2010, ജൂൺ 5, ശനിയാഴ്‌ച

സത്യം ശിവം സുന്ദരം

ലങ്കേശ്വരന്‍ 3
     കാലത്തിന്റെ മഹാപ്രവാഹത്തില്‍ കര,കടലും; കടല്‍ കരയുമായിക്കൊണ്ടിരുന്നു. അഗ്നിപര്‍വതങ്ങള്‍ പുകയുകയും ചിതറിത്തെറിക്കുകയും ചെയ്തു. പ്രചണ്ഡവാതങ്ങള്‍ കാലങ്ങളോളം മഹാമാരിയുതിര്‍ത്തു. കല്പാന്തകാലത്തെ ഓര്‍മ്മിപ്പിക്കുമാറ് പര്‍വതശിഖരങ്ങളോളം പ്രളയജലം ഉയരുകയും താഴുകയും ചെയ്തു.
പ്രകൃതിയുടെ ചിരന്തനമായ ക്ഷോഭത്തിന്റെ ഉച്ചസ്ഥായിയില്‍, ഉരുള്‍പൊട്ടലും ഉല്‍ക്കാപതനവും നടന്നിരുന്ന ഏതോ ഗ്രഹമൗഢ്യത്തില്‍, സൗരയൂഥത്തിന്റെ നിയതപഥത്തില്‍ നിന്നുളള അപഭ്രംശം മൂലം ഗതി തെറ്റിയ ഏതോ ഉപഗ്രഹത്തിന്റെ ആകര്‍ഷണവലയത്തില്‍ പെട്ടപ്പോള്‍ മഹാമേരുവിന്റെ ശിഖരമായ ത്രികൂടം ആടിയുലഞ്ഞു. അടര്‍ന്നുമാറി ആഴിയില്‍ പതിച്ച ത്രികൂടപര്‍വ്വതം സമുദ്രയോനിയില്‍ വീണ ഭൗമബീജം പോലെ ആഴത്തില്‍ ഉരുണ്ടുകൂടി അണ്ഡമായി, ഗര്‍ഭമായി, ഭൂവായി, ആവാസഭൂമിയായി, ജനപദങ്ങളായി, നഗരിയായി, മഹാനഗരിയായി, ലങ്കയായി.
     ലോകൈകശില്പിയായ മയന്റെ മനോമുകുരത്തില്‍ തെളിഞ്ഞുവന്ന രമ്യഹര്‍മ്യങ്ങള്‍ കുണ്ടും കുഴിയും ഗര്‍ത്തങ്ങളും ഗഹ്വരങ്ങളും നിറഞ്ഞ ത്രികൂടാചലത്തിന്റെ ഉച്ചിയില്‍ യാഥാര്‍ത്ഥ്യമാകുകയായിരുന്നു. മഹാമേരുവിന്റെ മൂര്‍ദ്ധാവിലുളള ത്രികൂടത്തിന്റെ തിരുനെറ്റിയിലാണ് നവരത്‌നശൃംഗം. ഉത്തുംഗമായ നവരത്‌നശൃംഗത്തിന്റെ വിശാലമായ ഉപരിതലത്തില്‍ ലങ്കാനഗരി തല ഉയര്‍ത്തി നില്‍ക്കുന്നു.
മായാനഗരിയായ ലങ്ക അജയ്യനായ പുതിയ അധികാരിയുടെ നിഴലില്‍ ഗര്‍വ്വോടെ നിന്നു. ദൈത്യ-ദാനവകുലങ്ങളിലാര്‍ക്കും വെല്ലാന്‍ അസാദ്ധ്യമെന്ന് മൂവുലകും വിധിയെഴുതിയ രാവണനാണ് ലങ്കാധിപതി. മഹാരാജാവായി ചുമതലയേറ്റ രാവണന്‍ തലസ്ഥാന നഗരിക്കു ചുറ്റും ഒരു വന്‍ കോട്ട പണികഴിപ്പിച്ചു. നാലുവശവും കിടങ്ങുകളോടുകൂടിയ ഈ കോട്ടയെയും കടന്നുകയറാന്‍ പറ്റാത്ത മഹാസൗധങ്ങളെയും കാലവും ജനങ്ങളും രാവണന്‍ കോട്ടയെന്നു വിളിച്ചു.
     പ്രവേശനഗോപുരം കടന്നുചെന്നാല്‍ കോവിലകത്തിന്റെ പാര്‍ശ്വത്തില്‍, നഗരത്തില്‍ എവിടെനിന്നു നോക്കിയാലും കാണാവുന്ന അതിമനോഹരമായ ഒരു സ്വര്‍ണത്താഴികക്കുടം കാണാം. ഗോപുരവും കഴിഞ്ഞ് ഒത്തമദ്ധ്യത്തില്‍ പത്തുനിലമാളികയായി പണികഴിപ്പിച്ചിരിക്കുന്ന നവരത്‌നഖചിതമായ മഹാസൗധത്തിലാണ് ലങ്കേശന്‍ വാണരുളുന്നത്. ഇതിനുചുറ്റും എട്ടുദിക്കുകളിലുമായി മന്ത്രിമാരുടെ മാളികകള്‍. മന്ത്രിമന്ദിരങ്ങള്‍ നവരത്‌നങ്ങളില്‍ ഓരോന്നിനു പ്രാമുഖ്യം നല്‍കിയാണ് നിര്‍മ്മിച്ചിരിക്കുന്നത്. പദ്മരാഗം, ഇന്ദ്രനീലം തുടങ്ങിയ രത്‌നങ്ങള്‍ മന്ത്രിമന്ദിരങ്ങളെ അലങ്കരിക്കുമ്പോള്‍ ആദിത്യഹൃദയം ഉളളിലൊളിപ്പിച്ച മാണിക്യം പ്രധാനമായും കൂടാതെ മറ്റു വിശിഷ്ടരത്‌നങ്ങളും മഹാരാജാവിന്റെ മാളികയ്ക്ക് ചാരുത നല്‍കുന്നു. രത്‌നശാസ്ത്രത്തില്‍ അവഗാഹമുണ്ടായിരുന്ന രാവണന്‍ നവരത്‌നഖചിതമായ മാളികകള്‍ക്കു നടുവില്‍ വാണരുളി. അദ്ദേഹത്തിന്റെ കൊട്ടാരസമുച്ചയത്തിന് ലങ്കയില്‍ നവഗ്രഹങ്ങളുടെ സ്ഥാനമായിരുന്നു.
     കോട്ടയ്ക്കു വെളിയില്‍ കൊട്ടാരത്തിന്റെ സുരക്ഷയ്ക്കായി കുഴിച്ചിരിക്കുന്ന കിടങ്ങ്. കോട്ടമതിലിനു മുകളിലൂടെ കാണുന്ന സ്വര്‍ണത്താഴികക്കുടം. കൊട്ടാരത്തിനു വെളിയില്‍ അംബരചുംബികളായ വെണ്‍മാടങ്ങള്‍! പൂക്കള്‍ ചിതറിക്കിടക്കുന്ന രാജപാതകള്‍. പാതകള്‍ക്കിരുവശത്തും സഞ്ചാരികള്‍ക്കു തണലേകുന്ന പൂമരങ്ങളും ഫലവൃക്ഷങ്ങളും. അവിടവിടെയായി വിശ്രമമണ്ഡപങ്ങള്‍. സൂക്ഷിപ്പുകാരും സേവകരും കാത്തുനില്‍ക്കുന്ന സത്രങ്ങള്‍. കുടമണികള്‍ കിലുക്കി പോകുന്ന കുതിരവണ്ടികള്‍. തിരക്കിട്ടുപോകുന്ന വൈശ്യപ്രമുഖര്‍. വെണ്‍മാടങ്ങളിലെ കിളിവാതിലുകളില്‍ ലാസ്യശൃംഗാരങ്ങള്‍ മിന്നിമറയുന്ന വേശത്തരുണിമാരുടെ മുഖങ്ങള്‍.
     സദാ മുട്ടിയുരുമ്മി കടന്നുപോകുന്ന കടല്‍ക്കാറ്റ്. നാനാവര്‍ണങ്ങളില്‍ സുരഭിലമായ പൂക്കളും പൂക്കൂടകളുമായി വില്പനക്കാര്‍. കുളിച്ചുകുറിയിട്ട് ക്ഷേത്രദര്‍ശനം കഴിഞ്ഞുവരുന്ന ബ്രാഹ്മണരും സ്ത്രീകളും. വിവിധാകൃതിപൂണ്ട ഭവനങ്ങള്‍! മന്ദിരങ്ങള്‍! മട്ടുപ്പാവുകളില്‍ നിന്നുയരുന്ന സ്വരസാധകങ്ങള്‍. മണിവീണനാദത്തിന്റെ അകമ്പടിയോടെ ആര്‍ദ്രമായ കീര്‍ത്തനങ്ങള്‍! ചിലങ്കകളുടെ താളനിബദ്ധമായ പദനിസ്വനം. ഉന്നതകുലജാതകളായ തരുണിമാര്‍ തോഴിമാരോടൊത്തു നീങ്ങുമ്പോള്‍ ഉയരുന്ന അരഞ്ഞാണക്കിലുക്കം.
     ഇടയ്ക്കിടെ പാഞ്ഞുപോകുന്ന അശ്വാരൂഢരായ പടയാളികള്‍. വ്യാപാരികളായും മറ്റും വേഷപ്രച്ഛന്നരായി നടക്കുന്ന ചാരപ്രമുഖര്‍, മന്ത്രങ്ങള്‍ ഉരുവിട്ടു നടക്കുന്ന കാഷായധാരികള്‍, ദണ്ഡായുധപാണികള്‍ ഇങ്ങനെ എല്ലാത്തരക്കാരെയും രാജപാതയില്‍ കാണാം. ദിവ്യപ്രഭ ചൊരിയുന്ന കൊട്ടാരം. മധുരമായ ഗാനങ്ങളും, ഉചിതതാളങ്ങളും അസുരവാദ്യങ്ങളും ഉയര്‍ന്നു കേള്‍ക്കുന്ന മന്ദിരം. ചന്ദനഗന്ധം അലയടിക്കുന്ന അന്തരീക്ഷം. കൊട്ടാരാങ്കണത്തില്‍ തയ്യാറായിക്കിടക്കുന്ന രഥങ്ങള്‍, ചിനയ്ക്കുന്ന കുതിരകള്‍, അനുസരണയോടെ നില്‍ക്കുന്ന ഗജവീരരും പാലകരും, മകുടങ്ങള്‍ക്കു മീതേ കൂടി പറന്നു പോകുന്ന പക്ഷിജാലം. ലങ്കാനഗരത്തിന്റെ ധവളശോഭയില്‍, ശില്പസൗകുമാര്യതയുടെ പൂര്‍ണതയില്‍, മാനവവിജയത്തിന്റെ വെന്നിക്കൊടികള്‍ക്കു മീതെ -ലങ്കേശ്വരന്റെ കൊട്ടാരത്തിനു മീതെ- കടന്നു പോകുമ്പോള്‍ ആദിത്യദേവനും ലജ്ജ കലര്‍ന്ന മൗഢ്യത്തിലാണോ എന്നു സംശയം?
     ധ്യാനത്തിനായി വിശ്രവസ്സ് കണ്ടെത്തിയ വനാന്ത നിശബ്ദതയിലാണ് കൈകസി രാവണനെ പ്രസവിച്ചത്. ഇടതിങ്ങിയ മരങ്ങളുടെ ഇലച്ചാര്‍ത്തുകള്‍ സൃഷ്ടിച്ച തമസ്സില്‍ വന്യതയില്‍ ഉദിച്ച സൂര്യന്‍ എന്ന അര്‍ത്ഥത്തിലാണ് പിതാവ് മകന് 'രാ - വന' എന്നു പേരിട്ടത്. സൂര്യന്റെ പ്രകാശം പ്രപഞ്ചം മുഴുവന്‍ പരക്കുമ്പോള്‍ തന്റെ കീര്‍ത്തി ലോകം മുഴുവന്‍ എത്തട്ടെ എന്നായിരുന്നു രാവണന്റെ മനോഗതി.
സമ്പത്തും ഐശ്വര്യവും കീര്‍ത്തിയും ലങ്കയ്ക്ക് സ്ഥിരമായി അധീനമായപ്പോള്‍ ഐശ്വര്യദേവതയായ വിജയലക്ഷ്മി ലങ്കയുടെ ഗോപുരവാതില്ക്കല്‍ രാവണന്റെ ദാസിയായി കാവല്‍നില്‍ക്കുകയാണെന്ന് പ്രചരിക്കപ്പെട്ടു. തന്നെക്കുറിച്ചും തന്റെ കൊട്ടാരത്തെക്കുറിച്ചും പ്രചരിക്കുന്ന കെട്ടുകഥകള്‍ കേട്ട് രാവണന്‍ ഊറിച്ചിരിച്ചു.
     രാജ്യത്തിന്റെ അസ്ഥിവാരമുറച്ചപ്പോള്‍ രാവണന്‍ നാനാ ദിക്കിലേക്കും പടനയിച്ചു. ചക്രവര്‍ത്തിമാര്‍ മുതല്‍ സാമന്തന്‍മാര്‍ വരെ പരാജയം സമ്മതിച്ചു തല കാത്തു. വിജയത്തിനു മാത്രം അകമ്പടി സേവിച്ച് നൂറുകണക്കിനു പടയാളികളുടെ ശിരസ്സറുത്ത ചന്ദ്രഹാസം പരമശിവന്‍ നേരിട്ടു നല്‍കിയതാണെന്നു പരാജയപ്പെട്ട രാജാക്കന്‍മാര്‍ വിശ്വസിച്ചു. പോരില്‍ വിജയങ്ങള്‍ കൊണ്ടുമാത്രം അനുഗ്രഹിക്കപ്പെട്ട രാവണന്‍ ലങ്കാധിപനായപ്പോള്‍ ലങ്കയുടെ മണ്ണില്‍ പരാജയങ്ങള്‍ മാത്രം ഏറ്റുവാങ്ങി ഒളിവില്‍ കഴിഞ്ഞിരുന്ന വീരന്‍മാര്‍ പലരും മാളങ്ങള്‍ വിട്ടു പുറത്തിറങ്ങി. പൂര്‍വപരാജിതരുടെ പോരാട്ടവീര്യം രാവണനെ ലങ്കയുടെ ഈശ്വരനാക്കി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ