2010, ജൂൺ 3, വ്യാഴാഴ്‌ച

പെണ്ണൊരുമ്പെട്ടാല്‍ ബ്രഹ്മനും തടുത്തുകൂടാ

          ഇങ്ങനെയൊരു ചൊല്ല് ഞാന്‍ കേട്ടിട്ടുണ്ട്. മദ്ധ്യതിരുവിതാംകൂറിലെ അര്‍ത്ഥവിജ്ഞാനീയപ്രകാരം സംഗതിയുടെ അര്‍ത്ഥം തെറിയാണ്. പണ്ടത്തെ കിന്‍സി റിപ്പോര്‍ട്ടുപ്രകാരം പുരുഷനും സ്ത്രീയും കരയും കടലും പോലെയാണ്. ഒന്ന് പെട്ടന്ന് ചൂടാകും അതുപോലെ പെട്ടന്ന് തണുക്കുകയും ചെയ്യും. അതാണ് പുരുഷന്‍. മറ്റേത് പതുക്കെയേ ചൂടാകൂ പെട്ടന്ന് തണുക്കുകയും ഇല്ല. അതാണ് സ്ത്രീ. പെണ്ണൊരുമ്പെട്ടു വരുമ്പോഴേക്കും പുരുഷന്റെ ഗ്യാസു പോയിരിക്കും. പഴയ വാത്സ്യായനസൂത്രമൊക്കെ വായിച്ചിട്ട് ഏതോ വിദ്വാന്‍ പടച്ചുണ്ടാക്കിയതായിരിക്കും ഈ പഴഞ്ചൊല്ല്! തുനിഞ്ഞെറങ്ങുന്ന പെണ്ണിനെ സൃഷ്ടിച്ചവന്‍ വിചാരിച്ചാലും തടയാനാവില്ല എന്നാണ് വിദ്വാന്‍ ഉദ്ദേശിച്ചത്. പക്ഷേ 'തടുത്തു നോക്കിയെങ്കിലല്ലേ ചനപിടിക്കുമോ എന്നറിയാമ്പറ്റൂ'എന്ന ചൊല്ലു വിരാജിക്കുന്നിടത്തേക്കാണ് ഇവന്റെ വരവ് എന്നേയുളളൂ. ഒരുമ്പെട്ടു നില്‍ക്കുന്ന പെണ്ണിനെ ഇങ്ങനെയൊക്കെ ചെയ്യാന്‍ സൃഷ്ടികര്‍ത്താവ് ചെല്ലാമോ എന്നുളളതിലേ സംശയമുളളൂ.

          ബ്രഹ്മാവ് വിചാരിച്ചാല്‍ നടക്കാത്ത കാര്യത്തിന് ബുദ്ധദേവ് ഭട്ടാചാര്യ വിചാരിച്ചാല്‍ എങ്ങനെ നടക്കാന്‍! മമതാ ബാനര്‍ജി കുറേക്കാലമായി ഓങ്ങി നടക്കുകയായിരുന്നു. ഇപ്പൊഴേ വെട്ടാന്‍ പററിയുളളൂ. ഇന്ത്യയിലെ ഇടതുപക്ഷം ഒന്നു മനസിലാക്കണം. മമതയുടെ വാക്ക് സാധാരണക്കാരന്‍ കേള്‍ക്കാന്‍ ശ്രമിക്കുന്നത് അതിലുളള ആത്മാര്‍ത്ഥത കൊണ്ടാണ്. അവര്‍ താമസിക്കുന്നത് ഇന്നും ഒറ്റമുറി വീട്ടിലാണ്. നൂറുകണക്കിനു പ്രവര്‍ത്തകരെ അവരുടെ പാര്‍ട്ടിക്കു നഷ്ടമായിട്ടുണ്ട്. മരിച്ചുപോയവരുടെ സ്മരണയെ അവര്‍ മാനിക്കുന്നു. മമതയ്ക്ക് സിപിയെമ്മിനെ തൂത്തെറിയുക എന്ന ഒറ്റ അജണ്ടയേ ഉളളൂവെങ്കിലും 30 വര്‍ഷത്തെ കമ്യൂണിസ്റ്റ് ഭരണശേഷം ബംഗാളികള്‍ക്ക് ജീവന്‍ നിലനിര്‍ത്താന്‍ അന്യനാടുകളിലേക്ക് പലായനം ചെയ്യണമെന്ന യാഥാര്‍ത്ഥ്യമാണ് പൊതുജനത്തെ അവരോടടുപ്പിക്കുന്നത്. ഇനി കുറേ നാള്‍ മമത ഒരുമ്പെട്ടു നടക്കട്ടെ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ