ആദവും ഹവ്വയും നഗ്നരായിരുന്നു. ആദ്യപാപം അവരെ നഗ്നതയെന്തെന്ന് ബോധ്യപ്പെടുത്തി. പറുദീസാനഷ്ടം ആദമിനെ അധ്വാനിച്ച് അപ്പം തിന്നാനും ഹവ്വയെ വേദനയോടെ മക്കളെ പ്രസവിക്കാനും പ്രാപ്തരാക്കി. കഴിഞ്ഞ നാലു വര്‍ഷമായി കേരള വിദ്യാഭ്യാസമന്ത്രി വ്യത്യസ്ഥ സ്വരസാധകങ്ങളില്‍ തന്റെ കഴിവില്ലായ്മ കരഞ്ഞു തീര്‍ക്കുകയാണ്. സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതു മുതല്‍ രണ്ടാം മുണ്ടശ്ശേരി ചമയുകയായിരുന്നു അദ്ദേഹം. സ്വയം പറഞ്ഞു പറഞ്ഞ് മുണ്ടശ്ശേരിയുടെ പകുതിയായ ഒരു മുണ്ടനാകാനേ അദ്ദേഹത്തിനു കഴിഞ്ഞുള്ളൂ. വിദ്യാഭ്യാസമന്ത്രി എന്ന പേരു മാറ്റി സ്വാശ്രയക്കോളേജുകളുടെ മദ്ധ്യസ്ഥന്‍ എന്ന പേരാണ് ആ പദവിക്കു ഇനി കൊടുക്കേണ്ടത്.
കഴിഞ്ഞ നാലു വര്‍ഷമായി വിദ്യഭ്യാസമന്ത്രിക്ക് ഒരേയൊരു പണിയേ ഉണ്ടായിരുന്നുള്ളൂ. വിരലിലെണ്ണാവുന്ന സ്വാശ്രയ കോളേജു മാഫിയ നേതാക്കന്മാരുമായി ചര്‍ച്ച നടത്തുക. ഏതാനും സമ്പന്നരുടെ മക്കളുടെ ഭാവിയെ മാത്രം ബാധിക്കുന്ന അക്കാര്യം ഇനിയെങ്കിലും മുഹമ്മദു കമ്മിറ്റിക്ക് വിട്ടു കൊടുത്തിട്ട് കേരളത്തിലെ സാധാരണക്കാരുടെ മക്കളുടെ കാര്യം അദ്ദേഹം നോക്കണം. നിരന്തരം സംഭവിക്കുന്ന സ്വാശ്രയ അശനിപാതങ്ങള്‍ക്കിടയില്‍ പ്ളസ് ടൂ വില്‍ കൊണ്ടു വന്ന ഏകജാലകമെന്ന സൂര്യ വെളിച്ചം ആരും കാണാതെ പോയി. സര്‍ക്കാര്‍ സ്ക്കൂളുകള്‍ ഊര്‍ദ്ധ്വന്‍ വലി നിര്‍ത്തിയത് ഇതിനു ശേഷമാണ്.
മനുഷ്യ വിഭവശേഷി ഏറ്റവുമധികമുളള കേരളത്തില്‍ സമൂഹത്തിനാവശ്യമുളള കോഴ്സുകള്‍ വിഭാവനം ചെയ്തു നടത്തുന്നതില്‍ യൂണിവേഴ്സിറ്റികള്‍ അമ്പേ പരാജയമാണ്. പഴകി തുരുമ്പിച്ച ഉപയോഗശൂന്യമായ കോഴ്സുകളാണ് ഇവിടെ നടത്തുന്നത്. പഠനം കഴിഞ്ഞിറങ്ങിയാല്‍ കാല് കാശിനു പ്രയോജനം നല്‍കാത്ത കണ്‍വന്‍ഷണല്‍ കോഴ്സുകള്‍ പിന്‍വലിച്ച് പുതിയ പാഠ്യപദ്ധതികള്‍ ആവിഷ്കരിക്കണം. ഇവിടെ തൊഴില്‍ നല്കാന് കഴിയില്ലെങ്കില്‍ വിദേശത്തേക്ക് കയറ്റി അയക്കാന്‍ പാകത്തിലെങ്കിലും ഇവിടുത്തെ ചെറുപ്പക്കാരെ പരുവപ്പെടുത്തിയെടുക്കണം. ബി.എ യും എമ്മേയും മാറ്റി ഫയര്‍ ആന്റ് സേഫ്റ്റിയിലും ഇന്‍സ്ട്രുമെന്റേഷനിലും ലോജിസ്റ്റിക്സിലും ഷിപ്പിംഗിലും റീട്ടെയിലിംഗിലും മറ്റ് ഒരുന്നൂറ് വിഷയങ്ങളിലും കോഴ്സുകള്‍ വരട്ടെ. കേരളാ ഗവണ്മെന്റിനു കഴിയുമെങ്കില്‍ എല്ലാ വിദേശരാജ്യങ്ങളിലും നമ്മുടെ ഏംബസികളുടെ സഹായത്തോടെ കരിയര്‍ ഗൈഡന്‍സ് സെന്ററുകള്‍ തുടങ്ങട്ടെ.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
ഇവിടത്തെ യൂണിവേഴ്സിറ്റികൾ കേരളത്തിലേക്ക് വരാൻ പോകുകയാ ..കേട്ടൊ
മറുപടിഇല്ലാതാക്കൂ