മഹാകവി ശ്രീധരന്‍പിള്ളയും ക്വട്ടേഷന്‍കാരും പിന്നെ ഞാനും.
ശ്രീ പി എസ്ശ്രീധരന്‍ പിള്ള ചെങ്ങന്നൂരില്‍ നിന്നുള്ള ഗാനരചയിതാവ് ഒ എസ് ഉണ്ണികൃഷ്ണന് തന്റെ പുതിയ പുസ്തകത്തിന്റെ ഒരു കോപ്പി അയച്ചു കൊടുത്തു. ഒ എസ് അത് എഫ് ബിയിലിട്ടു. ആ പേജില്‍ നടന്ന സംവാദങ്ങളുടെ ചുരുക്കം താഴെ
പ്രകാശ് ഡി. നമ്പൂതിരി- ശ്രീധരന്‍ പിള്ള അങ്ങയെ സ്മരിച്ചതില്‍ അഭിനന്ദനങ്ങള്‍! കൊമ്പനെ പ്രസവിക്കുമ്പോള്‍ ഒന്നേ ഉണ്ടാകൂ. പന്നി പെറുമ്പോള്‍ പത്തു മുപ്പതെണ്ണം കാണും. നൂറു പുസ്തകങ്ങളില്‍ ഗ്രന്ഥകാരനെ അടയാളപ്പെടുത്തുന്ന ഒരെണ്ണം പോലുമില്ല. ഈ ആത്മരതി നിര്‍ത്തണമെന്ന് അങ്ങെങ്കിലും ഒന്നു പറയണം!
ഒ.എസ്.- അങ്ങയുടെ നിരീക്ഷണം ശരിയല്ല.
പ്രകാശ് ഡി. നമ്പൂതിരി-നിരീക്ഷണത്തില്‍ ശരിയും തെറ്റുമില്ല അത് ഒരു കാഴ്ചപ്പാട് മാത്രം. ഇദ്ദേഹത്തിന് വിയോജിക്കാം . നൂറ് പേര്‍ പറയാനാഗ്രഹിച്ചതു കൂടിയാണ് ഞാന്‍ പറഞ്ഞത്. അല്ലെങ്കില്‍ നിരവധി പേര്‍ ഉദാഹരണ സഹിതം ഖണ്ഡനവുമായി എത്തും
ഒ.എസ്.-നിരീക്ഷണത്തില്‍ ശരിയുണ്ടാകണം. അദ്ദേഹത്തിന്റെ നൂറുപുസ്തകങ്ങള്‍ വായിച്ചിട്ടാകണം ഒന്നില്‍ പോലും അടയാളപ്പെടുത്തല്‍ ഇല്ല എന്ന തീരുമാനത്തില്‍ എത്താന്‍. നൂറുപേരുടെ അഭിപ്രായം വിളിച്ചു പറയുന്നതല്ല, സ്വന്തം വായനാനുഭവം പങ്കുവയ്ക്കുന്നതാണ് ഒരു എഴുത്തുകാരനെ വിലയിരുത്തുന്നതിനുള്ള ശരിയായ വഴി. മറിച്ചായാല്‍ അത് ദുരുദ്ദേശപരം എന്നേ പറയാനാകൂ. അദ്ദേഹത്തിന്റെ ഏതു പുസ്തകമാണ് നിലവാരമില്ലാത്തത് എന്നു ചൂണ്ടിക്കാട്ടിയാല്‍ അതിന്മേല്‍ ഒരു ക്രിയാത്മക സംവാദം നമുക്ക് സംഘടിപ്പിക്കാം.
പ്രകാശ് ഡി. നമ്പൂതിരി-വാങ്മയ ശില്പമായ കവിതയുടെ മാധുര്യം, കാവ്യബിംബങ്ങളുടെ ഗരിമ തീ കുണ്ഠവും ജനപുഞ്ജവും നല്‍കുന്ന ഓക്കാനം 3. 2. 2005 ല്‍ എം.കെ.മുനീറിന്റെ സാന്നിദ്ധ്യത്തില്‍ ജസ്റ്റിസ് സിറിയക് ജോസഫ് പ്രകാശനം ചെയ്തത്. കേസു വല്ലതും കൊടുത്തെങ്കിലോ എന്നു പേടിച്ച് എം ടി എഴുതിയ അവതാരിക, It is the spontaneous overflow of powerful feelings എന്ന കവിതയുടെ നിര്‍വചനം വായിക്കുമ്പോഴുള്ള ഓക്കാനമാണോ എന്ന് ഇപ്പോള്‍ നിശ്ചയിക്കാം. ഇതാ ജഡമെന്ന കവിത. കവിയായ അങ്ങ് വിലയിരുത്തൂ. അവസാന വരി അദ്ദേഹമാരെന്ന സത്യം വെളിപ്പെടുത്തുന്നു.
ഒ.എസ്.-തിരക്കു കാരണം എഴുത്തിത്തിരി വൈകി...
ശ്രീ.ശ്രീധരന്‍ പിള്ളയെഴുതിയ മികച്ച കവിതകളിലൊന്നു തന്നെയെടുത്ത് സംവാദത്തിനു വെച്ച ശേഷം അത് പൊട്ടക്കവിതയാണെന്ന് സമര്‍ത്ഥിക്കുന്ന നിരൂപണ കുശാഗ്രബുദ്ധിയെ എങ്ങനെ വിശേഷിപ്പിക്കണം എന്നറിയില്ല.
അങ്ങയുടെ കവിതാവിമര്‍ശനം പഴയ പൂഴിക്കടകന്‍ മോഡല്‍ അടവാണ്. ആയുധം കൊണ്ട് മാന്യമായി ജയിക്കാനറിയാത്തവന്റെ വെറും ചുഴറ്റല്‍, പൊടിയടങ്ങുംവരെയുള്ള കണ്‍കെട്ടുവിദ്യ...
അതില്‍ നിലതെറ്റി വീഴാതിരിക്കാനുള്ള ജാഗ്രത ഉള്ളതിനാല്‍ ജഡം എന്ന കവിതയെക്കുറിച്ച് ചിലത് പറയാം.
'മനുഷ്യര്‍ക്കിടയില്‍ പാലമാകേണ്ടോര്‍ തീര്‍ത്ത മതിലുകളെ'യോര്‍ത്ത് വ്യസനിക്കുന്ന കവി, മനുഷ്യമാംസത്തിന്റെ ഗന്ധം വമിക്കുന്ന തീക്കുണ്ഡങ്ങളുടെ ആസുരദൃശ്യത്താല്‍ അസ്വസ്ഥനാകുന്നു. വംശവെറിയുടെ ഹിംസാത്മക പ്രത്യയശാസ്ത്രത്തിനു 'മേലൊപ്പു ചാര്‍ത്താന്‍' തനിക്കു വയ്യ എന്നു തീര്‍ത്തു പറയുന്നു. വിശ്വാസങ്ങള്‍ ഭക്തികാവ്യങ്ങള്‍ക്കു പകരം വിലാപകാവ്യങ്ങള്‍ ചമയ്ക്കുന്ന വര്‍ത്തമാനം അയാളുടെ മനസില്‍ കനലുകളായ് എരിയുന്നു. നീറിപ്പുകയുന്ന ചേതന ആറിത്തണുക്കുമെന്നത് മോഹം മാത്രമാണെന്ന തിരിച്ചറിവാല്‍, തനിക്ക് ഒന്നും ചെയ്യാനാവുന്നില്ലല്ലോ എന്ന നിസഹായതയാല്‍, മാനവികതയുടെ കൊടിക്കൂറയ്ക്കു കീഴെ നില്‍ക്കാനാഗ്രഹിക്കുന്ന കവിചേതന മുറിവേല്‍ക്കുന്നു.
മനുഷ്യത്വത്തിന്റെ നീരുറവകള്‍ മരവിച്ചുറഞ്ഞുപോയ ജഡമായി താനും മാറുകയാണോ എന്ന ആത്മവിമര്‍ശനമാണ് കവിതയായ് പിറന്നത്.
വിശ്വാസത്തിന്റെയും പ്രത്യയശാസ്ത്രത്തിന്റെയുമൊക്കെ പേരില്‍ ചോരവീഴുന്ന ഇന്ത്യന്‍ വര്‍ത്തമാനം രാഷ്ട്രീയക്കാരന്‍ കൂടിയായ ഒരു കവിയില്‍ സൃഷ്ടിച്ച മടുപ്പും വേദനയും അനംലംകൃതമായ ഭാഷയില്‍ ആവിഷ്‌ക്കാരം നേടുന്നു എന്നതാണ് ഈ കവിതയുടെ മഹത്വം. 'തിളച്ചുരുകുന്ന' മനസില്‍ നിന്നുറന്ന വേദനയുടെ നദിയാണ് ഈ കവിത. 'മടിച്ചും മോഹിച്ചും തുടിക്കുന്ന' മനുഷ്യഹൃദയത്തിന്റെ ഭാഷയെ നേരായി വായിച്ചെടുക്കാനാകാത്തത് മുന്‍വിധികള്‍ കൊണ്ടൊരു മതിലു തീര്‍ത്ത്, അതിനു മുകളിലൂടെ എത്തിനോക്കുന്നതു കൊണ്ടാണ്.. ഒപ്പം ഒരോര്‍മപ്പെടുത്തല്‍ കൂടി....
പോയട്രിയെക്കുറിച്ചുള്ള വേര്‍ഡ്‌സ്വര്‍ത്തിന്റെ വാക്യം പൂര്‍ണമാകണമെങ്കില്‍ "it take its origin from emotion recollected in tranquiltiy" എന്നുകൂടി ചേര്‍ക്കണം.
ഒരു കവിത പലതരത്തിലാണ് പലരേയും തൊടുന്നത്. നിഷ്‌കൃഷ്ടമായി സത്യത്തെ അനാവരണം ചെയ്യുന്നതാകണം നിരൂപണം. അത് നികൃഷ്ടമായിപ്പോകാതെ നിരൂപകന്‍ ശ്രദ്ധിക്കണം.തീക്കുണ്ഡവും ജനപുഞ്ജ
വും കണ്ടപ്പോള്‍ ഓക്കാനം വന്നുവെങ്കില്‍ 'ചിത തിന്ന ജടയുടെ പനയോലക്കെട്ടൊക്കെ ചിതയിലേയ്‌ക്കെറിയുവാന്‍'പറഞ്ഞ ചങ്ങമ്പുഴയെ കണ്ടാല്‍ അങ്ങ് ഛര്‍ദ്ദിക്കുമല്ലോ......സ്‌നേഹം മാത്രം ?
പ്രകാശ് ഡി. നമ്പൂതിരി-ചായം തെറിച്ചുവീണതിനെ നിരൂപണം കൊണ്ട് അത്യന്താധുനിക ചിത്രകലയാക്കുന്ന അങ്ങയുടെ ഭഗീരഥപ്രയത്‌നം ഗംഭീരമായി. അങ്ങ് പോളിഷ് ചെയ്ത തീക്കുണ്ഡം കണ്ടപ്പോഴല്ല ഓക്കാനം വന്നത്. തീ+ കുണ്ഡം തീ കുണ്ഠീ എന്നു പ്രയോഗിക്കുന്ന ജ്ഞാനിയായ കവിയുടെ പ്രയോഗത്തിലാണ്. ഇതിലുള്ളത് മുദ്രാവാക്യം എന്ന പേരാണ്. കുറെ എഞ്ചുവടിപ്പുസ്തകങ്ങളും. ശ്രീധരന്‍പിള്ളയെ ആക്ഷേപിക്കുക എന്റെ ലക്ഷ്യമല്ല. അദ്ദേഹത്തിന് എഴുതാന്‍ കഴിയുന്ന ആളുമാണ്. തല തിരിഞ്ഞ 101 കൗരവരെക്കാള്‍ ലോകം ശ്രദ്ധിക്കുന്ന പാണ് ഡ വരെപ്പോലെ നല്ല ഗ്രന്ഥങ്ങളുടെ സൃഷ്ടാവാകാന്‍ അദ്ദേഹത്തിന് കഴിയുമായിരുന്നു.്ീഹൗാിശീൗ െംൃശലേൃ ആകാനുള്ള അഭിനിവേശം അദ്ദേഹത്തെ സ്വന്തം പാര്‍ട്ടിക്കാര്‍ക്കിടയില്‍ പോലും ഒരു പരിഹാസ്യ കഥാപാത്രമാക്കി. ഓ എസിന്റെ മനസ് ഞാന്‍ പറയുന്നത് നൂറ് ശതമാനം അംഗീകരിക്കുന്നുണ്ട് എന്നെനിക്കറിയാം. ഒരു പൊതു ഇടത്ത് ഒരു ഭരണഘടനാ സ്ഥാനത്തിരിക്കുന്ന ആളേപ്പറ്റി കൂടുതല്‍ പറഞ്ഞാല്‍ അദ്ദേഹത്തിന് മറുപടി പറയാനാവില്ലല്ലോ? ഒരു പീറ മുദ്രാവാക്യത്തെ മഹാകാവ്യമാക്കി മാറ്റാന്‍ നടത്തിയ യോഗാഭ്യാസം പഞ്ച കൈലാസിയെപ്പോലും പിന്നിലാക്കുന്നു. വയലാറും ചങ്ങമ്പുഴയും മാത്രമല്ല ആദികവിയും വിമര്‍ശനത്തിന് അതീതനല്ലെന്ന് ഞാന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ലക്ഷ്യം വ്യത്യസ്ഥമല്ലാത്തതിനാല്‍ പിന്‍വാങ്ങുന്നു. സത്യം ബ്രു യാത് ധര്‍മ്മംബ്രു യാത് ന സത്യമപ്രിയം.
മോഹന്‍ദാസ് (കോഴിക്കോട് ഡപ്യൂട്ടി എഡിറ്റര്‍ ജന്‍മഭൂമി) -കവിത എന്താണ് എന്നതിനെക്കാള്‍ എന്തല്ല എന്ന് തിരയുന്നിടത്ത് കവിത തുടങ്ങുന്നു. പ്രകാശ് ഡി. നമ്പൂതിരി തിരഞ്ഞ വിത താര്‍ക്കിക മണ്ഡലത്തിന് നാഴിയരികൊടുക്കുന്നതാണ്. എല്ലാവരെയും രസിപ്പിക്കാനും എല്ലാവര്‍ക്കും രസമുണ്ടാകാനും കല്‍പിച്ചുകൂട്ടി ,കരുതിക്കൂട്ടി ഉണ്ടാക്കിയെടുക്കുന്നതല്ല കവിത. ഒരു പ്രയോഗത്തിന്റെ ഉള്‍ത്താപം കവിയ്ക്കും അതു കേട്ടവനും വായിച്ചവനും ഒരുപോലെയായിരിക്കില്ല. അങ്ങനെയാവണം എന്ന ദുശ്ശാഠ്യം ശ്രീമാന്‍ പ്രകാശിനെ ഏതൊക്കെയോ മേച്ചില്‍ പുറങ്ങളില്‍ എത്തിക്കുകയാണ്. വാഗ്വിലാസത്തിന്റെ ധൈഷണകതയിലേക്ക് രാഷ്ട്രീയ മേച്ഛ മൃഗത്തെ അലയാന്‍ വിട്ട് രസിക്കുന്ന മാനസിക ഭാവമാണ് അദ്ദേഹത്തിന്റെ എഴുത്തില്‍ കാണാനാവുന്നത്. അത് ഉണ്ണികൃഷ്ണന്‍ കണ്ടെത്തിയതിലെ ആധിവ്യാധികള്‍ അടുത്തൊന്നും പോവുമെന്ന് തോന്നുന്നില്ല. ഏതായാലും ശ്രീധരന്‍ പിള്ളയെന്ന വ്യക്തിയെ വിലയിരുത്തുമ്പോള്‍ കവിതയും അദ്ദേഹവുമായുള്ള വാഗര്‍ഥ ഇഴയടുപ്പം ആര്‍ക്കും കാണാനാവും. പിന്നെ എന്റെ പഴമുറം കൊണ്ട് മറയ്ക്കപ്പെട്ട സൂര്യനെ നിങ്ങളെങ്ങനെ കണ്ടു എന്നാണ് പ്രകാശ് നമ്പൂതിരിയുടെ ചോദ്യമെങ്കില്‍ 'സ്വസ്തി സൂര്യാ പാതി വെന്ത മെയ്യില്‍ ഞാന്‍ നിലാവിന്റെ തൈലം പുരട്ടിടട്ടെ ' എന്നു പറയാനാണ് തോന്നുന്നത്.
പ്രകാശ് ഡി. നമ്പൂതിരി-അങ്ങയെ എനിക്കറിയില്ല. ഞാന്‍ മറ്റു ചില കാരണങ്ങള്‍ കൊണ്ട് നിര്‍ത്തിയതാണ് മറ്റൊരാളിന്റെ ഉമ്മറത്ത് വാക്കേറ്റം ഉചിതമല്ല. എങ്കിലും ചുരുക്കിപ്പറയാം.
പൊട്ടക്കുളത്തില്‍ പുളകന്‍ ഫണീന്ദ്രന്‍
തട്ടിന്‍ പുറത്തോ മൃഗേന്ദ്രന്‍ ആഹുവരന്‍
കാട്ടളരില്‍ കാപ്പിരി കാമദേവന്‍
എങ്കില്‍ -ദാസന്‍മാര്‍ക്ക് പിള്ള കേരള കാളിദാസന്‍!
മോഹന്‍ദാസ് -ശരിയാണ്, പ്രകാശ് ഡി. നമ്പൂതിരി. കാപ്പിരിത്വത്തെ അധിക്ഷേപിച്ചു ശീലിച്ചു പോയാല്‍ മനസ്സ് അങ്ങനെയാവും. കുഴപ്പമില്ല. ഇവിടെ അതല്ല പ്രശ്‌നം. എം.ടി, സി.രാധാകൃഷ്ണന്‍ , ഇറ്റലിയിലെ പ്രസിദ്ധ കവിയും വിമര്‍ശകനുമായിരുന്ന സ്വര്‍ഗീയ പ്രൊഫ. ആല്‍ഫ്രെഡോ പസോളിനോ ( അദ്ദേഹം റൈറ്റേഴ്‌സ് കാപ്പിറ്റല്‍ ഫൗണ്ടേഷന്‍ പ്രസിഡന്റും ആയിരുന്നു ) എന്നിവരെയൊക്കെ അങ്ങ് ഏതു ഗണത്തില്‍ പെടുത്തും എന്നറിയില്ല. അവര്‍ ശ്രീധരന്‍ പിള്ളയുടെ കവിതയേയും എഴുത്തിനെയും കുറിച്ചു പറഞ്ഞ ചിലത് ചൂണ്ടിക്കാട്ടാം.' അമ്മ പ്രകൃതിക്കുള്ള താരാട്ടാണ് ശ്രീധരന്‍പിള്ളയുടെ കവിതകള്‍ എം ടി'',സി.രാധാകൃഷ്ണന്‍: പ്രകൃതിയോടുള്ള അദ്ദേഹത്തിന്റെ സ്‌നേഹം ഷെല്ലി ,കീറ്റ്‌സ്, വേഡ്‌സ് വര്‍ത്ത് എന്നിവരുടെ സൗന്ദര്യാനുഭൂതികളുമായി ഇഴുകിച്ചേര്‍ന്നു നില്‍ക്കുന്നു. കാളിദാസന്റെ അസാമാന്യവും അല്‍ഭുതകരവുമായ ഭാവനാ വിലാസത്തിലേക്കു വരെ എത്തി നില്‍ക്കുന്നു., പ്രൊഫ: ആല്‍ഫ്രെഡോ പസോളി നോ: ഓ! മിസോറാം എന്ന കാവ്യസമാഹാരം തലമുറകളുടെ സഞ്ചിത നിധിയായി പരിശോഭിക്കും. പിള്ളയെ പോലുള്ള വിഭാവശാലികളാണ് ഇന്ത്യയെ നയിക്കേണ്ടത്. ലോകത്തിനു മുഴുവന്‍ വെളിച്ചം പകര്‍ന്ന ഇന്ത്യയുടെ ആത്മാവിന് ഇന്നും പകിട്ടു കുറഞ്ഞിട്ടില്ല.
അപഹസിക്കാനാണെങ്കിലും 'ദാസന്മാരുടെ കാളിദാസനായി' ചിത്രീകരിച്ചത് സി.രാധാകൃഷ്ണന്‍ എത്ര ഉദാത്തമായും സംസ്‌കാര സമ്പന്നമായും ക്രിയാത്മക ഊര്‍ജമായും വിലയിരുത്തുന്നു എന്നു നോക്കുക. അപഭ്രംശത്തിന്റെ ആധിക്യത്താല്‍ ദിശാബോധം നഷ്ടപ്പെട്ട് അമ്പെയ്യുന്നവരോട് ആ മഹര്‍ഷി പറഞ്ഞ കവിത തന്നെയെ ചൊല്ലാനുള്ളൂ: '' മാ നിഷാദ'(ഇംഗ്ലീഷ് പരിജ്ഞാനത്തിന്റെ പ്രശ്‌നം ഉള്ളതിനാല്‍ മേല്‍ പറഞ്ഞവര്‍ എഴുതിയതിന്റെ സ്വാരസ്യം മുഴുവനും കിട്ടിയിരിക്കാന്‍ സാധ്യതയില്ല, പൊറുക്കണം )
പ്രകാശ് ഡി. നമ്പൂതിരി- കോഴിക്കോടുനിന്നും ജന്‍മഭൂമിയിലെ ഡെപ്യൂട്ടി എഡിറ്ററായ താങ്കള്‍ ഇവിടെ പറന്നിറങ്ങിയത് ആരുടെ ക്വട്ടേഷനുമായിട്ടാണ് എന്നു മനസിലായി. ഒ.എസ്സിന്റെ അയ്യായിരം സുഹൃത്തുക്കളിലോ മുന്‍ കമന്റുകളിലോ കണ്ടില്ല. ഇപ്പോള്‍ ഒരു ഉത്തരം കൂടി കിട്ടി. എന്തുകൊണ്ട് ഈ പത്രം് ബി.ജെ.പി പ്രവര്‍ത്തകരും അനുഭാവികളും പോലും വരുത്തിയിട്ടും വായിക്കുന്നില്ല എന്ന്. വസ്തുനിഷ്ഠമായി വേണം വിലയിരുത്തല്‍ നടത്താന്‍, വ്യക്തിനിഷ്ഠമായിട്ടാകരുത്. താനെഴുതുന്നത് വായിക്കപ്പെടും എന്നുറപ്പുള്ളയാളിന് നിരന്തരമായി അവതാരികകളുടെ ആവശ്യമില്ല. എം.ടി., സി. രാധാകൃഷ്ണന്‍, പസോളിനോ തുടങ്ങിയവര്‍ നല്ലതാണെന്നു പറയുന്നു എന്നു നെറ്റിക്കൊട്ടിച്ചു കൊണ്ടു വന്നാലൊന്നും ആരും വായിച്ചു കൊള്ളണമെന്നില്ല. നല്ലതാണെങ്കില്‍ വായിക്കപ്പെടുകതന്നെ ചെയ്യും. നെറ്റിപ്പട്ടത്തിന്റെ വലിപ്പം നോക്കിയല്ല ആനയുടെ കേമത്തം നിശ്ചയിക്കുന്നത്. അവതാരികകള്‍ എഴുതിക്കൊടുക്കുന്നതിന്റെ മാനദണ്ഡം എല്ലാവര്‍ക്കും അറിയാം. 1975 മുതല്‍ തുടങ്ങി കേരളത്തില്‍ മാതൃഭൂമി, കലാകൗമുദി, സാമകാലിക മലയാളം തുടങ്ങിയ വാരികകള്‍ മലയാളികള്‍ വായിച്ചു വന്നിരുന്ന കാലയളവില്‍ എഴുതപ്പെട്ട കവിതകളാണ് കാലദാനം എന്ന പി.എസ് ശ്രീധരന്‍പിള്ളയുടെ സമാഹാരത്തിലുള്ളത്. അതിലെ ഒരു കവിതയെങ്കിലും മുന്‍ വാരികകളില്‍ എവിടെയെങ്കിലും അച്ചടിച്ചു വന്നിട്ടുണ്ടോ? പ്രദീപം, ന്യൂസ് കേരളാ, ചന്ദ്രിക, ചിതി, കലാ വീക്ഷണം, ഇന്ത്യന്‍ വോയ്‌സ്, ചില്ല, അടല്‍ജി ജന്‍മദിന സോവനീര്‍, കേസരി, കുങ്കുമം, ജന്‍മഭൂമി ഇവ കളിലാണ് വെളിച്ചം കണ്ടത്. അഥവാ അയച്ചിട്ടുണ്ടെങ്കില്‍ വാരികയുടെ ആഫീസിന്റെ സമീപത്തെ ഓടകളിലൂടെ ഒഴുകി സമുദ്രത്തിലെത്തിയിട്ടുണ്ടാകണം. ഷെല്ലി ,കീറ്റ്‌സ്, വേഡ്‌സ് വര്‍ത്ത് എന്നിവരുടെ കവിതകളോട് ഒത്തു നില്‍ക്കുന്നതാണ് പി.എസ്. ശ്രീധരന്‍ പിള്ളയുടെ കവിത എന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ ജീവിതത്തില്‍ ഒരു കവിതയെങ്കിലും കേട്ടിട്ടുള്ളയാള്‍ ജീവിച്ചിരിക്കയാണെങ്കില്‍ ആ പറഞ്ഞവനെ ആക്ഷന്‍ ഹീറോ ബിജു എന്ന സിനിമയില്‍ നഗ്‌നത പ്രദര്‍ശിപ്പിച്ചതിന് അരിസ്റ്റോ സുരേഷിന്റെ കഥാപാത്രത്തെ ഗുഹ്യ പ്രദേശത്ത് ചൊറിയണം വെച്ചു കെട്ടി തറ്റടുപ്പിച്ച് ഞൊണ്ടി നടത്തിപ്പിച്ചപോലെ നടത്തിക്കണം.
വേഡ്‌സ്‌വര്‍ത്തിന് പ്രകൃതിയോട് സ്‌നേഹമുണ്ട്. അദ്ദേഹത്തിന് കവിഹൃദയമുണ്ട്, ഭാഷയുടെ മേല്‍ അധീശത്വമുണ്ട്. അത് കാവ്യതല്ലജങ്ങളായി അനര്‍ഗളം പ്രവഹിക്കും.. ശങ്കരന്‍ കുട്ടി എന്നൊരാളിന് പ്രകൃതിയോട് സ്‌നേഹമുണ്ട്. അത് മറ്റൊരാള്‍ ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു എന്ന് വെയ്ക്കുക. കവിത്വമില്ലെങ്കില്‍, കവിത എന്താണെന്നറിയില്ലെങ്കില്‍ അയാള്‍ പി.എസ്. ശ്രീധരന്‍ പിള്ളയുടെ കാലദാനം പോലെയൊരു കവിതയെഴുതും. എന്നിട്ട് കോണകത്തിനുള്ളില്‍ ചുരുട്ടി വെയ്ക്കും. വഴിപോക്കരെ കാണുമ്പോള്‍ അത് ടി. സ്ഥലത്തു നിന്നും എടുക്കും. വായിച്ചു കേള്‍പ്പിക്കാനാകും ശ്രമം. അവിടെ കാവ്യനര്‍ത്തകിയുടെ നൃത്തം ഉണ്ടാവുകയില്ല. അല്പം ദുര്‍ഗന്ധം പരക്കും; അല്പം അശ്ശീലം അനാവൃതമാകും. വഴിപോക്കര്‍ വേഗം നടന്നു പോകും. ശങ്കരന്‍ കുട്ടിയെക്കൊണ്ട് ജീവിതം കഴിക്കുന്ന ഒരു ദാസന്‍ അരികിലുണ്ടെങ്കില്‍ അയാള്‍ തല കുലുക്കി സമ്മതിക്കും. ശങ്കരന്‍കുട്ടി അതു മാത്രമേ കാണൂ. സ്വന്തം സൃഷ്ടിയും അന്യന്റെ ഭാര്യയും കൂടുതല്‍ അനുഭൂതി ഉണര്‍ത്തുന്നതായി തോന്നുന്ന ശങ്കരന്‍ കുട്ടി ഇതാവര്‍ത്തിച്ചു കൊണ്ടിരിക്കും.
ഇതില്‍ വേഡ്‌സ്വര്‍ത്തിനും കീറ്റ്‌സിനും എന്തു ചെയ്യാനാകും ? അവരുടെ ആത്മാവ് കല്ലറയ്ക്കുള്ളില്‍ എരിപൊരിസഞ്ചാരം കൊള്ളും. അവര്‍ ദൈവത്തിനു നിവേദനം നല്‍കും. മഹാനുഭാവ , മോഹന്‍ദാസ് എന്ന ഒരു ശുദ്ധാത്മാവ് ഒരു കൊടിയ അപരാധം അറിഞ്ഞു കൊണ്ട് ചെയ്തു നടപ്പുണ്ട് ഭൂമിയില്‍. അത് ഞങ്ങളുടെ യശസിന് കളങ്കം വരുത്തിയിരിക്കുന്നു. അദ്ദേഹം എന്നെങ്കിലും യമലോകത്ത് എത്തുകയാണെങ്കില്‍ ആദ്യം ആ തൊലി ഉരിച്ച് വിഷം പോകാനായി മഞ്ഞള്‍ വെള്ളത്തില്‍ കഴുകി, ആസകലം ഉപ്പും മുളകും പുരട്ടി കടുകെണ്ണയില്‍ വറുത്ത് ഞങ്ങള്‍ക്ക് നല്‍കണം. അത് തിന്നെങ്കിലേ ഞങ്ങളുടെ ആത്മാവ് ശാന്തതയില്‍ ലയിക്കൂ.
കാളിദാസന്റെ കാവ്യഭാവനയ്ക്കു തുല്യമാണ് പിള്ളയുടെ ഭാവന ചിറകുവിടര്‍ത്തുന്നത് എന്നു പറയുന്നുണ്ടല്ലോ? അത് ഞാനും തീര്‍ത്തും സമ്മതിക്കുന്നു. കാളിദാസന്റെ പൂര്‍വാശ്രമത്തിലെ ഭാവന എന്ന് ഒരു ചെറിയ ഭേദമുണ്ടെന്നേയുള്ളു. അഹങ്കാരിയായ രാജകുമാരിക്ക് വരനെ തേടുന്നവര്‍ കണ്ടെത്തുന്ന, തുഞ്ചത്തിരുന്ന് മരക്കൊമ്പിന്റെ ചുവട് മുറിക്കുന്ന വിദ്വാന്‍ ! അദ്ദേഹത്തിന്റെ ഭാവന!
പിന്നെ മോഹന്‍ദാസിന്റെ മാനിഷാദ! തമസാ നദിയുടെ തീരത്ത് മരച്ചില്ലയില്‍ സല്ലപിച്ചിരുന്ന ക്രൗഞ്ചമിഥുനങ്ങളിലൊന്നിനെ വേടന്‍ അമ്പെയ്ത് വീഴ്ത്തിയതു കണ്ടിട്ട് വാത്മീകിക്ക് ഉണ്ടായ വേദന! വേട്ടക്കാര്‍ പക്ഷിമൃഗാദികളെ അമ്പെയ്തു വീഴ്ത്തുന്നത് സര്‍വസാധാരണമാണ്. ഹിംസ്ര ജന്തുക്കള്‍ ചെറുജീവികളെ ഇര തേടുന്നത് പാപമാണെന്ന് ആരും കരുതുകയില്ല. ജീവ സന്ധാരണത്തിനായുള്ള വനവേടന്റെ യത്‌നം ഋഷിശാപത്തിന് ഹേതുവാകത്തക്കതല്ല. മുനി വേടനെ ശപിക്കുന്നതോ? നീ ഏറെക്കാലം നിലനില്‍ക്കാതിരിക്കട്ടെ എന്നും! പ്രപഞ്ചത്തില്‍ അനശ്വരമായ ജീവിതം ജീവികള്‍ക്കൊന്നിനുമില്ല. ജീവിതത്തിന്റെ നശ്വരത ഏറ്റവും അധികം ബോധ്യപ്പെട്ടിട്ടുള്ളവരാണ് ഋഷിമാര്‍ മനുഷ്യനില്‍ നിന്നും കിരാതത്വം അത്രയൊന്നും വേര്‍പെട്ടിട്ടില്ലാത്ത അക്കാലത്ത് വേടന്‍ വേദാന്തം പഠിച്ചിരിക്കേണ്ടവനാണെന്ന് വാത്മീകി കരുതിയിരിക്കുമോ? പ്രത്യേകിച്ചും സന്യാസതുല്യമായ വനവാസം ചെയ്തിരുന്ന കാലത്ത് രാമനും സീതയും പോലും കാക്കയുടെയും കിളിയുടെയും മാനിന്റെയും ഇറച്ചി കഴിച്ചിരുന്നതായി പാടിയ കവി? അതു കൊണ്ട് അങ്ങയുടെ ശാപവചസ്സുകള്‍ ഉറയിലിരിക്കട്ടെ. സ്വസ്തി!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ