ഏതു തരം കൃഷിപ്പണികളിലും ആദ്യത്തെ പരിശ്രമം നിലം അല്ലെങ്കില്‍ പുരയിടം ഒരുക്കലാണ്. ആദ്യം കിളയ്ക്കണം. ഇതിനായി കര്‍ഷകത്തൊഴിലാളികള്‍ ഇന്ന് വേണ്ടത്ര ലഭ്യമല്ല. ഉള്ളവര്‍ക്ക് പഴയപോലെ പണിയറിയില്ല. പിന്നെയുള്ളത് അന്യസംസ്ഥാനത്തൊഴിലാളികളാണ്. അവര്‍ക്ക് നമ്മുടെ രീതികള്‍ തീരെ അറിയില്ല. ഇത്തരത്തില്‍ കൂലിക്കാരെ മാത്രം ആശ്രയിച്ച് കൃഷി ലാഭകരമാക്കാന്‍ സാധിക്കയില്ല താനും.
ഈ സാഹചര്യത്തില്‍ കൃഷിക്കാരന് സഹായകമാകുന്ന ഒരു ലഘു ഉപകരണം വികസിപ്പിച്ചെടുത്തിരിക്കയാണിവിടെ. ഇതുപയോഗിച്ച് നിലവും പുരയിടവും അനായാസം എളുപ്പത്തില്‍ കിളയ്ക്കാം. എന്നാല്‍ കല്‍പ്രദേശങ്ങളില്‍ ഇത് ഉപയോഗപ്പെടുകയില്ല. പൂഴിമണ്‍പ്രദേശങ്ങള്‍, നനവുള്ള പാടം, ചീങ്കയില്ലാത്ത മണ്‍പുരയിടം എന്നിവിടങ്ങളില്‍ ഇത് അനുയോജ്യമാണ്. ഈ ഉപകരണം ഒരു മൗലികമായ കണ്ടുപിടുത്തമൊന്നുല്ല. വിദേശരാജ്യങ്ങളില്‍ ഉപയോഗിക്കുന്ന ചില ഉപകരണങ്ങളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് നമ്മുടെ നാടിന്റെ രീതികള്‍ക്കനുസരിച്ച് വേണ്ട മാറ്റങ്ങളോടെ രൂപകല്‍പ്പന ചെയ്ത ഒന്നാണിത്. ഇതില്‍ നാലു മണ്‍വെട്ടിപ്പാട് ഒരേ സമയം മുന്നോട്ട് പോകും. വേഗത, കവര്‍ ചെയ്യുന്ന സ്ഥലം എന്നിവ നേരില്‍ ബോധ്യപ്പെടുവാന്‍ ഇതിനോടൊപ്പം നല്‍കിയിട്ടുള്ള വീഡിയോ കാണുക.
വെല്‍ഡിംഗ് അറിയാവുന്ന ആളിന് അര ദിവസം കൊണ്ട് ഇത്തരത്തിലൊന്ന് ഉണ്ടാക്കിയെടുക്കാം. ആവശ്യമായ സാധനങ്ങള്‍ വിരല്‍ വണ്ണത്തിലുള്ള ആറടി നീളത്തില്‍ ഒരു കമ്പി, കട്ടിയുള്ള നാലടി നീളത്തിലുള്ള ഒരു ആംഗ്ലെയര്‍, ഒന്നരയടി നീളത്തില്‍ രണ്ട് കട്ടി കുറഞ്ഞ ആംഗ്ലെയര്‍ പീസ്, ഹാന്‍ഡിലിനായി രണ്ടു പൈപ്പു കഷണങ്ങള്‍ നാലടി നീളത്തിലുള്ളവ, സ്‌ക്വയര്‍ പൈപ്പിന്റെ ചെറിയ കഷണങ്ങള്‍. ഉപകരണം ഉണ്ടാക്കുന്നതിന് കമ്പി ഒന്‍പതിഞ്ച് നീളത്തില്‍ അഞ്ചോ ഏഴോ കഷണങ്ങളായി മുറിക്കണം. അവ പല്ലിയില്‍ ഉറപ്പിക്കുന്നതുപോലെ വലിയ ആംഗ്ലെയറില്‍ വെല്‍ഡിംങ് ചെയ്യണം. നാലടി നീളത്തില്‍ ഒരു കമ്പി കഷണം മുറിച്ച് വലിയ ആംഗ്ലെയറിന്റെ രണ്ടു വശങ്ങള്‍ പീസു വെച്ച് അടച്ച് കിഴുത്തയിട്ട് അതിലൂടെ കടത്തണം. ഈ കമ്പി ഉള്ളില്‍ കിടന്ന് കറങ്ങേണ്ടതുണ്ട്. ഇരുവശങ്ങളിലും ചെറിയ ആംഗ്ലെയര്‍ പീസു വെച്ച് വെല്‍ഡു ചെയ്യണം. മുകളിലേക്ക് ഹാന്‍ഡില്‍ പിടിപ്പിക്കണം, ഉപകരണം തയ്യാര്‍. ഇത് നല്ല ബലവത്തായ ഒന്നാണ്, അത്യാവശ്യം ഭാരവുമുണ്ട്.
നല്ല മഴ ലഭിക്കുന്ന കേരളത്തേപ്പോലെയുള്ള സ്ഥലത്ത് അനുയോജ്യമായ മണ്ണുള്ളയിടങ്ങളില്‍ വളരെ പ്രയോജനപ്പെടുന്ന ഉപകരണമാണിത്. മണ്‍വെട്ടി തലയ്ക്കു മുകളില്‍ ഉയര്‍ത്തി ആഞ്ഞുവെട്ടുന്നതുപോയെയുള്ള ഒരു പ്രവര്‍ത്തനം ഇതിനാവശ്യമില്ല. ഹാന്‍ഡിലില്‍ പിടിച്ചുയര്‍ത്തി പല്ലിപോലെയുള്ള ഭാഗം മണ്ണിലേക്കു താഴ്ത്തുക, പിടി താഴേക്കാക്കുക. അത്രയും സ്ഥലത്തെ മണ്ണ് ഇളകി ഉയരും. ദിവസവും കുറെ സമയം മണ്ണിളക്കുകയാണെങ്കില്‍ പുരയിടം കാടുപിടിക്കാതെ സംരക്ഷിക്കുകയും ചെയ്യാം. കൊറോണയെത്തുടര്‍ന്ന് കാര്‍ഷിക മേഖലയ്ക്ക് മുമ്പില്ലാത്ത പ്രസക്തി വന്നിരിക്കുന്ന സാഹചര്യത്തില്‍ ഒരു ഉപകരണം പത്തു വീട്ടുകാര്‍ക്കെങ്കിലും സഹകരണമനോഭാവമുണ്ടെങ്കില്‍ കൈമാറി ഉപയോഗിക്കാം.
് സ്വാതന്ത്ര്യമായി പുറത്തിറങ്ങി ജോലി ചെയ്യാന്‍ കഴിയാത്ത സാഹചര്യത്തിലാണ് കൃഷിക്കും കന്നുകാലി വളര്‍ത്തലിനും പ്രാധാന്യം കൈവന്നിരിക്കുന്നത്. തൊടിയിലെ പച്ചക്കറികൃഷി വിഷഭക്ഷണത്തില്‍ നിന്നും നമ്മെ രക്ഷിക്കുകയും ചെയ്യും. കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ എളുപ്പത്തിലാക്കുന്ന ഇതുപോലെയുള്ള ധാരാളം ഉപകരണങ്ങളും ചെറു യന്ത്രങ്ങളും സര്‍ക്കാരുകള്‍ പ്രോത്സാഹനം നല്‍കുകയും കര്‍ഷകര്‍ക്ക് ലഭ്യമാക്കുകയും ചെയ്യുന്നത് മന്ദീഭവിച്ചിരിക്കുന്ന ഉത്പ്പാദനപ്രക്രിയയെ വേഗത്തിലാക്കാന്‍ സഹായിക്കും.