2010, മേയ് 18, ചൊവ്വാഴ്ച

വേലിക്കകത്തു ശങ്കരനെയെടുത്തു വേണ്ടാത്തിടത്തു വെച്ചിട്ടു നാലു വര്‍ഷം

വേലിയില്‍ കിടക്കുന്ന പാമ്പിനെയെടുത്തു കോണകത്തിനകത്തു വെച്ചാല്‍ എന്തു പറ്റും? സാക്ഷാല്‍ ശ്രീമാന്‍ അച്ചുതാനന്ദന്റെ ഭാഷയില്‍ പറഞ്ഞാല്‍ കടിയെടാ.... കടി. കടിയെടാ...... കടി. വേലിക്കകത്തു ശങ്കരന്‍ അച്ചുതാനന്ദന്‍ എന്നാണല്ലോ നമ്മുടെ മുഖ്യമന്ത്രിയുടെ പേര്. പക്ഷേ ആളുകള്‍ വി. എസ്. എന്നേ വിളിക്കൂ. എതിര്‍ ഗ്രൂപ്പുകാര്‍ അറിഞ്ഞുകൊണ്ട് അപ്പനു വിളിക്കുകയാണോ എന്നറിയില്ല. എന്തായാലും ഞാന്‍ അങ്ങനെ സംബോധന ചെയ്തതല്ല. പണ്ട് നായനാര്‍ കൃഷ്ണയ്യരുടെ തന്തയ്ക്കു പറഞ്ഞതു പോലെ അറിയാതെ പറഞ്ഞു പോയതുമല്ല. എന്തോ പറഞ്ഞു വന്ന വഴിക്ക് പത്രക്കാര്‍ കൃഷ്ണയ്യരെ വലിച്ചിഴച്ചപ്പോള്‍ ങാ..... കൃഷ്ണയ്യരായാലും കൊളളാം രാമയ്യരായാലും കൊളളാം എന്ന് നായനാര്‍ പറഞ്ഞപ്പോള്‍ അതേ പത്രക്കാര്‍ തന്നെ നായനാര്‍ കൃഷ്ണയ്യരുടെ തന്തയ്ക്കു പറഞ്ഞു എന്നു പ്രഖ്യാപിച്ചുകൊണ്ടു രംഗത്തു വരികയായിരുന്നു. രാമയ്യര്‍ എന്നാണ് കൃഷ്ണയ്യരുടെ പിതാവിന്റെ പേര് എന്ന് നായനാര്‍ക്കറിയില്ലായിരുന്നു എന്നതാണ് സത്യം. വേലിക്കകത്തു ശങ്കരന്‍ എന്നതാണ് അച്ചുതാനന്ദന്റെ അപ്പന്റെ പേര് എന്ന് ആലപ്പുഴക്കാരനായ എനിക്ക് നന്നായി അറിയാം. മലയാളശൈലിക്കനുസരിച്ച് പറയാന്‍ വേണ്ടി മകനെയുദ്ദേശിച്ച് വി. എസ്. എന്നുളളത് വിപുലീകരിച്ചുവെന്നേയുളളൂ.
പക്ഷേ ശൈലിയെ സാര്‍ത്ഥകമാക്കും വിധമാണ് കഴിഞ്ഞ നാലുവര്‍ഷക്കാലത്തെ അച്ചുതാനന്ദന്റെ പ്രയോഗങ്ങള്‍. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന്റെ കേളികൊട്ടുയരുമ്പോള്‍ അച്ചുതാനന്ദന്‍ എന്ന ജീവി പാര്‍ട്ടിയുടെ വേലിക്കു പുറത്തായിരുന്നു. മലയാള മനോരമയും മറ്റു ബൂര്‍ഷ്വാ പത്രങ്ങളും, അഴിമതിക്കെതിരെ ചില ശബ്ദമുയര്‍ത്തിയതൊഴിച്ചാല്‍ തീരെ ജനപ്രിയനല്ലാതിരുന്ന അച്ചുതാനന്ദനെ, സി.പി.എമ്മിലെ കലഹം വര്‍ദ്ധിപ്പിക്കാന്‍ വേണ്ടി വീരനായകനാക്കാന്‍ ആവതു ശ്രമിച്ചു. പാര്‍ട്ടിയുടെ ഇതപര്യന്തമുളള കീഴ്‌വഴക്കവും രീതിയുമനുസരിച്ച് വിമതശബ്ദമുയര്‍ത്തുന്നവര്‍ക്ക് സ്ഥാനമാനങ്ങള്‍ നല്‍കിയ ചരിത്രമില്ലാത്തതിനാല്‍ മനോരമ രണ്ടു കൈയും വിട്ടു കളിച്ചു. കളി ജനങ്ങള്‍ ഏറെറടുത്തു. സി. പി. എം. കാലത്തിനനുസരിച്ചു രീതി മാറ്റി. അച്ചുതാനന്ദന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായി. മലയാളമനോരമയ്ക്കും ബൂര്‍ഷ്വാ മാധ്യമങ്ങള്‍ക്കും പറ്റിയ ഒരബദ്ധമാണ് മുഖ്യമന്ത്രി വി. എസ്. അച്ചുതാനന്ദന്‍. കാലം പാര്‍ട്ടിയെയും നേതാക്കന്‍മാരെയും ജീര്‍ണതയില്‍ മുക്കി. കോണ്‍ഗ്രസിലേതിനേക്കാള്‍ ലജ്ജാകരമായ തരത്തില്‍ ഗ്രൂപ്പു കളിച്ച നേതാക്കന്‍മാര്‍ പരസ്യമായി വിഴുപ്പലക്കി.
ആദര്‍ശത്തിന്റെ ആള്‍രൂപമെന്ന മിഥ്യാധാരണ സൃഷ്ടിക്കാന്‍ ശ്രമം നടത്തിയ അച്ചുതാനന്ദന്‍ ഒരു ഘട്ടത്തില്‍ വേറൊരു പാര്‍ട്ടി രൂപീകരിക്കാന്‍ പോലും താഴേത്തട്ടിലേക്കു നിര്‍ദ്ദേശം നല്‍കി. എല്ലാ നിര്‍ണ്ണായക ഘട്ടങ്ങളിലും അണികളെ നിലയില്ലാക്കയങ്ങളിലേക്കു തള്ളിയിട്ട് ആമയേപ്പോലെ തല വലിച്ചു. അവസാനമായി വേണ്ടപ്പെട്ടവര്‍ ചോദിച്ചു നിങ്ങള്‍ ചരിത്രത്തിലെ ഏററവും വലിയ കറിവേപ്പിലയാകാനാണോ പുറപ്പാട്? ഇപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി ഇപ്പോള്‍ നമ്മള്‍ സ്ഥാനം കൈവിട്ടാല്‍ മറ്റൊരു മുഖ്യമന്ത്രി വരും. അവര്‍ മുഖം മിനുക്കും. അടുത്ത തെരഞ്ഞടുപ്പില്‍ അവര്‍ നാണക്കേടില്ലാതെ നില്‍ക്കും. അതു പാടില്ല തോറ്റു തറ പറ്റണം. സാമാന്യ ജനങ്ങള്‍ വിലയിരുത്തണം നമ്മള്‍ വോട്ടു ചെയ്തു ജയിപ്പിച്ച ഇക്കൂട്ടര്‍ ഇപ്പോള്‍ പരസ്പരം നശിക്കാന്‍ കളിക്കുകയാണ്. അടി കൊണ്ടു ചതഞ്ഞ പാമ്പാണ് അച്ചുതാനന്ദന്‍. അതിനേനതിനേന് കടിക്കുന്നതോ? പാവം നമ്മളെ.

4 അഭിപ്രായങ്ങൾ:

  1. വിഎസ് ഏറ്റെടുത്തു നടത്തിയ ജനകീയ സമരങ്ങളെല്ലാം, പാര്‍ട്ടി സമരങ്ങളായി ചിത്രീകരിച്ചു പാര്‍ട്ടിയും ചതിച്ചില്ലേ വിഎസിനെ.
    ഇനി ഒരു വര്‍ഷംകൂടി അദ്ദേഹം അങ്ങനെ കടിച്ച് പിടിച്ചു നില്‍ക്കും, എന്നിട്ടെവിടേലും പോയി ഊരുവിലക്കൊന്നും ഇല്ലാതെ ജീവിക്കുമായിരിക്കും.

    മറുപടിഇല്ലാതാക്കൂ
  2. പാര്‍ടിയുടെ കൂച്ചുവിലങ്ങില്ലായിരുന്നെങ്കില്‍ എന്തെങ്കിലുമൊക്കെ ചെയ്യാന്‍ അദ്ദേഹത്തിനു കഴിയുമായിരുന്നു. പാവം ഇനി എന്ത് ചെയ്യാന്‍?

    മറുപടിഇല്ലാതാക്കൂ
  3. വിഎസിന്റെ only chance ആണിത്‌. അടുത്ത തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം ജയിച്ചാൽപ്പോലും വിഎസ്‌ മുഖ്യമന്ത്രിയാവാൻ സാധ്യതയില്ല. അതാരേക്കാളും നന്നായി വിഎസിന്‌ അറിയുകയും ചെയ്യുന്നുണ്ടാവും. എന്നിരിക്കിലും സ്വന്തം ഇമേജിൽ വരുന്ന ചിതലെരിച്ചിൽ അദ്ദേഹം അറിയുന്നുമുണ്ടാവും. ഒരു ഒത്തുതീർപ്പ്‌ രാഷ്ട്രീയം ആണ്‌ വിഎസ്‌ കളിക്കുന്നത്‌.

    ഒത്തുതീർപ്പ്‌ ഏത്‌ ദിശയിലാണെന്നതിലേ ഉള്ളു വ്യക്തതയില്ലായ്മ. സ്വന്തം ഇമേജിന്‌ വലിയ കോട്ടം തട്ടാതിരിക്കാൻ ഇടയ്ക്കിടെ പാർട്ടിയെ "ധിക്കരിക്കുന്നതാണോ" അതോ പാർട്ടിയിലെ സ്ഥാനം പൂർണ്ണമായി ഇല്ലാതാകുന്ന അവസ്ഥ ഒഴിവാക്കാൻ കുറച്ച്‌ വിട്ടുവീഴ്ചകൾ നടത്തുന്നതാണോ, ഏതാണ്‌ ശരിയായ വിഎസ്‌?

    വെറുതയല്ലല്ലൊ പാർട്ടി താക്കീത്‌ നൽകുമ്പോൾ അനുസരിക്കുന്നതും അതിനുശേഷം വീണ്ടും പ്രസ്താവനകളിറക്കുന്നതും (പ്രവർത്തിയിലെത്തുന്നുണ്ടോ പ്രസ്താവനകൾ എന്നതും ചോദ്യചിഹ്നത്തിൽ നിർത്തേണ്ടതാണ്‌)

    മറുപടിഇല്ലാതാക്കൂ
  4. ഒത്തുതീർപ്പ്‌ ഏത്‌ ദിശയിലാണെന്നതിലേ ഉള്ളു വ്യക്തതയില്ലായ്മ. സ്വന്തം ഇമേജിന്‌ വലിയ കോട്ടം തട്ടാതിരിക്കാൻ ഇടയ്ക്കിടെ പാർട്ടിയെ "ധിക്കരിക്കുന്നതാണോ" അതോ പാർട്ടിയിലെ സ്ഥാനം പൂർണ്ണമായി ഇല്ലാതാകുന്ന അവസ്ഥ ഒഴിവാക്കാൻ കുറച്ച്‌ വിട്ടുവീഴ്ചകൾ നടത്തുന്നതാണോ, ഏതാണ്‌ ശരിയായ വിഎസ്‌?

    മറുപടിഇല്ലാതാക്കൂ