രാമകഥയുടെ വേരുകള്‍ വേദകാലത്തോളം നീണ്ടുകിടക്കുന്നു എന്ന് ഗവേഷകനായ ഫാദര്‍ കാമില്‍ ബുല്‍കേ വ്യക്തമാക്കിയിട്ടുണ്ട്.തുടര്‍ന്ന്, കാലദേശാന്തരങ്ങളിലൂടെ രാമകഥ അനുസ്യൂതം പ്രവഹിച്ചുകൊണ്ടേയിരുന്നു. ഇതിന്റെ ഫലമായി വാമൊഴി പാരമ്പര്യത്തില്‍ വളരുന്ന ഏതു സാഹിത്യത്തിനും സംഭവിക്കുന്നതുപോലെ രാമകഥയ്ക്കും നിരവധി പാഠഭേദങ്ങള്‍ രൂപം കൊണ്ടു. അവയില്‍ വാല്മീകി തയ്യാറാക്കിയ പാഠമാണ് ഏറ്റവുമാദ്യം വരമൊഴിയില്‍ പ്രതിഷ്ഠിതമായത്.ആദികാവ്യം എന്ന വിശേഷണത്തിന്റെ പൊരുള്‍ ഇതാവാം. പിന്നീട് പ്രവരസേനന്‍, ഏകനാഥന്‍, തുളസീദാസ്, കൃത്തിവാസ്, കമ്പര്‍ മുതലായ എത്രയോ കവികള്‍ വ്യത്യസ്തപാഠങ്ങള്‍ എഴുതിയുണ്ടാക്കി. മലയാളികളെ സംബന്ധിച്ചിടത്തോളം വാല്മീകിയുടെ ആദിരാമായണവും ഏകനാഥന്റെ അദ്ധ്യാത്മരാമായണവുമാണ് കൂടുതല്‍ പ്രസക്തമായി വന്നത്. വളളത്തോളിന്റെ അനുഗതവിവര്‍ത്തനം വാല്മീകിരാമായണത്തെയും എഴുത്തച്ഛന്റെ സ്വതന്ത്രവിവര്‍ത്തനം അദ്ധ്യാത്മരാമായണത്തെയും മലയാളികള്‍്ക്ക് പരിചയപ്പെടുത്തിക്കൊടുത്തു.
എഴുത്തച്ഛന്റെ കിളിപ്പാട്ടിന് മലയാളികളുടെ മനസ്സില്‍ നിത്യജീവിതം തന്നെ നേടിയെടുക്കാന്‍ കഴിഞ്ഞു. അദ്ധ്യാത്മരാമായണം കിളിപ്പാട്ടിനുണ്ടായ ഈ പ്രഭാവാതിശയത്തിന് കാരണങ്ങള്‍ പലതുണ്ട്. പ്രധാനപ്പെട്ട ഒരു കാരണം എടുത്തു പറയേണ്ടതുണ്ട്. വാല്മീകി ചൊല്ലിത്തന്നത് ഒരു വീരപുരുഷന്റെ കഥയാണ്. അദ്ധ്യാത്മരാമായണം അനുഗാനം ചെയ്തത് ഒരു അവതാരപുരഷന്റെ കഥയാണ്. തികഞ്ഞ ജീവിത വിമര്‍ശനമാണ് ആദ്യത്തേത്. വിമര്‍ശനമെല്ലാമൊടുങ്ങുന്ന ഭക്തിപ്രകര്‍ഷമാണ് രണ്ടാമത്തേത്. അതുമൂലം അനുരഞ്ജനം അസാദ്ധ്യമായ വിരുദ്ധ ധ്രുവങ്ങളിലേക്ക് രണ്ടു കൃതികളും സഞ്ചരിക്കുന്നതായി തോന്നും. യുക്തിയും ഭക്തിയും തമ്മിലൊരു കലഹം പണ്ടുമുതല്‍ക്കേ നിലനില്‍ക്കുന്നതാണ്. ഈ വൈരുദ്ധ്യം രണ്ടരപ്പതിറ്റാണ്ടു മുന്‍പ് നമ്മുടെ സാഹിത്യ വിചാരത്തില്‍ പ്രക്ഷുബ്ധമായ ഒരു ആശയസമരത്തിന് കളമൊരുക്കുകയുണ്ടായി.
കുട്ടികൃഷ്ണമാരാരെഴുതിയ 'വാല്മീകിയുടെ രാമന്‍' എന്ന പഠനം യുക്തിക്ക് പ്രാമാണ്യമുളള വിശകലനരീതി സ്വീകരിക്കുകയും ധര്‍മ്മ നീതിയുടെയും മനശ്ശാസ്ത്രത്തിന്റെയും കാഴ്ചപ്പാടുകള്‍ അവലംബമാക്കിക്കൊണ്ട് രാമനെന്ന പാത്രസൃഷ്ടിയെ വിലയിരുത്തുകയും ചെയ്തു.രാമനെ ബാഥിച്ചിരിക്കുന്ന യശോകാമമെന്ന വൈകല്യം ആ വീരപുരുഷന്റെ ചിത്രത്തിന് ഒളിമങ്ങലേറ്റുന്നതായി വിമര്‍ശകന്‍ ചൂണ്ടിക്കാണിച്ചു. തികച്ചും യുക്തിസഹമായി മാരാര്‍ അവതരിപ്പിച്ച വാദമുഖങ്ങള്‍ പക്ഷേ വകവെച്ചുകൊടുക്കാന്‍ ജനം തയ്യാറായില്ല. അത് സ്വാഭാവികം മാത്രം. എഴുത്തച്ഛന്റെ കാലം മുതല്‍ക്കേ ജനത്തിനു കിട്ടിപ്പോന്ന ശിക്ഷണം, രാമനെ വിമര്‍ശനത്തിനെല്ലാമതീതനായ അവതാരപുരുഷനായി പൂജിക്കുക എന്നതാണ്. അതുമൂലം രാമബിംബത്തില്‍ ലവലേശം കളങ്കമുണ്ടെന്ന് സമ്മതിക്കാന്‍ ജനഹൃദയം ഒരുക്കമായിരുന്നില്ല. പില്‍ക്കാലത്ത് കുട്ടികൃഷ്ണമാരാര്‍ തന്നെ ഭക്തിധാരയില്‍ സമ്പൂര്‍ണമായും ആമഗ്നനാകുകയും തന്റെ മുന്‍ നിലപാടുകളെ സ്വയം തളളിക്കളയുകയും ചെയ്തു. എങ്കിലും മാരാര്‍ ആദ്യം സ്വീകരിച്ച വിമര്‍ശനരീതി അപ്രസക്തമാണെന്നുവരുന്നില്ല. അതിന് അതിന്റേതായ നിലയും വിലയുമുണ്ട്. അക്കാര്യം അംഗീകരിച്ചുകൊണ്ട് കൂടുതല്‍ സജ്ജീകരണങ്ങളോടെ വാല്മീകിയുടെ രാമനെ അടുത്തറിയുന്ന പഠനമാണ് പ്രകാശ് ഡി. നമ്പൂതിരിയുടെ 'കാമമോഹിതനായ രാമന്‍'.
രാമകഥയിലെ ഏതാനും സന്ദര്‍ഭങ്ങള്‍ മാത്രമേ മാരാര്‍ തന്റെ വിശകലനത്തിന് വിധേയമാക്കിയിട്ടുളളൂ. പ്രകാശന്റെ പഠനത്തില്‍ ഒട്ടേറെ സംഭവങ്ങളും കഥാപാത്രങ്ങളും പരാമൃഷ്ടങ്ങളായിട്ടുണ്ട്. അതുവഴി വൈവിദ്ധ്യമുളള പ്രമേയങ്ങളിലേക്ക് വെളിച്ചം വീഴ്ത്തുവാന്‍ ഈ ഗ്രന്ഥകാരന് കഴിഞ്ഞിരിക്കുന്നു. രാമനെ, ബാലിയോടും രാവണനോടും ലക്ഷ്മേേണാടും തുലനം ചെയ്യുന്ന ഭാഗങ്ങള്‍ അത്യന്തം നിശിതങ്ങളാണ്. ബാലിവധത്തിന്റെ വിവരണമാകട്ടെ വളരെ ഹൃദയസ്പര്‍ശിയായി അനുഭവപ്പെടുന്നു.
നമ്പൂതിരി തന്റെ ഗ്രന്ഥത്തില്‍ രാമനെ ഒരു ദുരന്തകഥാപാത്രമായി നോക്കികാണുന്നു. ഉന്നതസ്ഥാനത്തു നിലകൊളളുന്ന ഒരു മനുഷ്യന്റെ ജീവിതം ഭയവും ശോകവും ജനിപ്പിക്കും വിധം തകര്‍ന്നു വീഴുന്നതിന്റെ കഥയായാണ് ദുരന്തനാടകത്തില്‍ ചിത്രീകൃതമാകുന്നതെന്ന് അരിസ്‌റ്റോട്ടില്‍ നിരീക്ഷിച്ചിട്ടുണ്ട്. ആ വീരനായകന്റെ സ്വഭാവത്തില്‍ കുടികൊളളുന്ന ചില വൈകല്യങ്ങളാണ് അയാളുടെ പതനത്തിന് ആക്കം വര്‍ദ്ധിപ്പിക്കുന്നതെന്നും അരിസ്റ്റോട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ നിരീക്ഷണനിലയത്തില്‍ നിന്നുകൊണ്ട് നമ്പൂതിരി രഘുരാമന്റെ സ്വഭാവത്തിലെ ദുരന്തവൈകല്യങ്ങള്‍ ഒന്നൊന്നായി ചൂണ്ടിക്കാണിച്ചിരിക്കുന്നു. സ്വാര്‍ത്ഥത, അധികാരദാഹം, കാപട്യം, വഞ്ചന, കാമമോഹം, ദുശ്ശങ്ക മുതലായ തിന്‍മകളുടെ ഒളിസങ്കേതമാണ് രാമന്റെ മനസ്സ്. ഇത്തരം തിന്‍മകളുടെ ഒളിസങ്കേതമാണ് രാമന്റെ മനസ്സ്. ഇത്തരം തിന്‍മകളുടെ കൂടാരമായ രാമചിത്തം ഒടുവില്‍ വിഷാദരോഗത്തിലെരിഞ്ഞ് ആത്മഹത്യയില്‍ മുങ്ങിത്താഴുന്നു. ആദ്യന്തം കാളിമ കാളുന്ന ഒരു രാമബിംബം വാല്മീകിരാമായണത്തില്‍ നിന്നും വായിച്ചെടുക്കുകയാണ് പ്രകാശ് നമ്പൂതിരി ചെയ്തിരിക്കുന്നത്.
ഈ വിമര്‍ശകന്റെ നോട്ടത്തില്‍ വാല്മീകിയുടെ രാമന്‍ ആദര്‍ശപുരുഷനോ ഉത്തമപുരുഷനോ അല്ല. മാത്രവുമല്ല രാമനെ കാവ്യത്തിലെ കേന്ദ്രകഥാപാത്രമായി കാണേണ്ട കാര്യമില്ലെന്ന വാദം കൂടി ഉന്നയിക്കപ്പെട്ടിട്ടുണ്ട്. വാല്മീകി തന്റെ പാഠം തയ്യാറാക്കിയത് വ്യക്തമായ ലക്ഷ്യബോധത്തോടുകൂടിയാണ്. ഉപേക്ഷിക്കപ്പെട്ട സീതയെ രാമനെക്കൊണ്ടു തന്നെ തിരിച്ചെടുപ്പിക്കുക, അതിനുവേണ്ട ബോധവല്‍ക്കരണം ജനങ്ങള്‍ക്കിടയില്‍ നിര്‍വ്വഹിക്കുക ഇതായിരുന്നു വാല്മീകിയുടെ രചനാലക്ഷ്യം. അതിനൊത്തവിധം ധര്‍മ്മനീതിയുടെ സൂചികയത്രയും സീതയ്ക്കനുകൂലമായി തിരിച്ചു വെയ്ക്കുകയാണ് കവി ചെയ്തിട്ടുളളത്. ഒപ്പം സീതയുടെ കെടുതികള്‍ക്കെല്ലാം കാരണം രാമന്റെ സ്വഭാവ വൈകല്യങ്ങളാണെന്ന് ശക്തിയായി ധ്വനിപ്പിക്കുവാനും കവി ശ്രമിച്ചിട്ടുണ്ട്. ഇങ്ങനെ രാമന്റെ വിശദമായ കറുത്ത ചിത്രവും അതിനെതിരെ സീതയുടെ പ്രകാശം പ്രസരിപ്പിക്കുന്ന ഉജ്വലചിത്രവും ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് വാല്മീകി സീതയെ രാമായണത്തിന്റെ ഹൃദയഭാഗത്ത് പ്രതിഷ്ഠിച്ചിരിക്കുന്നു. ഇതൊരു ആത്യന്തിക വാദമായി തോന്നാം. പക്ഷേ ഒന്നുണ്ട്. രാമായണകഥാപാത്രങ്ങളില്‍ ഏറ്റവും ജനപ്രീതി നേടിയ കഥാപാത്രം, രാമനേയും അതിശയിപ്പിക്കും വിധം നിത്യജീവിതം കൈവരിച്ച കഥാപാത്രം, സീതയാണ്.
നമ്പൂതിരി തന്റെ വാദമുഖങ്ങള്‍ യുക്തിഭദ്രവും വസ്തുനിഷ്ഠവുമായ രീതിയില്‍ അവതരിപ്പിച്ചിരിക്കുന്നു. വാല്മീകിയുടെ വിവക്ഷിതങ്ങള്‍ വിമര്‍ശകന്‍ ഗ്രഹിച്ചിട്ടുളളത് കവിയുടെ സ്വരവ്യഞ്ജനങ്ങള്‍ അനുവദിക്കുന്ന വാച്യവും വ്യംഗ്യവുമായ അര്‍ത്ഥപരിധിയില്‍ നിന്നുകൊണ്ടാണ്. ഇല്ലാത്ത അര്‍ഥ്ഥമൊന്നും വിമര്‍ശകന്‍ അടിച്ചേല്‍പ്പിച്ചിട്ടില്ല. ഉളളത് ഉളള പോലെ, ലളിതമായി എന്നാല്‍ ചടുലമായി ഏതുതരം വായനക്കാരനും ഏറ്റുവാങ്ങാന്‍ പാകത്തില്‍ എഴുതി വെച്ചിരിക്കുന്നു. ഇത്രയും തെളിമയുളള ശൈലി പുതിയ ചെറുപ്പക്കാരുടെ എഴുത്തില്‍ കണികാണാനില്ലാത്തതുകൊണ്ട് ഇത് ശ്രദ്ധേയമാണ്.
പ്രഫ. പി.ഒ. പുരുഷോത്തമന്‍, ആര്‍ഷം, മണ്ണഞ്ചേരി.