നോവല്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
നോവല്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2010 ജൂൺ 5, ശനിയാഴ്‌ച

സത്യം ശിവം സുന്ദരം

ലങ്കേശ്വരന്‍ 3
     കാലത്തിന്റെ മഹാപ്രവാഹത്തില്‍ കര,കടലും; കടല്‍ കരയുമായിക്കൊണ്ടിരുന്നു. അഗ്നിപര്‍വതങ്ങള്‍ പുകയുകയും ചിതറിത്തെറിക്കുകയും ചെയ്തു. പ്രചണ്ഡവാതങ്ങള്‍ കാലങ്ങളോളം മഹാമാരിയുതിര്‍ത്തു. കല്പാന്തകാലത്തെ ഓര്‍മ്മിപ്പിക്കുമാറ് പര്‍വതശിഖരങ്ങളോളം പ്രളയജലം ഉയരുകയും താഴുകയും ചെയ്തു.
പ്രകൃതിയുടെ ചിരന്തനമായ ക്ഷോഭത്തിന്റെ ഉച്ചസ്ഥായിയില്‍, ഉരുള്‍പൊട്ടലും ഉല്‍ക്കാപതനവും നടന്നിരുന്ന ഏതോ ഗ്രഹമൗഢ്യത്തില്‍, സൗരയൂഥത്തിന്റെ നിയതപഥത്തില്‍ നിന്നുളള അപഭ്രംശം മൂലം ഗതി തെറ്റിയ ഏതോ ഉപഗ്രഹത്തിന്റെ ആകര്‍ഷണവലയത്തില്‍ പെട്ടപ്പോള്‍ മഹാമേരുവിന്റെ ശിഖരമായ ത്രികൂടം ആടിയുലഞ്ഞു. അടര്‍ന്നുമാറി ആഴിയില്‍ പതിച്ച ത്രികൂടപര്‍വ്വതം സമുദ്രയോനിയില്‍ വീണ ഭൗമബീജം പോലെ ആഴത്തില്‍ ഉരുണ്ടുകൂടി അണ്ഡമായി, ഗര്‍ഭമായി, ഭൂവായി, ആവാസഭൂമിയായി, ജനപദങ്ങളായി, നഗരിയായി, മഹാനഗരിയായി, ലങ്കയായി.
     ലോകൈകശില്പിയായ മയന്റെ മനോമുകുരത്തില്‍ തെളിഞ്ഞുവന്ന രമ്യഹര്‍മ്യങ്ങള്‍ കുണ്ടും കുഴിയും ഗര്‍ത്തങ്ങളും ഗഹ്വരങ്ങളും നിറഞ്ഞ ത്രികൂടാചലത്തിന്റെ ഉച്ചിയില്‍ യാഥാര്‍ത്ഥ്യമാകുകയായിരുന്നു. മഹാമേരുവിന്റെ മൂര്‍ദ്ധാവിലുളള ത്രികൂടത്തിന്റെ തിരുനെറ്റിയിലാണ് നവരത്‌നശൃംഗം. ഉത്തുംഗമായ നവരത്‌നശൃംഗത്തിന്റെ വിശാലമായ ഉപരിതലത്തില്‍ ലങ്കാനഗരി തല ഉയര്‍ത്തി നില്‍ക്കുന്നു.
മായാനഗരിയായ ലങ്ക അജയ്യനായ പുതിയ അധികാരിയുടെ നിഴലില്‍ ഗര്‍വ്വോടെ നിന്നു. ദൈത്യ-ദാനവകുലങ്ങളിലാര്‍ക്കും വെല്ലാന്‍ അസാദ്ധ്യമെന്ന് മൂവുലകും വിധിയെഴുതിയ രാവണനാണ് ലങ്കാധിപതി. മഹാരാജാവായി ചുമതലയേറ്റ രാവണന്‍ തലസ്ഥാന നഗരിക്കു ചുറ്റും ഒരു വന്‍ കോട്ട പണികഴിപ്പിച്ചു. നാലുവശവും കിടങ്ങുകളോടുകൂടിയ ഈ കോട്ടയെയും കടന്നുകയറാന്‍ പറ്റാത്ത മഹാസൗധങ്ങളെയും കാലവും ജനങ്ങളും രാവണന്‍ കോട്ടയെന്നു വിളിച്ചു.
     പ്രവേശനഗോപുരം കടന്നുചെന്നാല്‍ കോവിലകത്തിന്റെ പാര്‍ശ്വത്തില്‍, നഗരത്തില്‍ എവിടെനിന്നു നോക്കിയാലും കാണാവുന്ന അതിമനോഹരമായ ഒരു സ്വര്‍ണത്താഴികക്കുടം കാണാം. ഗോപുരവും കഴിഞ്ഞ് ഒത്തമദ്ധ്യത്തില്‍ പത്തുനിലമാളികയായി പണികഴിപ്പിച്ചിരിക്കുന്ന നവരത്‌നഖചിതമായ മഹാസൗധത്തിലാണ് ലങ്കേശന്‍ വാണരുളുന്നത്. ഇതിനുചുറ്റും എട്ടുദിക്കുകളിലുമായി മന്ത്രിമാരുടെ മാളികകള്‍. മന്ത്രിമന്ദിരങ്ങള്‍ നവരത്‌നങ്ങളില്‍ ഓരോന്നിനു പ്രാമുഖ്യം നല്‍കിയാണ് നിര്‍മ്മിച്ചിരിക്കുന്നത്. പദ്മരാഗം, ഇന്ദ്രനീലം തുടങ്ങിയ രത്‌നങ്ങള്‍ മന്ത്രിമന്ദിരങ്ങളെ അലങ്കരിക്കുമ്പോള്‍ ആദിത്യഹൃദയം ഉളളിലൊളിപ്പിച്ച മാണിക്യം പ്രധാനമായും കൂടാതെ മറ്റു വിശിഷ്ടരത്‌നങ്ങളും മഹാരാജാവിന്റെ മാളികയ്ക്ക് ചാരുത നല്‍കുന്നു. രത്‌നശാസ്ത്രത്തില്‍ അവഗാഹമുണ്ടായിരുന്ന രാവണന്‍ നവരത്‌നഖചിതമായ മാളികകള്‍ക്കു നടുവില്‍ വാണരുളി. അദ്ദേഹത്തിന്റെ കൊട്ടാരസമുച്ചയത്തിന് ലങ്കയില്‍ നവഗ്രഹങ്ങളുടെ സ്ഥാനമായിരുന്നു.
     കോട്ടയ്ക്കു വെളിയില്‍ കൊട്ടാരത്തിന്റെ സുരക്ഷയ്ക്കായി കുഴിച്ചിരിക്കുന്ന കിടങ്ങ്. കോട്ടമതിലിനു മുകളിലൂടെ കാണുന്ന സ്വര്‍ണത്താഴികക്കുടം. കൊട്ടാരത്തിനു വെളിയില്‍ അംബരചുംബികളായ വെണ്‍മാടങ്ങള്‍! പൂക്കള്‍ ചിതറിക്കിടക്കുന്ന രാജപാതകള്‍. പാതകള്‍ക്കിരുവശത്തും സഞ്ചാരികള്‍ക്കു തണലേകുന്ന പൂമരങ്ങളും ഫലവൃക്ഷങ്ങളും. അവിടവിടെയായി വിശ്രമമണ്ഡപങ്ങള്‍. സൂക്ഷിപ്പുകാരും സേവകരും കാത്തുനില്‍ക്കുന്ന സത്രങ്ങള്‍. കുടമണികള്‍ കിലുക്കി പോകുന്ന കുതിരവണ്ടികള്‍. തിരക്കിട്ടുപോകുന്ന വൈശ്യപ്രമുഖര്‍. വെണ്‍മാടങ്ങളിലെ കിളിവാതിലുകളില്‍ ലാസ്യശൃംഗാരങ്ങള്‍ മിന്നിമറയുന്ന വേശത്തരുണിമാരുടെ മുഖങ്ങള്‍.
     സദാ മുട്ടിയുരുമ്മി കടന്നുപോകുന്ന കടല്‍ക്കാറ്റ്. നാനാവര്‍ണങ്ങളില്‍ സുരഭിലമായ പൂക്കളും പൂക്കൂടകളുമായി വില്പനക്കാര്‍. കുളിച്ചുകുറിയിട്ട് ക്ഷേത്രദര്‍ശനം കഴിഞ്ഞുവരുന്ന ബ്രാഹ്മണരും സ്ത്രീകളും. വിവിധാകൃതിപൂണ്ട ഭവനങ്ങള്‍! മന്ദിരങ്ങള്‍! മട്ടുപ്പാവുകളില്‍ നിന്നുയരുന്ന സ്വരസാധകങ്ങള്‍. മണിവീണനാദത്തിന്റെ അകമ്പടിയോടെ ആര്‍ദ്രമായ കീര്‍ത്തനങ്ങള്‍! ചിലങ്കകളുടെ താളനിബദ്ധമായ പദനിസ്വനം. ഉന്നതകുലജാതകളായ തരുണിമാര്‍ തോഴിമാരോടൊത്തു നീങ്ങുമ്പോള്‍ ഉയരുന്ന അരഞ്ഞാണക്കിലുക്കം.
     ഇടയ്ക്കിടെ പാഞ്ഞുപോകുന്ന അശ്വാരൂഢരായ പടയാളികള്‍. വ്യാപാരികളായും മറ്റും വേഷപ്രച്ഛന്നരായി നടക്കുന്ന ചാരപ്രമുഖര്‍, മന്ത്രങ്ങള്‍ ഉരുവിട്ടു നടക്കുന്ന കാഷായധാരികള്‍, ദണ്ഡായുധപാണികള്‍ ഇങ്ങനെ എല്ലാത്തരക്കാരെയും രാജപാതയില്‍ കാണാം. ദിവ്യപ്രഭ ചൊരിയുന്ന കൊട്ടാരം. മധുരമായ ഗാനങ്ങളും, ഉചിതതാളങ്ങളും അസുരവാദ്യങ്ങളും ഉയര്‍ന്നു കേള്‍ക്കുന്ന മന്ദിരം. ചന്ദനഗന്ധം അലയടിക്കുന്ന അന്തരീക്ഷം. കൊട്ടാരാങ്കണത്തില്‍ തയ്യാറായിക്കിടക്കുന്ന രഥങ്ങള്‍, ചിനയ്ക്കുന്ന കുതിരകള്‍, അനുസരണയോടെ നില്‍ക്കുന്ന ഗജവീരരും പാലകരും, മകുടങ്ങള്‍ക്കു മീതേ കൂടി പറന്നു പോകുന്ന പക്ഷിജാലം. ലങ്കാനഗരത്തിന്റെ ധവളശോഭയില്‍, ശില്പസൗകുമാര്യതയുടെ പൂര്‍ണതയില്‍, മാനവവിജയത്തിന്റെ വെന്നിക്കൊടികള്‍ക്കു മീതെ -ലങ്കേശ്വരന്റെ കൊട്ടാരത്തിനു മീതെ- കടന്നു പോകുമ്പോള്‍ ആദിത്യദേവനും ലജ്ജ കലര്‍ന്ന മൗഢ്യത്തിലാണോ എന്നു സംശയം?
     ധ്യാനത്തിനായി വിശ്രവസ്സ് കണ്ടെത്തിയ വനാന്ത നിശബ്ദതയിലാണ് കൈകസി രാവണനെ പ്രസവിച്ചത്. ഇടതിങ്ങിയ മരങ്ങളുടെ ഇലച്ചാര്‍ത്തുകള്‍ സൃഷ്ടിച്ച തമസ്സില്‍ വന്യതയില്‍ ഉദിച്ച സൂര്യന്‍ എന്ന അര്‍ത്ഥത്തിലാണ് പിതാവ് മകന് 'രാ - വന' എന്നു പേരിട്ടത്. സൂര്യന്റെ പ്രകാശം പ്രപഞ്ചം മുഴുവന്‍ പരക്കുമ്പോള്‍ തന്റെ കീര്‍ത്തി ലോകം മുഴുവന്‍ എത്തട്ടെ എന്നായിരുന്നു രാവണന്റെ മനോഗതി.
സമ്പത്തും ഐശ്വര്യവും കീര്‍ത്തിയും ലങ്കയ്ക്ക് സ്ഥിരമായി അധീനമായപ്പോള്‍ ഐശ്വര്യദേവതയായ വിജയലക്ഷ്മി ലങ്കയുടെ ഗോപുരവാതില്ക്കല്‍ രാവണന്റെ ദാസിയായി കാവല്‍നില്‍ക്കുകയാണെന്ന് പ്രചരിക്കപ്പെട്ടു. തന്നെക്കുറിച്ചും തന്റെ കൊട്ടാരത്തെക്കുറിച്ചും പ്രചരിക്കുന്ന കെട്ടുകഥകള്‍ കേട്ട് രാവണന്‍ ഊറിച്ചിരിച്ചു.
     രാജ്യത്തിന്റെ അസ്ഥിവാരമുറച്ചപ്പോള്‍ രാവണന്‍ നാനാ ദിക്കിലേക്കും പടനയിച്ചു. ചക്രവര്‍ത്തിമാര്‍ മുതല്‍ സാമന്തന്‍മാര്‍ വരെ പരാജയം സമ്മതിച്ചു തല കാത്തു. വിജയത്തിനു മാത്രം അകമ്പടി സേവിച്ച് നൂറുകണക്കിനു പടയാളികളുടെ ശിരസ്സറുത്ത ചന്ദ്രഹാസം പരമശിവന്‍ നേരിട്ടു നല്‍കിയതാണെന്നു പരാജയപ്പെട്ട രാജാക്കന്‍മാര്‍ വിശ്വസിച്ചു. പോരില്‍ വിജയങ്ങള്‍ കൊണ്ടുമാത്രം അനുഗ്രഹിക്കപ്പെട്ട രാവണന്‍ ലങ്കാധിപനായപ്പോള്‍ ലങ്കയുടെ മണ്ണില്‍ പരാജയങ്ങള്‍ മാത്രം ഏറ്റുവാങ്ങി ഒളിവില്‍ കഴിഞ്ഞിരുന്ന വീരന്‍മാര്‍ പലരും മാളങ്ങള്‍ വിട്ടു പുറത്തിറങ്ങി. പൂര്‍വപരാജിതരുടെ പോരാട്ടവീര്യം രാവണനെ ലങ്കയുടെ ഈശ്വരനാക്കി.

2010 മേയ് 24, തിങ്കളാഴ്‌ച

പ്രണയപയോധിയില്‍

ലങ്കേശ്വരന്‍ 2
     രാവണന് തന്റെ വിഹഗവീക്ഷണത്തില്‍ ദൂരെ കരിമ്പനക്കൂട്ടങ്ങള്‍ നിറഞ്ഞ മറുകര ദൃശ്യമായി. വനാന്തര്‍ഭാഗത്ത് വിരിഞ്ഞു നില്‍ക്കുന്ന അപൂര്‍വ്വ പുഷ്പങ്ങളുടെ ഗന്ധവും വഹിച്ചുകൊണ്ട് കാറ്റ് ഒഴുകിയെത്തി. നീണ്ടുകിടക്കുന്ന പാമ്പിനെപ്പോലെ കടപ്പുറം കാണായി.
     മരങ്ങള്‍ നിറഞ്ഞ കടപ്പുറം ഹരിതാഭമായി കാണപ്പെട്ടു.പുഷ്പകം ഒരു വേനല്‍ തുമ്പിയേപ്പോലെ ആകാശത്തില്‍ ഉയര്‍ന്നും താണും സഞ്ചരിച്ചുകൊണ്ടിരുന്നു. ജലപ്പരപ്പും മരക്കൂട്ടങ്ങളും നിറഞ്ഞ ഭൂഭാഗത്തിന്റെ വ്യോമവീക്ഷണം അത്യന്തം രാമണീയകമായിരുന്നു.
      കാനനമദ്ധ്യത്തില്‍ മരങ്ങള്‍ ഒഴിഞ്ഞ പുല്‍പ്പരപ്പിലേക്ക് വിമാനം താഴ്ന്നിറങ്ങി. ചക്രവര്‍ത്തിമാരുടെ അതിമോഹാരണ്യത്തില്‍ നിറഞ്ഞു നിന്ന പുഷ്പകം ഇവിടെ പുല്‍മേട്ടില്‍ ഒരു പുതിയ വന്യജീവിയേപ്പോലെ തോന്നിച്ചു. സാരഥിയും, യാത്രികനും, യജമാനനും ഒക്കെയായ രാവണന്‍ യാനത്തില്‍ നിന്നും ഇറങ്ങി. കാലടികള്‍ക്ക് അന്യമാകേണ്ട മറുനാട്ടിലെ വഴികള്‍ യുവരാജന്റെ മുന്‍പില്‍ ചിരപരിചിതരെപ്പോലെ കിടന്നു. ലക്ഷ്യത്തെ കൂടുതലറിയുന്ന കാലടികള്‍ വഴികളെ അപരിചിതരെപ്പോലെ ഭാവിച്ചു. യാത്രികന്‍ ഒരു നദിക്കരയില്‍ ചെന്നെത്തി.
     ഘനശ്യാമമാര്‍ന്ന വന്യ നിശബ്ദതയില്‍ ഒരു ഭീമന്‍ വണ്ടിന്റെ മുരള്‍ച്ചയ്ക്ക് കാതോര്‍ത്ത് വനദേവതയേപ്പോലെ സുന്ദരിയായ വേദവതി! മറ്റൊരു വണ്ടിന്റെ സാമീപ്യവും അക്ഷമയോടെയുളള പരിരംഭണവും കാത്ത് ആ കാട്ടുപൂവ് ശിരസ്സുയര്‍ത്തി നിന്നു.
'വേദവതീ'
അവള്‍ തിരിഞ്ഞു നോക്കി. അദ്ഭുതവും ആകാംക്ഷയും ആശ്വാസവും ആ കണ്ണുകളില്‍ തിളക്കം പൂണ്ടു. നിവര്‍ത്തിയ കൈകളിലേക്ക്-ചാഞ്ഞു നിന്ന തരുവിന്റെ സ്വാഭാവിക പതനം പോലെ- അവള്‍ ചെന്നു.
'വേദവതീ........ എന്റെ ഹൃദയത്തോടു ചേര്‍ന്ന് ധൃതഗതിയിയിലുളള ചിറകടിയൊച്ച ഞാന്‍ കേള്‍ക്കുന്നു. കാണാതെ കഴിഞ്ഞ ദിനങ്ങളിലെ കഥകളും പരിഭവവും ഞാനറിയുന്നു. ക്ഷമിക്കൂ........ കര്‍മ്മബന്ധങ്ങളുടെ കെട്ടുപാടുകള്‍ എന്നെ ഒഴിവാക്കുകയില്ലല്ലോ?'
' എനിക്കു ഭയമാകുന്നു നാഥാ...... അല്‍പ്പനേരത്തെ ഈ അസുലഭ ഭാഗ്യം നല്‍കിയ സൗഭാഗ്യങ്ങള്‍ എനിക്ക് ഒളിക്കാവുന്നതിനും അപ്പുറത്തക്ക് വളരുകയാണ്. ഇത് സ്വപ്‌നമോ ജാഗരമോ എന്ന് എനിക്കും നിശ്ചയമില്ലാതായിരിക്കുന്നു. അമ്മയില്ലാതെ വളര്‍ന്ന എന്നോട് നിന്റെ നാഥനാരെന്ന് ചോദിക്കുമ്പോള്‍ ആകാശവും സമൂദ്രവും ചൂണ്ടിക്കാണിച്ചാല്‍ ആരു വിശ്വസിക്കും? താമസിയാതെ ശിരസ്സില്‍ പതിച്ചേക്കാവുന്ന പിതൃശാപം എന്നെ ഇപ്പൊഴേ നീറ്റാന്‍ തുടങ്ങിയിരിക്കുന്നു. പരിഹാസശരങ്ങള്‍ എന്നില്‍ തുളഞ്ഞു കയറുന്നു. നിസ്സഹായയായ ഇവളില്‍ ഭയം ഇരമ്പിയാര്‍ക്കുന്നു. എന്നെ ഉപേക്ഷിക്കരുത് പ്രഭോ '
      ചിതറിത്തെറിക്കാന്‍ തുടങ്ങുന്ന അഗ്നിശൈലത്തില്‍ നിന്നും ആരംഭത്തിലുണ്ടാകുന്ന അല്പമാത്ര ലാവാപ്രവാഹം പോലെ പ്രഥമദൃഷ്ട്യാ വേണ്ടത്ര ബന്ധമില്ലാത്ത കുറെ വാക്കുകള്‍ വേദവതിയില്‍നിന്നുയര്‍ന്നു. ആ അനാഘ്രാത വന്യതയില്‍ ഋഷിപുത്രി വിവശയയായി കാണപ്പെട്ടു. അനവദ്യസുന്ദരിമാര്‍ ജനപദങ്ങള്‍ക്കിടയില്‍ കാതോടുകാതോരം അപ്‌സരസ്സുകളായി മാറുന്ന നാട്ടില്‍ വേദവതി കാടിനെ പ്രാപിച്ചതില്‍ അദ്ഭുതമില്ല. എന്നാല്‍ വിധി തനിക്കു സമ്മാനിച്ച യുവസുന്ദരന്‍ ആരണ്യകങ്ങള്‍ക്കുമപ്പുറത്ത്, അലയാഴിക്കുമപ്പുറത്ത് അന്യനാട്ടില്‍നിന്നും ആകാശരഥമേറി വരുന്നുവെന്നത് അവള്‍ക്കും വിശ്വസിക്കുവാന്‍ കഴിയുന്നില്ല. മാസ്മരം പോലെ സൃഷ്ടിക്കപ്പെടുന്ന ഗന്ധര്‍വ്വലോകം കുറെ നിമിഷങ്ങള്‍ക്കുളളില്‍ മാഞ്ഞു പോകുന്നു.
      പ്രഥമ ദര്‍ശനത്തില്‍ ആരംഭിച്ച അനുരാഗം കുറെ അപൂര്‍വസമാഗമങ്ങള്‍ കൊണ്ട് പൂവണിഞ്ഞിരിക്കുന്നു. പ്രകൃതിയുടെ വരപ്രസാദം! വിധിയോട് സമയമായില്ല എന്നാര്‍ക്കു പറയാന്‍ കഴിയും?
'പ്രാണപ്രിയേ, ഗുരുകുലത്തില്‍ നിന്നും വന്ന ശേഷം എന്റെ യൗവ്വനത്തിന്റെ ഉഷ്ണദിനങ്ങള്‍ക്കും സാഹസപ്രിയതയ്ക്കും ഇടയില്‍ വന്നുപെട്ട പുതുപുഷ്പമാണ് നീ. ഒരേപോലെ കാണപ്പെടുന്ന കൊട്ടാരത്തിലെ സ്ത്രീജനങ്ങളെയൊഴിച്ച് അധികം സ്ത്രീകളെ ഞാന്‍ കാണാന്‍ തുടങ്ങിയിട്ടുപോലുമില്ല. കണ്ടമാത്രയില്‍ത്തന്നെ ഹൃദയത്തിന്റെ ഉളളറകളില്‍ നീ നിറഞ്ഞുപോയി. നിന്റെ ഭ്രമാത്മക സൗന്ദര്യം മറ്റാര്‍ക്കും വച്ചൊഴിയാന്‍ ഞാന്‍ ആഗ്രഹിച്ചില്ല. ആചാരപരമായി ബ്രഹ്മചര്യം അവസാനിപ്പിച്ച് ഗാര്‍ഹസ്ഥ്യപ്രവേശനം നടത്തുന്നതിനു മുന്‍പേ ഞാനൊരു പിതാവാകുകയാണ്.'
'രാവണന്‍ ബ്രാഹ്മണനാണ്; വന്യതയുടെ തമസ്സില്‍ വെളിച്ചം ചൊരിയുന്ന സൂര്യതേജസ്സാണ്. ധര്‍മ്മം എന്റെ ജീവിതനിഷ്ഠയാണ്. ലോകനാഥനായ ശ്രീപരമേശ്വരന്‍ എന്റെ വഴികാട്ടിയാണ്. നാളെ ലങ്ക വാഴുന്ന യുവരാജാവാണ് ഞാന്‍. വേദവതീ..... നീ ഭയക്കുന്നുപോലെ നിസ്സഹായയായ ഒരു ആശ്രമകന്യകയില്‍ എന്റെ ജീവാംശം നിവേശിപ്പിച്ചിട്ട് കടന്നുകളയാന്‍ ശ്രമിക്കുന്ന വിടനല്ല ഞാന്‍.'
'പിതൃത്വം എന്നെ ആനന്ദഭരിതനാക്കേണ്ടതാണ്. വിഖ്യാതമായ ലങ്കയുടെ അന്തപ്പുരത്തില്‍ നീ വാഴേണ്ടതുമാണ്. പക്ഷേ നാടും നഗരവും കൊട്ടാരവാസികളുമറിഞ്ഞ് നമ്മുടെ പാണിഗ്രഹണം നടന്നിട്ടില്ലല്ലോ? എന്റെ മാതാപിതാക്കളോട് ഒരു വാക്കും പറഞ്ഞിട്ടില്ലല്ലോ? മാത്രമല്ല അടുത്തു നടക്കാനിരിക്കുന്ന കിരീടധാരണച്ചടങ്ങിനു മുന്‍പ് ലങ്കേശന്‍ ഒരു അപഥസഞ്ചാരിയാണെന്ന് പ്രജകളറിഞ്ഞാല്‍.......! വേദവതീ നീയതാഗ്രഹിക്കുന്നുവോ?'
'അദ്ധ്യയനം കഴിഞ്ഞു വന്ന ശേഷം ജ്യേഷ്ഠന്‍ ഭരണഭാരം എന്നെ ഏല്‍പ്പിച്ചിരിക്കുകയാണ്. ഏതാനും നാളുകള്‍ക്കകം പട്ടാഭിഷേകം നടക്കും. ഈ വാര്‍ത്ത അറിയിക്കാനാണ് ഞാന്‍ പറന്നെത്തിയത്. വൈകാതെ അവിടെ വിവരങ്ങള്‍ എല്ലാം അറിയിച്ച് നിന്നെ പുഷ്പകത്തിലേറ്റി മായാനഗരിയായ ലങ്കയിലേക്കു കൊണ്ടുപോകാം. വേദനയോടെയാണെങ്കിലും ഇപ്പോഴെന്നെ പോകാനനുവദിക്കണം.'
'പ്രഭോ എന്റെ ആത്മാവിലും ശരീരത്തിലും തിങ്ങുന്ന വേദനയാണ് വാക്കുകളിലൂടെ പുറത്തു വരുന്നത്, ക്ഷമിക്കണം. രാജകുമാരിമാര്‍ക്കും കൊട്ടാരദാസിമാര്‍ക്കും ഭര്‍തൃബന്ധമില്ലാതെ കുഞ്ഞുപിറന്നാല്‍ പിതാവ് ഗന്ധര്‍വ്വനാമെന്ന് ജനപദങ്ങള്‍ക്കിടയില്‍ പറഞ്ഞുപരത്തും. പാവങ്ങള്‍ വിശ്വസിക്കും;വിവരങ്ങള്‍ അറിയാവുന്നവര്‍ ഊറിച്ചിരിക്കും. വനവാസിയായ വേദവതിയും പരിഹാസപാത്രമാവണമെന്നാണോ?
'മഹാനഗരിയായ ലങ്കയുടെ രാജപത്‌നിയായി കഴിയണമെന്ന് ഈയുളളവള്‍ക്ക് മോഹമില്ല. ലോകാപവാദത്തിന്റെ എരിതീയിലുരുകാതിരിക്കുവാന്‍ എന്റെ ഉദരത്തില്‍ വളരുന്ന കുഞ്ഞിനൊരു പിതാവിനെ വേണം. അവിടുത്തേയ്ക്കു ലഭിക്കുവാന്‍ പോകുന്ന രാജപദവി ഞാന്‍ മൂലം നഷ്ടപ്പെടരുത്. പക്ഷേ അങ്ങ് എന്നെ വിവാഹം കഴിക്കണം. ചുരത്തുവാന്‍ വെമ്പുന്ന മുലകളും ഇടിഞ്ഞു താഴുന്ന ഉദരവുമായി ഇതല്ലാതെ മറ്റെന്താണ് എനിക്കാവശ്യപ്പെടാനുളളത്?'
       ഉദ്ധതശീര്‍ഷനായ നിയുക്ത ലങ്കേശന്റെ മുന്‍പില്‍ മൗനം ഘനീഭവിച്ചു. അന്യരാജ്യത്ത് ഒരു കുറ്റവാളിയേപ്പോലെ രാവണന്‍ നിന്നു. ആര്‍ക്കു മുന്നിലും പതറാത്ത ആ ശിരസ്സിനുളളില്‍ ചുഴികളും മലരികളും രൂപം കൊണ്ടു. വലിയ തിരമാലകള്‍ ഉയര്‍ന്നു. അവസാനം മൗനം ഭഞ്ജിക്കപ്പെട്ടു.
'പ്രിയേ, ഏറ്റവും അടുത്ത ശിവസന്നിധിയിലേക്കു പോകൂ. ആരവങ്ങളും ആഘോഷങ്ങളുമില്ലാതെ ഞാന്‍ നിന്റെ കഴുത്തില്‍ മാലയിടാം. ഈ കാട്ടുപുഷ്പങ്ങള്‍ കൊണ്ടു തീര്‍ത്തതാകട്ടെ രാവണന്റെ വരണമാല്യം. ശ്രീപരമേശ്വരനാകട്ടെ സാക്ഷിയും കര്‍മ്മിയും.'
     വേദവതി പുളകിതയായി. അവളെക്കണ്ടു തലയാട്ടിയ കാട്ടുപൂവുകള്‍ ഹാരങ്ങളായി മാറി. അധികം അകലെയല്ലാത്ത ശിവക്ഷേത്രത്തില്‍ വെച്ച് ശിവരൂപത്തിന്റെയും അഷ്ടദിക്പാലകരുടെയും സാന്നിദ്ധ്യത്തില്‍ അവള്‍ വിവാഹിതയായി. പാണിഗ്രഹണം നടത്തിക്കൊണ്ട് വധൂവരന്‍മാര്‍ കാട്ടുപൊന്തകള്‍ക്കിടയിലൂടെ നടന്നുമറഞ്ഞു. ആരണ്യകഗഹനതയിലേക്ക് കാറ്റ് പ്രയാണമാരംഭിച്ചപ്പോള്‍ ഉള്‍ത്തടങ്ങളിലെങ്ങുനിന്നോ ഇരമ്പുന്ന ഒരാകാശപ്പക്ഷി ഉയര്‍ന്ന് സമുദ്രം ലക്ഷ്യമാക്കി പറന്നു പോയി.

2010 മേയ് 23, ഞായറാഴ്‌ച

ലങ്കേശ്വരന്‍

1- വിഹായസ്സിലെ രാജഹംസം
     അനന്തമായ ആകാശത്തില്‍ മഹാസമുദ്രങ്ങള്‍ക്കു മേലെ സര്‍വ്വസ്വതന്ത്രരായ വിഹഗങ്ങളെപ്പോലെ ഈ യാത്ര. ദൃശ്യവും അദൃശ്യവുമായ ലോകങ്ങളില്‍ ഈ ഭാഗ്യം മറ്റാര്‍ക്കുണ്ട്. മലയപര്‍വ്വതം വരെ മഹാസമുദ്രം നീണ്ടുനിവര്‍ന്നു കിടക്കുന്നു. തിരകളുയര്‍ന്ന് തിളങ്ങുന്ന സമുദ്രം ഗ്രഹനക്ഷത്രാവലികളാല്‍ മിന്നുന്ന ക്ഷീരപഥം പോലെ കാണപ്പെടുന്നു.
     പലയിടങ്ങളിലും കാണുന്ന തിമിങ്ഗലങ്ങളുടെ ശിരോരന്ധ്രങ്ങളിലൂടെ ചിതറിത്തെറിക്കുന്ന ജലധാരകള്‍ നയനാനന്ദകരമായിരിക്കുന്നു. പുഷ്പകം വ്യോമവീഥികളിലൂടെ കുതികൊള്ളുകയാണ്.
മേഘമാലകളെ കീറിമുറിച്ചുകൊണ്ടുളള യാത്രയില്‍ ആ ഗഗനചാരിയുടെ ഹൃദയം അലമാലകള്‍ അവസാനിക്കാത്ത സമുദ്രം പോലെ ഉയര്‍ന്നു താഴുന്നുണ്ട്. ആരും കൊതിക്കുന്ന ഹൃദയാവര്‍ജ്ജകമായ കാഴ്ചകള്‍ ചുറ്റും കാണുമ്പോഴും നിശ്ചിതലക്ഷ്യത്തിലേക്ക് തൊടുത്ത ശരം പോലെ പുഷ്പകം പാഞ്ഞുകൊണ്ടിരിക്കുകയാണ്. യാത്രികന്റെ ഹൃദയം യാനത്തിനു സ്വന്തമെന്നപോലെ.
     തിരമാലകളെ ആവുന്നിടത്തോളം ഉയര്‍ത്തുന്നതില്‍ ആനന്ദം കൊളളുന്ന പ്രചണ്ഡവാതങ്ങള്‍ക്ക് തന്റെ വക ആയം നല്‍കിക്കൊണ്ടാണ് പുഷ്പകത്തിന്റെ പോക്ക്. ആഴക്കടലില്‍ നിന്നും തീരത്തോടടുക്കുമ്പോള്‍ തിരമാലകള്‍ കയ്യുയര്‍ത്തി സ്വാഗതം ചെയ്യുന്നതു പോലെ. തിരകളുടെ ആനന്ദം പങ്കുവെയ്ക്കുന്ന പലതരം മത്സ്യങ്ങള്‍ അന്തരീക്ഷത്തിലേക്ക് ചാടിക്കളിക്കുന്നു.
     സൂര്യതേജസ്സുകൊണ്ട് ചരിക്കുന്ന വിശ്വകര്‍മ്മസൃഷ്ടിയായ പുഷ്പകത്തില്‍ രാവണന് അഭിമാനം തോന്നി. ചക്രായുധം പോലെ, ശിവശൂലം പോലെ, ശക്തിവേല്‍ പോലെ മിന്നിമറയുന്ന പുഷ്പകം തനിക്കു സ്വന്തം.
വിശ്രവസ്സിന്റെ മകന്‍ എന്നും അമൂല്യമായതു മാത്രമേ ആഗ്രഹിച്ചിട്ടുളളൂ. എല്ലാവര്‍ക്കും പ്രാപ്യമായവ കൊണ്ടെന്തു നേടാന്‍. യൗവ്വനത്തിന്റെ അസാമാന്യപ്രതിഭയും ശക്തിയും അനുഗ്രഹങ്ങളായിത്തീര്‍ന്നപ്പോള്‍ അമാനുഷികമായ കഴിവുകളാര്‍ജിക്കുവാന്‍ പ്രപിതാമഹനായ ബ്രഹ്മദേവനെ മനസ്സില്‍ ധ്യാനിച്ച് അത്യദ്ധ്വാനം ചെയ്തു.
     ലോകത്ത് ആരേയും വെല്ലുവിളിക്കാന്‍ പോന്ന യോദ്ധാവാണ് തന്റെ പിതാവിന് കൈകസിയിലുണ്ടായ പുത്രന്‍ എന്നു മനസ്സിലാക്കിയപ്പോള്‍ കുബേരന്‍ ലങ്കയുടെ ഭരണവും പുഷ്പകവും രാവണനെ ഏല്‍പ്പിക്കുവാന്‍ നിശ്ചയിച്ചു. അനുജനെങ്കിലും അര്‍ഹിക്കുന്നവനാകട്ടെ ഭരണസാരഥ്യമെന്നായിരുന്നു കുബേരന്റെ മനോഗതി.
അതിനും എന്തെന്തു വ്യാഖ്യാനങ്ങള്‍? രാവണന്‍ ജ്യേഷ്ഠനെ ആട്ടിപ്പായിച്ചുപോല്‍! പുഷ്പകവും പിടിച്ചു പറിച്ചതാണത്രേ. വിശേഷമായതു നേടാന്‍ ശ്രമിച്ചവര്‍ക്കെല്ലാം ഈ ആരോപണങ്ങള്‍ കേള്‍ക്കേണ്ടിവന്നിട്ടുണ്ട്.
     പുഷ്പകം ആരെയെല്ലാം മോഹിപ്പിച്ചിരിക്കുന്നു. ഈ ആകാശവാഹനത്തെപ്പറ്റി അറിഞ്ഞവര്‍ അതിമോഹം കൊണ്ടു. അറിയാത്തവര്‍ ഇതേതോ മായാവിലാസമാണെന്നു ധരിച്ച് അമ്പരന്നു. പുരോഗതിയുടെ നെറുകയില്‍ ഈ കൊച്ചു ലങ്ക വിരാജിക്കുന്നതില്‍ എത്ര പേര്‍ക്കാണ് അസഹിഷ്ണുത?
     അഞ്ചാം വയസ്സില്‍ ശുക്രാചാര്യസവിധത്തില്‍ ഭരമേല്‍പ്പിക്കപ്പെട്ട രാവണന് ഭയക്കുന്നവരെ ഭയപ്പെടുത്തുക വിനോദമായിരുന്നു. ആചാര്യസന്നിധിയില്‍ എഴുത്തും വായനയും യുദ്ധതന്ത്രവും മാത്രമായിരുന്നില്ല വിഷയങ്ങള്‍. ജ്യോതിശാസ്ത്രം, ചികിത്സാശാസ്ത്രം, ഭൗമപഠനം, രത്‌നശാസ്ത്രം എന്നിവയെല്ലാം ജിജ്ഞാസുക്കള്‍ക്ക് പാത്രമറിഞ്ഞു വിളമ്പിയിരുന്നു.
    ആശ്രമത്തില്‍ രാവണന്റെ കഴിവു കണ്ട് ഗുരു  അമ്പരന്നിട്ടുണ്ട്. ഒരിയ്ക്കല്‍ രാവണന്‍ സതീര്‍ത്ഥ്യരുമായി വിനോദത്തിലേര്‍പ്പെട്ടിരിക്കുന്നതു കണ്ട് അദ്ദേഹം ചോദിച്ചു:
'പുതിയ എന്തോ വിനോദത്തിലാണല്ലോ കുട്ടികള്‍. എന്താണ് രാവണാ ഇത്?'
'ഗുരോ ഞാന്‍ ഉണ്ടാക്കിയതാണ് ഈ കളി. ഇതു യുദ്ധമാണ്. ചതുരങ്കം. ആന, കുതിര, തേര്‍, കാലാള്‍ എന്നീ ചതുരങ്കസൈന്യത്തെ ഇരുവശത്തുമുളള രാജാക്കന്‍മാര്‍ നയിക്കും. തുല്യ ബലമുളള സൈന്യം കൊണ്ടുളള കളി.'
അതീവ താത്പര്യത്തോടെ ആചാര്യ ശുക്രന്‍ ചതുരങ്കം വീക്ഷിച്ചു. എന്നിട്ട് വത്സല ശിഷ്യനെ അനുഗ്രഹിച്ചു:
'രാവണാ, ഞാന്‍ കണ്ടിട്ടുളളതിലും വെച്ച് ഏറ്റവും ബുദ്ധിപൂര്‍വ്വമായ വിനോദമാണിത്. ചതുരംഗത്തിന്റെ ഉപജ്ഞാതാവ് എന്ന നിലയില്‍ ഒരിയ്ക്കല്‍ നീ ലോകമെങ്ങും അറിയപ്പെടും. നിന്റെ നാമം അനശ്വരമായിത്തീരും'.
     ശുക്രാചാര്യര്‍ രാവണനെ തന്റെ പ്രിയശിഷ്യനായി പ്രഖ്യാപിച്ചു. മറ്റുളളവരെ പല വിദ്യകളും പഠിപ്പിക്കാനായി അദ്ദേഹം മുഖ്യശിഷ്യനെ ചുമതലപ്പെടുത്തി. ലങ്കയില്‍ നിന്നും നീന്തിക്കടക്കാനുളള ദൂരമേ ഭാരതത്തിലേക്കുളളൂ എന്ന് രാവണന്‍ അവര്‍ക്കു കാണിച്ചു കൊടുത്തു. സ്വന്തം കൈകള്‍ കൊണ്ട് തിരമാലകളെ വകഞ്ഞ് അലയാഴിയുടെ മറുകര കണ്ട രാവണന്‍ ഇന്ന് അതേ ആഴിക്കു മുകളിലൂടെ ആകാശമാര്‍ഗം ചരിക്കുന്നു.

2010 മേയ് 21, വെള്ളിയാഴ്‌ച

പ്രതി ഹാജരുണ്ട്

      രണ്ടായിരത്തി ഒന്നില്‍ ഞാനെഴുതിയ ശ്രീബുദ്ധന്‍ എന്ന ജീവചരിത്രഗ്രന്ഥം രണ്ടായിരം കോപ്പികള്‍ വിറ്റുപോവുകയും കല്‍ക്കട്ടയിലുളള രാജാറാം മോഹന്‍ റോയ് ഫൗണ്ടേഷന്‍ 20,000 രൂപയുടെ പുസ്തകങ്ങള്‍ വിലയ്ക്കു വാങ്ങി കേരളത്തിലെ ഗ്രന്ഥശാലകള്‍ക്കു നല്‍കുകയുമുണ്ടായി.
പിന്നീട് എഴുതിയ രാമായണ വിമര്‍ശന പഠനം ഞാനാഗ്രഹിക്കാത്ത ചില തലങ്ങളിലേക്ക് വിവാദങ്ങള്‍ ഉണ്ടായതിനാല്‍ (നാലു പോലീസ് അന്വേഷണങ്ങളും) വിതരണം നടത്താന്‍ താത്പര്യം കാണിച്ചില്ല. ഇപ്പോള്‍ ശ്രീബുദ്ധന്‍ എന്ന ഗ്രന്ഥം സ്‌കൂള്‍ ലൈബ്രറികള്‍ക്കു തെരഞ്ഞെടുക്കാനുളള ലിസ്റ്റില്‍ ഡി.പി.ഐ. ഉള്‍പ്പെടുത്തിയതായി അറിയിച്ചിരിക്കുന്നതിനാല്‍ അക്ഷരങ്ങളുടെ ലോകത്തേക്കുളള ഒരു പ്രോത്സാഹനമായി ഇതിനെ കണ്ട് ഞാന്‍ ചിലതു കുത്തിക്കുറിക്കാന്‍ തീരുമാനിച്ചിരിക്കുന്നു.
രാമായണകഥാസന്ദര്‍ഭങ്ങളെ ഉപയോഗിച്ചുളള ഒരു ഫിക്ഷനാണ് സങ്കല്‍പ്പത്തില്‍. രാവണനാണ് മുഖ്യ കഥാപാത്രം. ആശയങ്ങളും വിമര്‍ശനങ്ങളും കൊണ്ട് ബൂലോഗമേ അനുഗ്രഹിച്ചാലും.
ലങ്കേശ്വരന്‍
       ഇത് രാവണന്റെ കഥയാണ്. ബ്രാഹ്മണനായ പുലസ്ത്യമഹര്‍ഷിയുടെ പൗത്രന്‍ രാവണന്റെ ജീവിതയാത്ര. ലങ്ക രാക്ഷസന്‍മാരുടെ നാടാണെന്നും ലങ്കേശ്വരന്‍ രാക്ഷസനാണെന്നും ഭാരതത്തിലുളളവര്‍ പ്രചരിപ്പിച്ചു. എല്ലാ കാലഘട്ടങ്ങളിലും ശത്രുക്കളെ രാക്ഷസന്മാരായി ചിത്രീകരിക്കുവാന്‍ ആക്രമിക്കുന്നവര്‍ ശ്രദ്ധിച്ചിട്ടുണ്ട്. ഇന്നും അതു തുടരുന്നു.
       ആരാണ് രാക്ഷസന്‍? പുലസ്ത്യമഹര്‍ഷിയുടെ പൗത്രന്‍ എങ്ങനെയാണ് രാക്ഷസനാവുക? വഴിഞ്ഞൊഴുകുന്ന സൗന്ദര്യം കണ്ട് രാമന്‍ പോലും സ്തബ്ധനായി നോക്കി നിന്ന രാവണന്‍ ഭീകരരൂപിയാകുന്നതെങ്ങനെ?
       രാക്ഷസീയത ഒരുവന്റെ മനസ്സിലെ ചിന്തകളിലും അതിനെ പ്രതിബിംബിക്കുന്ന പ്രവൃത്തികളിലുമാണ്. ലങ്കയിലെ പില്‍ക്കാല തലമുറയില്‍പ്പെട്ടവരാരിലും നമുക്ക്, ആരോപിക്കപ്പെട്ട രാക്ഷസശരീരപ്രകൃതിയുള്ളവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് രാമായണം കഥയിലൂടെ രാവണനോടൊപ്പം ഒരു യാത്ര പോകാം. കഥാപാത്രങ്ങളുടെ പ്രവൃത്തി വിലയിരുത്തി രാക്ഷസരാരെന്നു നിശ്ചയിക്കാം.
       ഇതിഹാസങ്ങളെല്ലാം പര്‍വതീകരിച്ചു ചിത്രീകരിച്ച മനുഷ്യകഥകളായി ഞാന്‍ കാണുന്നു. അമാനുഷികതകളെയും അദ്ഭുതങ്ങളെയും അപ്പൂപ്പന്‍താടികള്‍ക്കൊപ്പം വിടുന്നു. മര്യാദാപുരുഷനും ഉത്തമ മനുഷ്യനുമായി കണക്കാക്കിയിരുന്ന രാമനെയും സന്തത സഹചാരിയായ ലക്ഷ്മണനെയും മുന്‍വിധികളില്ലാതെ നോക്കിക്കാണുക. പടഹമടിച്ചും ഭേരിമുഴക്കിയുമുള്ള അയോദ്ധ്യാധിപതിയുടെ യാത്രയില്‍ പൊടിപടലം കൊണ്ടും ഇരുട്ടുകൊണ്ടും കാണാന്‍ കഴിയാതെ പോയ ചില സ്ഥലങ്ങളില്‍, ചില സംഭവങ്ങളില്‍ പ്രകാശം വിതറിയാണ് ലങ്കേശ്വരനോടൊപ്പമുളള ഈ യാത്ര.
       രാമായണം രാമനും വാല്മീകിക്കും മാത്രമേ മനസ്സിലാകൂ എന്നു പറയുന്നവരോടു ഞാന്‍ സഹതപിക്കുന്നു. ഇത് ദാനവരുടെ കഥയല്ല: മാനവരുടെ കഥയാണ്. ചോദ്യങ്ങള്‍ ചോദിക്കുന്നവരെ എന്നും എല്ലാവരും സംശയിച്ചിട്ടുണ്ട്. ചോദ്യങ്ങളുടെ തീക്ഷ്ണതയില്‍ സങ്കല്പത്തിലെ രാമരാജ്യങ്ങള്‍ നിലംപൊത്തിയാല്‍ രാവണനെ വെറുതെ വിടുക. പല സൗധങ്ങളുടെയും അടിത്തറ ദുര്‍ബലമാണെന്ന് കാലാന്തരത്തിലേ കണ്ടെത്തിയെന്നു വരൂ. അത് കണ്ടെത്തുന്നവന്റെ അപരാധമല്ല.
       ജേതാവിനെ വിജയത്തിലേക്കു നയിച്ച കുടിലതകളെ പാര്‍ശ്വവീക്ഷണം നടത്താന്‍ തുനിഞ്ഞ ഉദ്ദേശശുദ്ധിക്ക് മാപ്പു നല്‍കുക. വിജയികളോടൊപ്പം മാത്രം ആള്‍ക്കൂട്ടത്തെ കാണാനാകുന്ന ഇന്ന് പരാജിതനോടൊപ്പം നില്‍ക്കുന്നതിലെ അന്തസ്സാരശൂന്യത പരിഹസിക്കപ്പെടാം. അല്ലെങ്കില്‍ എന്തര്‍ത്ഥം? എന്തര്‍ത്ഥശൂന്യത? ഇനി യാത്ര...........