ണന്റെ മഹാലക്ഷ്മിയുടെ പിറകെ നടന്നതിന്റെ ദുര്‍ഗതിതന്നെ !!!

    മറുപടിഇല്ലാതാക്കൂ
  3. ചില കാര്യങ്ങളില്‍ വിയോജിപ്പ്..അസ്സലായി...!!
    എന്റെ ബ്ലോഗിലും ജോയിന്‍ ചെയ്യണേ...!!
    ആശംസകള്‍...!!
    www.tomskonumadam.blogspot.com

    മറുപടിഇല്ലാതാക്കൂ
  4. റ്റോംസ് കോനുമഠം said... "ചില കാര്യങ്ങളില്‍ വിയോജിപ്പ്..അസ്സലായി...!!

    മാഷേ,

    സത്യത്തില്‍ ഒന്നും മനസ്സിലാവുന്നില്ല. താങ്കളുടെ ഈ വരികള്‍ പലയിടത്തും കണ്ടു.എന്താണു താങ്കള്‍ ഉദ്ദേശിക്കുന്നത്.എന്തുകാര്യത്തിലാണു വിയോജിപ്പ് എന്നെങ്കിലും പറയരുതോ.

    മറുപടിഇല്ലാതാക്കൂ
  5. ''ഏതെങ്കിലും കുരിശടിയിലെ പറ്റിപ്പിടിച്ച പായലില്‍ മാതാവിന്റെ ദിവ്യരൂപം തെളിഞ്ഞെന്നോ, സര്‍പ്പത്തറയിലെ വിഗ്രഹം പാലുകുടിച്ചെന്നോ പറഞ്ഞാല്‍ പോലും വന്‍ സ്വീകാര്യത ലഭിക്കുന്നിടത്ത് സ്വീകാര്യതയില്ലാത്തദൈവവും ദിവ്യാത്ഭുതങ്ങള്‍ക്കു സ്‌കോപ്പില്ലായ്മയും ഈഴവസമൂഹത്തെ ആദ്ധ്യാത്മികവരള്‍ച്ചയിലേക്കും ഗുരു അത്ഭുതം കാണിക്കുന്നതിനുളള അദമ്യമായ ദാഹത്തിലേക്കും നയിച്ചു.''വളരെ സത്യം.....അഭിനന്ദനങ്ങൾ...സത്യം സത്യമായി തുറന്നെഴുതാനുള്ള ആർജ്ജവം കാണിക്കുന്നതിന്‌.

    മിസ്റ്റർ കോനുമഠം, താങ്കൾ കമന്റിടുവാൻ വേണ്ടി കമന്റിടുന്നതാണെന്ന് മനസ്സിലായി. വിയോജിപ്പുള്ള കാര്യങ്ങൾ ഏതാണെന്നും, എന്തുകൊണ്ടാണ്‌ വിയൊജിപ്പെന്നും കാര്യകാരണ സഹിതം പറയാനുള്ള ധാർമ്മികത താങ്കൾക്കുണ്ടെന്നു മനസ്സിലാക്കുക.അല്ലെങ്കിൽ ഒരു സ്മെയിലി ഇട്ട്‌ സ്ഥലം കാലിയക്കുന്നതാണ്‌ വിവേകം.

    മറുപടിഇല്ലാതാക്കൂ
  6. അവകാശ പ്രഖ്യാപനത്തിന് മൂന്ന് ലക്ഷം ആളുകള്‍ പങ്കെടുത്തു
    എന്നാണ് വിവരം. എന്തായാലും ഈഴവ തീയ്യ വിഭാഗങ്ങള്‍കിടയില്‍
    ജാതി വിഷം കുത്തി കേറ്റി ഒരു വോട്ടു ബാങ്ക് ആക്കി മാറ്റാന്‍ നടേശന്‍
    മുതലാളി ശ്രമിക്കുന്നുണ്ട്, കുറച്ചൊക്കെ അതില്‍ അയാള്‍ വിജയിക്കുന്നുമുണ്ടെന്നു തോന്നുന്നു. വടക്കന്‍ മലബാറില്‍ മാര്‍ക്സിസ്റ്റ്‌ പാര്‍ടിക്ക് വേരോട്ടമുള്ള തീയ്യന്‍മാര്കിടയില്‍ sndp വന്നു തുടങ്ങി എന്ന് പറഞ്ഞു കേള്‍ക്കുന്നു. ഇത്രമാത്രം മത ജാതി ദ്രുവീകരണം
    നടന്നു കൊണ്ടിരിക്കുന്ന കേരള സമൂഹത്തില്‍ നടശന്‍ മാരുടെ സ്ഥാനം കാലത്തിന്റെ ചവറ്റുകൊട്ടയില്‍ ആയിരിക്കുമോ ?!!!

    ഷാജി ഖത്തര്‍.

    മറുപടിഇല്ലാതാക്കൂ