1994 ലെ കേരളാ പഞ്ചായത്തീരാജ് ആക്റ്റ് 9ാം അദ്ധ്യായത്തില്‍ തെരഞ്ഞെടുപ്പുകളുടെ നടത്തിപ്പിനെപ്പറ്റി പറയുന്നിടത്താണ് വോട്ടുകളുടെ തുല്യത വന്നാല്‍ പരിഹരിക്കുന്നതിനുളള മാര്‍ഗം വ്യവസ്ഥ ചെയ്തിരിക്കുന്നത്. അതില്‍ പറയുന്നത്- വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കിയതിനു ശേഷം ഏതെങ്കിലും സ്ഥാനാര്‍ത്ഥികള്‍ തമ്മില്‍ വോട്ടുകളുടെ തുല്യത ഉളളതായി കാണപ്പെടുകയും ഒരൊറ്റ വോട്ടു കൂട്ടിയാല്‍ ആ സ്ഥാനാര്‍ത്ഥികളില്‍ ആരെയെങ്കിലും തെരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിക്കപ്പെടുവാന്‍ അവകാശമുണ്ടായിരിക്കുകയും ചെയ്യുന്നുവെങ്കില്‍ വരണാധികാരി ഉടനടി നറുക്കെടുപ്പു വഴി ആ സ്ഥാനാര്‍ത്ഥികള്‍ തമ്മിലെ കാര്യം തീരുമാനിക്കേണ്ടതും നറുക്കു കിട്ടുന്ന സ്ഥാനാര്‍ത്ഥി ഒരൊറ്റ വോട്ടു കൂടുതല്‍ ലഭിച്ചിരുന്നാലെന്ന പോലെ നടപടി തുടരേണ്ടതും ആകുന്നു- എന്നാണ്.
നിയമത്തിലെ ഈ വകുപ്പ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങളിലേക്കുളള തെരഞ്ഞെടുപ്പുകളിലും ബാധകമാണ്. നറുക്കെടുപ്പിലൂടെ പ്രസിഡന്റ് സ്ഥാനവും മറ്റും ലഭിക്കുന്ന പഞ്ചായത്തുകളില്‍ അനിശ്ചിതത്വം തുടരുകയും പലപ്പോഴും ഭരണസ്തംഭനത്തിലേക്കു നയിക്കുകയും ചെയ്യുന്നു. ഈ സ്ഥിതി ഒഴിവാക്കപ്പെടേണ്ടതാണ്. ജനഹിതത്തെ ലംഘിക്കാതെയും സാമാന്യനീതിയെ മറികടക്കുകയും ചെയ്യാതെ ഈ സ്ഥിതിവിശേഷത്തിനു പരിഹാരം കാണേണ്ടത് പരിഷ്കൃത സമൂഹത്തിന്റെ ആവശ്യമാണ്. ആയതിനാല്‍ ഇതു സംബന്ധിച്ച ആശയങ്ങള്‍ മാധ്യമങ്ങളും രാഷ്ട്രീയപ്പാര്‍ട്ടികളും ചര്‍ച്ച ചെയ്ത് സമവായത്തിലെത്തിയതിനു ശേഷം ബന്ധപ്പെട്ട ആക്ട് ഭേദഗതി ചെയ്യണം.
വോട്ടെടുപ്പില്‍ രണ്ടു സ്ഥാനാര്‍ത്ഥികള്‍ക്ക് തുല്യ വോട്ടു വരുമ്പോള്‍ നറുക്കെടുപ്പു നടത്തി പ്രതിവിധി കാണുന്നതിനു പകരം മറ്റു ചില സാഹചര്യങ്ങളില്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ചെയ്യുന്നതു പോലെ ആ പദവി രണ്ടര വര്‍ഷം വീതം ഭാഗിച്ചു കൊടുക്കുന്നതാണ് ഉചിതം. അങ്ങനെയായാല്‍ വോട്ടു നല്കി തുല്യത സൃഷ്ടിച്ച വോട്ടര്‍മാരുടെ അഭിലാഷത്തെ ഹനിക്കാതിരിക്കാന്‍ സാധിക്കും. ആരുടെ ഊഴമാണ് ആദ്യം വരേണ്ടതെന്ന് നറുക്കെടുപ്പിലൂടെ നിശ്ചയിക്കുകയും ആ കാലയളവില്‍ പദവിയിലിരുന്ന ശേഷം നിശ്ചിത ദിവസം ആദ്യത്തെയാള്‍ പിരിഞ്ഞു പോവുകയും വേണം. വോട്ടെടുപ്പില്‍ തുല്യത നേടിയ രണ്ടാമത്തെയാള്‍ ജീവിച്ചിരുപ്പുണ്ടെങ്കില്‍ തുടര്‍ന്ന് പദവിയിലെത്തുകയും ഇല്ലെങ്കില്‍ ആ വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പുനടത്തുകയും ചെയ്യണം.
പ്രസിഡന്റ് തെരഞ്ഞെടുപ്പ് തുടങ്ങിയ കാര്യങ്ങളില്‍ ഈ രീതി പ്രായോഗിക ബുദ്ധിമുട്ട് സൃഷ്ടിക്കും. ആദ്യത്തെയാളുടെ കാലാവധി കഴിഞ്ഞ ശേഷമോ ഇടയ്ക്കോ രാഷ്ട്രീയ പാര്‍ട്ടികള്‍ പിന്തുണ പിന്‍വലിക്കുകയോ വിട്ടു നില്‍ക്കുകയോ ഒക്കെ ചെയ്യാവുന്നതാണ്. ഇത്തരം സാഹചര്യത്തില്‍ നമുക്ക് യുക്തിസഹമായ മറ്റൊരു മാര്‍ഗം സ്വീകരിക്കാവുന്നതാണ്. പത്തു വാര്‍ഡുളള ഒരു പഞ്ചായത്തില്‍ അഞ്ചു വീതം അംഗങ്ങളെ രണ്ടു പാര്‍ട്ടികളോ മുന്നണികളോ വിജയിപ്പിക്കുകയാണെങ്കില്‍ നറുക്കെടുക്കുന്നതിനു പകരം രണ്ടു വിഭാഗത്തിലെയും അംഗങ്ങള്‍ക്കു ലഭിച്ച വോട്ടുകളുടെ എണ്ണം പരിശോധിച്ച് കൂടുതല്‍ വോട്ടു നേടിയ ഗ്രൂപ്പിനെ അധികാരത്തിലേറാന്‍ അനുവദിക്കുകയാണെങ്കില്‍ അതായിരിക്കും ജനഹിതത്തെ മാനിക്കല്‍.
പഞ്ചായത്തീരാജ് ആക്ടില്‍ കാലുമാറ്റത്തെ തടയുന്നതിന് പല വ്യവസ്ഥകളും ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും അതൊന്നും പ്രായോഗികതലത്തില്‍ ഫലപ്രദമായതായി കാണുന്നില്ല. അതുകൊണ്ട് കഴിഞ്ഞ കാല അനുഭവങ്ങളായി ഭരണം അനിശ്ചിതത്വത്തിലാവുകയും തട്ടിക്കൊണ്ടുപോകലുകളും ക്രിമിനല്‍ കേസുകളും ഉണ്ടാവുകയും ചെയ്തതിന്റെ വെളിച്ചത്തില്‍ തദ്ദേശഭരണ സ്ഥാപനങ്ങളിലെ അരാജകത്വവും അനിശ്ചിതാവസ്ഥയും പരിഹരിക്കുന്നതിന് പഞ്ചായത്തീ രാജ് നിയമത്തില്‍ ഭേദഗതികള്‍ വരുത്തുന്നതിന് ബന്ധപ്പെട്ടവര്‍ മുന്‍കയ്യെടുക്കണം. 1. സര്‍വ്വതന്ത്ര സ്വതന്ത്രന്മാരായി ജയിച്ചവരെ കൂറുമാറ്റ നിയമം ബാധിക്കാന്‍ പാടില്ല. 2. പാര്‍ട്ടികളുടെയോ മുന്നണികളുടെയോ പിന്തുണയോടെ മത്സരിച്ചവരെ പാര്‍ട്ടിക്കാരായി കണക്കാക്കണം. 3. പാര്‍ട്ടികള്‍ക്ക് ഭരണസമിതിക്കുളള പിന്തുണ പിന്‍വലിക്കാം. 4. ഏതെങ്കിലും പാര്‍ട്ടികളിലെ അംഗങ്ങള്‍ പാര്‍ട്ടിയുടെ വിപ്പിനു വിപരീതമായി പിന്തുണ പിന്‍വലിക്കുകയോ പിന്‍വലിക്കാതിരിക്കുകയോ ചെയ്താല്‍ അന്നു മുതല്‍ ആ വ്യക്തികളുടെ അംഗത്വം ഉടനടി സ്വമേധയാ നഷ്ടപ്പെടേണ്ടതാണ്. 5. ഒരു മാസത്തിനകം ആ വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പു നടത്തുകയും ചെയ്യണം.
നല്ലകാര്യങ്ങൾ തന്നെ
മറുപടിഇല്ലാതാക്കൂപ്ക്ഷേ ആരൊക്കെ ഇത് പാലിക്കും എന്റെ ഭായ്...?