അനന്തമായ ആകാശത്തില്‍ മഹാസമുദ്രങ്ങള്‍ക്കു മേലെ സര്‍വ്വസ്വതന്ത്രരായ വിഹഗങ്ങളെപ്പോലെ ഈ യാത്ര. ദൃശ്യവും അദൃശ്യവുമായ ലോകങ്ങളില്‍ ഈ ഭാഗ്യം മറ്റാര്‍ക്കുണ്ട്. മലയപര്‍വ്വതം വരെ മഹാസമുദ്രം നീണ്ടുനിവര്‍ന്നു കിടക്കുന്നു. തിരകളുയര്‍ന്ന് തിളങ്ങുന്ന സമുദ്രം ഗ്രഹനക്ഷത്രാവലികളാല്‍ മിന്നുന്ന ക്ഷീരപഥം പോലെ കാണപ്പെടുന്നു.
പലയിടങ്ങളിലും കാണുന്ന തിമിങ്ഗലങ്ങളുടെ ശിരോരന്ധ്രങ്ങളിലൂടെ ചിതറിത്തെറിക്കുന്ന ജലധാരകള്‍ നയനാനന്ദകരമായിരിക്കുന്നു. പുഷ്പകം വ്യോമവീഥികളിലൂടെ കുതികൊള്ളുകയാണ്.
മേഘമാലകളെ കീറിമുറിച്ചുകൊണ്ടുളള യാത്രയില്‍ ആ ഗഗനചാരിയുടെ ഹൃദയം അലമാലകള്‍ അവസാനിക്കാത്ത സമുദ്രം പോലെ ഉയര്‍ന്നു താഴുന്നുണ്ട്. ആരും കൊതിക്കുന്ന ഹൃദയാവര്‍ജ്ജകമായ കാഴ്ചകള്‍ ചുറ്റും കാണുമ്പോഴും നിശ്ചിതലക്ഷ്യത്തിലേക്ക് തൊടുത്ത ശരം പോലെ പുഷ്പകം പാഞ്ഞുകൊണ്ടിരിക്കുകയാണ്. യാത്രികന്റെ ഹൃദയം യാനത്തിനു സ്വന്തമെന്നപോലെ.
തിരമാലകളെ ആവുന്നിടത്തോളം ഉയര്‍ത്തുന്നതില്‍ ആനന്ദം കൊളളുന്ന പ്രചണ്ഡവാതങ്ങള്‍ക്ക് തന്റെ വക ആയം നല്‍കിക്കൊണ്ടാണ് പുഷ്പകത്തിന്റെ പോക്ക്. ആഴക്കടലില്‍ നിന്നും തീരത്തോടടുക്കുമ്പോള്‍ തിരമാലകള്‍ കയ്യുയര്‍ത്തി സ്വാഗതം ചെയ്യുന്നതു പോലെ. തിരകളുടെ ആനന്ദം പങ്കുവെയ്ക്കുന്ന പലതരം മത്സ്യങ്ങള്‍ അന്തരീക്ഷത്തിലേക്ക് ചാടിക്കളിക്കുന്നു.
സൂര്യതേജസ്സുകൊണ്ട് ചരിക്കുന്ന വിശ്വകര്‍മ്മസൃഷ്ടിയായ പുഷ്പകത്തില്‍ രാവണന് അഭിമാനം തോന്നി. ചക്രായുധം പോലെ, ശിവശൂലം പോലെ, ശക്തിവേല്‍ പോലെ മിന്നിമറയുന്ന പുഷ്പകം തനിക്കു സ്വന്തം.
വിശ്രവസ്സിന്റെ മകന്‍ എന്നും അമൂല്യമായതു മാത്രമേ ആഗ്രഹിച്ചിട്ടുളളൂ. എല്ലാവര്‍ക്കും പ്രാപ്യമായവ കൊണ്ടെന്തു നേടാന്‍. യൗവ്വനത്തിന്റെ അസാമാന്യപ്രതിഭയും ശക്തിയും അനുഗ്രഹങ്ങളായിത്തീര്‍ന്നപ്പോള്‍ അമാനുഷികമായ കഴിവുകളാര്‍ജിക്കുവാന്‍ പ്രപിതാമഹനായ ബ്രഹ്മദേവനെ മനസ്സില്‍ ധ്യാനിച്ച് അത്യദ്ധ്വാനം ചെയ്തു.
ലോകത്ത് ആരേയും വെല്ലുവിളിക്കാന്‍ പോന്ന യോദ്ധാവാണ് തന്റെ പിതാവിന് കൈകസിയിലുണ്ടായ പുത്രന്‍ എന്നു മനസ്സിലാക്കിയപ്പോള്‍ കുബേരന്‍ ലങ്കയുടെ ഭരണവും പുഷ്പകവും രാവണനെ ഏല്‍പ്പിക്കുവാന്‍ നിശ്ചയിച്ചു. അനുജനെങ്കിലും അര്‍ഹിക്കുന്നവനാകട്ടെ ഭരണസാരഥ്യമെന്നായിരുന്നു കുബേരന്റെ മനോഗതി.
അതിനും എന്തെന്തു വ്യാഖ്യാനങ്ങള്‍? രാവണന്‍ ജ്യേഷ്ഠനെ ആട്ടിപ്പായിച്ചുപോല്‍! പുഷ്പകവും പിടിച്ചു പറിച്ചതാണത്രേ. വിശേഷമായതു നേടാന്‍ ശ്രമിച്ചവര്‍ക്കെല്ലാം ഈ ആരോപണങ്ങള്‍ കേള്‍ക്കേണ്ടിവന്നിട്ടുണ്ട്.
പുഷ്പകം ആരെയെല്ലാം മോഹിപ്പിച്ചിരിക്കുന്നു. ഈ ആകാശവാഹനത്തെപ്പറ്റി അറിഞ്ഞവര്‍ അതിമോഹം കൊണ്ടു. അറിയാത്തവര്‍ ഇതേതോ മായാവിലാസമാണെന്നു ധരിച്ച് അമ്പരന്നു. പുരോഗതിയുടെ നെറുകയില്‍ ഈ കൊച്ചു ലങ്ക വിരാജിക്കുന്നതില്‍ എത്ര പേര്‍ക്കാണ് അസഹിഷ്ണുത?
അഞ്ചാം വയസ്സില്‍ ശുക്രാചാര്യസവിധത്തില്‍ ഭരമേല്‍പ്പിക്കപ്പെട്ട രാവണന് ഭയക്കുന്നവരെ ഭയപ്പെടുത്തുക വിനോദമായിരുന്നു. ആചാര്യസന്നിധിയില്‍ എഴുത്തും വായനയും യുദ്ധതന്ത്രവും മാത്രമായിരുന്നില്ല വിഷയങ്ങള്‍. ജ്യോതിശാസ്ത്രം, ചികിത്സാശാസ്ത്രം, ഭൗമപഠനം, രത്‌നശാസ്ത്രം എന്നിവയെല്ലാം ജിജ്ഞാസുക്കള്‍ക്ക് പാത്രമറിഞ്ഞു വിളമ്പിയിരുന്നു.
ആശ്രമത്തില്‍ രാവണന്റെ കഴിവു കണ്ട് ഗുരു അമ്പരന്നിട്ടുണ്ട്. ഒരിയ്ക്കല്‍ രാവണന്‍ സതീര്‍ത്ഥ്യരുമായി വിനോദത്തിലേര്‍പ്പെട്ടിരിക്കുന്നതു കണ്ട് അദ്ദേഹം ചോദിച്ചു:
'പുതിയ എന്തോ വിനോദത്തിലാണല്ലോ കുട്ടികള്‍. എന്താണ് രാവണാ ഇത്?'
'ഗുരോ ഞാന്‍ ഉണ്ടാക്കിയതാണ് ഈ കളി. ഇതു യുദ്ധമാണ്. ചതുരങ്കം. ആന, കുതിര, തേര്‍, കാലാള്‍ എന്നീ ചതുരങ്കസൈന്യത്തെ ഇരുവശത്തുമുളള രാജാക്കന്‍മാര്‍ നയിക്കും. തുല്യ ബലമുളള സൈന്യം കൊണ്ടുളള കളി.'
അതീവ താത്പര്യത്തോടെ ആചാര്യ ശുക്രന്‍ ചതുരങ്കം വീക്ഷിച്ചു. എന്നിട്ട് വത്സല ശിഷ്യനെ അനുഗ്രഹിച്ചു:
'രാവണാ, ഞാന്‍ കണ്ടിട്ടുളളതിലും വെച്ച് ഏറ്റവും ബുദ്ധിപൂര്‍വ്വമായ വിനോദമാണിത്. ചതുരംഗത്തിന്റെ ഉപജ്ഞാതാവ് എന്ന നിലയില്‍ ഒരിയ്ക്കല്‍ നീ ലോകമെങ്ങും അറിയപ്പെടും. നിന്റെ നാമം അനശ്വരമായിത്തീരും'.
ശുക്രാചാര്യര്‍ രാവണനെ തന്റെ പ്രിയശിഷ്യനായി പ്രഖ്യാപിച്ചു. മറ്റുളളവരെ പല വിദ്യകളും പഠിപ്പിക്കാനായി അദ്ദേഹം മുഖ്യശിഷ്യനെ ചുമതലപ്പെടുത്തി. ലങ്കയില്‍ നിന്നും നീന്തിക്കടക്കാനുളള ദൂരമേ ഭാരതത്തിലേക്കുളളൂ എന്ന് രാവണന്‍ അവര്‍ക്കു കാണിച്ചു കൊടുത്തു. സ്വന്തം കൈകള്‍ കൊണ്ട് തിരമാലകളെ വകഞ്ഞ് അലയാഴിയുടെ മറുകര കണ്ട രാവണന്‍ ഇന്ന് അതേ ആഴിക്കു മുകളിലൂടെ ആകാശമാര്‍ഗം ചരിക്കുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ