എല്ലാ ദേശങ്ങളിലും മലയാളി സ്വത്വം കൈവിടാതെ ഗൃഹാതുരത്വവുമായി കഴിയുന്ന പ്രിയ സ്‌നേഹിതര്‍ക്ക് എന്റെ സ്‌നേഹം നിറഞ്ഞ വിഷു ആശംസകള്‍.
രാവും പകലും തുല്യമായി വരുന്ന ദിവസമാണ് വിഷു. അശ്വതി ഞാറ്റുവേല ആരംഭിക്കുന്ന മേടവിഷു ദിവസമാണ് സൂര്യന്‍ കൃത്യമായി നേരേ കിഴക്കുദിക്കുന്നത്. ഉത്തരായനത്തിന്റെ മദ്ധ്യത്തിലാണ് മേടവിഷു. സൂര്യന്‍ ഉച്ചരാശിയായ മേടത്തില്‍ പ്രവേശിക്കുന്നത് മേടവിഷു സംക്രമത്തിലാണ്. സൂര്യന്‍ മേടം രാശിയില്‍ അത്യുച്ചത്തില്‍ എത്തുന്ന ദിവസമാണ് പത്താമുദയം. ഈ വര്‍ഷത്തെ വിഷുസംക്രമം മേടം1ന് (ഏപ്രില്‍14) വ്യാഴാഴ്ച ഉദയാല്‍പരം 16 നാഴിക 33 വിനാഴികയ്ക്ക്(12 മണി 59 മിനിറ്റ്)ആയതിനാല്‍ മേടം 2നാണ് വിഷു ആഘോഷിക്കുന്നത്. മിക്ക ക്ഷേത്രങ്ങളിലും വിഷുക്കണി ദര്‍ശനം ഉണ്ടായിരിക്കും.
ഭവനങ്ങളില്‍ കണിവെയ്ക്കുമ്പോള്‍ അഷ്ടമംഗല്യം(താംബൂലമക്ഷതം ചൈവ ക്രമുകം ദാരുഭാജനം; അംബരം ദര്‍പ്പണം ഗ്രന്ഥം ദീപമിത്യഷ്ടമംഗലം.-വെറ്റില, അടയ്ക്ക, അക്ഷതം= നെല്ലും അരിയും, മരപ്പാത്രം= കുങ്കുമച്ചെപ്പ്, വസ്ത്രം, കണ്ണാടി, പുസ്തകം, ദീപം) സ്വര്‍ണം, നാണയം, നാളികേരം, ഫലവര്‍ഗങ്ങള്‍, മാങ്ങ, വെള്ളരിക്ക, ചക്ക, കൊന്നപ്പൂവ് എന്നിവയോടൊപ്പം ഇഷ്ടദൈവത്തിന്റെ ചിത്രം കൂടി വെയ്ക്കും.താലത്തിന്റെ ഏറ്റവും പിന്നില്‍ കണ്ണാടി വെയ്ക്കണം. മംഗലകരവും ഐശ്വര്യസമൃദ്ധവുമായ വസ്തുക്കള്‍ക്കിടെ തന്നെയും ഇഷ്ടദേവനെയും കാണുന്നത് വര്‍ഷം മുഴുവന്‍ സമൃദ്ധി നല്‍കും എന്നാണ് വിശ്വാസം. വിശ്വാസം അതല്ലേ എല്ലാം?