ഇക്കാലത്ത് രംഗബോധമില്ലാത്ത കോമാളി മരണമല്ല; മരണവീട്ടിലെത്തുന്ന ചില സ്വയംപ്രമാണിമാരാണ്. ഇക്കൂട്ടര്‍ മരണത്തിനു വരുത്തുന്ന ഒരു മാറ്റമേ .....വല്ലാത്ത മാറ്റം തന്നെ. മരണം കാലാനുസൃതമായി വളരെ മാറിപ്പോയി. മരണശേഷം തനിക്ക് ആചാരവെടി വെയ്ക്കരുതെന്ന് പ്രസ്താവനയിറക്കിയ നടന്‍ തിലകനെപ്പോലെ മരണശേഷം എന്തൊക്കെ ആകരുതെന്ന് വില്‍പ്പത്രം രജിസ്ടര്‍ ചെയ്യേണ്ട അവസ്ഥയിലാണ് കാര്യങ്ങളുടെ പോക്ക്.
മരിച്ചാലുടനെ എത്ര കൊള്ളരുതാത്തവന്റെയും ഒരു കളര്‍ഫോട്ടോ തപ്പിയെടുത്ത് ഇന്‍സ്റ്റന്റ് ലേസര്‍പ്രിന്റ് മുഖേന പോസ്റ്ററടിച്ച് പോസ്റ്റില്‍ പതിപ്പിക്കുകയാണ് ആദ്യ പടി. അജ്ഞതയുടെ കൊടുമുടിയില്‍ നില്‍ക്കുന്ന ഒരു 'ആദരാജ്ഞലികള്‍' ക്യാപ്ഷനായി കൂടെ കാണുകയും ചെയ്യും. മരണശേഷവും ഏറെക്കാലം പോസ്റ്റിലും മതിലിലും പോസ്റ്ററുകളായി മഴയും വെയിലും കൊണ്ട് സംസ്‌ക്കരിക്കപ്പെടാതെ പരേതര്‍ 'ജീവിക്കുന്നവര്‍ ഞങ്ങളിലൂടെ' എന്ന് വെല്ലുവിളി ഉയര്‍ത്തും.
യാതൊരു പാപവും ചെയ്യാതെ സ്വര്‍ലോകത്തിനവകാശിയായിട്ടുള്ളവരെയും, മക്കളോ മരുമക്കളോ ആരും വിദേശത്തുനിന്നു വരാനില്ലെങ്കിലും, മക്കളും നാട്ടുകാരും കൂടിചുരുങ്ങിയത് രണ്ടു ദിവസമെങ്കിലും മോര്‍ച്ചറിയില്‍ സൂക്ഷിക്കും. മരിച്ച് ഇരുപത്തിനാലു മണിക്കൂറിനകം മാന്യമായൊരു സംസ്‌ക്കാരം ലഭിക്കുന്നവര്‍ തീരെ സ്റ്റാറ്റസില്ലാത്ത കൊള്ളരുതാത്തവരാണെന്നു വന്നിരിക്കുന്നു.
മരണവുമായിബന്ധപ്പെട്ട അനിവാര്യമായ ഒരു നാടന്‍ കലാരൂപമാണ് മൈക്ക് അനൗണ്‍സ്‌മെന്റ്. വീടിനോ വീട്ടുകാര്‍ക്കോ, നാടിനോ നാട്ടുകാര്‍ക്കോ വേണ്ടാതെ കര്‍മദോഷിയായി കാലം കഴിച്ച് എടുത്താല്‍ പൊങ്ങാത്ത കടവും അപമാനവും മക്കള്‍ക്കു സമ്മാനിച്ച് കാലംചെയ്തവനെയും മഹത്വവല്‍ക്കരിക്കുന്ന വേളയാണ് സംസ്‌ക്കാരദിവസമുളള അനൗണ്‍സ്‌മെന്റ്. ഡെത്ത് ദി ലെവലര്‍ എന്ന് കവി ദീര്‍ഘദര്‍ശനം ചെയ്തത് കേരളത്തില്‍ അവതരിക്കാനിരുന്ന ചരമഅനൗണ്‍സ്‌മെന്റിനെ മനസില്‍ക്കണ്ടായിരിക്കണം. രണ്ടുതൊണ്ണൂറു വിട്ടിട്ട് അനൗണ്‍സ്‌മെന്റ് കലാകാരന്‍ വിലാപശബ്ദത്തില്‍ കണ്ഠമിടറി നടത്തുന്ന അനൗണ്‍സ്‌മെന്റിനനുസരിച്ചാണ് പരിപാടിയുടെ പ്രതിഫലം.
പരേതന്‍ രാഷ്ട്രീയം കൊണ്ടോ, സമുദായവശാലോ ഏതെങ്കിലും തരത്തില്‍ അല്പം പൊതുക്കാര്യപ്രസക്തനായിരുന്നെങ്കില്‍ സംസ്‌ക്കാരദിവസം നാട്ടിലെ മാടക്കടക്കാരന്റെയും കാപ്പിക്കടക്കാരന്റെയും കഞ്ഞികുടി മുട്ടിയതുതന്നെ. കാരണം അന്നുച്ചയ്ക്കു ശേഷം നാട്ടില്‍ ഹര്‍ത്താല്‍ അനുഷ്ഠിക്കുന്നതായിരിക്കും. മറ്റു കൊടികളൊന്നും കെട്ടാന്‍ വയ്യാത്തതുകൊണ്ട് നാടുനീളെ കറുത്ത കൊടിതോരണങ്ങള്‍ കൊണ്ട് അലങ്കരിച്ചിരിക്കും. ഏറ്റവും പുതിയ വിവരമനുസരിച്ച് ഹര്‍ത്താലില്‍ കൈവിഷം കൊടുത്ത ഈ നാടിനെ ഗിന്നസ് ബുക്ക് റെക്കോഡുകാര്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.
ജീവിച്ചിരിക്കുമ്പോള്‍ തുള്ളിവെള്ളം കൊടുക്കാത്ത മക്കളാണെങ്കിലും അപ്പന്റെയോ അമ്മയുടെയോ മരണം നടന്നാല്‍ കൊട്ടാന്‍ മുന്തിയ ബാന്റൂസെറ്റുകാരനെയും പാടാന്‍ ഗാനമേളക്കാരനെയും വിളിക്കും. ഗാനമേളക്കാരന് അസൗകര്യം വന്നാല്‍ അപ്പന്‍ ഒരു ദിവസം കൂടി മോര്‍ച്ചറിയില്‍ ഇരുന്നതുതന്നെ. എന്നാലും നല്ല പാട്ടുകേട്ട് കുഴിയിലോട്ടു പോകാമല്ലോ! നാട്ടിലെ കെളവന്‍മാരെല്ലാം ഡ്രൈവിംഗ് പഠിക്കുന്നത് ആരുടെയെങ്കിലും ശവമടക്കുദിവസമാണ്. മക്കള്‍ മേടിച്ചിട്ടിരിക്കുന്ന മാരുതിയുമെടുത്ത് ധൈര്യപൂര്‍വ്വം ഇറങ്ങാന്‍ പറ്റുന്ന ദിവസം ഇതൊന്നേയുളളൂ. മറ്റു വണ്ടികളൊന്നും നിരത്തിലുണ്ടാവുകയില്ല; ഉള്ള വണ്ടിയൊക്കെ അഞ്ചു കിലോമീറ്റര്‍ സ്പീഡിലും! റോഡിലെ ഗതാഗതം തടയാന്‍ കൈകാണിക്കുന്നവന്റെ വിചാരം താന്‍ ട്രാഫിക്ക് എസ്.ഐ. ആയെന്നാണ്. വാഹനയാത്രക്കാര്‍ മോന്തയ്ക്കിട്ടു പൊട്ടിക്കാത്തത് ശവത്തോടുളള മാന്യതയോര്‍ത്താണ്.
സന്തോഷിക്കാനും സന്തപിക്കാനും മദ്യം കേരളത്തില്‍ ഒരു അവശ്യവസ്തുവാണ്. കുഴിവെട്ടുകാരനും മാവുവെട്ടുന്നവനും കുപ്പി പൊട്ടിച്ചു മാത്രമേ പണി തുടങ്ങുകയുള്ളൂ. ആവതുളള മിക്ക ആണ്‍മക്കള്‍ക്കും ജാതി-മതഭേദമെന്യേ അല്പം വീര്യമില്ലെങ്കില്‍ ദുഖം ഘനീഭവിക്കുകയില്ല. മുന്‍കാലങ്ങളില്‍ വീടുമായി അടുപ്പമുളളവര്‍ സൗജന്യമായി ചെയ്തിരുന്ന പണികളെല്ലാം ഇന്ന് വന്‍തുക കൊടുത്തു വേണം ചെയ്യാന്‍. 'കൊമ്പന്‍ നിന്നാലും ചത്താലും ലക്ഷം' എന്ന ചൊല്ലു പോലെയാണ് ഇന്നു മനുഷ്യന്റെ കാര്യം. കിടന്നു പോയാല്‍ ആശുപത്രിക്കാര്‍ സ്ലോട്ടര്‍ ചെയ്യും;തട്ടിപ്പോയാല്‍ സര്‍വ ചെലവിനും കൂടി കുറഞ്ഞത് ലക്ഷമെങ്കിലും വേണ്ടി വരും. ചാണകവറളി ഉപയോഗിക്കുമ്പോള്‍ മാവുവെട്ടുകാരന്‍ തൊഴില്‍ നഷ്ടത്തിന് നോക്കുകൂലി ചോദിക്കുന്ന ദിവസം അധികം അകലെയല്ലെന്നു തോന്നുന്നു.
മരിച്ച് പതിനാറു കഴിഞ്ഞാല്‍ അശുദ്ധിയെല്ലാം കഴിഞ്ഞു എന്ന സങ്കല്പത്തിലാണ് അടിയന്തിര ദിവസം കാപ്പിയും മറ്റും ഒരുക്കുന്നത്. ചിലര്‍ കാപ്പി കുടിക്കും കഴിക്കുകയില്ല. മറ്റു ചിലര്‍ വരും വെള്ളം പോലും കുടിക്കുകയില്ല. മരണവീട്ടില്‍ വന്ന ശേഷം താന്‍ ജലപാനം പോലും നടത്തുകയില്ലെന്ന് മറ്റുള്ളവരെ കാണിക്കുന്നതിലാണ് ചിലരുടെ ആഢ്യത്വം. ഇതേ വിദ്വാന്‍ തന്നെ ഷാപ്പില്‍ കയറിയാല്‍ ഏതു ശവവും കറിവെച്ചു കിട്ടിയാല്‍ കഴിക്കുകയും ചെയ്യും!
ആയതിനാല്‍ പരേതര്‍ക്കും പരേതരാകാനിരിക്കുന്നവര്‍ക്കും വേണ്ടി അടിയന്‍ ഒരു അടിയന്തിരപ്രമേയമവതരിപ്പിക്കാന്‍ അനുമതി ചോദിക്കുകയാണ്. അനുമതി തന്നില്ലെങ്കിലും പെട്ടെന്നു വിളിച്ചു പറയാനുള്ളതേയുളളു കാര്യം. കൊല്ലരുതനിയാ പരേതരെ കൊല്ലരുത്.
2010, ജൂലൈ 20, ചൊവ്വാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
മാന്യമായ രീതിയിലുള്ള ഒരു സംസ്ക്കാരമാണ് ഏതൊരു പരേതനും അര്‍ഹിക്കുന്നത്..
മറുപടിഇല്ലാതാക്കൂകൊല്ലരുതനിയാ പരേതരെ കൊല്ലരുത്
മറുപടിഇല്ലാതാക്കൂ