2010, ജനുവരി 9, ശനിയാഴ്‌ച

കരിക്കു കുടിച്ചിട്ട് തൊണ്ണാനും കൊണ്ടേറ്

കരിക്കു കുടിച്ചിട്ട് തൊണ്ണാനും കൊണ്ടേറ്
          സി.പി.എമ്മിന് ഇതുതന്നെ പറ്റണം. പ്രത്യയശാസ്ത്രം മറന്ന, പാവപ്പെട്ടവനോടുളള പ്രതിബദ്ധത മറന്ന, മതനിരപേക്ഷസമൂഹത്തെ സൃഷ്ടിക്കുന്നതു മറന്ന, കമ്യൂണിസ്റ്റു പാര്‍ട്ടിയാണ് സിപിഎം. ജാതിയാല്‍ വന്നത് ജാതിയാല്‍ പോയി. കെ. എസ് മനോജിന്റെ കാര്യത്തില്‍ സംഭവിച്ചത് അതാണ്. ഒരു പാര്‍ട്ടി അംഗമാകുന്നതിനു വേണ്ട മാനദണ്ഡങ്ങളിലെല്ലാം വെളളം ചേര്‍ത്തു. അര നൂറ്റാണ്ടിനു ശേഷം ആദ്യകാല കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളെയും കെ.പി.എ.സി.യുടെ പ്രചാരണങ്ങളെയും ഗൃഹാതുരതയോടു കൂടി മാത്രമേ നോക്കിക്കാണാനാകൂ.
          പാര്‍ലമെന്ററി സമ്പ്രദായത്തെ രണ്ടു കൈയും നീട്ടി സ്വാഗതം ചെയ്തതോടെ അതിന്റെ മാലിന്യങ്ങളെയും സ്വീകരിക്കുകയാണ് കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ ചെയ്തത്. മത്സരത്തില്‍ ജയിക്കുക എന്നതു മാത്രം പ്രധാനമായപ്പോള്‍ മത്സരിക്കുന്നതിന് സ്ഥാനാര്‍ത്ഥി മദ്യപനോ, വ്യഭിചാരിയോ, കൊളളപ്പലിശക്കാരനോ ആയാലും കുഴപ്പമില്ല മണ്ഡലത്തിലെ ഭൂരിപക്ഷസമുദായക്കാരനും അവര്‍ക്കിടയില്‍ സ്വാധീനമുളളയാളുമാണോ എന്നതു മാത്രമായി ചിന്ത. ലത്തീന്‍ കത്തോലിക്കരുടെ വോട്ടു പിടിക്കാന്‍ ഒരു ലത്തീന്‍ കത്തോലിക്കനെ സ്വീകരിക്കുമ്പോള്‍ മതത്തോടു സമരസപ്പെടാന്‍ പാര്‍ട്ടി തയ്യാറാകുന്നു. മതേതരസമൂഹസൃഷ്ടിക്കായുളള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും അവധി കൊടുത്തിരിക്കുന്ന പാര്‍ട്ടിക്ക്, ഒരു പൊതുതെരഞ്ഞെടുപ്പില്‍ തൂത്തെറിയപ്പെട്ടപ്പോള്‍ മുഖം മിനുക്കുന്നതിനുളള ഒരു ക്രീം മാത്രമാണ് തെറ്റു തിരുത്തല്‍ രേഖ. ഉളളടക്കം കൊണ്ട് ഡൈല്യൂട്ട് ചെയ്യപ്പെട്ട സിപിഎം പുറമേ വെണ്ണതൂവാന്‍ ശ്രമിക്കുകയാണ്. ദമയന്തീവിവാഹം കഴിഞ്ഞു വരുന്നവര്‍ കലിദ്വാപരന്‍മാരോടു ചോദിക്കും പോലെ 'പാഥസാം നിചയം വാര്‍ന്നൊഴിഞ്ഞളവ് സേതുബന്ധനോദ്യോഗമെന്തെടോ?' (വെളളം വാര്‍ന്നു പോയിക്കഴിഞ്ഞ് ചിറ കെട്ടിയിട്ടെന്തു ഫലം) എന്ന അവസ്ഥയായി.
          പണ്ട് ഒരു ബാര്‍ബറുടെ മകന്‍ വഴിയേ പോയ കുരങ്ങനെ വീട്ടില്‍ വിളിച്ചു കയറ്റിയ അവസ്ഥയിലായി സിപിഎം. വികൃതിയായ കുരങ്ങന്‍ വഴിയേ പോയപ്പോള്‍ കുട്ടിക്ക് കൗതുകം. അടങ്ങിയൊതുങ്ങി ഈ വേലകളൊക്കെ വീട്ടില്‍ വെച്ചു കാണിച്ചാല്‍ എന്തു രസമായിരുന്നേനെ! കുരങ്ങന് പഴവും മററും കൊടുത്ത് വിളിച്ചു വരുത്തി. കുറെ കഴിഞ്ഞപ്പോള്‍ കുരങ്ങന്‍ വീട്ടിനകത്തു കയറി സര്‍വ്വവും എറിഞ്ഞുടയ്ക്കാന്‍ തുടങ്ങി. വീടിനകം ഒരു യുദ്ധം കഴിഞ്ഞപോലായി. ഉച്ചയായപ്പോള്‍ കടയിലേക്ക് ആളിനെ വിട്ടു. ബാര്‍ബര്‍ എത്തി. അയാള്‍ കൂടി നിന്നവരോടായി പറഞ്ഞു: 'സാരമില്ല ഷേവു ചെയ്യുന്ന രണ്ടു കത്തിയുടെ കാര്യമേയുളളൂ. ഞാന്‍ ഇപ്പോള്‍ ശരിയാക്കി കാണിച്ചു തരാം'. പയ്യന്‍ കടയില്‍ പോയി രണ്ടു മടക്കു കത്തികള്‍ എടുത്തു കൊണ്ടു വന്നു. ബാര്‍ബര്‍ കുരങ്ങനെ കാണ്‍കെ കത്തികള്‍ അമ്മാനമാടി. കുരങ്ങു സൂക്ഷിച്ചുനോക്കി. ബാര്‍ബര്‍ ഒരു കത്തി കുരങ്ങിന് എറിഞ്ഞുകൊടുത്തു. കുരങ്ങന്‍ അതു പിടിച്ചെടുത്തു. ബാര്‍ബര്‍ കത്തിനിവര്‍ത്തു. കുരങ്ങനും നിവര്‍ത്തി. ബാര്‍ബര്‍ കത്തി കയ്യിലിട്ടു രാകിക്കാണിച്ചു. കുരങ്ങനും രാകി. ബാര്‍ബര്‍ ഷേവുചെയ്തു കാണിച്ചു കുരങ്ങനും അങ്ങനെ ചെയ്തു. വളരെ വേഗത്തില്‍ ബാര്‍ബര്‍ പലതും ചെയ്തു. അതെല്ലാം കുരങ്ങനും അതേവേഗത്തില്‍ ചെയ്തു കാണിച്ചു. പെട്ടെന്ന് ബാര്‍ബര്‍ നിവര്‍ത്തിയ കത്തിയെടുത്ത് അറക്കുന്ന ഭാവത്തില്‍ തന്റെ കഴുത്തില്‍ ശക്തമായി അമര്‍ത്തിക്കാണിച്ചിട്ട് പൊട്ടിച്ചിരിച്ചു. അപ്പോള്‍ കുരങ്ങന്‍ സൂക്ഷിച്ചു നോക്കിയിട്ട് കത്തി മടക്കി കക്ഷത്തില്‍ വച്ചശേഷം വലതുകയ്യുടെ നടുവിരല്‍ പകുതി മടക്കി വായില്‍ വെച്ച് മുന്നോട്ടും പിന്നോട്ടുമാക്കി കാണിച്ചുകൊടുത്തു. ഇനി കത്തികൊണ്ട് സ്വന്തം കഴുത്തു മുറിച്ച് നോക്കിക്കോളൂ നല്ല രസമാണെന്നു പറഞ്ഞ സിപിഎമ്മിനോട് അബ്ദുളളക്കുട്ടിയും, സെബാസ്റ്റിയന്‍പോളും, മനോജും കാണിച്ചു കൊടുത്ത ആംഗ്യഭാഷയും ഇതുതന്നെയാണ്!        

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ