2011 ഫെബ്രുവരി 16, ബുധനാഴ്‌ച

വിപിന്‍ദാസ് ചുരുങ്ങിയ കാലം പ്രിയസുഹൃത്ത്









സോക്രട്ടീസിന്റെ ഭാവമായിരുന്നു വിപിന്‍ദാസിന്. സുര്യനു താഴെ സമസ്ത വിഷയങ്ങളിലും അദ്ദേഹത്തിന് അനല്പമായ അറിവുണ്ടായിരുന്നു. വളരെ യാദൃച്ഛികമായിട്ടാണ് ഞങ്ങള്‍ സ്‌നേഹിതരും സഹപ്രവര്‍ത്തകരുമായത്. വിപിന്‍ദാസിന്റെ അജ്ഞാതവാസം ചെങ്ങന്നൂരിലും എന്ന പേരില്‍ കഴിഞ്ഞ ദിവസം മനോരമയില്‍ ഞാന്‍ എഴുതിയിരുന്നു. അദ്ദേഹത്തെപ്പറ്റി വളരെപ്പറയാനുണ്ട്. തീയൊന്നെരിഞ്ഞടങ്ങിക്കൊള്ളട്ടെ. വയനാട്ടില്‍ മരത്തില്‍ തളയ്ക്കപ്പെട്ട ഒരാത്മാവിനെപ്പറ്റിയാണ് എന്നെക്കൊണ്ട് അദ്ദേഹം ലൊക്കേഷനിലിരുത്തി സ്‌ക്രിപ്റ്റ് എഴുതിച്ചത്. ചാരുഹാസന്‍ അഭിനയിക്കാന്‍ തയ്യാറായിരിക്കുമ്പോള്‍ പോലും ഞാന്‍ എഴുതിയിട്ടുണ്ട്. പക്ഷേ അത് വെളിച്ചം കാണുകയുണ്ടായില്ല. അറം പറ്റിയതുപോലെ അദ്ദേഹം വയനാട്ടിലെ വൈത്തിരിയില്‍ വൈദ്യുതി ശ്മശാനത്തില്‍ ബന്ധനസ്ഥനായിക്കിടക്കുന്നു.ആ പ്രതിഭാ ശാലിയുമായി പങ്കിട്ട ഓരോ നിമിഷത്തെയും ഹൃദയവേദനയോടെ സ്മരിക്കുന്നു. സലാം.

2011 ഫെബ്രുവരി 12, ശനിയാഴ്‌ച

ഭാഗവതാചാര്യന്റെ ഭവനത്തില്‍ 9 വര്‍ഷമായി കാമധേനു നിത്യവും പാല്‍ ചുരത്തുന്നു


പത്തനംതിട്ട ജില്ലയിലെ നരിയാപുരത്തിനടുത്ത് തട്ടയില്‍ കുറ്റിയാനിപ്പുറത്തില്ലത്ത് ഡോ.കെ.പി. കേശവന്‍ നമ്പൂതിരിയുടെ ഇല്ലത്ത് ഇതാ ഒരു യഥാര്‍ത്ഥ കാമധേനു. ഒന്‍പതു വര്‍ഷമായി അവള്‍ നിര്‍ത്താതെ പാല്‍ ചുരത്തുന്നു.ദേവന്‍മാര്‍ക്കും മുനിമാര്‍ക്കും ആവശ്യാനുസരണം പാല്‍ നല്‍കുന്ന കാമധേനു ഒരു സങ്കല്‍പം മാത്രമാണെങ്കില്‍ ഇവിടെ ഇത് യാഥാര്‍ത്ഥ്യമാണ്. നന്ദിനിപ്രസവിച്ചത് ഒന്‍പതു വര്‍ഷം മുന്‍പുളള ഒരു ശിവരാത്രി നാളാണ്. ഋഷഭവാഹനന്റെ തിരുനാളില്‍ ഒരു കാളക്കുട്ടി. പരിചരിക്കാനാളില്ലാത്തതുകൊണ്ട് അതിനെ ആര്‍ക്കോ കൈമാറി. നാടന്‍ ഇനമായ നന്ദിനി ദിവസവും നാലഞ്ചു ലിറ്റര്‍ പാല്‍ നല്‍കും. ഒന്‍പതു വര്‍ഷത്തിനു ശേഷവും അതിനു മാറ്റമൊന്നുമില്ല. സാധാരണ പശുക്കള്‍ പ്രസവത്തിനു ശേഷം അടുത്ത പ്രസവം വരെയാണ് പാല്‍ നല്‍കുക. ഇവിടെ അവള്‍ പിന്നീടൊരിക്കലും മദി കാണിച്ചിട്ടില്ല. നമ്പൂതിരിയും കുടുംബവും 9 വര്‍ഷമായി സൂക്ഷിക്കുന്ന രഹസ്യം വളരെ മടിയോടെയാണ് വെളിപ്പെടുത്തിയത്. പാലിന് കുഴപ്പമൊന്നുമില്ലാത്തതിനാല്‍ ഇപ്പോഴും ഉപയോഗിക്കുന്നു. നിത്യവും തേവാരത്തിലെ പൂജയ്ക്ക് പാല്‍പ്പായസം ഉണ്ടാക്കുന്നത് ഈ പാല്‍ ഉപയോഗിച്ചാണ്. പശുവിനെ ഇക്കാലമത്രയും പരിചരിച്ചു പോരുന്നതും കറക്കുന്നതും അടുത്തുതന്നെയുള്ള കള്ളോട്ടേത്തു വീട്ടില്‍ രത്‌നമ്മയാണ്. കാര്യം വെളിപ്പെടുത്തിയാല്‍ കാണാനും പരിശോധനയ്ക്കും മറ്റും ആളുകള്‍ വരുമെന്ന പേടികൊണ്ടാണ് ഇത്രയും നാള്‍ രഹസ്യമാക്കി വെച്ചത്. സ്‌നേഹപുര്‍വമായ നിര്‍ബന്ധത്തിനു വഴങ്ങി എങ്കിലും വന്ദ്യവയോധികനായ നമ്പൂതിരി പ്രശസ്തിയില്‍ താത്പര്യമുളള ആളല്ല.
ശാസ്ത്രചൂഡാമണി ഡോ. കെ. പി. കേശവന്‍ നമ്പൂതിരി പന്തളം എന്‍.എസ്.എസ്. കോളേജില്‍ നിന്നും സംസ്‌കൃതവിഭാഗം മേധാവിയായി വിരമിച്ചയാളാണ്.സാംഖ്യ തത്വശാസ്ത്രത്തിലാണ് ഗവേഷണബിരുദമെങ്കിലും അഞ്ഞൂറിലധികം ഭാഗവത(സംസ്‌കൃതം)മൂല സപ്താഹവേദികളില്‍ യജ്ഞാചാര്യനായി. 12 വര്‍ഷമായി ഗുരുവായൂരില്‍ മുടങ്ങാതെ സപ്താഹം നടത്തുന്നു. ഗോപാലനായ ശ്രീകൃഷ്ണന്റെ അനുഗ്രഹമായി ഈ അദ്ഭുതത്തെ കാണാനാണ് അദ്ദേഹത്തിനിഷ്ടം.The concept of apavarga in samkhya philosophy ഭാഗവത കൈരളി, വിക്രമോര്‍വശീയം ആട്ടക്കഥ എന്നീ ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്.

2010 ഡിസംബർ 31, വെള്ളിയാഴ്‌ച

HAPPY NEW YEAR

     പ്രതിസന്ധികളും പ്രശ്‌നങ്ങളും പ്രയാസങ്ങളും നിറഞ്ഞ ഒരു പുതുവര്‍ഷത്തില്‍ അതിനെയെല്ലാം ശക്തമായി നേരിട്ട് മുന്നേറി വിജയം വരിക്കുന്ന ആത്മവിശ്വാസം നിറഞ്ഞ അഭിമാനിയായ നിങ്ങളുടെ മുഖമാണ് എന്റെ മനസ്സില്‍. അത് എനിക്കും പ്രതീക്ഷ നല്‍കുന്നു. നിങ്ങള്‍ സത്യത്തില്‍ എനിക്കും പ്രചോദനമാണ്. ഈ സൗഹൃദം എനിക്ക് എത്ര വിലപ്പെട്ടതാണെന്നോ? 

2010 ഡിസംബർ 25, ശനിയാഴ്‌ച

ക്രിസ്മസ് ആശംസകള്‍!

പ്രിയ സുഹൃത്തുക്കള്‍ക്ക് ഹൃദയപൂര്‍വം ക്രിസ്മസ് ആശംസകള്‍! തൊഴുത്തില്‍ ജനിച്ചാലും ജ്ഞാനിയും ലോകരക്ഷകനുമാകാന്‍ കഴിയുമെന്ന് ലോകത്തിനു കാണിച്ചുകൊടുത്ത, എളിയ തുടക്കം അപമാനകരമല്ല അഭിമാനകരമാണെന്ന് നമ്മെ ബോധ്യപ്പെടുത്തിയ, പ്രത്യേകിച്ച് എന്തിനും ഏതിനും പിച്ചക്കാരന്‍ വരെ കുടുംബമഹത്വം വിളമ്പുന്ന കേരളീയരെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന ക്രിസ്തുവിന്റെ ജനനം അതിന്റെ ഓര്‍മ്മ ആഹഌദദായകമാണ്. മഹാന്‍മാരുടെയും മഹാനദികളുടെയും ഉദ്ഭവം ആരും അന്വേഷിക്കാറില്ലെന്ന് ഒന്നുകൂടി ബോധ്യപ്പെടട്ടെ.

2010 ഡിസംബർ 17, വെള്ളിയാഴ്‌ച

അമിതാഭ് ബച്ചന്റെ അയിത്തം മാറിയോ സഖാക്കളേ?

            കേരളാ ടൂറിസത്തിന്റെ ബ്രാന്റ് അംബാസിഡറാകാന്‍ കഴിയുമോ എന്ന് അന്വേഷിച്ചുകൊണ്ട് അമിതാഭിന് കത്തയച്ചത് കേരളാ ടൂറിസം മന്ത്രി കോടിയേരി ബാലകൃഷ്ണനാണ്. കേരളത്തെ പ്രതിനിധാനം ചെയ്യുന്നതില്‍ സന്തോഷമേയുളളൂവെന്ന് അറിയിച്ച അമിതാഭിനെ നാണം കെടുത്തി തിരിച്ചയച്ചത് ഇവിടുത്തെ അതിവിപ്ലവകാരികളായ ഡി.വൈ.എഫ്.ഐ. സഖാക്കളാണ്. ഇന്ത്യയിലെ മഹാനായ ആ കലാകാരന്‍ നരേന്ദ്രമോദിയുടെ ഗുജറാത്തിനെക്കൂടി പ്രോത്സാഹിപ്പിക്കുന്നതുകൊണ്ട് കേരളത്തിന്റെ ചാരിത്ര്യം നശിച്ചുപോകുമെന്നായിരുന്നു അവരുടെ കണ്ടെത്തല്‍. മോഹന്‍ലാലിന്റെ ആശിര്‍വാദ് സിനിമാസിന്റെ പേരിലായാലും അമിതാഭ് ബച്ചനെ ഗ്രാന്‍ഡ് കേരളാ ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ സെമി ബ്രാന്‍്ഡ് അംബാസിഡറായി പരസ്യങ്ങളില്‍ ഉപയോഗിക്കുന്നത് തെണ്ടിത്തരമാണ്. കേരളത്തിന്റെ തനതു കലകളുടെ ബ്രാന്‍ഡ് അംബാസിഡറാകാന്‍ യോഗ്യന്‍ നമ്മുടെ പി. ശശിയാണ്. പാര്‍ട്ടിയിലെ സഖികളെ ജ്വാലാമുഖികളെ നിങ്ങള്‍ ശബ്ദമുയര്‍ത്തുകില്ലേ... പ്ലീസ്.

2010 നവംബർ 9, ചൊവ്വാഴ്ച

ഗ്രഹണസമയത്തു ജനിച്ച കോണ്‍ഗ്രസ്സിന്റെ യോഗം

നാലരവര്‍ഷത്തെ ഇടതുപക്ഷത്തിന്റെ ധാര്‍ഷ്ട്യം നിറഞ്ഞ ഭരണത്തിനു ശേഷം മറ്റൊരു നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തി നില്‍ക്കുമ്പോള്‍ അധികാരം കോണ്‍ഗ്രസ്സുകാരെ ഏല്‍പ്പിച്ചാല്‍ അവര്‍ എന്തു ചെയ്യുമെന്നതിന്റെ സാമ്പിള്‍ വെടിക്കെട്ടാണ് പഞ്ചായത്തുകളിലെ അധ്യക്ഷ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് അവര്‍ കാട്ടിക്കൂട്ടിയത്. രാഷ്ട്രീയക്കാരുടെ പേക്കൂത്തു കാണുമ്പോള്‍ പട്ടാളഭരണമായിരുന്നെങ്കിലും തരക്കേടില്ലായിരുന്നു എന്നു പറയുന്ന പഴമക്കാര്‍ ബനിവലന്റ് ഡെസ്‌പോട്ടിസത്തെപ്പോലും ഇഷ്ടപ്പെടുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. അക്കണക്കിന് ആറുമാസം കൊണ്ട് തിരുത്തിക്കുറിക്കാവുന്നതേയുളളൂ സി.പിഎമ്മിന് സ്വന്തം ജാതകം. ദന്തഗോപുരങ്ങളില്‍ നിന്നും മന്ത്രിമാരെ താഴെക്കൊണ്ടുവന്ന് ഏറ്റവും പിന്നില്‍ നില്‍ക്കുന്ന സാധാരണക്കാരനെയും കാണാന്‍ ഒരു മനസ്സുണ്ടാക്കി കൊടുത്താല്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും ഇടതു മുന്നണിക്കു ജയിക്കാന്‍ വലിയ പാടൊന്നുമില്ല.

2010 നവംബർ 2, ചൊവ്വാഴ്ച

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലെ നറുക്കെടുപ്പ് ജനഹിതത്തെ പരാജയപ്പെടുത്തരുത്

          പഞ്ചായത്തീരാജ് നഗരപാലികാ നിയമമനുസരിച്ച് ഒരു വാര്‍ഡില്‍ രണ്ടു സ്ഥാനാര്‍ത്ഥികള്‍ക്ക് തുല്യവോട്ടു ലഭിച്ചാല്‍, അവരുടേതാണ് കൂടിയ വോട്ടെങ്കില്‍ ജയിച്ച സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കാന്‍ നറുക്കിടേണ്ടി വരുന്നു. നറുക്കു ലഭിച്ച ആള്‍ വാര്‍ഡു മെമ്പറോ കൗണ്‍സിലറോ ആകുകയും തുല്യ വോട്ടു കിട്ടിയിട്ടും മറ്റേയാള്‍ വെറുതേക്കാരനാവുകയും ചെയ്യും. ഇത് സ്വാഭാവിക നീതിയുടേയും പൊതുജനഹിതത്തിന്റെയും ലംഘനമാണ്. റിട്ടേണിംഗ് ആഫീസര്‍ എഴുതിയിടുന്ന ഒരു കടലാസു തുണ്ട് മലര്‍ന്നു വീഴുന്നതിന്റേയോ കമിഴ്ന്നു വീഴുന്നതിന്റെയോ അടിസ്ഥാനത്തില്‍ വാര്‍ഡു മെമ്പറെ നിശ്ചയിക്കുന്നത് ഒരു തരത്തിലും ജനാധിപത്യത്തില്‍ യുക്തിസഹമല്ല. അതുകൊണ്ട് തെരഞ്ഞെടുപ്പു നടത്തിപ്പ് പുനര്‍വിചിന്തനത്തിനു വിധേയമാക്കണം.

          1994 ലെ കേരളാ പഞ്ചായത്തീരാജ് ആക്റ്റ് 9ാം അദ്ധ്യായത്തില്‍ തെരഞ്ഞെടുപ്പുകളുടെ നടത്തിപ്പിനെപ്പറ്റി പറയുന്നിടത്താണ് വോട്ടുകളുടെ തുല്യത വന്നാല്‍ പരിഹരിക്കുന്നതിനുളള മാര്‍ഗം വ്യവസ്ഥ ചെയ്തിരിക്കുന്നത്. അതില്‍ പറയുന്നത്- വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കിയതിനു ശേഷം ഏതെങ്കിലും സ്ഥാനാര്‍ത്ഥികള്‍ തമ്മില്‍ വോട്ടുകളുടെ തുല്യത ഉളളതായി കാണപ്പെടുകയും ഒരൊറ്റ വോട്ടു കൂട്ടിയാല്‍ ആ സ്ഥാനാര്‍ത്ഥികളില്‍ ആരെയെങ്കിലും തെരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിക്കപ്പെടുവാന്‍ അവകാശമുണ്ടായിരിക്കുകയും ചെയ്യുന്നുവെങ്കില്‍ വരണാധികാരി ഉടനടി നറുക്കെടുപ്പു വഴി ആ സ്ഥാനാര്‍ത്ഥികള്‍ തമ്മിലെ കാര്യം തീരുമാനിക്കേണ്ടതും നറുക്കു കിട്ടുന്ന സ്ഥാനാര്‍ത്ഥി ഒരൊറ്റ വോട്ടു കൂടുതല്‍ ലഭിച്ചിരുന്നാലെന്ന പോലെ നടപടി തുടരേണ്ടതും ആകുന്നു- എന്നാണ്.

          നിയമത്തിലെ ഈ വകുപ്പ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങളിലേക്കുളള തെരഞ്ഞെടുപ്പുകളിലും ബാധകമാണ്. നറുക്കെടുപ്പിലൂടെ പ്രസിഡന്റ് സ്ഥാനവും മറ്റും ലഭിക്കുന്ന പഞ്ചായത്തുകളില്‍ അനിശ്ചിതത്വം തുടരുകയും പലപ്പോഴും ഭരണസ്തംഭനത്തിലേക്കു നയിക്കുകയും ചെയ്യുന്നു. ഈ സ്ഥിതി ഒഴിവാക്കപ്പെടേണ്ടതാണ്. ജനഹിതത്തെ ലംഘിക്കാതെയും സാമാന്യനീതിയെ മറികടക്കുകയും ചെയ്യാതെ ഈ സ്ഥിതിവിശേഷത്തിനു പരിഹാരം കാണേണ്ടത് പരിഷ്‌കൃത സമൂഹത്തിന്റെ ആവശ്യമാണ്. ആയതിനാല്‍ ഇതു സംബന്ധിച്ച ആശയങ്ങള്‍ മാധ്യമങ്ങളും രാഷ്ട്രീയപ്പാര്‍ട്ടികളും ചര്‍ച്ച ചെയ്ത് സമവായത്തിലെത്തിയതിനു ശേഷം ബന്ധപ്പെട്ട ആക്ട് ഭേദഗതി ചെയ്യണം.

           വോട്ടെടുപ്പില്‍ രണ്ടു സ്ഥാനാര്‍ത്ഥികള്‍ക്ക് തുല്യ വോട്ടു വരുമ്പോള്‍ നറുക്കെടുപ്പു നടത്തി പ്രതിവിധി കാണുന്നതിനു പകരം  മറ്റു ചില സാഹചര്യങ്ങളില്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ചെയ്യുന്നതു പോലെ ആ പദവി രണ്ടര വര്‍ഷം വീതം ഭാഗിച്ചു കൊടുക്കുന്നതാണ് ഉചിതം. അങ്ങനെയായാല്‍ വോട്ടു നല്‍കി തുല്യത സൃഷ്ടിച്ച വോട്ടര്‍മാരുടെ അഭിലാഷത്തെ ഹനിക്കാതിരിക്കാന്‍ സാധിക്കും. ആരുടെ ഊഴമാണ് ആദ്യം വരേണ്ടതെന്ന് നറുക്കെടുപ്പിലൂടെ നിശ്ചയിക്കുകയും ആ കാലയളവില്‍ പദവിയിലിരുന്ന ശേഷം നിശ്ചിത ദിവസം ആദ്യത്തെയാള്‍ പിരിഞ്ഞു പോവുകയും വേണം.  വോട്ടെടുപ്പില്‍ തുല്യത നേടിയ രണ്ടാമത്തെയാള്‍ ജീവിച്ചിരുപ്പുണ്ടെങ്കില്‍  തുടര്‍ന്ന് പദവിയിലെത്തുകയും ഇല്ലെങ്കില്‍ ആ വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പുനടത്തുകയും ചെയ്യണം.

            പ്രസിഡന്റ് തെരഞ്ഞെടുപ്പ് തുടങ്ങിയ കാര്യങ്ങളില്‍ ഈ രീതി പ്രായോഗിക ബുദ്ധിമുട്ട് സൃഷ്ടിക്കും. ആദ്യത്തെയാളുടെ കാലാവധി കഴിഞ്ഞ ശേഷമോ ഇടയ്‌ക്കോ രാഷ്ട്രീയ പാര്‍ട്ടികള്‍ പിന്തുണ പിന്‍വലിക്കുകയോ വിട്ടു നില്‍ക്കുകയോ ഒക്കെ ചെയ്യാവുന്നതാണ്. ഇത്തരം സാഹചര്യത്തില്‍ നമുക്ക് യുക്തിസഹമായ മറ്റൊരു മാര്‍ഗം സ്വീകരിക്കാവുന്നതാണ്. പത്തു വാര്‍ഡുളള ഒരു പഞ്ചായത്തില്‍ അഞ്ചു വീതം അംഗങ്ങളെ രണ്ടു പാര്‍ട്ടികളോ മുന്നണികളോ വിജയിപ്പിക്കുകയാണെങ്കില്‍ നറുക്കെടുക്കുന്നതിനു പകരം രണ്ടു വിഭാഗത്തിലെയും അംഗങ്ങള്‍ക്കു ലഭിച്ച വോട്ടുകളുടെ എണ്ണം പരിശോധിച്ച് കൂടുതല്‍ വോട്ടു നേടിയ ഗ്രൂപ്പിനെ അധികാരത്തിലേറാന്‍ അനുവദിക്കുകയാണെങ്കില്‍ അതായിരിക്കും ജനഹിതത്തെ മാനിക്കല്‍.

           പഞ്ചായത്തീരാജ് ആക്ടില്‍ കാലുമാറ്റത്തെ തടയുന്നതിന് പല വ്യവസ്ഥകളും ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും അതൊന്നും പ്രായോഗികതലത്തില്‍ ഫലപ്രദമായതായി കാണുന്നില്ല. അതുകൊണ്ട് കഴിഞ്ഞ കാല അനുഭവങ്ങളായി ഭരണം അനിശ്ചിതത്വത്തിലാവുകയും തട്ടിക്കൊണ്ടുപോകലുകളും ക്രിമിനല്‍ കേസുകളും ഉണ്ടാവുകയും ചെയ്തതിന്റെ  വെളിച്ചത്തില്‍ തദ്ദേശഭരണ സ്ഥാപനങ്ങളിലെ അരാജകത്വവും അനിശ്ചിതാവസ്ഥയും പരിഹരിക്കുന്നതിന് പഞ്ചായത്തീ രാജ് നിയമത്തില്‍ ഭേദഗതികള്‍ വരുത്തുന്നതിന് ബന്ധപ്പെട്ടവര്‍ മുന്‍കയ്യെടുക്കണം. 1. സര്‍വ്വതന്ത്ര സ്വതന്ത്രന്‍മാരായി ജയിച്ചവരെ കൂറുമാറ്റ നിയമം ബാധിക്കാന്‍ പാടില്ല. 2. പാര്‍ട്ടികളുടെയോ മുന്നണികളുടെയോ പിന്തുണയോടെ മത്സരിച്ചവരെ പാര്‍ട്ടിക്കാരായി കണക്കാക്കണം. 3. പാര്‍ട്ടികള്‍ക്ക് ഭരണസമിതിക്കുളള പിന്തുണ പിന്‍വലിക്കാം. 4. ഏതെങ്കിലും പാര്‍ട്ടികളിലെ അംഗങ്ങള്‍ പാര്‍ട്ടിയുടെ വിപ്പിനു വിപരീതമായി പിന്തുണ പിന്‍വലിക്കുകയോ പിന്‍വലിക്കാതിരിക്കുകയോ ചെയ്താല്‍ അന്നു മുതല്‍ ആ വ്യക്തികളുടെ അംഗത്വം ഉടനടി സ്വമേധയാ നഷ്ടപ്പെടേണ്ടതാണ്. 5. ഒരു മാസത്തിനകം ആ വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പു നടത്തുകയും ചെയ്യണം.

2010 സെപ്റ്റംബർ 17, വെള്ളിയാഴ്‌ച

ആദ്യപാപത്തെപ്പറ്റി വിലപിക്കാതെ അധികാരം വിനിയോഗിക്കുക

          ആദവും ഹവ്വയും നഗ്നരായിരുന്നു. ആദ്യപാപം അവരെ നഗ്നതയെന്തെന്ന് ബോധ്യപ്പെടുത്തി. പറുദീസാനഷ്ടം ആദമിനെ അധ്വാനിച്ച് അപ്പം തിന്നാനും ഹവ്വയെ വേദനയോടെ മക്കളെ പ്രസവിക്കാനും പ്രാപ്തരാക്കി. കഴിഞ്ഞ നാലു വര്‍ഷമായി കേരള വിദ്യാഭ്യാസമന്ത്രി വ്യത്യസ്ഥ സ്വരസാധകങ്ങളില്‍ തന്റെ കഴിവില്ലായ്മ കരഞ്ഞു തീര്‍ക്കുകയാണ്. സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതു മുതല്‍ രണ്ടാം മുണ്ടശ്ശേരി ചമയുകയായിരുന്നു അദ്ദേഹം. സ്വയം പറഞ്ഞു പറഞ്ഞ് മുണ്ടശ്ശേരിയുടെ പകുതിയായ ഒരു മുണ്ടനാകാനേ അദ്ദേഹത്തിനു കഴിഞ്ഞുള്ളൂ. വിദ്യാഭ്യാസമന്ത്രി എന്ന പേരു മാറ്റി സ്വാശ്രയക്കോളേജുകളുടെ മദ്ധ്യസ്ഥന്‍ എന്ന പേരാണ് ആ പദവിക്കു ഇനി കൊടുക്കേണ്ടത്.
         കഴിഞ്ഞ നാലു വര്‍ഷമായി വിദ്യഭ്യാസമന്ത്രിക്ക് ഒരേയൊരു പണിയേ ഉണ്ടായിരുന്നുള്ളൂ. വിരലിലെണ്ണാവുന്ന സ്വാശ്രയ കോളേജു മാഫിയ നേതാക്കന്‍മാരുമായി ചര്‍ച്ച നടത്തുക. ഏതാനും സമ്പന്നരുടെ മക്കളുടെ ഭാവിയെ മാത്രം ബാധിക്കുന്ന അക്കാര്യം ഇനിയെങ്കിലും മുഹമ്മദു കമ്മിറ്റിക്ക് വിട്ടു കൊടുത്തിട്ട് കേരളത്തിലെ സാധാരണക്കാരുടെ മക്കളുടെ കാര്യം അദ്ദേഹം നോക്കണം. നിരന്തരം സംഭവിക്കുന്ന സ്വാശ്രയ അശനിപാതങ്ങള്‍ക്കിടയില്‍ പ്‌ളസ് ടൂ വില്‍ കൊണ്ടു വന്ന ഏകജാലകമെന്ന സൂര്യ വെളിച്ചം ആരും കാണാതെ പോയി. സര്‍ക്കാര്‍ സ്‌ക്കൂളുകള്‍ ഊര്‍ദ്ധ്വന്‍ വലി നിര്‍ത്തിയത് ഇതിനു ശേഷമാണ്.
         മനുഷ്യ വിഭവശേഷി ഏറ്റവുമധികമുളള കേരളത്തില്‍ സമൂഹത്തിനാവശ്യമുളള കോഴ്‌സുകള്‍ വിഭാവനം ചെയ്തു നടത്തുന്നതില്‍ യൂണിവേഴ്‌സിറ്റികള്‍ അമ്പേ പരാജയമാണ്. പഴകി തുരുമ്പിച്ച ഉപയോഗശൂന്യമായ കോഴ്‌സുകളാണ് ഇവിടെ നടത്തുന്നത്. പഠനം കഴിഞ്ഞിറങ്ങിയാല്‍ കാല്‍ കാശിനു പ്രയോജനം നല്‍കാത്ത കണ്‍വന്‍ഷണല്‍ കോഴ്‌സുകള്‍ പിന്‍വലിച്ച് പുതിയ പാഠ്യപദ്ധതികള്‍ ആവിഷ്‌കരിക്കണം. ഇവിടെ തൊഴില്‍ നല്‍കാന്‍ കഴിയില്ലെങ്കില്‍ വിദേശത്തേക്ക് കയറ്റി അയക്കാന്‍ പാകത്തിലെങ്കിലും ഇവിടുത്തെ ചെറുപ്പക്കാരെ പരുവപ്പെടുത്തിയെടുക്കണം. ബി.എ യും എമ്മേയും മാറ്റി ഫയര്‍ ആന്റ് സേഫ്റ്റിയിലും ഇന്‍സ്ട്രുമെന്റേഷനിലും ലോജിസ്റ്റിക്‌സിലും ഷിപ്പിംഗിലും റീട്ടെയിലിംഗിലും മറ്റ് ഒരുന്നൂറ് വിഷയങ്ങളിലും കോഴ്‌സുകള്‍ വരട്ടെ. കേരളാ ഗവണ്‍മെന്റിനു കഴിയുമെങ്കില്‍ എല്ലാ വിദേശരാജ്യങ്ങളിലും നമ്മുടെ ഏംബസികളുടെ സഹായത്തോടെ കരിയര്‍ ഗൈഡന്‍സ് സെന്ററുകള്‍ തുടങ്ങട്ടെ.

2010 സെപ്റ്റംബർ 15, ബുധനാഴ്‌ച

ബൗദ്ധസന്ദേശങ്ങള്‍ പാഠ്യവിഷയമാക്കണം

          വായില്‍ പല്ലുമായി പിറക്കുന്ന കുട്ടി രാക്ഷസ ജന്‍മമാണെന്ന് അല്പജ്ഞാനിയായ ജ്യോതിഷി. പരിഹാരം ചെയ്തില്ലെങ്കില്‍ പിതാവിനു ദോഷമാണത്രെ. പ്രവചനം ഫലിച്ചു! പിതാവ് കുട്ടിയെ നിലത്തടിച്ചു കൊന്നു. ദോഷം പിതാവിനു മാത്രമായിരുന്നില്ല, കുട്ടിക്കും ജ്യോത്സ്യനും വന്നു ഭവിച്ചുവെന്നു മാത്രം. പോലീസുകാരനെ വെടിവെച്ചു കൊന്ന പ്രതി ഭാര്യയെയും കൊന്ന് ആത്മഹത്യ ചെയ്തു. സാധാരണ രണ്ടു കുട്ടികളുളളതിനെക്കൂടി കൊല്ലാറാണ് പതിവ്. നോക്കാന്‍ ആരുമില്ലാത്തതിനാല്‍ ഇവരെക്കൂടി കൊണ്ടു പോകുന്നു എന്ന് ഒരു കുറിപ്പും കൂടെ കാണും. ഇത് ഇന്നലെയുടെ ബാക്കിപത്രം.
           മരണ-കൊലപാതക റിപ്പോര്‍ട്ടിംഗിലൂടെ സമൂഹം ഒരു അക്യൂപംങ്ചര്‍ ചികിത്സയ്ക്കു വിധേയമാവുകയാണ്. ശരീരത്തിലെ ഒരു വേദന മാറ്റാന്‍ സമീപത്ത് കൃത്രിമമായി പ്രത്യേക തരം സൂചി കൊണ്ട് വേദന സൃഷ്ടിക്കുകയാണ് ഇതിലെ രീതി. ഷീലവധക്കേസ് റിപ്പോര്‍ട്ടു ചെയ്യപ്പെട്ടപ്പോള്‍ സമൂഹ മനസ്സാക്ഷി വേദനിച്ചു. എന്നാല്‍ ആ കേസിലെ പ്രതിയെ പോലീസുകാര്‍ കസ്റ്റഡിയില്‍ ഉരുട്ടിക്കൊന്നപ്പോള്‍ അതിലെ ഭരണപക്ഷവിരോധത്തിലധിഷ്ഠിതമായ രാഷ്ട്രീയം, മനുഷ്യാവകാശപ്രശ്‌നങ്ങള്‍ തുടങ്ങിയവ ഷീലവധക്കേസിനെ വിസ്മൃതിയിലാക്കാനിടയാക്കി. പടഹമടിച്ചും പെരുമ്പറ മുഴക്കിയും നാടു വിറപ്പിച്ചു നടന്ന മദനി കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടപ്പോള്‍ ആളുകള്‍ മൂക്കത്തു വിരല്‍ വെച്ചു. അറസ്റ്റു ചെയ്യപ്പെട്ട മദനിയെ വിചാരണ കൂടാതെ ഒമ്പതര വര്‍ഷം ജയിലിലിട്ട ശേഷം നിരപരാധിയാണെന്നു കോടതി വിധിച്ചപ്പോള്‍ സമൂഹ മനസ്സാക്ഷിയ്ക്ക് വിരല്‍ വെക്കാന്‍ ഒരിടമില്ലായിരുന്നു. വീണ്ടും കസ്റ്റഡിയിലെടുക്കപ്പെട്ട മദനിക്കെതിരെ 8 കേസുകള്‍ കൂടി ചാര്‍ജു ചെയ്യുമെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി പറഞ്ഞിരിക്കുന്നു.

            നിരപരാധിയായ പോലീസ് ഇന്‍സ്‌പെക്ടറെ വെടിവെച്ചു കൊന്ന പ്രതിക്കെതിരെ ഉറഞ്ഞു കൂടിയ അമര്‍ഷത്തില്‍ നിന്നും മാറി, ഒരു ഷേക്‌സ്പീരിയന്‍ ദുരന്ത നാടകത്തിന്റെ പരിസമാപ്തിയിലെന്ന പോലെ ആന്തരികമായ വൈകല്യങ്ങള്‍ വളര്‍ന്ന് ഉച്ചസ്ഥായിയിലെത്തി ഒരു കഥാപാത്രം തകര്‍ന്നടിയുമ്പോള്‍, സമൂഹത്തിന്റെ മുന്‍പില്‍ ചോദ്യച്ചിഹ്നമായി നില്‍ക്കുന്ന ആ പത്തു വയസ്സുകാരനും നാലു വയസ്സുകാരിയും മനസ്സാക്ഷിയെ ആര്‍ദ്രമാക്കുന്നു. ഇവിടെ ഒന്നാം പ്രതി ഭരണവ്യവസ്ഥയെ നിയന്ത്രിക്കുന്നവരാണ്. നമ്മുടെ പാഠ്യപദ്ധതി കമ്പോളത്തിനു വേണ്ടിയുളള മത്സരങ്ങള്‍ക്കു മാത്രമായിരിക്കുന്നു. ഉളളതു കൊണ്ടു തൃപ്തിപ്പെടുക, സ്‌നേഹം, ദയ, കാരുണ്യം, സഹതാപം തുടങ്ങിയവ സഹജീവികളോടു പ്രകടിപ്പിക്കുക മുതലായ മനുഷ്യത്വപരമായ പാഠങ്ങള്‍ എവിടെയും പഠിപ്പിക്കപ്പെടുന്നില്ല. എല്ലാവരിലും ഒരു അക്രമി വളര്‍ന്നു വരുന്ന ഈ കാലഘട്ടത്തില്‍ ഭാരതത്തിന്റെ മാതൃകാപുരുഷനായ ശ്രീ ബുദ്ധന്റെ സന്ദേശങ്ങള്‍ പാഠ്യവിഷയമാക്കുന്നത് ഉചിതമായിരിക്കും.  

2010 സെപ്റ്റംബർ 4, ശനിയാഴ്‌ച

ക്രിസ്തുവിന്റെ രക്തം കുടിച്ചു കൊഴുക്കുന്ന സഭയും, അനാചാരങ്ങളുടെ ആറാട്ടു നടത്തുന്ന പൗരോഹിത്യവും

          തൊടുപുഴ ന്യൂമാന്‍ കോളേജിലെ വിവാദ അദ്ധ്യാപകനെ സഭാനേതൃത്വം ജോലിയില്‍ നിന്നു പിരിച്ചു വിട്ടു. നൂറുകണക്കിനു വടക്കേയിന്ത്യയിലെ പാവങ്ങളെ അകാരണമായി കൊന്നൊടുക്കിയ ഫൂലാന്‍ദേവിക്ക് നീതിന്യായ വ്യവസ്ഥയും ഭരണകൂടവും സംയുക്തമായി ശിക്ഷാ ഇളവുകള്‍ നല്‍കി പാര്‍ലമെന്റെംഗമാക്കിയ നാട്ടില്‍ തെറ്റിദ്ധരിക്കാവുന്ന തരത്തില്‍ ഒരു ചോദ്യപേപ്പര്‍ തയ്യാറാക്കിയതിന്റെ പേരില്‍ കത്തോലിക്കാസഭ നല്‍കിയ ശിക്ഷ മാതൃകാപരമല്ല; വെടക്കാക്കി തനിക്കാക്കാനുളള വ്യഗ്രതയാണ്.
         ചാനല്‍ ചര്‍ച്ചയില്‍ മാനേജ്‌മെന്റിനെ പ്രതിനിധീകരിച്ച ഒരു പുരോഹിതന്‍ പറയുന്നത് ജോസഫിന്റെ കയ്യില്‍നിന്നും ഒരു രൂപാ പോലും വാങ്ങിയല്ല; മറിച്ച് അദ്ദേഹത്തിന്റെ വീട്ടിലെ സാമ്പത്തികസ്ഥിതി കണക്കിലെടുത്താണ് നിയമനം നല്‍കിയതെന്നാണ്. അതില്‍ നിന്നു തന്നെ വിപരീതമായി ധ്വനിക്കുന്നത് ഇനിവരുന്ന ഒഴിവില്‍ മുന്‍പു പറ്റിയ പിഴവു തിരുത്തി പത്തോ പതിനഞ്ചോ ലക്ഷം വാങ്ങി നിയമനം നടത്താമെന്ന ദുഷ്ടലാക്കാണ്. ഇതിനുളള അവസരം നല്‍കുന്നത് നമ്മുടെ നാട്ടിലെ സര്‍ക്കാരാണ്.
          മാനേജ്‌മെന്റ് കോഴ വാങ്ങി നിയമനം നടത്തുന്ന അദ്ധ്യാപകര്‍ക്ക് ശമ്പളം കൊടുക്കാനുളള ബാദ്ധ്യത ഈ രാജ്യത്തെ സര്‍ക്കാരുകള്‍ കല്പാന്തകാലവും തുടരണമെന്നാണോ? നമ്മുടെ ഭരണഘടനയില്‍ നല്‍കിയിരിക്കുന്ന ഒരു പരിരക്ഷയ്ക്ക് ഇന്നാട്ടിലെ രാഷ്ട്രീയക്കള്ളന്‍മാര്‍ നല്‍കിയ ഒരു ദുര്‍വ്യാഖ്യാനം ഉപയോഗിച്ചാണ് നമ്മുടെ പൊതു വിദ്യാഭ്യാസത്തെ സമുദായക്കള്ളന്‍മാര്‍ ഹൈജാക്കു ചെയ്തിരിക്കുന്നത്. ഭരണഘടനയില്‍ മത-ഭാഷാന്യൂനപക്ഷങ്ങള്‍ക്ക് അവ പഠിപ്പിക്കുന്നതിന് സ്വന്തമായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങാമെന്നാണ് പറഞ്ഞിരിക്കുന്നത്. മുടിയനായ പുത്രന്‍ തിരിച്ചു വന്നപ്പോള്‍ പൂര്‍വ്വാധികം മാന്യമായി സ്വീകരക്കണമെന്നു പഠിപ്പിച്ച ഉപമയില്‍ നിന്നും സഭ പഠിച്ച പാഠം തെറ്റു തിരുത്താന്‍ ശ്രമിക്കുന്നവന്റെ തലയെടുക്കണമെന്നാണ്.
          അറുപത്തിനാല് അനാചാരങ്ങള്‍ എന്തൊക്കെയാണെന്ന് പ്രഖ്യാപിച്ചത് ശങ്കരാചാര്യരാണെന്നു പറയപ്പെടുന്നു. പക്ഷേ ആധുനിക സമൂഹം അതില്‍ പലതിനെയും തിരസ്‌ക്കരിച്ചു കളഞ്ഞു. ശശി തരൂര്‍ വിവാഹ ശേഷം ഗുരുവായൂരിലെ നാലമ്പലത്തില്‍ കടന്നത് ആചാര വിരുദ്ധമാണത്രേ. കുളിക്കാത്തവരോ, തീണ്ടാരിയായവളോ നാലമ്പലത്തില്‍ കടന്നാല്‍ തിരിച്ചറിയാന്‍ മാര്‍ഗമില്ലാത്ത സ്ഥലത്ത് കാലഹരണപ്പെട്ട ആചാരങ്ങളെ പുനര്‍ജീവിപ്പിക്കാന്‍ പൗരോഹിത്യം നടത്തുന്ന ശ്രമങ്ങളെ സമുദായം ശക്തമായി പ്രതിരോധിക്കേണ്ടതാണ്. മൂര്‍ത്തിയേക്കാള്‍ തൃപ്തിപ്പെടുത്താന്‍ സാധിക്കാത്ത പൂജാരിമാരാണ് ഇന്നുളളത്.