പശ്ചാത്തലത്തില്‍ പിടിയൊടിഞ്ഞ ഒരരിവാളും ആപ്പൂരിയ ചുറ്റികയും. അരമനയുടെ ചുവരില്‍ ഒന്നു രണ്ടു കമ്യൂണിസ്റ്റു ദൈവങ്ങളുടെ ചിത്രങ്ങള്‍. രണ്ട് അമാലന്‍മാര്‍ മുന്നിലിരുന്ന് ഓടിച്ചുവരുന്ന ഒരു പല്ലക്ക്. പിന്നില്‍ ഏതോ കോപ്പിലെ രാജാവിനെപ്പോലെ മുറിക്കൈയന്‍ ഷര്‍ട്ടും, പഴുതാരമീശയും, മുഖത്തു വസൂരിക്കലകളും എണ്ണപുരട്ടി പിറകോട്ട് ചീകിയൊതുക്കിയ മുടിയുമായി ഇരുകക്ഷത്തിലും പരു വന്നു പൊട്ടാറായ പോലെ, കൈകള്‍ അകത്തി പിടിച്ച്
പാര്‍ട്ടിരാജ്യത്തെ കാശിരാമേശ്വരം പാണ്ടിമലയാളം ഉടക്കിവാഴും ധീരസഭാപതി, കണ്ണൂര്‍ കോനാതിരി വീരമാര്‍ത്താണ്ടന്‍ തെറ്റുതിരുത്തല്‍മേളയ്ക്ക് എഴുന്നെളളുന്നേയ്........ പൂഹോയ്.................പൂഹോയ്..............പൂഹോയ്.............
പിരിച്ചുതിന്നും കുടിച്ചുമൂത്തും നില്‍ക്കുന്ന അനുചരവൃന്ദം മുഷ്ടിചുരുട്ടി.
ഓ.............................ഓയ്.....ഏതോ മീന്‍കാരന്‍ ഏറ്റുവിളിച്ചു. മേളയാരംഭിച്ചു.
ആദ്യം വന്നത് മുട്ടെട ബ്രാഞ്ചിലെ സഖാവ് രൈരുനായരായിരുന്നു.
'എന്താ നായരെ?'
'തിരുവുളളക്കേടൊണ്ടാവാണ്ട് ഞാനും ചെക്കനും കൂടി ഈ മണ്ഡലകാലത്ത് അയലോക്കത്തെ കോരന്‍ മലയ്ക്കുപോയ ദീസം ഏഴു ശരണം ഏറ്റുവിളിച്ചിരുന്നു. ആ തെറ്റൊന്നു തിരുത്താന്‍ അനുവദിക്കണം'.
'ആട്ടെ മേലാല്‍ ശരണം വിളിച്ചുപോകരുത്. കൂടാതെ അടുത്താഴ്ച ദേശാഭിമാനീടെ ബക്കറ്റു പിരിവു വരുന്നുണ്ട്. അന്ന് 101 രൂപാ കാണിക്കയിട്ട് നാവില്‍ ശരണം വരല്ലേയെന്ന് മുട്ടിപ്പായി പ്രാര്‍ത്ഥിക്കണം'.
ഇതു കേട്ട ഗ്രഹണി പിടിച്ച് വയറുന്തിയ ചെക്കന്റെ നിക്കറിനിടയിലൂടെ പിന്‍വിളി ഒന്ന്, പിടിച്ചിട്ടും നില്‍ക്കാത്തപോലെ പോയി. ആരോ അറിയാതെ മാക്രിയെ ചവിട്ടിപ്പൊട്ടിച്ചപോലൊരു ശബ്ദവും, രാസായുധം പ്രയോഗിച്ച പോലൊരു നാറ്റവും. ചെക്കന്‍ റിയാലിറ്റിഷോയൊക്കെ കണ്ടുകണ്ട് അവിടം കൊണ്ട് സപ്തസ്വരമൊക്കെ ഒരുവിധം ഭംഗിയായിട്ടു വായിക്കുമായിരുന്നു. ഇന്നെന്തോ ഗമകം മാത്രമേ വന്നുളളൂ. ഭാഗ്യം.
'അമാത്യാ അടുത്തയാളെ വിളിക്കൂ'.
'റാന്‍. ഒരു മുസ്‌ളീം തീവ്രവാദി വന്നു നില്‍പ്പുണ്ട്'.
'അടിയന്‍ മുടിയന്റവിട പരീക്കുട്ടിയാണേ. കഴിഞ്ഞ 46 കൊല്ലമായി പാര്‍ട്ടി മെമ്പറായിട്ട്. നുമ്മക്ക് അറിവില്ലാണ്ട പ്രായത്തി ബാപ്പ പൈഞ്ഞാപ്പാക്കിന്ററ്റം ഒരു സ്വല്‍പ്പം, ഒരു തൊളളി, കണ്ടിച്ചിട്ടുണ്ടേ. ഒന്നു തിരുത്തിയാക്കൊളളാം'.
'സാരമില്ല, പ്രായമായെങ്കിലും ഒരു സൊല്‍പ്പം പ്ലാസ്റ്റിക് സര്‍ജറി നടത്തി അറ്റത്ത് അല്‍പ്പം ചുവന്ന തുണി കെട്ടി വെക്കണം'.
'അടുത്ത പരാതിക്കാരന്‍ വരട്ടെ.'
അടുത്തതായി ഒരു നമ്പൂതിരിയും അലക്കുകാരനും കൂടി കടന്നവന്നു.
'ഒരു പരാതിയൊണ്ടേ. എല്‍സി ഒരു കത്തു തന്നു. അതില്‍ എല്ലാവിവരോം എഴുതീട്ടൊണ്ടേ'.
എല്‍സിയുടെ കത്തിന്‍പ്രകാരം പരാതിക്കാസ്പദമായ വിവരങ്ങള്‍:
നമ്പൂരിക്ക് മദ്ധ്യവയസ്സായി ഭാര്യ സുന്ദരി. പക്ഷേ ഒരു കുഞ്ഞിക്കാലു കാണാനുളള യോഗം ഉണ്ടായില്ല. അടുത്തിടെ എന്തോ സൂത്രം ഒപ്പിച്ച് ഭാര്യ ഗര്‍ഭിണിയായി. അലക്കുകാരന്‍ അയല്‍ വക്കത്താണ് താമസം. അയാള്‍ക്ക് ഒരു കഴുതയുണ്ട്. വിഴുപ്പു ചുമക്കുന്നത് കഴുതയാണ്. അലക്കെല്ലാം കഴിഞ്ഞു വന്നാല്‍ അയാള്‍ കഴുതയെ അഴിച്ചു വിടും. കഴുത നമ്പൂതിരിയുടെ തൊടിയില്‍ക്കയറി അവര്‍ നട്ടിരിക്കുന്ന ചീരയും പച്ചക്കറിയുമെല്ലാം തിന്നിട്ടു പോകും. പരാതി പറഞ്ഞും കഴുതയെ ഓടിച്ചും മടുത്ത നമ്പൂതിരി ഒരു ദിവസം ഉലക്കയുമെടുത്ത് മറഞ്ഞുനിന്നു. കഴുതവന്ന് തീററ തുടങ്ങിയതും കണ്ണുമടച്ച് കഴുതയ്ക്ക് ഒരടി വെച്ചുകൊടുത്തു. അത് അലറിക്കൊണ്ട് ചത്തുമലച്ചു. പരഭ്രമിച്ചു പോയ നമ്പൂതിരി ഓടി പുരയ്ക്കകത്തു കയറി വാതിലടച്ചു കുറ്റിയിട്ടു. പൂര്‍ണഗര്‍ഭിണിയായ ഭാര്യയോട് വാതിലില്‍ ചാരിനിന്നുകൊളളാനും പറഞ്ഞു. കഴുത ചത്തതില്‍ ദേഷ്യം പിടിച്ചുവന്ന അലക്കുകാരന്‍ കതകിനു മുട്ടി വിളിക്കാന്‍ തുടങ്ങി. അപ്പോള്‍ നമ്പൂതിരി ഒരു കാരണവശാലും അവിടെനിന്നു മാറരുതെന്നു ഭാര്യയെ ശട്ടം കെട്ടിയ ശേഷം പിന്‍വാതിലിലൂടെ ഓടി രക്ഷപ്പെട്ടു. കലിപിടിച്ച അലക്കുകാരന്‍ വിതിലിനിട്ട് ഒറ്റ ചവിട്ട്. വാതില്‍ തകര്‍ന്നു താഴെ. അന്തര്‍ജനത്തിന്റെ പാടുപെട്ടുണ്ടായ ഗര്‍ഭം അലസിപ്പോവുകയും ചെയ്തു. അലക്കുകാരന്റെ ഏക ഉപജീവനമാര്‍ഗമായ കഴുതയെ നഷ്ടപ്പെട്ടതും അന്തര്‍ജനത്തിന്റെ ഗര്‍ഭം അലസിയതും ഞങ്ങള്‍ കട്ടന്‍കാപ്പിയും പരിപ്പുവടയും തിന്നുകൊണ്ട് ചര്‍ച്ചചെയ്തുനോക്കി. ഒരു ഉപായവും തോന്നാത്തതുകൊണ്ടാണ് തെറ്റുതിരുത്തല്‍ മേളയ്ക്ക് വിടാമെന്നു നിശ്ചയിച്ചത്. എന്ന് സ്വന്തം എല്‍സി. ഒപ്പ്.
കോനാതിരി ഉച്ചികുത്തിക്കിടന്നാലോചിച്ചിട്ടു തീര്‍പ്പുകല്‍പ്പിച്ചു:
'ഏക ഉപജീവനമാര്‍ഗമായ കഴുതയെ നഷ്ടപ്പെട്ടതിനുപകരം അലക്കുകാരനുവേണ്ടി നമ്പൂതിരി വിഴുപ്പുചുമക്കട്ടെ. അന്തര്‍ജനത്തിന്റെ നഷ്ടം അലക്കുകാരന്‍ നികത്തിക്കൊടുക്കട്ടെ'.
ഒന്നാമങ്കം സമാപ്തം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ