പിന്നീട് എഴുതിയ രാമായണ വിമര്‍ശന പഠനം ഞാനാഗ്രഹിക്കാത്ത ചില തലങ്ങളിലേക്ക് വിവാദങ്ങള്‍ ഉണ്ടായതിനാല്‍ (നാലു പോലീസ് അന്വേഷണങ്ങളും) വിതരണം നടത്താന്‍ താത്പര്യം കാണിച്ചില്ല. ഇപ്പോള്‍ ശ്രീബുദ്ധന്‍ എന്ന ഗ്രന്ഥം സ്‌കൂള്‍ ലൈബ്രറികള്‍ക്കു തെരഞ്ഞെടുക്കാനുളള ലിസ്റ്റില്‍ ഡി.പി.ഐ. ഉള്‍പ്പെടുത്തിയതായി അറിയിച്ചിരിക്കുന്നതിനാല്‍ അക്ഷരങ്ങളുടെ ലോകത്തേക്കുളള ഒരു പ്രോത്സാഹനമായി ഇതിനെ കണ്ട് ഞാന്‍ ചിലതു കുത്തിക്കുറിക്കാന്‍ തീരുമാനിച്ചിരിക്കുന്നു.
രാമായണകഥാസന്ദര്‍ഭങ്ങളെ ഉപയോഗിച്ചുളള ഒരു ഫിക്ഷനാണ് സങ്കല്‍പ്പത്തില്‍. രാവണനാണ് മുഖ്യ കഥാപാത്രം. ആശയങ്ങളും വിമര്‍ശനങ്ങളും കൊണ്ട് ബൂലോഗമേ അനുഗ്രഹിച്ചാലും.
ലങ്കേശ്വരന്‍
ഇത് രാവണന്റെ കഥയാണ്. ബ്രാഹ്മണനായ പുലസ്ത്യമഹര്‍ഷിയുടെ പൗത്രന്‍ രാവണന്റെ ജീവിതയാത്ര. ലങ്ക രാക്ഷസന്‍മാരുടെ നാടാണെന്നും ലങ്കേശ്വരന്‍ രാക്ഷസനാണെന്നും ഭാരതത്തിലുളളവര്‍ പ്രചരിപ്പിച്ചു. എല്ലാ കാലഘട്ടങ്ങളിലും ശത്രുക്കളെ രാക്ഷസന്മാരായി ചിത്രീകരിക്കുവാന്‍ ആക്രമിക്കുന്നവര്‍ ശ്രദ്ധിച്ചിട്ടുണ്ട്. ഇന്നും അതു തുടരുന്നു.
ആരാണ് രാക്ഷസന്‍? പുലസ്ത്യമഹര്‍ഷിയുടെ പൗത്രന്‍ എങ്ങനെയാണ് രാക്ഷസനാവുക? വഴിഞ്ഞൊഴുകുന്ന സൗന്ദര്യം കണ്ട് രാമന്‍ പോലും സ്തബ്ധനായി നോക്കി നിന്ന രാവണന്‍ ഭീകരരൂപിയാകുന്നതെങ്ങനെ?
രാക്ഷസീയത ഒരുവന്റെ മനസ്സിലെ ചിന്തകളിലും അതിനെ പ്രതിബിംബിക്കുന്ന പ്രവൃത്തികളിലുമാണ്. ലങ്കയിലെ പില്‍ക്കാല തലമുറയില്‍പ്പെട്ടവരാരിലും നമുക്ക്, ആരോപിക്കപ്പെട്ട രാക്ഷസശരീരപ്രകൃതിയുള്ളവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് രാമായണം കഥയിലൂടെ രാവണനോടൊപ്പം ഒരു യാത്ര പോകാം. കഥാപാത്രങ്ങളുടെ പ്രവൃത്തി വിലയിരുത്തി രാക്ഷസരാരെന്നു നിശ്ചയിക്കാം.
ഇതിഹാസങ്ങളെല്ലാം പര്‍വതീകരിച്ചു ചിത്രീകരിച്ച മനുഷ്യകഥകളായി ഞാന്‍ കാണുന്നു. അമാനുഷികതകളെയും അദ്ഭുതങ്ങളെയും അപ്പൂപ്പന്‍താടികള്‍ക്കൊപ്പം വിടുന്നു. മര്യാദാപുരുഷനും ഉത്തമ മനുഷ്യനുമായി കണക്കാക്കിയിരുന്ന രാമനെയും സന്തത സഹചാരിയായ ലക്ഷ്മണനെയും മുന്‍വിധികളില്ലാതെ നോക്കിക്കാണുക. പടഹമടിച്ചും ഭേരിമുഴക്കിയുമുള്ള അയോദ്ധ്യാധിപതിയുടെ യാത്രയില്‍ പൊടിപടലം കൊണ്ടും ഇരുട്ടുകൊണ്ടും കാണാന്‍ കഴിയാതെ പോയ ചില സ്ഥലങ്ങളില്‍, ചില സംഭവങ്ങളില്‍ പ്രകാശം വിതറിയാണ് ലങ്കേശ്വരനോടൊപ്പമുളള ഈ യാത്ര.
രാമായണം രാമനും വാല്മീകിക്കും മാത്രമേ മനസ്സിലാകൂ എന്നു പറയുന്നവരോടു ഞാന്‍ സഹതപിക്കുന്നു. ഇത് ദാനവരുടെ കഥയല്ല: മാനവരുടെ കഥയാണ്. ചോദ്യങ്ങള്‍ ചോദിക്കുന്നവരെ എന്നും എല്ലാവരും സംശയിച്ചിട്ടുണ്ട്. ചോദ്യങ്ങളുടെ തീക്ഷ്ണതയില്‍ സങ്കല്പത്തിലെ രാമരാജ്യങ്ങള്‍ നിലംപൊത്തിയാല്‍ രാവണനെ വെറുതെ വിടുക. പല സൗധങ്ങളുടെയും അടിത്തറ ദുര്‍ബലമാണെന്ന് കാലാന്തരത്തിലേ കണ്ടെത്തിയെന്നു വരൂ. അത് കണ്ടെത്തുന്നവന്റെ അപരാധമല്ല.
ജേതാവിനെ വിജയത്തിലേക്കു നയിച്ച കുടിലതകളെ പാര്‍ശ്വവീക്ഷണം നടത്താന്‍ തുനിഞ്ഞ ഉദ്ദേശശുദ്ധിക്ക് മാപ്പു നല്‍കുക. വിജയികളോടൊപ്പം മാത്രം ആള്‍ക്കൂട്ടത്തെ കാണാനാകുന്ന ഇന്ന് പരാജിതനോടൊപ്പം നില്‍ക്കുന്നതിലെ അന്തസ്സാരശൂന്യത പരിഹസിക്കപ്പെടാം. അല്ലെങ്കില്‍ എന്തര്‍ത്ഥം? എന്തര്‍ത്ഥശൂന്യത? ഇനി യാത്ര...........
മാനവന്‍റെ രാമായണ യാത്രയ്ക്ക് ആശംസകള്‍. അതിശയോക്തികളെ തള്ളിക്കളഞ്ഞുകൊണ്ടുള്ള ഒരു യാത്ര പ്രതീക്ഷിക്കുന്നു. വായിക്കാനും മനസ്സിലാക്കാനും കൂടെ കൂടാം.
മറുപടിഇല്ലാതാക്കൂതാങ്കള് എഴുതിയ ശ്രീബുദ്ധന്‍റെ ജീവചരിത്രഗ്രന്ഥം എവിടെ വാങ്ങാന്‍ കിട്ടും?
എനിക്കു മേലെന്റെ തമ്പുരാനെ ! സംഘുപരിവാറുകാര്‍ നോട്ടമിടും.പക്ഷെ കുഴപ്പമില്ല, ആള് നമ്പൂരിയായതിനാല്‍ വഴിവിട്ട യാത്ര അനുവദനീയം. ലവന്മാര്‍ (അസുരന്‍/അവര്‍ണ്ണന്‍) ആയാലെ കുഴപ്പമുള്ളു. നമ്പൂരി ഏതു വള്ളത്തില്‍ കാലു വെച്ചാലും സനാതനത്തിന് നേട്ടം തന്നെയല്ലേ ! ശ്രീബുദ്ധന്‍റെ ജീവചരിത്രഗ്രന്ഥം വിരോധമില്ലെങ്കില്‍ അടിയനും ഒരെണ്ണം. ഇ-മെയിലില്‍ വിവരം അറിയിച്ചാല്‍ കാശുതന്ന് വാങ്ങിക്കോളാം.
മറുപടിഇല്ലാതാക്കൂപ്രതികരിച്ച എന്റെ പ്രിയ സ്‌നേഹിതര്‍ക്ക്, പുസ്തകം ഡിസി,എന്‍ബിയെസ്,ദേശാഭിമാനി,പ്രഭാത്,പൂര്‍ണാ തുടങ്ങി എല്ലായിടത്തും ഉണ്ടായിരുന്നു. തീര്‍ന്നുപോയിരിക്കും. റീപ്രിന്റു ചെയ്യുന്നുണ്ട്. തീര്‍ച്ചയായും അറിയിക്കാം. സന്തോഷം.
മറുപടിഇല്ലാതാക്കൂ