2010, ജൂൺ 6, ഞായറാഴ്‌ച

മാണിസാറ് മുഖ്യനായാലെന്താ?

         കെ. എം. മാണി മുഖ്യമന്ത്രിയാകാന്‍ സര്‍വ്വഥാ യോഗ്യനാണെന്ന് മറ്റൊരച്ചായന്‍ പത്രപ്രവര്‍ത്തകനായ കെ. എം. റോയ് അസന്ദിഗ്ധമായി പറഞ്ഞു കഴിഞ്ഞു. പക്ഷേ അതു യോഗ്യതയെപ്പറ്റിയാണ്. സിഗററ്റുകൂടിന്റെ കവറില്‍ ഉത്തരവെഴുതിക്കൊടുത്ത ഇമ്പിച്ചിബാവ മന്ത്രിയായിരുന്നിടത്ത് മന്ത്രിയാകാന്‍ വിശിഷ്യാ യോഗ്യതയൊന്നും ആവശ്യമുണ്ടെന്നു തോന്നുന്നില്ല. അടുക്കളയില്‍ ചപ്പാത്തി ചുട്ടുമാത്രം പരിചയമുണ്ടായിരുന്ന റാബ്രീദേവിക്ക് ലല്ലുവിനേക്കാള്‍ നല്ല മുഖ്യമന്ത്രിയാകാമെങ്കില്‍ മാണിസ്സാറിനു മഹാമന്ത്രിയാകാം. ചന്ദ്രശേഖര്‍ മന്ത്രിസഭയില്‍ ക്യാബിനറ്റു മന്ത്രിയാകാന്‍ തയ്പിച്ച ജൂബാ പഴങ്കോടിയായിപ്പോയെന്നൊരു ദുശ്ശകുനം ഇടയ്ക്കുണ്ടായി എന്നു മാത്രം.
        പക്ഷേ വിഷയം അതല്ല, മാണിസ്സാറിന് മുഖ്യമന്ത്രിയാകാന്‍ കേരളത്തില്‍ വിദൂരമായെങ്കിലും ഒരു രാഷ്ട്രീയ സാഹചര്യം ഉണ്ടോ എന്നതാണ് തിരയേണ്ടത്. കേരളാകോണ്‍ഗ്രസ്സുകളുടെ ലയനം മാണിയുടെ പാര്‍ട്ടിയെ ഇമ്മിണി വലിയ പാര്‍ട്ടിയാക്കിയിരിക്കുന്നു. അതോടെ ലീഗിനും കോണ്‍ഗ്രസിനും അദ്ദേഹത്തോട് തെല്ലൊരസഹിഷ്ണുതയുണ്ട്. മദ്ധ്യതിരുവിതാംകൂറിലെ ആറേഴുസീറ്റുകള്‍ മണ്ഡലപുനര്‍നിര്‍ണയത്തോടെ ഇല്ലാതായതും ജോസഫ് വന്നതോടെ ക്ലെയിം കൂടിയതും സീറ്റുവിഭജനസമയത്ത് യു.ഡി.എഫില്‍ കൂട്ടപ്പൊരിച്ചിലിനിടയാക്കും. ഊത്തസമയത്ത് സര്‍വ്വപീറപ്പിള്ളാരും ചട്ടീം ചൂണ്ടയുമെടുത്തു വരുന്നപോലെ സര്‍വ്വ അലവലാതികളും തെരഞ്ഞെടുപ്പടുത്തപ്പോള്‍ യു.ഡി.എഫിലേക്ക് വലിഞ്ഞുകയറി വരുകയാണ്. കോണ്‍ഗ്രസിന്റെ കയ്യില്‍ അക്ഷയപാത്രമൊന്നുമില്ലല്ലോ?
        ഇവിടെയാണ് മാണിയുടെ സാദ്ധ്യതകള്‍ കടന്നു വരുന്നത്. അടുത്ത നിയമസഭാതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് പച്ച തൊടില്ല എന്ന് അവര്‍ക്കുതന്നെ നല്ലതിട്ടമാണ്. കോണ്‍ഗ്രസ്സിനോ അമിതാത്മവിശ്വാസവും. അടി മൂത്ത് മാണി ഒറ്റയ്ക്കു നില്‍ക്കാന്‍ തീരുമാനിച്ചു എന്നു വയ്ക്കുക(മാണിക്കുഞ്ഞ് കെ.മുരളീധരനല്ല എന്ന് നോം നിരീക്കാഞ്ഞിട്ടല്ല). മാണിയെ പ്രോത്സാഹിപ്പിക്കേണ്ട ബാധ്യത എല്‍.ഡി.എഫിന്റെ ചുമതലയാകും. ഗതികേടിന് സിപിഎമ്മിലെ നേതാക്കന്‍മാരുടെ അഹങ്കാരത്തിന്റെ രസനിരപ്പ് തെരഞ്ഞെടുപ്പുപ്രമാണിച്ച് താഴ്ന്നുപോയെന്നും വയ്ക്കുക. നായരീഴവപിന്തുണ പരോക്ഷമായി എല്‍.ഡി.എഫിനു കിട്ടിയെന്നു വരും. മാണി മദ്ധ്യതിരുവിതാംകൂറിലെ കൃസ്ത്യന്‍ വികാരം ആളിക്കത്തിക്കുന്നതില്‍ വിജയിക്കുകയും ചെയ്താല്‍ ഒരേചന്തയില്‍ അളിഞ്ഞ മത്തി വില്ക്കുന്നതില്‍നിന്നും മാതൃഭൂമിയും മനോരമയും പുനര്‍വിചിന്തനം നടത്തും.
         ഇന്ദ്രപ്രസ്ഥത്തില്‍ ബി.ജെ.പി.അധികാരകേന്ദ്രത്തോടടുത്തു തുടങ്ങിയപ്പോള്‍ ആര്‍. ബാലശങ്കറിനെ ദല്‍ഹി ബ്യൂറോ ചീഫാക്കിയ മനോരമയ്ക്ക് സിഡി മാറ്റിയിടാന്‍ പ്രയാസമുണ്ടാവില്ല. മനോരമ മാണിക്കുഞ്ഞിനെയും സഹായിക്കാന്‍ നിര്‍ബന്ധിതമാകും. ഒറ്റയ്ക്കു മത്സരിക്കുന്ന മാണിക്കോണ്‍ഗ്രസ് കുറേയേറെമണ്ഡലങ്ങളില്‍ യു.ഡി.എഫിന്റെ സാദ്ധ്യതകളെ ഇല്ലാതാക്കുകയും ഇരുപതു സീറ്റുകളിലെങ്കിലും വിജയിക്കുകയും എല്‍.ഡി.എഫിന് 52 സീറ്റെങ്കിലും കിട്ടുകയും ചെയ്താല്‍ 2011-ല്‍ മാണിസ്സാറാകും കേരളത്തിന്റെ മുഖ്യമന്ത്രി. അധികാരമില്ലാതെ ജീവിതം മുന്നോട്ടുനീക്കാന്‍ കഴിയാത്ത കോണ്‍ഗ്രസ്സുകാരന്റെ കുഴിതോണ്ടാന്‍ ആദര്‍ശത്തിന് അവധി കൊടുത്ത് മാണിയെ പിന്തുണയ്ക്കാന്‍ അടവുനയത്തിന്റെ ആശാന്‍മാര്‍ക്ക് എന്താണ് പ്രയാസം. ബംഗാളിന്റെ ആകാശത്തില്‍ ചുവപ്പ് തീരെ അപ്രത്യക്ഷമാകുന്ന സാഹചര്യത്തില്‍ something is better than nothing എന്നതായിരിക്കും സി.പി.എം.കേരളഘടകത്തിന്റെ പുതിയമാനിഫെസ്റ്റോ.

4 അഭിപ്രായങ്ങൾ:

  1. നമ്പൂതിരിയുടെ മാനിഫെസ്റ്റോ കൊള്ളാം.കാണാന്‍ പോകുന്ന പൂരമല്ലേ..

    മറുപടിഇല്ലാതാക്കൂ
  2. മാണി സാര്‍ ഒരു വിലപേശല്‍ നടത്തും അതിനു സംശയം ഏതുമില്ല.

    മറുപടിഇല്ലാതാക്കൂ
  3. വ്യക്തിപരമായി മാണിസാർ മുഖ്യമന്ത്രിയാകാൻ യോഗ്യൻ തന്നെയാണ്‌, അതിന്‌ ഒരു സംശയം വേണ്ട.

    മുന്നണി ഭരണമാണെങ്ങിലും എറ്റവും കൂടുതൽ സീറ്റ് കിട്ടുന്ന പാർട്ടിയുടെ നേതാവ്‌ തന്നെ മുഖ്യമന്ത്രിയാകുന്നതാണ്‌ നല്ലത്‌. അതോടൊപ്പം കേരളത്തിലെ എല്ലാ ജനവിഭാഗങ്ങളിലും പ്രദേശങ്ങളിലും വേരുകളുള്ള ഒരു രാഷ്ട്രിയപാർട്ടിയുടെ ജനസമ്മിതിയുള്ള നേതാവ്‌ തന്നെ മുഖ്യമന്ത്രിയാകുന്നതാണ്‌ നല്ലത്‌.

    മറുപടിഇല്ലാതാക്കൂ
  4. ഇത് പണ്ട് ഒരു നമ്പൂരി പറഞ്ഞ ഫലിതം പോലെയല്ലേ, നമ്പൂരിശ്ശാ? ‘പുഴയങ്ങ് വറ്റീം പോയീ, തൊടലങ്ങ് അറ്റും പോയീന്ന് വക്കുക - കടിപറ്റീതുതന്നെ ശങ്കരാ’

    മറുപടിഇല്ലാതാക്കൂ