2010 സെപ്റ്റംബർ 15, ബുധനാഴ്‌ച

ബൗദ്ധസന്ദേശങ്ങള്‍ പാഠ്യവിഷയമാക്കണം

          വായില്‍ പല്ലുമായി പിറക്കുന്ന കുട്ടി രാക്ഷസ ജന്‍മമാണെന്ന് അല്പജ്ഞാനിയായ ജ്യോതിഷി. പരിഹാരം ചെയ്തില്ലെങ്കില്‍ പിതാവിനു ദോഷമാണത്രെ. പ്രവചനം ഫലിച്ചു! പിതാവ് കുട്ടിയെ നിലത്തടിച്ചു കൊന്നു. ദോഷം പിതാവിനു മാത്രമായിരുന്നില്ല, കുട്ടിക്കും ജ്യോത്സ്യനും വന്നു ഭവിച്ചുവെന്നു മാത്രം. പോലീസുകാരനെ വെടിവെച്ചു കൊന്ന പ്രതി ഭാര്യയെയും കൊന്ന് ആത്മഹത്യ ചെയ്തു. സാധാരണ രണ്ടു കുട്ടികളുളളതിനെക്കൂടി കൊല്ലാറാണ് പതിവ്. നോക്കാന്‍ ആരുമില്ലാത്തതിനാല്‍ ഇവരെക്കൂടി കൊണ്ടു പോകുന്നു എന്ന് ഒരു കുറിപ്പും കൂടെ കാണും. ഇത് ഇന്നലെയുടെ ബാക്കിപത്രം.
           മരണ-കൊലപാതക റിപ്പോര്‍ട്ടിംഗിലൂടെ സമൂഹം ഒരു അക്യൂപംങ്ചര്‍ ചികിത്സയ്ക്കു വിധേയമാവുകയാണ്. ശരീരത്തിലെ ഒരു വേദന മാറ്റാന്‍ സമീപത്ത് കൃത്രിമമായി പ്രത്യേക തരം സൂചി കൊണ്ട് വേദന സൃഷ്ടിക്കുകയാണ് ഇതിലെ രീതി. ഷീലവധക്കേസ് റിപ്പോര്‍ട്ടു ചെയ്യപ്പെട്ടപ്പോള്‍ സമൂഹ മനസ്സാക്ഷി വേദനിച്ചു. എന്നാല്‍ ആ കേസിലെ പ്രതിയെ പോലീസുകാര്‍ കസ്റ്റഡിയില്‍ ഉരുട്ടിക്കൊന്നപ്പോള്‍ അതിലെ ഭരണപക്ഷവിരോധത്തിലധിഷ്ഠിതമായ രാഷ്ട്രീയം, മനുഷ്യാവകാശപ്രശ്‌നങ്ങള്‍ തുടങ്ങിയവ ഷീലവധക്കേസിനെ വിസ്മൃതിയിലാക്കാനിടയാക്കി. പടഹമടിച്ചും പെരുമ്പറ മുഴക്കിയും നാടു വിറപ്പിച്ചു നടന്ന മദനി കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടപ്പോള്‍ ആളുകള്‍ മൂക്കത്തു വിരല്‍ വെച്ചു. അറസ്റ്റു ചെയ്യപ്പെട്ട മദനിയെ വിചാരണ കൂടാതെ ഒമ്പതര വര്‍ഷം ജയിലിലിട്ട ശേഷം നിരപരാധിയാണെന്നു കോടതി വിധിച്ചപ്പോള്‍ സമൂഹ മനസ്സാക്ഷിയ്ക്ക് വിരല്‍ വെക്കാന്‍ ഒരിടമില്ലായിരുന്നു. വീണ്ടും കസ്റ്റഡിയിലെടുക്കപ്പെട്ട മദനിക്കെതിരെ 8 കേസുകള്‍ കൂടി ചാര്‍ജു ചെയ്യുമെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി പറഞ്ഞിരിക്കുന്നു.

            നിരപരാധിയായ പോലീസ് ഇന്‍സ്‌പെക്ടറെ വെടിവെച്ചു കൊന്ന പ്രതിക്കെതിരെ ഉറഞ്ഞു കൂടിയ അമര്‍ഷത്തില്‍ നിന്നും മാറി, ഒരു ഷേക്‌സ്പീരിയന്‍ ദുരന്ത നാടകത്തിന്റെ പരിസമാപ്തിയിലെന്ന പോലെ ആന്തരികമായ വൈകല്യങ്ങള്‍ വളര്‍ന്ന് ഉച്ചസ്ഥായിയിലെത്തി ഒരു കഥാപാത്രം തകര്‍ന്നടിയുമ്പോള്‍, സമൂഹത്തിന്റെ മുന്‍പില്‍ ചോദ്യച്ചിഹ്നമായി നില്‍ക്കുന്ന ആ പത്തു വയസ്സുകാരനും നാലു വയസ്സുകാരിയും മനസ്സാക്ഷിയെ ആര്‍ദ്രമാക്കുന്നു. ഇവിടെ ഒന്നാം പ്രതി ഭരണവ്യവസ്ഥയെ നിയന്ത്രിക്കുന്നവരാണ്. നമ്മുടെ പാഠ്യപദ്ധതി കമ്പോളത്തിനു വേണ്ടിയുളള മത്സരങ്ങള്‍ക്കു മാത്രമായിരിക്കുന്നു. ഉളളതു കൊണ്ടു തൃപ്തിപ്പെടുക, സ്‌നേഹം, ദയ, കാരുണ്യം, സഹതാപം തുടങ്ങിയവ സഹജീവികളോടു പ്രകടിപ്പിക്കുക മുതലായ മനുഷ്യത്വപരമായ പാഠങ്ങള്‍ എവിടെയും പഠിപ്പിക്കപ്പെടുന്നില്ല. എല്ലാവരിലും ഒരു അക്രമി വളര്‍ന്നു വരുന്ന ഈ കാലഘട്ടത്തില്‍ ഭാരതത്തിന്റെ മാതൃകാപുരുഷനായ ശ്രീ ബുദ്ധന്റെ സന്ദേശങ്ങള്‍ പാഠ്യവിഷയമാക്കുന്നത് ഉചിതമായിരിക്കും.  

2010 സെപ്റ്റംബർ 4, ശനിയാഴ്‌ച

ക്രിസ്തുവിന്റെ രക്തം കുടിച്ചു കൊഴുക്കുന്ന സഭയും, അനാചാരങ്ങളുടെ ആറാട്ടു നടത്തുന്ന പൗരോഹിത്യവും

          തൊടുപുഴ ന്യൂമാന്‍ കോളേജിലെ വിവാദ അദ്ധ്യാപകനെ സഭാനേതൃത്വം ജോലിയില്‍ നിന്നു പിരിച്ചു വിട്ടു. നൂറുകണക്കിനു വടക്കേയിന്ത്യയിലെ പാവങ്ങളെ അകാരണമായി കൊന്നൊടുക്കിയ ഫൂലാന്‍ദേവിക്ക് നീതിന്യായ വ്യവസ്ഥയും ഭരണകൂടവും സംയുക്തമായി ശിക്ഷാ ഇളവുകള്‍ നല്‍കി പാര്‍ലമെന്റെംഗമാക്കിയ നാട്ടില്‍ തെറ്റിദ്ധരിക്കാവുന്ന തരത്തില്‍ ഒരു ചോദ്യപേപ്പര്‍ തയ്യാറാക്കിയതിന്റെ പേരില്‍ കത്തോലിക്കാസഭ നല്‍കിയ ശിക്ഷ മാതൃകാപരമല്ല; വെടക്കാക്കി തനിക്കാക്കാനുളള വ്യഗ്രതയാണ്.
         ചാനല്‍ ചര്‍ച്ചയില്‍ മാനേജ്‌മെന്റിനെ പ്രതിനിധീകരിച്ച ഒരു പുരോഹിതന്‍ പറയുന്നത് ജോസഫിന്റെ കയ്യില്‍നിന്നും ഒരു രൂപാ പോലും വാങ്ങിയല്ല; മറിച്ച് അദ്ദേഹത്തിന്റെ വീട്ടിലെ സാമ്പത്തികസ്ഥിതി കണക്കിലെടുത്താണ് നിയമനം നല്‍കിയതെന്നാണ്. അതില്‍ നിന്നു തന്നെ വിപരീതമായി ധ്വനിക്കുന്നത് ഇനിവരുന്ന ഒഴിവില്‍ മുന്‍പു പറ്റിയ പിഴവു തിരുത്തി പത്തോ പതിനഞ്ചോ ലക്ഷം വാങ്ങി നിയമനം നടത്താമെന്ന ദുഷ്ടലാക്കാണ്. ഇതിനുളള അവസരം നല്‍കുന്നത് നമ്മുടെ നാട്ടിലെ സര്‍ക്കാരാണ്.
          മാനേജ്‌മെന്റ് കോഴ വാങ്ങി നിയമനം നടത്തുന്ന അദ്ധ്യാപകര്‍ക്ക് ശമ്പളം കൊടുക്കാനുളള ബാദ്ധ്യത ഈ രാജ്യത്തെ സര്‍ക്കാരുകള്‍ കല്പാന്തകാലവും തുടരണമെന്നാണോ? നമ്മുടെ ഭരണഘടനയില്‍ നല്‍കിയിരിക്കുന്ന ഒരു പരിരക്ഷയ്ക്ക് ഇന്നാട്ടിലെ രാഷ്ട്രീയക്കള്ളന്‍മാര്‍ നല്‍കിയ ഒരു ദുര്‍വ്യാഖ്യാനം ഉപയോഗിച്ചാണ് നമ്മുടെ പൊതു വിദ്യാഭ്യാസത്തെ സമുദായക്കള്ളന്‍മാര്‍ ഹൈജാക്കു ചെയ്തിരിക്കുന്നത്. ഭരണഘടനയില്‍ മത-ഭാഷാന്യൂനപക്ഷങ്ങള്‍ക്ക് അവ പഠിപ്പിക്കുന്നതിന് സ്വന്തമായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങാമെന്നാണ് പറഞ്ഞിരിക്കുന്നത്. മുടിയനായ പുത്രന്‍ തിരിച്ചു വന്നപ്പോള്‍ പൂര്‍വ്വാധികം മാന്യമായി സ്വീകരക്കണമെന്നു പഠിപ്പിച്ച ഉപമയില്‍ നിന്നും സഭ പഠിച്ച പാഠം തെറ്റു തിരുത്താന്‍ ശ്രമിക്കുന്നവന്റെ തലയെടുക്കണമെന്നാണ്.
          അറുപത്തിനാല് അനാചാരങ്ങള്‍ എന്തൊക്കെയാണെന്ന് പ്രഖ്യാപിച്ചത് ശങ്കരാചാര്യരാണെന്നു പറയപ്പെടുന്നു. പക്ഷേ ആധുനിക സമൂഹം അതില്‍ പലതിനെയും തിരസ്‌ക്കരിച്ചു കളഞ്ഞു. ശശി തരൂര്‍ വിവാഹ ശേഷം ഗുരുവായൂരിലെ നാലമ്പലത്തില്‍ കടന്നത് ആചാര വിരുദ്ധമാണത്രേ. കുളിക്കാത്തവരോ, തീണ്ടാരിയായവളോ നാലമ്പലത്തില്‍ കടന്നാല്‍ തിരിച്ചറിയാന്‍ മാര്‍ഗമില്ലാത്ത സ്ഥലത്ത് കാലഹരണപ്പെട്ട ആചാരങ്ങളെ പുനര്‍ജീവിപ്പിക്കാന്‍ പൗരോഹിത്യം നടത്തുന്ന ശ്രമങ്ങളെ സമുദായം ശക്തമായി പ്രതിരോധിക്കേണ്ടതാണ്. മൂര്‍ത്തിയേക്കാള്‍ തൃപ്തിപ്പെടുത്താന്‍ സാധിക്കാത്ത പൂജാരിമാരാണ് ഇന്നുളളത്.

2010 ഓഗസ്റ്റ് 23, തിങ്കളാഴ്‌ച

ഓണാശംസകള്‍

കാലത്തിന്റെ മഹാപ്രവാഹത്തില്‍ പല കരകളിലായിപ്പോയിട്ടും മലയാളത്തിന്റെ മധുരം നുണയാനെത്തുന്ന വഴി 39 രാജ്യങ്ങളില്‍ നിന്നെത്തിയ ദേശാടനക്കിളികള്‍ പലപ്പോഴായി ഈ മരച്ചില്ലയില്‍ ഇരുന്നു പോയിട്ടുണ്ട്. തിരക്കുകള്‍ക്കിടയിലും മലയാണ്മയുടെ ആഘോഷമായ ഈ തിരുവോണനാളില്‍ പ്രതീക്ഷകളെ വാനോളമുയര്‍ത്തുക സമൃദ്ധമാകട്ടെ മുഖം കാണാനിട വന്നിട്ടില്ലാത്ത എന്റെ പ്രിയ സ്‌നേഹിതരുടെ ഓണം. prakashdnamboodiri@yahoo.com

2010 ഓഗസ്റ്റ് 22, ഞായറാഴ്‌ച

ശശി തരൂര്‍ സുനന്ദപുഷ്‌കരണിയില്‍ തകര്‍ന്നു വീണു

         മുന്‍ കേന്ദ്രമന്ത്രിയും യു.എന്‍. ഉദ്യോഗസ്ഥനും എഴുത്തുകാരനുമായിരുന്ന ശശി തരൂര്‍ കാശ്മീരിലുളള പ്രശസ്തമായ സുനന്ദപുഷ്‌കരണിയില്‍ തകര്‍ന്നു വീണതായി റിപ്പോര്‍ട്ടു കിട്ടിയിട്ടുണ്ട്. ബഌക്‌ബോക്‌സ് ലഭിച്ചിട്ടില്ലാത്തതിനാല്‍ തകര്‍ച്ചയുടെ കാരണവും ആഴവും മനസ്സിലാക്കാനായിട്ടില്ല. ഇതിനിടെ അച്ഛന്റെയും അമ്മയുടെയും വിവാഹത്തില്‍ പങ്കെടുക്കാനായി മൂന്നു കുട്ടികള്‍ പാലക്കാട്ട് എത്തിച്ചേര്‍ന്നതായി ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നു. കാലം പുരോഗമിച്ചതോടെ ഇതും സാദ്ധ്യമായിരിക്കുന്നു. കഷ്ടം ഞാനൊരു നിര്‍ഭാഗ്യവാനാണ്. എനിക്ക് അച്ഛന്റെയും അമ്മയുടെയും വിവാഹത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല.
ശശിയും സുനന്ദയും മുന്‍പ് ഒന്നുരണ്ട് കല്യാണ മത്സരത്തില്‍ ഏര്‍പ്പെട്ടിരുന്നതാണ്. അതുകൊണ്ട് മത്സരത്തില്‍ ജയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ എവിടെ സുല്ലിടണമെന്ന് കൃത്യമായി അറിയാം.

2010 ഓഗസ്റ്റ് 18, ബുധനാഴ്‌ച

മുരളീധരന്‍ ഡി.ജി.പി.യുടെ തോളിലും ആശാന്റെ നെഞ്ചത്തും ഗോലി കളിച്ചവന്‍!

          സര്‍വസംഗപരിത്യാഗിയായ ഒരു ഭിക്ഷാംദേഹി ഇതാ കെ.പി.സി.സിയുടെ തിരുമുറ്റത്തു വന്നു നിന്നു ഭിക്ഷ യാചിക്കുന്നു. ചോദ്യം ഒരു പഴയനാലണ മെമ്പര്‍ഷിപ്പു മാത്രം. പക്ഷേ അതിനകത്ത് സൂതപുത്രനായ കര്‍ണനില്ല, മൂന്നാമത്തെ കാല്‍ ചവിട്ടാന്‍ ശിരസ്സു കാട്ടിക്കൊടുത്ത മഹാബലിയില്ല. ഉളളത് കളളന്‍മാര്‍ക്കു കഞ്ഞി വെച്ചുകൊടുത്തും, ഇരപ്പാളികളുടെ പെട്ടിപിടിച്ചുകൊടുത്തും, ഒളിഞ്ഞിരുന്നു കുതികാല്‍ വെട്ടിയും വളര്‍ന്നു വന്ന പ്രതാപശാലികളായ കാരണവന്‍മാര്‍ മാത്രം. അവര്‍ മുരളി ധര്‍മ്മം ചോദിക്കുന്നത് കേട്ട ഭാവം നടിക്കുന്നില്ല. അവര്‍ക്കറിയാം മുരളി ചോദിക്കുന്നത് ധര്‍മ്മമല്ല; ചവിട്ടിത്താഴ്ത്താന്‍ ഒരു തലയാണെന്ന്. കോണ്‍ഗ്രസ്സിലെ പ്രോട്ടോക്കോള്‍ പ്രകാരം മഴയത്ത് കയറി നില്‍ക്കാന്‍ ഒരിടം കൊടുത്താല്‍ കടയുടെ കൈവശാവകാശം വരെ ഉന്നയിക്കാന്‍ കഴിയും പഴയ കെ.പി.സി.സി. പ്രസിഡന്റിന്. സ്വന്തം ഉടുതുണി സംരക്ഷിക്കാന്‍ അറിയില്ലെങ്കിലും തലയും കസേരയും സംരക്ഷിക്കാന്‍ കോണ്‍ഗ്രസ്സുകാരനെ ആരും പഠിപ്പിക്കേണ്ടതില്ല.
           ലാളിച്ചു വഷളാക്കപ്പെട്ട യുക്തിയുളള കുരങ്ങനാണ് മുരളീധരന്‍. തന്റെ ശക്തി-ദൗര്‍ബല്യങ്ങള്‍ യഥാസമയം തിരിച്ചറിയാന്‍ കഴിയാതെപോയ വിഡ്ഢിക്കൂശ്മാണ്ഡം! കരുണാകരന്‍ ആദ്യം പാര്‍ട്ടി പ്രഖ്യാപിക്കാന്‍ നിശ്ചയിച്ച ദിവസം അച്ഛന്റെ പാലം വലിച്ച വിദ്വാന്‍! അന്ന് അതു നടന്നിരുന്നെങ്കില്‍ ലക്ഷങ്ങള്‍ അച്ഛന്റെയും മകന്റെയും പിന്നില്‍ ഉണ്ടാകുമായിരുന്നു. പിന്നീടും തന്റെ ശക്തി തെളിയിക്കാന്‍ എല്ലാ വാര്‍ഡിലും കുറേപ്പേരെങ്കിലും ഉണ്ടായിരുന്നപ്പോള്‍ പഞ്ചായത്തുതെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ കയ്യിലെ എല്ലിന്‍കഷണം കണ്ട് വെള്ളമൂറിപ്പോയി മുരളിക്ക്. അന്ന് എല്ലാ വാര്‍ഡിലും മല്‍സരിച്ചിരുന്നെങ്കില്‍ കേരളത്തില്‍ ഒരു മുപ്പതു ലക്ഷം പേരുടെയെങ്കിലും പിന്തുണ ഇരു മുന്നണികളെയും കാട്ടി ഭീഷണിപ്പെടുത്താമായിരുന്നു മുരളിക്ക്. എങ്കില്‍ മുന്നണികള്‍ വാലും ചുരുട്ടി കാത്തു കിടക്കുമായിരുന്നു  പിന്തുണയ്ക്ക്. പക്ഷേ ഓരോ പഞ്ചായത്തിലെയും തോല്‍ക്കുന്ന ഓരോ വാര്‍ഡുകൊണ്ട് തൃപ്തിപ്പെട്ട ഡി.ഐ.സിയെ ഗര്‍ഭപാത്രത്തില്‍ വച്ചുതന്നെ ഞെരിച്ചുകളഞ്ഞു സി.പി.എമ്മുകാര്‍. ഒരു പാര്‍ട്ടിയില്‍ നിന്ന് എപ്പോള്‍ കാലുമാറണമെന്നു പോലും അറിയാത്ത ഈ കിങ്ങിണിക്കുട്ടന് പാഴൂര്‍ പടിപ്പുരയ്ക്കല്‍ പോയി ഒന്നു പ്രശ്‌നം വച്ചിട്ടു ചാടിക്കൂടായിരുന്നോ?

മദനി- നിഷ്പക്ഷമല്ലാത്ത ഭരണകൂടത്തിന്റെയും ജുഡീഷ്യറിയുടെയും ഇര!

         കഴിഞ്ഞ ദിവസം സുപ്രീംകോടതി മദനിയുടെ അറസ്റ്റിനു മുന്‍പ് ജാമ്യാപേക്ഷ പരിഗണിച്ചിരുന്നെങ്കില്‍ ജാമ്യം അനുവദിക്കുമായിരുന്നു എന്നാണ് അപേക്ഷ സാങ്കേതികമായി തളളിയെങ്കിലും അതുമായി ബന്ധപ്പെട്ടു കോടതി നടത്തിയ പരാമര്‍ശങ്ങളില്‍ നിന്നും നിര്‍ദ്ദേശങ്ങളില്‍ നിന്നും മനസ്സിലാകുന്നത്. കീഴ്‌ക്കോടതി ജാമ്യാപേക്ഷ ഉടന്‍ പരിഗണിക്കണമെന്നും അപ്പോള്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം തളളിക്കൊണ്ട് നടത്തിയ പരാമര്‍ശങ്ങളൊന്നും കണക്കിലെടുക്കരുതെന്നുമായിരുന്നു പരമോന്നത കോടതിയുടെ നിര്‍ദ്ദേശം. ഇങ്ങനെ നിര്‍ദ്ദേശം നല്‍കുമ്പോള്‍ മുന്‍പ് ഭരണകൂടവും ജുഡീഷ്യറിയും മദനിക്കു സമ്മാനിച്ച വിചാരണയില്ലാത്ത ഒമ്പതര വര്‍ഷത്തെ തടവും ന്യായാധിപന്‍മാരുടെ മനസ്സില്‍ ഉയര്‍ന്നിരിക്കണം.
          നീതിന്യായക്കോടതി കോയമ്പത്തൂര്‍ കേസില്‍ മദനിയെ നിരപരാധിയെന്നു കണ്ട് വെറുതെ വിട്ടിട്ടും അതംഗീകരിക്കാന്‍ നമ്മുടെ നാട്ടിലെ കുറെ ആളുകള്‍ തയ്യാറല്ല. പക്ഷേ കൊടിയ പീഡനത്തിനു ശേഷം പുറത്തു വന്ന മദനി മറ്റൊരു മനുഷ്യനാകാന്‍ ശ്രമിക്കുന്നതാണ് കണ്ടത്. ഒരു സാധാരണ മനുഷ്യനാകാനോ, ഒരു ജനാധിപത്യവാദിയാകാനോ കേരളീയര്‍ അയാളെ സമ്മതിച്ചില്ല.
         ദീര്‍ഘമായ ജയിലിലെ പീഡന പര്‍വത്തിനുശേഷം മദനി തനിക്ക് യാതൊരു താത്പര്യങ്ങളുമില്ലാത്ത ബാംഗഌരിലെയോ, ഹൈദ്രബാദിലെയോ നിരപരാധികളുടെ മരണത്തിനിടയാക്കിയ സ്‌ഫോടന പരമ്പരയില്‍ മനസാ വാചാ പങ്കുചേരുമെന്ന് സാമാന്യബോധമുള്ളവര്‍ കരുതുകയില്ല. പക്ഷേ തന്റെ പൂര്‍വകാല സഹപ്രവര്‍ത്തകരോ ശിഷ്യന്‍മാരോ പിന്നീട് അതിതീവ്രവാദികളായശേഷം ഫോണ്‍ ചെയ്താല്‍ അത് എടുക്കരുതെന്ന് മദനിയേയോ, സൂഫിയയേയോ മുന്നറിയിപ്പു നല്‍കാന്‍ എന്തു സംവിധാനമാണുളളത്? ഫോണ്‍ എടുത്തു കഴിഞ്ഞാല്‍ ഒഴിവാക്കേണ്ടവരെയും അല്പം ചിലതു സംസാരിച്ചു പറഞ്ഞു വിടുന്നതല്ലേ സാധാരണക്കാര്‍ ചെയ്യുക? ആരോപിക്കപ്പെട്ട കേസിനെ അതിന്റെ വഴിക്കു വിട്ടാലും മദനി നിഷ്പക്ഷമല്ലാത്ത ഭരണകൂടത്തിന്റെയും ജുഡീഷ്യറിയുടെയും ഇരയാകുന്ന സാമാന്യ പൗരന്റെ പ്രതീകമാണ്.

2010 ജൂലൈ 20, ചൊവ്വാഴ്ച

കൊല്ലരുതനിയാ പരേതരെ കൊല്ലരുത്!

          ഇക്കാലത്ത് രംഗബോധമില്ലാത്ത കോമാളി മരണമല്ല; മരണവീട്ടിലെത്തുന്ന ചില സ്വയംപ്രമാണിമാരാണ്. ഇക്കൂട്ടര്‍ മരണത്തിനു വരുത്തുന്ന ഒരു മാറ്റമേ .....വല്ലാത്ത മാറ്റം തന്നെ. മരണം കാലാനുസൃതമായി വളരെ മാറിപ്പോയി. മരണശേഷം തനിക്ക് ആചാരവെടി വെയ്ക്കരുതെന്ന് പ്രസ്താവനയിറക്കിയ നടന്‍ തിലകനെപ്പോലെ മരണശേഷം എന്തൊക്കെ ആകരുതെന്ന് വില്‍പ്പത്രം രജിസ്ടര്‍ ചെയ്യേണ്ട അവസ്ഥയിലാണ് കാര്യങ്ങളുടെ പോക്ക്.
        മരിച്ചാലുടനെ എത്ര കൊള്ളരുതാത്തവന്റെയും ഒരു കളര്‍ഫോട്ടോ തപ്പിയെടുത്ത് ഇന്‍സ്റ്റന്റ് ലേസര്‍പ്രിന്റ് മുഖേന പോസ്റ്ററടിച്ച് പോസ്റ്റില്‍ പതിപ്പിക്കുകയാണ് ആദ്യ പടി. അജ്ഞതയുടെ കൊടുമുടിയില്‍ നില്‍ക്കുന്ന ഒരു 'ആദരാജ്ഞലികള്‍' ക്യാപ്ഷനായി കൂടെ കാണുകയും ചെയ്യും. മരണശേഷവും ഏറെക്കാലം പോസ്റ്റിലും മതിലിലും പോസ്റ്ററുകളായി മഴയും വെയിലും കൊണ്ട് സംസ്‌ക്കരിക്കപ്പെടാതെ പരേതര്‍ 'ജീവിക്കുന്നവര്‍ ഞങ്ങളിലൂടെ' എന്ന് വെല്ലുവിളി ഉയര്‍ത്തും.
           യാതൊരു പാപവും ചെയ്യാതെ സ്വര്‍ലോകത്തിനവകാശിയായിട്ടുള്ളവരെയും, മക്കളോ മരുമക്കളോ ആരും വിദേശത്തുനിന്നു വരാനില്ലെങ്കിലും, മക്കളും നാട്ടുകാരും കൂടിചുരുങ്ങിയത് രണ്ടു ദിവസമെങ്കിലും മോര്‍ച്ചറിയില്‍ സൂക്ഷിക്കും. മരിച്ച് ഇരുപത്തിനാലു മണിക്കൂറിനകം മാന്യമായൊരു സംസ്‌ക്കാരം ലഭിക്കുന്നവര്‍ തീരെ സ്റ്റാറ്റസില്ലാത്ത കൊള്ളരുതാത്തവരാണെന്നു വന്നിരിക്കുന്നു.
            മരണവുമായിബന്ധപ്പെട്ട അനിവാര്യമായ ഒരു നാടന്‍ കലാരൂപമാണ് മൈക്ക് അനൗണ്‍സ്‌മെന്റ്. വീടിനോ വീട്ടുകാര്‍ക്കോ, നാടിനോ നാട്ടുകാര്‍ക്കോ വേണ്ടാതെ കര്‍മദോഷിയായി കാലം കഴിച്ച് എടുത്താല്‍ പൊങ്ങാത്ത കടവും അപമാനവും മക്കള്‍ക്കു സമ്മാനിച്ച് കാലംചെയ്തവനെയും മഹത്വവല്‍ക്കരിക്കുന്ന വേളയാണ് സംസ്‌ക്കാരദിവസമുളള അനൗണ്‍സ്‌മെന്റ്. ഡെത്ത് ദി ലെവലര്‍ എന്ന് കവി ദീര്‍ഘദര്‍ശനം ചെയ്തത് കേരളത്തില്‍ അവതരിക്കാനിരുന്ന ചരമഅനൗണ്‍സ്‌മെന്റിനെ മനസില്‍ക്കണ്ടായിരിക്കണം. രണ്ടുതൊണ്ണൂറു വിട്ടിട്ട് അനൗണ്‍സ്‌മെന്റ് കലാകാരന്‍ വിലാപശബ്ദത്തില്‍ കണ്ഠമിടറി നടത്തുന്ന അനൗണ്‍സ്‌മെന്റിനനുസരിച്ചാണ് പരിപാടിയുടെ പ്രതിഫലം.
           പരേതന്‍ രാഷ്ട്രീയം കൊണ്ടോ, സമുദായവശാലോ ഏതെങ്കിലും തരത്തില്‍ അല്പം പൊതുക്കാര്യപ്രസക്തനായിരുന്നെങ്കില്‍ സംസ്‌ക്കാരദിവസം നാട്ടിലെ മാടക്കടക്കാരന്റെയും കാപ്പിക്കടക്കാരന്റെയും കഞ്ഞികുടി മുട്ടിയതുതന്നെ. കാരണം അന്നുച്ചയ്ക്കു ശേഷം നാട്ടില്‍ ഹര്‍ത്താല്‍ അനുഷ്ഠിക്കുന്നതായിരിക്കും. മറ്റു കൊടികളൊന്നും കെട്ടാന്‍ വയ്യാത്തതുകൊണ്ട് നാടുനീളെ കറുത്ത കൊടിതോരണങ്ങള്‍ കൊണ്ട് അലങ്കരിച്ചിരിക്കും. ഏറ്റവും പുതിയ വിവരമനുസരിച്ച് ഹര്‍ത്താലില്‍ കൈവിഷം കൊടുത്ത ഈ നാടിനെ ഗിന്നസ് ബുക്ക് റെക്കോഡുകാര്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.
ജീവിച്ചിരിക്കുമ്പോള്‍ തുള്ളിവെള്ളം കൊടുക്കാത്ത മക്കളാണെങ്കിലും അപ്പന്റെയോ അമ്മയുടെയോ മരണം നടന്നാല്‍ കൊട്ടാന്‍ മുന്തിയ ബാന്റൂസെറ്റുകാരനെയും പാടാന്‍ ഗാനമേളക്കാരനെയും വിളിക്കും. ഗാനമേളക്കാരന് അസൗകര്യം വന്നാല്‍ അപ്പന്‍ ഒരു ദിവസം കൂടി മോര്‍ച്ചറിയില്‍ ഇരുന്നതുതന്നെ. എന്നാലും നല്ല പാട്ടുകേട്ട് കുഴിയിലോട്ടു പോകാമല്ലോ! നാട്ടിലെ കെളവന്‍മാരെല്ലാം ഡ്രൈവിംഗ് പഠിക്കുന്നത് ആരുടെയെങ്കിലും ശവമടക്കുദിവസമാണ്. മക്കള്‍ മേടിച്ചിട്ടിരിക്കുന്ന മാരുതിയുമെടുത്ത് ധൈര്യപൂര്‍വ്വം ഇറങ്ങാന്‍ പറ്റുന്ന ദിവസം ഇതൊന്നേയുളളൂ. മറ്റു വണ്ടികളൊന്നും നിരത്തിലുണ്ടാവുകയില്ല; ഉള്ള വണ്ടിയൊക്കെ അഞ്ചു കിലോമീറ്റര്‍ സ്പീഡിലും! റോഡിലെ ഗതാഗതം തടയാന്‍ കൈകാണിക്കുന്നവന്റെ വിചാരം താന്‍ ട്രാഫിക്ക് എസ്.ഐ. ആയെന്നാണ്. വാഹനയാത്രക്കാര്‍ മോന്തയ്ക്കിട്ടു പൊട്ടിക്കാത്തത് ശവത്തോടുളള മാന്യതയോര്‍ത്താണ്.
            സന്തോഷിക്കാനും സന്തപിക്കാനും മദ്യം കേരളത്തില്‍ ഒരു അവശ്യവസ്തുവാണ്. കുഴിവെട്ടുകാരനും മാവുവെട്ടുന്നവനും കുപ്പി പൊട്ടിച്ചു മാത്രമേ പണി തുടങ്ങുകയുള്ളൂ. ആവതുളള മിക്ക ആണ്‍മക്കള്‍ക്കും ജാതി-മതഭേദമെന്യേ അല്പം വീര്യമില്ലെങ്കില്‍ ദുഖം ഘനീഭവിക്കുകയില്ല. മുന്‍കാലങ്ങളില്‍ വീടുമായി അടുപ്പമുളളവര്‍ സൗജന്യമായി ചെയ്തിരുന്ന പണികളെല്ലാം ഇന്ന് വന്‍തുക കൊടുത്തു വേണം ചെയ്യാന്‍. 'കൊമ്പന്‍ നിന്നാലും ചത്താലും ലക്ഷം' എന്ന ചൊല്ലു പോലെയാണ് ഇന്നു മനുഷ്യന്റെ കാര്യം. കിടന്നു പോയാല്‍ ആശുപത്രിക്കാര്‍ സ്ലോട്ടര്‍ ചെയ്യും;തട്ടിപ്പോയാല്‍ സര്‍വ ചെലവിനും കൂടി കുറഞ്ഞത് ലക്ഷമെങ്കിലും വേണ്ടി വരും. ചാണകവറളി ഉപയോഗിക്കുമ്പോള്‍ മാവുവെട്ടുകാരന്‍ തൊഴില്‍ നഷ്ടത്തിന് നോക്കുകൂലി ചോദിക്കുന്ന ദിവസം അധികം അകലെയല്ലെന്നു തോന്നുന്നു.
           മരിച്ച് പതിനാറു കഴിഞ്ഞാല്‍ അശുദ്ധിയെല്ലാം കഴിഞ്ഞു എന്ന സങ്കല്പത്തിലാണ് അടിയന്തിര ദിവസം കാപ്പിയും മറ്റും ഒരുക്കുന്നത്. ചിലര്‍ കാപ്പി കുടിക്കും കഴിക്കുകയില്ല. മറ്റു ചിലര്‍ വരും വെള്ളം പോലും കുടിക്കുകയില്ല. മരണവീട്ടില്‍ വന്ന ശേഷം താന്‍ ജലപാനം പോലും നടത്തുകയില്ലെന്ന് മറ്റുള്ളവരെ കാണിക്കുന്നതിലാണ് ചിലരുടെ ആഢ്യത്വം. ഇതേ വിദ്വാന്‍ തന്നെ ഷാപ്പില്‍ കയറിയാല്‍ ഏതു ശവവും കറിവെച്ചു കിട്ടിയാല്‍ കഴിക്കുകയും ചെയ്യും!
           ആയതിനാല്‍ പരേതര്‍ക്കും പരേതരാകാനിരിക്കുന്നവര്‍ക്കും വേണ്ടി അടിയന്‍ ഒരു അടിയന്തിരപ്രമേയമവതരിപ്പിക്കാന്‍ അനുമതി ചോദിക്കുകയാണ്. അനുമതി തന്നില്ലെങ്കിലും പെട്ടെന്നു വിളിച്ചു പറയാനുള്ളതേയുളളു കാര്യം. കൊല്ലരുതനിയാ പരേതരെ കൊല്ലരുത്.

2010 ജൂലൈ 3, ശനിയാഴ്‌ച

അര്‍ജന്റീനാ മരണം; മറഡോണാ മടക്കം

      ഹിറ്റ്‌ലറുടെ സാമ്രാജ്യത്തിന് ഗോള്‍ മഴ. അര്‍ജന്റീനയുടെ മേല്‍ കല്ലു മഴ. വിധിയുടെ അലംഘനീയമായ തീര്‍പ്പ്. ഭാഗ്യദേവതയുടെ മാദകചുംബനം. ജര്‍മനിക്ക് നാലുഗോള്‍. കളി കഴിഞ്ഞിട്ടില്ല. വാഗതീതമായ വിളയാട്ടങ്ങളേ സ്വസ്തി!

2010 ജൂലൈ 2, വെള്ളിയാഴ്‌ച

ഫുട്‌ബോള്‍ ദൈവങ്ങളെ ഗ്രഹണം ഗ്രസിച്ചു

       ഗ്രീക്കുകാര്‍ വിശ്വസിക്കുന്നത് എല്ലാ ദിവസവും ഒളിമ്പസ് പര്‍വ്വതത്തിന്റെ മുകളില്‍ രാത്രിയില്‍ ദൈവങ്ങള്‍ ഒത്തുകൂടുമെന്നാണ്. അവര്‍ കൂടിയിരുന്ന് ചര്‍ച്ച ചെയ്താണ് പിറ്റേ ദിവസം ഏതെല്ലാം മനുഷ്യരെ ദുരിതങ്ങളിലേക്ക് വലിച്ചിഴയ്‌ക്കേണ്ടതെന്ന് നിശ്ചയിക്കുന്നതത്രേ. ഇന്നലെ രാത്രി ഗ്രീക്ക് ദൈവങ്ങള്‍ ഐകകണ്‌ഠേന തീരുമാനിച്ചത് ഭൂമിയിലെ ഫുട്‌ബോള്‍ ദൈവങ്ങളെ നിലയില്ലാക്കയങ്ങളിലേക്ക് തള്ളിയിടാനാണ്. ഷേക്‌സ്പീയറുടെ മക്ബതിലെ ത്രീ വിച്ചസിനെപ്പറ്റി പറയുന്നതു പോലെ ഭൂമിയിലെ ഫുട്‌ബോള്‍ പ്രവചനക്കണിയാന്‍മാരുടെ വിലയിരുത്തലുകള്‍ ചെറിയ കാര്യങ്ങളില്‍ ശരിയായിത്തീരുകയും വലിയ കാര്യത്തില്‍ പിഴയ്ക്കുകയും ചെയ്തു.
        ബ്രസീല്‍ അര്‍ജന്റീനയുമായി ഫൈനലില്‍ ഏറ്റുമുട്ടിയാല്‍ ആരു ജയിക്കുമെന്നും ജര്‍മനിയാണെങ്കില്‍ എന്തായിരിക്കും സംഭവിക്കുകയെന്നും മറ്റുമായിരുന്നു ആകവടി വെച്ചുളള പ്രവചനങ്ങള്‍. വെറുംകവടിപ്രയോഗമാണെന്നു പറയാന്‍ കാരണം ഒന്നര മണിക്കുര്‍ പോയിട്ട് ഒന്നര മിനുട്ട് തുടര്‍ച്ചയായി ഓടാന്‍ കഴിയാത്ത മലയാളിക്ക് പ്രവചനം നടത്തുകയല്ലാതെ വേറെന്താണ് കഴിയുക. പക്ഷേ ബ്രസീല്‍ ക്വാര്‍ട്ടര്‍ കടക്കുമോ എന്ന കാര്യം ആരും കണക്കിലെടുത്തില്ല. ബ്രസീലിനെ ആരാധകരെല്ലാം മിക്ക ലോകകപ്പിലും നേരിട്ട് ഫൈനലിലേക്ക് എടുത്തെറിയുകയാണ് പതിവ്. നിര്‍ണായക മത്സരത്തില്‍ പരാജയം രുചിച്ചപ്പോള്‍ ബ്രസീലിയന്‍ കളിക്കാരുടെ തനിസ്വരൂപം തെളിഞ്ഞു കാണാന്‍ കഴിഞ്ഞു.അവരുടെ വിനയവും ഡീസന്‍സിയും ഓസ്‌ക്കാറിന് അര്‍ഹമാണ് എന്നതാണ് യാഥാര്‍ത്ഥ്യം. എങ്കിലും അവരുടെ പരാജയത്തില്‍ എന്റെ വക ഒരു പാത്രം മുതലക്കണ്ണീര്‍!

2010 ജൂലൈ 1, വ്യാഴാഴ്‌ച

മന്‍മോഹന്‍ എനിക്ക് ജ്യേഷ്ഠതുല്യന്‍

         എന്റെ ജ്യേഷ്ഠന്‍ 17ാം വയസ്സില്‍ വടക്കേ ഇന്ത്യയ്ക്കു പോയി. അമ്മാവന്‍ വാങ്ങിക്കൊടുത്ത ഒരു പാന്റും ഷര്‍ട്ടുമായിരുന്നു ജ്യേഷ്ഠന്റെ മൂലധനം. മണ്ണെണ്ണവിളക്കിന്റെ വെളിച്ചത്തിരുന്നായിരുന്നു അദ്ദേഹം പഠിച്ച് പത്താംതരം പാസ്സായത്. പിന്നീട് ഹോട്ടലില്‍ റിസപ്ഷനിസ്റ്റായി തുടങ്ങി സി.എ.,ഐ.സി.ഡബ്ലിയൂ.എ.,കമ്പനിസെക്രട്ടറി കോഴ്‌സ് ഒക്കെ പാസായി ദല്‍ഹിയിലും ദുബായിലും ജോലി ചെയ്ത് ഇപ്പോള്‍ ലണ്ടനിലാണ്. ഒരിക്കല്‍ നാട്ടില്‍ വന്നപ്പോള്‍ ചരിത്രത്തിലെ മായ്ച്ചാലും മായാത്ത പാന്റിന്റെ കടം അദ്ദേഹത്തെ ഉളളുകൊണ്ട് നോവിച്ചു. അമ്മാവന് ഒരു ഫ്രിഡ്ജ് വാങ്ങിക്കൊടുത്താലോ എന്ന് എന്നോടു ചോദിച്ചു. തെക്കേടത്തെ കൊച്ചുപെമ്പിളയ്ക്ക് കൊടുക്കാനുണ്ടായിരുന്ന പത്തു വറ്റല്‍ മുളകിന്റെയും, പടിഞ്ഞാറേതിലെ ലക്ഷ്മിക്ക് കൊടുക്കേണ്ടിയിരുന്ന ഇരുന്നാഴിയരിയുടെയും കടം എങ്ങനെ കൊടുത്തു തീര്‍ക്കും എന്നു ഞാന്‍ തിരിച്ചു ചോദിച്ചു. അവരിരുവരും അതൊന്നും തിരികെ വാങ്ങാതെ ജീവിതരംഗവേദിയിലെ വേഷം ഉപേക്ഷിച്ചിട്ട് കാലം കുറേയായിക്കഴിഞ്ഞിരുന്നു. ഭൂതകാലത്തിന്റെ വലിച്ചെറിയാന്‍ കഴിയാത്ത കെട്ടുപാടുകള്‍ അങ്ങനെയൊക്കെയാണ്. ജ്യേഷ്ഠന്‍ ഇന്ത്യയില്‍ ജീവിക്കുമ്പോള്‍ മുതല്‍ സഥിരം ആകാശയാത്രികനും എണ്ണപ്പെട്ടവരുടെയും സമ്പന്നരുടെയും സുഹൃത്തുമായിരുന്നു. അങ്ങനെയായിരിക്കാം പലപ്പോഴും പണം അമ്മയ്ക്ക് അയച്ചുകൊടുത്തിരുന്നെങ്കിലും അമ്മയെ ഫോണില്‍ വിളിക്കയോ സംസാരിക്കയോ ചെയ്യാത്ത രീതിക്കാരനായത്. 81 വയസ്സായ അമ്മയ്ക്ക് പണം ഒരു അവശ്യവസ്തുവായിരുന്നില്ല. വാര്‍ദ്ധക്യത്തിന്റെ അവസാന നാളുകളില്‍ താന്‍ ഇപ്പോഴും ആരൊക്കെയോ ഉളള  ഒരാളാണെന്ന തോന്നല്‍ അവര്‍ക്ക് സുരക്ഷിതത്വം നല്‍കുമായിരുന്നു. ഇങ്ങനെയൊരു വൃദ്ധയുടെ മകനാണ് താനെന്ന് മറ്റുളളവരോടു പറയുന്നതില്‍ ജ്യേഷ്ഠന് അപകര്‍ഷം തോന്നിയിരുന്നോ എന്നുപോലും നമുക്കു സംശയം തോന്നും. ആരാലും അന്വേഷിക്കപ്പെടാനില്ലാത്ത അനാഥവാര്‍ദ്ധക്യത്തിന്റെ വേദന മനസ്സിലാക്കാന്‍ കഴിയുന്ന നിര്‍മ്മലവികാരങ്ങള്‍ അദ്ദേഹത്തിന് കൈമോശം വന്നു പോയിരുന്നു.
         ആധുനിക കാലഘട്ടത്തില്‍ പത്രവാര്‍ത്തകളെയൊന്നും അമിതമായി വിശ്വസിക്കാന്‍ കഴിയില്ല. എങ്കിലും മണ്ണെണ്ണയ്ക്കും പാചകവാതകത്തിനും ഇന്ധനത്തിനും വിലകൂട്ടിയ ശേഷം ഇന്ത്യന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് നടത്തിയ പ്രസ്താവന വേദനാകരവും നിര്‍ഭാഗ്യകരവുമായിപ്പോയി. ജനപ്രിയതയ്ക്കു വേണ്ടി നയതീരുമാനങ്ങള്‍ കൈക്കൊണ്ടാല്‍ ഇന്ത്യയുടെ വികസനം സാദ്ധ്യമാവില്ല എന്നായിരുന്നു ആ പ്രസ്താവത്തിന്റെ കാതല്‍. മുന്‍പ് നേത്രശസ്ത്രക്രിയ നടത്തുമ്പോള്‍ അദ്ദേഹം പറഞ്ഞിരുന്നു മണ്ണെണ്ണവിളക്കിന്റെ വെളിച്ചത്തിരുന്നു വായിച്ചതുകൊണ്ടാണ് തന്റെ കാഴ്ച പില്ക്കാലത്തു കുറഞ്ഞുപോയതെന്ന്. ഇന്നും ജനസംഖ്യയുടെ പകുതിയിലധികവും ജനങ്ങള്‍ രാത്രിയില്‍ കാണുന്ന വെളിച്ചം എന്താണെന്നു നേരിട്ടു മനസ്സിലാക്കിയ ഇന്ത്യന്‍ പ്രധാനമന്ത്രിയെപ്പറ്റി അഭിമാനം തോന്നിയ നിമിഷമായിരുന്നു അത്. പക്ഷേ ഇന്നദ്ദേഹം എനിക്ക് ജ്യേഷ്ഠനെപ്പോലെയാണ്.
       ഇന്ത്യയിലെ സാധാരണ ജനത്തെയും അവരുടെ ഇല്ലായ്മകളെയും ലാക്കാക്കിയല്ലാതെ ഏതു ശവങ്ങളുടെ പതിനാറടിയന്തിരം ആഘോഷമാക്കി മാറ്റാനാണ് ഹേ മണവും ഗുണവുമില്ലാത്ത സിക്കുകാരാ നിങ്ങള്‍ ഈ ഭരണയന്ത്രം പാടുപെട്ടു തിരിയ്ക്കുന്നത്? ഒരു നേരം ചോളമാവു കുഴച്ചു തിന്ന് ജീവിതം പോക്കുന്ന ബീഹാറിയും, പട്ടിണി കിടന്നു ചാകുന്ന വയനാട്ടിലെ ആദിവാസിയും ഇന്ത്യയുടെ കൊടിയടയാളങ്ങളാണ്. ഇതു മനസ്സിലാക്കാതെ ഈ അധമമനോഭാവവും പേറി സോണിയയുടെ മൂടുതാങ്ങി നടക്കുന്ന നിങ്ങള്‍ ചരിത്രത്തിന്റെ ചവറ്റുകുട്ടയില്‍ കീറിപ്പറന്നുവീണ ഒരു കൗപീനമായി അവശേഷിക്കും.