2010, ജനുവരി 31, ഞായറാഴ്‌ച

കുടിയേറ്റക്കാരും കൈയേറ്റക്കാരും

              ബൂലോഗവിചാരണ ബ്ലോഗ് ആരോഗ്യത്തിനു പറ്റിയതല്ലെന്ന് കഴിഞ്ഞ രണ്ടു പോസ്റ്റുകള്‍ക്കു കിട്ടിയ കമന്റുകളില്‍ നിന്നു മനസ്സിലായി. ഇനിമേല്‍ ഗോര്‍ബച്ചേവ്, അച്ചുതാനന്ദന്‍, ഫൊന്‍സകെ തുടങ്ങിയവരെയായിരിക്കും വിമര്‍ശിക്കുക. ആരും ചോദിക്കാനും പറയാനുമില്ലല്ലോ? ഒരു കണ്ണകിയുടെ ശാപത്തില്‍ നിന്നും കാലില്‍ ബലമായിപ്പിടിച്ച് തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. എന്നു കരുതി ആരും രക്ഷപെട്ടുവെന്നു കരുതണ്ടാ. 'പരാക്രമം സ്ത്രീകളിലല്ല വേണ്ടൂ എന്ന കന്യകാകുമാരിയുടെ മുകളില്‍ നിന്നുളള ഭീഷണി ചെവിക്കൊണ്ട് ' 'സ്ത്രീത്വം നിന്നെ രക്ഷിക്കുന്നു' എന്നു പതുക്കെപ്പറഞ്ഞ് രക്ഷപ്പെട്ടതാണ്.
              രാഷ്ട്രീയക്കാര്‍ മലയാളപദസമൂഹത്തിനു ക്ഷിപ്രസംഭാവനകള്‍ നല്‍കിയിട്ടുളളവരാണ്. അവരുടെ ഏറ്റവും പുതിയ പ്രയോഗമാണ് 'കുടിയേറ്റക്കാരും കയ്യേറ്റക്കാരും'. ഇതിനുമുന്‍പ് ഇത്തരത്തില്‍ ശ്രദ്ധാര്‍ഹമായ പരസ്യം കണ്ടിട്ടുളളത് പന്തളം അയ്യപ്പാഫാര്‍മസിയുടെ സൃഷ്ടി-സ്ഥിതികാരകാനായ സാക്ഷാല്‍ വൈദ്യന്‍ മോഹനന്റെയാണ്. 'സ്തനവര്‍ദ്ധനവിന് വാങ്ങി ഉപയോഗിപ്പിന്‍ അയ്യപ്പാ അശ്വഗന്ധതൈലം'. അതു പുരട്ടിയാല്‍ രണ്ടുളളിടത്ത് മൂന്നെണ്ണം വളരും. സ്തന വളര്‍ച്ചയല്ല മോഹനന്റെ ലക്ഷ്യം. ആളു വല്യ പുളളിയാണ്. അതിനപ്പുറത്ത് തപസ്യാനന്ദ എന്ന വിദ്വാന്‍ താന്ത്രിക് പീഠ് എന്നു പറഞ്ഞുകൊണ്ട് ഗണപതിയന്ത്രം വിറ്റു വന്നിരുന്നടത്ത് എപ്പൊഴോ രണ്ടു പേരും തമ്മില്‍ തെറ്റി. മരുന്നു വില്‍ക്കുന്ന മോഹനനുമായി കൊരുത്താല്‍ തനിക്കെന്താ എന്നേ തപസ്യന്‍ കരുതിയുളളൂ. പക്ഷേ പിറ്റേന്നു മുതല്‍ മോഹനന്‍ 'കുറഞ്ഞവിലയില്‍ ശ്രീചക്രം വില്‍ക്കപ്പെടും' എന്നു പരസ്യം ചെയ്തുതുടങ്ങി. യന്ത്രം എഴുതാനുളള ക്ഷമയൊന്നും മോഹനനുണ്ടായിരുന്നില്ല. കമ്പ്യൂട്ടറില്‍ കിടന്ന ഒരു ശ്രീചക്രത്തിന്റെ പേപ്പര്‍ പ്രിന്റൗട്ട് രൂ 150 വെച്ച് ലക്ഷത്തിലധികമാണ് വിറ്റു പോയത്. തപസ്യാനന്ദ ഗണപതിയെയുമെടുത്തുകൊണ്ട് മോഹനന്റെ കണ്‍വെട്ടത്തുനിന്നും മാറിക്കളഞ്ഞു. പിന്നീട് മനോരമ മോഹനനോട് ആ പരസ്യം കൊടുക്കുകയില്ലെന്നും പറഞ്ഞു. പന്തളത്തു സി.ഐ. ആയി വന്ന ഒരു വിദ്വാന്‍ മോഹനനെ റെയ്ഡുചെയ്തപ്പോള്‍ പ്രിയപ്പെട്ടതായി എടുത്തു സൂക്ഷിച്ചത് മോഹനന്റെ മകള്‍ മോഹനന് എഴുതിയ ഒരു കത്താണ്! 'ഈ കളിപ്പീരൊക്കെ നിര്‍ത്തി നമുക്ക് വല്ല കച്ചവടവും ചെയ്തു ജീവിക്കാമച്ഛാ' എന്നായിരുന്നു അതിലെഴുതിയിരുന്നത്.
              'ഇറച്ചി കോഴികള്‍ വില്‍ക്കപ്പെടും' എന്നുളള ബോര്‍ഡാണ് മലയാളിയുടെ മറ്റൊരു സംഭാവന. ഏതു കോഴികളാണാവോ ഇറച്ചി വില്‍ക്കുന്നത്? എങ്കില്‍ പിന്നെ ഇറച്ചി വാങ്ങുന്നതിനു പകരം വില്‍ക്കുന്നവരെ നോക്കിവെക്കാമായിരുന്നു. അനൗണ്‍സുമെന്റുകാരന്‍ എന്നെ കൊതിപ്പിച്ചു കളഞ്ഞിട്ടുണ്ട്'..........സുപ്രസിദ്ധ സിനിമാതാരം കാവ്യാമാധവന്‍ .........അനാച്ഛാദനം ചെയ്തുകൊണ്ട് ഉദ്ഘാടനം ചെയ്യപ്പെടുന്നു' എന്നു വിളിച്ചു കൂവിയപ്പോള്‍. പ്രാണന്‍ കളഞ്ഞു ചെന്നപ്പോള്‍ കാവ്യയുടെ അനാച്ഛാദനവുമില്ല(തുണിമാറ്റലുമില്ല) കാവ്യയെ ആരും ഉദ്ഘാടനം ചെയ്യുന്നുമില്ല.
          മൂന്നാറിലെ കാര്യം പറഞ്ഞാല്‍ കൈയേറ്റക്കാരനല്ലാത്ത ഒരു കുടിയേറ്റക്കാരനുമില്ല. കൈയേറാതെ എങ്ങനെയാണ് കുടിയേറുക? കൈയേറിയ ശേഷം എവന്റെയൊക്കെ കുടി ഏറുകയാണോ കുറയുകയാണോ ചെയ്തത് എന്നു നിരീക്ഷിക്കാന്‍ ഉപഗ്രഹസംവിധാനം ഏര്‍പ്പെടുത്തിയിരിക്കയല്ലേ ഇവിടെ? രാഷ്ട്രീയക്കാരന്റെ മറ്റൊരു വായ്ത്താരിയാണ് ചെറുകിട കൈയേറ്റക്കാരനെ ഒഴിപ്പിക്കാന്‍ സമ്മതിക്കില്ല എന്നത്. ക്രിമിനല്‍ കുറ്റകൃത്യത്തെ ചെറുകിടയെന്നും വന്‍കിടയെന്നും ഇന്ത്യയിലെ ഒരു നിയമവും വ്യവച്ഛേദിക്കുന്നില്ല. എങ്കില്‍പിന്നെ അന്‍പതും നൂറും മേടിക്കുന്ന ഉദ്യോഗസ്ഥന്‍മാരെ ഒഴിവാക്കണം. ചെറുകിട മോഷ്ടാക്കളെ ഒഴിവാക്കണം. ബലാല്‍സംഗക്കേസുകളില്‍ സംഗസമയത്ത് ബലം കുറവായിട്ടുളളതിനെ ചെറുകിടയായി കണക്കാക്കണം. OBC കള്‍ക്കുള്‍പ്പടെ ചെയ്യാവുന്ന കുറ്റകൃത്യങ്ങള്‍ക്കു സംവരണം ഏര്‍പ്പെടുത്തണം. ക്വിറ്റ് ഇന്ത്യ എന്ന് ഞാന്‍ എന്നോടു തന്നെ പറയാന്‍ സമയമായെന്നു തോന്നുന്നു.
            എല്ലാവരെയും തുല്യമായി കാണണം എന്നു പറയുന്നത് ശരിയാവുകയില്ല എന്നു ചിലപ്പോള്‍ തോന്നിയിട്ടുണ്ട്. ഒരു പിച്ചക്കാരന്‍ സമസ്തവും ത്യജിച്ചിട്ടു സന്യസിക്കാന്‍ പോകുന്നു എന്ന പ്രഖ്യാപിക്കുന്നതും രാജ്യാവകാശിയും സമ്പന്നതയുടെ നടുവില്‍ കഴിഞ്ഞു വന്നിരുന്നവനുമായ സിദ്ധാര്‍ത്ഥരാജകുമാരന്‍ സന്യസിക്കാന്‍ പോകുന്നു എന്നു പറഞ്ഞതും തമ്മില്‍ വ്യത്യാസമുണ്ട്. ഒന്നുമില്ലാത്തവനു ത്യജിക്കാനും ഒന്നുമില്ല; എല്ലാമുളളവന്റെ ത്യാഗമാണ് മഹത്തരം.സിനിമാതാരം ഭാവന തുണിയുപേക്ഷിച്ചു നൃത്തം ചെയ്യുന്നു എന്നു പറഞ്ഞാല്‍ ആളുകൂടുന്നതിനെക്കാള്‍ ആളുകൂടും മാറാട് മയിലാട് ജഡ്ജി നമിത തുണിയുരിഞ്ഞു നൃത്തം ചെയ്താല്‍. എന്താ കാരണം? വല്ലതുമുളളവളുടെ ത്യാഗമാണ് മഹത്തരം!  

2010, ജനുവരി 29, വെള്ളിയാഴ്‌ച

അപ്പുക്കുട്ടന്‍ ഈ ബ്ലോഗിന്റെ ഐശ്വര്യം

       കഴിഞ്ഞ ദിവസത്തെ പോസ്റ്റ് പലരും വായിച്ചെങ്കിലും ആരും കമന്റുകളൊന്നും എഴുതിയതായി കണ്ടില്ല. അതില്‍ നിന്നും വായിച്ചവരെല്ലാം എബൗ ആവറേജ് മാന്യന്‍മാരാണെന്നു മനസിലായി. അല്പസ്വല്‍പം മന്ത്രവാദവും കൂടോത്രവും ഒക്കെ അറിയാവുന്ന ആളായതുകൊണ്ട് പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ ബൂലോകവാസികളുടെ അറിവിലേക്ക് പ്രസിദ്ധപ്പെടുത്തിയേക്കാമെന്നു വിചാരിച്ചു. ചില കൂതറകള്‍ ഇങ്ങനെയൊരുത്തന്‍ ഇവിടുണ്ടെന്നറിഞ്ഞിട്ടും ഈ ഭാഗത്തേക്കു തിരിഞ്ഞുനോക്കിയില്ല. അവറ്റകളുടെ സൈറ്റില്‍ കരിങ്കാളിയുടെയും കരിങ്കുട്ടിയുടെയും വൈറസുകള്‍ കടന്നാക്രമിച്ച് സിസ്റ്റം അപ്പാടെ ഹാങ്ങാക്കി. നന്ദന എന്ന ബ്‌ളോഗര്‍ ഞാന്‍ വായിക്കുന്നതിനു മുമ്പേ മാതൃഭൂമി വായിച്ചിരുന്നതുകൊണ്ട് സ്ത്രീകളുടെ വസ്ത്രധാരണത്തെപ്പറ്റിയുളള അഭിപ്രായം കവിതയാക്കി മാതൃഭൂമിയേപ്പറ്റിയുളള സൂചന പോലുമില്ലാതെ പോസ്റ്റു ചെയ്തു. അതുകൊണ്ടെന്താ എത്ര മൗലികമായ ആശയം എന്നു പറഞ്ഞ് 7 മരങ്ങോടന്‍മാര്‍ ഉഗ്രന്‍ കമന്റുകളെഴുതി.
      ചിത്രകാരന്‍, നിസ്സഹായന്‍ തുടങ്ങിയ ഒരു പറ്റം ബുദ്ധിസ്റ്റ്-അംബേദ്കറിസ്റ്റ്-നിരീശ്വരവാദ നായകര്‍ പോസ്റ്റ് വായിച്ചു സഹായിക്കാറുണ്ടെങ്കിലും ഞാന്‍ ചെങ്ങന്നൂര്‍ മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന് കലാമണ്ഡലം ഗോപിയുടെ മൂന്നാം ദിവസത്തെ നളനെ കാണാന്‍ പോയത് അറിഞ്ഞില്ല. അല്ലെങ്കില്‍ ബ്രാഹ്മണ്യം ഊട്ടിവളര്‍ത്തിയ വരേണ്യവര്‍ഗത്തിന്റെ അര്‍വാചീനമായ മേധാവിത്വത്വരയുടെ പ്രതീകമായ ആ ദുഷ്ടിനെപ്പറ്റി തീര്‍ച്ചയായും കമന്റെഴുതിയേനെ. മനസ്സുകൊണ്ടു വിപ്ലവകാരിയായാല്‍ അങ്ങേയറ്റം ഞാനൊരു വിവേകാനന്ദനായേനെ ഒരിയ്ക്കലും ഒരു കമ്യുണിസ്റ്റുപാര്‍ട്ടിയുടെ മെമ്പര്‍ഷിപ്പ് എടുക്കുകയില്ല. എത്രമാത്രം നിരീശ്വരവാദിയായാലും അങ്ങേയറ്റം ഞാനൊരു ബുദ്ധനായേക്കും ഒരിക്കലും യുക്തിവാദിസംഘത്തില്‍ അംഗമാകുകയില്ല. നിരീശ്വരവാദികളായാല്‍ ഒരു നാടിന്റെ സാംസ്‌കാരിക വൈവിധ്യത്തെ, തെയ്യം, തിറ, ഉത്സവങ്ങള്‍ തുടങ്ങിയ അനുഷ്ഠാനങ്ങളെ നാം അകറ്റുകയാണ്. മതങ്ങളും അവയുടെ അബദ്ധപഞ്ചാംഗങ്ങള്‍ നിറഞ്ഞ അനുഷ്ഠാനങ്ങളുമില്ലായിരുന്നെങ്കില്‍ ഈ ഭൂമി എത്ര വിരസമായിരുന്നേനെ! എത്രയാന്ത്രികമായിരുന്നേനെ. പഴയ കാലത്തെ ഋഷിമാര്‍ അമ്പലനടയില്‍ പ്രസാദം വാങ്ങാന്‍ തിക്കിതിരക്കിയവരോ പൊങ്കാലയിടാന്‍ വണ്ടി പിടിച്ചു പോകുന്നവരോ ആയിരുന്നില്ല. അവര്‍ മതം മനുഷ്യനെ ആശ്വസിപ്പിക്കുന്നത് നോക്കിക്കണ്ടു. പക്ഷേ സ്വയം പലതില്‍ നിന്നും വിട്ടു നിന്നു.
         കാക്കര കൂക്കര തുടങ്ങിയ ബൂലോകനിവാസികള്‍ വല്ലപ്പോഴും ഈ ബ്‌ളോഗു സന്ദര്‍ശിച്ചു കാണിക്കയിട്ടു. അവര്‍ക്കു അമ്പരപ്പിക്കുന്ന ഹിറ്റുകളുണ്ടായി. ബ്ലോഗില്‍ ആദ്യാക്ഷരം കുറിക്കുന്ന ചില ബാലന്‍മാര്‍ അബദ്ധത്തില്‍ ഇവിടം സന്ദര്‍ശിച്ചു. അവര്‍ക്ക് നല്ല ആണുങ്ങളുടെ ബ്‌ളോഗു സന്ദര്‍ശിക്കുന്നതുവരെ കൊണ്ടു നടക്കാന്‍ ഒരു വിഡ്ജറ്റു കിട്ടി. ബാംഗഌരില്‍ നിന്നുളള ഒരു ജ്യോത്സ്യന്‍ ബ്ലോഗര്‍ ആദ്യകാലത്ത് എന്നെ രണ്ടു തെറി പറഞ്ഞു. അയാളുടെ കക്ഷികളെല്ലാം കുടമാളൂര്‍ ശര്‍മയുടെ അടുത്തേക്കു കൂട്ടമായി പൊക്കളഞ്ഞു.
അമേരിക്കയിലെ ശാശി ശീശീ എന്നീ രണ്ടു വൃദ്ധകന്യകകള്‍ ഈ ബ്ലോഗിനെപ്പറ്റി അവരുടെ കൂട്ടുകാരികളോട് നല്ലവാക്കു പറഞ്ഞു. എന്തൊരത്ഭുതം മാന്ദ്യം വന്ന ഒരു സായിപ്പ് അവര്‍ക്കു കല്യാണമാലോചിച്ചു. ഗള്‍ഫിലെ നഴ്‌സുമാരായ രണ്ടു സുന്ദരിക്കോതകള്‍ ഇത് അശ്ലീലമാണെന്ന് അപവാദം പറഞ്ഞു. എന്തുപറ്റി? ആലോചിച്ചുറപ്പിച്ചിരുന്ന അവരുടെ കല്യാണച്ചെക്കന്‍മാരെ പെണ്‍വാണിഭക്കേസില്‍ പോലീസുപൊക്കി.       എന്തിനധികം പറയണം എന്താണെന്നറിയാത്തതുകൊണ്ട് ആദ്യസമയത്ത് ഈയുളളവന്‍ adsense എന്നയിടത്തു ചെന്ന് വിവരങ്ങള്‍ സമര്‍പ്പിച്ചു. ഗൂഗിള്‍ എന്ന ഭീമന്‍ പറഞ്ഞു മോനേ 6 മാസം കഴിഞ്ഞു വാ നോക്കാം എന്ന്. കൃത്യം 41 ദിവസം കഴിയുന്നതിനു മുന്‍പേ ചൈനയില്‍ നിന്നുളള ഹാക്കര്‍മാര്‍ അവരുടെ സൈറ്റുകള്‍ കടന്നാക്രമിച്ചു. അപ്പുക്കുട്ടന്‍ എന്ന ബ്‌ളോഗര്‍ ഇതിലെ എല്ലാ പോസ്റ്റുകളും വരുമ്പോള്‍ 100 പേര്‍ക്ക് ഈമെയില്‍ അയച്ചു വിവരം പറഞ്ഞു. എന്തദ്ഭുതം ഇന്നലെ അപ്പുക്കുട്ടന് 3 കുട്ടികള്‍ ഉണ്ടായി. നിങ്ങളും ഗുണമോ ദോഷമോ ആകട്ടെ ഈമെയിലോ ഫീമെയിലോ അയച്ചു നോക്കൂ എന്താ സംഭവിക്കുന്നതെന്നറിയാമല്ലോ?

2010, ജനുവരി 27, ബുധനാഴ്‌ച

ലേഡീസ് ഒണ്‍ലി

( ഇതു മുഴുവന്‍ വായിക്കുന്നവര്‍ക്ക് ഒരു സ്ക്രാച്ചുകാര്‍ഡ് ലഭിക്കുകയും തദ്വാരാ ഇപ്രാവശ്യത്തെ ലേഡീസ് ബമ്പര്‍ അടിക്കുകയും ചെയ്യും)

         സ്ത്രീ ശരീരസംബന്ധിയായ സ്വയംനിര്‍ണയനവും അവര്‍ നടത്തുന്ന വൈയക്തികവും സാമൂഹികവുമായ അന്വേഷണങ്ങളും അലച്ചിലുകളും ആനന്ദത്തിന്റെയും സംതൃപ്തിയുടെയും വൈയക്തികമായ ഇടങ്ങളും നാം കാണാതിരുന്നുകൂടാ. ദൈനംദിനജീവിതത്തിന്റെ പ്രായോഗികവും ദാര്‍ശനികവുമായ സ്ഥലികളില്‍ സ്ത്രീയുടെ വൈയക്തികാനുഭവങ്ങളുടെ സൂക്ഷ്മചരിത്രം സങ്കീര്‍ണമായി ലയിച്ചുകിടക്കുന്നു. അത് ശാരീരികമായ അതിക്രമങ്ങളും ലൈംഗികചൂഷണങ്ങളും ലിംഗവിവേചനങ്ങളും എല്ലാം ഉളളടക്കുന്നുണ്ട്. ശരീരത്തിന്റെ, ശരീരപ്രതീതിയുടെ അധികമാനം എപ്പോഴും ലക്ഷ്യമാക്കുന്ന ഫാഷന്‍, സൗന്ദര്യത്തിന്റെയും അപ്പിയറന്‍സിന്റെയും ഇംപ്രഷന്റെയും ഇഫക്ടിന്റെയും വ്യത്യസ്തവും സദാ മാറിക്കൊണ്ടിരിക്കുന്നതും ചിലപ്പോഴെങ്കിലും പരസ്പരവിരുദ്ധവുമായ ഒരിടത്തെ ലക്ഷ്യമാക്കി നീങ്ങുന്നതാണ്.
            ഉത്തമനായ ഒരു പുന്നാഗനെയും വീക്ഷിക്കാനോ, സ്പര്‍ശിക്കാനോ ഉത്തമമായ സൗകര്യങ്ങള്‍ അനുകൂലമായ കാലസ്ഥലികളോടുചേര്‍ന്ന് സൃഷ്ടിതപ്രായമാകാതിരിക്കയാലും അഗമ്യരൂപയും അനന്തചിന്തയാല്‍ ആകുലയും വ്യഥിതയും പൈതൃകവഴിയില്‍ അധ്വാനലേശമില്ലാതെ മൂന്നിനു മുന്നൂറുനേരവും മൂക്കുമുട്ടെ തിന്നുമുടിച്ചും തൊറൈകാഴ്ചി കണ്ട് രസിച്ചും കഴിയാനിടവരികകൊണ്ട് മനസ്സ് ചെകുത്താന്റെ ഒന്നാന്തരമൊരു വര്‍ക്കുഷോപ്പുപോലെയായിത്തീര്‍ന്നതോ എന്നുതോന്നിക്കുന്ന ഭൂമിമലയാളത്തിലെ ഒരു സ്ത്രീപ്രജ 'മുത്തമണിസ്തനയുഗം പതിഞ്ഞതായി മെത്തമേലരിയ പാടു കാണ്‍മുഞാന്‍ ചിത്തമോഹിനി കമിഴ്ന്നതില്‍ കിടന്നത്തല്‍ പോക്കിയതിനുണ്ടു ലക്ഷണം' എന്നമാതിരി തിരിഞ്ഞും മറിഞ്ഞും കിടന്ന് ചിന്താവിഷ്‌കാരതത്പരയായി മനസിന്റെ അന്തരാളങ്ങള്‍ ഉലഞ്ഞനിലയില്‍, കണങ്കാലിനു മേലേക്കുമാറിക്കിടന്ന നിശാവസ്ത്രത്തിന്റെ തുമ്പുടക്കി, അതു വലിച്ചുപറിച്ചുകളഞ്ഞ് വിസര്‍ജനഗേഹത്തിലേക്കു 'യുറേക്കാ' എന്നു വിളിച്ചുകൊണ്ട് പാഞ്ഞുചെന്ന് ആത്മപ്രതിഫലിനിയായ സ്വച്ഛസങ്കാശത്തില്‍ സ്വരൂപം കണ്ടു ഭയന്നും അയോഗ്യമായ അഴകളവുകളുളള അവയവഭീകരതകളില്‍ ആത്മരതി നുണഞ്ഞും വിഷയബീജം അണ്‍ഡം ഭേദിച്ചു നങ്കൂരമിട്ടതിന്റെ തൃപ്തിയില്‍ നല്ലോണം വിരേചനം നടത്തിയും ചവരുകളുടെ ബന്ധിതസ്വാതന്ത്ര്യത്തില്‍ ആലോചിച്ചുറപ്പിച്ച, സ്ത്രീകളുടെ വസ്ത്രസ്വാതന്ത്ര്യത്തെക്കുറിച്ചുളള ഒരു ലേഖനം  മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ (2010 ജനവരി 31, വില 12 രൂപ) വന്നതിന്റെ ആമുഖത്തിലെ ഏതാനും വരികളാണ് മേലുദ്ധരിച്ചത്. ഇതുങ്ങള്‍ക്കൊക്കെ നേരേചൊവ്വേ കാര്യം പറഞ്ഞുകൂടായോ?
             ആദമിന്റെ വാരിയെല്ലൂരി ഹവ്വയെ സൃഷ്ടിച്ചപ്പൊഴേ കാര്യങ്ങള്‍ കുത്തഴിഞ്ഞു പോയിരുന്നു. ദൈവത്തിന് ഒരബദ്ധം പിണഞ്ഞു. മറ്റെല്ലാ ജീവി വര്‍ഗങ്ങളിലും ആണ്‍ സൗന്ദര്യത്തിന്റെ പ്രതീകമാണ്. സിംഹത്തെ നോക്കൂ, ആനയെ നോക്കൂ, മയിലിനെ നോക്കൂ അങ്ങനെയെല്ലാം. ഹവ്വയുടെ കാര്യത്തില്‍ എല്ലു വലിച്ചൂരിയ കൂട്ടത്തില്‍ സൗന്ദര്യം നല്‍കുന്ന കൂട്ടുദ്രാവകം കൂടി അതില്‍ പറ്റിപ്പിടിച്ചുപോയി. അന്നു മുതലേ പ്രലോഭനത്തിന്റെ കുത്തക സ്ത്രീ കൈവശപ്പെടുത്തിക്കളഞ്ഞു. ഇന്നും അതു തുടരുന്നു. വസ്ത്രം ഇന്ന് പ്രലോഭനത്തിനുളള ഒരു ആയുധം കൂടിയായിത്തീര്‍ന്നിരിക്കുന്നു. ഈ സത്യത്തെയാണ് ചരിത്രപരവും പ്രത്യയശാസ്ത്രപരവുമായ മാനങ്ങളിലൂടെ ആയമ്മ പോളിഷ് ചെയ്യാന്‍ ശ്രമിക്കുന്നത്. പഴയ കാലത്ത് മിക്ക ഗ്രാമങ്ങളിലും ഓരോ ചട്ടമ്പിയും ഓരോ അഭിസാരികയും കാണും അവരെ ഭയന്നും സ്വപ്‌നം കണ്ടും കഴിഞ്ഞാല്‍ മതിയായിരുന്നു. ഇന്ന് കാര്യങ്ങള്‍ മാറി. ഓരോ മനുഷ്യനിലും ഒരു ചട്ടമ്പി വളര്‍ന്നു വരാന്‍ തുടങ്ങിയിരിക്കുന്നു; ഓരോ സ്ത്രീയിലും ഒരു അഭിസാരികയും. ഇതാണ് കാലം വരുത്തിയ മാററം. എല്ലാവരും വഴിവിട്ടു പോകുന്നു എന്നല്ല, വസ്ത്രധാരണത്തില്‍ ആ നിലയിലാണ് സംഗതിയുടെ പോക്ക്.
          വസ്ത്രധാരണത്തിലല്ല ഫാഷന്‍ വന്നത്, വസ്ത്രലോപത്തിലാണ്. ചാനലുകള്‍ വഴി എത്ര അല്പവസ്ത്രധാരിണികളാണ് നിത്യവും ചാനലുകള്‍ വഴി വീട്ടില്‍ വന്നു പോകുന്നത്! (ഇവരെ കാണുന്നത് എനിക്കൊരു ബുദ്ധിമുട്ടാണെന്നല്ല, വീട്ടിലുളള മറ്റുളളവരെയെല്ലാം എന്നും എവിടെ പറഞ്ഞു വിടാനാണ്!) നിര്‍മ്മാതാവിന്റെ അഞ്ചെട്ടു ലക്ഷം പൊടിച്ച് ഒരു സീരിയലിന്റെ പൈലറ്റ് എപ്പിസോഡ് പിടിക്കാന്‍ പോയ വകയില്‍ പഠിക്കാന്‍ പറ്റിയ കാര്യം നിത്യജീവിതത്തില്‍ നാം ധരിക്കാന്‍ പാകത്തിനു തയ്ക്കുന്നതുപോലെയല്ല സിനിമയിലും മറ്റും സ്ത്രീകള്‍ക്ക് വസ്ത്രാലങ്കാരം നടത്തുന്നത് എന്നതാണ്. ജീവിതത്തില്‍ ഒരിക്കലും ധരിക്കാന്‍ കഴിയാത്ത തരത്തിലുളളതാണ് സിനിമയിലെ ആണിന്റെയും പെണ്ണിന്റെയും വസ്ത്രം. പെണ്ണുങ്ങള്‍ക്ക് തൊലിയോടുചേര്‍ന്നുകിടക്കുന്ന മറ്റൊരു തൊലിപോലെ വേണം തുണികള്‍. ആച്ഛാദിതമായി അകത്തുളളത് പുറത്തുകാണിക്കുന്നതാണ് വസ്ത്രാഹങ്കാരം. നൃത്തം എന്ന പേരു പറഞ്ഞാല്‍ കാമകലയിലെ 64 പൊസിഷനുകളും ( ആ അത്രേ എനിക്കറിയാവൂ!) സിനിമയില്‍ ഡമോ കാണിക്കാന്‍ നടികള്‍ തയ്യാര്‍. ഇതൊക്കെ കണ്ട് ഉടപ്പിറന്നോളും ഒരുമ്പെട്ടോളാകുമ്പോഴാണ് ഒരു ബുദ്ധിമുട്ട്.
          ഇങ്ങനെയൊക്കെയാണെങ്കിലും നമ്മുടെ നാട് കിരാതത്വത്തിലേക്കാണ്. ബസില്‍ സ്ത്രീകള്‍ക്കു സംവരണം, ട്രെയിനില്‍ പ്രത്യേക കോച്ച്, പഞ്ചായത്തില്‍ സംവരണം എന്നുവേണ്ടാ സമത്വം ആവശ്യപ്പെടുന്നവര്‍ സമമായിനില്‍ക്കാന്‍ തയ്യാറല്ലെന്നു മാത്രം. എല്ലായിടത്തും അവര്‍ക്കു ലേഡീസ് ഒണ്‍ലി വേണം. പക്ഷേ സ്ത്രീകളുടേതുമാത്രമായ ഒരേ ഒരു ജീവി പുരുഷന്‍ മാത്രമാണ്. അതു മറക്കരുത്. മനസ്സിലായില്ലേ? മനസിലാക്കിത്തരാം.
            ഒരു നമ്പൂതിരി ത്രിശൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് ട്രാന്‍സ്‌പോര്‍ട്ടു ബസ്സില്‍ കയറി. കുറെക്കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിനു കലശലായ മൂത്രശങ്ക! എങ്ങും അധികനേരം ബസ് നിര്‍ത്തുന്നുമില്ല. കടിച്ചുപിടിച്ചിരുന്ന അദ്ദേഹം കായങ്കുളമെത്തിയപ്പോള്‍ ഡ്രൈവര്‍ സിഗരറ്റു വലിക്കാനിറങ്ങിയതുകണ്ട് ചാടിയിറങ്ങി ടോയ്‌ലറ്റിലേക്കോടിക്കയറി കാര്യം സാധിക്കാന്‍ തുടങ്ങി. ഔട്ട് പോസ്റ്റില്‍ ഡ്യൂട്ടിയിലായിരുന്ന പോലീസുകാരന്‍ നോക്കുമ്പോള്‍ ഒരുത്തന്‍ 'ലേഡീസ് ഒണ്‍ലി' എന്നെഴുതിയ ടോയ്‌ലറ്റിലേക്കോടി കയറുന്നു. അയാള്‍ ചെന്ന് കക്ഷിയുടെ കോളറിനു കുത്തിപ്പിടിച്ച് പുറകോട്ടേക്കു വളച്ച് 'ബോര്‍ഡു കണ്ടോടാ' എന്നു ചോദിച്ചു. അപ്പോള്‍ നമ്പൂതിരി  രണ്ടു വിരലുകള്‍ക്കിടയിലിരിക്കുന്ന സംഗതിയിലേക്കും പോലീസുകാരന്റെ മുഖത്തേക്കും ഏകലോചനം നടത്തിക്കൊണ്ടു പറഞ്ഞു: 'This is also meant for ladies only sir, 'he' only entered the toilet.'

2010, ജനുവരി 24, ഞായറാഴ്‌ച

ഗുരുവിനു വിയര്‍ക്കുകയും ശ്മശ്രു കിളിര്‍ക്കുകയും ചെയ്യുന്നത് എന്തുകൊണ്ട്?

ഗുരുവിനു വിയര്‍ക്കുകയും ശ്മശ്രു കിളിര്‍ക്കുകയും ചെയ്യുന്നത് എന്തുകൊണ്ട്?
      ഒന്നു രണ്ടു വര്‍ഷം മുന്‍പ് കോടുകുളഞ്ഞി എന്ന സ്ഥലത്ത് ശ്രീനാരായണഗുരുപ്രതിമയില്‍ താടിയും പൂടയും വളര്‍ന്നതായി വാര്‍ത്ത പടര്‍ന്നു പിടിച്ചു. ഏതാനും ദിവസം കഴിഞ്ഞപ്പോള്‍ ആലപ്പുഴയ്ക്കടുത്ത് മറ്റൊരു ഗുരുവിനു വിയര്‍ത്തുവത്രേ! കോടുകുളഞ്ഞിയിലേക്കു ബസ്സില്‍ ആളുകള്‍ തീര്‍ത്ഥാടനം നടത്താന്‍ യോഗം സെക്രട്ടറി വെളളാപ്പളളി നടേശന്‍ നിര്‍ദ്ദേശം നല്‍കി. നിന്ന നില്‍പ്പില്‍ മാടക്കടക്കാരന്‍ മുതലാളിയായി. പാര്‍ക്കിംഗ് ഗ്രൗണ്ടുകള്‍ ഉണ്ടായി. കച്ചവടസ്ഥാപനങ്ങളും ഹോട്ടലുകളും ഉയര്‍ന്നു. ഗുരുവിന് ക്ഷൗരം ചെയ്യേണ്ടത് വെറും ബാര്‍ബറാണോ വാത്തിയാണോ എന്ന് ബാര്‍ബേഴ്‌സ് അസോസിയേഷനില്‍ തര്‍ക്കമായി. ഈ സംഭവങ്ങള്‍ കണ്ടശേഷമാണ് ആലപ്പുഴയിലെ ഗുരുവിനു വിയര്‍ക്കാന്‍ തുടങ്ങിയത്. പക്ഷേ ഏതാനും ദിവസമേ ഗുരുവിന്റെ വിയര്‍പ്പും താടി വളര്‍ച്ചയും നീണ്ടുനിന്നുളളൂ. ദിവ്യജ്യോതിക്ഷേത്രം എന്നൊക്കെ പേരിട്ടിടത്ത് അവശേഷിച്ചത് പിരിഞ്ഞു കിട്ടിയ 25 ലക്ഷത്തോളം രൂപയെച്ചൊല്ലിയുളള ചെങ്ങന്നൂര്‍ മുന്‍സിഫ് കോടതിയിലെ അഞ്ചാറു കേസുകള്‍ മാത്രം. പക്ഷേ ഈ നൂറ്റാണ്ടിലെ യുഗപ്രഭാവനായ സാമൂഹ്യ പരിഷ്‌ക്കര്‍ത്താവ് ശ്രീനാരായണഗുരു മഞ്ഞത്തുണികൊണ്ടു മൂടിയ SNDP യോഗത്തിന്റെ ചില്ലുകൂടുകളിലിരുന്ന് നന്നായി ഇപ്പോഴും വിയര്‍ക്കുന്നുണ്ടെന്നതാണ് സത്യം. എന്തുകൊണ്ട്?

           സമുദായത്തെ ബന്ധിക്കുന്നതും ജാതിയെപ്പറ്റിയുളളതുമായ വസ്തുനിഷ്ഠമായ പല കാര്യങ്ങളും മുഖ്യധാരാമാധ്യമങ്ങള്‍ തമസ്‌ക്കരിക്കുകയും മൂടിവെക്കുകയും ചെയ്യും. അത് അവരുടെ അതിജീവനത്തിന്റെ പ്രശ്‌നമാണ്. ഏതെങ്കിലുമൊരു സമുദായത്തിന്റെ അല്ലെങ്കില്‍ മതത്തിന്റെ തോളില്‍ മുഖ്യമായി ചാരി നില്‍ക്കുകയും മറ്റുവിഭാഗങ്ങളിലേക്കു പടരുകയും ചെയ്യുകയെന്നതാണ് കേരളത്തിലെ പ്രിന്റു മീഡിയയുടെ അതിജീവനതന്ത്രം. അതിനാല്‍ ഒരു പത്രവും സത്യസന്ധമായ വര്‍ത്തമാനം പറയാനുളള ആര്‍ജവം കാണിക്കുന്നില്ല. ഇത്തരം അംഗീകൃതമായ ചില കളിപ്പിക്കലുകളുടെ മേലാണ് മലയാളിയുടെ സാമൂഹ്യബോധം കെട്ടിപ്പൊക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ബ്രാന്‍ഡഡ് പാക്ക്ഡ് വാര്‍ത്തകളല്ലാത്ത എത്ര വലിയ സത്യവും മലയാളിയുടെ കണ്‍മുന്നിലുളള കാണാത്ത കാഴ്ചയായിരിക്കും.

          ഒന്നാമത്തെ സത്യം ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ്, കാലിക്കട്ട് യൂണിവേഴ്‌സിറ്റിയുടെ വൈസ് ചാന്‍സലറായിരുന്ന ഡോ. ടി. കെ. രവീന്ദ്രന്‍ തെളിവു സഹിതം സ്ഥാപിച്ചതാണ്. SNDP യോഗത്തിന് ഗുരുവിന്റെ പൈതൃകം അവകാശപ്പെടാന്‍ ഒരു അര്‍ഹതയുമില്ല. ഗുരുവിന്റെ അനുഗ്രഹാശിസ്സുകളോടെ അദ്ദേഹം ആരംഭിച്ചതാണെങ്കിലും പിന്നീട് ഒരു ഘട്ടത്തില്‍ അദ്ദേഹം തന്റെ സ്വത്തുവകകള്‍ ഒരു സന്യാസിസംഘം സ്ഥാപിച്ച് ഒസ്യത്തു വഴി അതിനു ലഭിക്കത്തക്കവിധമാക്കി. ഇതില്‍ നീരസം തോന്നിയ സി.വി. കുഞ്ഞുരാമന്റെ നേതൃത്വത്തിലുളള യോഗം ഗുരുവിനെതിരെ തിരുവനന്തപുരം മുന്‍സിഫ് കോടതിയില്‍ ഒസ്യത്തു റദ്ദാക്കാന്‍ ഹര്‍ജി കൊടുത്തു. ഹര്‍ജിയിലെ പ്രധാന പോയിന്റ് ഗുരുവിന് പ്രായാധിക്യം കാരണം ബുദ്ധിസ്ഥിരതയില്ലെന്നായിരുന്നു. മാത്രവുമല്ല ചിലര്‍ ഗുരുവിനെ കൊല്ലത്തുണ്ടായിരുന്ന നീലാഹോട്ടലില്‍ കൊണ്ടുപോയി ഭീഷണിപ്പെടുത്തി ഒസ്യത്തു മാറ്റിയെഴുതാന്‍ ഭീഷണിപ്പെടുത്തുകയും ചെയ്തുവത്രേ. അന്നു ഗുരു പറഞ്ഞത് ഞാന്‍ മരുന്നുകൊടുത്തും മന്ത്രവാദം ചെയ്തും ഉണ്ടാക്കിയ ധനമാണ് അതെങ്ങനെ ചെയ്യണമെന്ന് നമുക്കറിയാം എന്നായിരുന്നു. കൂടാതെ അദ്ദേഹം കുറേക്കൂടി പരിഷ്‌കൃതമായ ഭാഷയില്‍ നമുക്ക് ഇനിമേലില്‍ മനസാ വാചാ കര്‍മണാ SNDP യോഗവുമായി ഒരു ബന്ധവുമില്ല എന്ന് പ്രഖ്യാപിക്കുകയും ചെയ്തു. അങ്ങനെ ഗുരുവിന്റെ ആശയാഭിലാഷങ്ങളുടെ ശത്രുക്കളാണ് പിന്നീട് യോഗത്തെ കൊണ്ടു നടന്നത്.

           രണ്ടാമത് കാലാനുസൃതമായി പരിഷ്‌കൃതനും, ദീര്‍ഘദര്‍ശിയുമായ ഗുരുവിന്റെ ദര്‍ശനങ്ങളെ അര്‍ഹിക്കുന്ന മാന്യതയോടെ കൊണ്ടു നടക്കുന്നതിനു പകരം മതാതീത ആത്മീയത എന്നൊക്കെ ചപ്പടാച്ചി അടിച്ച് ഈഴവസമൂഹത്തെ അതിന്റെ നേതാക്കന്‍മാര്‍ ആത്മീയമായും ബൗദ്ധികമായും നിലയില്ലാക്കയത്തിലേക്കു ചവിട്ടിത്താഴ്ത്തി എന്നതാണ്. ഈഴവസമൂഹം അമ്മാത്തു നിന്നിറങ്ങുകയും ചെയ്തു ഇല്ലത്തൊട്ടെത്തിയതുമില്ല എന്ന അവസ്ഥയിലായി. സ്വത്വം നഷ്ടപ്പെട്ട ഒരു സമൂഹമാണ് ഇന്ന് ഈഴവര്‍. ഹിന്ദു സമൂഹത്തില്‍ നിന്നും വേര്‍പെട്ട് ഒരു മതം സൃഷ്ടിക്കാനാണ് ചിലര്‍ ശ്രമം നടത്തിയത്. അതിന് ഗുരുവിനെ ദൈവമായി തെരഞ്ഞെടുക്കുകയും ചെയ്തു. നവഭാരതശില്പിയായ ബാലഗംഗാധരതിലകന്‍ ജനിച്ചശേഷം അതേ വര്‍ഷം 1856 ല്‍ ജനിച്ച ഗുരുവിനെ ഒരു ദൈവമായി കരുതാന്‍ ഈഴവസമുദായത്തില്‍ തന്നെ എത്ര പേര്‍ക്കാവും? ദൈവം എന്ന അനന്തമായ അര്‍ത്ഥതലങ്ങളുള്ള പദവ്യാപ്തിക്കുളളില്‍ ഗുരുവിനെ ചവിട്ടിയൊതുക്കിയേടത്തെല്ലാം മറ്റു സമുദായങ്ങള്‍ ഉളളില്‍ ചിരിക്കുകയും പരിഹസിക്കുകയും ചെയ്തു.

           ഏതെങ്കിലും കുരിശടിയിലെ പറ്റിപ്പിടിച്ച പായലില്‍ മാതാവിന്റെ ദിവ്യരൂപം തെളിഞ്ഞെന്നോ, സര്‍പ്പത്തറയിലെ വിഗ്രഹം പാലുകുടിച്ചെന്നോ പറഞ്ഞാല്‍ പോലും വന്‍ സ്വീകാര്യത ലഭിക്കുന്നിടത്ത് സ്വീകാര്യതയില്ലാത്തദൈവവും ദിവ്യാത്ഭുതങ്ങള്‍ക്കു സ്‌കോപ്പില്ലായ്മയും ഈഴവസമൂഹത്തെ ആദ്ധ്യാത്മികവരള്‍ച്ചയിലേക്കും ഗുരു അത്ഭുതം കാണിക്കുന്നതിനുളള അദമ്യമായ ദാഹത്തിലേക്കും നയിച്ചു. വികല്പമാനസരുടെ ആ ദാഹമാണ് ഗുരുവിനെ വിയര്‍പ്പിക്കാനും പൂട കിളിപ്പിക്കാനും നടന്നതിന്റെ പിന്നില്‍.
നൂറിലധികം ക്ഷേത്രങ്ങള്‍ പ്രതിഷ്ഠിച്ച അദ്ദേഹത്തെ മതാതീത ആത്മീയതയുടെ ആചാര്യനാക്കിയാല്‍ അദ്ദേഹത്തിന്റെ ആത്മാവ് വിയര്‍ക്കാതിരിക്കുന്നതെങ്ങനെ?

           സാധാരണക്കാരനില്‍ സാധാരണക്കാരനായ ഈഴവന്‍ കാക്കത്തൊളളായിരം ഹൈന്ദവാചാരങ്ങളെ ഒരേസമയം മുറുകെപ്പിടിക്കാനും തള്ളിപ്പറയാനും നിര്‍ബന്ധിതനായി. ബ്രാഹ്മണ്യത്തെ തളളിപ്പറയുന്ന യോഗത്തിന്റെ സാംസ്‌കാരിക സമ്മേളനത്തിലെ പ്രസംഗം കേട്ടശേഷം പിറ്റേന്നു പോകുന്നത് ഗുരുവായൂരില്‍ കുട്ടിക്കു ചോറുകൊടുക്കാനാണ്. അവിടെ ആചാരങ്ങള്‍ സടകുടഞ്ഞു നില്‍ക്കുന്നിടത്ത് കുറ്റവാളിയെപ്പോലെ ഓച്ഛാനിച്ചു നില്‍ക്കേണ്ടുന്ന അവസ്ഥ! ഇങ്ങനെ സ്വത്വം നഷ്ടപ്പെട്ട സമൂഹത്തില്‍ കട്ടും കളളുവിറ്റും നടന്നവര്‍ക്ക് അടിസ്ഥാനമൂല്യങ്ങളില്‍ വിശ്വസിക്കുന്നവരേക്കാള്‍ സ്വീകാര്യത കിട്ടി. ഭൗതിക തലത്തിലും പെട്ടന്നു സമ്പന്നരാകാന്‍ ഈഴവസമൂഹത്തിനു അവസരം കിട്ടി. ഇതില്‍ ഒന്ന് ഗുരുവിന്റെ അടിസ്ഥാനമൂല്യങ്ങളില്‍ ഒന്നിനെ നിഷേധിക്കുന്നതായ മദ്യോത്പാദനമേഖലയിലായിരുന്നു. കാതലായതിനെ നിഷേധിക്കേണ്ടി വന്ന പ്രമാണിമാര്‍ ജാതി ചോദിക്കരുത് പറയരുത് തുടങ്ങിയ വചനങ്ങളെയും വലിച്ചെറിഞ്ഞുകൊണ്ട് ഗുരുവിനെ പണം സമ്പാദിക്കാനും വെട്ടിപ്പു നടത്താനുമുളള ഒരു ബ്രാന്റു നെയിമാക്കി മാറ്റി.

          ഇപ്പോള്‍ നടേശഗുരുവാണ്  ഈഴവസമൂഹത്തിന്റെ അപ്പോസ്തലന്‍! നേരേനിന്നു നോക്കിയാല്‍ മുട്ടയുടെ മുകള്‍ഭാഗം പോലെയിരിക്കുന്ന ഒരു തലയും, പുറത്തേക്കുകിളിക്കേണ്ട മുടി അകത്തേക്കു കിളിച്ച് തലച്ചോറിന്റെ ഭാഗം അപഹരിച്ചിരിക്കുന്നതു കാരണം നിലാവു കണ്ട കുറുക്കനെപ്പോലെ വെളിപാടു തോന്നിയാല്‍ തോന്നുംപോലെ ഓരിയിട്ടും, സമുദായത്തെ എക്കാലവും തന്റെ കുടുംബകാര്യമാക്കി കൊണ്ടു നടക്കാമെന്നു സ്വപ്‌നം കണ്ടും നടക്കുന്ന മൂഢനും അല്പനും ആയ ശ്രീ വെളളാപ്പളളി നടേശന്‍ അവര്‍കള്‍ക്ക് എത്ര അവകാശപ്രഖ്യാപനം നടത്തിയാലും കാലത്തിന്റെ ചവറ്റുകൊട്ടയിലായിരിക്കും സ്ഥാനം.  

2010, ജനുവരി 22, വെള്ളിയാഴ്‌ച

ശബരിമലയില്‍ കാക്ക തൂറിയാലും ഹൈക്കോടതി

ശബരിമലയില്‍ കാക്ക തൂറിയാലും ഹൈക്കോടതി
            ഒരു തീര്‍ത്ഥാടന സീസണ്‍ കൂടി കഴിഞ്ഞു. ശബരിമലയില്‍ കഴിഞ്ഞ തവണത്തേക്കാള്‍ വരുമാനം കൂടിയപ്പോള്‍ എല്ലാം ഭംഗിയായി. തീവെട്ടിക്കൊളളയുടെ ആസ്ഥാനമാണ് അവിടം. മാദ്ധ്യമങ്ങളും കോടതിയുമാണ് കുറെയൊക്കെ നിയന്ത്രിച്ചു വരുന്നത്. എന്നാല്‍ ഇതിന്നിടയില്‍ നാമറിയാതെ നമ്മെ വിഴുങ്ങുന്ന ജുഡൂഷ്യല്‍ ആക്ടീവിസം എന്ന ഒരു ദുര്‍ഭൂതം അവിടെ താവളമടിച്ചത് ശ്രദ്ധിക്കാതിരുന്നുകൂടാ.
ഇന്ത്യയുടെ ഭരണനിര്‍വഹണ സംവിധാനത്തെ മൂന്നു കമ്പാര്‍ട്ടുമെന്റുകളായി ഭരണഘടനാ ശില്‍പികള്‍ തിരിച്ചിട്ടുണ്ട്. നിയമനിര്‍മാണത്തിന് നിയമനിര്‍മാണ സഭ, നിയമവ്യാഖ്യാനത്തിനും നീതിനടത്തിപ്പിനും ജുഡീഷ്യറി, പാര്‍ലമെന്റ് വിഭാവന ചെയ്യുന്ന കാര്യങ്ങള്‍ നടപ്പില്‍ വരുത്താന്‍ എക്‌സിക്കുട്ടീവ്. തൂപ്പുകാരന്‍ മുതല്‍ പ്രധാനമന്ത്രി വരെ എക്‌സിക്കുട്ടീവിന്റെ ഭാഗമാണ്.
              നാട്ടുരാജാക്കന്‍മാരെ പ്രീണിപ്പിച്ചും വിരട്ടിയും പണ്ടകശാലകള്‍ കെട്ടി ഫ്രഞ്ചുകാരും പോര്‍ച്ചുഗീസുകാരും ഇംഗ്ലീഷുകാരും തുടങ്ങിയ അധിനിവേശം അവസാനം സിംഹഭാഗവും ഇംഗ്ലീഷുകാരില്‍ ഒതുങ്ങിയപ്പോള്‍ അവര്‍ ഒരു വലിയ യാഥാര്‍ത്ഥ്യം മനസ്സിലാക്കി. പേരിന് അധികാരം മാത്രമേ തങ്ങള്‍ക്കു ലഭിച്ചുളളൂ. കേരളത്തിലെ സമസ്ത സ്വത്തുക്കളും ഭൂമിയും ദേവാലയങ്ങളുടെ വകയായി ദേവസ്വം ഭൂമിയായോ, ബ്രഹ്മസ്വം വകയായി ബ്രാഹ്മണരുടെ കൈവശമോ ആണ് കിടക്കുന്നത്. അന്നു തുടങ്ങിയ കൈയടക്കലിന്റെ ബാക്കിപത്രമാണ് ഹിന്ദുക്കളുടെ ദേവാലയങ്ങള്‍ മാത്രം സര്‍ക്കാര്‍ നിയന്ത്രണത്തിലായിത്തീര്‍ന്ന ദേവസ്വം ബോര്‍ഡ്.
       ദേവസ്വം വക കട്ടുതിന്നുന്നതില്‍ വിശ്വാസിക്കും അവിശ്വാസിക്കും ഉളുപ്പുണ്ടായില്ല, കമ്യൂണിസ്റ്റുകാരനും കോണ്‍ഗ്രസ്സുകാരനും വ്യത്യാസമുണ്ടായില്ല. കാര്യങ്ങള്‍ ഇങ്ങനെയായപ്പോള്‍ കോടതികള്‍ ഇടപെട്ടു. ഹൈക്കോടതിയില്‍ ചെന്നപ്പോള്‍ ജാതിവിഭജനമനുസരിച്ച് കേസുകള്‍ മിക്കതും ചെന്നത് ജസ്റ്റിസ് പരിപൂര്‍ണന്റെ ബഞ്ചിലാണ്. ഉദ്ദേശശുദ്ധി മാനിക്കപ്പെടേണ്ടതാണെങ്കിലും ഒരു ജില്ലാ ജഡ്ജിയെ കല്പാന്തകാലത്തോളം ശബരിമലയിലെ സ്‌പെഷ്യല്‍ കമ്മീഷണറായി വച്ചു. ഈ മനുഷ്യന്റെ പ്രധാന ജോലി ശബരിമലയില്‍ വരുന്ന സുപ്രീംകോടതിയിലെ മുതലുളള ന്യായാധിപന്‍മാര്‍ക്ക് എസ്കോര്‍ട്ടുപോകലായി.
            പത്തനംതിട്ടയിലെയോ ആലപ്പുഴയിലെയോ ജില്ലാജഡ്ജിമാരാണ് കമ്മീഷണര്‍മാരായി വന്നത്. മതനിരപേക്ഷത പാലിക്കേണ്ട കോടതിക്ക് വാവരിരിക്കുന്ന ശബരിമലയില്‍ ഒരു മുസ്ലീമിനെയോ ഒരു പട്ടികജാതിക്കാരനെയോ കമ്മീഷണറായി വെയ്ക്കാന്‍ സാദ്ധ്യമായില്ല. അത്തരം ഇടപെടലുകളില്‍ നിന്നും അതുകൊണ്ടു തന്നെ കോടതി വിട്ടുനില്‍ക്കേണ്ടതായിരുന്നു.
           എക്‌സിക്കുട്ടീവിന്റെ പണി കോടതി ഏറ്റെടുക്കുന്നതും അത് അനന്തമായി തുടരുന്നതും എന്തു കാരണത്താലും ഭൂഷണമല്ല. ബീവറേജസ് കോര്‍പ്പറേഷനില്‍ അഴിമതി കൊടികുത്തിയാല്‍ ഏതു ജഡ്ജിയെയാണ് കമ്മീഷണരാക്കി വിടുന്നത്? മറ്റു കോര്‍പ്പറേഷനുകളിലും ബോര്‍ഡുകളിലും കോടതി ആള്‍പ്പേരിനെ വിടുമോ? ഇത് അധികപ്പറ്റാണ്. ഇതു പറയാന്‍ ഇതുവരെ ഒരു മാധ്യമവും തയ്യാറായിട്ടില്ല,തിരുത്താന്‍ കോടതിയും.
ഈസാഹചര്യം സൃഷ്ടിച്ച കേരളത്തിലെ ഭരണകുടവും ദേവസ്വം ബോര്‍ഡും അക്ഷന്തവ്യമായ അപരാധം ചെയ്തിരിക്കുന്നു. ഭരിക്കാന്‍ അറിയില്ലെങ്കില്‍ വെച്ചൊഴിഞ്ഞിട്ടു പൊയ്ക്കൂടെ സഖാക്കളെ? കോടതി സമൂഹത്തിന്റെ കാവല്‍ നായയാണ്. സമൂഹമാണ് യജമാനന്‍. നായയെ യജമാനനാക്കാന്‍ അനുവദിച്ചുകൂടാ.

ഹൃദയപൂര്‍വ്വം സാംഷ്യ റോഷിന്

ഹൃദയപൂര്‍വ്വം സാംഷ്യ റോഷിന്
ഇനിയും വേണോ മാഷേ നമുക്കീ ഇടുങ്ങിയ ദേശീയ ചിന്താഗതി? ഇക്കണക്കിനു വെളുത്ത അമേരിക്കക്കാരൊക്കെ ഒബാമയെ ചവിട്ടി പുറത്താക്കേണ്ടി വരുമല്ലോ?
        സാംഷ്യ റോഷ്  പറയുന്നതു പോലെ ഇടുങ്ങിയ ദേശീയതയെക്കാള്‍ വിശ്വപൗരനാകുന്നതാണ് എനിക്കിഷ്ടം. ഓഷ്യാനിയയില്‍ ഫിജി എന്നൊരു സ്വതന്ത്രരാജ്യമുണ്ട്. 1999 ലെ തെരഞ്ഞെടുപ്പില്‍ വിജയിച്ച് പ്രധാനമന്ത്രിയായത് മഹേന്ദ്രസിംഗ് ചൗധരി എന്ന ഇന്ത്യന്‍ വംശജനാണ്. ആകെ ജനസംഖ്യയുടെ 50% ഇന്ത്യന്‍ വംശജരാണ്. എന്നിട്ടും അവര്‍ക്ക് രണ്ടാംകിട സ്ഥാനവും അപമാനവുമാണ് ബാക്കി. അട്ടിമറിക്കപ്പെട്ട പദവി തിരികെ നല്‍കണമെന്ന് ആര്‍ക്കും തോന്നാത്തതെന്തേ? ഏഷ്യയിലെ കൊച്ചു രാജ്യമായ സിംഗപ്പൂരിലെ 3 ാമത്തെ പ്രസിഡന്റായിരുന്നു മലയാളിയായ ദേവന്‍ നായര്‍ ഉന്നത ഗൂഢാലോചനയിലൂടെ പുറത്താക്കപ്പെട്ട അദ്ദേഹത്തെ മാറ്റാന്‍ പറഞ്ഞ കാരണം അദ്ദേഹം മദ്യപനായിരുന്നു എന്നാണ്. റോഡിലോ തോട്ടിലോ പരസ്യമായി മദ്യപിക്കുന്നതിനോ ഒന്നും ഒരു വിലക്കുമില്ലാത്ത ഒരു രാജ്യത്തെ തൊടുന്യായമായിരുന്നു അത്! ഇവര്‍ ഇരുവരും സ്വന്തം കഴിവിന്റെ പേരില്‍ അധികാരത്തില്‍ വന്നവരാണ്. അധികാരം അവര്‍ക്ക് ഒസ്യത്തു കിട്ടിയതല്ല; പെണ്ണുകെട്ടിയതിന് സ്ത്രീധനം കിട്ടിയതല്ല. ജന്‍മനാടിന്റെ മൂല്യമെന്തെന്ന് ഗള്‍ഫില്‍ കഴിയുന്നവരോടോ, അമേരിക്കയിലെ വിമാനത്താവളത്തില്‍ ഇറങ്ങേണ്ടി വന്നതിന്റെ പേരില്‍ പാന്റും ജട്ടിയുമഴിക്കേണ്ടി വന്ന ഷാരൂഖ് ഖാനോടോ, ആദരണീയനായ എ.പി.ജെ അബ്ദുള്‍ കലാമിനോടോ ചോദിക്കണം.
          അമേരിക്കയും ആസ്‌ത്രേലിയയും പ്രത്യേകിച്ച് ഇന്നുളള ആരുടെയും പിതൃഭൂമിയൊന്നുമല്ല. ആസ്‌ത്രേലിയയിലെ ആദിമനിവാസികള്‍ തെക്കുകിഴക്കന്‍ ഏഷ്യയില്‍ നിന്നു കുടിയേറിയവരാണ്. പിന്നീട് അവിടം കയ്യേറിയ വെളളക്കാര്‍ ആദിവാസികളില്‍ വംശശുദ്ധി വരുത്താന്‍ തീരുമാനിച്ചു. ഇതിനു വേണ്ടി നിയമം പാസ്സാക്കിയ ഇവര്‍ ആദിവാസികളുടെ കുട്ടികളെ ബലമായി ദത്തെടുത്ത് അനാധാലയങ്ങളില്‍ വളര്‍ത്തി. പിന്നീടൊരിക്കലും ആദിവാസികളായ അച്ഛനമ്മമാര്‍ക്ക് അവരെ കാണാനാകുമായിരുന്നില്ല. ഇത്തരത്തില്‍ അപഹരിക്കപ്പെട്ട തലമുറകളെ സൃഷ്ടിച്ചതിന്റെ ഉത്തരവാദിത്തമേറ്റെടുത്താണ് 2008 ഫെബ്രുവരി13ന് പാര്‍ലമെന്റ് പാസാക്കിയ പ്രമേയത്തിലൂടെ പ്രധാനമന്ത്രി കെവിന്‍ മാപ്പുചോദിച്ചത്.
അമേരിക്കയുടെയും സ്ഥിതി വ്യത്യസ്തമല്ല. അമേരിക്കയിലെ ഒരു ശതമാനം മാത്രം വരുന്ന റെഡ് ഇന്ത്യക്കാരാണ് അമേരിക്കയുടെ അവകാശികള്‍. kill the stranger എന്ന കിരാതനിയമമാണ് അമേരിക്കന്‍ കയ്യേറ്റക്കാര്‍ ഇന്നത്തെപ്പോലെ അന്നും പ്രയോഗിച്ചത്. ബ്രിട്ടീഷ് ദ്വീപുകളില്‍ നിന്നുളളവര്‍ ആദ്യവും കറുത്ത വര്‍ഗക്കാര്‍ രണ്ടാമതും യൂറോപ്യന്‍മാര്‍ മൂന്നാമതും കൂട്ടമായെത്തിയാണ് അമേരിക്കയെ പങ്കിട്ടെടുത്തത്. കുടിയേററക്കാരുടെ വിഭാഗത്തില്‍ പെടുന്ന ഒബാമയെ എന്തിനാണ് ആട്ടിപ്പായിക്കുന്നത്.
          ആര്‍ജിതപൗരത്വമൊന്നുമല്ലല്ലോ ഒബാമയ്ക്കുളളത്. ഒബാമ പ്രത്യാശയുടെ പ്രതിരൂപവും നിരാശയുടെ സ്വരൂപവുമാണ്. കാരണം എല്ലാ അമേരിക്കന്‍ പ്രസിഡന്റുമാര്‍ക്കും സഞ്ചരിക്കാന്‍ ഒരു വഴി മാത്രമേയുളളൂ. ഇടത്തുകൂടിയോ വലത്തു കൂടിയോ സഞ്ചരിക്കാമെന്നു മാത്രം.

റ്റോംസ് കോനുമഠത്തിന് സഹാനുഭൂതി നിറഞ്ഞ ഒരു ഹൃദയ വിശാലതയാണ് സോണിയയോടു തോന്നുന്നത്. അദ്ദേഹം പറയുന്നു:
എന്തു പറഞ്ഞാലും സോണിയ ഇപ്പോള്‍ വിദേശിയല്ലെന്ന് നമുക്ക് ഏവര്‍ക്കും അറിയാം. അപ്പോള്‍ പിന്നെ ഈ ക്രൂശീകരണം വേണോ... വിദേശി ആയിരുന്നിട്ടും ഹിന്ദി ആത്മാര്‍ത്ഥമായി പഠിക്കുകയും അത് പ്രസംഗങ്ങള്‍ക്കായി ഇത്ര മനോഹരമായി ഉപയോഗിക്കുകയും ചെയ്യുന്നത് കണ്ടില്ലെന്ന് നടിക്കാനാകുമോ? 


നന്ദി റ്റോംസ്. ഒരിക്കലും ഇത് സോണിയയെ ക്രൂശിക്കലല്ല. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനു വേണ്ടി ജീവന്‍ ഉപേക്ഷിച്ച പൂര്‍വികരുടെ വ്യര്‍ത്ഥതയോര്‍ത്ത് ഒരു വിലാപം മാത്രം. മുടിക്കാന്‍ ശത്രുക്കള്‍ മക്കളായി പിറക്കുമെന്നോര്‍ക്കാതെ സ്വയം നിര്‍ണയാവകാശമെന്ന അമുല്യ സ്വത്ത് കൈമാറിത്തന്ന പൂര്‍വപിതാക്കള്‍ക്ക് ഒരു പിണ്ഡോദകം.ലോകത്തെ മിക്ക ഭാഷകളും മലയാളി പഠിച്ചിട്ടുണ്ട് അതിന്റെ പേരില്‍ ഒരു വിദേശരാജ്യം നമുക്കെന്തൊക്കെ തരും? സോണിയയുടെ നേതൃത്വത്തിലും നമ്മള്‍ ദാരിദ്ര്യത്തിന്റെ കാര്യത്തിലും പ്രായപൂര്‍ത്തിയായവരുടെ നിരക്ഷരതയുടെ കാര്യത്തിലും കുട്ടികളെ ഉത്പാദിപ്പിക്കുന്നതിലും  ഒന്നാം സ്ഥാനത്താണ്.
ചിത്രകാരന്‍ എന്റെ പാഴ് വാക്കുകളോടുകൂടെ സഹതാപപൂര്‍വം അനുയാത്രചെയ്യുന്നു. നന്ദി.

2010, ജനുവരി 21, വ്യാഴാഴ്‌ച

സോണിയയുടെ വിധേയത്വം ഇന്ത്യയോടോ?

സോണിയയുടെ വിധേയത്വം ഇന്ത്യയോടോ?
           കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയയുടെ പാര്‍ലമെന്റ് അംഗത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പത്രപ്രവര്‍ത്തകനായ പി. രാജന്‍ ദല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. ഈ വിഷയത്തില്‍ ഹര്‍ജിക്കാരന്‍ മുന്‍പ് തെരഞ്ഞെടുപ്പു കമ്മീഷനെ സമീപിച്ചെങ്കിലും അവര്‍ ബന്ധപ്പെട്ട വാദമുഖങ്ങള്‍ അംഗീകരിച്ചിരുന്നില്ല. എന്നാല്‍ ഇന്ത്യയിലെ പൗരന്‍മാര്‍ ഇതില്‍ ബന്ധപ്പെട്ട കാര്യങ്ങള്‍ ചിന്തിക്കേണ്ടതു തന്നെയാണ്.
        ആരാണ് ഈ സോണിയ? ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പിതാവിന്റെ പിന്‍ബലത്തില്‍ വന്നെത്തിയതാണെങ്കിലും കഴിവും ബലഹീനതയും തെളിയിച്ച വനിതയായിരുന്നു ഇന്ദിര. ഇന്ദിരയുടെ കൊല്ലപ്പെടലിനെ തുടര്‍ന്ന് അവതരിപ്പിക്കപ്പെട്ട രാജീവ് കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയില്‍ നിന്നും മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് ബിരുദമെടുത്തയാളെന്നായിരുന്നു പ്രചാരണം. പക്ഷേ അദ്ദേഹത്തിന് യോഗ്യതയായി പ്രീഡിഗ്രിക്കു ശേഷം ലഭിക്കുന്ന കൊമേഴ്‌സ്യല്‍ പൈലറ്റ് ലൈസന്‍സ് എന്ന ഡിപ്ലോമാ മാത്രമേ ഉണ്ടായിരുന്നുളളൂ. അദ്ദേഹം 3 വര്‍ഷം കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയില്‍ പഠിച്ചിരുന്നു എന്നതും സത്യമാണ്. രാജീവ് കേംബ്രിഡ്ജില്‍ പഠിക്കുമ്പോള്‍ സോണിയ അവിടെയെങ്ങും വിദ്യാര്‍ത്ഥിനിയേ ആയിരുന്നില്ല. വെറുമൊരു തക്കിട തരികിട കച്ചവടക്കാരനായിരുന്ന സ്‌റ്റെഫാനോ മെയ്‌നോവിന്റെ മകള്‍ അവിടെ ഒരു റസ്‌റ്റോറന്റില്‍ au pair (maid servant) ആയി ജോലി ചെയ്യുകയായിരുന്നു. സോണിയയുടെ ഒന്നുരണ്ടു വര്‍ഷത്തെ ചുറ്റിക്കളിയിലൂടെ ചൂണ്ടയില്‍ കൊളുത്തിയത് ഒരു വലിയ മീനെയായിരുന്നു. പഠിത്തം അവസാനിപ്പിച്ചു പോരുമ്പോള്‍ രാജീവിനു സര്‍ട്ടിഫിക്കററുകളൊന്നും ലഭിച്ചില്ലെങ്കിലും കയ്യില്‍ തൂങ്ങി സോണിയയുണ്ടായിരുന്നു.
          ഇറ്റാലിയന്‍ പൗരയായിരുന്ന സോണിയ വിവാഹശേഷവും ഇന്ത്യന്‍ പൗരത്വം സ്വീകരിക്കുന്നതിനെപ്പറ്റി ആലോചിച്ചതേയില്ല. 1977 ല്‍ ഇന്ദിര പരാജയപ്പെട്ടപ്പോള്‍ 3 വര്‍ഷക്കാലം സോണിയ ഇന്ത്യയില്‍ നിന്നും വിട്ടു നിന്നു. ഇന്ദിര വീണ്ടും അധികാരത്തിലെത്തിയ ശേഷം മാത്രമാണ് അവര്‍ തിരിച്ചെത്തിയത്. പിന്നീടും നിരവധി വര്‍ഷക്കാലത്തേക്ക് സോണിയ ഇന്ത്യന്‍ പൗരത്വം സ്വീകരിക്കാന്‍ തയ്യാറായില്ല. രാജീവ് അധികാരത്തിലെത്തിയപ്പോള്‍, ഒരു വിദേശി ഇന്ത്യയുടെ പരമോന്നത അധികാരപദവിയിലുളള ആളിന്റെ ആഫീസില്‍, വീട്ടില്‍ ഉണ്ടാകുന്നത് നിയമപ്രശ്‌നങ്ങള്‍ക്കു വഴിവെക്കുമെന്നു വന്നപ്പോള്‍ മാത്രമാണ് സോണിയ ഇന്ത്യന്‍ പൗരത്വം സ്വീകരിച്ചത്. ഇക്കാലത്തൊന്നും ഇന്ത്യയോട് താത്പര്യമോ ഇന്ത്യയിലെ ജനങ്ങളെ സേവിക്കണമെന്ന താത്പര്യമോ അവര്‍ക്കുണ്ടായില്ല. രാജീവിന്റെ മരണശേഷം ഒരു ദശാബ്ദക്കാലം കോണ്‍ഗ്രസിനോടടുക്കാന്‍ തയ്യാറായില്ല എന്നതും സത്യമാണ്.
         രണ്ടര നൂറ്റാണ്ടു മുന്‍പ് പോര്‍ച്ചുഗീസുകാരും ഇംഗ്ലീഷുകാരുമൊക്കെ സമയവും ബുദ്ധിയുമുപയോഗിച്ച് വെട്ടിപ്പിടിച്ചെടുത്ത ഇന്ത്യാ ഉപഭൂഖണ്ഡത്തെ ഒരു രക്തച്ചൊരിച്ചിലുമില്ലാതെയാണ് സോണിയ കൈക്കലാക്കിയത്. ആയിരക്കണക്കിനു ദേശാഭിമാനികളായ ഇന്ത്യാക്കാര്‍ ജീവന്‍ കൊടുത്തു നേടിയ സ്വാതന്ത്ര്യം ഈ രാജ്യത്തെ സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിന്റെ പേരില്‍ പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസ്സുകാര്‍ എത്ര സന്തോഷത്തോടെയാണ് വെളളിത്തളികയില്‍ വെച്ച് മറ്റൊരു വിദേശിയുടെ കയ്യില്‍ വെച്ചു കൊടുത്തത്. സോണിയ എളിയനിലയില്‍ നിന്നും വളര്‍ന്നു വന്നത് ആദരപൂര്‍വ്വം കാണാന്‍ ആഗ്രഹിക്കുന്നെങ്കിലും യാതൊരു രാഷ്ട്രീയ പരിചയവുമില്ലാത്ത ഒരു au pair girl ന്റെ കയ്യില്‍ വച്ചു കൊടുക്കാനുളളതായിരുന്നോ ഇന്ത്യയുടെ നൂറു കോടി ജനങ്ങളുടെ ഭാഗധേയം എന്നുളള ചിന്ത നമ്മെയൊക്കെ അപമാനിതരാക്കും.
          എല്ലാ യൂറോപ്യന്‍മാരുടെയും ഉളളില്‍ തങ്ങള്‍ നീല രക്തവുമായി ഭരിക്കാനായി പിറന്ന വരേണ്യവര്‍ഗമാണെന്ന തോന്നല്‍ ഉണ്ട്. അതിന്റെ പ്രകടമായ രൂപമായിരുന്നു അഡോള്‍ഫ് ഹിറ്റ്‌ലറുടെ പ്രഖ്യാപനങ്ങള്‍. അതിന്റെ ലഘുരൂപമാണ് ഇപ്പോള്‍ ആസ്‌ത്രേലിയയില്‍ ഇന്ത്യക്കാരോടു കാണിക്കുന്ന വിവേചനം. ഇന്ത്യയുടെ ഭരണാധികാരത്തെ ഇംഗ്ലീഷുകാരോടു വാങ്ങി ഇററലിക്കാര്‍ക്കു കൊണ്ടു കൊടുക്കുന്ന തരകു കച്ചവടക്കാരന്റെ പണിയാണ് കോണ്‍ഗ്രസ്സ് ചെയ്തത്. നേതാക്കന്‍മാര്‍ക്ക് പെട്ടിപിടിച്ചും പെണ്ണിനെ കൂട്ടിക്കൊടുത്തും നേതാക്കന്‍മാരായ നിരവധിപേര്‍ കോണ്‍ഗ്രസ്സിലുണ്ട്. അവരെ സംബന്ധിച്ചിടത്തോളം നെഹ്രുകുടുംബത്തിലെ നായ പോലും ഇന്ത്യ ഭരിക്കാന്‍ യോഗ്യനാണ്. എ. ഓ. ഹ്യൂം സമാരംഭിച്ച കോണ്‍ഗ്രസ്സിനെ സോണിയ എന്ന വിദേശിയുടെ കയ്യില്‍ എത്തിച്ചു കൊടുത്തതോടെ കാവ്യനീതി നടപ്പാക്കപ്പെടുകയാണ്.
             അങ്ങനെ സോണിയ കുറെക്കാലം മുന്‍പ് ബെല്‍ജിയം ഗവണ്‍മെന്റിന്റെ രണ്ടാമത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ The order of Leopold സ്വീകരിച്ചിരുന്നു. അവര്‍ ഒരു മള്‍ട്ടികള്‍ച്ചറല്‍, റ്റോളറന്റ് സൊസൈറ്റിയെ ഇന്ത്യയില്‍ വളര്‍ത്തിയെടുക്കുന്നതില്‍ ചെയ്ത സംഭാവനകള്‍ക്കാണ് പദവി സമ്മാനിച്ചത്. പാര്‍ലമെന്റിലെ ഒരംഗത്തിന് അംഗത്വം നഷ്ടപ്പെടുന്നതിനിടയാക്കുന്നത് If he has voluntarily acquired the citizenship of a foreign state, or is under any acknowledgement of allegiance or adherence to a foreign state എന്ന കാരണം കൊണ്ടാകാം. സോണിയയുടെ പ്രതിബദ്ധത ഇന്ത്യയോട് പണ്ടേയില്ലെന്നും അത് മക്കളുടെ സുരക്ഷിതത്വത്തേപ്പറ്റിയും ആത്മാഭിമാനമില്ലാത്ത ഒരു ജനതയുടെ ആരാധന എറ്റുവാങ്ങി ശിഷ്ടകാലം കഴിക്കാമെന്നുമേയുളളുവെന്ന് ആര്‍ക്കാണ് അറിഞ്ഞു കൂടാത്തത്? ഗാന്ധിജി മുതല്‍ അര്‍ഹതയുളള നൂറായിരം പേര്‍ ഇന്ത്യയില്‍ ജീവിച്ചിട്ടും അവര്‍ക്കൊന്നും കൊടുക്കാതെ വിശിഷ്ടങ്ങളായ യാതൊരു കഴിവുമില്ലാത്ത സോണിയക്ക് ബഹുമതി കൊടുക്കുക വഴി ബെല്‍ജിയം ഗവണ്‍മെന്റ് ആദരിച്ചത് സോണിയയുടെ പടിഞ്ഞാറന്‍ വരേണ്യതയെയാണെന്ന് മനസ്സിലാക്കാന്‍ പാഴൂര്‍ പടിപ്പുരക്കലൊന്നും പോകേണ്ട കാര്യമില്ലല്ലോ?

2010, ജനുവരി 18, തിങ്കളാഴ്‌ച

2010, ജനുവരി 11, തിങ്കളാഴ്‌ച

തെറ്റുതിരുത്തല്‍ മേള ഒന്നാം ദിവസം

തെറ്റുതിരുത്തല്‍ മേള ഒന്നാം ദിവസം
           പശ്ചാത്തലത്തില്‍ പിടിയൊടിഞ്ഞ ഒരരിവാളും ആപ്പൂരിയ ചുറ്റികയും. അരമനയുടെ ചുവരില്‍ ഒന്നു രണ്ടു കമ്യൂണിസ്റ്റു ദൈവങ്ങളുടെ ചിത്രങ്ങള്‍. രണ്ട് അമാലന്‍മാര്‍ മുന്നിലിരുന്ന് ഓടിച്ചുവരുന്ന ഒരു പല്ലക്ക്. പിന്നില്‍ ഏതോ കോപ്പിലെ രാജാവിനെപ്പോലെ മുറിക്കൈയന്‍ ഷര്‍ട്ടും, പഴുതാരമീശയും, മുഖത്തു വസൂരിക്കലകളും എണ്ണപുരട്ടി പിറകോട്ട് ചീകിയൊതുക്കിയ മുടിയുമായി ഇരുകക്ഷത്തിലും പരു വന്നു പൊട്ടാറായ പോലെ, കൈകള്‍ അകത്തി പിടിച്ച്
 പാര്‍ട്ടിരാജ്യത്തെ കാശിരാമേശ്വരം പാണ്ടിമലയാളം ഉടക്കിവാഴും ധീരസഭാപതി, കണ്ണൂര്‍ കോനാതിരി വീരമാര്‍ത്താണ്ടന്‍ തെറ്റുതിരുത്തല്‍മേളയ്ക്ക് എഴുന്നെളളുന്നേയ്........ പൂഹോയ്.................പൂഹോയ്..............പൂഹോയ്.............
പിരിച്ചുതിന്നും കുടിച്ചുമൂത്തും നില്‍ക്കുന്ന അനുചരവൃന്ദം മുഷ്ടിചുരുട്ടി.
 ഓ.............................ഓയ്.....ഏതോ മീന്‍കാരന്‍ ഏറ്റുവിളിച്ചു. മേളയാരംഭിച്ചു.
 ആദ്യം വന്നത് മുട്ടെട ബ്രാഞ്ചിലെ സഖാവ് രൈരുനായരായിരുന്നു.
 'എന്താ നായരെ?'
 'തിരുവുളളക്കേടൊണ്ടാവാണ്ട് ഞാനും ചെക്കനും കൂടി ഈ മണ്ഡലകാലത്ത് അയലോക്കത്തെ കോരന്‍ മലയ്ക്കുപോയ ദീസം ഏഴു ശരണം ഏറ്റുവിളിച്ചിരുന്നു. ആ തെറ്റൊന്നു തിരുത്താന്‍ അനുവദിക്കണം'.
 'ആട്ടെ മേലാല്‍ ശരണം വിളിച്ചുപോകരുത്. കൂടാതെ അടുത്താഴ്ച ദേശാഭിമാനീടെ ബക്കറ്റു പിരിവു വരുന്നുണ്ട്. അന്ന് 101 രൂപാ കാണിക്കയിട്ട് നാവില്‍ ശരണം വരല്ലേയെന്ന് മുട്ടിപ്പായി പ്രാര്‍ത്ഥിക്കണം'.
ഇതു കേട്ട ഗ്രഹണി പിടിച്ച് വയറുന്തിയ ചെക്കന്റെ നിക്കറിനിടയിലൂടെ പിന്‍വിളി ഒന്ന്, പിടിച്ചിട്ടും നില്‍ക്കാത്തപോലെ പോയി. ആരോ അറിയാതെ മാക്രിയെ ചവിട്ടിപ്പൊട്ടിച്ചപോലൊരു ശബ്ദവും, രാസായുധം പ്രയോഗിച്ച പോലൊരു നാറ്റവും. ചെക്കന്‍ റിയാലിറ്റിഷോയൊക്കെ കണ്ടുകണ്ട് അവിടം കൊണ്ട് സപ്തസ്വരമൊക്കെ ഒരുവിധം ഭംഗിയായിട്ടു വായിക്കുമായിരുന്നു. ഇന്നെന്തോ ഗമകം മാത്രമേ വന്നുളളൂ. ഭാഗ്യം.
'അമാത്യാ അടുത്തയാളെ വിളിക്കൂ'.
'റാന്‍. ഒരു മുസ്‌ളീം തീവ്രവാദി വന്നു നില്‍പ്പുണ്ട്'.
'അടിയന്‍ മുടിയന്റവിട പരീക്കുട്ടിയാണേ. കഴിഞ്ഞ 46 കൊല്ലമായി പാര്‍ട്ടി മെമ്പറായിട്ട്. നുമ്മക്ക് അറിവില്ലാണ്ട പ്രായത്തി ബാപ്പ പൈഞ്ഞാപ്പാക്കിന്ററ്റം ഒരു സ്വല്‍പ്പം, ഒരു തൊളളി, കണ്ടിച്ചിട്ടുണ്ടേ. ഒന്നു തിരുത്തിയാക്കൊളളാം'.
'സാരമില്ല, പ്രായമായെങ്കിലും ഒരു സൊല്‍പ്പം പ്ലാസ്റ്റിക് സര്‍ജറി നടത്തി അറ്റത്ത് അല്‍പ്പം ചുവന്ന തുണി കെട്ടി വെക്കണം'.
'അടുത്ത പരാതിക്കാരന്‍ വരട്ടെ.'
അടുത്തതായി ഒരു നമ്പൂതിരിയും അലക്കുകാരനും കൂടി കടന്നവന്നു.
 'ഒരു പരാതിയൊണ്ടേ. എല്‍സി ഒരു കത്തു തന്നു. അതില്‍ എല്ലാവിവരോം എഴുതീട്ടൊണ്ടേ'.
എല്‍സിയുടെ കത്തിന്‍പ്രകാരം പരാതിക്കാസ്പദമായ വിവരങ്ങള്‍:
നമ്പൂരിക്ക് മദ്ധ്യവയസ്സായി ഭാര്യ സുന്ദരി. പക്ഷേ ഒരു കുഞ്ഞിക്കാലു കാണാനുളള യോഗം ഉണ്ടായില്ല. അടുത്തിടെ എന്തോ സൂത്രം ഒപ്പിച്ച് ഭാര്യ ഗര്‍ഭിണിയായി. അലക്കുകാരന്‍ അയല്‍ വക്കത്താണ് താമസം. അയാള്‍ക്ക് ഒരു കഴുതയുണ്ട്. വിഴുപ്പു ചുമക്കുന്നത് കഴുതയാണ്. അലക്കെല്ലാം കഴിഞ്ഞു വന്നാല്‍ അയാള്‍ കഴുതയെ അഴിച്ചു വിടും. കഴുത നമ്പൂതിരിയുടെ തൊടിയില്‍ക്കയറി അവര്‍ നട്ടിരിക്കുന്ന ചീരയും പച്ചക്കറിയുമെല്ലാം തിന്നിട്ടു പോകും. പരാതി പറഞ്ഞും കഴുതയെ ഓടിച്ചും മടുത്ത നമ്പൂതിരി ഒരു ദിവസം ഉലക്കയുമെടുത്ത് മറഞ്ഞുനിന്നു. കഴുതവന്ന് തീററ തുടങ്ങിയതും കണ്ണുമടച്ച് കഴുതയ്ക്ക് ഒരടി വെച്ചുകൊടുത്തു. അത് അലറിക്കൊണ്ട് ചത്തുമലച്ചു. പരഭ്രമിച്ചു പോയ നമ്പൂതിരി ഓടി പുരയ്ക്കകത്തു കയറി വാതിലടച്ചു കുറ്റിയിട്ടു. പൂര്‍ണഗര്‍ഭിണിയായ ഭാര്യയോട് വാതിലില്‍ ചാരിനിന്നുകൊളളാനും പറഞ്ഞു. കഴുത ചത്തതില്‍ ദേഷ്യം പിടിച്ചുവന്ന അലക്കുകാരന്‍ കതകിനു മുട്ടി വിളിക്കാന്‍ തുടങ്ങി. അപ്പോള്‍ നമ്പൂതിരി ഒരു കാരണവശാലും അവിടെനിന്നു മാറരുതെന്നു ഭാര്യയെ ശട്ടം കെട്ടിയ ശേഷം പിന്‍വാതിലിലൂടെ ഓടി രക്ഷപ്പെട്ടു. കലിപിടിച്ച അലക്കുകാരന്‍ വിതിലിനിട്ട് ഒറ്റ ചവിട്ട്. വാതില്‍ തകര്‍ന്നു താഴെ. അന്തര്‍ജനത്തിന്റെ പാടുപെട്ടുണ്ടായ ഗര്‍ഭം അലസിപ്പോവുകയും ചെയ്തു. അലക്കുകാരന്റെ ഏക ഉപജീവനമാര്‍ഗമായ കഴുതയെ നഷ്ടപ്പെട്ടതും അന്തര്‍ജനത്തിന്റെ ഗര്‍ഭം അലസിയതും ഞങ്ങള്‍ കട്ടന്‍കാപ്പിയും പരിപ്പുവടയും തിന്നുകൊണ്ട് ചര്‍ച്ചചെയ്തുനോക്കി. ഒരു ഉപായവും തോന്നാത്തതുകൊണ്ടാണ് തെറ്റുതിരുത്തല്‍ മേളയ്ക്ക് വിടാമെന്നു നിശ്ചയിച്ചത്. എന്ന് സ്വന്തം എല്‍സി. ഒപ്പ്.
കോനാതിരി ഉച്ചികുത്തിക്കിടന്നാലോചിച്ചിട്ടു തീര്‍പ്പുകല്‍പ്പിച്ചു:
 'ഏക ഉപജീവനമാര്‍ഗമായ കഴുതയെ നഷ്ടപ്പെട്ടതിനുപകരം അലക്കുകാരനുവേണ്ടി നമ്പൂതിരി വിഴുപ്പുചുമക്കട്ടെ. അന്തര്‍ജനത്തിന്റെ നഷ്ടം അലക്കുകാരന്‍ നികത്തിക്കൊടുക്കട്ടെ'.
ഒന്നാമങ്കം സമാപ്തം.

2010, ജനുവരി 10, ഞായറാഴ്‌ച

സക്കറിയാ..... ഇതിലും വലുത് ഏതോ വരാനിരുന്നതാ!

സക്കറിയാ..... ഇതിലും വലുത് ഏതോ വരാനിരുന്നതാ!
           ബ്ലോഗിടം പിടിച്ചടക്കണം എന്ന് ഡിഫി കമാണ്ടര്‍ ഉത്തരവു കൊടുത്തിട്ട് അധികം മണിക്കൂറുകളാകുന്നതിനു മുന്‍പേ അണികള്‍ അമ്പും വില്ലുമായി പുറപ്പെട്ടു കഴിഞ്ഞു. പക്ഷേ ചാടി വീണത് പാവം സക്കറിയയുടെ നെഞ്ഞത്താണ്. നിഷ്പക്ഷനെന്നൊക്കെ പറയുമെങ്കിലും രണ്ടുമൂന്നു ചങ്ങലകളിലൊക്കെ കണ്ണി പിടിച്ചിട്ടുളളയാള്‍ ആയിരിക്കണം സക്കറിയ. സാംസ്‌കാരിക ഗുരുവിന് ഡിഫിക്കാര്‍ ഗുരുദക്ഷിണ കൊടുത്തതാണെന്നു തോന്നുന്നു പയ്യന്നൂരില്‍ വെച്ച്. ഇക്കണക്കിനു പോയാല്‍ കാലഹരണപ്പെടുന്ന ഇടതുപക്ഷ സാംസ്‌കാരികനായകന്‍മാര്‍ക്കു വേണ്ടി ഒരു സാംസ്‌കാരിക വൃദ്ധസദനം തന്നെ വേണ്ടി വന്നേക്കും. പ്രായവും പക്വതയുമൊക്കെയാകുമ്പോള്‍ തെമ്മാടിത്തം തിരിച്ചറിയാന്‍ കുറേപ്പേര്‍ക്കു കഴിഞ്ഞേക്കും. അവര്‍ സ്വന്തം അഭിപ്രായം പറഞ്ഞു പോയാല്‍ ചികിത്സിക്കാനും താമസിപ്പിക്കാനും ഇടം വേണ്ടേ!
           പുരോഗമന കലാസാഹിത്യസംഘം പണ്ടും പുരോയും ഗമനവും കലയും സാഹിത്യവും തൊട്ടു കീണ്ടിയിട്ടില്ലാത്ത കുറെ മച്ചിപ്പശുക്കളുടെ ഫാമായിരുന്നു. അതുകൊണ്ടാണല്ലോ ദിവസമൊന്നു കഴിഞ്ഞിട്ടും സക്കറിയയെപ്പറ്റി, അഭിപ്രായസ്വാതന്ത്ര്യത്തെപ്പറ്റി അവരുടേതായി ഒരക്ഷരവും പുറത്തു വരാത്തത്. എന്തെങ്കിലും നാലക്ഷരം തികച്ചെഴുതുന്ന ഒരുത്തനും പുകാസയില്‍ ഉണ്ടായിട്ടില്ല. (മാത്രവുമല്ല 1917 ലെ റഷ്യന്‍ വിപഌവത്തിനു ശേഷം കമ്യൂണിസ്റ്റു രാജ്യങ്ങളില്‍ ഒരു വിശ്വസാഹിത്യകാരനുമുണ്ടായിട്ടില്ല.) സാഹിത്യസംഘടനാ പ്രവര്‍ത്തനം നടത്തുകയും സാംസ്‌കാരികമന്ത്രിയുടെ ചെവി കടിച്ചു പറിച്ച് തനിക്കു വേണ്ടപ്പെട്ട ചിലരെ അക്കാഡമികളില്‍ ചവിട്ടിക്കയറ്റുകയുമാണ് ഇതിന്റെ നേതാക്കന്‍മാരുടെ പ്രധാന തൊഴില്‍. ചില അപവാദങ്ങള്‍ ഇതിനുണ്ടായിട്ടുണ്ടെങ്കില്‍ അവരെ മരണസമയത്തെങ്കിലും വിരുദ്ധരാക്കിയിട്ടുണ്ടാകും.
            മദിച്ചു നടക്കുന്ന കടന്നലുകളെപ്പോലെയാണ് ഇന്നത്തെ ഡിഫിക്കാര്‍. കണ്ണും കാതുമില്ലാതെ അവറ്റകള്‍ ആരെയും കുത്തും. ഒരു കാലത്ത് ഡി.വൈ.എഫ്.ഐ. വാര്‍ത്താബോര്‍ഡുകള്‍ കാലത്തിന്റെ ദിശാസൂചികളായിരുന്നു. ലക്ഷക്കണക്കിനു യുവാക്കള്‍ ആവേശത്തോടെ അതിലേക്കു കടന്നു വന്നു. അതിന്റെ നേതാക്കന്‍മാരുടെ പ്രസ്താവനകള്‍ പത്രങ്ങളില്‍ നിറഞ്ഞു നിന്നു. ഇന്ന് ആരാണിതിന്റെ നേതാക്കന്‍മാര്‍? ആ ആര്‍ക്കറിയാം. പണ്ട് ഒരു മനുഷ്യച്ചങ്ങല നടത്തിയതിന്റെ ഓര്‍മ്മ ദിവസം ആഗസ്റ്റ് 15 ന് എല്ലാക്കൊല്ലവും ഡിഫിയുടെ പിണ്ഡമടിയന്തിരം നടത്തുന്നതു കാണാം അത്ര തന്നെ.
          പണ്ട് ഒരു നമ്പൂതിരി ഉണ്ടായിരുന്നു. എന്തെങ്കിലും ആപത്തിന്റെ കാര്യം ആരെങ്കിലും പറഞ്ഞാല്‍ ഉടനെ അദ്ദേഹം പറയും
 'സാരല്യ ഇതിലും വലുതേതോ വരാനിരുന്നതാ ഇപ്പോ ഇത്ര കൊണ്ടു കഴിഞ്ഞു സമാധാനിക്കുക'.
 രാവിലെ റോട്ടില് ബസും കാറും കൂട്ടിമുട്ടി എട്ടാള് ആശുപത്രിയിലായി എന്നു പറഞ്ഞാലും നമ്പൂതിരി ഇതുതന്നെ പറയും. അയല്‍വക്കത്തെ നായര്‍ എന്നും ഇതു കേള്‍ക്കുന്നതാണ്. ഒരു ദിവസം നായര്‍ ഓടിക്കിതച്ചു വന്നിട്ടു പറഞ്ഞു
 'തിരുമേനീ വിവരം അറിഞ്ഞോ?'
 'ഇല്ല ഒന്നും അറിഞ്ഞില്ല'
 'എന്നാ കേട്ടോളൂ ഇന്നലെ നമ്മുടെ കുഞ്ഞിപ്പാറൂന്റെ കെട്ടിയോന്‍ പട്ടാളക്കാരന്‍ രാത്രി 11 പണിക്ക് വീട്ടിലെത്തി. വന്ന് കതകിനു മുട്ടി. കതകു തുറക്കിണില്ല. അയാളു ചെന്ന് ജനലിലൂടെ നോക്കി എന്താ കാഴ്ച!' 'എന്താ കാഴ്ച?'
 'പാറൂം ഹാജിയാരു മുതലാളിയും കൂടി ഒരു തുണിയുമില്ലാണ്ട് കട്ടിലില്‍ കിടക്കുന്നു'.
 'ഓഹോ എന്നിട്ട്' നമ്പൂതിരിക്കു ധൃതിയായി.
 'എന്നിട്ടെന്താ പട്ടാളക്കാരന്‍ വാതിലു ചവിട്ടിപ്പൊളിച്ച് തോക്കെടുത്ത് ഒറ്റ കാച്ചു വെച്ചു കൊടുത്തു. ഹാജിയാരു തീര്‍ന്നു'.
 'ആഹാ ഇതാ ഇപ്പോ വല്യകാര്യം ഇതിലും വലുതേതോ വരാനിരുന്നതാ ഇപ്പോ ഇത്ര കൊണ്ടു കഴിഞ്ഞു എന്നു സമാധാനിക്കുക'.
 നായര്‍ക്കു ദേഷ്യം വന്നു
 'എടോ വൃത്തികെട്ട നമ്പൂരീ താന്‍ കുറെ നാളുകൊണ്ട് ഇങ്ങനെ പറേണൊണ്ടല്ലോ ഒരാളു ചാവുന്നേലും വലുതായിട്ടെന്താടോ വരാനൊളളത്?'
 ഉടന്‍ നമ്പൂതിരി പറഞ്ഞു
 'എടാ ഏഭ്യാ, ശുംഭാ മിനിയാന്നാണ് ആ പട്ടാളക്കാരന്‍ വന്നേങ്കി ഞാനല്ലേടാ ചത്തിട്ടുണ്ടാവുക?'
മിനിയാന്നായിരുന്നെങ്കില്‍ അവര്‍ സത്യമായിട്ടും എന്റെ പരിപ്പെടുത്തേനെ        

2010, ജനുവരി 9, ശനിയാഴ്‌ച

കരിക്കു കുടിച്ചിട്ട് തൊണ്ണാനും കൊണ്ടേറ്

കരിക്കു കുടിച്ചിട്ട് തൊണ്ണാനും കൊണ്ടേറ്
          സി.പി.എമ്മിന് ഇതുതന്നെ പറ്റണം. പ്രത്യയശാസ്ത്രം മറന്ന, പാവപ്പെട്ടവനോടുളള പ്രതിബദ്ധത മറന്ന, മതനിരപേക്ഷസമൂഹത്തെ സൃഷ്ടിക്കുന്നതു മറന്ന, കമ്യൂണിസ്റ്റു പാര്‍ട്ടിയാണ് സിപിഎം. ജാതിയാല്‍ വന്നത് ജാതിയാല്‍ പോയി. കെ. എസ് മനോജിന്റെ കാര്യത്തില്‍ സംഭവിച്ചത് അതാണ്. ഒരു പാര്‍ട്ടി അംഗമാകുന്നതിനു വേണ്ട മാനദണ്ഡങ്ങളിലെല്ലാം വെളളം ചേര്‍ത്തു. അര നൂറ്റാണ്ടിനു ശേഷം ആദ്യകാല കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളെയും കെ.പി.എ.സി.യുടെ പ്രചാരണങ്ങളെയും ഗൃഹാതുരതയോടു കൂടി മാത്രമേ നോക്കിക്കാണാനാകൂ.
          പാര്‍ലമെന്ററി സമ്പ്രദായത്തെ രണ്ടു കൈയും നീട്ടി സ്വാഗതം ചെയ്തതോടെ അതിന്റെ മാലിന്യങ്ങളെയും സ്വീകരിക്കുകയാണ് കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ ചെയ്തത്. മത്സരത്തില്‍ ജയിക്കുക എന്നതു മാത്രം പ്രധാനമായപ്പോള്‍ മത്സരിക്കുന്നതിന് സ്ഥാനാര്‍ത്ഥി മദ്യപനോ, വ്യഭിചാരിയോ, കൊളളപ്പലിശക്കാരനോ ആയാലും കുഴപ്പമില്ല മണ്ഡലത്തിലെ ഭൂരിപക്ഷസമുദായക്കാരനും അവര്‍ക്കിടയില്‍ സ്വാധീനമുളളയാളുമാണോ എന്നതു മാത്രമായി ചിന്ത. ലത്തീന്‍ കത്തോലിക്കരുടെ വോട്ടു പിടിക്കാന്‍ ഒരു ലത്തീന്‍ കത്തോലിക്കനെ സ്വീകരിക്കുമ്പോള്‍ മതത്തോടു സമരസപ്പെടാന്‍ പാര്‍ട്ടി തയ്യാറാകുന്നു. മതേതരസമൂഹസൃഷ്ടിക്കായുളള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും അവധി കൊടുത്തിരിക്കുന്ന പാര്‍ട്ടിക്ക്, ഒരു പൊതുതെരഞ്ഞെടുപ്പില്‍ തൂത്തെറിയപ്പെട്ടപ്പോള്‍ മുഖം മിനുക്കുന്നതിനുളള ഒരു ക്രീം മാത്രമാണ് തെറ്റു തിരുത്തല്‍ രേഖ. ഉളളടക്കം കൊണ്ട് ഡൈല്യൂട്ട് ചെയ്യപ്പെട്ട സിപിഎം പുറമേ വെണ്ണതൂവാന്‍ ശ്രമിക്കുകയാണ്. ദമയന്തീവിവാഹം കഴിഞ്ഞു വരുന്നവര്‍ കലിദ്വാപരന്‍മാരോടു ചോദിക്കും പോലെ 'പാഥസാം നിചയം വാര്‍ന്നൊഴിഞ്ഞളവ് സേതുബന്ധനോദ്യോഗമെന്തെടോ?' (വെളളം വാര്‍ന്നു പോയിക്കഴിഞ്ഞ് ചിറ കെട്ടിയിട്ടെന്തു ഫലം) എന്ന അവസ്ഥയായി.
          പണ്ട് ഒരു ബാര്‍ബറുടെ മകന്‍ വഴിയേ പോയ കുരങ്ങനെ വീട്ടില്‍ വിളിച്ചു കയറ്റിയ അവസ്ഥയിലായി സിപിഎം. വികൃതിയായ കുരങ്ങന്‍ വഴിയേ പോയപ്പോള്‍ കുട്ടിക്ക് കൗതുകം. അടങ്ങിയൊതുങ്ങി ഈ വേലകളൊക്കെ വീട്ടില്‍ വെച്ചു കാണിച്ചാല്‍ എന്തു രസമായിരുന്നേനെ! കുരങ്ങന് പഴവും മററും കൊടുത്ത് വിളിച്ചു വരുത്തി. കുറെ കഴിഞ്ഞപ്പോള്‍ കുരങ്ങന്‍ വീട്ടിനകത്തു കയറി സര്‍വ്വവും എറിഞ്ഞുടയ്ക്കാന്‍ തുടങ്ങി. വീടിനകം ഒരു യുദ്ധം കഴിഞ്ഞപോലായി. ഉച്ചയായപ്പോള്‍ കടയിലേക്ക് ആളിനെ വിട്ടു. ബാര്‍ബര്‍ എത്തി. അയാള്‍ കൂടി നിന്നവരോടായി പറഞ്ഞു: 'സാരമില്ല ഷേവു ചെയ്യുന്ന രണ്ടു കത്തിയുടെ കാര്യമേയുളളൂ. ഞാന്‍ ഇപ്പോള്‍ ശരിയാക്കി കാണിച്ചു തരാം'. പയ്യന്‍ കടയില്‍ പോയി രണ്ടു മടക്കു കത്തികള്‍ എടുത്തു കൊണ്ടു വന്നു. ബാര്‍ബര്‍ കുരങ്ങനെ കാണ്‍കെ കത്തികള്‍ അമ്മാനമാടി. കുരങ്ങു സൂക്ഷിച്ചുനോക്കി. ബാര്‍ബര്‍ ഒരു കത്തി കുരങ്ങിന് എറിഞ്ഞുകൊടുത്തു. കുരങ്ങന്‍ അതു പിടിച്ചെടുത്തു. ബാര്‍ബര്‍ കത്തിനിവര്‍ത്തു. കുരങ്ങനും നിവര്‍ത്തി. ബാര്‍ബര്‍ കത്തി കയ്യിലിട്ടു രാകിക്കാണിച്ചു. കുരങ്ങനും രാകി. ബാര്‍ബര്‍ ഷേവുചെയ്തു കാണിച്ചു കുരങ്ങനും അങ്ങനെ ചെയ്തു. വളരെ വേഗത്തില്‍ ബാര്‍ബര്‍ പലതും ചെയ്തു. അതെല്ലാം കുരങ്ങനും അതേവേഗത്തില്‍ ചെയ്തു കാണിച്ചു. പെട്ടെന്ന് ബാര്‍ബര്‍ നിവര്‍ത്തിയ കത്തിയെടുത്ത് അറക്കുന്ന ഭാവത്തില്‍ തന്റെ കഴുത്തില്‍ ശക്തമായി അമര്‍ത്തിക്കാണിച്ചിട്ട് പൊട്ടിച്ചിരിച്ചു. അപ്പോള്‍ കുരങ്ങന്‍ സൂക്ഷിച്ചു നോക്കിയിട്ട് കത്തി മടക്കി കക്ഷത്തില്‍ വച്ചശേഷം വലതുകയ്യുടെ നടുവിരല്‍ പകുതി മടക്കി വായില്‍ വെച്ച് മുന്നോട്ടും പിന്നോട്ടുമാക്കി കാണിച്ചുകൊടുത്തു. ഇനി കത്തികൊണ്ട് സ്വന്തം കഴുത്തു മുറിച്ച് നോക്കിക്കോളൂ നല്ല രസമാണെന്നു പറഞ്ഞ സിപിഎമ്മിനോട് അബ്ദുളളക്കുട്ടിയും, സെബാസ്റ്റിയന്‍പോളും, മനോജും കാണിച്ചു കൊടുത്ത ആംഗ്യഭാഷയും ഇതുതന്നെയാണ്!        

2010, ജനുവരി 7, വ്യാഴാഴ്‌ച

അരി മേടിക്കാനുളള കാശെടുത്ത് ന്യൂ ഈയര്‍ ആഘോഷിച്ചാല്‍ സാമ്പത്തികമാന്ദ്യം

അരി മേടിക്കാനുളള കാശെടുത്ത് ന്യൂ ഈയര്‍ ആഘോഷിച്ചാല്‍ സാമ്പത്തികമാന്ദ്യം.
          കുട്ടിയായിരിക്കുമ്പോള്‍ കേട്ടിട്ടുളള ചൊല്ലാണ് കാണം വിറ്റും ഓണം ഉണ്ണണം എന്ന്. ഓണമടുക്കുമ്പോള്‍ പലപ്പോഴും ഞാന്‍ വീടായ വീടെല്ലാം അരിച്ചു പെറുക്കിയിട്ടുണ്ട് കാണം ഇരിക്കുന്നതെവിടാണെന്നറിയാന്‍. തളത്തിലെ ചെറിയ മൂലയില്‍ അയവളളിയില്‍ ചെറിയ അക്ഷരവര്‍ദ്ധനയോടെ അച്ഛന്റെ ഒരു ചുവന്ന സാധനം കിടക്കുന്നതല്ലാതെ ഒന്നും കാണാന്‍ കഴിഞ്ഞിട്ടില്ല. കുറെക്കാലം മുന്‍പ് തല മൊട്ടയടിച്ച് രാത്രിയില്‍ വന്നിറങ്ങിയ ഗള്‍ഫുസുഹൃത്തിനോടു ചോദിച്ചപ്പോള്‍ ഗള്‍ഫിലൊക്കെ മാന്ദ്യം! ഭയങ്കര സാമ്പത്തികമാന്ദ്യം! എന്നായിരുന്നു മറുപടി. ഏതാനും നാളുകള്‍ കഴിഞ്ഞ് ലോഹ്യമായി അടുത്തുകൂടി ചോദിച്ചപ്പോള്‍ ആശാന് അവിടെ കുക്കറിനകത്തു വാറ്റായിരുന്നു സൈഡ് ബിസിനസ്സ്. മലയാളികള്‍ കുടിക്കുന്നത് നാലാളറിയാനായതിനാല്‍ കുറെക്കഴിഞ്ഞപ്പോള്‍ വിദ്വാനെ പോലീസു പൊക്കി. പിടിച്ച ലിറ്ററു കണക്കിനു സാധനം കണ്ടിട്ട് പോലീസു ചോദിച്ച ചോദ്യം ഇതുണ്ടാക്കുന്ന മെഷീന്‍ എവിടെ എന്നാണ്. ഇടി കൊണ്ടു പഴുത്തിട്ടും അവരുടെ ചോദ്യം അവസാനിച്ചില്ല. മെഷീന്‍ ഇല്ല എന്നത് അവര്‍ക്കൊട്ടു മനസിലായതുമില്ല. എത്ര ഇടിച്ചിട്ടും വിവരം വെളിപ്പെടുത്താത്ത അപകടകാരിയായ ഇന്ത്യാക്കാരനെ അവസാനം അവര്‍ കയററിവിടുകയായിരുന്നു.
          ഇതേ അവസ്ഥയാണ് സാമ്പത്തിക മാന്ദ്യത്തിന്റെ കാര്യത്തിലും. ആരോടു ചോദിച്ചാലും മാന്ദ്യം മാന്ദ്യം എന്നു പറയും. സംഗതിയൊട്ടു കാണാനും പറ്റിയിട്ടില്ല. ഇയ്യിടെയാണ് മാന്ദ്യത്തെ അതിന്റെ ലളിതമായ രൂപത്തില്‍ മനസ്സിലാക്കാന്‍ കഴിഞ്ഞത്. റഷ്യയിലും ചൈനയിലും വ്യത്യസ്ത കലണ്ടറുകളായതിനാല്‍ ന്യൂ ഈയര്‍ ജനുവരി ഒന്നിനല്ലെന്ന് കേട്ടിട്ടുണ്ട്. അയല്‍വക്കത്തെ ഇസാക്ക് ഡിസംബര്‍ 31 ന് ആടിനെ വിററ പൈസമുഴുവന്‍ കൊടുത്ത് പൂസായി വന്നപ്പോള്‍ സഞ്ചാരപാതയില്‍ അപഭ്രംശം സംഭവിച്ച ഏതോ ഉപഗ്രഹങ്ങളെപ്പോലെ ഇസാക്കിന്റെ കുട്ടികള്‍ വീടിനു ചുറ്റും കിടന്നോടുന്നു. സൂക്ഷിച്ചു നോക്കിയപ്പോള്‍ ഒരു വടിയുമായി ഇസാക്ക് പിന്നാലെയുണ്ട്. സന്ധ്യക്ക് കണ്ണുവെട്ടിച്ച് ഏഴിലും ഒന്‍പതിലും പഠിക്കുന്ന അവര്‍ ഓടി ക്ഷീണിച്ച് ഈയുളളവന്റെ വീട്ടിലെത്തി. 'സാര്‍ ചൂടുവെളളം എന്നതിന്റെ ഹിന്ദി വാക്കെന്താണെന്നു പറഞ്ഞു തരണം. അതു പറയാതെ അപ്പന്‍ വീട്ടിക്കേറ്റത്തില്ല.' മൂത്തവന്‍ വിക്കിവിക്കി പറഞ്ഞു. ഠണ്ടാ പാനി എനിക്കു വരുന്നുണ്ട്. പക്ഷേ ചൂടുവെളളത്തിന്റെ വാക്കു കിട്ടുന്നില്ല. അവരെ അടിയില്‍ നിന്നു രക്ഷിക്കാനുളള ആ വാക്കു മാത്രം ഓര്‍മ്മയിലേക്കു വന്നില്ല. ഇസാക്കിന് അന്നു ന്യൂ ഈയറായിരുന്നു എന്ന് പിറ്റേന്നാണു മനസ്സിലായത്. വെളളിയാഴ്ച രാവിലെ ചായക്കടയില്‍ പോയി ചായ കുടിക്കാനോ ചന്തയ്ക്കു പോകാനോ ഇസാക്കിനു കഴിഞ്ഞില്ല. വീട്ടില്‍ രാവിലെ കാപ്പിക്ക് പ്രത്യേകിച്ചൊന്നും ഉണ്ടായിരുന്നില്ല. കുട്ടികള്‍ സ്‌കൂളില്‍ പോയില്ല. പത്തുമണിയായപ്പോള്‍ ഇസാക്കിന്റെ ഭാര്യ അപ്പുറത്തു വന്ന് എന്തോ വാങ്ങിക്കൊണ്ടു പോയി. ഇസാക്ക് നോര്‍മലായതോടെ ഉയര്‍ന്നു കേട്ടതെല്ലാം ഇസാക്കിന്റെ ഭാര്യയുടെ ശബ്ദമായിരുന്നു. പ്രശ്‌നങ്ങള്‍ കുറെ ദിവസത്തേക്കു നീണ്ടു നിന്നു.
          ഇതുതന്നെയാണ് മുതലാളിത്ത സമ്പദ് വ്യവസ്ഥയിലും സംഭവിക്കുന്നത്. അതിന്റെ അനിവാര്യമായ അവസ്ഥാന്തരങ്ങളാണ് സാമ്പത്തിക മാന്ദ്യവും സാമ്പത്തിക വളര്‍ച്ചയും. സമൃദ്ധിയുടെ ഒത്ത നടുവില്‍ വെച്ചാണ് മാന്ദ്യം പൊട്ടിപ്പുറപ്പെടുന്നത്. മാന്ദ്യമുണ്ടാകുമ്പോള്‍ വില കൂടുകയല്ല; കുറയുകയാണ് ചെയ്യുക. പണിയെടുക്കാനാളുണ്ട് പണിയില്ല, യന്ത്രങ്ങളുണ്ട് അവ പ്രവര്‍ത്തിക്കുന്നില്ല, അസംസ്‌കൃതവസ്തുക്കളുണ്ട് ഉത്പാദനമില്ല. മുതലാളിത്ത വ്യവസ്ഥിതിയില്‍ ഉത്പാദനത്തിനു നിയന്ത്രണമോ ആസൂത്രണമോ ഇല്ല. ലാഭമുളള മേഖലയില്‍ ആളുകള്‍ കൂടുതലായി മുതല്‍ മുടക്കും. ആ മേഖലയ്ക്കാവശ്യമായതിലും കൂടുതലായി വന്‍തോതില്‍  മുതല്‍ നിക്ഷേപിക്കുമ്പോള്‍ അതിന് ഡിമാന്റുമായി ഒരു പൊരുത്തവുമുണ്ടാവുകയില്ല. മത്സരം മുറുകും. പിടിച്ചു നില്‍ക്കാനാകാത്ത കമ്പനികള്‍ പൂട്ടും. ചിലവ ഉത്പാദനം കുറയ്ക്കും. ആ മേഖലയില്‍ മാന്ദ്യമുണ്ടായതായി വെളിവാക്കപ്പെടും. ഒരു ജനസമൂഹത്തിനാവശ്യമായ വസ്തുക്കള്‍ എന്തൊക്കെയാണെന്ന് കണക്കെടുത്ത ശേഷം ആവശ്യമായ വസ്തുക്കള്‍ ഉത്പാദിപ്പിക്കുന്നിടത്ത് ഇത്തരത്തില്‍ മാന്ദ്യം ഉണ്ടാവുകയില്ല. എല്ലാ സമ്പദ് വ്യവസ്ഥയിലും വിശ്വാസ്യതയ്ക്കും ഉറച്ച ഭരണകൂടത്തിനും പ്രസക്തിയുണ്ട്.
             സമ്പദ് വ്യവസ്ഥയുടെ പടിപടിയായുളള വളര്‍ച്ചയുടെ ഫലമായി എണ്ണയുത്പാദനമൊന്നുമില്ലാത്ത ദുബായില്‍ റിയല്‍ എസ്റ്റേറ്റു മേഖലയില്‍ വന്‍ നിക്ഷേപമുണ്ടായി. ഊഹക്കച്ചവടത്തിലധിഷ്ഠിതമായ ഷെയര്‍ മാര്‍ക്കറ്റും, ഐടി രംഗവും, യുദ്ധമേഖലയിലെ അനിശ്ചിതാവസ്ഥയും, വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ച്ചയുമൊക്കെ അമേരിക്കയെ മാന്ദ്യത്തിലാക്കിയപ്പോള്‍ അത് ലോകരാജ്യങ്ങളെ ബാധിച്ചു. അമേരിക്കയിലെയും മറ്റും താരങ്ങള്‍ മോഹവിലയ്ക്ക് ആഡംബര കെട്ടിടങ്ങള്‍ വാങ്ങുകയില്ലെന്നു വന്നപ്പോള്‍ ദുബായിലെ കമ്പനികള്‍ തകര്‍ന്നു. ബുര്‍ജ് ദുബായ് ഓപ്പണ്‍ ചെയ്തത് ഒരു തരത്തില്‍ വിശ്വാസ്യത ഉയര്‍ത്തിപ്പിടിക്കുന്നതിന് സഹായിക്കും.
          കേരളത്തിലെ എം.എം. ഹസ്സനെപ്പോലെ കീറിയ വായയ്ക്ക് എന്തും വിളിച്ചു പറയുന്ന കോണ്‍ഗ്രസ് നേതാക്കന്‍മാര്‍ വായ്ത്താരിയിടുന്നത് മന്‍മോഹന്‍സിംഗിനെപ്പോലെയുളള പ്രതിഭാശാലികളുടെ നേതൃത്വത്തിലുളള ഭരണം കൊണ്ടാണ് ഇന്ത്യയില്‍ മാന്ദ്യം ബാധിക്കാതിരുന്നത് എന്നാണ്. വാസ്തവത്തില്‍ ഇന്ത്യയും അമേരിക്കയും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. കുഴിയാന വരച്ചും ചിലപ്പോള്‍ ഇന്ത്യയുടെ ഭൂപടമുണ്ടാകാന്‍ പോസ്ബിലിറ്റി തീയറി അനുസരിച്ച് ഒരു ലക്ഷത്തില്‍ ഒരു സാധ്യതയുണ്ട്. അങ്ങനെയൊരബദ്ധം പോലും ഇന്ത്യയിലുണ്ടായിട്ടില്ല. അമേരിക്കയില്‍ ചീട്ടുകൊട്ടാരം പോലെ ഒന്നിനെ ആശ്രയിച്ച് മറ്റൊന്ന് എന്ന നിലയിലാണ് സമ്പദ്വ്യവസ്ഥ. അവിടുത്തെ ഒരു പൗരന്റെ ജീവിതം 18 വയസ്സാകുമ്പൊഴേ പല കമ്പനിക്കാര്‍ക്കായി തീറു കൊടുത്തു കഴിഞ്ഞിരിക്കും. ഒരു ദിവസത്തെ ഒരു മണിക്കൂര്‍ ഫഌറ്റ് കമ്പനിക്ക്, ഒരു മണിക്കൂര്‍ വണ്ടിക്കമ്പനിക്ക്, ഒരു മണിക്കൂര്‍ ആരോഗ്യ ഇന്‍ഷൂറന്‍സിന്, സോഷ്യല്‍ സെക്യൂരിറ്റിക്ക്, തുടങ്ങി പലതിനും. ഇത് ഒരു ആജീവനാന്ത ബാദ്ധ്യതയാണ്. അയാള്‍ തനിക്കു വേണ്ടി ജീവിക്കുന്നത് വളരെക്കുറച്ചു സമയമായിരിക്കും. അങ്ങനെയുളള ഒരു സ്ഥലത്ത് ജോലിയില്‍ നിന്നും ഫയര്‍ ചെയ്യപ്പെടുന്ന ഒരുവന് ആത്മഹത്യയല്ലാതെ മറ്റു മാര്‍ഗമില്ല.
          കേരളവും ഇന്ത്യയും വളരെ വ്യത്യസ്തമാണ്. കേരളത്തില്‍ the art of doing nothing എന്ന തൊഴിലിലാണ് മിക്കവരും ഏര്‍പ്പെട്ടിരിക്കുന്നത്. ഇന്ത്യയുടെ പല ഭാഗങ്ങളിലും 3 നേരം ആഹാരം കഴിച്ചു ജീവിക്കുക എന്നതാണ് പൗരന്റെ ഏറ്റവും വലിയ സ്വപ്‌നം. ഇങ്ങനെയുളള ആളുകള്‍ അവര്‍ക്കു ചുറ്റും അവരുടേതായ ഒരു സ്വതന്ത്ര സമ്പദ് വ്യവസ്ഥ പടുത്തുയര്‍ത്തിയിരിക്കുകയാണ്. അവിടെ എന്നും മാന്ദ്യമേയുളളൂ. വളര്‍ച്ച എന്നൊന്നില്ല. അവരുടെ ജീവിതത്തില്‍ എന്തെങ്കിലും ചലനമുണ്ടാക്കിയിട്ടുളളത് രണ്ടു രൂപയ്ക്ക് അരി, തൊഴില്‍ ഉറപ്പു പദ്ധതി, സ്‌കൂള്‍ ഉച്ചഭക്ഷണം തുടങ്ങി അപൂര്‍വം സര്‍ക്കാര്‍ പരിപാടികള്‍ മാത്രമാണ്. ഇന്ത്യയിലെ രാഷ്ട്രീയ കക്ഷികള്‍ക്കൊന്നിനും സാധാരണക്കാരന്റെ അടുക്കല്‍ വരെ എത്തിച്ചേരുന്നതും അവന്റെ ക്രയശേഷി വര്‍ദ്ധിപ്പിക്കാനുതകുന്നതുമായ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ ഇച്ഛാശേഷിയില്ലാത്തതുകൊണ്ടാണ് എന്‍.ടി.രാമറാവുവും, എം.കരുണാനിധിയും അധികാരത്തിലേറിയത്. ഇങ്ങനെയുളള സാധാരണക്കാര്‍ പട്ടിണി കിടന്നിട്ടും ചത്തുപോകാത്ത പ്രതിഭാസത്തെയാണ് ഏഴര ശതമാനം, എട്ടുശതമാനം വളര്‍ച്ച എന്ന് വിശേഷിപ്പിക്കുന്നത്.    

2010, ജനുവരി 4, തിങ്കളാഴ്‌ച

ശശിരാജാവ് ചെലച്ചോണ്ട് എഴുന്നെളളുന്നേ........!

ശശിരാജാവ് ചെലച്ചോണ്ട് എഴുന്നെളളുന്നേ........!
          ശശി എന്ന പേര് ഒരു രാജാവിന് ചേരുകയില്ലെന്ന് കേരളത്തിലെ മിമിക്രിക്കാരാണ് തീരുമാനിച്ചത്. പക്ഷേ അത് ഒരു മന്ത്രിക്ക് ഇണങ്ങുമെന്ന് ശശി തരൂര്‍ എന്ന വിദ്വാന്‍ തെളിയിച്ചു. ആളിന് ഒരു കുഴപ്പമേയുളളൂ: സ്ഥാനത്തും അസ്ഥാനത്തും ആസ്ഥാനത്തും കിടന്നു ചിലയ്ക്കും, താമസംവിനാ മാപ്പും പറയും.
          മാപ്പിന്റെ കാര്യം പറഞ്ഞപ്പോഴാണ് പണ്ടത്തെ കുഞ്ഞുണ്ണിയുടെ കാര്യം ഓര്‍മ്മ വന്നത്. പണ്ടൊരിയ്ക്കല്‍ SRO യില്‍ ഒരു പുതിയ ചെയര്‍മാന്‍ വന്നു ചാര്‍ജ്ജെടുത്തു. സ്ഥാനമാനങ്ങളനുസരിച്ച് എല്ലാ ഉദ്യോഗസ്ഥരും അദ്ദേഹത്തെ നേരില്‍ കണ്ടും പരിചയപ്പെട്ടും സേവനം വാഗ്ദാനം ചെയ്തു. അവസാനം ഒരു ഉദ്യോഗസ്ഥന്‍ മുന്നറിയിപ്പു കൊടുത്തു
 ' സാര്‍ ഒരു കാര്യം ചെയ്യണം ഇവിടെ കുഞ്ഞുണ്ണി എന്നൊരു ലാസ്റ്റ് ഗ്രേഡ് സെര്‍വന്റുണ്ട്. അവനോടു കയറി മുട്ടാനൊന്നും നില്‍ക്കരുത്. യൂണിയന്‍കാരനാണെന്നും പറഞ്ഞൊരു നടപ്പാണ് ഒരു പണിയും ചെയ്യുകയില്ല. എന്തെങ്കിലും കാര്യത്തില്‍ ഒന്നു പറഞ്ഞു രണ്ടാമത്തേതിന് കയറി ബെറ്റു വെയക്കും. കുഞ്ഞുണ്ണി ബെറ്റു വെച്ചാല്‍ നമ്മുടെ കാശു പോയതുതന്നെ.'
 'ഏയ് അതൊന്നും കാര്യമില്ല;എന്റെയടുത്ത് അത്തരം വേലയൊന്നും നടപ്പില്ല. നിങ്ങള്‍ പൊയ്‌ക്കോളൂ ഞാനവനെ നീറ്റായി കൈകാര്യം ചെയ്‌തോളാം'.
           എല്ലാവരും പുതിയ മേലാവിനെ കാണാനെത്തിയെങ്കിലും കുഞ്ഞുണ്ണി മാത്രം വന്നില്ല. രാത്രിയായപ്പോള്‍ മഴയത്ത് ഓടിക്കിത്ച്ച് കുഞ്ഞുണ്ണി സാറിനെക്കാണാനെത്തി. കൈയില്‍ ഒരു സഞ്ചി നിറയെ ഫ്രൂട്‌സും ഉണ്ട്. 'സര്‍ നമസ്‌കാരം കുറച്ചു വൈകിപ്പോയി.'
 'സാരമില്ല, തന്നെക്കുറിച്ചു വല്യ അഭിപ്രായമാണല്ലോ ഇവിടൊക്കെ'
 'അങ്ങനൊന്നുമില്ല സര്‍ ആഫീസറന്‍മാര്‍ക്കൊക്കെ എന്നെ വല്യ കാര്യമായിരുന്നു  അതുകൊണ്ടുളള അസൂയയാ'
'ഓ അങ്ങനെയാണോ'
 'പിന്നെ ഞാന്‍ കുറച്ച് ഫ്രൂട്‌സ് വാങ്ങിക്കൊണ്ട് വന്നിട്ടുണ്ട്. സാര്‍ വരുന്നതിനു മുമ്പേ സാറിന്റെ അസുഖമൊക്കെ ഞാന്‍ അന്വേഷിച്ചു മനസിലാക്കിയിരുന്നു'
'അസുഖമോ? എനിക്കോ? എനിക്കസുഖമൊന്നുമില്ലല്ലോ?'
 'സാറിന്റെ ഫാമിലി ഡോക്ടറു പറഞ്ഞതാ സാറിനു പൈല്‍സിന്റെ അസുഖമൊണ്ടെന്ന്. അതുകൊണ്ടാ രാത്രിയില്‍ മഴയത്ത് ഈ ഫ്രൂട്‌സും മേടിച്ചോണ്ടു വന്നേ'
'എടോ എനിക്കൊരസുഖവുമില്ല തന്നെ ആരാണ്ടു പറഞ്ഞു പറ്റിച്ചതാ.'
'അങ്ങനെ പറയരുത് കുഞ്ഞുണ്ണി അറിഞ്ഞാ നാണക്കേടാന്നു വിചാരിച്ചിട്ടാണെങ്കി സമ്മതിച്ചു. എന്തെങ്കിലുമൊരാവശ്യം വരുമ്പോ ഞങ്ങളേപ്പോലൊള്ളോരേ കാണത്തൊള്ളൂ'
 'കുഞ്ഞുണ്ണീ എനിക്കൊരസുഖവുമില്ല താന്‍ വലിയ ബെറ്റു വെപ്പുകാരനല്യോ ബെറ്റു വെച്ചോ'
 'എന്നാ സാറേ ബെറ്റ് ഞാന്‍ പറയുന്നു സാറിന് പൃഷ്ഠത്തില്‍ കൂടി അല്പമെങ്കിലും രക്തം വരുന്ന അസുഖമൊണ്ട്. ഒണ്ടെങ്കി സാറു നൂറു രൂപാ തന്നാ മതി.ഇല്ലെങ്കില്‍ ഞാന്‍ അഞ്ഞൂറു രൂപാ സാറിനു തരും.പക്ഷേ ഇന്നു തന്നെ വിവരം അറിയണം'.
 'ബെറ്റു സമ്മതിച്ചിരിക്കുന്നു;പൈസ വേണ്ടിയിട്ടുമല്ല.മേലാല്‍ താന്‍ ആരോടും ബറ്റു വെയ്ക്കരുത്. പക്ഷേ ഈ രാത്രിയെങ്ങനാ വിവരം അറിയുന്നത്'.
 'സാറിനൊന്നും തോന്നത്തില്ലെങ്കില്‍ ഞാനൊരു കാര്യം പറയാം. ഈ സഞ്ചിക്കകത്ത് അധികം പഴുക്കാത്ത പാളയം കോടന്‍ പഴമുണ്ട് അതേലെ ഒരെണ്ണം പൊളിച്ചെടുത്ത് സാര്‍ ടോയ്‌ലററില്‍ പോയി ആ ഭാഗത്ത് വെച്ചിട്ട് ഒന്നു കാണിച്ചാല്‍ മതി എനിക്കു സാറിനെ വിശ്വാസമാ രക്തം പറ്റിയിട്ടില്ലെങ്കില്‍ ഞാന്‍ തോറ്റു'.     ചെയര്‍മാന്‍ ടോയ്‌ലറ്റില്‍ പോയിട്ടു വന്നു രക്തത്തിന്റെ അംശം പോലുമില്ല. കുഞ്ഞുണ്ണി ആദ്യമായി ബെറ്റില്‍ പരാജയപ്പെട്ടു.
 'താന്‍ അങ്ങനെ പോകണ്ടാ ഇതോടെ തന്റെ ബറ്റ് അവസാനിപ്പിച്ചോണം. നാളെ ക്യാന്റീനില്‍ വെച്ച് എല്ലാവരെയും കാണ്‍കെ വേണം രൂപാ തരാന്‍'.
വിഷണ്ണനായ കുഞ്ഞുണ്ണി മനസ്സില്ലാമനസ്സോടെ സമ്മതിച്ചു. പിറ്റേന്ന് ക്യാന്റീനില്‍ നൂറുകണക്കിനു ജീവനക്കാര്‍ ഇടിച്ചുനിന്നു. കുഞ്ഞുണ്ണി അഞ്ഞൂറു രൂപാ പരസ്യമായി ചെയര്‍മാനു കൈമാറി തെറ്റു പറ്റിയതില്‍ മാപ്പും ചോദിച്ചു. ഇതു കഴിഞ്ഞപ്പോള്‍ നൂറുകണക്കിനു ജീവനക്കാര്‍ കുഞ്ഞുണ്ണിയുടെ അടുത്തേക്ക് ക്യൂ നില്‍ക്കുന്നു. അവരെല്ലാം ആയിരം രൂപാവീതം കുഞ്ഞുണ്ണിക്കു നല്‍കുന്നു. അവസാനിക്കാത്ത നിര കണ്ട് ചെയര്‍മാന്‍ ഒരു ഓഫീസറെ വിളിച്ചു ചോദിച്ചു എന്തിനാണെല്ലാവരും അയാള്‍ക്ക് പണം നല്‍കുന്നതെന്ന്. ഓഫീസര്‍ പറഞ്ഞു:
'പുതുതായി വരുന്ന ചെയര്‍മാന്റെ ആസനത്തില്‍ ഒരു പഴം അടിച്ചു കയറ്റാമെന്ന് കുഞ്ഞുണ്ണി ഞങ്ങളോടെല്ലാം ആയിരം രൂപാ ബെറ്റു വെച്ചിരുന്നു സാര്‍'
കൂടെക്കൂടെയുളള ട്വിറ്ററിലെ വിവാദങ്ങളും മാപ്പു പറച്ചിലും കേട്ടിട്ട് നമുക്കൊരു സംശയം. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന മൈക്രോബ്‌ളോഗാക്കി ട്വിറ്ററിനെ മാറ്റിക്കൊടുക്കാം എന്ന് കോടിക്കണക്കിന് ഡോളറിന് ശശി ബെറ്റു വെച്ചിട്ടുണ്ടോന്ന്!

2010, ജനുവരി 2, ശനിയാഴ്‌ച

നാരായണപ്പണിക്കര്‍ ഓക്കാനിച്ചാല്‍ കുഞ്ഞാലിക്കുട്ടിക്കു ഗര്‍ഭമോ?

നാരായണപ്പണിക്കര്‍ ഓക്കാനിച്ചാല്‍ കുഞ്ഞാലിക്കുട്ടിക്കു ഗര്‍ഭമോ?
          മന്നം ജയന്തിയോടനുബന്ധിച്ചു നടന്ന സമ്മേളനത്തില്‍ എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി നാരായണപ്പണിക്കര്‍ നായര്‍ സമുദായത്തിന് സംവരണം വേണമെന്ന് ആവശ്യപ്പെട്ടു. ഇയ്യിടെയായി സുകുമാരന്‍നായര്‍ക്കു തികട്ടി വരുന്നതാണ് നാരായണപ്പണിക്കര്‍ ഛര്‍ദ്ദിക്കുന്നത്. ആ 'വലിയ മനുഷ്യന്റെ' ഉളളിലുളളത് നായര്‍ സമുദായത്തിന് ചെയ്യുന്നത് ചില്ലറ ദോഷമല്ല. ഒന്ന്, സംവരണം കൊണ്ട് ഉദ്ദേശിക്കുന്നത് എന്തെന്ന് വായിച്ചു മനസ്സിലാക്കാനുളള ത്രാണി സുകുമാരന്‍നായര്‍ക്കില്ല. അതല്ലല്ലോ പണിക്കരുടെ സ്ഥിതി. രണ്ട,് ലഭിക്കാന്‍ സാദ്ധ്യതയുളള കാര്യം ആവശ്യപ്പെടണം. ഗണ്യമായ സ്വാധീനമുളള നായര്‍ സമുദായത്തിന്റെ ശബ്ദം ആരാലും ശ്രദ്ധിക്കപ്പെടാതെ അന്തരീക്ഷത്തില്‍ ലയിച്ചു പോകാനുളളതല്ല. അപഹാസ്യമായ മറ്റൊരു കാര്യം ഇന്ത്യയില്‍ മുപ്പത്തിമുക്കോടി ദൈവങ്ങളല്ല ഉള്ളത്; ഹിന്ദു സമുദായത്തില്‍ മുപ്പത്തിമുക്കോടി ജാതികളാണുളളത്. ഇത് ഒരു സാധാരണക്കാരന് മനസ്സിലാവില്ല. പഴയ കാലത്തെ ഒരു എന്ട്രന്‍സ് അപേക്ഷാ ഫോം വാങ്ങി നോക്കിയാല്‍ കേരളത്തിലെ ജാതി ബാഹുല്യം അതില്‍ കാണാം. ഇതിന്റെയടിസ്ഥാനത്തില്‍ 28 സംസ്ഥാനങ്ങളെപ്പറ്റി ചിന്തിക്കണം. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ ബഹുഭൂരിപക്ഷം വരുന്ന അവര്‍ണ ജാതിഹിന്ദുക്കള്‍ സമൂഹത്തിന്റെ മുഖ്യധാരയില്‍ വരാനുളള ഉപാധികളൊന്നുമില്ലാതെ നിരാശ്രയരായി നിലകൊളളുകയായിരുന്നു. അവരെ പെട്ടെന്ന് മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന് 10 വര്‍ഷക്കാലത്തേക്കുമാത്രം കൊണ്ടു വന്ന ഒരു മാര്‍ഗമാണ് സംവരണം. ഭരണകൂടം, സാമുദായിക സംവരണം കൊണ്ട് നിശ്ചിത സമുദായങ്ങള്‍ അന്നുദ്ദേശിച്ച പോലെ കുറെയെങ്കിലും മുന്നില്‍ വന്നുവോ എന്നു പരിശോധിക്കാന്‍ റിവ്യൂ കമ്മീഷനെ വെയ്ക്കാതെ, വോട്ടിനു വേണ്ടി 63 വര്‍ഷത്തിനു ശേഷവും അതതു സമുദായത്തിലെ വരേണ്യ വര്‍ഗത്തിന് കല്‍പ്പാന്തകാലത്തോളം യോഗ്യനെക്കാള്‍ മുന്നില്‍ വന്നു വീണ് ആനുകൂല്യം ഭുജിക്കാനുളള ഒരു ഏര്‍പ്പാടാക്കി സംവരണത്തെ മാറ്റി. ഒരു സ്ഥാനത്തേക്ക് യോഗ്യനായ വ്യക്തിയെ മറ്റു കാരണങ്ങളുടെ പേരില്‍ മാറ്റി നിര്‍ത്തി യോഗ്യത കുറഞ്ഞയാളിന് നിയമനം നല്‍കുന്ന ഒരേയൊരു രാജ്യം ഇന്ത്യയായിരിക്കും. ഇക്കാര്യത്തില്‍ ആഫ്രിക്കയേക്കാള്‍ ഇരുണ്ട യുഗത്തില്‍ ജീവിക്കുന്നവര്‍!
വിദ്യാഭ്യാസം നേടുന്നതിനോ മറ്റോ യാതൊരു വിലക്കുകളും ഇല്ലാതിരുന്ന നായര്‍ സമുദായത്തിന് സംവരണം വേണമെന്നു പറഞ്ഞാല്‍ അത് പഴയ കാലത്തേക്കുളള തിരിച്ചു പോക്കാണ്. ജാതിക്കണക്കെടുത്തു പരിശോധിക്കുമ്പോള്‍ സര്‍ക്കാര്‍ സര്‍വ്വീസുകളിലും മറ്റും നായരുടെ എണ്ണം കുറഞ്ഞു എന്നു പറഞ്ഞാല്‍ അവര്‍ മത്സരത്തില്‍ പിന്നോക്കം പോയി എന്നും, പിന്നോക്കമല്ലാതിരുന്നിട്ടും സാമുദായികസംവരണം എന്ന കാലോചിതമല്ലാത്ത, യുക്തിസഹമല്ലാത്ത വ്യവസ്ഥ നായര്‍ സമുദായത്തിന് ദൂഷ്യം ചെയ്തു എന്നുമാണര്‍ത്ഥം. ഇതിനു പ്രതിവിധിയായി സാമുദായിക സംവരണം അതാതു സമുദായത്തിലെ പാവപ്പെട്ടവര്‍ക്കു മാത്രം പരിമിതപ്പെടുത്തണം എന്നു നിര്‍ദ്ദേശിക്കാം. സമുദായം നോക്കാതെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മുഴുവന്‍ ആളുകള്‍ക്കും സംവരണം വേണമെന്നാവശ്യപ്പെടാം. ഇതാണ് മുന്‍കാലങ്ങളില്‍ ആവശ്യപ്പെട്ടിരുന്നത്. പകരം നായര്‍ സമുദായത്തിന് സംവരണം വേണമെന്നാവശ്യപ്പെടുന്നത് തങ്ങള്‍ക്കും അന്യായമായി അവസരലഭ്യത ഉറപ്പുവരുത്തണം എന്ന ബാലിശമായ അഭിപ്രായപ്രകടനമാണ്.
          ഈ ആവശ്യത്തില്‍ മറ്റൊരു വ്യംഗ്യമായ പ്രഖ്യാപനം കൂടിയുണ്ട്. നായര്‍ ശൂദ്രനാണെന്ന്! സര്‍വ്വീസ് വാരിക തന്നെ തങ്ങളുടെ അധകൃതത്വത്തെപ്പറ്റി കൂടെക്കൂടെ ലേഖനങ്ങള്‍ പ്രശിദ്ധപ്പെടുത്താറുണ്ട്. തോപ്പില്‍ ഭാസിയുടെ ഒളിവിലെ ഓര്‍മ്മകള്‍ എന്ന പുസ്തകത്തില്‍ നായരുടെ കുലത്തൊഴില്‍ അടിച്ചുതളിയാണെന്നും അതിനാല്‍ നായന്മാര്‍ ശൂദ്രരാണെന്നും സ്ഥാപിക്കുന്നുണ്ട്. നായര്‍ സമുദായത്തിന്റെ ചരിത്രത്തെപ്പറ്റി ആദ്യമായി പഠനം നടത്തിയത് ഒരു ഇംഗ്‌ലീഷു കാരനായിരുന്നു. യഥാര്‍ത്ഥത്തില്‍ തിരുവിതാംകൂര്‍ രാജകുടുബവുമായി ബന്ധപ്പെട്ട എട്ടുവീട്ടില്‍ പിളളമാര്‍ തുടങ്ങി വടക്കോട്ടു പോകുമ്പോള്‍ പല നാട്ടുരാജ്യങ്ങളിലെയും സാഹചര്യമനുസരിച്ച് ക്ഷത്രിയന്റെ മുതല്‍ ശൂദ്രന്റെ വരെ കുലത്തൊഴില്‍ ചെയ്തിരുന്നവരാണ് നായന്‍മാര്‍. അവര്‍ക്ക് ഏകീകൃതമായ ഒരു കുലത്തൊഴിലും ഉണ്ടായിരുന്നില്ല.( വിസ്തരഭയം കാരണം ഈ വിഷയത്തില്‍ പ്രത്യേകമായ ഒരു ചരിത്രം എന്റെ തന്നെ എതിര്‍വിചാരണ എന്ന ബ്ലോഗില്‍ ഉടനെ വായിക്കാം.)ആയതിനാല്‍ തങ്ങള്‍ അധകൃതരാണെന്ന് പ്രഖ്യാപിച്ച് സംവരണം വേണമെന്നാവശ്യപ്പെടുന്നതിനേക്കാള്‍- കരയോഗം കൂടി ഇഡ്ഡലിയും ചായയും കഴിച്ചു പിരിയാതെ- കരയോഗമന്ദിരങ്ങളില്‍ വല്ല തൊഴില്‍വാര്‍ത്തയും തൊഴില്‍ വീഥിയും വരുത്തിക്കൊടുത്ത് ചങ്ങനാശ്ശേരി കേന്ദ്രമാക്കി ഒരു കരിയര്‍ ഗൈഡന്‍സ് സെന്ററും തുടങ്ങിയാല്‍ വിദേശത്തുളള നായന്‍മാരും അവിടങ്ങളിലെ തൊഴില്‍ അവസരങ്ങളും അറിയിച്ചെന്നിരിക്കും.
          പണിക്കരുടെ പ്രസ്താവന വന്നപ്പോഴേക്കും കുഞ്ഞാലിക്കുട്ടിക്ക് ഉടന്‍ വന്നു വേറൊരോക്കാനവും ഗര്‍ഭസംശയവും. അദ്ദേഹത്തിനുറപ്പാണ് പണിക്കരുടെ പ്രസ്താവന ഭരണഘടനയ്ക്കു വിരുദ്ധമാണെന്ന്. ഇതുപോലുളള ഉണിക്കോരന്‍മാരാണ് രാജ്യത്തെ ജനങ്ങളെ വര്‍ഗീയവാദികളാക്കുന്നത്. കേരളത്തില്‍ മൂന്നിലൊന്നില്‍ കൂടുതലുളള ( ഇപ്പോഴില്ലെങ്ങില്‍ അടുത്താഴ്ച മൈമുന ഇരട്ട പെറുന്നതോടെ തികയും) മുസഌംജനവിഭാഗം എങ്ങനെയാണ് ന്യൂനപക്ഷമാകുന്നത്? അപ്പോള്‍ അത് മാനദണ്ഡത്തിന്റെ കുഴപ്പം. ഭരണഘടന വിശുദ്ധവേദപുസ്തകമൊന്നുമല്ല. ഇതിനോടകംതന്നെ നൂറുകണക്കിനു ഭേദഗതികള്‍ അതിനു വരുത്തിക്കഴിഞ്ഞു. ഭരണഘടന തന്നെ വ്യക്തമായി പറഞ്ഞിട്ടുണ്ട് റിവ്യൂ നടത്തി സംവരണം അവസാനിപ്പിക്കണമെന്ന്. നമ്മള്‍ ഭേദഗതി നടത്തിയാണ് സംവരണം തുടരുന്നത്. മായാവതിക്കും കുഞ്ഞാലിക്കുട്ടിക്കും ബദലായി വടക്കേയിന്ത്യയില്‍ ഏതാനും സവര്‍ണഭ്രാന്തന്‍മാരുടെ ഗവണ്‍മെന്റുകള്‍ അധികാരത്തില്‍ വരുന്ന ദിനം 10 വര്‍ഷം കൂടുമ്പോള്‍ നടത്തുന്ന ഭേദഗതിക്കു ഭൂരിപക്ഷം കിട്ടാതെ സംവരണം അവസാനിക്കുമ്പോഴേ കുഞ്ഞാലുക്കുട്ടിയുടെ ചൊറിച്ചില്‍ മാറൂ.