2010, ജൂൺ 30, ബുധനാഴ്‌ച

ജയരാജന്‍ പൊതുജനങ്ങളുടെ കഴുത്തില്‍ ചാടിക്കയറി മുക്രയിടുന്നു

സി.പി.എമ്മില്‍ നേതാക്കന്‍മാര്‍ക്കുണ്ടായിക്കൊണ്ടിരിക്കുന്ന ഗുണപരമായ മാറ്റത്തിന്റെ പ്രതിനിധികളാണ് എം.വി. ജയരാജനും ഇ.പി. ജയരാജനും. പൊതുജനങ്ങള്‍ക്കുവേണ്ടിയാണ് താന്‍ ത്യാഗം ചെയ്യുന്നതെന്ന വ്യാജേനയാണ് എം.വി. ജയരാജന്‍ ഹൈക്കോടതി ജഡ്ജിമാരെ പുലഭ്യം പറഞ്ഞത്. സുധാകരന്‍ മന്ത്രി മജിസ്‌ട്രേറ്റിനെ കൊഞ്ഞാണന്‍ എന്നു വിളിച്ചപ്പോള്‍ ജയരാജന്‍ ജസ്റ്റിസുമാര്‍ക്കു ചാര്‍ത്തി കൊടുത്ത ഡി.ലിറ്റാണ് വിവരമില്ലാത്ത ശുംഭന്‍മാര്‍.
കോടതി റോഡുവക്കിലെ പൊതുയോഗങ്ങള്‍ നിരോധിച്ചത് വിളക്കുകണ്ട് ഓടിയടുക്കുന്ന ശലഭങ്ങളെപ്പോലെ, കഴമ്പില്ലാത്ത രാഷ്ട്രീയക്കാരന്‍ വാ വലിച്ചു കീറുന്നതു കേള്‍ക്കാന്‍ ഓടിയടുക്കുന്ന പാവം ജനങ്ങളുടെ മേല്‍ വാഹനങ്ങള്‍ ഇടിച്ചു കയറി അപകടങ്ങള്‍ ഉണ്ടാകുന്നതുമായി ബന്ധപ്പെട്ടാണ്. ജയരാജന്‍ ഇതിനെ വായ കൊണ്ടു പ്രതിരോധിക്കുന്നത് ഭരണഘടനയിലെ അഭിപ്രായസ്വാതന്ത്ര്യത്തില്‍ പിടിച്ചാണ്. ഇക്കാര്യത്തില്‍ സവിശേഷമായ ഒരു കാര്യം എന്റെ സ്വാതന്ത്ര്യം മറ്റൊരാളിന്റെ സ്വാതന്ത്ര്യം ആരംഭിക്കുന്നിടത്ത് അവസാനിക്കുന്നു എന്നതാണ്. റോഡുകള്‍ സുരക്ഷിതമായി യാത്ര ചെയ്യുക എന്ന ഉദ്ദേശ്യത്തില്‍ നിര്‍മ്മിച്ചിരിക്കുന്നവയാണ്. റോഡുകളില്‍ ലഭ്യമാകേണ്ട സ്വാതന്ത്ര്യം വാഹനവുമായി ഇറങ്ങുന്നവന്‍ ട്രാഫിക്ക് നിയമങ്ങള്‍ പാലിച്ച് പോകുന്നുവെങ്കില്‍ ആരെയും അപായപ്പെടുത്താതെയും സ്വയം അപകടത്തില്‍ പെടാതെയും തിരകെ വീട്ടില്‍ ചെല്ലുന്നതിനുളള സ്വാതന്ത്ര്യമാണ്. അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പന്തു തട്ടിക്കളിക്കുന്നതിനുളള മൈതാനമല്ല ഒരിടത്തെയും റോഡുകള്‍.
കോടതി വേണ്ടത്ര ഊന്നല്‍ കൊടുക്കാതിരുന്ന സംഗതി, മുന്‍പ് നിശിതമായ വിധികള്‍ വന്നിട്ടുണ്ടെങ്കില്‍പ്പോലും, ആശയദാരിദ്ര്യം ബാധിച്ച കുറെ വിവരദോഷിനേതാക്കന്‍മാരും പിണിയാളുകളും കൂടി-ഇതില്‍ രാഷ്ട്രീക്കാര്‍ മാത്രമല്ല- നിരാശ്രയരായ പൊതുജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം നിരന്തരമായി നിഷേധിക്കുന്നു എന്നതാണ്. സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിശ്ചിത ഓപ്പണ്‍ ഏയര്‍ തിയറ്ററുകളിലോ ഹാളുകളിലോ അനുമതിയോടുകൂടി മാത്രം നടത്താവുന്ന ഒന്നാണ് പൊതുയോഗങ്ങള്‍. കഴമ്പില്ലാത്ത കാര്യങ്ങള്‍ക്ക് ആളെക്കിട്ടില്ല എന്ന ഭീതിയാണ് രാഷ്ട്രീയപ്പാര്‍ട്ടികളെ തെരുവോരപൊതുയോഗനിരോധനത്തിനെതിരെ വാളെടുക്കാന്‍ പ്രേരിപ്പിക്കുന്നത്.

4 അഭിപ്രായങ്ങൾ:

  1. കവല ചട്ടമ്പി മൂത്ത് നേതാവായവരില്‍ നിന്നും ഗിരിപ്രഭാഷണം പ്രതീക്ഷിക്കുന്ന നമ്മള്‍ അല്ലെ സര്‍ മണ്ടന്മാര്‍ ?

    മറുപടിഇല്ലാതാക്കൂ
  2. റോഡരുകിൽ പൊതുയോഗം നിരോധിച്ചതിനെ പൂർണ്ണമായി ഉൾക്കൊള്ളുവാൻ സാധിക്കില്ല, കാരണം സമരങ്ങളും പൊതുയോഗങ്ങളും റോഡരുകിലും പൊതുസ്ഥലങ്ങളിലും നടത്തേണ്ടിവരും. ഉൽസവം പ്രമാണിച്ച്‌ റോഡരുകിൽ കമാനം ഉയർത്തും... പക്ഷെ ഇതിനൊക്കെ ഒരു നേരും നെറിയും വേണം. അധികാരികളുടെ കയ്യിൽ നിന്ന്‌ മുൻകൂർ അനുവാദം വേണം. റോഡരുകിൽ യോഗം നടത്തുമ്പോൾ കാൽ നടക്കാർക്ക്‌ നടന്നു പോകുവാൻ ബാരിക്കേഡ്‌ കെട്ടി നടപാത നല്കണം, വാഹനങ്ങൾക്ക്‌ സുഗമമായി പോകുവാനുള്ള അവസരം നൽകണം. വണ്ടികൾ തടഞ്ഞിടുന്ന ഗുണ്ടായിസം അവസാനിപ്പിക്കണം.

    റോഡിന്റെ നേർ അവകാശികളായ യാത്രക്കാരുടെ അവകാശങ്ങൾ ചവുട്ടിമെതിച്ചിട്ടല്ല പൊതുയോഗങ്ങൾ നടത്തേണ്ടത്‌. ഇപ്പോൾ നടക്കുന്നത്‌ മത-രാഷ്ട്രീയക്കാരുടെ കൂത്താട്ടമാണ്‌, അതുകൊണ്ടുതന്നെയാണ്‌ കോടതിക്ക്‌ ഇത്തരത്തിൽ ഒരു വിധിയും പ്രഖ്യാപിക്കേണ്ടി വന്നത്‌.

    റോഡിൽ ഒരു നിയന്ത്രണവുമില്ലാതെ രാഷ്ട്രീയക്കാരും മത സംഘടനകളും നടത്തുന്ന പൊതുയോഗവും റാലികളും പ്രാർത്ഥനകളും, ഇതിനും പുറമെ ഇവരൊക്കെ സ്ഥാപിക്കുന്ന ബോർഡുകളും സ്തൂപങ്ങളും യൂണിയനാപ്പിസുകളും ഭണ്ഢാരപ്പെട്ടികളും എല്ലാം തന്നെ ഒരു ശാപമായി മാറികൊണ്ടിരിക്കുന്നു.

    കളിസ്ഥലങ്ങളിലാത്ത നാട്ടിലെ കുട്ടികൾ തിരക്കില്ലാത്ത റോഡിലും കളിക്കും. നിരോധിക്കുന്നതിന്‌ മുൻപ്‌ കളിസ്ഥലം നിർമ്മിക്കുക...

    ഓഫ്‌... എം.വി. ജയരാജനെ പാർട്ടി സെക്രട്ടറിയാക്കുക!!!

    മറുപടിഇല്ലാതാക്കൂ
  3. കവല ചട്ടമ്പി മൂത്ത് നേതാവായവരില്‍ നിന്നും ഗിരിപ്രഭാഷണം പ്രതീക്ഷിക്കുന്ന നമ്മള്‍ അല്ലെ സര്‍ മണ്ടന്മാര്‍ ?

    ഇതാണ് ശരി..!

    മറുപടിഇല്ലാതാക്കൂ
  4. കവല ചട്ടമ്പി മൂത്ത് നേതാവായവരില്‍ നിന്നും ഗിരിപ്രഭാഷണം പ്രതീക്ഷിക്കുന്ന നമ്മള്‍ അല്ലെ സര്‍ മണ്ടന്മാര്‍ ?

    ഇതു തന്നെ എന്റേയും അഭിപ്രായം

    മറുപടിഇല്ലാതാക്കൂ