2010, ജൂലൈ 20, ചൊവ്വാഴ്ച

കൊല്ലരുതനിയാ പരേതരെ കൊല്ലരുത്!

          ഇക്കാലത്ത് രംഗബോധമില്ലാത്ത കോമാളി മരണമല്ല; മരണവീട്ടിലെത്തുന്ന ചില സ്വയംപ്രമാണിമാരാണ്. ഇക്കൂട്ടര്‍ മരണത്തിനു വരുത്തുന്ന ഒരു മാറ്റമേ .....വല്ലാത്ത മാറ്റം തന്നെ. മരണം കാലാനുസൃതമായി വളരെ മാറിപ്പോയി. മരണശേഷം തനിക്ക് ആചാരവെടി വെയ്ക്കരുതെന്ന് പ്രസ്താവനയിറക്കിയ നടന്‍ തിലകനെപ്പോലെ മരണശേഷം എന്തൊക്കെ ആകരുതെന്ന് വില്‍പ്പത്രം രജിസ്ടര്‍ ചെയ്യേണ്ട അവസ്ഥയിലാണ് കാര്യങ്ങളുടെ പോക്ക്.
        മരിച്ചാലുടനെ എത്ര കൊള്ളരുതാത്തവന്റെയും ഒരു കളര്‍ഫോട്ടോ തപ്പിയെടുത്ത് ഇന്‍സ്റ്റന്റ് ലേസര്‍പ്രിന്റ് മുഖേന പോസ്റ്ററടിച്ച് പോസ്റ്റില്‍ പതിപ്പിക്കുകയാണ് ആദ്യ പടി. അജ്ഞതയുടെ കൊടുമുടിയില്‍ നില്‍ക്കുന്ന ഒരു 'ആദരാജ്ഞലികള്‍' ക്യാപ്ഷനായി കൂടെ കാണുകയും ചെയ്യും. മരണശേഷവും ഏറെക്കാലം പോസ്റ്റിലും മതിലിലും പോസ്റ്ററുകളായി മഴയും വെയിലും കൊണ്ട് സംസ്‌ക്കരിക്കപ്പെടാതെ പരേതര്‍ 'ജീവിക്കുന്നവര്‍ ഞങ്ങളിലൂടെ' എന്ന് വെല്ലുവിളി ഉയര്‍ത്തും.
           യാതൊരു പാപവും ചെയ്യാതെ സ്വര്‍ലോകത്തിനവകാശിയായിട്ടുള്ളവരെയും, മക്കളോ മരുമക്കളോ ആരും വിദേശത്തുനിന്നു വരാനില്ലെങ്കിലും, മക്കളും നാട്ടുകാരും കൂടിചുരുങ്ങിയത് രണ്ടു ദിവസമെങ്കിലും മോര്‍ച്ചറിയില്‍ സൂക്ഷിക്കും. മരിച്ച് ഇരുപത്തിനാലു മണിക്കൂറിനകം മാന്യമായൊരു സംസ്‌ക്കാരം ലഭിക്കുന്നവര്‍ തീരെ സ്റ്റാറ്റസില്ലാത്ത കൊള്ളരുതാത്തവരാണെന്നു വന്നിരിക്കുന്നു.
            മരണവുമായിബന്ധപ്പെട്ട അനിവാര്യമായ ഒരു നാടന്‍ കലാരൂപമാണ് മൈക്ക് അനൗണ്‍സ്‌മെന്റ്. വീടിനോ വീട്ടുകാര്‍ക്കോ, നാടിനോ നാട്ടുകാര്‍ക്കോ വേണ്ടാതെ കര്‍മദോഷിയായി കാലം കഴിച്ച് എടുത്താല്‍ പൊങ്ങാത്ത കടവും അപമാനവും മക്കള്‍ക്കു സമ്മാനിച്ച് കാലംചെയ്തവനെയും മഹത്വവല്‍ക്കരിക്കുന്ന വേളയാണ് സംസ്‌ക്കാരദിവസമുളള അനൗണ്‍സ്‌മെന്റ്. ഡെത്ത് ദി ലെവലര്‍ എന്ന് കവി ദീര്‍ഘദര്‍ശനം ചെയ്തത് കേരളത്തില്‍ അവതരിക്കാനിരുന്ന ചരമഅനൗണ്‍സ്‌മെന്റിനെ മനസില്‍ക്കണ്ടായിരിക്കണം. രണ്ടുതൊണ്ണൂറു വിട്ടിട്ട് അനൗണ്‍സ്‌മെന്റ് കലാകാരന്‍ വിലാപശബ്ദത്തില്‍ കണ്ഠമിടറി നടത്തുന്ന അനൗണ്‍സ്‌മെന്റിനനുസരിച്ചാണ് പരിപാടിയുടെ പ്രതിഫലം.
           പരേതന്‍ രാഷ്ട്രീയം കൊണ്ടോ, സമുദായവശാലോ ഏതെങ്കിലും തരത്തില്‍ അല്പം പൊതുക്കാര്യപ്രസക്തനായിരുന്നെങ്കില്‍ സംസ്‌ക്കാരദിവസം നാട്ടിലെ മാടക്കടക്കാരന്റെയും കാപ്പിക്കടക്കാരന്റെയും കഞ്ഞികുടി മുട്ടിയതുതന്നെ. കാരണം അന്നുച്ചയ്ക്കു ശേഷം നാട്ടില്‍ ഹര്‍ത്താല്‍ അനുഷ്ഠിക്കുന്നതായിരിക്കും. മറ്റു കൊടികളൊന്നും കെട്ടാന്‍ വയ്യാത്തതുകൊണ്ട് നാടുനീളെ കറുത്ത കൊടിതോരണങ്ങള്‍ കൊണ്ട് അലങ്കരിച്ചിരിക്കും. ഏറ്റവും പുതിയ വിവരമനുസരിച്ച് ഹര്‍ത്താലില്‍ കൈവിഷം കൊടുത്ത ഈ നാടിനെ ഗിന്നസ് ബുക്ക് റെക്കോഡുകാര്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.
ജീവിച്ചിരിക്കുമ്പോള്‍ തുള്ളിവെള്ളം കൊടുക്കാത്ത മക്കളാണെങ്കിലും അപ്പന്റെയോ അമ്മയുടെയോ മരണം നടന്നാല്‍ കൊട്ടാന്‍ മുന്തിയ ബാന്റൂസെറ്റുകാരനെയും പാടാന്‍ ഗാനമേളക്കാരനെയും വിളിക്കും. ഗാനമേളക്കാരന് അസൗകര്യം വന്നാല്‍ അപ്പന്‍ ഒരു ദിവസം കൂടി മോര്‍ച്ചറിയില്‍ ഇരുന്നതുതന്നെ. എന്നാലും നല്ല പാട്ടുകേട്ട് കുഴിയിലോട്ടു പോകാമല്ലോ! നാട്ടിലെ കെളവന്‍മാരെല്ലാം ഡ്രൈവിംഗ് പഠിക്കുന്നത് ആരുടെയെങ്കിലും ശവമടക്കുദിവസമാണ്. മക്കള്‍ മേടിച്ചിട്ടിരിക്കുന്ന മാരുതിയുമെടുത്ത് ധൈര്യപൂര്‍വ്വം ഇറങ്ങാന്‍ പറ്റുന്ന ദിവസം ഇതൊന്നേയുളളൂ. മറ്റു വണ്ടികളൊന്നും നിരത്തിലുണ്ടാവുകയില്ല; ഉള്ള വണ്ടിയൊക്കെ അഞ്ചു കിലോമീറ്റര്‍ സ്പീഡിലും! റോഡിലെ ഗതാഗതം തടയാന്‍ കൈകാണിക്കുന്നവന്റെ വിചാരം താന്‍ ട്രാഫിക്ക് എസ്.ഐ. ആയെന്നാണ്. വാഹനയാത്രക്കാര്‍ മോന്തയ്ക്കിട്ടു പൊട്ടിക്കാത്തത് ശവത്തോടുളള മാന്യതയോര്‍ത്താണ്.
            സന്തോഷിക്കാനും സന്തപിക്കാനും മദ്യം കേരളത്തില്‍ ഒരു അവശ്യവസ്തുവാണ്. കുഴിവെട്ടുകാരനും മാവുവെട്ടുന്നവനും കുപ്പി പൊട്ടിച്ചു മാത്രമേ പണി തുടങ്ങുകയുള്ളൂ. ആവതുളള മിക്ക ആണ്‍മക്കള്‍ക്കും ജാതി-മതഭേദമെന്യേ അല്പം വീര്യമില്ലെങ്കില്‍ ദുഖം ഘനീഭവിക്കുകയില്ല. മുന്‍കാലങ്ങളില്‍ വീടുമായി അടുപ്പമുളളവര്‍ സൗജന്യമായി ചെയ്തിരുന്ന പണികളെല്ലാം ഇന്ന് വന്‍തുക കൊടുത്തു വേണം ചെയ്യാന്‍. 'കൊമ്പന്‍ നിന്നാലും ചത്താലും ലക്ഷം' എന്ന ചൊല്ലു പോലെയാണ് ഇന്നു മനുഷ്യന്റെ കാര്യം. കിടന്നു പോയാല്‍ ആശുപത്രിക്കാര്‍ സ്ലോട്ടര്‍ ചെയ്യും;തട്ടിപ്പോയാല്‍ സര്‍വ ചെലവിനും കൂടി കുറഞ്ഞത് ലക്ഷമെങ്കിലും വേണ്ടി വരും. ചാണകവറളി ഉപയോഗിക്കുമ്പോള്‍ മാവുവെട്ടുകാരന്‍ തൊഴില്‍ നഷ്ടത്തിന് നോക്കുകൂലി ചോദിക്കുന്ന ദിവസം അധികം അകലെയല്ലെന്നു തോന്നുന്നു.
           മരിച്ച് പതിനാറു കഴിഞ്ഞാല്‍ അശുദ്ധിയെല്ലാം കഴിഞ്ഞു എന്ന സങ്കല്പത്തിലാണ് അടിയന്തിര ദിവസം കാപ്പിയും മറ്റും ഒരുക്കുന്നത്. ചിലര്‍ കാപ്പി കുടിക്കും കഴിക്കുകയില്ല. മറ്റു ചിലര്‍ വരും വെള്ളം പോലും കുടിക്കുകയില്ല. മരണവീട്ടില്‍ വന്ന ശേഷം താന്‍ ജലപാനം പോലും നടത്തുകയില്ലെന്ന് മറ്റുള്ളവരെ കാണിക്കുന്നതിലാണ് ചിലരുടെ ആഢ്യത്വം. ഇതേ വിദ്വാന്‍ തന്നെ ഷാപ്പില്‍ കയറിയാല്‍ ഏതു ശവവും കറിവെച്ചു കിട്ടിയാല്‍ കഴിക്കുകയും ചെയ്യും!
           ആയതിനാല്‍ പരേതര്‍ക്കും പരേതരാകാനിരിക്കുന്നവര്‍ക്കും വേണ്ടി അടിയന്‍ ഒരു അടിയന്തിരപ്രമേയമവതരിപ്പിക്കാന്‍ അനുമതി ചോദിക്കുകയാണ്. അനുമതി തന്നില്ലെങ്കിലും പെട്ടെന്നു വിളിച്ചു പറയാനുള്ളതേയുളളു കാര്യം. കൊല്ലരുതനിയാ പരേതരെ കൊല്ലരുത്.

2010, ജൂലൈ 3, ശനിയാഴ്‌ച

അര്‍ജന്റീനാ മരണം; മറഡോണാ മടക്കം

      ഹിറ്റ്‌ലറുടെ സാമ്രാജ്യത്തിന് ഗോള്‍ മഴ. അര്‍ജന്റീനയുടെ മേല്‍ കല്ലു മഴ. വിധിയുടെ അലംഘനീയമായ തീര്‍പ്പ്. ഭാഗ്യദേവതയുടെ മാദകചുംബനം. ജര്‍മനിക്ക് നാലുഗോള്‍. കളി കഴിഞ്ഞിട്ടില്ല. വാഗതീതമായ വിളയാട്ടങ്ങളേ സ്വസ്തി!

2010, ജൂലൈ 2, വെള്ളിയാഴ്‌ച

ഫുട്‌ബോള്‍ ദൈവങ്ങളെ ഗ്രഹണം ഗ്രസിച്ചു

       ഗ്രീക്കുകാര്‍ വിശ്വസിക്കുന്നത് എല്ലാ ദിവസവും ഒളിമ്പസ് പര്‍വ്വതത്തിന്റെ മുകളില്‍ രാത്രിയില്‍ ദൈവങ്ങള്‍ ഒത്തുകൂടുമെന്നാണ്. അവര്‍ കൂടിയിരുന്ന് ചര്‍ച്ച ചെയ്താണ് പിറ്റേ ദിവസം ഏതെല്ലാം മനുഷ്യരെ ദുരിതങ്ങളിലേക്ക് വലിച്ചിഴയ്‌ക്കേണ്ടതെന്ന് നിശ്ചയിക്കുന്നതത്രേ. ഇന്നലെ രാത്രി ഗ്രീക്ക് ദൈവങ്ങള്‍ ഐകകണ്‌ഠേന തീരുമാനിച്ചത് ഭൂമിയിലെ ഫുട്‌ബോള്‍ ദൈവങ്ങളെ നിലയില്ലാക്കയങ്ങളിലേക്ക് തള്ളിയിടാനാണ്. ഷേക്‌സ്പീയറുടെ മക്ബതിലെ ത്രീ വിച്ചസിനെപ്പറ്റി പറയുന്നതു പോലെ ഭൂമിയിലെ ഫുട്‌ബോള്‍ പ്രവചനക്കണിയാന്‍മാരുടെ വിലയിരുത്തലുകള്‍ ചെറിയ കാര്യങ്ങളില്‍ ശരിയായിത്തീരുകയും വലിയ കാര്യത്തില്‍ പിഴയ്ക്കുകയും ചെയ്തു.
        ബ്രസീല്‍ അര്‍ജന്റീനയുമായി ഫൈനലില്‍ ഏറ്റുമുട്ടിയാല്‍ ആരു ജയിക്കുമെന്നും ജര്‍മനിയാണെങ്കില്‍ എന്തായിരിക്കും സംഭവിക്കുകയെന്നും മറ്റുമായിരുന്നു ആകവടി വെച്ചുളള പ്രവചനങ്ങള്‍. വെറുംകവടിപ്രയോഗമാണെന്നു പറയാന്‍ കാരണം ഒന്നര മണിക്കുര്‍ പോയിട്ട് ഒന്നര മിനുട്ട് തുടര്‍ച്ചയായി ഓടാന്‍ കഴിയാത്ത മലയാളിക്ക് പ്രവചനം നടത്തുകയല്ലാതെ വേറെന്താണ് കഴിയുക. പക്ഷേ ബ്രസീല്‍ ക്വാര്‍ട്ടര്‍ കടക്കുമോ എന്ന കാര്യം ആരും കണക്കിലെടുത്തില്ല. ബ്രസീലിനെ ആരാധകരെല്ലാം മിക്ക ലോകകപ്പിലും നേരിട്ട് ഫൈനലിലേക്ക് എടുത്തെറിയുകയാണ് പതിവ്. നിര്‍ണായക മത്സരത്തില്‍ പരാജയം രുചിച്ചപ്പോള്‍ ബ്രസീലിയന്‍ കളിക്കാരുടെ തനിസ്വരൂപം തെളിഞ്ഞു കാണാന്‍ കഴിഞ്ഞു.അവരുടെ വിനയവും ഡീസന്‍സിയും ഓസ്‌ക്കാറിന് അര്‍ഹമാണ് എന്നതാണ് യാഥാര്‍ത്ഥ്യം. എങ്കിലും അവരുടെ പരാജയത്തില്‍ എന്റെ വക ഒരു പാത്രം മുതലക്കണ്ണീര്‍!

2010, ജൂലൈ 1, വ്യാഴാഴ്‌ച

മന്‍മോഹന്‍ എനിക്ക് ജ്യേഷ്ഠതുല്യന്‍

         എന്റെ ജ്യേഷ്ഠന്‍ 17ാം വയസ്സില്‍ വടക്കേ ഇന്ത്യയ്ക്കു പോയി. അമ്മാവന്‍ വാങ്ങിക്കൊടുത്ത ഒരു പാന്റും ഷര്‍ട്ടുമായിരുന്നു ജ്യേഷ്ഠന്റെ മൂലധനം. മണ്ണെണ്ണവിളക്കിന്റെ വെളിച്ചത്തിരുന്നായിരുന്നു അദ്ദേഹം പഠിച്ച് പത്താംതരം പാസ്സായത്. പിന്നീട് ഹോട്ടലില്‍ റിസപ്ഷനിസ്റ്റായി തുടങ്ങി സി.എ.,ഐ.സി.ഡബ്ലിയൂ.എ.,കമ്പനിസെക്രട്ടറി കോഴ്‌സ് ഒക്കെ പാസായി ദല്‍ഹിയിലും ദുബായിലും ജോലി ചെയ്ത് ഇപ്പോള്‍ ലണ്ടനിലാണ്. ഒരിക്കല്‍ നാട്ടില്‍ വന്നപ്പോള്‍ ചരിത്രത്തിലെ മായ്ച്ചാലും മായാത്ത പാന്റിന്റെ കടം അദ്ദേഹത്തെ ഉളളുകൊണ്ട് നോവിച്ചു. അമ്മാവന് ഒരു ഫ്രിഡ്ജ് വാങ്ങിക്കൊടുത്താലോ എന്ന് എന്നോടു ചോദിച്ചു. തെക്കേടത്തെ കൊച്ചുപെമ്പിളയ്ക്ക് കൊടുക്കാനുണ്ടായിരുന്ന പത്തു വറ്റല്‍ മുളകിന്റെയും, പടിഞ്ഞാറേതിലെ ലക്ഷ്മിക്ക് കൊടുക്കേണ്ടിയിരുന്ന ഇരുന്നാഴിയരിയുടെയും കടം എങ്ങനെ കൊടുത്തു തീര്‍ക്കും എന്നു ഞാന്‍ തിരിച്ചു ചോദിച്ചു. അവരിരുവരും അതൊന്നും തിരികെ വാങ്ങാതെ ജീവിതരംഗവേദിയിലെ വേഷം ഉപേക്ഷിച്ചിട്ട് കാലം കുറേയായിക്കഴിഞ്ഞിരുന്നു. ഭൂതകാലത്തിന്റെ വലിച്ചെറിയാന്‍ കഴിയാത്ത കെട്ടുപാടുകള്‍ അങ്ങനെയൊക്കെയാണ്. ജ്യേഷ്ഠന്‍ ഇന്ത്യയില്‍ ജീവിക്കുമ്പോള്‍ മുതല്‍ സഥിരം ആകാശയാത്രികനും എണ്ണപ്പെട്ടവരുടെയും സമ്പന്നരുടെയും സുഹൃത്തുമായിരുന്നു. അങ്ങനെയായിരിക്കാം പലപ്പോഴും പണം അമ്മയ്ക്ക് അയച്ചുകൊടുത്തിരുന്നെങ്കിലും അമ്മയെ ഫോണില്‍ വിളിക്കയോ സംസാരിക്കയോ ചെയ്യാത്ത രീതിക്കാരനായത്. 81 വയസ്സായ അമ്മയ്ക്ക് പണം ഒരു അവശ്യവസ്തുവായിരുന്നില്ല. വാര്‍ദ്ധക്യത്തിന്റെ അവസാന നാളുകളില്‍ താന്‍ ഇപ്പോഴും ആരൊക്കെയോ ഉളള  ഒരാളാണെന്ന തോന്നല്‍ അവര്‍ക്ക് സുരക്ഷിതത്വം നല്‍കുമായിരുന്നു. ഇങ്ങനെയൊരു വൃദ്ധയുടെ മകനാണ് താനെന്ന് മറ്റുളളവരോടു പറയുന്നതില്‍ ജ്യേഷ്ഠന് അപകര്‍ഷം തോന്നിയിരുന്നോ എന്നുപോലും നമുക്കു സംശയം തോന്നും. ആരാലും അന്വേഷിക്കപ്പെടാനില്ലാത്ത അനാഥവാര്‍ദ്ധക്യത്തിന്റെ വേദന മനസ്സിലാക്കാന്‍ കഴിയുന്ന നിര്‍മ്മലവികാരങ്ങള്‍ അദ്ദേഹത്തിന് കൈമോശം വന്നു പോയിരുന്നു.
         ആധുനിക കാലഘട്ടത്തില്‍ പത്രവാര്‍ത്തകളെയൊന്നും അമിതമായി വിശ്വസിക്കാന്‍ കഴിയില്ല. എങ്കിലും മണ്ണെണ്ണയ്ക്കും പാചകവാതകത്തിനും ഇന്ധനത്തിനും വിലകൂട്ടിയ ശേഷം ഇന്ത്യന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് നടത്തിയ പ്രസ്താവന വേദനാകരവും നിര്‍ഭാഗ്യകരവുമായിപ്പോയി. ജനപ്രിയതയ്ക്കു വേണ്ടി നയതീരുമാനങ്ങള്‍ കൈക്കൊണ്ടാല്‍ ഇന്ത്യയുടെ വികസനം സാദ്ധ്യമാവില്ല എന്നായിരുന്നു ആ പ്രസ്താവത്തിന്റെ കാതല്‍. മുന്‍പ് നേത്രശസ്ത്രക്രിയ നടത്തുമ്പോള്‍ അദ്ദേഹം പറഞ്ഞിരുന്നു മണ്ണെണ്ണവിളക്കിന്റെ വെളിച്ചത്തിരുന്നു വായിച്ചതുകൊണ്ടാണ് തന്റെ കാഴ്ച പില്ക്കാലത്തു കുറഞ്ഞുപോയതെന്ന്. ഇന്നും ജനസംഖ്യയുടെ പകുതിയിലധികവും ജനങ്ങള്‍ രാത്രിയില്‍ കാണുന്ന വെളിച്ചം എന്താണെന്നു നേരിട്ടു മനസ്സിലാക്കിയ ഇന്ത്യന്‍ പ്രധാനമന്ത്രിയെപ്പറ്റി അഭിമാനം തോന്നിയ നിമിഷമായിരുന്നു അത്. പക്ഷേ ഇന്നദ്ദേഹം എനിക്ക് ജ്യേഷ്ഠനെപ്പോലെയാണ്.
       ഇന്ത്യയിലെ സാധാരണ ജനത്തെയും അവരുടെ ഇല്ലായ്മകളെയും ലാക്കാക്കിയല്ലാതെ ഏതു ശവങ്ങളുടെ പതിനാറടിയന്തിരം ആഘോഷമാക്കി മാറ്റാനാണ് ഹേ മണവും ഗുണവുമില്ലാത്ത സിക്കുകാരാ നിങ്ങള്‍ ഈ ഭരണയന്ത്രം പാടുപെട്ടു തിരിയ്ക്കുന്നത്? ഒരു നേരം ചോളമാവു കുഴച്ചു തിന്ന് ജീവിതം പോക്കുന്ന ബീഹാറിയും, പട്ടിണി കിടന്നു ചാകുന്ന വയനാട്ടിലെ ആദിവാസിയും ഇന്ത്യയുടെ കൊടിയടയാളങ്ങളാണ്. ഇതു മനസ്സിലാക്കാതെ ഈ അധമമനോഭാവവും പേറി സോണിയയുടെ മൂടുതാങ്ങി നടക്കുന്ന നിങ്ങള്‍ ചരിത്രത്തിന്റെ ചവറ്റുകുട്ടയില്‍ കീറിപ്പറന്നുവീണ ഒരു കൗപീനമായി അവശേഷിക്കും.