2010, മേയ് 24, തിങ്കളാഴ്‌ച

പ്രണയപയോധിയില്‍

ലങ്കേശ്വരന്‍ 2
     രാവണന് തന്റെ വിഹഗവീക്ഷണത്തില്‍ ദൂരെ കരിമ്പനക്കൂട്ടങ്ങള്‍ നിറഞ്ഞ മറുകര ദൃശ്യമായി. വനാന്തര്‍ഭാഗത്ത് വിരിഞ്ഞു നില്‍ക്കുന്ന അപൂര്‍വ്വ പുഷ്പങ്ങളുടെ ഗന്ധവും വഹിച്ചുകൊണ്ട് കാറ്റ് ഒഴുകിയെത്തി. നീണ്ടുകിടക്കുന്ന പാമ്പിനെപ്പോലെ കടപ്പുറം കാണായി.
     മരങ്ങള്‍ നിറഞ്ഞ കടപ്പുറം ഹരിതാഭമായി കാണപ്പെട്ടു.പുഷ്പകം ഒരു വേനല്‍ തുമ്പിയേപ്പോലെ ആകാശത്തില്‍ ഉയര്‍ന്നും താണും സഞ്ചരിച്ചുകൊണ്ടിരുന്നു. ജലപ്പരപ്പും മരക്കൂട്ടങ്ങളും നിറഞ്ഞ ഭൂഭാഗത്തിന്റെ വ്യോമവീക്ഷണം അത്യന്തം രാമണീയകമായിരുന്നു.
      കാനനമദ്ധ്യത്തില്‍ മരങ്ങള്‍ ഒഴിഞ്ഞ പുല്‍പ്പരപ്പിലേക്ക് വിമാനം താഴ്ന്നിറങ്ങി. ചക്രവര്‍ത്തിമാരുടെ അതിമോഹാരണ്യത്തില്‍ നിറഞ്ഞു നിന്ന പുഷ്പകം ഇവിടെ പുല്‍മേട്ടില്‍ ഒരു പുതിയ വന്യജീവിയേപ്പോലെ തോന്നിച്ചു. സാരഥിയും, യാത്രികനും, യജമാനനും ഒക്കെയായ രാവണന്‍ യാനത്തില്‍ നിന്നും ഇറങ്ങി. കാലടികള്‍ക്ക് അന്യമാകേണ്ട മറുനാട്ടിലെ വഴികള്‍ യുവരാജന്റെ മുന്‍പില്‍ ചിരപരിചിതരെപ്പോലെ കിടന്നു. ലക്ഷ്യത്തെ കൂടുതലറിയുന്ന കാലടികള്‍ വഴികളെ അപരിചിതരെപ്പോലെ ഭാവിച്ചു. യാത്രികന്‍ ഒരു നദിക്കരയില്‍ ചെന്നെത്തി.
     ഘനശ്യാമമാര്‍ന്ന വന്യ നിശബ്ദതയില്‍ ഒരു ഭീമന്‍ വണ്ടിന്റെ മുരള്‍ച്ചയ്ക്ക് കാതോര്‍ത്ത് വനദേവതയേപ്പോലെ സുന്ദരിയായ വേദവതി! മറ്റൊരു വണ്ടിന്റെ സാമീപ്യവും അക്ഷമയോടെയുളള പരിരംഭണവും കാത്ത് ആ കാട്ടുപൂവ് ശിരസ്സുയര്‍ത്തി നിന്നു.
'വേദവതീ'
അവള്‍ തിരിഞ്ഞു നോക്കി. അദ്ഭുതവും ആകാംക്ഷയും ആശ്വാസവും ആ കണ്ണുകളില്‍ തിളക്കം പൂണ്ടു. നിവര്‍ത്തിയ കൈകളിലേക്ക്-ചാഞ്ഞു നിന്ന തരുവിന്റെ സ്വാഭാവിക പതനം പോലെ- അവള്‍ ചെന്നു.
'വേദവതീ........ എന്റെ ഹൃദയത്തോടു ചേര്‍ന്ന് ധൃതഗതിയിയിലുളള ചിറകടിയൊച്ച ഞാന്‍ കേള്‍ക്കുന്നു. കാണാതെ കഴിഞ്ഞ ദിനങ്ങളിലെ കഥകളും പരിഭവവും ഞാനറിയുന്നു. ക്ഷമിക്കൂ........ കര്‍മ്മബന്ധങ്ങളുടെ കെട്ടുപാടുകള്‍ എന്നെ ഒഴിവാക്കുകയില്ലല്ലോ?'
' എനിക്കു ഭയമാകുന്നു നാഥാ...... അല്‍പ്പനേരത്തെ ഈ അസുലഭ ഭാഗ്യം നല്‍കിയ സൗഭാഗ്യങ്ങള്‍ എനിക്ക് ഒളിക്കാവുന്നതിനും അപ്പുറത്തക്ക് വളരുകയാണ്. ഇത് സ്വപ്‌നമോ ജാഗരമോ എന്ന് എനിക്കും നിശ്ചയമില്ലാതായിരിക്കുന്നു. അമ്മയില്ലാതെ വളര്‍ന്ന എന്നോട് നിന്റെ നാഥനാരെന്ന് ചോദിക്കുമ്പോള്‍ ആകാശവും സമൂദ്രവും ചൂണ്ടിക്കാണിച്ചാല്‍ ആരു വിശ്വസിക്കും? താമസിയാതെ ശിരസ്സില്‍ പതിച്ചേക്കാവുന്ന പിതൃശാപം എന്നെ ഇപ്പൊഴേ നീറ്റാന്‍ തുടങ്ങിയിരിക്കുന്നു. പരിഹാസശരങ്ങള്‍ എന്നില്‍ തുളഞ്ഞു കയറുന്നു. നിസ്സഹായയായ ഇവളില്‍ ഭയം ഇരമ്പിയാര്‍ക്കുന്നു. എന്നെ ഉപേക്ഷിക്കരുത് പ്രഭോ '
      ചിതറിത്തെറിക്കാന്‍ തുടങ്ങുന്ന അഗ്നിശൈലത്തില്‍ നിന്നും ആരംഭത്തിലുണ്ടാകുന്ന അല്പമാത്ര ലാവാപ്രവാഹം പോലെ പ്രഥമദൃഷ്ട്യാ വേണ്ടത്ര ബന്ധമില്ലാത്ത കുറെ വാക്കുകള്‍ വേദവതിയില്‍നിന്നുയര്‍ന്നു. ആ അനാഘ്രാത വന്യതയില്‍ ഋഷിപുത്രി വിവശയയായി കാണപ്പെട്ടു. അനവദ്യസുന്ദരിമാര്‍ ജനപദങ്ങള്‍ക്കിടയില്‍ കാതോടുകാതോരം അപ്‌സരസ്സുകളായി മാറുന്ന നാട്ടില്‍ വേദവതി കാടിനെ പ്രാപിച്ചതില്‍ അദ്ഭുതമില്ല. എന്നാല്‍ വിധി തനിക്കു സമ്മാനിച്ച യുവസുന്ദരന്‍ ആരണ്യകങ്ങള്‍ക്കുമപ്പുറത്ത്, അലയാഴിക്കുമപ്പുറത്ത് അന്യനാട്ടില്‍നിന്നും ആകാശരഥമേറി വരുന്നുവെന്നത് അവള്‍ക്കും വിശ്വസിക്കുവാന്‍ കഴിയുന്നില്ല. മാസ്മരം പോലെ സൃഷ്ടിക്കപ്പെടുന്ന ഗന്ധര്‍വ്വലോകം കുറെ നിമിഷങ്ങള്‍ക്കുളളില്‍ മാഞ്ഞു പോകുന്നു.
      പ്രഥമ ദര്‍ശനത്തില്‍ ആരംഭിച്ച അനുരാഗം കുറെ അപൂര്‍വസമാഗമങ്ങള്‍ കൊണ്ട് പൂവണിഞ്ഞിരിക്കുന്നു. പ്രകൃതിയുടെ വരപ്രസാദം! വിധിയോട് സമയമായില്ല എന്നാര്‍ക്കു പറയാന്‍ കഴിയും?
'പ്രാണപ്രിയേ, ഗുരുകുലത്തില്‍ നിന്നും വന്ന ശേഷം എന്റെ യൗവ്വനത്തിന്റെ ഉഷ്ണദിനങ്ങള്‍ക്കും സാഹസപ്രിയതയ്ക്കും ഇടയില്‍ വന്നുപെട്ട പുതുപുഷ്പമാണ് നീ. ഒരേപോലെ കാണപ്പെടുന്ന കൊട്ടാരത്തിലെ സ്ത്രീജനങ്ങളെയൊഴിച്ച് അധികം സ്ത്രീകളെ ഞാന്‍ കാണാന്‍ തുടങ്ങിയിട്ടുപോലുമില്ല. കണ്ടമാത്രയില്‍ത്തന്നെ ഹൃദയത്തിന്റെ ഉളളറകളില്‍ നീ നിറഞ്ഞുപോയി. നിന്റെ ഭ്രമാത്മക സൗന്ദര്യം മറ്റാര്‍ക്കും വച്ചൊഴിയാന്‍ ഞാന്‍ ആഗ്രഹിച്ചില്ല. ആചാരപരമായി ബ്രഹ്മചര്യം അവസാനിപ്പിച്ച് ഗാര്‍ഹസ്ഥ്യപ്രവേശനം നടത്തുന്നതിനു മുന്‍പേ ഞാനൊരു പിതാവാകുകയാണ്.'
'രാവണന്‍ ബ്രാഹ്മണനാണ്; വന്യതയുടെ തമസ്സില്‍ വെളിച്ചം ചൊരിയുന്ന സൂര്യതേജസ്സാണ്. ധര്‍മ്മം എന്റെ ജീവിതനിഷ്ഠയാണ്. ലോകനാഥനായ ശ്രീപരമേശ്വരന്‍ എന്റെ വഴികാട്ടിയാണ്. നാളെ ലങ്ക വാഴുന്ന യുവരാജാവാണ് ഞാന്‍. വേദവതീ..... നീ ഭയക്കുന്നുപോലെ നിസ്സഹായയായ ഒരു ആശ്രമകന്യകയില്‍ എന്റെ ജീവാംശം നിവേശിപ്പിച്ചിട്ട് കടന്നുകളയാന്‍ ശ്രമിക്കുന്ന വിടനല്ല ഞാന്‍.'
'പിതൃത്വം എന്നെ ആനന്ദഭരിതനാക്കേണ്ടതാണ്. വിഖ്യാതമായ ലങ്കയുടെ അന്തപ്പുരത്തില്‍ നീ വാഴേണ്ടതുമാണ്. പക്ഷേ നാടും നഗരവും കൊട്ടാരവാസികളുമറിഞ്ഞ് നമ്മുടെ പാണിഗ്രഹണം നടന്നിട്ടില്ലല്ലോ? എന്റെ മാതാപിതാക്കളോട് ഒരു വാക്കും പറഞ്ഞിട്ടില്ലല്ലോ? മാത്രമല്ല അടുത്തു നടക്കാനിരിക്കുന്ന കിരീടധാരണച്ചടങ്ങിനു മുന്‍പ് ലങ്കേശന്‍ ഒരു അപഥസഞ്ചാരിയാണെന്ന് പ്രജകളറിഞ്ഞാല്‍.......! വേദവതീ നീയതാഗ്രഹിക്കുന്നുവോ?'
'അദ്ധ്യയനം കഴിഞ്ഞു വന്ന ശേഷം ജ്യേഷ്ഠന്‍ ഭരണഭാരം എന്നെ ഏല്‍പ്പിച്ചിരിക്കുകയാണ്. ഏതാനും നാളുകള്‍ക്കകം പട്ടാഭിഷേകം നടക്കും. ഈ വാര്‍ത്ത അറിയിക്കാനാണ് ഞാന്‍ പറന്നെത്തിയത്. വൈകാതെ അവിടെ വിവരങ്ങള്‍ എല്ലാം അറിയിച്ച് നിന്നെ പുഷ്പകത്തിലേറ്റി മായാനഗരിയായ ലങ്കയിലേക്കു കൊണ്ടുപോകാം. വേദനയോടെയാണെങ്കിലും ഇപ്പോഴെന്നെ പോകാനനുവദിക്കണം.'
'പ്രഭോ എന്റെ ആത്മാവിലും ശരീരത്തിലും തിങ്ങുന്ന വേദനയാണ് വാക്കുകളിലൂടെ പുറത്തു വരുന്നത്, ക്ഷമിക്കണം. രാജകുമാരിമാര്‍ക്കും കൊട്ടാരദാസിമാര്‍ക്കും ഭര്‍തൃബന്ധമില്ലാതെ കുഞ്ഞുപിറന്നാല്‍ പിതാവ് ഗന്ധര്‍വ്വനാമെന്ന് ജനപദങ്ങള്‍ക്കിടയില്‍ പറഞ്ഞുപരത്തും. പാവങ്ങള്‍ വിശ്വസിക്കും;വിവരങ്ങള്‍ അറിയാവുന്നവര്‍ ഊറിച്ചിരിക്കും. വനവാസിയായ വേദവതിയും പരിഹാസപാത്രമാവണമെന്നാണോ?
'മഹാനഗരിയായ ലങ്കയുടെ രാജപത്‌നിയായി കഴിയണമെന്ന് ഈയുളളവള്‍ക്ക് മോഹമില്ല. ലോകാപവാദത്തിന്റെ എരിതീയിലുരുകാതിരിക്കുവാന്‍ എന്റെ ഉദരത്തില്‍ വളരുന്ന കുഞ്ഞിനൊരു പിതാവിനെ വേണം. അവിടുത്തേയ്ക്കു ലഭിക്കുവാന്‍ പോകുന്ന രാജപദവി ഞാന്‍ മൂലം നഷ്ടപ്പെടരുത്. പക്ഷേ അങ്ങ് എന്നെ വിവാഹം കഴിക്കണം. ചുരത്തുവാന്‍ വെമ്പുന്ന മുലകളും ഇടിഞ്ഞു താഴുന്ന ഉദരവുമായി ഇതല്ലാതെ മറ്റെന്താണ് എനിക്കാവശ്യപ്പെടാനുളളത്?'
       ഉദ്ധതശീര്‍ഷനായ നിയുക്ത ലങ്കേശന്റെ മുന്‍പില്‍ മൗനം ഘനീഭവിച്ചു. അന്യരാജ്യത്ത് ഒരു കുറ്റവാളിയേപ്പോലെ രാവണന്‍ നിന്നു. ആര്‍ക്കു മുന്നിലും പതറാത്ത ആ ശിരസ്സിനുളളില്‍ ചുഴികളും മലരികളും രൂപം കൊണ്ടു. വലിയ തിരമാലകള്‍ ഉയര്‍ന്നു. അവസാനം മൗനം ഭഞ്ജിക്കപ്പെട്ടു.
'പ്രിയേ, ഏറ്റവും അടുത്ത ശിവസന്നിധിയിലേക്കു പോകൂ. ആരവങ്ങളും ആഘോഷങ്ങളുമില്ലാതെ ഞാന്‍ നിന്റെ കഴുത്തില്‍ മാലയിടാം. ഈ കാട്ടുപുഷ്പങ്ങള്‍ കൊണ്ടു തീര്‍ത്തതാകട്ടെ രാവണന്റെ വരണമാല്യം. ശ്രീപരമേശ്വരനാകട്ടെ സാക്ഷിയും കര്‍മ്മിയും.'
     വേദവതി പുളകിതയായി. അവളെക്കണ്ടു തലയാട്ടിയ കാട്ടുപൂവുകള്‍ ഹാരങ്ങളായി മാറി. അധികം അകലെയല്ലാത്ത ശിവക്ഷേത്രത്തില്‍ വെച്ച് ശിവരൂപത്തിന്റെയും അഷ്ടദിക്പാലകരുടെയും സാന്നിദ്ധ്യത്തില്‍ അവള്‍ വിവാഹിതയായി. പാണിഗ്രഹണം നടത്തിക്കൊണ്ട് വധൂവരന്‍മാര്‍ കാട്ടുപൊന്തകള്‍ക്കിടയിലൂടെ നടന്നുമറഞ്ഞു. ആരണ്യകഗഹനതയിലേക്ക് കാറ്റ് പ്രയാണമാരംഭിച്ചപ്പോള്‍ ഉള്‍ത്തടങ്ങളിലെങ്ങുനിന്നോ ഇരമ്പുന്ന ഒരാകാശപ്പക്ഷി ഉയര്‍ന്ന് സമുദ്രം ലക്ഷ്യമാക്കി പറന്നു പോയി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ