ഇന്ത്യയിലെ മിക്ക നിയമങ്ങളുടെയും നിര്‍മ്മിതിയില്‍ ഇവിടുത്തെ സാമൂഹ്യ പരിതസ്ഥിതി കൂടി പരിഗണിച്ചിട്ടുണ്ട്. ജന്‍ഡര്‍ ജസ്റ്റിസ് ഇവിടെ തുല്യതയില്‍ അധിഷ്ഠിതമല്ല. സാമൂഹ്യമായും സാമ്പത്തികമായും ശാരീരികമായും അരക്ഷിതയാണ് ഇന്ത്യന്‍ സ്ത്രീ എന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ ദുര്‍ബലമായ ഭാഗം കൂടുതല്‍ സംരക്ഷിതമാകണമെന്ന കാഴ്ചപ്പാടോടെനിരവധി നിയമങ്ങളില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍, പരിഗണനകള്‍ നല്‍കിയിട്ടുണ്ട്.
ബലാല്‍സംഗങ്ങളും, പീഡനങ്ങളും മാധ്യമങ്ങള്‍ ആഘോഷിക്കുന്ന നിലയിലെത്തിയിരിക്കുന്നു. ഇതിന്റെ ഫലമായി പുരുഷനെ കാമാര്‍ത്തനായ ഒരു ജന്തുവായി സാമാന്യവല്‍ക്കരിക്കുന്ന ഒരു സമീപനം ഉയര്‍ന്നു വന്നിട്ടുണ്ട്. കേരളത്തിലെ ഒരു കോടിയിലധികം വരുന്ന ഒരു പൊതു സമൂഹത്തിലെ ഒറ്റപ്പെട്ട ചെറിയൊരു വിഭാഗത്തെ ദൃശ്യമാധ്യമങ്ങളിലും ലക്ഷക്കണക്കിന് പത്രത്താളുകളിലും പ്രതീകവല്‍ക്കരിച്ച് വരുമ്പോള്‍ ബഹുഭൂരിപക്ഷം വരുന്ന മാന്യ പുരുഷസമൂഹം സംശയവിധേയമാവുകയാണ്. മാധ്യമങ്ങളുടെ കിടമത്സരം ഒരു സമൂഹത്തെയാകെ ചാപ്പകുത്തുന്നതിനിടയാക്കുന്ന സാഹചര്യം സംജാതമാക്കുന്നു.
ഈ അവസരത്തിലാണ് ആലുവയിലെ യഥാര്‍ത്ഥ സ്ത്രീ പീഡനം പുറത്തു വരുന്നത്. മാതൃഭാവവും മണ്ണാങ്കട്ടയുമൊന്നും കുറ്റവാളിക്ക് ബാധകമല്ലെന്ന് വ്യക്തമായി. കാമുകനെ കൊന്ന് സ്യൂട്ട്‌കേസിലാക്കി ഉപേക്ഷിച്ച ഓമനഡോക്ടറും, കാരണവരെ വകവരുത്താന്‍ കൂട്ടുനിന്ന ഷെറിനും, ഭര്‍ത്താക്കന്‍മാരെ ആഘോഷിച്ച് നിയമത്തിന്റെ ആനുകൂല്യം മുതലാക്കി തട്ടിപ്പു നടത്തിയ ശാലിനിയും ആരെയും യുക്തിസഹമായി ചിന്തിക്കാന്‍ പര്യാപ്തമാക്കിയിട്ടില്ല.
ദുരന്തങ്ങളും മരണവും നമുക്കിപ്പോള്‍ ആഘോഷമാണ്. ഗ്രീക്ക് നാടക സങ്കല്പമനുസരിച്ച് കൊലപാതകം രംഗത്തവതരിപ്പിക്കാറില്ല.അത് റിപ്പോര്‍ട്ട് ചെയ്യപ്പെടുകയാണ്. പക്ഷേ ഇന്ന് ദുര്‍മരണങ്ങള്‍ സചിത്രാവതരണത്തോടെ പത്രങ്ങളുടെ പൂമുഖത്ത് പ്രത്യക്ഷപ്പെടുന്നു.ഈ വിഷയം ദേശീയ ദിനപ്പത്രങ്ങള്‍ ചെയ്യുന്നതുപോലെ തെക്കേപ്പറമ്പിലേക്ക് ഒതുക്കുകയെങ്കിലും ചെയ്യേണ്ടതാണ്.